സ്വാമി വിവേകാനന്ദന്‍

ബഹുനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജൂന
താന്യഹം വേദ സര്‍വ്വാണി ന ത്വം വേത്ഥ പരംതപ.

നീയും ഞാനും, ഇരുവരും പല ജന്മങ്ങള്‍ കടന്നിട്ടുണ്ട്. നിനക്കതറിവില്ല. എനിക്കതെല്ലാം അറിയാം. – ഭഗവദ്ഗീത 4.5

ഏതു രാജ്യത്തും കാലത്തും മനുഷ്യന്റെ ബുദ്ധിയെ മുട്ടിച്ചിട്ടുള്ള വളരെ കടംകഥകളില്‍ ഏറ്റവും സങ്കീര്‍ണ്ണം അവന്‍തന്നെയാണ്. ചരിത്രത്തിന്റെ ഉദയംതൊട്ടുതന്നെ, വിശദീകരണത്തിനു പരിശ്രമിക്കാന്‍ തന്റെ ഊര്‍ജ്ജത്തെ വിളിച്ചുണര്‍ത്തിയിട്ടുള്ള അനേകം ഗഹനങ്ങളില്‍ ഗഹനതമം അവന്റെ സ്വന്തം പ്രകൃതിയാണ്. അത്, നമുക്ക് അറികയും വിചാരിക്കയും പ്രവര്‍ത്തിക്കയും ചെയ്യാവുന്ന എല്ലാത്തിന്റെയും ആരംഭബിന്ദുവും (അന്തിമ) നിധാനവുമെന്ന നിലയില്‍ മനുഷ്യന്റെ സ്വന്തം പ്രകൃതി അവന്റെ പ്രഥമവും പ്രധാനവുമായ ശ്രദ്ധയെ ആവശ്യപ്പെടാതാകുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല.

സത്യജിജ്ഞാസകൊണ്ടായാലും-അതിനു മറ്റെല്ലാറ്റിലും വെച്ച് അവന്റെ തനിസത്തയോടു എത്രയും ഉള്‍ച്ചേര്‍ന്ന ബന്ധമുണ്ട്-ബഹിര്‍ലോകത്തെ അളക്കാന്‍ വേണ്ടി സര്‍വ്വഗ്രസിഷ്ണുവായ തൃഷ്ണകൊണ്ടായാലും, പരിണാമപ്രപഞ്ചത്തില്‍ ഒരു സ്ഥാവരബിന്ദു കണ്ടെത്താനുള്ള നിരുപാധികവും നൈസര്‍ഗ്ഗികവുമായ ആവശ്യംകൊണ്ടായാലും മനുഷ്യന്‍ പൊന്നിനുപകരം ചിലപ്പോള്‍ കുറെ പിടി മണ്ണു മുറുകെപ്പിടിച്ചിട്ടുണ്ട്: യുക്തിക്കും ബുദ്ധിക്കും ഉപരിയുള്ള ഒരു ശബ്ദം മുന്നോട്ടുതന്നെ പ്രചോദിപ്പിച്ചിട്ടും തന്റെ അന്തര്‍ദിവ്യതയുടെ അര്‍ത്ഥത്തെ യഥാര്‍ത്ഥമായി വെളിവാക്കുന്നതില്‍ അവന്‍ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്-എങ്കിലും അന്വേഷണം ആരംഭിച്ച കാലംമുതല്‍ ചില വര്‍ഗ്ഗമോ ചില വ്യക്തികളോ സത്യദീപം ഉയര്‍ത്തിപ്പിടിക്കാത്ത ഒരുകാലം ഒരിക്കലുമില്ലായിരുന്നു.

പരിസരങ്ങളുടെയും അപ്രധാനപ്പടര്‍പ്പുകളുടെയും ഒരു വശത്തുനിന്നു മുന്‍വിധിയോടെ ഓടിച്ചൊരു നോട്ടം നോക്കിയിട്ടോ, ചിലപ്പോള്‍ പല ശാഖകളുടെയും വിഭാഗങ്ങളുടെയും അവ്യക്തതകൊണ്ടു മടുത്തിട്ടോ, പലപ്പോഴും സംഘടിതപുരോഹിതതന്ത്രത്തിന്റെ കൊടും മൂഢവിശ്വാസങ്ങളാല്‍ നേരെ മറ്റേ അറ്റത്തേയ്ക്കു ഓടിക്കപ്പെട്ടിട്ടോ, ആശ നശിച്ച് അന്വേഷണം കൈവിടുകമാത്രമല്ല അതു വിഫലവും നിഷ്പ്രയോജനവുമാണെന്നു പ്രഖ്യാപിക്കയും ചെയ്തവര്‍, പ്രാചീനകാലങ്ങളിലായാലും ആധുനികകാലങ്ങളിലായാലും കുറവല്ല. തത്ത്വചിന്തകന്മാര്‍ ക്ഷോഭിക്കയും പരിഹസിക്കയും ചെയ്തേയ്ക്കാം; പുരോഹിതന്മാര്‍ വാള്‍ ചൂണ്ടിയും അവരുടെ കച്ചവടം മുറയ്ക്കു നടത്തിയേയ്ക്കാം. എന്നാല്‍ സത്യം, അതിന്റെ അമ്പലത്തില്‍ അതിനുവേണ്ടിമാത്രം, പേടിയോ കച്ചവടമനഃസ്ഥിതിയോ കൂടാതെ, ഉപാസിക്കുന്നവരെമാത്രമേ സമീപിക്കൂ.

വ്യക്തികള്‍ക്കു സ്വന്തം ബുദ്ധിയുടെ സബോധപ്രയത്നത്തിലൂടെ വെളിച്ചം വരുന്നു. വര്‍ഗ്ഗത്തിനു മുഴുവന്‍തന്നെ അതു പതുക്കെയെങ്കിലും വരുന്നുണ്ട്. അബോധമായ അരിച്ചിറങ്ങലിലൂടെ, മഹാമനസ്സുകളുടെ ഇച്ഛാപ്രയത്നങ്ങളെയാണ് തത്ത്വചിന്തകന്മാര്‍ കാണിക്കുന്നത്. ചരിത്രം വെളിവാക്കുന്നത്, സാധാരണജനം സത്യത്തെ സാത്മ്യപ്പെടുത്തുന്ന നിശ്ശബ്ദപ്രസരണപ്രക്രിയയെയാണ്.

തന്നെപ്പറ്റിത്തന്നെ മനുഷ്യന്നുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സാര്‍വ്വത്രികം ശരീരവ്യതിരിക്തവും അമൃതവുമായ ഒരാത്മാതത്ത്വത്തെക്കുറിച്ചുള്ളതാണ്. അങ്ങനെയൊരാത്മാവില്‍ വിശ്വസിച്ചിരുന്നവരില്‍ത്തന്നെ വിചാരശീലന്മാര്‍ മിക്കവരും അതിന്റെ പൂര്‍വ്വസത്തയില്‍ക്കൂടി എപ്പോഴും വിശ്വസിച്ചിരുന്നു.

ഇന്ന്, സംഘടിതമതമുള്ള മനുഷ്യവംശത്തില്‍ ഏറിയ ഭാഗവും അതില്‍ വിശ്വസിക്കുന്നുണ്ട്. ഏറ്റവും ശ്രീപ്രസാദമുള്ള രാജ്യങ്ങളിലെ ഉത്തമചിന്തകന്മാര്‍ വളരെയും ആത്മാവിന്റെ പൂര്‍വ്വസത്തയെന്ന ആശയത്തെത്തന്നെ എതിര്‍ക്കാന്‍ നോമ്പും നോറ്റിരിക്കുന്ന മതങ്ങളാല്‍ വളര്‍ത്തപ്പെട്ടിട്ടും, ഇതിനെ അനുവദിക്കുന്നുണ്ട്. ഹിന്ദുമതത്തിനും ബുദ്ധമതത്തിനും ഇത് അടിത്തറതന്നെയാണ്. പ്രാചീന-ഈജിപ്തിലെ അഭ്യസ്തവിദ്യരായ വിഭാഗം ഇതില്‍ വിശ്വസിച്ചു, പുരാതനപേഴ്സ്യര്‍ ഇതിലെത്തിച്ചേര്‍ന്നു. ഗ്രീക്കുതത്ത്വചിന്തകര്‍ ഇതിനെ അവരുടെ ദര്‍ശനമൂലശിലയാക്കി; ഹിബ്രൂക്കളിലെ ഫാരിസിമാര്‍ ഇതു സ്വീകരിച്ചു. മുഹമ്മദീയരിലെ സൂഫികള്‍ മിക്കവാറും ഒന്നടങ്കം ഇതിന്റെ സത്യതയെ അംഗീകരിച്ചു.

