(1900 മാര്‍ച്ച് 29-ാം തീയതി സാന്‍ഫ്രാന്‍സിസ്ക്കോവില്‍ ചെയ്ത പ്രസംഗം)
എന്റെ വിഷയം ‘ശിഷ്യത്വ’മാണ്. എനിക്ക് പറയാനുള്ളത് നിങ്ങള്‍ ഏതുവിധത്തില്‍ കൈക്കൊള്ളുമെന്ന് എനിക്കറിവില്ല. ഇതു സ്വീകരിക്കാന്‍ നിങ്ങള്‍ക്കു തെല്ലു വിഷമമായിരിക്കും. ഈ രാജ്യത്തെ ഗുരുശിഷ്യാദര്‍ശം ഞങ്ങളുടെ അവിടത്തേതില്‍നിന്ന് അത്രമാത്രം വ്യത്യസ്തമാണ്. ഭാരതത്തിലെ ഒരു പഴഞ്ചൊല്ല് എന്റെ മനസ്സില്‍ വരികയാണ്: ‘നൂറായിരക്കണക്കിനു ഗുരുക്കന്മാരുണ്ടെങ്കിലും ഒരു ശിഷ്യനെ കണ്ടെത്താന്‍ കഠിനംതന്നെ.’ ഇതു സത്യമാണെന്നു തോന്നുന്നു. ആദ്ധ്യാത്മികതയെ പ്രാപിക്കാന്‍വേണ്ട ഒരേ ഒരു പ്രധാനസംഗതി ശിഷ്യഭാവമാണ്. ശരിയായ ഭാവമുണ്ടെങ്കില്‍ വെളിച്ചം വരും.
സത്യലബ്ധിക്കു ശിഷ്യനു വേണ്ടതെന്ത്? സത്യപ്രാപ്തിക്കു കണ്ണിമയ്ക്കുന്ന നേരമേ വേണ്ടൂ എന്നു മഹാസിദ്ധന്മാര്‍ പറയുന്നു. അറിയിലിന്റെ ഒരു പ്രശ്നം മാത്രമാണിത്. സ്വപ്നം പൊളിയുന്നു-അതിനെന്തു നേരം വേണം? നിമിഷത്തിനുള്ളില്‍ സ്വപ്നം പൊയ്ക്കഴിഞ്ഞു. ഭ്രമം മറയുവാന്‍ എത്ര നെടിയ നേരം വേണം? വെറും കണ്ണിമയ്ക്കുന്ന നേരം. ഞാന്‍ സത്യത്തെ അറിയുമ്പോള്‍, മിഥ്യ മറഞ്ഞുപോകുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഞാന്‍ ഒരു കയറിനെ പാമ്പെന്നു കരുതി. ഇപ്പോള്‍ ഞാനതു കയറെന്നു കാണുന്നു. അരനിമിഷത്തിന്റെ പ്രശ്നംമാത്രമാണിത്. കാര്യമൊക്കെ കഴിഞ്ഞിരിക്കുന്നു. തത് ത്വം അസി. നീ ആ സത്യമാണ്. ഇതറിയാന്‍ എത്രനേരം വേണം? നാം ഈശ്വരനാണെങ്കില്‍ എപ്പോഴും അങ്ങനെയായിരുന്നെങ്കില്‍, അതറിയാത്തതാണത്യാശ്ചര്യം. ഇതറിയലാണ് സ്വാഭാവികമായ ഒറ്റ സംഗതി. നാം എന്നും ആയിരുന്നതും ഇപ്പോള്‍ ആയിരിക്കുന്നതും കണ്ടെത്താന്‍ യുഗങ്ങളെടുത്തുകൂടാ.
എങ്കിലും ഈ സ്വതഃസിദ്ധമായ സത്യം സാക്ഷാല്‍ക്കരിക്കുക വിഷമമെന്നു തോന്നുന്നു. ഇതിന്റെ ഒരു മങ്ങിയ മിന്നായം കിട്ടാന്‍ തുടങ്ങുന്നതിനുമുമ്പ് യുഗങ്ങളും യുഗങ്ങളും കടന്നുപോകയാണ്. ഈശ്വരന്‍ ജീവിതമാണ്. ഈശ്വരന്‍ സത്യമാണ്. നാം ഇതേപ്പറ്റി എഴുതുന്നു. ഇതിങ്ങനെതന്നെ, ഈശ്വരനൊഴിച്ചെല്ലാം ശൂന്യം എന്നു നമ്മുടെ ഹൃദയത്തിന്റെ അത്യന്തം ഉള്ളില്‍ നമുക്കു തോന്നുന്നുണ്ട്- ഇവിടെ ഇന്ന്. നാളേയ്ക്കു പോയി. എന്നിട്ടും നമ്മളില്‍ മിക്കവരും ജീവിതത്തിലുടനീളം ഒരേപോലിരിക്കുന്നു. നാം അസത്യത്തില്‍ അള്ളിപ്പിടിക്കുന്നു. സത്യത്തിന്റെ നേരെ പുറം തിരിക്കുന്നു. നമുക്കു സത്യം പ്രാപിക്കേണ്ട. ആരും നമ്മുടെ സ്വപ്നം പൊളിക്കേണ്ട. നോക്കൂ, ഗുരുക്കന്മാരെ ആവശ്യമില്ല. ആര്‍ക്കു പഠിക്കണം? എന്നാല്‍ ആര്‍ക്കെങ്കിലും സത്യം സാക്ഷാല്‍കരിക്കയും ഭ്രമത്തെ അതിക്രമിക്കയും വേണമെങ്കില്‍, അയാള്‍ക്ക് ഒരു ഗുരുവില്‍നിന്നു സത്യം സ്വീകരിക്കണമെങ്കില്‍, അയാള്‍ യഥാര്‍ത്ഥശിഷ്യനായിരിക്കണം.
ശിഷ്യനാകുക എളുപ്പമല്ല. വലിയ തയ്യാറെടുപ്പുകള്‍ വേണം. വളരെ വ്യവസ്ഥകള്‍ നിറവേറ്റണം. നാലു മുഖ്യവ്യവസ്ഥകളാണ് വേദാന്തികള്‍ നിശ്ചയിച്ചിട്ടുള്ളത്.
ആദ്യത്തെ വ്യവസ്ഥ: സത്യം അറിയണമെന്നുള്ള ശിഷ്യന്‍ ഈ ജന്മത്തിലോ വരുംജന്മത്തിലോ ഉള്ള ലാഭങ്ങളില്‍ കൊതിവിടണം.
സത്യം നാം കാണുന്നതല്ല. എന്തെങ്കിലും കൊതി മനസ്സില്‍ കിടക്കുവോളംകാലം നാം കാണുന്നതു സത്യമല്ല. ഈശ്വരന്‍ സത്യമാണ്, ലോകം സത്യമല്ലതാനും. ലോകതൃഷ്ണ ലേശമെങ്കിലും ഹൃദയത്തിലുള്ള കാലത്തോളം സത്യം വരുന്നതല്ല. എന്റെ കാതിന്റെ ചുറ്റും ലോകം വീണു നശിക്കട്ടെ. ഞാന്‍ വകവെയ്ക്കുന്നില്ല. അതുപോലെ അടുത്ത ജന്മവും. സ്വര്‍ഗ്ഗത്തുപോകാന്‍ എനിക്കു താല്‍പര്യമില്ല. എന്താണ് സ്വര്‍ഗ്ഗം? ഇഹലോകത്തിന്റെ തുടര്‍ച്ചമാത്രം. സ്വര്‍ഗ്ഗമില്ലായിരുന്നെങ്കില്‍, ലോകത്തിലെ നിസ്സാരജീവിതത്തിന്റെ തുടര്‍ച്ചയില്ലായിരുന്നെങ്കില്‍, നമുക്കു കുറേക്കൂടെ മെച്ചമായേനെ. നാം കാണുന്ന ചെറുവിഡ്ഡിസ്വപ്നങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പൊളികയും ചെയ്തേനെ. സ്വര്‍ഗ്ഗത്തു പോകകൊണ്ട് കഷ്ടങ്ങളായ ഭ്രമങ്ങളെ നാം ദീര്‍ഘിപ്പിക്കുന്നതേയുള്ളൂ.
സ്വര്‍ഗ്ഗത്തിലെന്താണ് ലഭിക്കുക? നിങ്ങള്‍ക്ക് ദേവന്മാരാകാം, അമൃതു കുടിക്കാം, വാതവും പിടിക്കും. അവിടെ ഭൂമിയിലുള്ളതില്‍ കുറവാണ് കഷ്ടം. സത്യവും കുറവാണ്. അതിധനികന്മാര്‍ക്ക് പാവങ്ങളെക്കാള്‍ വളരെക്കുറച്ചേ സത്യം മനസ്സിലാക്കാനാവൂ. ‘ഒരു ധനികന് ഈശ്വരരാജ്യത്തില്‍ കടക്കുന്നതിനേക്കാള്‍ എളുതാണ് ഒരൊട്ടകത്തിനു സൂചിക്കുഴിയില്‍ക്കൂടി പോവുക.’ ധനികനു തന്റെ ധനത്തിനും ബലത്തിനും സുഖത്തിനും കാമാനുവര്‍ത്തനത്തിനും അപ്പുറം ഒന്നും ചിന്തിക്കാന്‍ നേരമില്ല. ധനികന്മാര്‍ മതപരരാകുക ചുരുക്കമാണ്. എന്തുകൊണ്ട്? തങ്ങള്‍ മതപരരായാല്‍പ്പിന്നെ ജീവിതത്തിലെ ഒരു തമാശയും കിട്ടില്ലെന്ന് അവര്‍ വിചാരിക്കുന്നതുകൊണ്ട്. അതുപോലെ, സ്വര്‍ഗ്ഗത്തില്‍ ആത്മപരനാകാന്‍ വളരെക്കുറച്ചവസരമേ ഉള്ളൂ. അവിടെ കണക്കില്‍ കവിഞ്ഞ സുഖവും ഭോഗവുമുണ്ട്. സ്വര്‍ഗ്ഗവാസികള്‍ അവരുടെ തമാശ വിട്ടുകളയാന്‍ മനസ്സില്ലാത്തവരാണ്.
