സ്വാമി വിവേകാനന്ദന്‍

(1893 സെപ്തംബര്‍ 15-നു സര്‍വ്വമതസമ്മേളനത്തില്‍ വായിച്ച പ്രബന്ധം)

ചരിത്രാതീതകാലങ്ങളില്‍നിന്ന് നമുക്കു കൈവന്നിട്ടുള്ള മൂന്നു മതങ്ങള്‍ ഇന്നു ലോകത്തില്‍ നിലകൊള്ളുന്നു – ഹിന്ദുമതം, ജരദുഷ്ട്രമതം, യഹൂദമതം. അവയ്ക്കെല്ലാം അതിഭയങ്കരങ്ങളായ തട്ടുകള്‍ കിട്ടിയിട്ടുണ്ട്; എന്നിട്ടും അവയെല്ലാം അതിജീവിച്ച് തങ്ങളുടെ അകക്കരുത്തിനെ തെളിയിക്കുന്നു. ക്രിസ്തുമതത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാഞ്ഞ യഹൂദമതം, അതിന്റെ സര്‍വ്വജൈത്രിയായ പുത്രിയാല്‍ സ്വജന്മഭൂമിയില്‍നിന്നുതന്നെ ഓടിക്കപ്പെട്ടു; തങ്ങളുടെ മഹാമതത്തിന്റെ കഥ പറയാന്‍ ഒരുപിടി പാഴ്സികളേ ഇന്നു ബാക്കിയുള്ളൂ; ഭാരതത്തിലാകട്ടെ, അവാന്തരമതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്ന് വൈദികമതത്തെ അടിയോളം ഉലയ്ക്കുന്ന മട്ടായി. എന്നാല്‍, ഉഗ്രമായ ഭൂകമ്പത്തില്‍ കടല്‍ത്തീരത്തുള്ള ജലരാശിപോലെ അല്പനേരത്തേയ്ക്കുമാത്രം അതു പിന്‍വാങ്ങി – മടങ്ങിവരാന്‍, ആകെ വിഴുങ്ങുന്ന പെരുവെള്ളമായി ആയിരം മടങ്ങു തിമര്‍ത്തുകയറാന്‍ മാത്രം, ഒഴുക്കിന്റെ ബഹളം കഴിഞ്ഞപ്പോള്‍ അവാന്തരമതങ്ങള്‍ മുഴുവനും ഗ്രസിക്കപ്പെട്ട് മാതൃമതത്തിന്റെ അനന്തശരീരത്തില്‍ ചേര്‍ന്നു ലയിച്ചു കഴിഞ്ഞിരുന്നു.

ശാസ്ത്രത്തിന്റെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ യാതൊന്നിന്റെ പ്രതിധ്വനികളെപ്പോലെ തോന്നുന്നുവോ, വേദാന്തദര്‍ശനം മുതല്‍ വിഗ്രഹാരാധനയുടെ – അതിന്റെ നാനാവിധങ്ങളായ പഴംകഥകളടക്കം – ഏറ്റവും ഹീനങ്ങളായ ആശയങ്ങളും ബൌദ്ധരുടെ ദുര്‍വ്വിജ്ഞേയവാദവും ജൈനരുടെ നിരീശ്വരവാദവും വരെ ഓരോന്നിനും, എല്ലാറ്റിനും ഹിന്ദുവിന്റെ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട്.

അപ്പോള്‍, ഒരു ചോദ്യം ഉയരുന്നു; ഇത്ര അകലുന്ന ഈ ആരങ്ങളെല്ലാം ഒത്തുകൂടുന്ന പൊതുകേന്ദ്രം എവിടെ? ഗതികെട്ട മട്ടുള്ള ഈ വൈരുദ്ധ്യങ്ങളെല്ലാം നിലകൊള്ളുന്ന പൊതുവായ ചുവടെവിടെ? ഈ ചോദ്യത്തിനുതന്നെയാണ് ഞാനിപ്പോള്‍ സമാധാനം പറയാന്‍ നോക്കുന്നത്.

ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മ്മം കിട്ടിയിരിക്കുന്നതു വെളിപാടില്‍നിന്നാണ്. വേദങ്ങളില്‍നിന്ന്. വേദങ്ങള്‍ അനാദിയും അനന്തവുമാണെന്നാണ് അവരുടെ മതം. ഒരു പുസ്തകത്തിന് ആദിയോ അന്തമോ ഇല്ലെന്നത് ഈ സദസ്സിനു ഹാസ്യമായിത്തോന്നിയേക്കാം. എന്നാല്‍ വേദങ്ങള്‍ എന്നുവെച്ചാല്‍ പുസ്തകമേയല്ല. ഓരോ കാലത്ത് ഓരോ ആളുകള്‍ ദര്‍ശിച്ചിട്ടുള്ള ആദ്ധ്യാത്മികനിയമങ്ങളുടെ സഞ്ചിതനിധിയെന്നാണ് അവയ്ക്കര്‍ത്ഥം. ‘വസ്ത്വാകര്‍ഷണനിയമം അതറിയപ്പെടുന്നതിനുമുമ്പുണ്ടായിരുന്നു. മനുഷ്യരൊക്കെ മറന്നുപോയാലും അതുണ്ടായിരിക്കയും ചെയ്യും. അതുപോലെതന്നെയാണ് ആദ്ധ്യാത്മലോകത്തെ ഭരിക്കുന്ന നിയമങ്ങളും. ജീവാത്മാവും ജീവാത്മാവും തമ്മിലും ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ധാര്‍മ്മികവും ആചാരപരവും ആദ്ധ്യാത്മികവുമായ ബന്ധങ്ങള്‍ അവ അറിയപ്പെടുന്നതിനുമുമ്പേ ഉണ്ടായിരുന്നതാണ്. നാം അവയെ മറന്നാല്‍ത്തന്നെ നിലനില്‍ക്കയും ചെയ്യും.

ഈ നിയമങ്ങളുടെ ദ്രഷ്ടാക്കളെ ഋഷികള്‍ എന്നു വിളിക്കുന്നു. പൂര്‍ണ്ണന്മാരെന്ന നിലയില്‍ അവരെ ഞങ്ങള്‍ പൂജിക്കയും ചെയ്യുന്നു. അവരില്‍ ഏറ്റവും മഹിമയുള്ളവരില്‍ ചിലര്‍ സ്ത്രീകളായിരുന്നു എന്ന് ഈ സദസ്സിനോടു പറയുവാന്‍ എനിക്കു സന്തോഷമുണ്ട്.

ഈ നിയമങ്ങള്‍ നിയമങ്ങളെന്ന നിലയില്‍ അന്തമറ്റവയായിരിക്കാം. എങ്കിലും അവയ്ക്ക് ആദിയുണ്ടായിരിക്കണം എന്ന് ഇവിടെ ഒരു വാദം വരാം. സൃഷ്ടിക്ക് ആദിയോ അന്തമോ ഇല്ലെന്നു വേദങ്ങള്‍ ഉപദേശിക്കുന്നു. വിശ്വശക്തിയുടെ ആകെത്തുക സദാ സമമാണെന്നു ശാസ്ത്രം തെളിയിച്ചിട്ടുള്ളതായി പറയപ്പെടുന്നു. അപ്പോള്‍, ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കില്‍ ഈ വ്യക്തി ശക്തിയെല്ലാം എവിടെയായിരുന്നു? അത് ഈശ്വരനില്‍ അവ്യക്തമായിരുന്നു എന്നു ചിലര്‍ പറയുന്നു. എങ്കില്‍ ഈശ്വരന്‍ ചിലപ്പോള്‍ അവ്യക്തശക്തിയും ചിലപ്പോള്‍ വ്യക്തശക്തിയും ആകും. അത് ഈശ്വരനെ വികാരിയാക്കും. വികാരമുള്ളതെല്ലാം കൂട്ടാണ്. കൂട്ടെല്ലാം തന്നെ വിനാശമെന്ന വികാരത്തിനു വിധേയമാകണം. അപ്പോള്‍ ഈശ്വരന്‍ നശിക്കും. ഇതബദ്ധം. അതുകൊണ്ട് സൃഷ്ടി ഇല്ലാതിരുന്ന കാലം ഒരിക്കലുമില്ലായിരുന്നു.

ഉപമ പറയുന്നപക്ഷം, സൃഷ്ടിയും സ്രഷ്ടാവും രണ്ട് രേഖകളാണ്. അനാദി, അനന്തം സമാന്തരം. ഈശ്വരന്‍ നിത്യപ്രവൃത്തനായ ധാതാവാണ്. അവിടുന്ന് സ്വമഹിമകൊണ്ടു ബ്രഹ്മാണ്ഡപരമ്പരകളെ അവ്യക്തത്തില്‍നിന്നു പ്രകാശിപ്പിച്ചു കുറേക്കാലം പ്രവര്‍ത്തിപ്പിച്ച്, ഒടുവില്‍ സംഹരിക്കുന്നു. ഇതാണ് ബ്രാഹ്മണബാലന്‍ എന്നും ജപിക്കുന്നത്. അതീതകല്‍പ്പങ്ങളിലെ സൂര്യന്മാരെപ്പോലെ ഈ സൂര്യചന്ദ്രന്മാരേയും ഈശ്വരന്‍ സൃഷ്ടിച്ചു.

