സ്വാമി വിവേകാനന്ദന്‍

‘ശാസ്ത്ര’ശബ്ദത്തിന് അനാദ്യന്തമായ വേദങ്ങളെന്നാണ് അര്‍ത്ഥം. ധര്‍മ്മാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ വേദങ്ങളാണ് സമര്‍ത്ഥമായ ഒറ്റപ്രമാണം.

പുരാണങ്ങളും മറ്റു ധര്‍മ്മശാസ്ത്രങ്ങളും ‘സ്മൃതി’ ശബ്ദംകൊണ്ടും കുറിക്കപ്പെടുന്നു. അവയുടെ പ്രാമാണ്യം വേദങ്ങളെ അനുസരിക്കയും അവയ്ക്കു അവിരുദ്ധമായിരിക്കയും ചെയ്യുന്നേടത്തോളമേ ചെല്ലുന്നുള്ളൂ.

സത്യം രണ്ടുതരത്തിലുണ്ട്: 1. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടും അവയില്‍ അധിഷ്ഠിതമായ അനുമാനംകൊണ്ടു അറിയാവുന്നത്. 2. സൂക്ഷ്മവും അതിന്ദ്രീയവുമായ യോഗശക്തികൊണ്ട് അറിയാവുന്നത്.

ആദ്യത്തെ പ്രമാണംകൊണ്ടു കിട്ടുന്ന ജ്ഞാനം ‘സയന്‍സ്’ എന്നു പറയപ്പെടുന്നു. രണ്ടാമത്തേതുകൊണ്ടു കൈവരുന്നതിനെ വേദങ്ങളെന്നു വിളിക്കുന്നു.

അനാദ്യന്തവും വേദസംജ്ഞിതവുമായ അതീന്ദ്രിയസത്യരാശി മുഴുവന്‍ നിത്യസത്താണ്. സ്രഷ്ടാവുതന്നെ ഈ സത്യങ്ങളെ അവലംബിച്ചാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യുന്നത്.

ഈ അതീന്ദ്രിയശക്തി ആരില്‍ ആവിര്‍ഭവിച്ചിരിക്കുന്നുവോ അയാളെ ഋഷിയെന്നു പറയും. അയാള്‍ സ്വശക്തികൊണ്ടു സാക്ഷാല്‍ക്കരിക്കുന്ന അതീന്ദ്രിയസത്യങ്ങളെ വേദങ്ങളെന്നും വിളിക്കും.

ഈ ഋഷിത്വം, ഈ അതീന്ദ്രിയദര്‍ശനശക്തി ആണ് യഥാര്‍ത്ഥമതം. ദീക്ഷിതന്റെ ജീവിതത്തില്‍ ഇതു വികസിക്കാത്ത കാലത്തോളം അയാള്‍ക്കു മതം ഒരു പൊള്ളവാക്കാണ്. മതത്തിലെ ഒന്നാംപടി ഇനിയും അയാള്‍ കേറിയിട്ടില്ലെന്നു ധരിക്കണം.

വേദപ്രാമാണ്യം സകലകാല ദേശവ്യക്തികളിലേക്കും വ്യാപിക്കുന്നു. അതായത്, അവയുടെ പ്രയോഗം ഏതെങ്കിലും ദേശകാലവ്യക്തികളില്‍ പരിമിതമല്ല.

വേദങ്ങളാണ് വിശ്വമതത്തിന്റെ ഏകവ്യാഖ്യാതാവ്.

നമ്മുടെ പുരാണേതിഹാസങ്ങളിലും മറ്റു വര്‍ഗ്ഗങ്ങളുടെ മതഗ്രന്ഥങ്ങളിലും സത്യങ്ങളുടെ അതീന്ദ്രിയദര്‍ശനം കാണാനുണ്ടെങ്കിലും ആര്യവര്‍ഗ്ഗങ്ങളുടെയിടയില്‍ വേദങ്ങളെന്നറിയപ്പെടുന്നതും നാലു മടക്കുള്ളതുമായ ശാസ്ത്രങ്ങള്‍ ആത്മീയസത്യങ്ങളുടെ പ്രഥമവും സമ്പൂര്‍ണ്ണവും അവികൃതതമവുമായ സമാഹാരമായിരിക്കെ സര്‍വ്വശാസ്ത്രങ്ങളുടെയുമിടയില്‍ അത്യുച്ചസ്ഥാനം കൈവശപ്പെടുത്താന്‍ പോന്നതും, ഈ ഭൂമിയിലെ ജനതകളുടെയെല്ലാം ആദരവിനെ കയ്യടക്കുന്നതും, താന്താങ്ങളുടെ എല്ലാ ശാസ്ത്രങ്ങള്‍ക്കും യുക്തിദര്‍ശനത്തെ പ്രദാനം ചെയ്യുന്നതുമത്രേ.