സ്വര്‍ഗ്ഗത്തില്‍ കരച്ചിലേ ഇല്ലെന്നാണ് പറയാറ്. തീരെ കരയാത്തവനെ ഞാന്‍ വിശ്വസിക്കില്ല. അയാള്‍ക്ക്, ഹൃദയം ഇരിക്കേണ്ടിടത്തു ഒരു വലിയ കരിങ്കല്‍ത്തുണ്ടമാണുള്ളത്. സ്വര്‍ഗ്ഗികള്‍ക്കു വലിയ അനുകമ്പയൊന്നുമില്ലെന്നു സ്പഷ്ടമാണ്. അവരുടെ വലിയ വൃന്ദങ്ങള്‍ അങ്ങവിടെയുണ്ട്. നമ്മള്‍ ഈ ഭയങ്കരസ്ഥാനത്തു കിടന്നു നരകിക്കുന്ന ഭാഗ്യംകെട്ട ജന്തുക്കള്‍, അവര്‍ക്കു നമ്മെയെല്ലാം ഇതില്‍നിന്നു വലിച്ചു പുറത്തിടാം. പക്ഷേ ചെയ്യുന്നില്ല. അവര്‍ കരയുന്നില്ല. അവിടെ കരച്ചിലോ കഷ്ടമോ ഇല്ല. അതുകൊണ്ട് ആരുടേയും കഷ്ടത്തെ ഗൌനിക്കുന്നില്ല. അവര്‍ അവരുടെ അമൃത് കുടിക്കുന്നു. നൃത്തങ്ങള്‍ നടക്കുകയാണ്. സുന്ദരികളായ ഭാര്യമാരും അങ്ങനെയെല്ലാം ഉണ്ട്.
ഇതിനെയെല്ലാം അതിഗമിച്ചുകൊണ്ടു ശിഷ്യന്‍ പറയണം: ‘ഈ ജന്മത്തിലെ യാതൊന്നുമെന്നല്ല, എന്നുമുള്ള സര്‍വ്വസ്വര്‍ഗ്ഗങ്ങളെയും ഞാന്‍ അപേക്ഷിക്കുന്നില്ല. എനിക്കെവിടെയെങ്ങും പോകാന്‍ അപേക്ഷയില്ല. ഏതു മട്ടിലുമുള്ള ഇന്ദ്രിയജീവിതവും എനിക്കു വേണ്ട. ഞാന്‍ ശരീരമാണെന്നുള്ള ഈ അഭിമാനം ഇന്നെനിക്കു തോന്നുന്നതുപോലെ ഞാന്‍ ഈ ശരീരമാണ്. ഈ പെരുത്ത മാംസരാശി-ഇതു ഞാനാണെന്നാണ് എനിക്കു തോന്നുന്നത്. അതു വിശ്വസിക്കാന്‍ ഞാന്‍ കൂട്ടാക്കുന്നില്ല.
ലോകവും നാകങ്ങളും-ഇതെല്ലാം ഇന്ദ്രിയനിബദ്ധമാണ്. ഒരിന്ദ്രിയവുമില്ലെങ്കില്‍ നിങ്ങള്‍ ലോകത്തെ അപേക്ഷിക്കുന്നില്ല. നാകവും ലോകംതന്നെ. ഭൂമിയും സ്വര്‍ഗ്ഗവും ഇടയ്ക്കുള്ളതൊക്കെയും-എല്ലാറ്റിനും ഒറ്റപ്പേരാണുള്ളത്-ലോകം.
അതുകൊണ്ട് ശിഷ്യന്‍ ഭൂതവും വര്‍ത്തമാനവും അറിഞ്ഞ്, ഭാവിയെ വിചാരം ചെയ്ത്, സമൃദ്ധിയെന്നാലെന്ത് സുഖമെന്നാലെന്ത് എന്നറിഞ്ഞ്, ഇതെല്ലാം ത്യജിച്ചു സത്യത്തെ തേടുന്നു, സത്യത്തെ മാത്രം. ഇതാണ് ഒന്നാമത്തെ വ്യവസ്ഥ.
രണ്ടാം വ്യവസ്ഥ: അന്തര്‍ബഹിരിന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ളവനായിരിക്കണം. മറ്റു പല അദ്ധ്യാത്മധര്‍മ്മങ്ങളിലും നിലയുറച്ചവനായിരിക്കണം.
ബാഹ്യേന്ദ്രിയങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന കാണത്തക്ക കാരണങ്ങളാണ്. അന്തരിന്ദ്രിയങ്ങള്‍ അപ്രത്യക്ഷങ്ങളാണ്. നമുക്കു ബാഹ്യങ്ങളായ ചക്ഷുഃശ്രോത്രനാസാദികളുണ്ട്. അവയ്ക്കനുസരിച്ച അന്തരിന്ദ്രിയങ്ങളുമുണ്ട്. നാം സദാ ഈ രണ്ടുകൂട്ടം ഇന്ദ്രിയങ്ങളുടെയും ആംഗ്യവും ആഹ്വാനവും പാര്‍ത്തിരിക്കയാണ്. ഇന്ദ്രിയങ്ങള്‍ക്കനുസരിച്ചാണ് ഇന്ദ്രിയാര്‍ത്ഥങ്ങള്‍. ഇന്ദ്രിയാര്‍ത്ഥങ്ങളേതെങ്കിലും അടുത്തുള്ളപക്ഷം അവയെ ഗ്രഹിക്കാന്‍ ഇന്ദ്രിയങ്ങള്‍ നമ്മെ നിര്‍ബ്ബന്ധിക്കയായി. നമുക്കു സ്വേച്ഛയോ സ്വാതന്ത്യ്രമോ ഇല്ല. ഇതാ വലിയ മൂക്ക്. അല്പം സുഗന്ധം ഇവിടെയുണ്ട്. എനിക്കതു മണക്കണം. ദുര്‍ഗന്ധമാണെങ്കില്‍ ഞാന്‍ സ്വയം പറയും: ‘ഇതു മണക്കരുത്.’ എന്നാല്‍ പ്രകൃതി പറയും: ‘മണക്ക്,’ ഞാന്‍ മണക്കയും വേണം. ഞാനെന്തായിത്തീര്‍ന്നെന്ന് ഒന്നു വിചാരിക്കുക! നാം നമ്മെ കെട്ടിക്കഴിഞ്ഞു. എനിക്കു കണ്ണുകളുണ്ട്. നടക്കുന്നതെന്തും, നല്ലതും ചീത്തയും ഞാന്‍ കാണണം. കേള്‍വിയെസ്സംബന്ധിച്ചും ഇങ്ങനെതന്നെ. അരോചകമായി ആരെങ്കിലും എന്നോടു പറഞ്ഞാന്‍ ഞാനതു കേള്‍ക്കണം. അതു ചെയ്യാന്‍ എന്റെ ശ്രവണേന്ദ്രിയം എന്നെ നിര്‍ബ്ബന്ധിക്കുന്നു. എന്നിട്ട് എത്രയോ കഷ്ടത എനിക്കു തോന്നുന്നു! ശാപമായാലും സ്തുതിയായാലും മനുഷ്യന്നു കേട്ടേ തീരൂ. സാധാരണ ഒന്നും കേള്‍ക്കാത്ത ബധിരന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ അവരെപ്പറ്റി എന്തും അവര്‍ എപ്പോഴും കേള്‍ക്കുന്നു!
ഈ ഇന്ദ്രിയങ്ങളെല്ലാം, ബാഹ്യവും ആഭ്യന്തരവും ശിഷ്യന്റെ ശിക്ഷണത്തിലായിരിക്കണം. തീവ്രമായ അഭ്യാസംകൊണ്ട് ഇന്ദ്രിയങ്ങള്‍ക്കെതിരെ, പ്രകൃതിശാസനയ്ക്കെതിരെ, മനസ്സിനെ മികപ്പിക്കാവുന്ന ഒരു നിലയില്‍ അയാള്‍ എത്തേണ്ടതുണ്ട്. അയാള്‍ക്കു മനസ്സിനോട് ഇങ്ങനെ പറയാന്‍ കഴിയണം. ‘നീ എന്റേതാണ്. ഞാന്‍ ശാസിക്കുന്നു. ഒന്നും കാണരുത്,കേള്‍ക്കരുത്.’ പിന്നെ മനസ്സ് ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യില്ല- ഒരു രൂപവും ശബ്ദവും മനസ്സിന്റെമേല്‍ പ്രതികരിക്കില്ല. ആ നിലയില്‍ മനസ്സ് ഇന്ദ്രിയങ്ങളുടെ അധീശതയില്‍നിന്നും മുക്തനാകുന്നു. അവയില്‍ നിന്നു വേര്‍പെട്ടുകഴിഞ്ഞു. പിന്നെയൊട്ടും അത് ഇന്ദ്രിയങ്ങളോടും ശരീരത്തോടും ആസക്തമല്ല. ബാഹ്യവിഷയങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിനെ ശാസിക്കാന്‍ കഴിവില്ല. മനസ്സ് അവയോടൊട്ടാന്‍ കൂട്ടാക്കുന്നില്ല. അരിയ പരിമളമുണ്ടവിടെ. ശിഷ്യന്‍ മനസ്സിനോടു പറയുന്നു. ‘മണക്കരുത്.’ മനസ്സ് പരിമളത്തെ ഗ്രഹിക്കുന്നുമില്ല. ആ നിലയിലെത്തിയാല്‍ നിങ്ങള്‍ ഏതാണ്ടു ശിഷ്യനാകാന്‍ തുടങ്ങുകയായി. അതുകൊണ്ടാണ് എല്ലാവരും ‘എനിക്കു സത്യമറിയാം’ എന്നു പറയുമ്പോള്‍ ഞാന്‍ പറയുന്നത്: ‘നിങ്ങള്‍ക്കു സത്യമറിയാമെങ്കില്‍ നിങ്ങള്‍ക്ക് ആത്മസംയമം ഉണ്ടായിരിക്കണം. ആത്മസംയമമുണ്ടെങ്കില്‍ അത് ഇന്ദ്രിയസംയമംകൊണ്ടു കാണിക്കൂ.’