ഞാന്‍ ഇതാ ഇവിടെ നിന്ന് കണ്ണടച്ച് ‘ഞാന്‍’, ‘ഞാന്‍’, ‘ഞാന്‍’ എന്ന് എന്റെ ഉണ്മയെ ഭാവനചെയ്യാന്‍ ശ്രമിക്കുന്നെങ്കില്‍ എന്താശയമാണ് ആവിര്‍ഭവിക്കുക? ശരീരമെന്ന്. അപ്പോള്‍, ഞാന്‍ ഭൌതികവസ്തുക്കളുടെ വെറുമൊരു കൂട്ടാണെന്നോ? അല്ലെന്നു വേദഘോഷം. ഞാന്‍ ശരീരത്തില്‍ വസിക്കുന്ന ചൈതന്യമാണ്. ഞാന്‍ ദേഹമല്ല. ദേഹം നശിക്കും. എന്നാല്‍ എനിക്കു നാശമില്ല. ഞാന്‍ ഇതാ ഈ ശരീരത്തിലാണ്. ഇതു വീണുപോകും. ഞാന്‍ തുടര്‍ന്നു ജീവിക്കും.

ഒരു ഭൂതകാലവും എനിക്കുണ്ടായിരുന്നു. ആത്മാവ് സൃഷ്ടിക്കപ്പെട്ടതല്ല. എന്തെന്നാല്‍ സൃഷ്ടി സംയോഗമാണ്. എന്നുവെച്ചാല്‍ മേലില്‍ വിയോഗം തീര്‍ച്ചയെന്നര്‍ത്ഥം. അതുകൊണ്ട്, ആത്മാവ് നിര്‍മ്മിതമാണെങ്കില്‍ അതു നശിക്കണം. ചിലര്‍ സുഖികളായി ജനിക്കുന്നു. തികവുറ്റ ആരോഗ്യം, അഴകുള്ള ശരീരം, മനസ്സിനു ചുറുചുറുക്ക്, വേണ്ടതെല്ലാം സുലഭം. ചിലര്‍ ദുഃഖികളായി ജനിക്കുന്നു. ചിലര്‍ക്കു കയ്യില്ല, ചിലര്‍ക്കു കാലില്ല, പിന്നെച്ചിലര്‍ക്കു ബുദ്ധിയേ ഇല്ല. അവര്‍ അതികഷ്ടമായ ഒരു ജീവിതം വെറുതെ ഇട്ടിഴയ്ക്കുന്നു. ഇവരെല്ലാം സൃഷ്ടിക്കപ്പെട്ടവരെങ്കില്‍ സമനും കരുണാമയനുമായ ഒരീശ്വരന്‍ ഒരുവനെ സുഖിയായും മറ്റൊരുവനെ ദുഃഖിയായും സൃഷ്ടിച്ചതെന്തിന്? ഇത്ര പക്ഷപാതിയായതെന്ത്? ഈ ജന്മത്തില്‍ ദുഃഖിക്കുന്നവര്‍ വരുംജന്മത്തില്‍ സുഖിക്കുമെന്നു പറയുന്നതും തീരെ സമാധാനമാകുന്നില്ല. സമനും കരുണാമയനുമായ ഒരീശ്വരന്റെ ഭരണത്തില്‍ ഒരുവന്‍ ഇവിടെത്തന്നെ എന്തിനു ദുഃഖിക്കണം?

രണ്ടാമത് ഈശ്വരന്‍ സൃഷ്ടിച്ചു എന്ന ആശയം സൃഷ്ടിയിലെ പൊരുത്തക്കേടിനു സമാധാനം തരുന്നില്ല. അത് ഒരു സര്‍വ്വശക്തന്റെ ക്രൂരശാ സനത്തെ വെളിപ്പെടുത്തുകയേ ചെയ്യുന്നുള്ളു. അപ്പോള്‍, ഒരു മനുഷ്യനെ സുഖിയോ ദുഃഖിയോ ആക്കാന്‍ അവന്റെ ജനനത്തിനുമുമ്പുതന്നെ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. അവന്റെ പൂര്‍വ്വകര്‍മ്മങ്ങളത്രേ അവ.

ശരീരമനസ്സുകളുടെ പ്രവണതകളെയെല്ലാം നൈസര്‍ഗ്ഗികവാസനകള്‍കൊണ്ടു വ്യാഖ്യാനിച്ചുകൂടേ? ഇവിടെ സത്തയുടെ രണ്ടു സമാന്തരരേഖകളുണ്ട്-ഒന്നു മനസ്സിന്റെ, മറ്റേതു ജഡത്തിന്റെ. ജഡവും ജഡപരിണാമങ്ങളുംകൊണ്ട് നമുക്കുള്ളതെല്ലാം വ്യാഖ്യനിക്കാമെങ്കില്‍ ഒരു ആത്മാവിന്റെ ഉണ്മയെ കല്‍പ്പിക്കേണ്ട ആവശ്യമില്ല. പക്ഷേ, ജഡത്തില്‍നിന്നും വിചാരം ഉദിച്ചതായി തെളിയിക്കാന്‍ കഴിയുന്നതല്ല. ദാര്‍ശനികമായ ഏകത്വം അനിവാര്യമാണെങ്കില്‍ ആത്മികമായ ഏകത്വം (ആത്മാദ്വൈതം) തീര്‍ച്ചയായും യുക്തിയുക്തമാണ്. ഭൌതികമായ ഏകത്വത്തേക്കാള്‍ (ഭൂതാദ്വൈതം) ആശാസ്യതയില്‍ ഒട്ടു കുറവുമല്ല.

പാരമ്പര്യം വഴി ശരീരങ്ങള്‍ ചില സവിശേഷപ്രവണതകളെ പ്രാപിക്കുന്നു എന്നത് അനിഷേധ്യമാണ്; പക്ഷേ, ആ പ്രവണതകളെന്നുവെച്ചാല്‍ ഒരു സവിശേഷമനസ്സിനുമാത്രം സവിശേഷരീതിയില്‍ വ്യാപരിക്കാനുതകുന്ന വെറും ഭൌതികാകാരമത്രേ. പൂര്‍വ്വകര്‍മ്മ പ്രഭവങ്ങളായ മറ്റു പ്രവണതകള്‍ ഒരോ ആത്മാവിനും സ്വന്തമായുണ്ട്. ഒരു സവിശേഷപ്രവണതയോടുകൂടിയ ജീവന്‍ ആ പ്രവണതയെ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ ഒരു ശരീരത്തില്‍ സദൃശസംയോഗനിയമപ്രകാരം വന്നുപിറക്കുന്നു. ഇതു ശാസ്ത്രത്തിനു സമ്മതമാണ്; എന്തെന്നാല്‍ ശാസ്ത്രത്തിന് എല്ലാം ശീലത്തിലൂടെ വ്യാഖ്യാനിക്കണം. ശീലമാകട്ടെ അഭ്യാസംകൊണ്ട് വരുന്നതുമാണ്. അതുകൊണ്ട് നവജാതനായ ഒരു ജീവന്റെ സഹജശീലങ്ങള്‍ വ്യാഖ്യാനിക്കാന്‍ അഭ്യാസങ്ങള്‍ ആവശ്യമാണ്. അവ ഈ ജന്മം നേടാത്തവയാകയാല്‍ പൂര്‍വ്വജന്മങ്ങളില്‍നിന്നു വന്നുചേര്‍ന്നവതന്നെയായിരിക്കണം.

ഇവിടെ വേറൊരു ശങ്ക; ഇതൊക്കെ ശരിയെന്നുവെച്ചാലും എന്റെ പൂര്‍വ്വജന്മത്തിലെ യാതൊന്നും ഞാനോര്‍ക്കാത്തതെന്ത്? ഇതിനു സമാധാനം പറയാന്‍ എളുപ്പമാണ്. ഞാനിപ്പോള്‍ ഇംഗ്ളീഷ് പറയുകയാണ്. ഇതെന്റെ മാതൃഭാഷയല്ല. വാസ്തവത്തില്‍ മാതൃഭാഷയിലെ ഒരു വാക്കും ഇപ്പോള്‍ എന്റെ ബോധത്തിലില്ല; എന്നാല്‍ അവയെ ഉയര്‍ത്താന്‍ ഞാനൊന്നു ശ്രമിക്കട്ടെ. അവയങ്ങു തള്ളിക്കയറുകയായി. ഇതുകൊണ്ട് തെളിയുന്നതു ബോധം മനഃസമുദ്രത്തിന്റെ ഉപരിതലംമാത്രമെന്നാണ്; അതിന്റെ ആഴത്തില്‍ നമ്മുടെ അനുഭവങ്ങള്‍ കൂട്ടംകൂടികിടപ്പുണ്ട്. ശ്രമിക്കൂ, പണിപ്പെടൂ; അവ പൊന്തിവരും, നിങ്ങളുടെ പൂര്‍വ്വജന്മത്തെക്കുറിച്ചുപോലും നിങ്ങള്‍ക്കു ബോധമുണ്ടാകും.