ആര്യവര്‍ഗ്ഗം കണ്ടെത്തിയ സത്യങ്ങളുടെ വൈദികസമാഹാരത്തെ മുഴുവനും സംബന്ധിച്ച് ഇത്രയും കൂടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. വെറും ലൌകികകാര്യങ്ങളെ പരാമര്‍ശിക്കാത്തവയും, ചരിത്രത്തെയോ ഇതിഹാസത്തെയോ മാത്രം രേഖപ്പെടുത്താതെ ധര്‍മ്മപ്രചോദനംമാത്രം നല്‍കുന്നവയുമായ ഭാഗങ്ങള്‍മാത്രമേ യഥാര്‍ത്ഥത്തില്‍ വേദങ്ങളാവൂ.

വേദങ്ങളെ രണ്ടായി പകുത്തിരിക്കുന്നു. ജ്ഞാനകാണ്ഡവും കര്‍മ്മകാണ്ഡവും. കര്‍മ്മകാണ്ഡത്തിലെ കര്‍മ്മങ്ങളെയും ഫലങ്ങളെയും മായാലോകത്തിന്റെ പരിധികളില്‍ പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അവ, ദേശകാലവ്യക്തികളുടെ വ്യാപരിക്കുന്ന പരിണാമനിയമപ്രകാരം രൂപപരിവര്‍ത്തനങ്ങളില്‍ക്കൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കയാണ്. പൊയ്ക്കൊണ്ടിരിക്കയും ചെയ്യും.

ഇതുപോലെ, ഈ കര്‍മ്മകാണ്ഡത്തില്‍ ചുവടായിട്ട് സാമൂഹ്യമായ നിയമങ്ങളും കീഴ്വഴക്കങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഇനിമേലില്‍ തുടര്‍ന്നു മാറുകയും ചെയ്യും. സച്ഛാസ്ര്തങ്ങളുടെ താല്‍പ്പര്യത്തിനും മഹാസിദ്ധന്മാരുടെ ആചാരത്തിനും മാതൃകയ്ക്കും നിരക്കുമെങ്കില്‍ ക്ഷുദ്രാചാരങ്ങളും അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ശാസ്ത്രതാല്‍പര്യത്തിനും മഹാസിദ്ധന്മാരുടെ ആചാരത്തിനും വിരുദ്ധങ്ങളായ ആചാരങ്ങളോടുള്ള അന്ധമായ ഭക്തി ആര്യവര്‍ഗ്ഗത്തിന്റെ അധഃപതനത്തിനു മുഖ്യഹേതുക്കളിലൊന്നാണ്.

യോഗമോ ഭക്തിയോ ജ്ഞാനമോ നിഷ്കാമകര്‍മ്മമോ അഭ്യസിക്കുന്നതിലൂടെ മനുഷ്യരെ മായയ്ക്കപ്പുറം കടത്തുകയും അവര്‍ക്കു മോക്ഷമരുളുകയും ചെയ്ത് അംഗീകാരത്തെ കയ്യടക്കിയതു ജ്ഞാനകാണ്ഡം അഥവാ വേദാന്തംമാത്രമാണ്. കാലദേശവ്യക്തികളുടെ ഏതു പരിമിതികള്‍കൊണ്ടും അതിന്റെ സാധുതയും പ്രാമാണ്യവും അബാധിതമായിരിക്കയാല്‍ വേദാന്തമൊന്നുമാത്രമാണ് സര്‍വ്വമനുഷ്യജാതിക്കുള്ള ശാശ്വതവിശ്വമതം.