അടുത്തതായി മനസ്സ് അടക്കിയൊതുക്കണം. അതു പുറത്തേക്കു പായുകയാണ്. ഞാന്‍ ധ്യാനിക്കാനിരിക്കുമ്പോഴേക്കു ലോകത്തിലെ നീചതമവിഷയങ്ങളെല്ലാം പൊങ്ങിവരുകയായി. സംഗതിയാകെ ബീഭത്സം. മനസ്സു ചിന്തിക്കേണ്ടെന്നു ഞാന്‍ വെച്ചിട്ടുള്ള ചിന്തകളെ മനസ്സു ചിന്തിക്കുന്നതെന്തിന്? ഞാന്‍ മനസ്സിന്റെ അടിമപോലെയാണ്. മനസ്സ് അസ്വസ്ഥവും നിയന്ത്രണാതീതവുമായിരിക്കുന്ന കാലത്തോളം അദ്ധ്യാത്മജ്ഞാനം സാധ്യമേ അല്ല. ശിഷ്യന്‍ മനോനിയന്ത്രണം ശീലിക്കണം. അതേ, വിചാരം മനസ്സിന്റെ തൊഴിലാണ്. പക്ഷേ ശിഷ്യനു വേണ്ടെങ്കില്‍ മനസ്സു ചിന്തിച്ചുപോകരുത്. അയാള്‍ ആജ്ഞാപിക്കുമ്പോള്‍ അതു വിചാരം നിര്‍ത്തണം. ശിഷ്യന്റെ യോഗ്യത കിട്ടാന്‍ ഈ മനഃസ്ഥിതി അത്യാവശ്യമാണ്.
കൂടാതെ, ശിഷ്യനു വലിയ സഹനശക്തി വേണം. നിങ്ങളുടെ കാര്യമൊക്കെ നന്നായി നടക്കുമ്പോള്‍ ജീവിതം സുഖമെന്നു തോന്നും. മനസ്സു സുചരിതമെന്നും കാണാം. എന്നാല്‍ വല്ലതുമൊന്നു പിഴച്ചു പോയാല്‍ നിങ്ങളുടെ മനസ്സിനു സമനില തെറ്റി. അതു നന്നല്ല. മുറിവിന്റെ ഒരു പിറുപിറുക്കലും കൂടാതെ, അസുഖത്തിന്റെ ഒരു ചിന്തയും കൂടാതെ, എതിരോ പരിഹാരമോ പ്രതികാരമോ നിനയ്ക്കാതെ തിന്മയും കഷ്ടവുമെല്ലാം സഹിക്കുക. അതാണ് ശരിയായ തിതിക്ഷ. അതു നിങ്ങള്‍ സമ്പാദിക്കയും വേണം.
നന്മയും തിന്മയും എപ്പോഴും ഈ ലോകത്തിലുണ്ട്. എന്തെങ്കിലും തിന്മയുണ്ടെന്നുതന്നെ വളരെപ്പേര്‍ മറക്കുന്നു, മറക്കാന്‍ ശ്രമിക്കയെങ്കിലും ചെയ്യുന്നു. തിന്മ വരുമ്പോള്‍ അവര്‍ അടിഞ്ഞുപോകുന്നു, അവര്‍ക്കു കയ്ക്കുന്നു. വേറേ ചിലരുണ്ട്, അവര്‍ തിന്മയുടെ ഉണ്മയെത്തന്നെ നിഷേധിക്കുന്നു. എല്ലാം നല്ലതെന്നു കരുതുകയും ചെയ്യുന്നു. അതും ദൌര്‍ബ്ബല്യമാണ്. അതു തിന്മയെക്കുറിച്ചുള്ള പേടിയില്‍നിന്നാണ് പുറപ്പെടുന്നത്. വല്ലതും ദുര്‍ഗന്ധിയാണെങ്കില്‍ അതിന്മേല്‍ പനിനീര്‍ തളിച്ച് അതിനെ സുഗന്ധിയെന്നു വിളിക്കുന്നതെന്ത്? അതേ, ഈ ലോകത്തില്‍ നന്മയും തിന്മയുമുണ്ട്-ഈശ്വരന്‍ ലോകത്തില്‍ തിന്മ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിങ്ങളവനെ വെള്ളയടിക്കേണ്ടതില്ല. എന്തേ തിന്മയുള്ളത് എന്ന് നിങ്ങള്‍ വ്യഗ്രതപ്പെടേണ്ട. ദയവുചെയ്തു വിശ്വസിച്ചിട്ട് അടങ്ങിയിരിക്കുക.
എന്റെ ഗുരുനാഥന്‍, ശ്രീരാമകൃഷ്ണന്‍, രോഗംപിടിച്ചു കിടപ്പായപ്പോള്‍, അവിടുത്തെ ഗംഭീരമനഃശക്തിയുപയോഗിച്ചു സ്വരോഗം ശമിപ്പിക്കണമെന്ന് ഒരു ബ്രാഹ്മണന്‍ അവിടുത്തോട് അഭിപ്രായപ്പെട്ടു. രുഗ്ണമായ ശരീരഭാഗത്തു മനസ്സു സംയമം ചെയ്താല്‍ മതി, രോഗം ശമിക്കുമെന്നയാള്‍ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ മറുപടി പറഞ്ഞു: ‘‘എന്ത്! ഈശ്വരനര്‍പ്പിച്ച മനസ്സ് ഈ ചെറുശരീരത്തിലേക്കു താഴ്ത്തിക്കൊണ്ടുവരികയോ!’’ ദേഹത്തേയും രോഗത്തേയും വിചാരിക്കാന്‍ അവിടുന്നു കൂട്ടാക്കിയില്ല. അവിടുത്തെ മനസ്സു തുടരെ ഈശ്വരബോധമുള്ളതായിരുന്നു. അതു തികച്ചും ഈശ്വരാര്‍പ്പണം ചെയ്തതാണ്. മറ്റൊരു കാര്യത്തിനും അവിടുന്നതുപയോഗിക്കില്ല.
നല്ലതെന്നു ചൊല്ലുള്ള ആയുരാരോഗ്യസമ്പദാദികള്‍ക്കുവേണ്ടിയുള്ള തൃഷ്ണ വെറും ഭ്രമംമാത്രം. അവയെ സമ്പാദിക്കാന്‍ അവയ്ക്കു മനസ്സര്‍പ്പിക്കുന്നതു ഭ്രമത്തെ ബലപ്പെടുത്തുകയേ ഉള്ളൂ. ഈ സ്വപ്നങ്ങളും ഭ്രമങ്ങളും ജീവിതത്തിലുണ്ട്. വരും ജന്മത്തില്‍, സ്വര്‍ഗ്ഗത്തില്‍, നമുക്കവ കുറേക്കൂടെ വേണം. കൂടുതല്‍ കൂടുതല്‍ ഭ്രമം. തിന്മയെ എതിര്‍ക്കരുത്. അതിനെ നേരിടുക. നിങ്ങള്‍ തിന്മയെക്കാള്‍ ഉയര്‍ന്നതാണ്.
ഈ കഷ്ടം ലോകത്തിലുണ്ട്. ആരാനൊരുവന്‍ ഇതു സഹിക്കണം. വേറൊരുവനു തിന്മയുണ്ടാക്കാതെ നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചുകൂടാ. നിങ്ങള്‍ ലോകത്തിലെ നന്മ തേടുമ്പോള്‍ ഒരു തിന്മയെ ഒഴിവാക്കുകമാത്രമാണ്. അതു വേറാരെങ്കിലും സഹിക്കണം. ഓരോരുത്തനും അതു വേറാരുടെയെങ്കിലും ചുമലിലിടാന്‍ നോക്കുകയാണ്. ശിഷ്യന്‍ പറയുന്നു: ‘ലോകത്തിലെ കഷ്ടങ്ങള്‍ എന്നില്‍ വരട്ടെ. ഞാന്‍ അതെല്ലാം സഹിച്ചുകൊള്ളാം. മറ്റുള്ളവര്‍ മുക്തരാകട്ടെ.’
കുരിശിലെ മനുഷ്യനെ ഓര്‍ക്കുന്നോ? അവിടുത്തേയ്ക്കു വിജയിക്കാന്‍ ദേവസേനകളെ കൊണ്ടുവരാമായിരുന്നു. എങ്കിലും അവിടുന്നെതിര്‍ത്തില്ല. അവിടുത്തെ ക്രൂശിച്ചവരെ അവിടുന്നനുശോചിച്ചു. സര്‍വ്വലോകഭാരവും അവിടുന്നു സ്വയം ഏറ്റെടുത്തു. ‘പണിപ്പെടുന്നവരും ഭാരം പേറി വലഞ്ഞവരുമായ നിങ്ങളെല്ലാം എങ്കലേയ്ക്കു വരുവിന്‍. ഞാന്‍ നിങ്ങള്‍ക്കു വിശ്രമം തരാം.’ അതാണ് സത്യമായ സഹനം. അവിടുന്ന് ഈ ജീവിതത്തിനുമേലെ എത്രയോ വളരെ ഉയരെയായിരുന്നു. നമുക്ക്, അടിമകളായ നമുക്ക്, മനസ്സിലാക്കാനാവാത്തത്ര ഉയരെ! എന്റെ ചെകിട്ടത്തൊരുത്തന്‍ അടിക്കേണ്ട താമസം, എന്റെ കൈ തിരിച്ചടിക്കയായി. ഠേ-ന്ന് അതു ചെല്ലുകയായി! ആ വാഴ്ത്തപ്പെടുന്നവന്റെ മഹിമയും ദിവ്യതയും ഞാനെങ്ങനെ മനസ്സിലാക്കാന്‍? അതിന്റെ മഹിമ ഞാനെങ്ങനെ കാണാന്‍?
