(1894 ഡിസംബര്‍ 30-ന് ക്ളിന്റന്‍ അവന്യുവിലെ പൌച്ച് ഗ്യാലറിയിലുള്ള ബ്രൂക്ളിന്‍ എത്തിക്കല്‍ സൊസൈറ്റി മുമ്പാകെ ചെയ്ത ഒരു പ്രസംഗത്തിന്റെ സംഗ്രഹം. ‘ബ്രൂക്ളിന്‍ സ്റ്റാന്‍ഡോര്‍ഡ്’ എന്ന പത്രത്തില്‍നിന്നുദ്ധരിച്ചത്)
എവിടെനിന്നും പഠിക്കാവുന്നതു പഠിക്കുകയെന്നുള്ളതാണെന്റെ മതം. നിങ്ങളുടെ വേദപുസ്തകത്തിന്റെ പ്രകാശത്തില്‍ വായിക്കുമ്പോള്‍, എന്റെ വേദപുസ്തകം ഞാന്‍ കുറേക്കൂടി നന്നായി ഗ്രഹിക്കുന്നു. നിങ്ങളുടെ പ്രവാചകന്മാരുടെ പ്രവചനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, എന്റെ മതത്തിലെ ഇരുണ്ടുകിടക്കുന്ന പ്രവചനങ്ങള്‍ കൂടുതല്‍ പ്രകാശവത്തായിത്തീരുന്നു. സത്യം എല്ലായ്പോഴും എല്ലായിടത്തും ഒരുപോലെ സത്യംതന്നെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും കയ്യിന്മേല്‍ അഞ്ചുവിരലുകള്‍ വീതമുണ്ടായിരിക്കേ, എനിക്കുമാത്രം ആറു വിരല്‍ കാണുന്നെങ്കില്‍, എന്റെ ആറു വിരലാണ് പ്രകൃതിയുടെ ശരിയായ ഉദ്ദിഷ്ടമെന്നു നിങ്ങള്‍ വിചാരിക്കുകയില്ല. മറിച്ച്, അതു സാധാരണരീതിയില്‍നിന്നു വ്യതിക്രമിച്ചുള്ള ഒരു രോഗാവസ്ഥയാണെന്നേ നിങ്ങള്‍ കരുതുകയുള്ളൂ. മതത്തിന്റെ സംഗതിയും അതുപോലെയാണ്. ഒരു മതം മാത്രം സത്യമെന്നും മറ്റുള്ളതെല്ലാം വ്യാജമെന്നും അവകാശപ്പെടുന്നപക്ഷം, ആ മതം രോഗബാധിതമാണെന്നു പറയാന്‍ നിങ്ങള്‍ക്കവകാശമുണ്ട്. ഒരു മതം സത്യമാണെങ്കില്‍, മറ്റെല്ലാ മതങ്ങളും സത്യമായിരിക്കണം. അങ്ങനെ ഹിന്ദുമതം എന്റെ സ്വത്തായിരിക്കുന്നതുപോലെ നിങ്ങളുടേയും സ്വത്താകുന്നു. ഭാരതത്തില്‍ അധിവസിക്കുന്ന ഇരുപത്തൊമ്പതു കോടി ജനങ്ങളില്‍ ഇരുപതുലക്ഷം മാത്രമാണ് ക്രിസ്ത്യാനികള്‍. ആറു കോടി മുഹമ്മദീയരുണ്ട്. ബാക്കിയെല്ലാം ഹിന്ദുക്കളാകുന്നു.