മനു മുതലായ സിദ്ധന്മാരുടെ സംഹിതകള്‍, കര്‍മ്മകാണ്ഡവിധികളെ തുടര്‍ന്ന, കാലദേശവ്യക്തികളുടെ ആവശ്യത്തിനനുസരിച്ച് മുഖ്യമായി സാമൂഹ്യക്ഷേമസംഭാവകങ്ങളായ ആചാരനിയമങ്ങളെ അനുശാസിക്കയാണ് ചെയ്തിട്ടുള്ളത്. പുരാണാദികള്‍ അവതാരങ്ങളുടെയും മറ്റും ഉല്‍കൃഷ്ടങ്ങളായ ജീവിതകര്‍മ്മങ്ങളെ വര്‍ണ്ണിക്കുന്നതിലൂടെ, വേദാന്തത്തില്‍ കിടപ്പുള്ള തത്ത്വങ്ങളെ കൈക്കൊണ്ടു വിസ്തരിച്ചു വ്യാഖ്യാനിച്ചിട്ടുണ്ട്. കൂടാതെ, അവ ഓരോന്നും ദേവാധിനാഥന്റെ അനന്തഭാവങ്ങളില്‍ ചിലതിനെ ലോകോപദേശാര്‍ത്ഥം മികപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കാലഗതിയില്‍, ആര്യസന്താനങ്ങള്‍ സത്യമായ ആദര്‍ശങ്ങളില്‍നിന്നും ആചാരനിയമങ്ങളില്‍നിന്നും അധഃപതിച്ചു ത്യാഗബുദ്ധിപ്രഹീണരായി അന്ധാചാരപ്രസക്തരായി, അപകൃഷ്ടബുദ്ധികളായി ഈ പുരാണങ്ങളുടെ താല്‍പര്യംപോലും-മദ്ധ്യമബുദ്ധികള്‍ക്കു ഗഹനസത്യങ്ങള്‍ കനത്ത രൂപത്തിലും പരന്ന ഭാഷയിലും ഉപദേശിച്ച, പരമാത്മതത്ത്വത്തിന്റെ ഒരു വിശിഷ്ടഭാവത്തെ മാത്രം പ്രത്യേകിച്ചൂന്നി അനുശാസിക്കയാല്‍ ഉപരിതലത്തില്‍ അന്യോന്യവിരുദ്ധങ്ങളായി കാണപ്പെട്ടു, പുരാണങ്ങളുടെ താല്‍പര്യംപോലും-അറിയാന്‍ കഴിയാത്തവരായപ്പോള്‍-

അനന്തരഫലമായി അവര്‍ ഏകമായ വൈദികസനാതനധര്‍മ്മത്തെ, ആദ്ധ്യാത്മികാദര്‍ശത്തിന്റെ സര്‍വ്വഭാവങ്ങളുടെയും മഹിതസമന്വയത്തെ കഷണം കഷണം പൊളിച്ചു കൂട്ടംകുത്തുന്ന മതസമ്പ്രദായങ്ങളാക്കിയും വിഭാഗീയവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ജ്വാലയില്‍ അന്യോന്യം എറിയാന്‍ നോക്കിയും മതത്തിന്റെ മനോഹരഭൂമിയായ ഭാരതത്തെ ഏതാണ്ടു പൈശാചികസങ്കുലതയുടെ കൂത്തരങ്ങാക്കിത്തീര്‍ത്തപ്പോള്‍-

അപ്പോഴാണ് ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ഭാരതത്തില്‍ അവതരിച്ചത്. ആര്യവര്‍ഗ്ഗത്തിന്റെ സത്യമായ ധര്‍മ്മമേതെന്നു കാട്ടുവാന്‍-അതിന്റെ അതിസ്മൃതിയായ ചരിത്രത്തിന്റെ ഗതിയില്‍ നാടാകെ ചിതറിക്കിടക്കുന്ന വളരെ വിഭാഗങ്ങളുടെയും ശാഖകളുടെയുമൊക്കെ ഇടയ്ക്കു പുറംകാഴ്ച്ചയ്ക്കു പൊരുത്തംകെട്ടതും സര്‍വ്വദാ തമ്മില്‍ത്തല്ലുന്നതും സര്‍വ്വഥാ വിയോജിക്കുന്ന ആചാരങ്ങള്‍ നിറഞ്ഞതുമായ സമ്പ്രദായങ്ങളുടെ എണ്ണം കവിഞ്ഞുവരികയാല്‍, സ്വദേശികള്‍ക്കു കുഴക്കുന്ന കടംകഥയും വിദേശികള്‍ക്കു കുത്സനപാത്രവുമായിത്തീര്‍ന്ന ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥമായ ഐക്യം കിടക്കുന്നത് എവിടെയാണെന്നു കാട്ടിക്കൊടുക്കാന്‍-സര്‍വ്വോപരി കാലപ്രവാഹംകൊണ്ട് ഇക്കാലമത്രയും വിസ്മൃതിയില്‍ തള്ളപ്പെട്ടിരുന്ന ഈ ധര്‍മ്മത്തിന്റെ വൈശ്വമായ ചേതനയും സ്വഭാവവും തന്റെ ജീവിതത്തില്‍ കോരിച്ചൊരിഞ്ഞ്, ആ അത്ഭുതജീവിതത്തെ സനാതനധര്‍മ്മത്തിന്റെ സജീവമൂര്‍ത്തിയായി മനുഷ്യര്‍ക്കുമുമ്പില്‍ അവരുടെ ശാശ്വതഹിതത്തിനായി ഉയര്‍ത്തിപ്പിടിക്കാന്‍.