ജനതകളില്‍ ചിലതരം വിശ്വാസങ്ങള്‍ ഉളവായി വളരാന്‍ പരിസരവിശേഷങ്ങള്‍ ഉണ്ടായിരിക്കണം. മരണത്തെ അതിജീവിക്കുന്ന, ശരീരത്തിന്റെയെങ്കിലും ഒരംശത്തെക്കുറിച്ചുള്ള എന്തെങ്കിലും ഒരാശയത്തില്‍ എത്തിച്ചേരാന്‍ പുരാതനവര്‍ഗ്ഗങ്ങള്‍ക്കു യുഗങ്ങള്‍തന്നെ വേണ്ടിവന്നു. ശരീരത്തെ വിട്ടും നിലകൊള്ളുകയും ജീവിക്കയും ചെയ്യുന്ന ഈ എന്തോ ഒന്നിനെപ്പറ്റി യുക്തിമത്തായ ഒരാശയത്തിലെത്താന്‍ വീണ്ടും യുഗങ്ങള്‍ വേണ്ടിവന്നു. ശരീരബന്ധം തല്‍ക്കാലത്തേയ്ക്കുമാത്രമുള്ള ഒരു സത്ത്വത്തെക്കുറിച്ചു ബോധമുണ്ടായപ്പോള്‍ മാത്രമാണ്-അതും ആ നിഗമനത്തിലെത്തിയ ജനതകളുടെ ഇടയ്ക്കു മാത്രം-‘എങ്ങോട്ട്?’ ‘എങ്ങുനിന്നു?’ എന്ന അപരിഹരണീയപ്രശ്നങ്ങള്‍ ഉയര്‍ന്നത്.

പ്രാചീനഹിബ്രൂക്കള്‍ ആത്മാവിനെക്കുറിച്ചു ചോദ്യങ്ങള്‍ സ്വയം ചോദിച്ച് തങ്ങളുടെ മനഃശാന്തിയെ ഒരിക്കലും ഭഞ്ജിച്ചില്ല. അവര്‍ക്കു മരണത്തോടെ ഒക്കെക്കഴിഞ്ഞു. കാറല്‍ ഹെക്കല്‍ പറയുന്നതു സത്യം. “പഴയ നിയമത്തില്‍, പ്രവാസ(exile) ത്തിനു മുമ്പ് ഹിബ്രൂക്കള്‍ ശരീരവ്യതിരിക്തമായ ഒരു ജീവതത്ത്വത്തെ തിരിച്ചറിയന്നുണ്ട്-അതിനെ ചിലപ്പോള്‍ ‘നെപെഷ്,’ ‘റുഅഖ്’ ‘നിഷാമ്’ എന്നു വിളിക്കുന്നു. എങ്കിലും ഈ വാക്കുകളൊക്കെ, ചൈതന്യമോ ആത്മാവോ എന്നതിലേറെ, ശ്വാസം എന്ന ആശയത്തോടാണ് യോജിക്കുന്നത്. കൂടാതെ പാലസ്തീന്‍ജൂതരുടെ എഴുത്തുകളില്‍, ‘പ്രവാസ’ത്തിനുശേഷം വ്യക്തിഗതനും അമൃതനുമായ ഒരാത്മാവിനെക്കുറിച്ച് ഒരിക്കലും പ്രസ്താവിച്ചിട്ടില്ല; ഈശ്വരനില്‍നിന്നു പുറപ്പെടുന്ന ഒരു ജീവശ്വാസത്തെക്കുറിച്ചേ എപ്പോഴും പറയുന്നുള്ളു. അതും ശരീരവിലയത്തോടെ ദിവ്യമായ ‘റുഅഖി’ല്‍ പുനര്‍ഗ്രഹസ്തമാകുന്നു.”

പ്രാചീന-ഈജിപ്തുകാര്‍ക്കും കാല്‍ഡിയന്മാര്‍ക്കും ആത്മാവിനെപ്പറ്റി തനതായ വിശ്വാസവിശേഷങ്ങളുണ്ടായിരുന്നു. എന്നാല്‍ മരണാനന്തരമുള്ള ജീവദ്ഭാഗത്തെക്കുറിച്ച് അവര്‍ക്കുള്ള ആശയത്തെ പുരാതനഹിന്ദുക്കളുടെയോ പേഴ്സ്യരുടെയോ ഗ്രീക്കുകാരുടെയോ ഏതെങ്കിലും ആര്യവംശ്യരുടെയോ ആശയവുമായി കൂട്ടിക്കുഴയ്ക്കരുത്. ആര്യന്മാരും സംസ്കൃതം പറയാത്ത മ്ളേച്ഛരും തമ്മില്‍ ആത്മാവിനെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ ആദിമകാലം തൊട്ടു വലിയ വ്യത്യാസമുണ്ടായിരുന്നു. മരിച്ചവരെ മറവുചെയ്യുന്നതിലുണ്ട് അതിന്റെ ബാഹ്യലക്ഷണം. മ്ളേച്ഛന്മാര്‍ മിക്കപ്പോഴും ശവശരീരത്തെ സംരക്ഷിക്കാന്‍ പരമാവധി പരിശ്രമിക്കും. ഒന്നുകില്‍ കരുതലോടെ കുഴിച്ചുമൂടിയിട്ട്, അല്ലെങ്കില്‍ കുറേക്കൂടെ വിസ്തരിച്ച രീതിയില്‍ മമ്മിയാക്കിവെച്ചിട്ട്. ആര്യന്മാരാകട്ടെ സാധാരണമായി ശവം ദഹിപ്പിക്കും.

ഇതില്‍ കിടപ്പുണ്ട് ഒരു മഹാരഹസ്യം ആര്യന്റെ, വിശേഷിച്ചും ഹിന്ദുവിന്റെ, സഹായം കൂടാതെ ഒരു മ്ളേച്ഛവംശവും – ഈജിപ്തിലേയോ അസിറിയയിലെയോ ബാബിലോണിയയിലേയോ ആകട്ടെ-ശരീരത്തെ ആശ്രയിക്കാതെ ജീവിക്കുന്ന, വേറെതന്നെ ഒരു തത്ത്വമെന്ന നിലയ്ക്കു, ആത്മാവിനെക്കുറിച്ചുള്ള ആശയത്തില്‍ ഒരിക്കലും എത്തിച്ചേര്‍ന്നിട്ടില്ല.

ആത്മാവിന്റെ അമൃതത്വത്തെപ്പറ്റി ആദ്യം സങ്കല്‍പ്പിച്ചവര്‍ ഈജിപ്തുകാരാണെന്നു പറഞ്ഞിട്ട് ഹെറോഡോട്ടസ് ഈജിപ്തുകാരുടെ ഒരു വിശ്വാസപ്രമാണമെന്ന നിലയില്‍ ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: ‘ശരീരവിലയത്തിനുശേഷം ആത്മാവ് വീണ്ടും വീണ്ടും ഒരു ജന്തുവില്‍ പ്രവേശിക്കയും അതു ജീവത്താകയും ചെയ്യുന്നെന്ന്. പിന്നെ, ആത്മാവ് കരയ്ക്കും കടലിലുമുള്ള എല്ലാ ജീവികളിലും എല്ലാ പക്ഷികളിലും കൂടി അലയുകയും, ഒടുവില്‍ മൂവായിരം കൊല്ലം കഴിഞ്ഞ്, ഒരു മനുഷ്യശരീരത്തിലേയ്ക്കു മടങ്ങുകയും ചെയ്യുന്നു.’ എങ്കിലും, ഈജിപ്തിന്റെ പുരാതനതത്ത്വത്തെക്കുറിച്ചുള്ള ആധുനികഗവേഷണങ്ങള്‍, ഈജിപ്തിലെ ബഹുജനമതത്തില്‍ ജീവന്റെ ശരീരാന്തരസംക്രമണത്തിന്റെ അടയാളമൊന്നും ഇതുവരെ കണ്ടിട്ടില്ല. നേരെമറിച്ച് മാസ്പെറോ, ഏ.എര്‍മാന്‍ തുടങ്ങി ഉന്നതരായ ഈജിപ്ത്യന്‍വസ്തുഗവേഷകന്മാരുടെ എത്രയോ പുതിയ ഗവേഷണങ്ങള്‍ക്ക് ഈജിപ്തില്‍ പുനര്‍ജന്മസിദ്ധാന്തം സുപരിചിതമായിരുന്നില്ലെന്ന ഊഹത്തെ ഉറപ്പിക്കാനുള്ള പ്രവണതയാണുള്ളത്.

പുരാതന-ഈജിപ്തുകാര്‍ക്ക് ആത്മാവ് ഒരു ഇണമാത്രമായിരുന്നു. അതിനു സ്വന്തം വ്യക്തിത്വമില്ല. ശരീരബന്ധം പൊട്ടിക്കാന്‍ ഒരിക്കലും കഴിവുമില്ല. ശരീരം ഉള്ള കാലത്തോളമേ അതു നിലനില്‍ക്കൂ. അബദ്ധത്തില്‍ ശവം കേടുവന്നുപോയാല്‍, വിട്ടുപോയ ആത്മാവു രണ്ടാം മരണവും സമ്പൂര്‍ണ്ണനാശവും സഹിക്കണം. മരണാനന്തരം ലോകമാകെ സ്വതന്ത്രമായി അലയാന്‍ ആത്മാവിനെ അനുവദിച്ചിരുന്നു. പക്ഷേ എന്നും രാത്രിയില്‍ ശവം കിടക്കുന്നിടത്തു മടങ്ങിവരും. എപ്പോഴും ദുഃഖിച്ച്, എപ്പോഴും വിശന്നു ദാഹിച്ച്, ജീവിതത്തെ ഒരിക്കല്‍കൂടെ ആസ്വദിക്കാനുള്ള അത്യാര്‍ത്തിയോടെ, എങ്കിലും ഒരിക്കലും കാമപൂരണത്തിനു കഴിയാതെ അതു മടങ്ങിവരും. പഴയ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു കേടു പറ്റിയാല്‍ ഒരു നീക്കുപോക്കുമില്ലാതെ അതേ ഭാഗത്തു ആത്മാവിനു കേടുപറ്റും. പുരാതന-ഈജിപ്തുകാര്‍ക്കു മരിച്ചവരെ സംരക്ഷിക്കാനുണ്ടായിരുന്ന ഉല്‍ക്കണ്ഠയെ വിശദീകരിക്കുന്നതാണ് ഈ ആശയം. കുഴിച്ചിടാന്‍ ആദ്യം തിരഞ്ഞെടുത്ത സ്ഥലം മരുഭൂമിയായിരുന്നു. കാരണം, വരണ്ട വായു ശരീരത്തെ വേഗം നശിക്കാന്‍ വിടില്ല. അങ്ങനെ പരേതാത്മാവിന് ഒരു ദീര്‍ഘജീവിതകാലം കിട്ടി.

