ഓം നമോ ഭഗവതേ വാസുദേവായ

ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ

ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ ([email protected]) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ്‌ ചെയ്ത് ലഭ്യമാക്കിയ ശ്രീമദ് നാരായണീയം (മലയാളം അര്‍ത്ഥസഹിതം) താങ്കളുടെ വായനയ്ക്കായി ഓരോ ദശകങ്ങളായി ഈ വിഷുദിനം മുതല്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കുന്നു. ഓരോ ശ്ലോകങ്ങളും അവയുടെ മലയാളം അര്‍ത്ഥവും അതോടൊപ്പം ശ്രീ എ പി സുകുമാര്‍ പാരായണം ചെയ്ത് റെക്കോര്‍ഡ്‌ ചെയ്ത MP3 ഓഡിയോയും ആത്മാന്വേഷകര്‍ക്കായി സമര്‍പ്പിക്കുന്നത്തില്‍ വളരെ സന്തോഷമുണ്ട്. ശ്രീമദ് നാരായണീയം PDF ആയി ഡൗണ്‍ലോഡ് ചെയ്തു വായിക്കുകയുമാവ‍ാം. ഇതുവരെ പ്രസിദ്ധീകരിച്ച ഓരോ ദശകവും വായിക്കൂ, കേള്‍ക്കൂ.

ഓം

അവതാരിക

ഭക്തശിരോമണിയും പണ്ഡിതാഗ്രേസരനുമായ മേല്പത്തൂര്‍ ശ്രീ നാരയണഭട്ടതിരിപ്പാടാണ് ശ്രീമന്നാരായണീയമെന്നുള്ള വിശിഷ്ടകൃതിയുടെ കര്‍ത്താവ്. ഗുരുവായുപുരേശനായ ശ്രീമന്നാരയണമൂര്‍ത്തിയുടെ സ്തുതിരുപത്തി‍ല്‍ ഭഗവതസാര‍ാംശത്തെ ക്രോഡികരിച്ചെഴുതപ്പെട്ട ഈ ഗ്രന്ഥം രചനാവൈശിഷ്ട്യം കൊണ്ടും വിഭക്തിയുടേയും ഭക്തിയുടേയും സമഞ്ജസമായ സമ്മേളനംകൊണ്ടും സംസ്കൃതസാഹിത്യത്തിലെ മേലേക്കിട ഗ്രന്ഥങ്ങള്‍ക്കിടയി‍ല്‍ ഉത്തമസ്ഥാനം തന്നെയാണ് കൈക്കലാക്കിയിരിക്കുന്നത്.

വാതരോഗംകൊണ്ടു കഷ്ടപ്പെടുന്ന ഭട്ടതിരിപ്പാട്, രോഗശാന്തിക്ക് മത്സ്യംതൊട്ടുകൂട്ടിക്കൊള്ളുന്നതിനു സമകാലീനനായ തുഞ്ചത്ത് രാമാനുജാചാര്യര്‍ ഉപദേശിച്ചതനുസരിച്ചു ഗുരുവായൂ‍ര്‍‍ ക്ഷേത്രത്തില്‍ ഭജനം തുടങ്ങുകയും മത്സ്യാവതാരം മുതല്‍ക്കുള്ള അവതാര കഥകള്‍ ഭാഗവതഗ്രന്ഥത്തെ ആസ്പദമാക്കി കീര്‍ത്തിച്ചു പാടുകയും ചെയ്തുവെന്നും അങ്ങനെയാണ് ഈ സ്തോത്രം നിര്‍മ്മിക്കപ്പെട്ടതെന്നും പഴമക്കാ‍ര്‍ പറയുന്നു.

ചതുര്‍വിധാ ഭജന്തേ മ‍ാം ജനഃ സുകൃതിനോര്‍ജ്ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥി ജ്ഞാനീ ച ഭരതര്‍ഷഭ. (ഗീത, vii-16)

എന്ന ഭഗവത് വാക്യംതന്നെ പ്രമാണമായിക്കരുതിയായിരിക്കണം രോഗാര്‍ത്തനായ അദ്ദേഹം ഭഗവത് ഭജനത്തിന് മുതിര്‍ന്നത്. മനഃക്ലേശംകൊണ്ടും രോഗപീഡയാലും വലയുന്ന സംസാരികള്‍ക്കു ഈശ്വരാരാധനാവിഷയത്തി‍ല്‍ ഉത്തേജനം നല്‍കിക്കൊണ്ടും ഇരുളടഞ്ഞ ജീവിതസരണിയില്‍ ഒരു മാര്‍ഗദര്‍ശിയായും അദ്ദേഹത്തിന്റെ ഈ വിശിഷ്ടമായ കൃതി എന്നെന്നും നിലനില്ക്കുകതന്നെ ചെയ്യും.

എ.ഡി. 1588 ആം വര്‍ഷത്തിലാണ് ഈ കൃതി എഴുതിത്തീര്‍ന്നതെന്നു നാരായണീയത്തിന്റെ അവസാന പദ്യത്തില്‍നിന്ന് ഊഹിക്കപ്പെടുന്നു. ചെറുപ്പത്തില്‍ സുഖഭോഗലോലുപനായി കഴിഞ്ഞിരുന്ന ഭട്ടതിരി ഇരുപതു വയസ്സിന് ശേഷമാണത്രെ അക്ഷരാഭ്യാസത്തിന്നുതന്നെ മുതിര്‍ന്നത്.