സ്രഷ്ടാവിനു സൃഷ്ടിസ്ഥിതിസംഹാരകരണങ്ങളായി നിത്യസിദ്ധങ്ങളായുള്ള വൈദികസത്യങ്ങള്‍ ലൌകികസംഗസംസ്കാരരഹിതരായ ഋഷിമാരുടെ ശുദ്ധചിത്തത്തില്‍ പെട്ടെന്നു വെളിപ്പെടുന്നതെങ്ങനെ എന്നു കാണിക്കാനും ശാസ്ത്രസത്യങ്ങളുടെ അപ്രകാരമുള്ള സമര്‍ത്ഥനവും സ്ഥിരീകരണവും ധര്‍മ്മത്തിന്റെ പുനര്‍ജീവനത്തിനും പുനഃസ്ഥാപനത്തിനും ഉതകുമെന്നുള്ളതുകൊണ്ടും, ഈശ്വരന്‍, വേദമൂര്‍ത്തിതന്നെയെങ്കിലും, തന്റെ ഈ നവാവതാരത്തില്‍ പഠിപ്പിന്റെ പുറംരൂപങ്ങളെ പൂര്‍ണ്ണമായി കൈവെടിഞ്ഞു.

വേദങ്ങളെ-സത്യധര്‍മ്മത്തെ-യും ബ്രാഹ്മണത്വത്തെ-തദ്ധര്‍മ്മോപദേശത്തെ-യും രക്ഷിക്കാന്‍ ഈശ്വരന്‍ വീണ്ടും വീണ്ടും മനുഷ്യരൂപത്തില്‍ അവതരിക്കുന്നു എന്നത്, പുരാണാദികളില്‍ സുപ്രതിഷ്ഠാപിതമായ ഒരു സിദ്ധാന്തമാണ്.

കുതിച്ചുചാടുന്ന പുഴവെള്ളത്തിനു വേഗം കൂടുന്നു. കുഴി കഴിഞ്ഞുയരുന്ന തിര കൂടുതലുയരത്തില്‍ ചീര്‍ക്കുന്നു. അതുപോലെ വീഴ്ചയുടെ ഓരോ മായികമയക്കിനും ശേഷം ആര്യസമുദായം, വിധാതാവിന്റെ സകരണസങ്കല്പംകൊണ്ട് സകലതിന്മകളില്‍നിന്നും വിമുക്തമായി അത്രയേറെ മഹിതവും ബലിഷ്ഠവുമായി ഉയര്‍ന്നിട്ടുണ്ട്-അതാണ് ചരിത്രത്തിന്റെ സാക്ഷ്യം.

വീണ്ടും ഉയിര്‍കൊണ്ട നമ്മുടെ സമുദായം ഓരോ വീഴ്ചയില്‍നിന്നും ഉയര്‍ന്നശേഷം അതിന്റെ സ്വതഃസിദ്ധമായ നിത്യപൂര്‍ണ്ണതയെ ഏറെയേറെ പ്രകാശിപ്പിക്കയാണ്. അതുപോലെതന്നെ സര്‍വ്വഗനായ ഈശ്വരന്‍ ഓരോ അവതാരത്തിലും ഒന്നിനൊന്നേറെ തന്നെത്താന്‍ വെളിപ്പെടുത്തുകയുമാണ്.