ഹിന്ദുക്കളുടെ മതവിശ്വാസങ്ങള്‍ പ്രാചീനവേദങ്ങളില്‍ അധിഷ്ഠിതമാണ്. വേദപദം വിദ് (അറിയുക) എന്ന ധാതുവില്‍നിന്നു വ്യുല്‍പ്പന്നമായി. ഞങ്ങളുടെ അഭിപ്രായത്തില്‍, സകലമതങ്ങളുടെയും സാരാംശങ്ങളുള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥസമാഹാരമാണീ വേദങ്ങള്‍. എന്നാല്‍, അവയില്‍ മാത്രമാണ് സത്യം അടങ്ങിയിരിക്കുന്നതെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. അവ ആത്മാവിന്റെ അമൃതത്വത്തെക്കുറിച്ചു നമ്മെ ഉദ്ബോധിപ്പിക്കുന്നു. അപ്രചലിതമായ ഒരു സാമ്യാവസ്ഥയിലെത്താനുള്ള മാറ്റമില്ലാത്ത ഒന്നിനെ പ്രാപിക്കാനുള്ള, നൈസര്‍ഗ്ഗികാഭിലാഷം എല്ലാ രാജ്യത്തുമുള്ള എല്ലാ മനുഷ്യഹൃദയങ്ങളിലും കുടികൊള്ളുന്നുണ്ട്. പ്രകൃതിയിലതു കണ്ടെത്തുക സാധ്യമല്ല. എന്തെന്നാല്‍ ജഗത്താകെ പരിവര്‍ത്തനങ്ങളുടെ ഒരു അനന്തരാശിയാകുന്നു. എന്നാല്‍, അതില്‍നിന്ന് അസ്ഥിരമല്ലാത്തതൊന്നുംതന്നെയില്ലെന്ന് അനുമാനിക്കുന്നതായാല്‍, ദാക്ഷിണാത്യ ബുദ്ധമതാനുയായികള്‍ക്കും ചാര്‍വാകന്മാര്‍ക്കും പറ്റിയ പ്രമാദം നമുക്കും പറ്റുന്നതായിരിക്കും. സര്‍വ്വവും ഭൌതികമാണെന്നും, മനസ്സെന്നൊരു വസ്തു വേറെയില്ലെന്നും, മതം മുഴുവന്‍ ഒരു മയക്കുവിദ്യയാണെന്നും, സന്മാര്‍ഗ്ഗവും സദാചാരവും ഒരു പ്രയോജനവുമില്ലാത്ത മൂഢവിശ്വാസങ്ങളാണെന്നും മറ്റുമാണ് ഈ ഒടുവില്‍ പറഞ്ഞ കൂട്ടരുടെ വിശ്വാസസംഹിത. മനുഷ്യന്‍ പഞ്ചേന്ദ്രിയബദ്ധനല്ലെന്നു വേദാന്തദര്‍ശനം നമ്മെ പഠിപ്പിക്കുന്നു. ഈ ഇന്ദ്രിയങ്ങള്‍ വര്‍ത്തമാനകാലത്തെ അവസ്ഥമാത്രമേ അറിയുന്നുള്ളൂ. അവ ഭാവിയെയോ ഭൂതത്തെയോ അറിയുന്നില്ല. എന്നാല്‍ വര്‍ത്തമാനം ഭൂതഭാവികള്‍ക്കു രണ്ടിനും നിര്‍ദശനകമാകയാലും ഭൂതഭാവിവര്‍ത്തമാനങ്ങള്‍ മൂന്നും കാലത്തിന്റെ അതിരുതിരിക്കലുകള്‍ മാത്രമാകയാലും ഇന്ദ്രിയാതീതമായ ഏതോ ഒന്ന്, കാലബാധയില്ലാതെ സ്വതന്ത്രമായി വര്‍ത്തിക്കുന്നതും ഭൂതഭാവികളെ വര്‍ത്തമാനത്തില്‍ ഏകീകരിക്കുന്നതുമായ ഏതോ ഒന്ന്, ഇല്ലായിരുന്നെങ്കില്‍ ഈ വര്‍ത്തമാനം തന്നെ ജ്ഞാതവ്യമാകുമായിരുന്നില്ല.