എങ്കിലും ഞാന്‍ ആദര്‍ശത്തെ വലിച്ചു താഴ്ത്തില്ല. ഞാന്‍ ശരീരമാണ്. തിന്മയെ എതിര്‍ക്കയാണ് എന്നെനിക്കു തോന്നുന്നു. എനിക്കു തലവേദന വന്നാല്‍ അതു ഭേദമാക്കാന്‍ ലോകമാകെ തെണ്ടും. രണ്ടായിരം കുപ്പി മരുന്നു കുടിക്കും. ഞാനെങ്ങനെയാണ് ഈ അത്ഭുതമനസ്സുകളെ അറിയുക? എനിക്കാദര്‍ശം കാണാം. എന്നാല്‍, ആ ആദര്‍ശത്തിന്റെ എത്രമാത്രം? ശരീരം, ചെറിയ ഞാന്‍. ഇതിന്റെ സുഖദുഃഖങ്ങള്‍, ഇതിന്റെ മുറിവുകളും സൌകര്യങ്ങളും-ഇവയിലൊന്നിനെക്കുറിച്ചുള്ള ബോധത്തിനും ആ അന്തരീക്ഷത്തിലേയ്ക്കെത്തിക്കൂടാ. ചൈതന്യത്തെക്കുറിച്ചുമാത്രം ചിന്തിച്ചും മനസ്സിനെ സദാ ജഡത്തില്‍നിന്നു പുറത്തു നിര്‍ത്തിയും കൊണ്ടേ ആ ആദര്‍ശത്തിന്റെ ഒരു ഈര്‍ഷദ്ദര്‍ശനം എനിക്കു കിട്ടാന്‍ കഴിയൂ. ഭൌതികചിന്തയ്ക്കും ഇന്ദ്രിയലോകത്തിന്റെ രൂപങ്ങള്‍ക്കും ആ ആദര്‍ശത്തില്‍ സ്ഥാനമില്ല. അവ ദൂരെക്കളഞ്ഞു മനസ്സിനെ ചൈതന്യത്തിലര്‍പ്പിക്കുക. നിങ്ങളുടെ ജീവിതവും മരണവും, നിങ്ങളുടെ സുഖവും ദുഃഖവും. നിങ്ങളുടെ പേരും പെരുമയും മറക്കുക. നിങ്ങള്‍ ശരീരമോ മനസ്സോ അല്ല, ശുദ്ധചൈതന്യമാണെന്നു സാക്ഷാല്‍ക്കരിക്കുക.
‘ഞാന്‍’ എന്നു പറയുമ്പോള്‍ ഈ ചൈതന്യമെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ കണ്ണടച്ചു ‘ഞാന്‍’ എന്നു വിചാരിക്കുമ്പോള്‍ എന്തു ചിത്രം വെളിപ്പെടുന്നെന്നു നോക്കുക. നിങ്ങളുടെ ശരീരത്തിന്റെ ചിത്രമാണോ വരുന്നത്? അതോ മാനസപ്രകൃതിയുടെയോ? എങ്കില്‍ നിങ്ങള്‍ക്കിനിയും നിങ്ങളുടെ യഥാര്‍ത്ഥ ‘ഞാന്‍ ’സാക്ഷാല്‍കൃതമാമായിട്ടില്ല. എങ്ങനെയെങ്കിലും ‘ഞാന്‍’ എന്നു പറയുന്ന മാത്രയില്‍ വിശ്വത്തെ, അനന്തസത്തയെ, കാണുന്ന ആ കാലംവരും. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സത്യമായ ‘അഹ’ത്തെ സാക്ഷാല്‍ക്കരിച്ചിരിക്കും. നിങ്ങള്‍ അനന്തനെന്നു കണ്ടിരിക്കും. അതാണ് സത്യം. നിങ്ങള്‍ ചൈതന്യമാണ്. നിങ്ങള്‍ ജഡമല്ല. ഭ്രമമെന്നൊരു സംഗതിയുണ്ട്-അതില്‍ ഒന്നിനുപകരം മറ്റൊന്നാണ് കാണുക-ചൈതന്യത്തിനുപകരം ജഡവും ആത്മാവിനു പകരം ശരീരവും. അതാണ് ഭയങ്കരഭ്രമം. അതുപോകതന്നെ വേണം.
അടുത്ത യോഗ്യത, ശിഷ്യനു ഗുരുവില്‍ ശ്രദ്ധ (വിശ്വാസം) വേണമെന്നാണ്. പടിഞ്ഞാറ് ഗുരു കേവലം ബുദ്ധിപരമായ ജ്ഞാനം നല്‍കുന്നു, അത്രതന്നെ. ഗുരുവിനോടുള്ളതാണ് ജീവിതത്തിലെ മഹത്തമബന്ധം. ജീവിതത്തില്‍ എനിക്ക് ഏറ്റവും അരുമപ്പെട്ടതും അടുത്തതുമായ ബന്ധു എന്റെ ഗുരുവാണ്. പിന്നെ അമ്മ, പിന്നെ അച്ഛന്‍. എന്റെ ആദ്യത്തെ ആദരവു ഗുരുവിനോടാണ്. ‘ഇതു ചെയ്യൂ’ എന്ന് എന്റെ അച്ഛന്‍ പറയുന്നു. ‘ഇതു ചെയ്യരുത്’ എന്ന് എന്റെ ഗുരുവും. എങ്കില്‍ ഞാന്‍ അതു ചെയ്യില്ല. ഗുരു എന്റെ ആത്മാവിനെ മോചിപ്പിക്കുന്നു. അച്ഛനും അമ്മയും എനിക്കീശരീരം തരുന്നു. ഗുരു, എനിക്ക് ആത്മാവില്‍ പുനര്‍ജന്മം തരുന്നു.
ഞങ്ങള്‍ക്കു ചില വിശ്വാസവിശേഷങ്ങളുണ്ട്. അതിലൊന്ന് ഇതാണ്. ചില ആത്മാക്കളുണ്ട്, ചുരുക്കം ചില അസാധാരണന്മാര്‍-അവര്‍ ലോകത്തിന്റെ നന്മയ്ക്കും തുണയ്ക്കുമായി ഇവിടെ ജനിക്കും. അവര്‍, നേരത്തേതന്നെ സ്വതന്ത്രരാകയാല്‍, സ്വവിമുക്തികാമരല്ല. അവര്‍ക്ക് മറ്റുള്ളവരെ സഹായിക്കണം. അവരെ ഒന്നു പഠിപ്പിക്കേണ്ടതില്ല. ബാല്യംമുതല്‍ക്കേ അവര്‍ക്കെല്ലാം അറിയാം. ആറുമാസമായ ശിശുക്കളായിരിക്കെപ്പോലും അവര്‍ ആശ്ചര്യസത്യങ്ങള്‍ പറഞ്ഞേക്കാം.
ഈ മുക്താത്മാക്കളെ ആശ്രയിച്ചിരിക്കുന്നു, മാനവജാതിയുടെ അധ്യാത്മപുഷ്ടി. മറ്റു വിളക്കുകള്‍ കൊളുത്താനുള്ള ആദിദീപംപോലെയാണവര്‍. ഏവനിലും വെളിച്ചമുണ്ടെന്നതു സത്യംതന്നെ. എന്നാല്‍ പലരിലും അതു മറഞ്ഞിരിക്കുന്നു. ആദിതൊട്ടുജ്ജ്വലിക്കുന്ന ദീപങ്ങളാണ് മഹാത്മാക്കള്‍. അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് സ്വന്തം ദീപം ദീപ്തമായിക്കിട്ടുന്നു എന്നു പറയാം. ഇതുകൊണ്ട് ആദിദീപത്തിനു ചേതമൊന്നുമില്ല. എങ്കിലും അത് അന്യദീപങ്ങള്‍ക്കു സ്വപ്രകാശമരുളുന്നു. ദശലക്ഷം വിളക്കുകള്‍ കൊളുത്തി വെളിച്ചത്തിനൊരു കുറവുമില്ലാതെ ആദ്യത്തെ വിളക്കു വിളങ്ങിക്കൊണ്ടേ ഇരിക്കുന്നു. ആദിദീപമാണ് ഗുരു. അതില്‍നിന്നു കൊളുത്തിയ വിളക്കു ശിഷ്യന്‍. രണ്ടാമത്തേത്, അതിന്റെ മുറയ്ക്ക്, ഗുരുവായിവരുന്നു. അതങ്ങനെ പോകുന്നു, ഈശ്വരാവതാരങ്ങളെന്നു നിങ്ങള്‍ വിളിക്കുന്ന ഈ മഹാപുരുഷന്മാര്‍ അധ്യാത്മമഹാമല്ലന്മാരാണ്. അവര്‍ വന്ന്, തങ്ങളുടെ അടുത്ത ശിഷ്യരിലേയ്ക്കും അവരിലൂടെ ശിഷ്യപരമ്പരയിലേക്കും സ്വശക്തി സംക്രമിപ്പിച്ച് അതിഗംഭീരമായ ഒരു അധ്യാത്മധാരയെ ഒഴുക്കിവിടുന്നു.
ക്രിസ്ത്യന്‍ പള്ളിയിലെ ഒരു ബിഷപ്പു മുന്‍ബിഷപ്പില്‍നിന്നു തനിക്കു കൈവന്നെന്നു വെച്ചിട്ടുള്ള ശക്തി, കൈവെച്ചു പകര്‍ന്നുകൊടുക്കുന്നതായി അവകാശപ്പെടുന്നു. യേശുക്രിസ്തു സ്വശക്തി അവിടുത്തെ ശിഷ്യന്മാരിലേക്കും അവര്‍ മറ്റുള്ളവരിലേയ്ക്കും പകര്‍ന്നെന്നു ബിഷപ്പു പറയുന്നു. അങ്ങനെയാണ് ക്രിസ്തുവിന്റെ ശക്തി ബിഷപ്പിലേക്കു വന്നത്. ഞങ്ങളുടെ സിദ്ധാന്തം നമുക്കെല്ലാവര്‍ക്കും അത്തരം ശക്തി വേണമെന്നാണ്. ബിഷപ്പുമാര്‍ക്കു മാത്രമല്ല. നിങ്ങളിലോരോരുത്തനും അത്തരം ആദ്ധ്യാത്മികമഹാശക്തിയുടെ വാഹകനാകാന്‍ കഴിയാതിരിക്കേണ്ട ഒരു കാരണവുമില്ല.