കാലക്രമത്തില്‍ ഒരു ദേവന്‍ മമ്മിയുണ്ടാക്കുന്ന രീതി കണ്ടുപിടിച്ചു. അങ്ങനെ പിതൃശരീരങ്ങള്‍ ഏതാണ്ടനന്തകാലം നിലനിര്‍ത്താനും തദ്ദ്വാരാ പരേതഭൂതത്തിന്, അതെത്ര ശോകാകുലമാണെങ്കിലും അമൃതത്വം നേടിക്കൊടുക്കാനും കഴിയുമെന്നു ഭക്തന്മാര്‍ ആശിച്ചു.

ആത്മാവിനു താല്‍പര്യംകൊള്ളാന്‍ നിവൃത്തിയില്ലാത്ത ലോകത്തെക്കുറിച്ചുള്ള നിത്യതാപം പരേതനെ ഒരിക്കലും പീഡിപ്പിക്കാതിരുന്നിട്ടില്ല. പ്രേതത്തിന്റെ പ്രരോദനം: ‘അഹോ, എന്റെ സഹോദര, നീ തീനും കുടിയും വിട്ടുമാറരുതേ; മധുമദവും പ്രേമവും, സമസ്തഭോഗങ്ങളും വിട്ടുകളയരുതേ. ആശകളെ രാപ്പകല്‍ അനുസരിക്കുന്നതില്‍നിന്നു വിരമിക്കരുതേ. നിന്റെ ഹൃദയത്തില്‍ സങ്കടത്തെ കടത്തരുതേ. കാരണം, എന്താണെന്നോ മനുഷ്യന്നു ഭൂമിയിലുള്ള സംവത്സരങ്ങള്‍! പടിഞ്ഞാറു നിദ്രയുടെയും കനത്ത നിഴലുകളുടെയും നാടാണ്. അവിടത്തുകാര്‍ ഒരിക്കല്‍ സംസ്ഥരായാല്‍ അവരുടെ സംരക്ഷിതശവങ്ങളില്‍ ഉറക്കം തന്നെ-പിന്നെ കൂടെപ്പിറപ്പുകളെ കാണാന്‍ ഉണരലേ ഇല്ല. അച്ഛനമ്മമാരെ കണ്ടറിയലില്ല. ഹൃദയമോ ഭാര്യമാരെയും മക്കളെയും മറന്നേ പോയിരിക്കും. ഭൂവാസികള്‍ക്കെല്ലാം ഭൂമിയരുളുന്ന ആ സജീവജലം-അതെനിക്കു നിശ്ചലം, മൃതം. ആ വെള്ളം ഭൂവാസികള്‍ക്ക് ഒഴുകുകയാണ്. എനിക്കോ അത് അളിഞ്ഞ അഴുക്കുമാത്രം. എനിക്കുള്ള ഈ വെള്ളം. ഈ പിതൃതടത്തില്‍ വന്നശേഷം എനിക്കറിവില്ല എവിടെയെന്നും. എന്തു ഞാനെന്നും എനിക്കു കുടിക്കാന്‍ ഒഴുക്കുനീരു തരൂ. വെള്ളത്തിന്‍ വക്കത്തു വടക്കുമുഖമായി എന്നെക്കിടത്താമോ? ആ തെന്നലെന്നെ തഴുകട്ടെ. ദുഃഖമൊഴിഞ്ഞു എന്റെ ഹൃദയം പുതുകട്ടെ.

കാല്‍ഡിയരുടെ ഇടയ്ക്കും, അവര്‍ ആത്മാവിന്റെ മരണാനന്തരസ്ഥിതിയെപ്പറ്റി ഈജിപ്തുകാരെപ്പോലെ അത്രയൊന്നും ഊഹാപോഹം ചെയ്തിട്ടില്ലെങ്കിലും, ആത്മാവ് ഒരു ഇണതന്നെ. ശവകുടീരത്തില്‍ കുടുങ്ങിയതുമാണ്. ഭൌതികശരീരം വിട്ട ഒരവസ്ഥ അവര്‍ക്കു സങ്കല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. ശവത്തിന്റെ ഉയിര്‍ത്തെഴുന്നേല്പു പ്രതീക്ഷിക്കയും ചെയ്തു. ഇഷ്ടാര്‍ദേവി വളരെ അപകടങ്ങളും സാഹസങ്ങളും കഴിഞ്ഞ് ഇടയഭര്‍ത്താവായ ദുമുസിയുടെ-ഇയാ, ദാംകിനാ എന്നിവരുടെ മകന്റെ -ഉയര്‍ത്തെഴുന്നേല്‍പും നേടിയെങ്കിലും “അതിധര്‍മ്മിഷ്ഠരായ ഭക്തന്മാര്‍ അമ്പലങ്ങള്‍തോറും അവരുടെ മരിച്ച മിത്രങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വെറുതെ യാചിച്ചു.”

ഇങ്ങനെ, പുരാതന-ഈജിപ്തുകാര്‍ക്കും കാല്‍ഡിയര്‍ക്കും ആത്മാവിനെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ പരേതന്റെ ശവത്തില്‍നിന്നോ ശവകുടീരത്തില്‍നിന്നോ തീരെ വിടുവിക്കാന്‍ സാധിച്ചില്ല. എന്തൊക്കെയായാലും ഈ ഭൂലോകത്തിലെ ജീവിതാവസ്ഥതന്നെ ഉത്തമം. പരേതന്മാര്‍ എപ്പോഴും ഒരിക്കല്‍ക്കൂടെ അതു നവീകരിക്കാന്‍ തക്കം പാര്‍ത്തിരിക്കയാണ്. ജീവിച്ചിരിക്കുന്നവരാകട്ടെ, ശോകാകുലമായ ഇണയുടെ ജീവിതം നീട്ടി അവരെ തുണയ്ക്കാന്‍ ഉള്ളഴിഞ്ഞാഗ്രഹിക്കയും പരമാവധി പരിശ്രമിക്കയുമാണ്.

ആത്മാവിനെക്കുറിച്ചുള്ള എന്തെങ്കിലും ഉത്കൃഷ്ടതരമായ അറിവുമുളയ്ക്കാനുള്ള മണ്ണ് ഇതല്ല. ഒന്നാമത് അതിമാത്രം ഭൌതികവാദാത്മകമാണത്. എന്നാലും അത് ഉഗ്രഭയത്തിന്റെയും പ്രാണവേദനയുടെയും വാദമാണ്. എണ്ണമറ്റ പാപശക്തികളില്‍ അതിഭീതനായി അവയെ ഒഴിവാക്കാന്‍ ആശയറ്റും പ്രാണവേദന പൂണ്ടും പരിശ്രമിച്ച് ജീവിച്ചിരിക്കുന്നവരുടെ ആത്മാക്കള്‍ക്ക്, അവരുടെ ഭാവനയിലുള്ള പരേതാത്മാക്കളെപ്പോലെ ലോകമൊട്ടുക്കലയാമായിരുന്നെങ്കിലും, ശവകുടീരത്തിനും ജീര്‍ണ്ണശവത്തിനുമപ്പുറം കടക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല.

ഇനി, നമുക്ക് ആത്മാവിനെക്കുറിച്ചുള്ള ഉത്കൃഷ്ടാശയങ്ങളുടെ ചുവടു തേടി മറ്റൊരു വംശത്തിലേക്കു തിരിയണം. അവരുടെ ഈശ്വരന്‍ സര്‍വ്വകരുണനും സര്‍വ്വവ്യാപിയുമാണ്. അവിടുന്നു തേജസ്വികളും ദയാലുക്കളും സുഹൃത്തുക്കളുമായ ദേവന്മാരില്‍ക്കൂടി തന്നെത്താന്‍ വെളിപ്പെടുത്തുന്നു. ആ ദേവന്മാരാണ് ചരിത്രത്തിലാദ്യമായി ഈശ്വരനെ അച്ഛാ എന്നു വിളിച്ചത്: ‘ഭഗവാന്‍, അച്ഛന്‍ അരുമമകനെയെന്നപോലെ എന്നെ കൈയ്ക്കു പിടിച്ചെടുക്കേണമേ!’ ആ വംശ്യര്‍ക്ക് ജീവിതം ആശാവഹമായിരുന്നു. നൈരാശ്യജനകമായിരുന്നില്ല. അവരുടെ മതം ഉന്മത്തപ്രക്ഷുബ്ധതമായ ഒരു ജീവിതത്തിലെ അന്തരാളങ്ങളില്‍ പ്രാണവേദനപൂണ്ട മനുഷ്യന്റെ ചുണ്ടുകളില്‍നിന്നു പുറത്തു ചാടുന്ന അവിരതമായ ആര്‍ത്തനാദമല്ലായിരുന്നു. വയലുകളിലെയും വനങ്ങളിലെയും സുഗന്ധംകൊണ്ടു സുരഭിലമായിട്ടാണ് അവരുടെ ആശയങ്ങള്‍ നമ്മുടെ അടുത്തെത്തുന്നത്. അവരുടെ സൂക്തഗീതങ്ങള്‍-ദിനനാഥന്റെ ആദ്യപ്രഭകൊണ്ടു പ്രഭാതമായ ഈ സുന്ദരലോകത്തെ അഭിവാദനം ചെയ്യുമ്പോള്‍ പക്ഷികളുടെ കണ്ഠങ്ങളില്‍നിന്നു ഉറന്നൊഴുകുന്ന ഗീതങ്ങള്‍പോലെ സ്വച്ഛന്ദവും സ്വതന്ത്രവും ആനന്ദനിര്‍ഭരവുമായ അവ-എണ്‍പതു ശതാബ്ദങ്ങളുടെ കാനനവീഥിയിലൂടെ, സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അഭിനവമായ ആഹ്വാനംപോലെ ഇന്നും ഇറങ്ങിവന്നു നമ്മോടണയുന്നു. നാം ആര്യന്മാരിലേക്കു തിരിയുകയാണ്.