നേരിട്ടു കാട്ടിക്കൊടുക്കുന്ന തെളിവാണിത്. സാക്ഷാദ്ദര്‍ശനമാണ് ഒരു സിദ്ധാന്തത്തിന്റെ തികവുറ്റ തെളിവ്. ഇതാ ഋഷികള്‍ ലോകത്തെ വെല്ലുവിളിക്കുന്നു; സ്മൃതിസമുദ്രത്തെ അടിയോളം ഇളക്കി മറിക്കാനുള്ള രഹസ്യം ഞങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു-അതു പരീക്ഷിക്കുവിന്‍. നിങ്ങള്‍ക്കു പൂര്‍വ്വജന്മത്തിന്റെ പൂര്‍ണ്ണസ്മൃതിയുണ്ടാകും.

അങ്ങനെ, താന്‍ ആത്മാവാണെന്ന് ഹിന്ദു വിശ്വസിക്കുന്നു. ആത്മാവിനെ വാളിനു മുറിച്ചുകൂടാ, തീയ്ക്കെരിച്ചുകൂടാ, വെള്ളത്തിനു അലിച്ചുകൂടാ. കാറ്റിനു ഉണക്കിയുംകൂടാ. ഒരോ ആത്മാവ് ഒരോ വൃത്തമാണെന്നു ഹിന്ദു വിശ്വസിക്കുന്നു-അതിനു പരിധി എങ്ങുമില്ല. എങ്കിലും കേന്ദ്രം ശരീരത്തിലാണ്. ഈ കേന്ദ്രം ശരീരത്തില്‍നിന്നു ശരീരത്തിലേക്കു മാറുകമാത്രമാണ് മരണമെന്നു വെച്ചാല്‍. ഭൌതികാവസ്ഥകള്‍ ആത്മാവിനെ ബന്ധിക്കുന്നുമില്ല. അതിന്റെ യഥാര്‍ത്ഥസ്വരൂപത്തില്‍ ആത്മാവ് സ്വതന്ത്രവും അപരിമിതവും അപാപവിദ്ധവും ശുദ്ധവും പൂര്‍ണ്ണവുമാണ്. എന്നാല്‍ അത് എങ്ങനെയോ ജഡത്തില്‍ കുടുങ്ങിയതായി കാണുകയും സ്വയം ജഡമെന്നു വിചാരിക്കയും ചെയ്യുന്നു.

മുക്തനും ശുദ്ധനും പൂര്‍ണ്ണനുമായ ആത്മാവ് ഇങ്ങനെ ജഡക്കുടുക്കില്‍പ്പെടേണ്ട ആവശ്യമെന്ത്? ഇതാണ് അടുത്ത ചോദ്യം. പൂര്‍ണ്ണനായ ആത്മാവ്, താന്‍ അപൂര്‍ണ്ണനാണെന്ന തെറ്റിദ്ധാരണയില്‍ അകപ്പെട്ടതെങ്ങനെ? ഹിന്ദുക്കള്‍ ഈ ചോദ്യത്തില്‍നിന്നൊഴിഞ്ഞുകളയുന്നെന്നും അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ലെന്ന് അവര്‍ പറയുന്നെന്നും ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ചില ചിന്തകന്മാര്‍ ഇതിനുത്തരം പറയാന്‍ ഒന്നോ അതിലധികമോ പൂര്‍ണ്ണപ്രായന്മാരെ കല്‍പ്പിക്കുന്നു, വിടവുകളടയ്ക്കാന്‍ വലിയ ശാസ്ത്രീയസംജ്ഞകള്‍ ഉപയോഗിക്കയും ചെയ്യുന്നു. പക്ഷേ സംജ്ഞാപ്രയോഗം സമാധാനം പറയലല്ല. ചോദ്യം അങ്ങനെതന്നെ ശേഷിക്കുന്നു. പൂര്‍ണ്ണന്‍ എങ്ങനെ പൂര്‍ണ്ണപ്രായനായി? ശുദ്ധനിരുപാധികസ്വരൂപം അണുമാത്രമെങ്കിലും മാറുന്നതെങ്ങിനെ? എന്നാല്‍ ഹിന്ദു ഋജുവാണ്. യുക്ത്യാഭാസത്തെ അഭയം പ്രാപിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. ആണത്തത്തോടെ ചോദ്യത്തെ നേരിടാന്‍ അവനു ധൈര്യമുണ്ട്. അവന്റെ മറുപടി “എനിക്കറിഞ്ഞുകൂടാ” എന്നാണ്. “പൂര്‍ണ്ണനായ ആത്മാവ് താന്‍ അപൂര്‍ണ്ണനാണെന്നു വിചാരിച്ചത്, ജഡത്തോടൊട്ടി അതില്‍ കുടുങ്ങിയത്. എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ.” എന്നാല്‍ എന്തൊക്കെയായാലും വസ്തുത വസ്തുതതന്നെ താന്‍ ശരീരമാണെന്നുള്ള തനതു വിചാരം എല്ലാവരുടെയും ബോധതലത്തിലുള്ള ഒരു വസ്തുതയാണ്. താന്‍ ശരീരമാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ ഹിന്ദു ശ്രമിക്കുന്നില്ല. അത് ഈശ്വരേച്ഛയാണെന്ന് മറുപടി ഒരു സമാധാനമല്ല. ‘എനിക്കറിഞ്ഞുകൂടാ’ എന്ന ഹിന്ദുവിന്റെ വചനത്തെക്കാള്‍ ഒട്ടും മെച്ചമല്ല അത്.

ഇങ്ങനെ, മനുഷ്യാത്മാവ് നിത്യനും അമൃതനും പൂര്‍ണ്ണനും അനന്തനുമാണ്. മരണമെന്നു പറയുന്നത് ഒരു ശരീരത്തില്‍നിന്നു മറ്റൊരു ശരീരത്തിലേക്കു കേന്ദ്രം മാറുകമാത്രമാണ്. പൂര്‍വ്വകര്‍മ്മങ്ങള്‍ വര്‍ത്തമാനത്തെയും വര്‍ത്തമാനം ഭാവിയെയും നിര്‍ണ്ണയിക്കുന്നു. ജനനത്തില്‍നിന്നു ജനനത്തിലേക്കും മരണത്തില്‍നിന്നു മരണത്തിലേക്കും സംസാരിച്ച് ജീവന്‍ മേല്പോട്ടോ കീഴ്പോട്ടോ പൊയ്ക്കൊണ്ടേ ഇരിക്കുന്നു. ഇവിടെ വേറൊരു ചോദ്യം ഇങ്ങനെയാണെങ്കില്‍ മനുഷ്യന്റെ കഥയെന്ത്? കൊടുങ്കാറ്റില്‍പ്പെട്ട ചെറുതോണിയോ അവന്‍? പതചൂടിയ തിരത്തുഞ്ചത്തേയ്ക്ക് ഒരു നിമിഷം അടിച്ചു കയറ്റപ്പെട്ടും തന്റെ സുകൃതദുഷ്കൃത്യങ്ങളുടെ പിടിയില്‍പെട്ട് അങ്ങിങ്ങു മറിയുന്ന ചെറുതോണിയോ മനുഷ്യന്‍? സദാ ക്ഷോഭിച്ച്, സദാ പായുന്ന നിഷ്കരുണമായ കാര്യകാരണധാരയില്‍ കഴിവുറ്റ തുണയറ്റുഴലുന്ന കെടുതോണിയോ അവന്‍! വിധവയുടെ കണ്ണീരോ അനാഥരോദനമോ ഗൌനിക്കാതെ, ഒക്കെത്തകര്‍ത്തുരുണ്ടുപോകുന്ന കാരണചക്രത്തിന്റെ അടിയിലകപ്പെട്ട ക്ഷുദ്രശലഭമോ മനുഷ്യന്‍? ഇതോര്‍ത്ത് ഉള്ളം കുഴയുന്നു, എന്നാലും പ്രകൃതിയുടെ നിയമം ഇതുതന്നെ. ഒരാശയ്ക്കും വകയില്ലേ? ഒരു രക്ഷയുമില്ലേ? ഈ ക്രന്ദനം, നിരാശത നിറഞ്ഞ നെഞ്ചിന്റെ അടിത്തട്ടില്‍നിന്നു പൊന്തി, കരുണയുടെ തിരുമഞ്ചത്തിലെത്തി; അവിടെനിന്ന് ആശാവഹവും സാന്തപരവുമായ തിരുമൊഴികള്‍ അവതരിച്ച് ഒരു വൈദിക ഋഷിയെ പ്രചോദിപ്പിച്ചു. ലോകസമക്ഷം എണീറ്റുനിന്നു കാഹളധ്വനിയില്‍ ആ മംഗളവാര്‍ത്ത അവിടുന്നു വിളംബരം ചെയ്തു: “അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളേ! ദിവ്യധാമങ്ങളിലും നിവസിക്കുന്നവരേ! ഇരുളിനെല്ലാം അപ്പുറത്ത് മായയ്ക്കപ്പുറത്ത്, ആദിത്യവര്‍ണ്ണനായ പുരാണപുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു. അവനെ അറിഞ്ഞാല്‍മാത്രമേ നിങ്ങള്‍ മരണപരമ്പരയില്‍നിന്നു വിമുക്തരാവൂ.” “അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളേ!” എത്ര മധുരമായ പേര്‍! എത്ര ആശാവഹം! ഞാന്‍ ആ മധുരമായ പേര്‍ ചൊല്ലി നിങ്ങളെ വിളിക്കട്ടെ-അമൃതാനന്ദത്തിന്റെ അനന്തരാവകാശികള്‍-അതേ, നിങ്ങളെ പാപികളെന്നു വിളിക്കാന്‍ ഹിന്ദു കൂട്ടാക്കുകയില്ല. ഈശ്വരസന്താനങ്ങളാണ് നിങ്ങള്‍. അമൃതാനന്ദത്തിന്റെ പങ്കാളികള്‍, ദിവ്യന്മാര്‍, പരിപൂര്‍ണ്ണന്മാര്‍! അല്ലയോ ഭൂലോകദേവന്മാരേ, നിങ്ങള്‍ പാപികളോ! അങ്ങനെ വിളിക്കുന്നത് പാപമാണ്, മനുഷ്യസ്വഭാവത്തിനു പെട്ട മാനഹാനിയാണിത്. അല്ലയോ സിംഹങ്ങളേ, എണീറ്റു വരുവിന്‍! ആടെന്ന ഭ്രാന്തി കുടഞ്ഞുകളയുവിന്‍! മരണം തീണ്ടാത്ത ആത്മാക്കളാണ് നിങ്ങള്‍. മുക്തന്മാര്‍, ധന്യന്മാര്‍, നിത്യന്മാര്‍, ജഡമല്ല നിങ്ങള്‍, ദേഹമല്ല നിങ്ങള്‍; ജഡം നിങ്ങളുടെ ദാസന്‍, നിങ്ങള്‍ ജഡത്തിന്റെ ദാസന്മാരല്ല.