എന്നാല്‍ ആദ്യം ഒരു ഗുരുവിനെ കണ്ടെത്തണം. ഒരു യഥാര്‍ത്ഥ ഗുരുവിനെ. അവിടുന്നു വെറുമൊരു മനുഷ്യനല്ലെന്ന് ഓര്‍മ്മവേണം. ദേഹത്തിലുള്ള ഒരു ഗുരുവിനെ കിട്ടിയേയ്ക്കാം. എന്നാല്‍ യഥാര്‍ത്ഥ ഗുരു ദേഹത്തിലല്ല. അവിടുന്നു ശാരീരികമനുഷ്യനല്ല. നിങ്ങളുടെ കണ്ണുകള്‍ക്കു വെളിപ്പെടുംപോലെയല്ല അവിടുന്ന്. ഗുരു ഒരു മനുഷ്യനായി നിങ്ങളുടെ അടുത്തു വരുമായിരിക്കാം. അവിടെനിന്നു നിങ്ങള്‍ ശക്തി കൈവരിക്കയും ചെയ്യും. ചിലപ്പോള്‍ അവിടുന്നു സ്വപ്നത്തില്‍ വന്നു ലോകത്തിനു കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കും. ഗുരുശക്തി പലവിധത്തിലും നമുക്കു കൈവരാം. എന്നാല്‍, സാധാരണമര്‍ത്ത്യരായ നമുക്കു ഗുരു വരണം, അവിടുന്നു വരുന്നതുവരെ ഒരുക്കം തുടര്‍ന്നു നടക്കയും വേണം.
നാം ഈശ്വരനെയും ആത്മാവിനെയും മതത്തെയും മോക്ഷത്തെയും പറ്റി പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. വാദിക്കുന്നു. വിവദിക്കുന്നു. ഇവ ആദ്ധ്യാത്മികതയല്ല. എന്തെന്നാല്‍, ആദ്ധ്യാത്മികത പുസ്തകങ്ങളിലോ സിദ്ധാന്തങ്ങളിലോ തത്ത്വചിന്തകളിലോ ഇരിപ്പില്ല. അതു പഠിപ്പിലും വാദത്തിലുമല്ല. വാസ്തവത്തിലുള്ള അകവളര്‍ച്ചയിലാണ്. തത്തകള്‍ക്കും സംഗതികള്‍ മനഃപാഠമാക്കാം. ആവര്‍ത്തിക്കയും ചെയ്യാം. നിങ്ങള്‍ പണ്ഡിതനായാല്‍, അതുകൊണ്ടെന്ത്? കഴുതകള്‍ക്കു ഗ്രന്ഥശാലകള്‍ മുഴുവന്‍ ചുമക്കാം. അതുകൊണ്ട്,യഥാര്‍ത്ഥ പ്രകാശം വരുമ്പോള്‍ പിന്നെ ഈ പുസ്തകപ്പഠിപ്പൊന്നുമില്ല. സ്വന്തം പേരുപോലും എഴുതാനറിഞ്ഞുകൂടാത്തവന്നു തികച്ചും മതനിഷ്ഠനാവാം. ലോകത്തിലെ സകല ഗ്രന്ഥശാലകളും തലയിലുള്ള മനുഷ്യന്‍ ആയില്ലെന്നും വരാം. പഠിപ്പ് ആത്മീയവളര്‍ച്ചയ്ക്കുള്ള ഒരു വ്യവസ്ഥയല്ല. പാണ്ഡിത്യം ഒരു വ്യവസ്ഥയല്ല. ഗുരുവിന്റെ സ്പര്‍ശം, ആദ്ധ്യാത്മികശക്തിയുടെ സംക്രമണം, നിങ്ങളുടെ ഹൃദയത്തെ ത്വരിപ്പിക്കും. അപ്പോള്‍ തുടങ്ങും വളര്‍ച്ച. അതാണ് അഗ്നി (വിശുദ്ധചൈതന്യം)കൊണ്ടുള്ള യഥാര്‍ത്ഥ (ജ്ഞാന) സ്നാനം. പിന്നെ വിരാമമില്ല. നിങ്ങള്‍ മുന്നോട്ടു പോകുന്നു, മുന്നോട്ടേ പോകുന്നു.
ഏതാനും കൊല്ലംമുമ്പ് നിങ്ങളുടെ ക്രിസ്ത്യന്‍-ഉപദേശിമാരിലൊരാള്‍, എന്റെ ഒരു സ്നേഹിതന്‍, പറഞ്ഞു: ‘നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുവോ?’ ‘ഉവ്വ്’ ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍, പക്ഷേ കുറച്ചധികം ആദരവോടെ ‘എങ്കില്‍ എന്തുകൊണ്ടു (ജ്ഞാന)സ്നാനം ചെയ്യുന്നില്ല?’ ഞാന്‍ എങ്ങനെ സ്നാതനാകാന്‍? എനിക്കു യഥാര്‍ത്ഥസ്നാനം നല്‍കാനാവുന്നവനെവിടെ? എന്താണ് സ്നാനം? ചില മന്ത്രങ്ങള്‍ പിറുപിറുത്തുകൊണ്ട് നിങ്ങളുടെ മേല്‍ വെള്ളം തളിക്കലോ നിങ്ങളെ വെള്ളത്തില്‍ മുക്കലോ ആണോ സ്നാനം?
ജീവിതത്തില്‍ ചൈതന്യത്തെ നേരിട്ടവതരിപ്പിക്കുന്നതാണ് സ്നാനം. യഥാര്‍ത്ഥസ്നാനം കിട്ടിയാല്‍ നിങ്ങള്‍ ദേഹമല്ല, ചൈതന്യമാണെന്നറിയും. കഴിയുമെങ്കില്‍ എനിക്ക് ആ സ്നാനം നല്‍കുക. ഇല്ലെങ്കില്‍ നിങ്ങള്‍ ക്രിസ്ത്യരല്ല. സ്നാനമെന്നു ചൊല്ലുള്ള അതു കിട്ടിയിട്ടും നിങ്ങള്‍ അങ്ങനെതന്നെ ഇരുപ്പാണ്. ക്രിസ്തുവിന്റെ നാമത്തില്‍ സ്നാതരായെന്നു വെറുതേ പറയുന്നതിന്റെ പൊരുളെന്ത്? വെറും പറച്ചില്‍, പറച്ചില്‍-എന്നും നിങ്ങളുടെ വിഡ്ഢിത്തം കൊണ്ട് ലോകത്തിന്റെ സ്വൈരം കെടുത്തുന്നു! ‘എന്നും അജ്ഞാനമാകുന്ന അന്ധകാരത്തിലാണ്. എന്നിട്ടും തങ്ങള്‍ ബുദ്ധിമാന്മാരും പണ്ഡിതന്മാരുമെന്നു സ്വയം മാനിച്ച്, കുരുടന്‍ നടത്തുന്ന കുരുടനെപ്പോലെ വിഡ്ഢികള്‍ അങ്ങിങ്ങിടറി ചുറ്റിത്തിരിഞ്ഞു പോകയാണ്.’* അതുകൊണ്ട് നിങ്ങള്‍ ക്രിസ്ത്യരാണെന്നു പറയരുത്.സ്നാനത്തെയും മറ്റും പറ്റി വീമ്പിളക്കരുത്.
സത്യമായ സ്നാനമുണ്ടല്ലോ. ആദിയിലുണ്ടായിരുന്നുതാനും, ക്രിസ്തു ഭൂമിയില്‍ വന്നുപദേശിച്ചപ്പോള്‍. കൂടെക്കൂടെ ലോകത്തില്‍ വരുന്ന പ്രദീപ്താത്മാക്കള്‍ക്ക്, മഹാപുരുഷന്മാര്‍ക്ക്, ഉത്തമലോകദര്‍ശനം നമുക്കു വെളിപ്പെടുത്തിത്തരാന്‍ ശക്തിയുണ്ട്. ഇതാണ് സത്യമായ സ്നാനം. ഒരോ മതത്തിന്റെയും മന്ത്രങ്ങള്‍ക്കും കര്‍മ്മകലാപങ്ങള്‍ക്കുംമുമ്പ് വിശ്വസത്യത്തിന്റെ ബീജമുണ്ടെന്നു നിങ്ങള്‍ കാണുന്നുവല്ലോ. കാലക്രമേണ ഈ സത്യം വിസ്മൃതമാകുന്നു. രൂപങ്ങളും കര്‍മ്മകലാപങ്ങളും അതിനെ ശ്വാസംമുട്ടിച്ചു കൊന്ന മട്ടായിത്തീരുന്നു. രൂപങ്ങള്‍ ശേഷിപ്പുണ്ട്-ചൈതന്യം മുഴുവന്‍ പോയ ശവപ്പെട്ടി അവിടെക്കാണാം. സ്നാനരൂപം നിങ്ങള്‍ക്കുണ്ട്. സ്നാനത്തിന്റെ സജീവചൈതന്യത്തെ ആഹ്വാനം ചെയ്യാവുന്നവര്‍ ചുരുക്കമാണ്. രൂപം മതിയാവില്ല. സജീവസത്യത്തിന്റെ സജീവജ്ഞാനം വേണമെങ്കില്‍ നാം അതില്‍ സത്യമായും ആദ്യമായും ഉപദിഷ്ടരാകണം. അതാണാദര്‍ശം.