എന്നാല്‍ ഈ സ്വതന്ത്രവസ്തുവെന്താണ്? നമ്മുടെ ശരീരമല്ല. എന്തെന്നാല്‍ അതിന്റെ നിലനില്‍പ്പു ബാഹ്യസ്ഥിതിഗതികളെ ആശ്രയിച്ചാകുന്നു. നമ്മുടെ മനസ്സുമല്ല, എന്തെന്നാല്‍ അതിന്റെ ഘടകവസ്തുവായ വിചാരങ്ങള്‍ നിമിത്തകൃതങ്ങളാണ്. നമ്മുടെ ആത്മാവാണീ സര്‍വ്വസ്വതന്ത്രന്‍, ലോകം പാരതന്ത്യ്ര-സ്വാതന്ത്യ്രങ്ങളുടെ ഒരു മിശ്രിതമാണെന്ന്, സ്വാതന്ത്യ്രവും അടിമത്തവും ഇടകലര്‍ന്ന ഒന്നാണെന്ന് വേദങ്ങള്‍ പറയുന്നു. എന്നാല്‍ അവയിലൂടെയെല്ലാം സ്വതന്ത്രനും അമൃതനും പവിത്രനും പാവനനും തികവുറ്റവനുമായ ആത്മാവു പ്രകാശിക്കുന്നു. എന്തെന്നാല്‍ അതു സ്വതന്ത്രമാണെങ്കില്‍ അതിനു നാശം സംഭാവ്യമല്ല. കാരണം, മരണമെന്നതു ഒരു മാറ്റം മാത്രമാകുന്നു. അതു സ്ഥിതിഗതികള്‍ക്കധീനവുമാണ്. അതു സ്വതന്ത്രമാണെങ്കില്‍ പരിപൂര്‍ണ്ണനുമായിരിക്കണം. എന്തെന്നാല്‍ അപൂര്‍ണ്ണതയെന്നത് ഒരു ഉപാധിയും അതിനാല്‍ അസ്വതന്ത്രവുമാണ്. ഇനി അമൃതനും പൂര്‍ണ്ണനുമായ ഈ ആത്മാവ് അത്യുന്നതനായ ഈശ്വരനിലും അതിനീചനായ മനുഷ്യനിലും ഒന്നുതന്നെയായിരിക്കണം. അതിന്റെ അഭിസ്ഫുരണത്തിന്റെ മാത്രയെ സംബന്ധിച്ചുമാത്രമേ അവര്‍ക്കുതമ്മില്‍ ഭേദമുള്ളൂ.
എന്നാല്‍, ആത്മാവിങ്ങനെ ശരീരമെടുക്കുന്നതെന്തിന്? ഞാനൊരു മുഖക്കണ്ണാടി എടുക്കുന്നതെന്തിനോ അതേ കാരണത്താല്‍ത്തന്നെ-തന്നെത്താന്‍ കാണുന്നതിന്. ഈ ശരീരത്തില്‍ ആത്മാവു പ്രതിബിംബിതനാകുന്നു. ആത്മാവ് ഈശ്വരന്‍തന്നെയാണ്. ഓരോ മനുഷ്യജീവിയുടെയും ഉള്ളില്‍ സമ്പൂര്‍ണ്ണേശ്വരത്വം കുടികൊള്ളുന്നു. ഓരോരുത്തനും തന്റെ ഈശ്വരഭാവം എപ്പോഴെങ്കിലുമൊരിക്കല്‍ അവശ്യം പ്രകാശിപ്പിക്കുകയും വേണം. ഞാനൊരു ഇരുട്ടറയിലകപ്പെട്ടിരിക്കയാണെങ്കില്‍ എത്ര മുറവിളികൂട്ടുന്നതുകൊണ്ടും അവിടെ വെളിച്ചമുണ്ടാകാന്‍ പോകുന്നില്ല. അതിനു ഞാനൊരു തീപ്പെട്ടിക്കോലുരയ്ക്കുകയാണ് വേണ്ടത്. അതുപോലെ, എത്രതന്നെ പിറുപിറുക്കുന്നതുകൊണ്ടോ നിലവിളിക്കുന്നതുകൊണ്ടോ അപൂര്‍ണ്ണതാസങ്കുലമായ ഈ ശരീരം തികവുറ്റതാകാന്‍ പോകുന്നില്ല. എന്നാല്‍, നിങ്ങളുടെ ആത്മാവിനെ ഉണര്‍ത്തുക. നിങ്ങളുടെ ഐശ്വരഭാവത്തെ പ്രകാശിപ്പിക്കുക എന്നാണ് വേദാന്തം ഉപദേശിക്കുന്നത്. നിങ്ങളുടെ കുട്ടികളേയും പഠിപ്പിക്കുക, അവര്‍ ഈശ്വരാംശമാണെന്ന്. മതം നിഷേധാത്മകമായ ഒരു അബദ്ധപ്പഞ്ചാംഗമല്ലെന്നും മറിച്ച്, വിദ്യാത്മകമായ ഒരു വസ്തുതയാണെന്നും അവരെ പഠിപ്പിക്കുക. പീഡനങ്ങളുടെ ആഭിമുഖ്യത്തില്‍ വ്യഥയ്ക്കു വഴങ്ങുകയല്ല. മറിച്ച് വികാസവും പ്രകാശനവുമാണ് മതമെന്ന് അവരെ പഠിപ്പിക്കുക.
മനുഷ്യന്റെ ഭൂതകാലച്ചെയ്തികളനുസരിച്ച് അവന്റെ വര്‍ത്തമാനഭാവികള്‍ രൂപാന്തരപ്പെടുന്നുണ്ടെന്നും വര്‍ത്തമാനം ഭൂതത്തിന്റെ ഫലമാണെന്നും എല്ലാ മതങ്ങളും അംഗീകരിക്കുന്നുണ്ട്. പരമ്പരാസംക്രമണമെന്നു വ്യാഖ്യാനിക്കാന്‍ നിവൃത്തിയില്ലാത്ത, അനുഭൂതിവിശേഷങ്ങളോടെ ഓരോ ശിശുവും ജാതനാകുന്നതെന്തുകൊണ്ട്? ഒരുവന്‍ സദ്വൃത്തരായ മാതാപിതാക്കള്‍ക്കു ജനിച്ച് നല്ല വിദ്യാഭ്യാസം നേടി ഉത്തമമനുഷ്യനായിത്തീരുന്നു. അപരന്‍ മദ്യമത്തരായ മാതാപിതാക്കള്‍ക്കു പിറന്നു കഴുമരത്തില്‍ ജീവിതമവസാനിപ്പിക്കുന്നു. ഇതിന്റെ ഹേതുവെന്ത്? ഈശ്വരനെ അപരാധിയാക്കാതെ ഈ അസമത്വത്തിന് എങ്ങനെ സമാധാനം കാണാം? ദയാലുവായ ഒരു പിതാവ് തന്റെ കുഞ്ഞിനെ ക്ളേശോദര്‍ക്കമായ പരിസ്ഥിതികളിലാക്കുന്നതെന്തിന്? പില്ക്കാലത്ത് ഈശ്വരന്‍ വേണ്ട പരിഹാരം ചെയ്തുകൊള്ളുമെന്നു പറയുന്നതു സമാധാനമാകയില്ല-സ്വസന്താനങ്ങളെ നരകിപ്പിക്കുന്നതിനു പ്രതിഫലമായി ഈശ്വരന്‍ കൈക്കൂലി പറ്റിയിട്ടില്ല. ഇനി ഇതെന്റെ ആദ്യത്തെ ജന്മമാണെങ്കില്‍, എന്റെ സ്വാതന്ത്യ്രത്തിന്റെ കഥയെങ്ങനെയാവും? ഒരു മുന്‍ജീവിതത്തിലെ അനുഭൂതികളില്ലാതെ ഈ ലോകത്ത് ജനിച്ചിരിക്കകൊണ്ട് എന്റെ സ്വാതന്ത്യ്രം നഷ്ടപ്പെടുന്നതാണ്; എന്തെന്നാല്‍ എന്റെ സഞ്ചാരപഥം നിര്‍ദ്ദേശിക്കുന്നത് മറ്റാളുകളുടെ അനുഭവങ്ങളായിരിക്കും. എനിക്കെന്റെ സ്വന്തഭാഗധേയത്തിന്റെ വിധാതാവാകാന്‍ നിവൃത്തിയില്ലെങ്കില്‍ ഞാന്‍ സ്വതന്ത്രനല്ല. എന്റെ ഈ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ ഉത്തരവാദിത്വം ഞാന്‍തന്നെ ഏറ്റെടുക്കുന്നു. അതേ സമയം മുന്‍ജീവിതത്തിലെ തിന്മകളെ നിഷ്ക്രിയമാക്കാന്‍ ഞാന്‍ ഉറയ്ക്കുകയും ചെയ്യുന്നു. ആത്മാവിന്റെ പുനര്‍ജ്ജന്മം സംബന്ധിച്ച ഞങ്ങളുടെ തത്ത്വശാസ്ത്രമിതാണ്. മുന്‍ ജീവിതത്തിലെ അനുഭൂതിയോടെ നാം ഈ ജീവിതത്തിലേക്കു വരുന്നു. ഈ ജീവിതത്തിലെ ഭാഗ്യങ്ങളോ ദൌര്‍ഭാഗ്യങ്ങളോ മുന്‍ ജീവിതത്തിലെ നമ്മുടെ കര്‍മ്മങ്ങളുടെ ഫലവുമാണ്. ആ കര്‍മ്മങ്ങള്‍ ഒന്നിനൊന്നു മെച്ചമായിവരികയും ഒടുവില്‍ നാം പൂര്‍ണ്ണതയിലെത്തുകയും ചെയ്യുന്നു.
ഈശ്വരനില്‍, അനന്തനും സര്‍വ്വശക്തനുമായ ഒരു ജഗത്പിതാവില്‍, ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ നമ്മുടെ ആത്മാവ് ഒടുവില്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതും അനന്തതയാര്‍ജ്ജിച്ചിരിക്കും. എന്നാല്‍ ഉപാധിരഹിതങ്ങളായ രണ്ട് അനന്തവസ്തുതകള്‍ക്ക് ഇടമില്ല. അതിനാല്‍ ഞങ്ങളൊരു സഗുണേശ്വരനില്‍ വിശ്വസിക്കുന്നു. നമ്മള്‍തന്നെയാണവന്‍. എല്ലാ മതങ്ങളും സ്വീകരിച്ചിട്ടുള്ള മൂന്നു പടികളാണിവ. ആദ്യം ഈശ്വരന്‍ ദൂരെയെങ്ങോ ഇരിക്കുന്നതായി നാം കാണുന്നു. അടുത്ത പടി അവനോടു കൂടുതലടുക്കുകയും നമ്മുടെ ജീവിതം അവനില്‍ത്തന്നെയാകുമാറ് അവന് സര്‍വ്വവ്യാപകത്വം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ നാം അവനില്‍നിന്നും അഭിന്നരാണെന്നുള്ള വസ്തുത നമുക്കറിയാറാകുന്നു. ബാഹ്യവര്‍ത്തിയായ ഒരു ഈശ്വരനെക്കുറിച്ചുള്ള സങ്കല്‍പ്പം അവാസ്തവമല്ല-ഈശ്വരനെപ്പറ്റി എല്ലാ ഭാവനകളും സത്യമാകുന്നു. അക്കാരണത്താല്‍ എല്ലാ മതങ്ങളും സത്യമാകുന്നു. എന്തെന്നാല്‍, ഓരോന്നും (ഈശ്വരാഭിമുഖമായ) യാത്രയിലെ ഒരോ ഘട്ടത്തെ കുറിക്കുകയത്രേ ചെയ്യുന്നത്. യാത്രാലക്ഷ്യമാണ് വേദങ്ങളിലെ പൂര്‍ണ്ണഭാവന. ഇതേ കാരണവശാല്‍ത്തന്നെ, ഞങ്ങള്‍ എല്ലാ മതങ്ങളോടും സഹിഷ്ണുത പ്രദര്‍ശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മഹുമ്മദീയരുടെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചും ജരദുഷ്ട്രരുടെ അഗ്നിക്കുമുമ്പില്‍ ആരാധന നടത്തിയും ക്രിസ്ത്യാനികളുടെ കുരിശിന്റെ മുമ്പില്‍ മുട്ടുകുത്തിയും ഞങ്ങള്‍ ഈ എല്ലാ മതങ്ങളേയും സ്വീകരിക്കുന്നു. ഏറ്റവും അപരിഷ്കൃതമായ ജഡാരാധനമുതല്‍ ഏറ്റവും ഉന്നതമായ വേദാന്തദര്‍ശനംവരെയുള്ള സകലമതസമ്പ്രദായങ്ങളും അനന്തതയെ ഗ്രഹിക്കാനും സാക്ഷാല്‍ക്കരിക്കാനുമുള്ള മനുഷ്യഹൃദയത്തിന്റെ ശ്രമങ്ങളാണെന്നും, ഒരോന്നും അതിന്റെ ഉദ്ഭവകാലത്തെ അവസ്ഥകളും സാഹചര്യങ്ങളുമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുമെന്നും എന്നാല്‍ ഒരോന്നും പുരോഗതിയുടെ ഓരോ ഘട്ടത്തെ കുറിക്കുന്നുവെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ വിവിധസമ്പ്രദായങ്ങളാകുന്ന പുഷ്പങ്ങളെല്ലാം ശേഖരിച്ച്, സ്നേഹച്ചരടില്‍ കോര്‍ത്തുകെട്ടി അത്ഭുതകരമായ ആരാധനാമാല്യം ഞങ്ങള്‍ നിര്‍മ്മിക്കുന്നു.
ഞാന്‍ ഈശ്വരന്‍തന്നെയെങ്കില്‍, എന്റെ ജീവാത്മാവ് അത്യുന്നതന്റെ അധിവാസക്ഷേത്രമാണെന്നും എന്റെ ഓരോ ചേഷ്ടയും ഒരോ ഉപാസനയായിരിക്കണമെന്നും സിദ്ധമാകുന്നു. പ്രതിഫലകാംക്ഷയോ ശിക്ഷാഭയമോ വെടിഞ്ഞ്, സ്നേഹത്തിനുവേണ്ടിയുള്ള സ്നേഹവും കര്‍ത്തവ്യാനുഷ്ഠാനത്തിനുവേണ്ടിയുള്ള കര്‍ത്തവ്യാനുഷ്ഠാനവുമായിരിക്കണം എന്റെ ആദര്‍ശം. അങ്ങനെ എന്റെ മതത്തിന്റെ പൊരുള്‍ വികസനമാണ്-എന്നുവെച്ചാല്‍ സമുന്നതമായ അര്‍ത്ഥത്തിലുള്ള സാക്ഷാല്‍ക്കാരവും അനുഭൂതിയും അല്ലാതെ ഏതാനും ശബ്ദങ്ങള്‍ മന്ത്രിക്കുകയോ മുട്ടു മടക്കി നമസ്കരിക്കുകയോ അല്ല. മനുഷ്യന്‍ ദിനംപ്രതി തന്റെ ഐശ്വരഭാവം ഉപര്യുപരി പ്രകാശിപ്പിച്ചും അവിരാമം പുരോഗതി നേടിയും ഒടുവില്‍ സമ്പൂര്‍ണ്ണേശ്വരത്വം പ്രാപിക്കേണ്ടവനാകുന്നു.