“അമൃതവും അക്ഷരവുമായ ആ ലോകത്തില്‍. നാകപ്രകാശമുള്ളിടത്ത്, ശാശ്വതജ്യോതിസ്സു ജ്വലിക്കുന്നിടത്ത്, എന്നെ ആക്കേണമേ.’ ‘വൈവസ്വതരാജാവ് വാണരുളുന്ന ആ രാജ്യത്ത്, നാകത്തിന്റെ ഗൂഢധാമമുള്ളിടത്ത്, എന്നെ അമൃതനാക്കേണമേ,’ ‘കാമചാരികളുള്ളിടത്തു എന്നെ അമൃതനാക്കേണമേ,’ ‘അന്തരതമസ്വര്‍ഗ്ഗത്തിന്റെ ത്രിവിഷ്ടപത്തില്‍, ലോകങ്ങള്‍ ജ്യോതിഷ്പൂര്‍ണ്ണമായിടത്ത്, ആ ആനന്ദരാജ്യത്തില്‍, എന്നെ അമൃതനാക്കേണമേ’-ഇവ ആര്യന്മാരുടെ പ്രാചീനതമരേഖയായ ഋഗ്വേദസംഹിതയിലെ പ്രാര്‍ത്ഥനകളാണ്.

മ്ളേച്ഛ-ആര്യ-ആദര്‍ശങ്ങള്‍ തമ്മില്‍ ഒരു ലോകത്തിന്റെ അന്തരം മുഴുവനുണ്ടെന്ന് ഉടനെ കാണാം. ഒരു കൂട്ടര്‍ക്ക് ഈ ദേഹവും ഈ ലോകവുമാണ് യഥാര്‍ത്ഥമായതൊക്കെ, കാര്യമായതൊക്കെ, മരണത്തില്‍ ആവിയായിപ്പോയതും, ഇന്ദ്രിയഭോഗങ്ങള്‍ നഷ്ടമാകയാല്‍ കൊടിയ പീഡയും വേദനയും അനുഭവിക്കുന്നതുമായ അല്പം ജീവരസം, ശവത്തെ സംരക്ഷിച്ചാല്‍ വീണ്ടുകൊണ്ടുവരാം എന്ന് അവര്‍ മൂഢമായാശായിച്ചു. അങ്ങനെ ഒരു ശവം ജീവന്മനുഷ്യനേക്കാള്‍ ശ്രദ്ധിക്കണമെന്നു വിശ്വസിച്ചു. മറ്റേക്കൂട്ടരാകട്ടെ, ശരീരം വിട്ടുപോയതു യഥാര്‍ത്ഥമനുഷ്യനാണെന്നും. ദേഹവിയുക്തനാകുമ്പോള്‍ ദേഹത്തിലിരുന്ന എന്നത്തേയുംകാള്‍ ഉയര്‍ന്ന ആനന്ദാവസ്ഥയെ അനുഭവിക്കുന്നു എന്നും കണ്ടുപിടിച്ചു. അതുകൊണ്ട്, അവര്‍ കെട്ട ശവം ദഹിപ്പിച്ചു കളയാന്‍ തിരക്കിട്ടു.

ആത്മാവിനെക്കുറിച്ചു ശരിയായൊരാശയം ഉളവാക്കാന്‍ പറ്റിയ ഒരു ബീജം നമുക്കിവിടെ കിട്ടുന്നു. യഥാര്‍ത്ഥമനുഷ്യന്‍ ശരീരമല്ലാതെ ആത്മാവായിരിക്കുന്നിടത്ത്, യഥാര്‍ത്ഥമനുഷ്യനും ശരീരവും തമ്മില്‍ അഭേദ്യബന്ധമെന്ന ആശയമെല്ലാം തീരെ ഇല്ലാതിരിക്കുന്നിടത്ത്-അങ്ങനെയുള്ള ഇവിടെയാണ് ആത്മസ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ഉല്‍കൃഷ്ടാശയത്തിന് ഉദിക്കാന്‍ കഴിഞ്ഞത്. പരേതാത്മാവിനെ പൊതിഞ്ഞിരുന്ന ശരീരമെന്ന ശോഭനകോശത്തെയും പിളര്‍ന്ന് അപ്പുറം കടന്ന് അരൂപവും വ്യക്തിയും ഏകതത്ത്വവുമായ അതിന്റെ യഥാര്‍ത്ഥസ്വരൂപത്തെ കണ്ടുപിടിച്ചപ്പോഴാണ് ‘എവിടെനിന്ന്’ എന്ന അനിവാര്യമായ ചോദ്യം ഉയര്‍ന്നത്.

ഭാരതത്തിലും ആര്യന്മാരുടെ ഇടയിലുമാണ് ആത്മാവിന്റെ പൂര്‍വ്വസത്തയും അമൃതത്വവും വ്യക്തിത്വവുമെന്ന സിദ്ധാന്തം ആദ്യം ഉദിച്ചത്. ഐഹികജീവിതത്തിനുമുമ്പും പിമ്പും സ്വതന്ത്രവും വ്യക്തിയുമായ ഒരാത്മാവുണ്ടെന്ന സിദ്ധാന്തത്തിന്റെ പാടുപോലും കാണിക്കാന്‍ ഈജിപ്തിലെ നവീനഗവേഷണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. ചില ‘മിസ്റ്റിക്കുകള്‍ക്ക്’ ഈ ആശയം കൈവശമായിരുന്നു എന്നതിനു സംശയമില്ല. അതാകട്ടെ, അവയ്ക്കു ഭാരതത്തില്‍നിന്നു കിട്ടിയതാണെന്നു തെളിഞ്ഞിട്ടുണ്ട്.

കാറല്‍ ഹെക്കല്‍ പറയുന്നു: “ഈജിപ്തിലെ മതത്തെപ്പറ്റി ഏറെ ആഴത്തില്‍ പഠിക്കുംതോറും ശരീരാന്തരസഞ്ചാരമെന്ന സിദ്ധാന്തം ഈജിപ്തിലെ ബഹുജനമതത്തില്‍നിന്നു തികച്ചും ബാഹ്യമായിരുന്നെന്നു കൂടുതല്‍ വെളിവാകുന്നുണ്ട്. ഒറ്റയ്ക്കു ചില ‘മിസ്റ്റിക്കുകള്‍’ക്കുണ്ടായിരുന്നതുതന്നെ ‘ഓസിറിസ്’ സമ്പ്രദായത്തിലെ ഉപദേശങ്ങളില്‍പ്പെട്ടതല്ല. അവ ഹിന്ദുക്കളില്‍നിന്നുത്ഭവിച്ചതായിരുന്നു.

അലക്സാണ്‍ഡ്രിയയിലെ ജൂതന്മാര്‍ ജീവാത്മവിശ്വാസത്തില്‍ കുതിര്‍ന്നവരായിരുന്നെന്ന്, കുറെയങ്ങോട്ടു ചെല്ലുമ്പോള്‍, കാണാം. യേശുവിന്റെ കാലത്തെ ഫാരിസിമാര്‍ക്ക്, മുമ്പുപറഞ്ഞതുപോലെ, ജീവാത്മാവില്‍ ശ്രദ്ധയുണ്ടായിരുന്നെന്നുമാത്രമല്ല വിവിധശരീരങ്ങളില്‍ക്കൂടിയുള്ള അതിന്റെ അലഞ്ഞുതിരിയലിലും വിശ്വാസമുണ്ടായിരുന്നു. ഇതിന്‍പ്രകാരം ക്രിസ്തു ഒരു പഴയ പ്രവാചകന്റെ അവതാരമാണെന്ന് അംഗീകരിക്കപ്പെട്ടത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. ഏലിയാസ് പ്രവാചകന്‍ വീണ്ടും മടങ്ങിവന്നതാണ് സ്നാപകയോഹന്നാന്‍ എന്നു യേശു നേരിട്ടു പ്രഖ്യാപിക്കയും ചെയ്തു: ‘നിങ്ങള്‍ ഇതു കൈക്കൊള്ളുമെങ്കില്‍ വരേണ്ടിയിരുന്ന ഏലിയാസാണിത്.’ (മത്തായി. 11. 14)

ഹിബ്രൂക്കളുടെയിടയില്‍ ആത്മാവിനെയും അതിന്റെ വ്യക്തിത്വത്തെയും കുറിച്ചുണ്ടായിരുന്ന ആശയം വന്നത് ഈജിപ്തുകാരുടെ ഉന്നതഗഹനോപദേശങ്ങളില്‍നിന്നാണെന്നു സ്പഷ്ടം. അവര്‍ക്കു കൈവന്നതു ഭാരതത്തില്‍നിന്നും. അലക്സാണ്ഡറിയയിലും ഏഷ്യാമൈനറിലും ബുദ്ധമതപ്രചാരകന്മാരുടെ പ്രവര്‍ത്തനങ്ങളെ ബൌദ്ധരേഖകള്‍ തെളിയിച്ചു കാട്ടുന്ന സ്ഥിതിക്ക് ജീവാത്മസിദ്ധാന്തം അലക്സാണ്ഡറിയയില്‍ക്കൂടി വന്നു എന്നത് അര്‍ത്ഥവത്താണ്.