ഗുരു എന്നെ ഉപദേശിക്കണം. വെളിച്ചത്തിലേക്ക് എന്നെ നയിക്കണം. അവിടുന്നുതന്നെ ഒരു കണ്ണിയായുള്ള ചങ്ങലയില്‍ എന്നെ ഒരു കണ്ണിയാക്കണം. തെരുവിലെ ഏതൊരുവനും ഗുരുവാണെന്നവകാശപ്പെട്ടുകൂടാ. ദിവ്യസത്യത്തെ അറിഞ്ഞവന്‍, സത്യമായി സാക്ഷാല്‍ക്കരിച്ചവന്‍, ആയിരിക്കണം ഗുരു. സ്വയം ചൈതന്യമെന്നു ദര്‍ശിച്ചവനായിരിക്കണം. ഒരു വെറും പ്രഭാഷകന്നു ഗുരുവാകാന്‍ വയ്യ. എന്നെപ്പോലെ ഒരു വായാടിവിഡ്ഢിക്കു വളരെ പറയാം. എന്നാല്‍ ഗുരുവായിക്കൂടാ. ‘പോകൂ, ഇനി പാപം ചെയ്യരുത്.’ എന്ന് ഒരു സദ്ഗുരു ശിഷ്യനോടു പറയും. അയാള്‍ക്കു പിന്നെ പാപം ചെയ്യാനാവില്ല-പാപം ചെയ്യാന്‍ അയാള്‍ക്കു പിന്നെ ശക്തിയില്ല.
അങ്ങനെയുള്ളവരെ ഞാന്‍ ഈ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. ഞാന്‍ ബൈബിളും അത്തരം പുസ്തകങ്ങളൊക്കെയും വായിച്ചിട്ടുണ്ട്. അവ അത്ഭുതങ്ങളാണ്. എന്നാല്‍ സജീവശക്തി നിങ്ങള്‍ക്കു പുസ്തകങ്ങളില്‍നിന്നു കിട്ടാനാവില്ല. ഒരു നിമിഷംകൊണ്ട് ജീവിതത്തിന്റെ രൂപം മാറ്റുന്ന ശക്തി ജീവിച്ചിരിക്കുന്ന പ്രദീപ്താത്മാക്കളില്‍മാത്രമേ കാണാനാവൂ. കൂടെക്കൂടെ നമ്മുടെയിടയിലാവിര്‍ഭവിക്കുന്ന ഉജ്ജ്വലദീപങ്ങളില്‍മാത്രം. അവര്‍ മാത്രമാണ് ഗുരുവാകാന്‍ അര്‍ഹന്മാര്‍. നിങ്ങളും ഞാനും വെറും പൊളള പറ-പറ, ഗുരുവല്ല. നാം സംസാരിച്ചു ലോകത്തിന്റെ സ്വൈരം ഏറെക്കെടുത്തുകയാണ്, ദുഃസ്പന്ദങ്ങളുണ്ടാക്കയാണ്. നാം ആശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നു പണിപ്പെടുന്നു. നാം സത്യത്തെ പ്രാപിക്കുന്ന ദിവസം വരും. നമുക്കു സംസാരിക്കേണ്ടിവരികയുമില്ല.
‘ഗുരു പതിനാറു വയസ്സായ യുവാവായിരുന്നു. അവിടുന്ന് ഒരെണ്‍പതുകാരനെ പഠിപ്പിച്ചു. മൌനമായിരുന്നു വ്യാഖ്യാനരീതി. ശിഷ്യന്റെ സംശയങ്ങള്‍ എന്നേയ്ക്കും മറഞ്ഞു.’* അതാണ് ഗുരു. ഒന്നു വിചാരിക്കൂ, അങ്ങനെയൊരുവനെക്കണ്ടാല്‍ അയാളോട് എത്ര ശ്രദ്ധയും പ്രേമവും നിങ്ങള്‍ക്കുണ്ടായിരിക്കണം! അതുകൊണ്ടാണ് ക്രിസ്തുശിഷ്യന്മാര്‍ അവിടുത്തെ ഈശ്വരനായാരാധിച്ചത്. ശിഷ്യന്‍ ഗുരുവിനെ ഈശ്വരന്‍തന്നെയെന്നാരാധിക്കണം. സ്വയം ഈശ്വരനെ സാക്ഷാല്‍ക്കരിക്കുംവരെ മനുഷ്യന്നാകെ അറിയാനാവുന്നത് ജീവിക്കുന്ന ഈശ്വരനെയാണ്. മനുഷ്യദേഹം പൂണ്ട ഈശ്വരനെ. അവര്‍ മറ്റെങ്ങനെ ഈശ്വരനെ അറിയും?
ഇവിടെ അമേരിക്കയില്‍ ഒരുത്തനുണ്ട്. ക്രിസ്തുവിന്നു പത്തൊമ്പതു നൂറ്റാണ്ടു പിമ്പു പിറന്നവന്‍. ക്രിസ്തുവിന്റെ ആ വംശത്തില്‍, യഹൂദവംശത്തില്‍ പോലും പെട്ടവനല്ല. അയാള്‍ യേശുവിനെയോ അവിടുത്തെ കുടുംബത്തെയോ കണ്ടിട്ടില്ല. അയാള്‍ പറകയാണ്. ‘യേശു ഈശ്വരനായിരുന്നു. നിങ്ങള്‍ അതു വിശ്വസിക്കുന്നില്ലെങ്കില്‍ നരകത്തില്‍ പോകും.’ ക്രിസ്തു ഈശ്വരനായിരുന്നെന്ന് അവിടുത്തെ ശിഷ്യന്മാര്‍ വിശ്വസിച്ചിരുന്നതെങ്ങനെയെന്നു നമുക്കു മനസ്സിലാക്കാം. അവിടുന്നവരുടെ ഗുരുവായിരുന്നു. അവിടുന്ന് ഈശ്വരനാണെന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം. എന്നാല്‍ പത്തൊമ്പതു നൂറ്റാണ്ടിനുമുമ്പു പിറന്ന ആ മനുഷ്യനുമായി ഈ അമേരിക്കന്നെന്തു കാര്യം? ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ നരകത്തില്‍ പോകേണ്ടിവരും- ഈ ചെറുപ്പക്കാരന്‍ പറകയാണ്. അയാള്‍ക്കു യേശുവിനെപ്പറ്റി എന്തറിയാം? അയാള്‍ ഒരു ഭ്രാന്താലായത്തിനു പറ്റിയവനാണ്. ഇത്തരം വിശ്വാസം പോരാ. ശിഷ്യന്‍ തന്റെ ഗുരുവിനെ കണ്ടെത്തണം.
യേശു വീണ്ടും ജനിച്ചേയ്ക്കാം. നിങ്ങളുടെ അടുത്തു വന്നേയ്ക്കാം. അപ്പോള്‍, നിങ്ങള്‍ അവിടുത്തെ ഈശ്വരനായാരാധിക്കുന്നെങ്കില്‍ നിങ്ങള്‍ തികച്ചും ശരി. ഗുരു വരുന്നതുവരെ നാം കാക്കണം. ഗുരുവിനെ ഈശ്വരനായാരാധിക്കയും വേണം. അവിടുന്നീശ്വരനാണ്. അതില്‍ കുറഞ്ഞതൊന്നുമല്ല. നിങ്ങള്‍ അവിടുത്തെ നോക്കിയിരിക്കെ ഗുരു ക്രമേണ അലിഞ്ഞുപോകുന്നു. എന്തു ശേഷിക്കുന്നു? ഗുരുവെന്ന ചിത്രം ഈശ്വരനുതന്നെ സ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നു. നമ്മുടെയടുത്തുവരാന്‍ ഈശ്വരന്‍ അണിയുന്ന ഉജ്ജ്വലമുഖാവരണമാണ് ഗുരു. നാം തുടര്‍ന്നുനോക്കെ ക്രമേണ മുഖാവരണം വീണുപോകുന്നു. ഈശ്വരന്‍ വെളിപ്പെടുകയും ചെയ്യുന്നു.
‘ഞാന്‍ ദിവ്യാനന്ദസ്വരൂപനായ ഗുരുവിനു കുമ്പിടുന്നു. കേവലജ്ഞാനമൂര്‍ത്തിയെ, പരമസുഖം തരുന്നവനെ, ശുദ്ധനെ, പൂര്‍ണ്ണനെ, അദ്വൈതനെ, നിത്യനെ, സുഖദുഃഖ(ദ്വന്ദ്വ)ാതീതനെ, ഭാവാതീതനെ, ത്രിഗുണാതീതനെ ഞാന്‍ വണങ്ങുന്നു.’* യഥാര്‍ത്ഥത്തില്‍ ഗുരു അപ്രകാരമാണ്. ശിഷ്യന്‍ അവിടുത്തെ ഈശ്വരനായി കാണുന്നതിലും വിശ്വസിക്കുന്നതിലും ആദരിക്കുന്നതിലും അനുസരിക്കുന്നതിലും ചോദ്യമില്ലാതെ അനുവര്‍ത്തിക്കുന്നതിലും അത്ഭുതമില്ല. ഇതാണ് ഗുരുശിഷ്യബന്ധം.
ശിഷ്യന്‍ നിറവേറ്റേണ്ട അടുത്ത വ്യവസ്ഥ മോക്ഷത്തിനുള്ള തീവ്രമായ ഇച്ഛയെ ഉള്‍ക്കൊള്ളുകയാണ്.