ഇങ്ങനെയാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത്; അല്ലാതെ നീക്കുപോക്കില്ലാത്ത നിയമങ്ങളുടെ ഒരു കൊടുംചട്ടക്കൂടല്ല, അറുതിയറ്റ കാര്യകാരണക്കല്‍ത്തുറുങ്കുമല്ല. പിന്നെയോ, ഈ നിയമങ്ങളുടെയെല്ലാം തലപ്പത്തും സര്‍വ്വവസ്തുവിലും ശക്തിയിലും പരമാണുപര്യന്തം വ്യാപിച്ച് ഒരു പരമപുരഷന്‍ നിലകൊള്ളുന്നു; “അവന്റെ കല്‍പ്പനകൊണ്ടു കാറ്റു വീശുന്നു, തീ എരിയുന്നു, കാര്‍ പെയ്യുന്നു, മൃത്യു ഭൂമിയിലെങ്ങും നീളെ നടക്കുന്നു.’

ആ പരന്റെ സ്വരൂപമെന്ത്? അവിടുന്നു സര്‍വ്വവ്യാപിയാണ്; നിര്‍മ്മലനും നിരാകാരനും സര്‍വ്വശക്തനും പരമകാരുണികനുമാണ്. “അവിടുന്നാണ് ഞങ്ങളുടെ അച്ഛന്‍, അവിടുന്നാണ് ഞങ്ങളുടെ അമ്മ. ഞങ്ങളുടെ പ്രിയതോഴനും അവിടുന്നുതന്നെ. ഞങ്ങളുടെ കരുത്തിന്റെയെല്ലാം ഉറവാണവിടുന്ന്; ഞങ്ങള്‍ക്കു കരുത്തു തരേണമേ. അവിടുന്നുതന്നെ ഈ വിശ്വഭാരം വഹിക്കുന്നത്; ജീവിതത്തിന്റെ ചെറുചുമടു താങ്ങാന്‍ ഞങ്ങളെ തുണയ്ക്കേണമേ”2 ഇങ്ങനെയാണ് വേദര്‍ഷികള്‍ പാടിയത്. ഇനി അവിടുത്തെ ആരാധിക്കേണ്ടതെങ്ങനെ? പ്രേമം കൊണ്ടുതന്നെ. “ഈ ജന്മത്തിലും വരും ജന്മത്തിലുമുള്ള എല്ലാറ്റിനേയുംകാള്‍ പ്രിയതരനായി. പ്രേഷ്ഠനായി കരുതി അവിടുത്തെ ആരാധിക്കണം.”

ഇതാണ് വേദപ്രോക്തമായ ഭക്തിമാര്‍ഗ്ഗം. ഇനി ഈശ്വരാവതാരമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ശ്രീകൃഷ്ണന്‍, ഇതിനെ പൂര്‍ണ്ണമായി വളര്‍ത്തി ഉപദേശിച്ചത് എങ്ങനെയെന്നു നോക്കാം. “ഒരുവന്‍ ഈ ലോകത്തില്‍ താമരയിലപോലെ ജീവിക്കണം” എന്ന് അവിടുന്നുപദേശിച്ചു. താമരയില വെള്ളത്തില്‍ വളരുന്നെങ്കിലും വെള്ളം കൊണ്ടു നനയുന്നില്ലല്ലോ; അതുപോലെ വേണം മനുഷ്യന്‍ ലോകത്തില്‍ ജീവിക്കാന്‍-ഹൃദയം ഹരിയിലേയ്ക്കും കരങ്ങള്‍ കര്‍മ്മത്തിലേയ്ക്കും.

ഈ ലോകത്തിലോ, വരും ലോകത്തിലോ കിട്ടാവുന്ന ഫലങ്ങള്‍ കൊതിച്ച് ഈശ്വരനെ പ്രേമിക്കുന്നതു നന്ന്. എന്നാല്‍ അതിലും നന്ന്, പ്രേമത്തിനുവേണ്ടി ഭഗാവനെ പ്രേമിക്കുന്നത്. ആ പ്രാര്‍ത്ഥന ഇങ്ങനെയാണ്: “ഭഗവാന്‍ എനിക്കു സമ്പത്തോ സന്തതിയോ വിദ്യയോ വേണ്ട. ഞാന്‍ പലവുരു ജനിക്കണമെന്നാണ് അവിടുത്തെ ഇച്ഛയെങ്കില്‍ അതങ്ങനെയായിക്കൊള്ളട്ടെ. എന്നാല്‍ ഒരനുഗ്രഹം മാത്രം; എനിക്കു ഫലകാംക്ഷിയില്ലാതെ അവിടുത്തെ പ്രേമിക്കാറാകണം; നിസ്സ്വാര്‍ത്ഥം, പ്രേമാര്‍ത്ഥം, പ്രേമിക്കണം” ശ്രീകൃഷ്ണശിഷ്യരിലൊരുവനായിരുന്ന അന്നത്തെ ഭാരതചക്രവര്‍ത്തി(യുധിഷ്ഠിരന്‍)യെ ശത്രുക്കള്‍ രാജ്യത്തില്‍നിന്നോടിച്ചു. അദ്ദേഹത്തിന് രാജ്ഞിയോടുകൂടി ഹിമാലയവനങ്ങളെ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവെച്ച് ഒരു നാള്‍ അദ്ദേഹത്തോടു രാജ്ഞി ചോദിച്ചു: ‘ധര്‍മ്മിഷ്ഠരില്‍ അഗ്രേസരനായ അങ്ങേയ്ക്ക് ഇത്രയേറെ ദുഃഖം സഹിക്കേണ്ടിവന്നതെന്തുകൊണ്ട്?’ യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു: ‘പ്രിയേ, ഇതാ ഹിമാലയപര്‍വ്വതങ്ങളെ നോക്കൂ, അവ എത്ര ഗംഭീരങ്ങളും രമണീയങ്ങളുമായിരിക്കുന്നു. ഞാന്‍ അവയെ സ്നേഹിക്കുന്നു. അവ എനിക്കൊന്നും തരുന്നില്ല. എങ്കിലും ഗംഭീരവും രമണീയവുമായതിനെ സ്നേഹിക്കുക എന്റെ പ്രകൃതിയാണ്; ഞാന്‍ അവയെ സ്നേഹിക്കുന്നു. ഇതുപോലെ ഞാന്‍ ഭഗവാനേയും സ്നേഹിക്കുന്നു. സര്‍വ്വസൌന്ദര്യഗാംഭീര്യങ്ങള്‍ക്കും ഉറവിടം അവിടുന്നാണ്. പ്രേമാര്‍ഹമായ ഏകവസ്തു ഭഗവാനാണ്. അവിടുത്തെ പ്രേമിക്കയാണ് എന്റെ പ്രകൃതി. അതുകൊണ്ടു ഞാന്‍ പ്രേമിക്കുന്നു. ഞാന്‍ യാതൊന്നും പ്രാര്‍ത്ഥിക്കുന്നില്ല. ഞാന്‍ യാതൊന്നും യാചിക്കുന്നില്ല. അവിടുന്ന് ഇഷ്ടംപോലെ എന്നെ എവിടെയും വെയ്ക്കട്ടെ. പ്രേമൈകപരനായി എനിക്കവിടുത്തെ പ്രേമിക്കണം. പ്രേമവാണിജ്യം എനിക്കു വയ്യ.’

ആത്മാവ് ദിവ്യമാണ്, ജഡത്തിന്റെ കെട്ടില്‍ പെട്ടുപോയെന്നുമാത്രം; ഈ കെട്ടു പൊട്ടിയാല്‍ പൂര്‍ണ്ണതയായി-ഇതാണ് വേദാനുശാസനം. അതിന് അവര്‍ പറയുന്ന പേരു മുക്തിയെന്നാണ്-സ്വാതന്ത്യ്രം, അപൂര്‍ണ്ണതയുടെ ബന്ധനത്തില്‍നിന്നുള്ള സ്വാതന്ത്യ്രം, മൃത്യുവില്‍നിന്നും ദുഃഖത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രം.