ഗ്രീക്കുകാരുടെയിടയില്‍ പുനര്‍ജന്മസിദ്ധാന്തം ഉപദേശിച്ച ആദ്യത്തെ ഗ്രീക്കുകാരന്‍ പിത്താഗറസ്സാണെന്നു പറയപ്പെടുന്നു. മുമ്പേതന്നെ മരിച്ചവരെ ദഹിപ്പിക്കയും ജീവാത്മസിദ്ധാന്തത്തില്‍ വിശ്വസിക്കയും ചെയ്തിരുന്ന ഒരു ആര്യവംശമെന്ന നിലയില്‍ ഗ്രീക്കുകാര്‍ക്കു പിത്താഗാറസ്സിന്റെ ഉപദേശങ്ങളിലൂടെ പുനര്‍ജന്മസിദ്ധാന്തം സ്വീകരിക്ക എളുപ്പമായിരുന്നു. അപ്പൂളിയസ്സിന്റെ അഭിപ്രായത്തില്‍, പിത്താഗറസ് ഭാരതത്തില്‍ വന്ന് ബ്രാഹ്മണരുടെ ശിഷ്യനായിട്ടുണ്ട്.

ആത്മാവ് ശരീരത്തിന്റെ വെറും ജീവകാംശമല്ല. വ്യക്തിയും യഥാര്‍ത്ഥമനുഷ്യനുമാണ് എന്ന് എവിടെയൊക്കെ ധാരണയുണ്ടായിട്ടുണ്ടോ, അവിടെയൊക്കെ അതിന്റെ പൂര്‍വ്വസത്തയെക്കുറിച്ചുള്ള സിദ്ധാന്തം അവശ്യം ആവിര്‍ഭവിച്ചിട്ടുണ്ട്. ആത്മാവിന്റെ സ്വതന്ത്രവ്യക്തിത്വത്തില്‍ വിശ്വസിച്ച ജനതകള്‍ ഏതാണ്ടെപ്പോഴും മൃതദേഹം ദഹിപ്പിച്ച് ആ വിശ്വാസത്തെ ദ്യോതിപ്പിച്ചിരുന്നു. ഇത്രയും നാം ധരിച്ചുകഴിഞ്ഞു. പുരാതനാര്യവംശങ്ങളിലൊന്നായ പേഴ്സ്യക്കാര്‍, വളരെ നേരത്തെത്തന്നെ ഒരു സെമിറ്റിക്സ്വാധീനതയുമില്ലാതെ, മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള ഒരു സവിശേഷരീതി ഉളവാക്കി. അവരുടെ ‘മൌനഗോപുര’ങ്ങളെ വിളിക്കുന്ന ദക്മ. ഈ പേര് ദഹ് = ദഹിപ്പിക്കുക എന്ന ധാതുവില്‍നിന്നു വന്നതാണ്.

ചുരുക്കത്തില്‍, തങ്ങളുടെ സ്വന്തം പ്രകൃതിയെ അപഗ്രഥിക്കുന്നതില്‍ വളരെയൊന്നും മനസ്സു വെയ്ക്കാത്ത വംശങ്ങള്‍ ഒരിക്കലും തങ്ങളുടെ സര്‍വ്വസ്വമായ ഭൌതികശരീരത്തിനപ്പുറം കടന്നില്ല. കടന്നപ്പുറം പോകാന്‍ കൂടുതല്‍ ഉത്കൃഷ്ടമായ പ്രകാശം ചെന്നു പ്രേരിപ്പിച്ചപ്പോഴും ഈ ശരീരം, ഏതോ വിദൂരകാലഘട്ടത്തില്‍, എങ്ങനെയെങ്കിലും അഴുകാതായിക്കൊള്ളുമെന്ന നിഗമനത്തിലെത്തുകയേ ചെയ്തുള്ളു.

നേരെമറിച്ച്, വിചാരശീലനെന്ന നിലയ്ക്കു മനുഷ്യന്റെ പ്രകൃതിയെ പരീക്ഷിക്കുന്നതില്‍ സ്വശക്തികളുടെ ഉത്തമാംശം ചെലവഴിച്ച ആ വംശം, ഇന്‍ഡോ-ആര്യന്‍വംശം, വേഗത്തില്‍ കണ്ടെത്തി. ഈ ശരീരത്തിനപ്പുറത്താണ്, തങ്ങളുടെ പൂര്‍വ്വപിതാമഹന്മാര്‍ ആഗ്രഹിച്ച ആ ശോഭനശരീരത്തിനും അപ്പുറത്താണ്, യഥാര്‍ത്ഥമനുഷ്യന്‍-തത്ത്വം, ഈ ശരീരം എടുത്തുടുക്കുകയും പിന്നെ ജീര്‍ണ്ണിക്കുമ്പോള്‍ എറിഞ്ഞുകളയുകയും ചെയ്യുന്ന വ്യക്തി-എന്ന്. ആ തത്ത്വം സൃഷ്ടിക്കപ്പെട്ടതാണോ? സൃഷ്ടിയെന്നാല്‍ ഇല്ലായ്മയില്‍നിന്ന് എന്തോ ഉണ്ടാകയാണെങ്കില്‍ അവരുടെ ഉത്തരം നിശിതമായ നിഷേധംതന്നെ. ഈ ആത്മാവു ജനിക്കാത്തതും മരിക്കാത്തതുമാണ്. അതു സംഘാതമോ സംഹതമോ അല്ല. ഒരു സ്വതന്ത്രവ്യക്തിയാണ്. ആ നിലയില്‍ അതു സ്രഷ്ടവ്യമോ സംഹാര്യമോ അല്ല. അതു വിവിധാവസ്ഥകളില്‍ക്കൂടി യാത്രചെയ്കമാത്രമാണ്.

സ്വാഭാവികമായി ഒരു ചോദ്യമുയരുന്നു. ഇക്കാലമത്രയും അതെവിടെയായിരുന്നു? ഹിന്ദുദാര്‍ശനികന്മാര്‍ പറയുന്നു: അതു പലതരം ശരീരങ്ങളില്‍ക്കൂടി കടന്നുപോകയായിരുന്നു. ഭൌതികാര്‍ത്ഥത്തില്‍, അഥവാ, യഥാര്‍ത്ഥമായും അതിഭൌതികമായും പറഞ്ഞാല്‍, മനസ്സിന്റെ പല തലങ്ങളില്‍ക്കൂടി കടന്നുപോകയായിരുന്നു.

ഹിന്ദുദാര്‍ശനികന്മാര്‍ പുനര്‍ജന്മസിദ്ധാന്തത്തെ പ്രതിഷ്ഠിച്ചിരിക്കുന്നതു വേദോപദേശങ്ങളിലാണല്ലോ. അതില്‍നിന്നു വേറിട്ടു വല്ല തെളിവും അതിനുണ്ടോ? ഉണ്ട്. മേലില്‍ അതു കാണിച്ചുതരാനും ഭാവമുണ്ട്. സര്‍വ്വലോകസമ്മതിയുള്ള ഏതു സിദ്ധാന്തത്തിനുമെന്നപോലെ അത്രതന്നെ സാധുവായ ഹേതുക്കള്‍ ഇതിനുമുണ്ട്. എങ്കിലും ആദ്യം, യൂറോപ്യന്‍ ചിന്തകന്മാരില്‍ മികച്ച കുറച്ചുപേര്‍ പുനര്‍ജന്മത്തെക്കുറിച്ചു എന്താണ് വിചാരിച്ചിട്ടുള്ളതെന്നു നോക്കാം.

ഐ.എഛ്. ഫിഷ്ടെ ആത്മാവിന്റെ അമൃതത്വം എന്ന പ്രകരണത്തില്‍ പറയുന്നു: ‘തുടര്‍ച്ചയെ നിരാകരിക്കാന്‍ മുന്നോട്ടു വെയ്ക്കാവുന്ന ഒരു സാദൃശ്യം പ്രകൃതിയിലുണ്ടെന്നതു വാസ്തവംതന്നെ. അതിതാണ്, കാലത്തിലുണ്ടായത് ഏതെങ്കിലുമൊരു കാലത്തു നശിക്കയും വേണം. അതുകൊണ്ട് ആത്മാവിനുണ്ടെന്നുവെച്ചിരിക്കുന്ന പൂര്‍വ്വസത്ത അതിന്റെ പ്രാക്സത്തയെ അവശ്യം സിദ്ധവത്കരിക്കുന്നു. ഇതു നിര്‍ദ്ദോഷമായ നിഗമനംതന്നെ. പക്ഷേ, ഇതൊരെതിര്‍പ്പാകുന്നതിനുപകരം തുടര്‍ച്ചയ്ക്കുള്ള ഒരധികയുക്തിയാണ്. ഭൌതികശരീരത്തില്‍ കാണപ്പെടുന്നതിനുമുമ്പും ആത്മാവുണ്ടായിരിക്കണമെന്നു മനസ്സിലാക്കാന്‍, വാസ്തവത്തില്‍ ഒന്നും സ്രഷ്ടവ്യമോ സംഹാര്യമോ അല്ലെന്ന അതിഭൌതിക-ശാരീരികതത്ത്വത്തിന്റെ പൂര്‍ണ്ണാര്‍ത്ഥം മനസ്സിലാക്കിയാല്‍മാത്രം മതിയല്ലോ.’