ആജന്മസിദ്ധമായ വാസനബലവും അനുസ്യുതമായ പ്രയത്നശീലവുംകൊണ്ട് ഏറ്റവും ചുരുങ്ങിയ കാലത്തിന്നുള്ളില്‍ സംസ്കൃതഭാഷയെ കരതലമലകംപോലെ കൈകാര്യം ചെയ്യുവാന്‍ ആ പ്രതിഭാസമ്പന്നനു കഴിഞ്ഞു. വാതരോഗംകൊണ്ട് ആരോഗ്യം തകര്‍ന്നു ബുദ്ധിയും മനസ്സും മങ്ങി, ഉത്സാഹം നശിച്ച സന്ദര്‍ഭത്തിലാണ് നാരായണീയം എന്ന ഇത്രയും രസനിഷ്യന്ദിയായ ഒരു മധുരഫലം സാക്ഷാല്‍ ശ്രീനാരായണമൂര്‍ത്തിക്കു ഭട്ടപാദ‍ര്‍ കാഴ്ചവെച്ചിരിക്കുന്നതെന്നു കാണുമ്പോ‍ള്‍ ഭക്തിയോടു താദാത്മ്യം പ്രാപിച്ച അദ്ദേഹത്തിന്റെ ഏകാഗ്രത എത്രമേല്‍ പ്രശംസിക്കത്തക്കതല്ല!

ഇടക്കിടക്ക് അസഹനീയമ‍ാംവണ്ണം അസഹ്യപ്പെടുത്തിയിരുന്ന വേദന തന്റെ ശരീരത്തെ ഓര്‍മ്മിപ്പിക്കുകയും അങ്ങിനെ ഓരോ ദശകാവസാനത്തിലും ഈശ്വരനോടു സുഖക്കേടു മാറ്റിക്കൊടുക്കേണമെന്ന് പ്രാര്‍ത്ഥിക്കുന്നതിന്നു പ്രചോദനം നല്കുകയും ചെയ്തിരിക്കുന്നു. ഈ വിശിഷ്ട സ്തോത്രമാല കോര്‍ത്തിണക്കുന്നതിനിടയില്‍ പലതവണ അദ്ദേഹത്തിന് ഭഗവദ്ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് കിംവദന്തിക്ക് ഇടയ്ക്കിടയ്ക്ക് കാണുന്ന ആവേശഭരിതവും, അതിസുന്ദരങ്ങളുമായ ശ്ലോകങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. രാസക്രീഡാ, കാളിയമര്‍ദ്ദനം, കേശാദിപാദവര്‍ണ്ണനം എന്നിവ ആ പണ്ഡിതവര്യന്റെ ഭാവനാസമ്പത്തിനേയും രചനാസൗകുമാര്യത്തെയും എടുത്തുയര്‍ത്തിക്കാണിക്കുന്നു.

നാരായണീയത്തിനു പുറമേ ശ്രീപാദസപ്തതി എന്ന സ്ത്രോത്രരത്നവും പ്രക്രിയാസര്‍വ്വസ്വമെന്ന വ്യാകരണഗ്രന്ഥവും മാനമേയോദയമെന്ന മീമ‍ാംസാഗ്രന്ഥവും പ്രൗഢസുന്ദരങ്ങളായ ഒട്ടനവധി പ്രബന്ധങ്ങളും സംസ്കൃതസാഹിത്യത്തിന് ലഭിച്ച അമൂല്യസംഭാവനകളാണ്. ഭക്തനും വിരക്തനുമായിരുന്ന അദ്ദേഹം നന്നെ ചെറുപ്പത്തില്‍തന്നെ ഇല്ലത്തില്‍നിന്നും വേര്‍പെട്ടു ജീവിച്ചുവന്നുവെന്നും അദ്ദേഹത്തിന്റെ ചരമം മുക്കുത്തലവെച്ചാണെന്നുമാണ് ഐതിഹ്യം. അദ്ദേഹത്തിന്റെ കൃതികള്‍ക്ക് അവയര്‍ഹിക്കുന്ന പ്രചാരം ലഭിച്ചുകാണുന്നില്ല.

ഏതായാലും സാക്ഷാല്‍ ശ്രീ ഭഗവാന്റെ അചിന്ത്യങ്ങളായ മഹിമാതിശയങ്ങളെ വര്‍ണ്ണിക്കുന്ന ഈ സ്ത്രോത്രരത്നത്തിന്റെ പ്രചുരപ്രചാരംകൊണ്ടങ്കിലും ഭഗവത് സ്മരണയോടൊന്നിച്ച്, സ്വയംസ്മാരകം നിര്‍മ്മിച്ചിട്ടുള്ള ആ ഭട്ടപാദരുടെ പാവനസ്മരണയും നീണ്ടുനില്ക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ വ്യഖ്യനത്തെ സജ്ജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

– വ്യാഖ്യാതാവ് ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