ഈ ബന്ധനം ഈശ്വരകൃപകൊണ്ടേ വീണുപോകൂ. ഈശ്വരകൃപ പവിത്രരിലേ വന്നുചേരൂ. അതുകൊണ്ട് പവിത്രതയാണ് ഈശ്വരകൃപയ്ക്കുള്ള യോഗ്യത. ആ കൃപ എങ്ങനെ പ്രവര്‍ത്തിക്കുന്നു? പവിത്രഹൃദയത്തില്‍ അവിടുന്നു തന്നെത്താന്‍ വെളിപ്പെടുത്തുന്നു. പവിത്രനും അലിപ്തനും ഈശ്വരനെ ദര്‍ശിക്കുന്നു. അതും, ഈ ജന്മംതന്നെ. അപ്പോള്‍ നെഞ്ചിലെ കുടിലതകള്‍ നിവരും, അപ്പോള്‍ മാത്രം. സര്‍വ്വസംശയവും അപ്പോള്‍ തീരും. പിന്നെ മനുഷ്യന്‍ ഭയങ്കരമായ കാരണനിയമത്തിന്റെ കളിപ്പാട്ടമല്ല. ഇതാണ് ഹിന്ദുമതത്തിന്റെ മര്‍മ്മപ്രധാനമായ ആശയം. ഹിന്ദുവിന് വാക്കുകളും വാദങ്ങളും കൊണ്ടു കഴിയാന്‍ ഇഷ്ടമില്ല. ഇന്ദ്രിയവേദ്യമായ സാധാരണസത്തയില്‍ കവിഞ്ഞു വല്ലതുമുണ്ടെങ്കില്‍ അതവനു നേരിട്ടു കാണണം. ജഡമല്ലാത്ത ഒരാത്മാവ് തന്നിലുണ്ടെങ്കില്‍, പരമകാരുണികനായ ഒരു പരമാത്മാവുണ്ടെങ്കില്‍, അവനു നേരേ അങ്ങോട്ടു ചെല്ലണം. അവന് അവിടുത്തെ കാണണം, അതുകൊണ്ടേ അവന്റെ സംശയമെല്ലാം നശിക്കൂ. അങ്ങനെ, ആത്മാവിന്റെ, ഈശ്വരന്റെ അത്യുല്‍കൃഷ്ടപ്രമാണമായി ഒരു ഹിന്ദുസിദ്ധന്‍ നല്‍കുന്നതിതാണ്: “ആത്മദര്‍ശനം എനിക്കു കിട്ടിയിരിക്കുന്നു. ഈശ്വരനെ ഞാന്‍ കണ്ടിരിക്കുന്നു” അതാണുതാനും പൂര്‍ണ്ണതയ്ക്കുള്ള ഏകവ്യവസ്ഥ. ചില സിദ്ധാന്തങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കാനുള്ള യത്നമോ സംരംഭമോ അല്ല ഹിന്ദുമതം; സാക്ഷാല്‍ക്കരിക്കലാണത്, ആകലും ആയിത്തീരലും.

ഇപ്രകാരം ഹിന്ദുദര്‍ശനങ്ങളുടെ ലക്ഷ്യം മുഴുവന്‍ നിരന്തരയത്നം കൊണ്ടു പൂര്‍ണ്ണനും ദിവ്യനുമാകയാണ്. ഈശ്വരനെ പ്രാപിക്കുകയും ഈശ്വരനെ ദര്‍ശിക്കുകയും ചെയ്യുക. ഈ ഈശ്വരപ്രാപ്തിയും ഈശ്വരദര്‍ശനവും, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെതന്നെ പരിപൂര്‍ണ്ണനായിത്തീരല്‍, ആണ് ഹിന്ദുവിന്റെ മതം.

അപ്പോള്‍ പൂര്‍ണ്ണത്വം പ്രാപിച്ചവന്റെ ഗതിയെന്ത്? അയാള്‍ അനന്താനന്ദമായ ഒരു ജീവിതം നയിക്കുന്നു. മനുഷ്യനു രസിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു വസ്തുവിനെ, അതായത് ഈശ്വരനെ നേടി, അയാള്‍ അളവറ്റതും തികവുറ്റതുമായ ആനന്ദം അനുഭവിക്കുന്നു. ഭഗവത്സായൂജ്യരസം ആസ്വദിക്കുന്നു.

ഇത്രത്തോളം എല്ലാ ഹിന്ദുക്കളും യോജിക്കുന്നു. ഇതാണ് ഭാരതത്തിലെ എല്ലാ മതസമ്പ്രദായങ്ങള്‍ക്കും പൊതുവായ മതം. പക്ഷേ പൂര്‍ണ്ണത (അതിനെപ്പറ്റി നാം പറഞ്ഞല്ലോ) കേവലമാണ്; കേവലം രണ്ടോ മൂന്നോ വയ്യ. അതിന് ഒരു ഗുണവും ഉണ്ടാകാവതല്ല. അതു വ്യക്തിയാകാനും തരമില്ല. അതുകൊണ്ട്. ഒരാത്മാവു പൂര്‍ണ്ണവും കേവലവുമാകുമ്പോള്‍ അതു ബ്രഹ്മത്തോട് ഏകീഭവിക്കണം. ജീവന്‍ സ്വപ്രകൃതിയുടെ പൂര്‍ണ്ണതയും സ്വസത്തയുടെ യാഥാര്‍ത്ഥ്യവുമായി, കേവലസച്ചിദാനന്ദമായി, മാത്രമേ ഈശ്വരനെ സാക്ഷാല്‍കരിക്കൂ. വ്യക്തിത്വം നശിച്ച് കല്ലോ മരമോ ആയിത്തീരലാണിത് എന്ന ആക്ഷേപം നാം പലപ്പോഴും വായിച്ചിട്ടുണ്ട്. “മുറിവേറ്റിട്ടേയില്ലാത്തവന്‍ മുറിപ്പാടു കണ്ടു ചിരിക്കുന്നു.”

ഇതിങ്ങനെയൊന്നുമല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഈ ചെറുശരീരത്തെക്കുറിച്ചുള്ള (ഞാനെന്ന) ബോധം ആസ്വദിക്കുന്നതു സുഖമാണെങ്കില്‍ രണ്ടു ശരീരങ്ങളിലുള്ള അഭിമാനരസം സുഖതരമാകണം. ആത്മഭാവനയ്ക്കു ആസ്പദമായ ശരീരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന ക്രമത്തിന് ആനന്ദത്തിന്റെ അളവും വര്‍ദ്ധിക്കും. ഇങ്ങനെ വിശ്വാത്മഭാവം ഉണ്ടാകുന്നതോടെ ലക്ഷ്യത്തിലെത്തി, ആനന്ദത്തിന്റെ പരമകാഷ്ഠയില്‍.

ഇങ്ങനെ അനന്തമായ വിശ്വാത്മഭാവം കൈവരാന്‍ ഈ ചട്ടക്കൂടിലുള്ള ശോകാസ്പദവും അല്പവുമായ ആത്മഭാവം പോകതന്നെ വേണം. ഞാന്‍ ആനന്ദമാത്രനാകുമ്പോഴേ ശോകത്തിന് അന്തം വരൂ; ഞാന്‍ ചിന്മാത്രനാകുമ്പോള്‍മാത്രമേ തെറ്റുകളൊക്കെ അറ്റുപോകൂ. ശാസ്ത്രത്തിന്റെ നിയതമായ നിഗമനവും ഇതുതന്നെ. ശാരീരികമായ ആത്മഭാവം മിഥ്യയാണെന്ന് ശാസ്ത്രം എനിക്കു തെളിയിച്ചുതന്നിരിക്കുന്നു. എന്റെ ശരീരം, വാസ്തവത്തില്‍ ഇടമുറിയാത്ത ജഡസമുദ്രത്തില്‍ തുടരെ മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപോളയാണെന്ന്. ഇങ്ങനെ എന്റെ ഇതരപ്രതിരൂപമായ ആത്മാവിന്റെ പക്ഷത്തിലും അദ്വൈതം (ഐക്യം) തന്നെ നിയതമായ നിഗമനവും.

ശാസ്ത്രം ഐക്യദര്‍ശനമല്ലാതൊന്നുമല്ല. പൂര്‍ണ്ണമായ ഐക്യം പ്രാപിക്കുന്നതോടെ മുന്നേറ്റം മുട്ടി ശാസ്ത്രം നിന്നുപോകും. എന്തെന്നാല്‍ അതു ലക്ഷ്യത്തിലെത്തും. മറ്റെല്ലാം ഉളവാക്കുന്ന ഏകഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രത്തിനു പിന്നെ മുന്നേറാന്‍ വയ്യ. മറ്റൊക്കെ പ്രാകാശിപ്പിക്കുന്ന ഏകശക്തി കണ്ടെത്തുന്നതില്‍ തന്‍കാര്യം നിറവേറ്റാനായാല്‍ ഊര്‍ജ്ജതന്ത്രം നിന്നുപോകും. മരണപ്രപഞ്ചത്തിലെ മാറാത്ത ഒരൊറ്റ ചൈതന്യത്തെ എപ്പോഴും മാറുന്ന ലോകത്തിന്റെ ഒറ്റച്ചുവടിനെ, എല്ലാ ജീവന്മാര്‍ക്കും മിഥ്യാസത്തയെ നല്‍കുന്ന ഒരേയൊരു പരമാത്മാവിനെ-അവിടുത്തെ കണ്ടെത്തിയാല്‍ അദ്ധ്യാത്മശാസ്ത്രവും പൂര്‍ണ്ണതയെ പ്രാപിക്കും. ഇങ്ങനെയാണ് നാനാത്വത്തിലും അദ്വൈതത്തിലുംകൂടി ആത്യന്തികൈക്യം പ്രാപിക്കുന്നത്. ഇതിനപ്പുറം മതത്തിനു പോകാനാവില്ല. ഇതാണ് സര്‍വ്വശാസ്ത്രലക്ഷ്യം.

ശാസ്ത്രമെല്ലാം ഈ നിഗമനത്തിലെത്താന്‍ നിര്‍ബ്ബന്ധമാണ്. ‘ആവിര്‍ഭാവ’മാണ് ശാസ്ത്രത്തിന്റെ ഇന്നത്തെ വാക്ക്, ‘സൃഷ്ടി’യല്ല ഹിന്ദുവിന് ഇതില്‍ സന്തോഷമേയുള്ളൂ; അവന്‍ യുഗങ്ങളായി ഉള്ളില്‍ താലോലിച്ചുപോന്നതെന്തോ അതുതന്നെ ഇന്ന്, കുറേക്കൂടെ കരുത്തുള്ള ഭാഷയിലും ശാസ്ത്രത്തിന്റെ പുതുപുത്തന്‍ ദര്‍ശനങ്ങളില്‍നിന്നുള്ള കൂടുതല്‍ വെളിച്ചത്തിലും ലോകം പഠിക്കാന്‍ പോകയാണല്ലോ-അതില്‍ അവനു സന്തോഷമേയുള്ളൂ.

ഇനി നമുക്കു തത്ത്വവിചാരക്കയറ്റങ്ങളില്‍നിന്നു പാമരമതത്തിലേയ്ക്ക് ഇറങ്ങുകതന്നെ. ഭാരതത്തില്‍ അനേകദേവതാവാദം (polytheism) ഇല്ലെന്ന് ഞാന്‍ ആദ്യമേ നിങ്ങളോടു പറയട്ടെ. ഓരോ അമ്പലത്തിലും ചെന്നുനിന്നു ചെവി കൊടുത്തു കേട്ടാല്‍, അവിടുത്തെ ഭക്തന്മാര്‍ സര്‍വ്വവ്യാപിത്വമടക്കം ഈശ്വരന്നുള്ള എല്ലാ ഗുണങ്ങളും ഭഗവദ്വിഗ്രഹങ്ങളില്‍ കല്‍പ്പിക്കുന്നതായി തെളിയും. ഇത് അനേകദേവതാവാദമല്ല. ദേവാധിദേവവാദം (henotheism) എന്ന പേരും സമാധാനമാകുന്നില്ല. ‘പേരു മറ്റെന്തു ചൊന്നാലും റോസ് അതേ തൂമണം തരും.’ നാമകരണം വിശദീകരണമല്ല.

ഒരു ക്രിസ്ത്യന്‍പാതിരി ഭാരതത്തില്‍ ഒരാള്‍ക്കൂട്ടത്തോടു പ്രസംഗിച്ചത്, എന്റെ കുട്ടിക്കാലത്ത് കേട്ടതു ഞാനോര്‍ക്കുന്നു. അയാള്‍ അവരോടു പറഞ്ഞ മറ്റു മധുരസംഗതികളില്‍ ഒന്ന് ഇതായിരുന്നു: ‘നിങ്ങളുടെ വിഗ്രഹത്തിന് എന്റെ വടികൊണ്ട് ഒരടി കൊടുത്താല്‍ അതിനെന്തു ചെയ്യാന്‍ കഴിയും?’ അയാളുടെ കേള്‍വിക്കാരിലൊരാള്‍ ഉടനെതന്നെ മറുപടി പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ ഈശ്വരനെ ശകാരിച്ചാല്‍ അയാള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?’ ‘താന്‍ ചാകുമ്പോള്‍ തന്നെ ശിക്ഷിക്കും.’ പാതിരി പറഞ്ഞു. ‘എന്നാല്‍ താന്‍ ചാകുമ്പോള്‍ എന്റെ വിഗ്രഹം തന്നെ ശിക്ഷിക്കും.’ ആ ഹിന്ദു തിരിച്ചടിച്ചു.

മരത്തെ അതിന്റെ കായ്കൊണ്ടറിയാം. എങ്ങും ഒരിക്കലും കണ്ടിട്ടില്ലാത്തത്ര സദ്വൃത്തിയും അദ്ധ്യാത്മതയും പ്രേമവും ഉള്ളവരെ, വിഗ്രഹാരാധനക്കാരെന്നു വിളിക്കുന്നവരുടെ ഇടയ്ക്കു ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ നിന്നു തന്നെത്താന്‍ ചോദിക്കാറുണ്ട്. ‘പാപം പുണ്യത്തെ ഉണ്ടാക്കുമോ?’ എന്ന്.

അന്ധവിശ്വാസം മനുഷ്യന്റെ ഒരു വലിയ ശത്രുതന്നെ; എന്നാല്‍ അതിലും കഷ്ടമാണ് മതഭ്രാന്ത്. ക്രിസ്ത്യാനി എന്തിനു പള്ളിയില്‍ പോകുന്നു? കുരിശെങ്ങനെ ദിവ്യമായി? പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖം എന്തുകൊണ്ട് ആകാശത്തേയ്ക്കു തിരിയുന്നു? കത്തോലിക്ക് പള്ളികളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്തേ? പ്രോട്ടസ്റ്റന്റുകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഇത്രയേറെ വിഗ്രഹങ്ങളുള്ളതെന്ത്? എന്റെ സഹോദരരേ, ശ്വസിക്കാതെ ജീവിക്കാന്‍ സാദ്ധ്യമല്ല, എന്തിനെക്കുറിച്ചെങ്കിലും മനോവിഗ്രഹം കൂടാതെ നമുക്കു ചിന്തിക്കാനും. സാഹചര്യനിയമമനുസരിച്ച് ഭൌതികവിഗ്രഹം മനോവൃത്തിയെ വിളിച്ചുണര്‍ത്തുന്നു; അങ്ങനെ മറിച്ചും. ഇതുകൊണ്ടാണ് ഹിന്ദു ആരാധനയ്ക്കു ബാഹ്യപ്രതീകത്തെ ഉപയോഗിക്കുന്നത്. ഏതു ദേവതയെ ധ്യാനിക്കുന്നുവോ ആ ദേവതയില്‍ മനസ്സു നിലനിര്‍ത്താന്‍ പ്രതീകം സഹായിക്കുന്നു എന്നു ഹിന്ദു പറയും. വിഗ്രഹം ഈശ്വരനല്ലെന്നും അതു സര്‍വ്വവ്യാപിയല്ലെന്നും നിങ്ങളെപ്പോലെതന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ, ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും ‘സര്‍വ്വവ്യാപി’ എന്നുവെച്ചാല്‍ എത്രയ്ക്കര്‍ത്ഥമാകും? അതു വെറുമൊരു വാക്ക്. ഒരടയാളം മാത്രം. ഈശ്വരന് ഉപരിതലവിസ്താരമുണ്ടോ? ഇല്ലെങ്കില്‍ സര്‍വ്വവ്യാപി എന്നു ജപിക്കുമ്പോള്‍ നാം ചിന്തിക്കുന്നതു വിസ്തൃതവിണ്ടലത്തെയോ അന്തരീക്ഷത്തെയോ ആയിരിക്കും; അത്രതന്നെ.

ഏതോ തരത്തില്‍, നമ്മുടെ മനസ്സിന്റെ ഘടനാനിയമമനുസരിച്ച് അനന്തത എന്ന ആശയം നീലവിണ്ണിന്റെയോ കടലിന്റെയോ പ്രീതിയോട് അന്വയിക്കേണ്ടിയിരിക്കുന്നതു നമുക്കനുഭവമാണ്. ഇതുപോല വിശുദ്ധതയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ നാം സ്വാഭാവികമായി പള്ളിയുടെയോ മസ്ജിദിന്റെയോ കുരിശിന്റെയോ പ്രതിരൂപത്തോടു ഘടിപ്പിക്കുന്നു. വിശുദ്ധത, നൈര്‍മ്മല്യം, സത്യം, സര്‍വ്വവ്യാപിത്വം മുതലായ ആശയങ്ങളെ ഹിന്ദുക്കള്‍ പല വിഗ്രങ്ങളോടും രൂപങ്ങളോടും ചേര്‍ത്തു കല്‍പ്പിക്കുന്നു. എന്നാല്‍ ഈ വ്യത്യാസമുണ്ട്: ചിലര്‍ അവരുടെ ജീവിതം മുഴുവന്‍ പള്ളി എന്ന തനതു വിഗ്രഹത്തിനു സമര്‍പ്പിച്ചിട്ട്, അതിനുപരി തെല്ലും ഉയരുന്നേ ഇല്ല. അവര്‍ക്ക് മതമെന്നുവെച്ചാല്‍ ചില തത്ത്വങ്ങളെ ബുദ്ധികൊണ്ടനുകൂലിക്കുകയും സഹജീവികള്‍ക്കു നന്മ ചെയ്യുകയും മാത്രമാണ്. ഹിന്ദുവിന്റെ ധര്‍മ്മമാകട്ടെ, മുഴുവനും സാക്ഷാല്‍കാരത്തില്‍ കേന്ദ്രീകൃതമാണ്. മനുഷ്യന്‍ ഈശ്വരത്വം സാക്ഷാല്‍കരിച്ച് ഈശ്വരനായിത്തീരണം. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഗ്രന്ഥങ്ങളും അവന്റെ ആദ്ധ്യാത്മികശൈശവത്തിലെ താങ്ങും തുണയും മാത്രമാണ്. എന്നാല്‍ അവന്‍ മുന്നോട്ടു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കണം.

അവന്‍ ഒരിടത്തും നിന്നുകൂടാ. ‘ബാഹ്യമായ, ദ്രവ്യസഹിതമായ പൂജ ഏറ്റവും താഴ്ന്ന നില. ഉയരാനുള്ള ഉത്സാഹം, മാനസപ്രാര്‍ത്ഥന, അടുത്തപടി. ഭഗവദ്ദര്‍ശനമാണ് അത്യുത്തമപദം’ എന്നു ശാസ്ത്രങ്ങള്‍ പറയുന്നു. കേട്ടോളൂ, “വിഗ്രഹത്തിനുമുമ്പില്‍ കുമ്പിടുന്ന അതേ ഭക്തന്‍ പറയുന്നത്; ‘അവനെ പ്രകാശിപ്പിക്കാന്‍ സൂര്യനു കഴിയുന്നില്ല; ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും വയ്യ: മിന്നലിനു ശക്തിയില്ല; നമ്മള്‍ പറയുന്ന തീയിനും കഴിവില്ല. അവനെക്കൊണ്ടു അവ വിളങ്ങുകയാണ്.’ എങ്കിലും ഇയാള്‍ ആരുടെയും വിഗ്രഹത്തെ ആപേക്ഷിക്കുകയോ അതിന്റെ ആരാധന പാപമെന്നു പറയുകയോ ചെയ്യുന്നില്ല. അവന്‍ അതിനെ ജീവിതത്തില്‍ ആവശ്യമായ ഒരു ഘട്ടമെന്നു കാണുന്നു. ‘ശിശു മനുഷ്യന്റെ അച്ഛനാകുന്നു.’ ശൈശവമോ യൌവനമോ പാപമെന്ന് ഒരു വൃദ്ധന്‍ പറയുന്നതു ശരിയാകുമോ?

വിഗ്രഹത്തിന്റെ സഹായംകൊണ്ട് ഒരുവന് തന്റെ ഈശ്വരസ്വരൂപം സാക്ഷാല്‍കരിക്കാന്‍ സാധിക്കുമെങ്കില്‍ അതു പാപമെന്നു പറയുന്നതു ശരിയാകുമോ? മാത്രമല്ല, ആ പടി കടന്നാലും അതു തെറ്റെന്നു പറയാമോ? ഹിന്ദുദൃഷ്ടിയില്‍, മനുഷ്യന്‍ അസത്യത്തില്‍നിന്നു സത്യത്തിലേയ്ക്കല്ല പോകുന്നത്. സത്യത്തില്‍നിന്നു സത്യത്തിലേയ്ക്കാണ്, താഴ്ന്ന സത്യത്തില്‍നിന്നു ഉയര്‍ന്ന സത്യത്തിലേയ്ക്ക്. അധമമായ ജഡാരാധനമുതല്‍ അത്യുത്തമമായ ബ്രഹ്മവാദം വരെയുള്ള എല്ലാ മതങ്ങളും, അവന്റെ നോട്ടത്തില്‍, മനുഷ്യാത്മാവ് അതിന്റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തപ്രാപ്തിക്കു ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ്. ഇവ ഓരോന്നും പുരോഗതിയിലേയ്ക്കുള്ള ഓരോ പടവുകളാണ്. ഓരോ ജീവാത്മാവും ഓരോ ഗരുഡശിശുവാണ്; അത് ഉയര്‍ന്നുയര്‍ന്നു പറക്കുന്നു, അതിനതിനു കരുത്തേറുന്നു. ഒടുവില്‍ അത് പരംജ്യോതിസ്സിലെത്തുന്നു.

നാനാത്വത്തില്‍ ഏകത്വമാണ് പ്രകൃതികല്പിതം. ഹിന്ദു ഇതംഗീകരിച്ചിരിക്കുന്നു. മറ്റു മതങ്ങളെല്ലാം ചില സ്ഥാവരസിദ്ധാന്തങ്ങള്‍ ഉപന്യസിച്ച് അവ സമുദായത്തിന്റെമേല്‍ അടിച്ചേല്പിക്കാന്‍ നോക്കും. സമുദായത്തിന്റെ മുമ്പില്‍ വെയ്ക്കാന്‍ അതിനു ഒരു കുപ്പായമേ ഉള്ളു. അതു ജാക്കിനും ജോണിനും ഹെന്റിക്കും ഒക്കെ ഒരുപോലെ ചേര്‍ന്നുകൊള്ളണം. ജോണിനൊ ഹെന്റിക്കോ അതു ചേരാത്തപക്ഷം അവര്‍ മേലു മറയ്ക്കാന്‍ കുപ്പായമില്ലാതെ പൊയ്ക്കൊള്ളണം. സാപേക്ഷത്തില്‍ക്കൂടിയേ നിരപേക്ഷത്തെ സാക്ഷാല്‍ക്കരിക്കാനോ വിചാരിക്കാനോ വിവരിക്കാനോ സാധിക്കൂ എന്ന് ഹിന്ദു കണ്ടുപിടിച്ചിട്ടുണ്ട്. അതിനുള്ള അടയാളങ്ങള്‍ – ആത്മീയാശയങ്ങള്‍ തൂക്കിയിടാനുള്ള ആണികള്‍-മാത്രമാണ് വിഗ്രഹങ്ങളും കുരിശുകളും ചന്ദ്രക്കലകളും. ഈ സഹായം എല്ലാവര്‍ക്കും വേണമെന്നില്ല, അതു വേണ്ടാത്തവര്‍ക്ക് അതു തെറ്റാണെന്ന് പറയാന്‍ അവകാശമില്ലെന്നുമാത്രം. ഇതു ഹിന്ദുധര്‍മ്മത്തില്‍ നിര്‍ബ്ബന്ധവുമല്ല.

ഒരു കാര്യം നിങ്ങളോടു പറയേണ്ടിയിരിക്കുന്നു. വിഗ്രഹാരാധന ഭാരതത്തില്‍ അത്ര ഭയങ്കരമൊന്നുമല്ല. അവ്യുത്പന്നമനസ്സുകള്‍ അദ്ധ്യാത്മതത്ത്വങ്ങളെ എത്തിപ്പിടിക്കാന്‍ ചെയ്യുന്ന പരിശ്രമംമാത്രമാണത്. ഹിന്ദുക്കള്‍ക്ക് ചില ദോഷങ്ങളുണ്ട്. ചിലപ്പോള്‍ ചില വ്യത്യസ്തതകളും അവര്‍ക്കുണ്ട്. എങ്കിലും ഒന്നോര്‍ക്കുക. അവര്‍ എപ്പോഴും നോക്കുന്നത് സ്വന്തം ശരീരത്തെ ദണ്ഡിക്കാനാണ്. ഒരിക്കലും അയല്‍ക്കാരന്റെ കഴുത്തറുക്കാനല്ല. വ്രതകര്‍ക്കശനായ ഹിന്ദു പട്ടടയില്‍ സ്വശരീരം എരിച്ചേക്കാമെങ്കിലും മറ്റു മതക്കാരെ ഹോമിക്കാന്‍ തീയ് (fire of inquistion) കൂട്ടാറില്ല. മന്ത്രവാദിനികളെ ചുട്ടതിന്റെ കുറ്റം ക്രിസ്തുമതത്തിന്റെ പടിക്കല്‍ ചാര്‍ത്താവുന്നതിലേറെ ഈ സ്വയം ദഹനപാതകം ഹിന്ദുധര്‍മ്മത്തിന്റെ പടിക്കല്‍ ചാര്‍ത്തിക്കൂടാ.

അപ്പോള്‍ ഹിന്ദുവിന്റെ നോട്ടത്തില്‍ മതപ്രപഞ്ചം മുഴുവനുംതന്നെ പല നിലയിലും പരിസ്ഥിതിയിലും കൂടി പലവിധം സ്ത്രീപുരുഷന്മാരുടെ ഒരേ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രചെയ്യല്‍, അടുത്തെത്തല്‍, മാത്രമാണ്. ഭൌതികമനുഷ്യനില്‍നിന്ന് ഈശ്വരനെ ആവിഷ്കരിക്കുകമാത്രമാണ് ഓരോ മതവും ചെയ്യുന്നത്. അവയുടെയെല്ലാം പ്രചോദകന്‍ ഒരേ ഈശ്വരനാണുതാനും. എന്തേ പിന്നെ, ഇത്ര വളരെ പൊരുത്തക്കേടുകള്‍? അവയെല്ലാം പുറംതോന്നല്‍ മാത്രമെന്ന് ഹിന്ദു പറയുന്നു. പല പ്രകൃതികളുടെ അവസ്ഥാപരിണാമങ്ങളുമായി സ്വയം ഇണങ്ങുന്ന ഒരേ സത്യത്തില്‍നിന്നാണ് ഈ പൊരുത്തക്കേടുകള്‍ വരുന്നത്.