വീണ്ടും വീണ്ടും നമ്മുടെ നാടു ബോധംകെട്ടു വീണമട്ടായിട്ടുണ്ട്. വീണ്ടും വീണ്ടും ഭാരതേശ്വരന്‍ തന്നെത്താന്‍ വെളിപ്പെടുത്തി ഭാരതത്തെ പുനര്‍ജ്ജീവിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോഴേതാണ്ടു കഴിയാറായിരിക്കുന്ന ഈ അഗാധദുര്‍നിശയെക്കാള്‍ ഗാഢതരമായ ഒരന്ധകാരം നമ്മുടെ പുണ്യഭൂമിയെ മുമ്പെങ്ങും മറച്ചിട്ടില്ല. അതുപോലെ, ഈ വീഴ്ചയുടെ ആഴത്തോടൊത്തുനോക്കിയാല്‍ കഴിഞ്ഞ വീഴ്ചകളെല്ലാം വെറും ചെറുകുളമ്പടികളായേ തോന്നൂ.

അതുകൊണ്ട് ഈ നവപ്രബോധനത്തിന്റെ ഉജ്ജ്വലതയ്ക്കു മുമ്പില്‍ ഭാരതചരിത്രത്തിലെ പൂര്‍വ്വനവോത്ഥാനങ്ങളുടെയെല്ലാം മഹിമ ഉദയഭാസ്കരന്റെ മുമ്പില്‍ നക്ഷത്രങ്ങളെന്നപോലെ നിഷ്പ്രഭങ്ങളായിപ്പോകും. ഈ നവീകൃതപ്രഭാവത്തിന്റെ മഹാപ്രകാശത്തോടു തട്ടിച്ചാല്‍ കഴിഞ്ഞ അത്തരം പുനരുത്ഥാനങ്ങളുടെ അനേകം യുഗാദികള്‍ കുട്ടികളുടെ കളിക്കോപ്പായിരിക്കും.

സനാതനധര്‍മ്മത്തിന്റെ ഘടകാദര്‍ശങ്ങള്‍ പലതും അതിന്റെ ഇന്നത്തെ അപകര്‍ഷാവസ്ഥയില്‍ കണ്ടറിയാനാളില്ലാതെ അങ്ങിങ്ങു ചിതറിക്കിടപ്പാണ്- ചിലതു ചെറുസമ്പ്രദായങ്ങളിലായി കുറെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, ചിലതു തീരെ നഷ്ടവുമായിട്ടുണ്ട്.

എന്നാല്‍, ഈ ആദ്ധ്യാത്മികനവോത്ഥാനത്തിന്റെ കരുത്തുകൊണ്ടു കരുത്തരായി, ഛിന്നഭിന്നങ്ങളായ ഈ ആദ്ധ്യാത്മികാദര്‍ശങ്ങളെ പുനഃസംഘടിപ്പിച്ചശേഷം, അവയെ ഗ്രഹിക്കാനും സ്വന്തം ജീവിതത്തില്‍ അഭ്യസിക്കാനും നഷ്ടമായവയെ വിസ്മൃതിയില്‍ നിന്നു വീണ്ടെടുക്കാന്‍കൂടിയും മനുഷ്യര്‍ക്കു കഴിയും. ഈ ഭാസുരഭാവിയുടെ ദൃഢപ്രതിജ്ഞപോലെ സര്‍വ്വകരുണികനായ പരമേശ്വരന്‍ മുന്‍ പറഞ്ഞതിന്‍വണ്ണം ഈ വര്‍ത്തമാനയുഗത്തില്‍ ഒരവതാരമായി ആവിര്‍ഭവിച്ചിട്ടുണ്ട്-ആവിഷ്കരണത്തിലെ സമ്പൂര്‍ണ്ണതയിലും സമന്വയാത്മകമായ അനുരഞ്ജനത്തിലും ആദ്ധ്യാത്മികസംസ്കൃതിയുടെ സര്‍വ്വമണ്ഡലങ്ങള്‍ക്കും നല്‍കിയ പ്രോത്സാഹനത്തിലും സര്‍വ്വപൂര്‍വ്വയുഗങ്ങളിലെയും ആവിര്‍ഭാവങ്ങളെ അതിക്രമിക്കുന്ന അവതാരമായി ആവിര്‍ഭവിച്ചിട്ടുണ്ട്.

അതുകൊണ്ട്, മഹാഫലസംഭാവകമായ ഈ യുഗാദിയുടെ ഉദയത്തില്‍ത്തന്നെ മതപരമായ വിചാരത്തിന്റേയും ആരാധനയുടേതുമായ എല്ലാ കാഴ്ചപ്പാടുകളുടെയും ആദര്‍ശങ്ങളുടെയും അനുരഞ്ജനം വിളംബരം ചെയ്യപ്പെടുകയാണ്. ഈ അപരിമിതവും അഖിലാശ്ളേഷിയുമായ ആദര്‍ശം സനാതനധര്‍മ്മത്തിനു സ്വതഃസിദ്ധമെങ്കിലും ഇക്കാലമത്രയും ഗൂഢമായിക്കിടക്കുകയായിരുന്നു. അതിപ്പോള്‍ വീണ്ടും കണ്ടെത്തപ്പെട്ട്, മനുഷ്യവര്‍ഗ്ഗത്തിനായി കാഹളധ്വനിയില്‍ പ്രഖ്യാപനം ചെയ്യപ്പെടുകയുമാണ്.

ഈ യുഗത്തിലെ ഈ നവവിധാനം ലോകത്തിനു മുഴുവന്‍ നന്മയ്ക്കു മൂലമാണ്, വിശേഷിച്ചു ഭാരതത്തിന് ഈ നവവിധാനത്തിന്റെ പ്രചോദകന്‍. ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍, മതത്തിലെ മഹാന്മാരായ പൂര്‍വ്വയുഗാദികൃത്തുകളുടെയെല്ലാം പുതിയ രൂപത്തിലും പുതിയ മാതൃകയിലുമുള്ള ആവിര്‍ഭാവമാണ്. ഹേ മനുഷ്യ, ഇതാ വിശ്വസിക്കുക. ഇതു കരളിലേന്തുക.

മരിച്ചവര്‍ ഒരിക്കലും മടങ്ങുന്നില്ല. കഴിഞ്ഞ രാത്രി ഒരിക്കലും വീണ്ടും വരുന്നില്ല. ചെലവഴിഞ്ഞ വേലിയേറ്റം പുതുതായുയരുന്നില്ല. മനുഷ്യന്‍ ഒരേ ശരീരത്തില്‍ ഒരിക്കല്‍ക്കൂടി പാര്‍ക്കുന്നതുമില്ല. അതുകൊണ്ട്, ഹേ മനുഷ്യാ, മരിച്ച ഭൂതത്തെ ആരാധിക്കുന്നതില്‍നിന്നു ജീവത്തായ വര്‍ത്തമാനത്തിന്റെ ആരാധനയിലേക്കു നിന്നെ ഞങ്ങള്‍ ക്ഷണിക്കുന്നു. പൊയ്പോയവയുടെ മേല്‍ അനുതപിച്ചടയിരിക്കുന്നതില്‍നിന്ന് ഇന്നത്തെ പ്രവര്‍ത്തനങ്ങളിലേക്കു നിന്നെ ഞങ്ങള്‍ ആമന്ത്രണം ചെയ്യുന്നു. നശിച്ചു പൊളിഞ്ഞ പഴയ വഴികള്‍ തേടിപ്പോയി കഴിവു കളയുന്നതില്‍നിന്നു വീതിയുള്ളതും പുതുതായി പടുത്തതും അടുത്തു കിടക്കുന്നതുമായ പെരുവഴിയിലേക്കു നിന്നെ ഞങ്ങള്‍ മടക്കിവിളിക്കുന്നു. ആരോ ബുദ്ധിമാന്‍, അവന്‍ മനസ്സിലാക്കട്ടെ.

ഒറ്റയടിക്കു ഗോളത്തിന്റെ നാലു ദിക്കുകളില്‍നിന്നും വിദൂരപ്രതിധ്വനികളെ ഉയര്‍ത്തിവിട്ട ആ ശക്തികളുടെ പൂര്‍ണ്ണരൂപത്തിലുള്ള ആവിര്‍ഭാവത്തെ മനസ്സില്‍ ഭാവനചെയ്യുക. ദാസജനസുലഭമായ അലസാശങ്കകളും ദൌര്‍ബ്ബല്യങ്ങളും അസൂയകളും കൈവെടിഞ്ഞു വരൂ, ഈ നവവിധാനമഹാചക്രം തിരിക്കാന്‍ സഹായിക്കൂ.

നിങ്ങളെല്ലാം പരമേശ്വരന്റെ ദാസന്മാരാണ്. അവിടുത്തെ കുട്ടികള്‍, അവിടുത്തെ ഉദ്ദേശ്യം നിറവേറ്റുന്നതില്‍ തുണയാളുകള്‍ – എന്ന്, ഹൃദയത്തില്‍ രൂഢമൂലമായ നിശ്ചയത്തോടെ കര്‍മ്മക്ഷേത്രത്തിലേക്കിറങ്ങുവിന്‍.