ഷോപ്പനര്‍ തന്റെ (die welt als willie und vorstellung) എന്ന ഗ്രന്ഥത്തില്‍ പുനര്‍ജന്മപ്രകരണത്തില്‍ പറയുന്നു: ‘വ്യക്തിക്കു നിദ്ര എന്നതു ഇച്ഛയ്ക്കു മരണമാണ്. അതിനു ഓര്‍മ്മയും വ്യക്തിത്വവും ശേഷിച്ചിട്ടുള്ള പക്ഷം, യഥാര്‍ത്ഥലാഭമില്ലാതെ അനന്തകാലമത്രേയും ഒരു കര്‍മ്മവും കഷ്ടതയും തുടരുക എന്നതു സാദ്ധ്യമാവില്ല. അത് അവയെ എറിഞ്ഞുകളയുന്നു. ഇതാണ് ലീഫ്.’ മരണമെന്ന ഈ നിദ്രയിലൂടെ വേറൊരു ബുദ്ധികൊണ്ടു സജ്ജമായി പുതിയ ആളായി അതു വീണ്ടും വെളിപ്പെടുന്നു. നവദിനം നവതീരങ്ങളിലേക്കു മോഹിപ്പിക്കുന്നു. അപ്പോള്‍, ഈ നിത്യനൂതനജന്മങ്ങള്‍കൊണ്ടു നിര്‍മ്മിതമാണ് ഒരിച്ഛയുടെ ജീവിതസ്വപ്നപരമ്പര. ഈ ഇച്ഛ സ്വയം അസംഹാര്യമാണ്. അത്രമാത്രവും അത്ര വിവിധവുമായ ജ്ഞാനപരമ്പരകൊണ്ട്, നിത്യനൂതനരൂപത്തില്‍ ഉപദേശിക്കപ്പെട്ടും സംസ്കരിക്കപ്പെട്ടും അതു സ്വയം അറുതിവരുത്തുകയും റദ്ദുചെയ്യുകയും ചെയ്യുന്നതുവരെ…ഇത്തരം ഒരു പുനര്‍ജന്മത്തെ പ്രത്യക്ഷഹേതുക്കള്‍തന്നെ ബലപ്പെടുത്തുന്നു എന്നത് അവഗണിച്ചുകൂടാ. വാസ്തവത്തില്‍ പുതുതായി വരുന്നവരുടെ ജന്മവും പഴകിപ്പോയവരുടെ മരണവും തമ്മില്‍ ഒരു ബന്ധം ഉണ്ടുതന്നെ. അതിനാശകമായ രോഗങ്ങളുടെ അനന്തരഫലമായി മനുഷ്യവംശത്തില്‍ വെളിപ്പെടുന്ന വലിയ ഫലവത്തയില്‍ ഇതു സ്വയം പ്രകടമാകുന്നു, പതിന്നാലാം ശതകത്തില്‍ കാളമൃത്യു പഴയ ലോക3ത്തെ മിക്കവാറും വിജനമാക്കിയ കാലത്തു എത്രയും അസാധാരണമായ ഒരു ഫലവത്ത മനുഷ്യവംശത്തില്‍ പ്രത്യക്ഷമായി. ഇരട്ടപ്രസവം വളരെ സാധാരണമായിരുന്നു. ഇക്കാലത്തുണ്ടായ ഒരു കുട്ടിക്കും പല്ലിന്റെ എണ്ണം തികഞ്ഞില്ല എന്നതുകൊണ്ടും സ്മര്‍ത്തവ്യമായ അവസ്ഥയാണത്. ഇപ്രകാരം പ്രകൃതി, തന്നെത്താന്‍ പരമാവധി പ്രയത്നിക്കുമ്പോള്‍ വിസ്തരാംശങ്ങളില്‍ പിശുക്കു കാട്ടിയിരുന്നു. ഇത് എഫ്. ഷ്ണര്‍റര്‍ ഇത്, chronik der seuchen, 1825 എന്ന പുസ്തകത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്. കാസ്പറും തന്റെ ueber die wahrschienliche lebensdauer des Menschen’ 1835എന്ന പുസ്തകത്തില്‍ ഈ തത്ത്വത്തെ ഉറപ്പിക്കുന്നു. ഒരു ക്ളിപ്തജനസംഖ്യയിലെ ജനസംഖ്യയ്ക്കു അതിലെ ആയുര്‍ദൈര്‍ഘ്യത്തിന്റെയും മരണനിരക്കിന്റെയും മേല്‍ സുനിശ്ചിതമായ പ്രഭാവമുണ്ട്. അതിന്റെ ചുവടുവെപ്പ് എപ്പോഴും മരണനിരക്കിനോടൊപ്പമാണ്. തത്ഫലമായി എപ്പോഴും എവിടെയും മരണങ്ങളും ജനനങ്ങളും ഒരേ അനുപാതത്തില്‍ ഏറുകയോ കുറയുകയോ ചെയ്യുന്നു. വളരെ രാജ്യങ്ങളില്‍നിന്നും അവിടങ്ങളിലെ വിവിധ പ്രവിശ്യകളില്‍നിന്നും ശേഖരിച്ച തെളിവുകളുടെ കൂമ്പാരം കൊണ്ട്, അയാള്‍ ഇതിനെ സംശയാതീതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും എന്റെ അകാലമൃത്യുവും എനിക്കു കാര്യമൊന്നുമില്ലാത്ത ഒരു വിവാഹത്തിന്റെ ഫലവത്തയും തമ്മില്‍ ഭൌതികമായ, നിമിത്തപരമായ, ബന്ധം ഉണ്ടാകുക അസംഭാവ്യംതന്നെ. അതുപോലെ മറിച്ചും. അങ്ങനെ, ഇവിടെ ഭൌതിക (ബന്ധ)ത്തിന്റെ തൊട്ടടുത്ത ഹേതുപോലെ, എന്നാല്‍ ആശ്ചര്യകരമായ രീതിയില്‍ അതിഭൌതികമായതും അനിഷേധ്യമാണെന്നു തോന്നുന്നു. ഓരോ നവജാതനും പുത്തനായി, സാമോദം, പുതുജീവിതത്തിലേക്കു വരുന്നു. അതു വെറുതെ കൊടുക്കലില്ല. കൊടുക്കാനാവുകയുമില്ല. പുതുജീവിതത്തിന്റെ വില വാര്‍ദ്ധക്യവും ജീര്‍ണ്ണജീവിതത്തിന്റെ മരണവും കൊണ്ടു കൊടുത്തതാണ്. ജീര്‍ണ്ണജീവിതം നശിച്ചെങ്കിലും അതിലടങ്ങിയിരുന്ന അസംഹാര്യബീജത്തില്‍നിന്നാണ് പുതുജീവിതം ഉയര്‍ന്നിരിക്കുന്നത്. അവ ഒരു സത്തയാണ്.’

മഹാനായ ഇംഗ്ളീഷുദാര്‍ശനികന്‍, ഹ്യൂം. ശൂന്യവാദിയായിരുന്നെങ്കിലും സംശയാത്മകലേഖനത്തില്‍ അമൃതത്ത്വത്തെക്കുറിച്ചു പറയുന്നു. ‘അതുകൊണ്ട്, ശരീരാന്തരസഞ്ചാരമാണ് തത്ത്വവിചാരത്തിനു കേട്ടുകൊള്ളാനാവുന്ന ഇത്തരം ഒറ്റദര്‍ശനം.’ ദാര്‍ശനികനായ ലെസ്സിങ് കവിയ്ക്കൊത്ത ആഴമുള്ള ഉള്‍ക്കാഴ്ചയോടെ ചോദിക്കുന്നു: ‘ഈ പ്രമേയം അത്രയ്ക്കു ഹാസ്യമായത് ഇതു പ്രാചീനതമമാകകൊണ്ടു മാത്രമാണോ? പാഠാലയങ്ങളിലെ കപടതര്‍ക്കം കൊണ്ടു മനുഷ്യബുദ്ധി, ചിതറി ചുണകെടുന്നതിനുമുമ്പ്, പൊടുന്നനെ അതിലിറങ്ങിയതുകൊണ്ടാണോ….. പുതിയ അറിവും പുതിയ അനുഭവവും സമ്പാദിക്കാന്‍ കഴിയുന്നത്ര തവണ ഞാന്‍ മടങ്ങി വന്നുകൂടാത്തതെന്ത്? മടങ്ങിവരാന്‍ പാടുപെടുന്നതിനുപകരം ഒന്നു കിട്ടാനില്ലാത്തത്രയും ഞാന്‍ ഒറ്റവരവിനു കൊണ്ടുപോരുന്നുണ്ടോ?’