എരിതീയില്‍ അതു നമ്മെ ചുടുമെന്നറിഞ്ഞുകൊണ്ട് പ്രവേശിക്കുന്ന ശലഭങ്ങളെപ്പോലെയാണ് നാം. ഇന്ദ്രിയങ്ങള്‍ നമ്മെ ചുടുകയേ ഉള്ളൂ, അവ നമ്മുടെ കാമങ്ങളെ പെരുപ്പിക്കയേ ഉള്ളൂ എന്നറിഞ്ഞുകൊണ്ടുതന്നെ. ഭോഗംകൊണ്ടു കാമം ഒരിക്കലും സംതൃപ്തമാകുന്നില്ല. ഭോഗം കാമത്തെ വര്‍ദ്ധിപ്പിക്കയേ ഉള്ളു. തീയിലൊഴിച്ച വെണ്ണ തീയെ വര്‍ദ്ധിപ്പിക്കുംപോലെ. കാമം കാമംകൊണ്ടു വര്‍ദ്ധിക്കുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ട് ആളുകള്‍ പിന്നെയും അതില്‍ സദാ ചാടി മുങ്ങുന്നു. അവര്‍. ജന്മജന്മങ്ങളായി കാമവിഷയങ്ങളുടെ പിന്നാലെ കൂടിയിരിക്കയാണ്. അതിന്റെ പിന്നാലെ അത്യന്തദുഃഖവും. എന്നാലും അവര്‍ക്കു കാമം വിടാന്‍ വയ്യ. ഭയങ്കരമായ ഈ കാമബന്ധത്തില്‍നിന്ന് അവരെ വീണ്ടെടുക്കേണ്ട മതത്തെപ്പോലും അവര്‍ കാമപൂരണത്തിനുള്ള ഒരുപായമാക്കിയിരിക്കയാണ്. ദേഹേന്ദ്രിയബന്ധങ്ങളില്‍നിന്ന്, കാമദാസ്യത്തില്‍നിന്ന് വിടുവിക്കാന്‍ അവര്‍ വിരളമായേ ഈശ്വരനോടു പറയൂ. അതിനു പകരം ആയുരാരോഗ്യസമ്പത്സമൃദ്ധിക്കുവേണ്ടി അവിടുത്തോടു പ്രാര്‍ത്ഥിക്കും. ‘ഹേ ഭഗവന്‍, എന്റെ തലവേദന മാറ്റണേ, എനിക്കു കുറച്ചു പണമോ മറ്റോ തരണേ!’
കാഴ്ചവട്ടം അത്രയ്ക്കിടുങ്ങിയതും അത്ര അധഃപതിച്ചതും അത്ര മൃഗീയവും അത്ര വിചാരഹീനവുമായിരിക്കുന്നു. ആരും ഈ ദേഹത്തിനപ്പുറം യാതൊന്നും ആഗ്രഹിക്കുന്നില്ല. അഹോ! അതിന്റെ ഭയങ്കരപതനം, ഭയങ്കരക്ളേശം! എന്തിത്തിരിമാംസം, അഞ്ചിന്ദ്രിയം; ഈ ഉദരം! ശിശ്നോദരക്കൂട്ടുകെട്ടല്ലാതെ മറ്റെന്താണീ ലോകം? ദശലക്ഷക്കണക്കിനുള്ള സ്ത്രീപുരുഷന്മാരെ നോക്കൂ-അതിനുവേണ്ടിയാണവര്‍ ജീവിക്കുന്നത്. അവരില്‍നിന്ന് ഇവ എടുത്തുനീക്കുക. അവര്‍ക്ക് അവരുടെ ജീവിതം പൊള്ളയും അര്‍ത്ഥശൂന്യവും അസഹ്യവുമായിത്തോന്നും. അത്തരമാണ് നമ്മള്‍. അത്തരമാണ് നമ്മുടെ മനസ്സും. അത് ശിശ്നോദരങ്ങളുടെ വിശപ്പടക്കാനുള്ള വഴിയും കഴിവും അവിരാമം അത്യാഗ്രഹിക്കയാണ്. ഇതു സര്‍വ്വദാ നടക്കുകയാണ്. അനന്തദുഃഖവുമുണ്ട്. ഈ ശരീരതൃഷ്ണകള്‍ വെറും ക്ഷണികസുഖവും അനന്തദുഃഖവും കൈവരുത്തുന്നു. മേല്പാട അമൃതും അടിയിലാകെ വിഷവുമായ ഒരു കപ്പു കുടിക്കുന്നതുപോലെയാണിത്. എങ്കിലും നാം ഇതിനൊക്കെവേണ്ടി ഇപ്പോഴും ഇച്ഛിക്കയാണ്.
എന്തു ചെയ്യാന്‍ കഴിയും? ഇന്ദ്രിയങ്ങളുടേയും കാമങ്ങളുടേയും പരിത്യാഗംമാത്രമാണ് ഈ ക്ളേശത്തില്‍നിന്ന് ഒരു പോംവഴി. ആത്മികനാകണോ, നിങ്ങള്‍ ത്യജിക്കണം. ഇതാണ് യഥാര്‍ത്ഥപരീക്ഷ. ലോകത്തെ പരിത്യജിക്കുക, ഇന്ദ്രിയങ്ങളുടെ ഈ അസംബന്ധത്തെ. യഥാര്‍ത്ഥമായ ഒറ്റ ഇച്ഛയേയുള്ളൂ. സത്യമെന്തെന്നറിയാന്‍, ആത്മികനാവാന്‍, ഭൌതികവാദം ഇനിയില്ല. അഹങ്കാരം ഇനിയില്ല. എനിക്ക് ആത്മികനാകണം. ഇച്ഛ കരുത്തുറ്റതും കടുത്തതുമാകണം. ഒരുവനെപ്പിടിച്ച് അനങ്ങാന്‍ വയ്യാത്തവണ്ണം കൈകാലുകള്‍കെട്ടി, മേല്‍ ഒരു കഷണം എരികനല്‍ വെച്ചുകൊടുത്താല്‍ അതു തട്ടിയകറ്റാന്‍ അയാള്‍ സര്‍വ്വശക്തിയോടെ കിടന്നുപിടിക്കും. അത്തരം അത്യുത്കടമായ ഇച്ഛ. ഈ കത്തുന്ന ലോകത്തെ തട്ടിയകറ്റാനുള്ള അടക്കമില്ലാത്ത പിടയല്‍ എനിക്കുണ്ടാകുമ്പോള്‍, അപ്പോള്‍ മാത്രം ദിവ്യസത്യത്തെ ഈഷല്‍ ദര്‍ശിക്കാന്‍ എനിക്കു കാലമാകും.
എന്നെ നോക്കൂ. ഉള്ളില്‍ രണ്ടോ മൂന്നോ ഡോളറുള്ള എന്റെ കൊച്ചുപോക്കറ്റ് ബുക്ക് പൊയ്പ്പോയാല്‍ ഞാന്‍ ഇരുപതുവട്ടം വീട്ടിനകത്തു പോകും. ആ പോക്കറ്റ് ബുക്ക് കണ്ടുകിട്ടാന്‍. ഉല്‍ക്കണ്ഠ, അസ്വസ്ഥത, പരിഭ്രമം! നിങ്ങളിലൊരാള്‍ എന്നെ എതിര്‍ത്താല്‍ ഞാനത് ഇരുപതു കൊല്ലം ഓര്‍ക്കും. എനിക്കതു പൊറുക്കാനും മറക്കാനും വയ്യ. പിടയാം. അപ്രകാരം ഈശ്വരനുവേണ്ടി പിടയുന്നവരാരുണ്ട്? ‘കുട്ടികള്‍ കളിയില്‍ എല്ലാം മറക്കുന്നു. യുവാക്കള്‍ ഇന്ദ്രിയഭോഗങ്ങളുടെ പിന്നാലെ ഭ്രാന്തുപിടിച്ചവര്‍. വൃദ്ധന്മാരോ, കഴിഞ്ഞ ദുഷ്കൃതങ്ങളുടെ മേല്‍ അടയിരിക്കയാണ്.’1 അവര്‍ ഭൂതകാലഭോഗങ്ങളെ ഓര്‍ത്തുകൊണ്ടിരിക്കയാണ്-ഒരു ഭോഗത്തിനും കഴിയാത്ത കിഴവന്മാര്‍, അയവിറക്കുക-അതാണവര്‍ക്കാവുന്ന മികച്ച കൃത്യം. ഇന്ദ്രിയാര്‍ത്ഥ്യങ്ങള്‍ക്കുവേണ്ടി അഭിലഷിക്കുമ്പോഴുള്ള അതേ ഉത്കടോത്സാഹത്തോടെ ആരും ഈശ്വരനുവേണ്ടി അഭിലഷിക്കുന്നില്ല.
അവരെല്ലാം പറയുന്നുണ്ട് ഈശ്വരന്‍ സത്യമെന്ന്, യഥാര്‍ത്ഥത്തിലുള്ള ഒരേ ഒരു വസ്തുവെന്ന്. ചൈതന്യമേ ഉള്ളത്, ജഡമല്ലെന്ന്. എന്നിട്ടും അവര്‍ ഈശ്വരന്റെ പക്കല്‍നിന്നു തേടുന്നവ വിരളമായേ ചൈതന്യമാവുന്നുള്ളു. അവരെപ്പോഴും ചോദിക്കുന്നതു ഭൌതികവസ്തുക്കളാണ്. അവരുടെ പ്രാര്‍ത്ഥനകളില്‍ ജഡത്തില്‍നിന്നു വേറിട്ടു ചൈതന്യമില്ല. അധഃപതനം-അതായിത്തീര്‍ന്നിരിക്കുന്നു മതം. മുഴുവനും കാപട്യമായിത്തീരുന്നു. വത്സരങ്ങള്‍ ഉരുണ്ടേ പോകുന്നു. ആത്മീയമൊന്നും നേടുന്നുമില്ല. പക്ഷേ, മനുഷ്യന്‍ ഒന്നിനുവേണ്ടിമാത്രം വിശക്കണം, ചൈതന്യത്തിനുവേണ്ടി. എന്തെന്നാല്‍ ചൈതന്യം മാത്രമാണുള്ളത്. അതാണാദര്‍ശം. അതു നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രാപിക്ക വയ്യെങ്കില്‍ പറയൂ: ‘എനിക്കതു വയ്യ. അതാണാദര്‍ശം. എനിക്കറിയാം. ഇനിയും എനിക്കത് അനുസരിക്കാന്‍ വയ്യ.’ എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് അതല്ല. നിങ്ങള്‍ മതത്തെ നിങ്ങളുടെ താണ നിലയിലേക്ക അധഃപതിപ്പിക്കുന്നു. ചൈതന്യത്തിന്റെ പേരില്‍ ജഡത്തെ തേടുകയുമാണ്. നിങ്ങളൊക്കെ നിരീശ്വരന്മാരാണ്. ഇന്ദ്രിയങ്ങളൊഴിച്ചൊന്നിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. ‘ഇന്നയാള്‍ ഇന്നത് പറഞ്ഞു. അതിനു വല്ലതും കാണും. നമുക്കു പരീക്ഷിക്കാം. രസിക്കാം. പക്ഷേ വല്ല ഗുണവും വരും. പക്ഷേ എന്റെ ഒടിഞ്ഞ കാലു നേരെയാകും.’