പലനിറമുള്ള പളുങ്കുപലകകളില്‍ക്കൂടി ഒരേ വെളിച്ചം വരികയാണ്. ഇണങ്ങാന്‍ ഈ ചില്ലറ വൈവിധ്യങ്ങള്‍ വേണംതാനും. എന്നാല്‍ എല്ലാറ്റിന്റെയും ഹൃദയത്തില്‍ ഒരേ സത്യം വാണരുളുന്നു. ഭഗവാന്‍ കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘മണിമാലയിലെ നൂലുപോലെ എല്ലാ മതങ്ങളിലും ഞാനുണ്ട്.’ അസാധാരണവിശുദ്ധിയും അസാധാരണശക്തിയും മനുഷ്യവര്‍ഗ്ഗത്തെ ഉയര്‍ത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതായി എവിടെയൊക്കെ കാണുന്നുവോ അവിടെയൊക്കെ ഞാനുണ്ടെന്നു ധരിക്കുക’2 ഇതിന്റെ ഫലമോ, ഹിന്ദുവിനുമാത്രമേ മോക്ഷമുള്ളു, മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും സംസ്കൃതദര്‍ശനങ്ങളില്‍ ഉടനീളം എവിടെയെങ്കിലും കാണിച്ചുതരുവാന്‍ ഞാന്‍ ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നു. വ്യാസന്‍ പറയുകയാണ്, ‘നമ്മുടെ പര്‍ണ്ണാശ്രമങ്ങള്‍ക്കു പുറത്തും ഉത്തമപുരുഷന്മാരെ കാണാം’ എന്ന്. ഒരു കാര്യംകൂടെ; ഹിന്ദുവിന്റെ വിചാരവിതാനം മുഴുവന്‍ ഈശ്വരകേന്ദ്രിതമായിരിക്കെ അജ്ഞേയപരമായ ബുദ്ധമതത്തിലും നിരീശ്വരമായ ജൈനമതത്തിലും അവന് എങ്ങനെ വിശ്വസിക്കാനാവും?

ബൌദ്ധനും ജൈനനും ഈശ്വരനെ അവലംബിക്കുന്നില്ല. അവരുടെ മതശക്തി മുഴുവനും തിരിച്ചുവിട്ടിരിക്കുന്നത് സര്‍വമതകേന്ദ്രമായ ആ മഹാസത്യത്തിലേയ്ക്കാണ്. മനുഷ്യനില്‍നിന്ന് ഈശ്വരനെ ആവിഷ്കരിക്കുന്നതിലേക്ക് അവര്‍ പിതാവിനെ കണ്ടിട്ടില്ല. എന്നാല്‍ പുത്രനെ കണ്ടിട്ടുണ്ട്. പുത്രനെ കണ്ടവനാകട്ടെ, പിതാവിനെയും കണ്ടുകഴിഞ്ഞു.

സഹോദരരേ, ഇതാണ് ഹിന്ദുധര്‍മ്മതത്ത്വങ്ങളുടെ ഒരു ചെറുചിത്രം. നിനച്ചതൊക്കെ നടപ്പിലാക്കാന്‍ ഹിന്ദുവിനു കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍, എന്നെങ്കിലും ഒരു വിശ്വമതം ഉണ്ടാകുമെങ്കില്‍ അതിനു ദേശത്തിലും കാലത്തിലും പരിമിതി പാടില്ല. അതുപദേശിക്കുന്ന ഈശ്വരനെപ്പോലെ അതും അനന്തമായിരിക്കും; അതിന്റെ സൂര്യന്‍ കൃഷ്ണഭക്തന്മാരുടെയും ക്രിസ്തുഭക്തന്മാരുടെയും പുണ്യവാന്മാരുടെയും പാപികളുടെയും മേല്‍ ഒരുപോലെ പ്രകാശിക്കും. അത് ബ്രാഹ്മണ-ബൌദ്ധ-ക്രൈസ്തവ-മാഹമ്മദധര്‍മ്മങ്ങളില്‍ ഒന്നുമാത്രമായിരിക്കില്ല. അവയുടെയൊക്കെ ആകെത്തുകയായിരിക്കും; വളരാന്‍ അളവറ്റ സ്ഥലം എന്നാലും ബാക്കി കാണും. അതു വിശ്വവിശാലതയാല്‍ സര്‍വ്വമനുഷ്യരാശിയെയും അതിന്റെ അനന്തബാഹുക്കളിലൊതുക്കി ആശ്ളേഷിക്കുന്നതായിരിക്കണം. കാട്ടുജന്തുവില്‍നിന്ന് അധികം നീങ്ങിയിട്ടില്ലാത്ത നികൃഷ്ടനും കീടവൃത്തിയുമായ കാട്ടുമാടന്‍ മുതല്‍ ലോകരെല്ലാം കണ്ട് അമാനുഷനോ എന്നു ശങ്കിച്ച് ഭയഭക്തിസ്തബ്ധരായി നിന്നുപോകാത്തക്കവിധം ബുദ്ധിയുടെയും ഹൃദയത്തിന്റെയും ഗുണങ്ങള്‍കൊണ്ട് മനുഷ്യരാശിക്കുപരി ഉയര്‍ന്ന അത്യുത്തമപുരുഷന്‍വരെ, എല്ലാവര്‍ക്കും ആ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട്. തനതു നയത്തില്‍ മതപീഡനത്തിനോ അസഹിഷ്ണുതയ്ക്കോ സ്ഥാനം നല്‍കാത്തതായിരിക്കും ആ ധര്‍മ്മം. അത് സകല സ്ത്രീപുരുഷന്മാരിലും ഒരേ ഈശ്വരചൈതന്യത്തെ അംഗീകരിക്കും. അതിന്റെ ഉദ്ദേശ്യവും കഴിവും മുഴുവന്‍ മാനവവര്‍ഗ്ഗത്തെ അതിന്റെ സത്യവും സഹജവുമായ ദിവ്യസ്വരൂപത്തെ സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കും.

ഇങ്ങനെയൊരു ധര്‍മ്മം ലോകത്തിനു നല്‍കുക, സകലജനതകളും നിങ്ങളുടെ പിന്നാലെ വരും. അശോകന്റെ ധര്‍മ്മസഭ ബൌദ്ധസഭയായിരുന്നു. അക്ബറുടേതു കുറേക്കൂടെ ഉദ്ദേശ്യനിഷ്ഠമായിരുന്നെങ്കിലും ഒരു സ്വകാര്യസമാജം മാത്രമായിരുന്നു. എല്ലാ ധര്‍മ്മങ്ങളിലും ഈശ്വരനുണ്ടെന്നു സര്‍വ്വദിഗന്തങ്ങളിലും വിളംബരം ചെയ്യാനുള്ള ഭാഗ്യം അമേരിക്കയ്ക്കാണ് നീക്കിവെച്ചിരുന്നത്.

ഹിന്ദുക്കളുടെ ബ്രഹ്മവും ജരദുഷ്ട്രരുടെ അഹുറാ-മസ്ഡയും ബൌദ്ധരുടെ ബുദ്ധനും ജൂതരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവുമായ അവിടുന്ന്, ഈ ഉദാരാശയം നടപ്പിലാക്കാന്‍ നിങ്ങള്‍ക്കു കരുത്തു നല്‍കട്ടെ. (ജ്ഞാന) താരകം കിഴക്കുദിച്ചു, അതു മുറയ്ക്കു പടിഞ്ഞാറോട്ടു നീങ്ങി. ചിലപ്പോള്‍ മങ്ങിയും ചിലപ്പോള്‍ തിളങ്ങിയും. ഇങ്ങനെ അതു ഭൂമിയെ ഒന്നു ചുറ്റി. ഇപ്പോള്‍, ഇതാ, അതേ കിഴക്കന്‍ ചക്രവാളത്തില്‍, പണ്ടെന്നത്തേതിന്റെയും ആയിരം മടങ്ങു ദീപ്തിയോടുകൂടി ബ്രഹ്മപുത്രാനദീതീരത്തു വീണ്ടും ഉദയം ചെയ്യുന്നു.

സ്വാതന്ത്യ്രത്തിന്റെ ജന്മഭൂവായ കൊളംബിയാദേവി! ഭവതി വിജയിച്ചാലും. അയല്‍ക്കാരന്റെ ചെഞ്ചോരയില്‍ ഒരിക്കലും കൈ കഴുകാത്ത, അയല്‍ക്കാരനെ കൊള്ളയടിക്കുന്നതില്‍ പണപ്പെരുപ്പത്തിനു കുറുക്കുവഴി കാണാത്ത, ഭവതിക്കാണ് സൌഹാര്‍ദ്ദപതാകയുമേന്തി നാഗരികതയുടെ മുന്‍നിരയില്‍ അണിനടക്കുവാനുള്ള ഭാഗ്യമുണ്ടായത്.