മുമ്പുതന്നെയുള്ള ഒരാത്മാവ് അനേകജന്മങ്ങളില്‍ ശരീരമെടുക്കുന്നു എന്ന സിദ്ധാന്തത്തിന് അനുകൂലവും പ്രതികൂലവുമായ യുക്തികള്‍ വളരെയാണ്. എക്കാലത്തേയും മഹത്തമരായ ചിന്തകരില്‍ ചിലര്‍ ഇതിനെ രക്ഷിക്കാന്‍ വാളും പരിചയും കയ്യേറ്റിട്ടുമുണ്ട്. ഞങ്ങള്‍ക്കു കാണാന്‍ കഴിയുന്നിടത്തോളം, ഒരു വ്യക്തിയായ ആത്മാവുണ്ടെങ്കില്‍ അതു മുമ്പുണ്ടായിരുന്നു എന്നത് അനിവാര്യമായിത്തോന്നുന്നു. ആത്മാവ് വ്യക്തിയല്ല. ബൌദ്ധമാധ്യമികന്മാര്‍ ശഠിക്കുന്നതുപോലെ ‘സ്കന്ധ’സംഹതമാണെങ്കില്‍ അവര്‍ക്കും അവരുടെ നിലപാടു വിശദീകരിക്കാന്‍ പ്രാക്സത്ത അവശ്യം ആവശ്യമെന്ന് അവര്‍ കാണുന്നുണ്ട്.

അനന്തസത്ത കാലത്തിലാരംഭിക്കുക അസംഭാവ്യമാണെന്നു കാട്ടുന്ന യുക്തി ഉത്തരം മുട്ടിക്കുന്നതാണ്. എത്രമാത്രം യുക്തിവിരുദ്ധമായാലും ഈശ്വരന്ന് എന്തും ചെയ്യാനുള്ള സര്‍വ്വശക്തിയെച്ചൊല്ലി അതു തട്ടിക്കളയാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാലും എത്രയും വലിയ വിചാരശീലന്മാരില്‍നിന്ന് എത്രയും ഭ്രാന്തമായ ഈ യുക്തി പുറപ്പെട്ടുകാണുന്നതില്‍ ഞങ്ങള്‍ക്കു സങ്കടമുണ്ട്.

ഒന്നാമത്, സമസ്തപ്രതിഭാസത്തിന്റെയും സാര്‍വ്വത്രികവും സാധാരണവുമായ കാരണം ഈശ്വരനായിരിക്കെ, മനുഷ്യാത്മാവിലെ ചില പ്രതിഭാസങ്ങള്‍ക്കുള്ള സ്വാഭാവികകാരണം കാണുകയായിരുന്നു പ്രശ്നം. അപ്പോള്‍ ഈ സിദ്ധാന്തക്കോലം എഴുന്നള്ളിക്കുന്നത് അപ്രസക്തമാണ്. അറിവില്ലായ്മ ഏറ്റുപറയുന്നതില്‍ താഴെയെങ്ങും അതു വന്നുകൂടുന്നില്ല. മാനവജ്ഞാനത്തിന്റെ ഏതു ശാഖയിലുള്ള ഏതു പ്രശ്നത്തിനും ഈ സമാധാനം കൊടുക്കാം. എല്ലാ അന്വേഷണവും അതുകൊണ്ട് എല്ലാ അറിവും, ഒന്നടങ്കം അവസാനിപ്പിക്കയും ചെയ്യാം.

രണ്ടാമത്, എപ്പോഴും ഈശ്വരന്റെ സര്‍വ്വശക്തിയെച്ചൊല്ലുന്നത് ഒരു വാക്ഛലമാണ്. കാരണം, കാരണമെന്ന നിലയ്ക്കു കാര്യത്തിനു പര്യാപ്തമായിട്ടാണ് നമുക്കറിയപ്പെടുന്നതും അറിയപ്പെടാവുന്നതും. ആ നിലയ്ക്കു സര്‍വ്വശക്തിയായ ഒരു കാരണത്തെപ്പറ്റിയുള്ളതില്‍ കവിഞ്ഞ സങ്കല്‍പ്പം അനന്തമായ കാര്യത്തെപ്പറ്റി നമുക്കില്ല. കൂടാതെ, ഈശ്വരനെപ്പറ്റിയുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം പരിമിതമാണ്. കാരണമെന്ന സങ്കല്‍പ്പംതന്നെ നമ്മുടെ ഈശ്വരസങ്കല്‍പ്പത്തെ പരിമിതമാക്കുന്നു. മൂന്നാമത്, ആ നിലപാട് അനുവദിച്ചെന്നു വെയ്ക്കുക എന്നാലും കൂടുതല്‍ നല്ല വ്യാഖ്യാനം നമുക്കു നല്‍കാവുന്ന കാലത്തോളം ‘ഇല്ലായ്മയില്‍നിന്നു എന്തോ ഉണ്ടാവുക’ അഥവാ ‘കാലത്തില്‍ അനന്തത ആരംഭിക്കുക’ എന്നിത്തരം വിഡ്ഢിത്തങ്ങള്‍ വല്ലതും അനുവദിക്കാന്‍ നാം നിര്‍ബദ്ധരല്ല.

പ്രാക്സത്തയ്ക്കെതിരെ, വലുതെന്നു വാഴ്ത്തപ്പെടുന്ന ഒരു വാദം വരുന്നുണ്ട്. മനുഷ്യവര്‍ഗ്ഗത്തില്‍ ഭൂരിഭാഗത്തിനും അതിനെക്കുറിച്ചു ബോധമില്ലെന്നാണ് അതുറപ്പിച്ചുപറയുന്നത്. ഈ വാദത്തിന്റെ സാധുതയെ തെളിയിക്കാന്‍ മനുഷ്യാത്മാവ് മുഴുവനും ഓര്‍മ്മശക്തിയില്‍ ഒതുങ്ങിക്കിടപ്പാണെന്ന് ആ പക്ഷക്കാര്‍ തെളിയിക്കേണ്ടതുണ്ട്. സ്മൃതിയാണ് സത്തയ്ക്കു പ്രമാണമെങ്കില്‍, ഇപ്പോള്‍ ഇതില്‍ പെടാത്ത ആ ജീവിതഭാഗം മുഴുവന്‍ ഇല്ലാത്തതാവണം. കൂടാതെ, മൂര്‍ച്ഛിതനും മറ്റുതരത്തില്‍ ഓര്‍മ്മ പോയവനും ഇല്ലാത്തവനാകണം.

പ്രാക്സത്തയെ സാധിക്കാന്‍ ഹിന്ദുദാര്‍ശനികന്മാര്‍ ഉന്നയിക്കുന്ന അനുമാനപക്ഷങ്ങള്‍, അതും സംബോധപ്രവൃത്തിയുടെ തലത്തില്‍, മുഖ്യമായിട്ടും ഇവയാണ്.

ഒന്നാമത്, ഈ ലോകത്തിലെ വൈഷ്യമങ്ങളെ മറ്റെങ്ങനെ വ്യാഖ്യാനിക്കാം? സമനും കരുണനുമായ ഒരീശ്വരന്റെ സംവിധാനത്തില്‍ ഇതാ ഒരു കുട്ടി ജനിച്ചിരിക്കുന്നു. മനുഷ്യവംശത്തില്‍ ഒരു നല്ല, കൊള്ളാവുന്ന, അംഗമായിവരാന്‍ അതിനു ചുറ്റുപാടുകളെല്ലാം അനുകൂലമാണ്. അതേ നിമിഷം അതേ നഗരിയില്‍ വേറൊരു കുട്ടി പിറന്നിരിക്കുന്നു, അതിന്റെ പരിസരങ്ങളെല്ലാംതന്നെ അതു നന്നാകുന്നതിനെതിരാണ്. കഷ്ടപ്പെടാന്‍ പിറന്ന കുട്ടികളെ നാം കാണുന്നുണ്ട്. പക്ഷേ ആയുഷ്കാലം മുഴുവനും കഷ്ടപ്പാടായിരിക്കാം-അതും അവരുടെ ഒരു കുറ്റവുംകൊണ്ടല്ല. ഇതെന്തുകൊണ്ടിങ്ങനെയാവണം? എന്താണ് കാരണം ആരുടെ അറിവില്ലായ്മയുടെ ഫലമാണിത്? കുട്ടിയുടെയല്ലെങ്കില്‍ അതെന്തിനു സഹിക്കണം? അച്ഛനമ്മമാരുടെ കര്‍മ്മംകൊണ്ടോ?

ഇവിടത്തെ തിന്മകളുടെ അനുപാതത്തിലുള്ള ഭാവിഭോഗങ്ങള്‍ കൊണ്ടു മോഹിപ്പിക്കയോ ‘ഗഹന’ങ്ങളെ പ്രതിപാദിക്കുകയോ ചെയ്ത പ്രശ്നത്തെ ഒഴിയാന്‍നോക്കാതെ അറിവില്ലായ്മ ഏറ്റുപറയുന്നതാണ് എത്രയോ അധികം നല്ലത്. ഏതെങ്കിലും ഒരു കര്‍ത്താവ് നമ്മുടെമേല്‍ അനര്‍ഹമായ കഷ്ടത അടിച്ചേല്‍പ്പിക്കുന്നത് അധര്‍മ്മമാണ്-അനീതിയാണെന്ന് പറയേണ്ട-മാത്രമല്ല’ ‘ഭാവിപരിഹാര’ സിദ്ധാന്തത്തിനുപോലും നില്ക്കാന്‍ കാലില്ല.