രോഗികള്‍ ദയനീയരാണ്. അവര്‍ വലിയ ഈശ്വരഭക്തന്മാരാണ്. കാരണം, അവിടുത്തോടു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്ന് അവരെ അരോഗരാക്കുമെന്ന് അവരാശിക്കുന്നു. അതു തീരെ ചീത്തയാണെന്നല്ല- ആ പ്രാര്‍ത്ഥനകള്‍ സത്യങ്ങളാണെങ്കില്‍, അതു മതമല്ലെന്ന് അവര്‍ ഓര്‍ക്കുന്നുമുണ്ടെങ്കില്‍. ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നു: ‘നാലുവിധക്കാര്‍ എന്നെ ഭജിക്കുന്നു-ആര്‍ത്തനും അര്‍ത്ഥാത്ഥിയും ജിജ്ഞാസുവും ജ്ഞാനിയും.’2 അഴലിലാണ്ടവര്‍ ആശ്വാസത്തിനുവേണ്ടി ഈശ്വരനെ സമീപിക്കുന്നു. രോഗം ബാധിച്ചാല്‍, അരോഗരാകാന്‍ അവര്‍ ഈശ്വരനെ ആരാധിക്കുന്നു. ധനം നഷ്ടമായാല്‍ അതു വീണ്ടുകിട്ടാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നു. പിന്നെയുണ്ട് ചിലര്‍, അവര്‍ കാമപൂര്‍ണ്ണരാകയാല്‍ സകലവിധസാധനങ്ങളും ഈശ്വരനോടര്‍ത്ഥിക്കുന്നു. പേര്, പെരുമ, ധനം, മാനം മുതലായവ. അവര്‍ പറയും: ‘കന്യാമറിയമേ, എനിക്കു വേണ്ടതു കിട്ടിയാല്‍, ഞാന്‍ നിനക്കു വഴിപാടു തരാം. എന്റെ പ്രാര്‍ത്ഥന നീ അനുവദിച്ചാല്‍ ഞാന്‍ ഈശ്വരനെ ആരാധിക്കാം. എല്ലാറ്റിന്റെയും ഒരു പങ്കു നിനക്കു തരികയും ചെയ്യാം’ അത്രതന്നെ, ഭൌതികരല്ലാത്തവര്‍, എന്നാല്‍ ഈശ്വരനിലൊട്ടും വിശ്വാസമില്ലാത്തവര്‍, ഈശ്വരനെക്കുറിച്ചറിയാന്‍ ഭാവപ്രവണരാകുന്നു. അവര്‍ ദര്‍ശനങ്ങള്‍ പഠിക്കുന്നു, മതഗ്രന്ഥങ്ങള്‍ വായിക്കുന്നു, പ്രസംഗങ്ങള്‍ കേള്‍ക്കുന്നു, മറ്റു പലതും ചെയ്യുന്നു. അവര്‍ ജിജ്ഞാസുക്കളാണ്. ഒടുക്കാത്ത കൂട്ടര്‍ ഈശ്വരനെ ആരാധിക്കുന്നവരും അറിയുന്നവരുമാണ്. ഈ നാലുതരക്കാരും നല്ലവരാണ്. ചീത്തയല്ല. എല്ലാവരും അവിടുത്തെ ഭജിക്കുന്നു.
നമ്മളാകട്ടെ, ശിഷ്യരാവാന്‍ ശ്രമിക്കയാണ്. നമ്മുടെ മുഴുവന്‍ താല്‍പര്യവും ഉത്തമസത്യം അറികയാണ്. അത്യുച്ചമാണ് നമ്മുടെ ലക്ഷ്യം. നമ്മള്‍ സ്വയം വലിയ വാക്കുകള്‍ പറഞ്ഞിട്ടുണ്ട്- സമ്പൂര്‍ണ്ണസാക്ഷാല്‍ക്കാരം എന്നൊക്കെ. നമുക്കു വാക്കുകള്‍ക്കൊത്ത അളവിലെത്താം. നമുക്കു ചൈതന്യത്തെ ചൈതന്യത്തില്‍നിന്നു ചൈതന്യത്തില്‍ ആരാധിക്കാം. ചുവടു ചൈതന്യമാകട്ടെ. നടു ചൈതന്യമാകട്ടെ. ഒടുവും ചൈതന്യം. എങ്ങും ഒരു ലോകവും ഇല്ലായിരിക്കും. അതു പോയി ആകാശത്തില്‍ തിരിയട്ടെ. ആര്‍ വകവെയ്ക്കുന്നു? നീ ചൈതന്യത്തില്‍ നിലകൊള്ളുക! അതാണ് പ്രാപ്യം. ഇനിയും അതു പ്രാപിക്കാനാവില്ലെന്നു നമുക്കറിയാം. സാരമില്ല. നിരാശനാകരുത്, ആദര്‍ശത്തെ വലിച്ചുതാഴ്ത്തുകയുമരുത്. ശരീരത്തെക്കുറിച്ച്, സ്വയം ജഡമാണെന്ന് – മൃതവും നിഷ്പ്രഭവും അചേതനവുമായ ജഡമാണെന്ന്- നിങ്ങള്‍ എത്ര കുറച്ചു വിചാരിക്കുന്നു, സ്വയം അമൃതവും സുപ്രഭവുമായ സത്തയാണെന്ന് എത്ര കൂടുതല്‍ വിചാരിക്കുന്നു-അതാണ് പ്രധാനസംഗതി. നിങ്ങള്‍ സ്വയം അമൃതോജ്ജ്വലചൈതന്യമെന്ന് ഏറെ വിചാരിക്കുംതോറും ജഡത്തില്‍നിന്ന്, ശരീരേന്ദ്രിയങ്ങളില്‍നിന്ന്, നിര്‍മുക്തനാകാന്‍ അത്രയേറെ അത്യാഗ്രഹിക്കും. ഇതാണ് മുക്തനാകാനുള്ള ഉത്കടേച്ഛ.
ശിഷ്യത്വത്തിന് നാലാമത്തേതും അവസാനത്തേതുമായ വ്യവസ്ഥ യഥാര്‍ത്ഥവും അയഥാര്‍ത്ഥവും തമ്മിലുള്ള വിവേകമാണ്. യഥാര്‍ത്ഥമായിട്ടു ഒരു വസ്തുവേ ഉള്ളൂ- ഈശ്വരന്‍. സര്‍വ്വസമയവും മനസ്സ് ഈശ്വരനില്‍ ആകൃഷ്ടവും സമര്‍പ്പിതവുമാകണം. ഈശ്വരന്‍ വാഴുന്നു. മറ്റൊന്നും വാഴുന്നില്ല. മറ്റോരോന്നും വരികയും പോകയും ചെയ്യുന്നു. ലോകതൃഷ്ണ ഏതും ഭ്രമമാണ്. കാരണം, ലോകം അയഥാര്‍ത്ഥമാണ്. മനസ്സു കൂടുതല്‍ കൂടുതല്‍ ഈശ്വരനെക്കുറിച്ചുമാത്രം ബോധമുള്ളതാകണം. ഒടുവിലെല്ലാം യഥാര്‍ത്ഥത്തിലുള്ളപോലെ വെളിപ്പെടും-അയഥാര്‍ത്ഥമെന്ന്.
ഈ നാലു വ്യവസ്ഥകളാണ് ശിഷ്യനാകേണ്ടവന്‍ നിറവേറ്റണ്ടത്. ഇവ നിറവേറ്റാതെ അവന്ന് സദ്ഗുരുവോടു സമ്പര്‍ക്കത്തില്‍ വരാനാവില്ല. അവിടുത്തെ കണ്ടുകിട്ടാന്‍മാത്രം ഭാഗ്യമുണ്ടായാലും ഗുരു സംക്രമിപ്പിച്ചേക്കാവുന്ന ശക്തികൊണ്ട് അയാള്‍ ത്വരിതനാവില്ല. ഒരു രാജിയും ഈ സാധനചതുഷ്ടയ1ത്തെ സംബന്ധിച്ചു സാധ്യമല്ല. ഈ നാലു വ്യവസ്ഥകളും നിറവേറുന്നതോടെ, ഈ ഒരുക്കങ്ങളൊക്കെയുണ്ടായിരിക്കെ, ശിഷ്യന്റെ ഹൃദയപത്മം വിടരും. വണ്ടു വരികയും ചെയ്യണം. അപ്പോള്‍ ശിഷ്യനറിയുന്നു, ഗുരു ശരീരത്തിനുള്ളില്‍, തന്നില്‍ത്തന്നെ ആയിരുന്നെന്ന്. അവന്‍ വിടര്‍ന്നു വരുന്നു, അവന്‍ സാക്ഷാല്‍ക്കരിക്കുന്നു, അവന്‍ സംസാരസാഗരം കടക്കുന്നു, അപ്പുറം പോകുന്നു. അവന്‍ ഈ ഘോരസാഗരം കടക്കുന്നു. കരുണകൊണ്ട്, ധനമോ മാനമോ നിനയ്ക്കപോലും ചെയ്യാതെ, തന്റെ മുറയ്ക്കു മറ്റുള്ളവരെ കടക്കാന്‍ തുണയ്ക്കുകയും ചെയ്യുന്നു.