ശോച്യരായി ജനിച്ച എത്രപേര്‍ ഉയര്‍ന്ന ജീവിതത്തിന് ഉദ്യമിക്കുന്നുണ്ട്? അതിലേറെ എത്രപേര്‍ അവരടിപെട്ട അവസ്ഥകള്‍കൊണ്ടമര്‍ന്നുപോകുന്നു? തിന്മയുടെ പരിസരത്തില്‍ അവശരായി പിറക്കകാരണം കൂടുതല്‍ നികൃഷ്ടരും ദുഷ്ടന്മാരുമായിത്തീരുന്നവര്‍, അവരുടെ ജീവിതത്തിലെ ദുഷ്ടതകാരണം ഭാവിയില്‍ സമ്മാനിതരാകുമെന്നോ? അങ്ങനെയാണെങ്കില്‍, ഒരുവന്‍ ഇഹത്തില്‍ എത്രയേറെ ദുഷ്ടനോ, അത്രയേറെയായിരിക്കും പരത്തിലെ യോഗ്യത.

മനുഷ്യാത്മാവിന്റെ മഹിമയെയും സ്വാതന്ത്യ്രത്തെയും സാധുകരിക്കാനും ഈ ലോകത്തിലെ വൈഷമ്യങ്ങളേയും ഭയങ്ങളേയും പൊരുത്തപ്പെടുത്താനും മുഴുഭാരവും അതിന്റെ ന്യായമായ ഹേതുവില്‍-നമ്മുടെ സ്വന്തം സ്വതന്ത്രപ്രവൃത്തികളില്‍ കര്‍മ്മത്തില്‍-വെയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതുമല്ല, ശൂന്യത്തില്‍ നിന്ന് ആത്മസൃഷ്ടി എന്ന ഓരോ സിദ്ധാന്തവും ദൈവതന്ത്രത്തിലേയ്ക്കും പൂര്‍വ്വശാസനത്തിലേയ്ക്കും അവശ്യം നയിക്കും. കൂടാതെ കരുണാമയനായ പിതാവിന്റെ സ്ഥാനത്ത്, ഭയങ്കരനും ക്രൂരനും, നിത്യകോപിയുമായ ഒരീശ്വരനെ അതു നമ്മുടെ മുമ്പില്‍ വെച്ചുതരും. നന്മയ്ക്കോ തിന്മയ്ക്കോ ഉള്ള മതശക്തിയെ പരിഗണിച്ചാല്‍, ഈ ആത്മസൃഷ്ടിസിദ്ധാന്തം, അതിന്റെ അനുസിദ്ധാന്തങ്ങളായ ദൈവതന്ത്രത്തിലേക്കും പൂര്‍വ്വശാസനത്തിലേക്കും വഴിവെയ്ക്കയാല്‍, അവിശ്വാസികള്‍ തങ്ങളുടെ വാളിനു നിയമപ്രകാരമുള്ള ഇരകളാണെന്ന് ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും ഇടയില്‍ മികച്ചുവരുന്ന ആ ഭയങ്കരാശയത്തിനും അതിനെ തുടര്‍ന്നിട്ടുള്ളതും ഇപ്പോഴും തുടര്‍ന്നുവരുന്നതുമായ എല്ലാ ഭയാനകതകള്‍ക്കും ഉത്തരവാദിയാണ്.

എന്നാല്‍,നൈയായികദാര്‍ശനികന്മാര്‍ പുനര്‍ജന്മത്തെ അനുകൂലിച്ച് എന്നും മുന്നോട്ടുവെച്ചിട്ടുള്ള ഒരു യുക്തി- അതു നിര്‍ണ്ണായകമാണെന്നും ഞങ്ങള്‍ക്കു തോന്നുന്നു-ഇതാണ്: നമ്മുടെ അനുഭവങ്ങളെ നശിപ്പിക്കുക സാധ്യമല്ല. നമ്മുടെ കര്‍മ്മങ്ങള്‍ തിരോഭവിക്കുന്നതായി തോന്നുന്നെങ്കിലും അവ ‘അദൃഷ്ട’ങ്ങളായി നില്‍ക്കയും പ്രവണതകള്‍-പ്രവൃത്തികള്‍-ആയി, അവയുടെ ഫലത്തില്‍, പുനരാവിര്‍ഭവിക്കയും ചെയ്യുന്നു. ചെറുശിശുക്കള്‍പോലും വരുന്നതു ചില പ്രവണതകളോടുകൂടിയാണ്-ഉദാഹരണം: മരണഭയം.

ഇനി, ഒരു പ്രവണത – പ്രവൃത്തി – ആവര്‍ത്തിച്ചതിന്റെ ഫലമാണെങ്കില്‍, നമ്മുടെ സഹജപ്രവണതകളെ ആ നിലയില്‍നിന്നു വ്യാഖ്യാനിക്കണം. അവ ഈ ജന്മം കിട്ടിയവയല്ലെന്നും സ്പഷ്ടം. അതുകൊണ്ട് അവയുടെ ഉല്‍പ്പത്തി ഭൂതകാലത്തില്‍ തേടേണ്ടിയിരിക്കുന്നു. പിന്നെ, നമ്മുടെ ചില പ്രവണതകള്‍ മനുഷ്യനുമാത്രമുള്ള സബോധപ്രവൃത്തികളുടെ ഫലമാണെന്നും വ്യക്തമാണ്. അങ്ങനെയുള്ള പ്രവണതകളോടെ നാം ജനിക്കുന്നു എന്നതു സത്യമെങ്കില്‍, അവയുടെ കാരണങ്ങള്‍ ഭൂതകാലത്തിലെ സബോധപ്രവൃത്തികളായിരുന്നെന്ന് നിഷ്കൃഷ്ടമായി വന്നുകൂടുന്നു. അതായത് ഈ ജന്മത്തിനു മുമ്പു നാം മാനവതലമെന്നു പറയുന്ന അതേ മാനസതലത്തിലായിരുന്നിരിക്കണം.

വര്‍ത്തമാനജന്മത്തിലെ പ്രവണതകളെ ഭൂതകാലത്തെ സബോധപ്രവൃത്തികൊണ്ടു വ്യാഖ്യാനിക്കുന്ന കാര്യത്തില്‍ ഭാരതത്തിലെ പുനര്‍ജന്മവാദികളും അധുനാതനപരിണാമവാദികളും ഒന്നിച്ചു പോകും. ഒരു വ്യത്യാസംമാത്രം. ഹിന്ദുക്കള്‍, ആത്മവാദികളാകയാല്‍, വ്യക്തിജീവന്മാരുടെ സബോധപ്രവൃത്തികള്‍കൊണ്ട് അതു വ്യാഖ്യാനിക്കുന്നു. പരിണാമവാദികളിലെ ഭൌതികവാദമതം പാരമ്പര്യഭൌതികസംക്രമണംകൊണ്ടു വ്യാഖ്യാനിക്കും. ശൂന്യത്തില്‍നിന്നു സൃഷ്ടി എന്ന സിദ്ധാന്തത്തെ അവലംബിക്കുന്നവരാകട്ടെ, കേവലം കളത്തിനു പുറത്താണ്.

തര്‍ക്കം പുനര്‍ജ്ജന്മവാദികളും ഭൌതികവാദികളും തമ്മില്‍ പൊരുതിത്തീരേണ്ടിയിരിക്കുന്നു-എല്ലാ അനുഭവങ്ങളും അതനുഭവിച്ച ജീവാത്മാവില്‍ പ്രവണതകളായി സഞ്ചിതങ്ങളാണെന്നും ആ അവിച്ഛിന്നവ്യക്തിത്വത്തിന്റെ പുനര്‍ജന്മം വഴി അതു സംക്രമിക്കുന്നെന്നും വിശ്വസിക്കുന്നവരും, മസ്തിഷ്കമാണ് കര്‍മ്മങ്ങളുടെയെല്ലാം കര്‍ത്താവെന്നും സംക്രമം ജീവാണുവില്‍ക്കൂടിയാണെന്നും വിശ്വസിക്കുന്നവരും തമ്മില്‍.

ഇങ്ങനെയാണ് പുനര്‍ജന്മസിദ്ധാന്തം നമ്മുടെ മനസ്സിന് അനന്തപ്രാധാന്യം കൈക്കൊള്ളുന്നത്. എന്തെന്നാല്‍, പുനര്‍ജന്മവും ആണവസംക്രമണവും തമ്മിലുള്ള യുദ്ധം, വാസ്തവത്തില്‍, ആത്മവാദവും ഭൌതികവാദവും തമ്മിലുള്ള യുദ്ധമാണ്. ആണവസംക്രമണം എല്ലാറ്റിനും പോന്ന ഏകവ്യാഖ്യാനമാണെങ്കില്‍ ഭൌതികവാദം അനിവാര്യമാണ്. ആത്മസിദ്ധാന്തത്തിന്റെ ആവശ്യവുമില്ല. അതു മതിയായ സമാധാനമാകുന്നില്ലെങ്കിലോ, പൂര്‍വ്വാനുഭവങ്ങളെ ഈ ജന്മത്തിലേക്കു ആവഹിക്കുന്ന ജീവാത്മാവ് എന്ന സിദ്ധാന്തം അപ്പോള്‍തന്നെ സമ്പൂര്‍ണ്ണം സത്യമാണ്. പുനര്‍ജ്ജന്മമോ ഭൌതികവാദമോ എന്ന വികല്പത്തില്‍നിന്നു രക്ഷയില്ല. നമ്മള്‍ ഏതു സ്വീകരിക്കണം?