മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു മതം, സാര്‍വ്വത്രികമായ ഒരാരാധനാരൂപം, ഒരു സദാചാരപ്രമാണം, മാത്രം അംഗീകരിക്കയും സ്വീകരിക്കയും ചെയ്യുന്നെങ്കില്‍, അതു ലോകത്തിനു പെടാവുന്ന ഏറ്റവും വലിയ കഷ്ടമായിരിക്കും. മതപരവും ആത്മികവുമായ മുന്നേറ്റത്തിനെല്ലാം വിഘാതമായിരിക്കും. നമുക്കു സ്വന്തമായുള്ള സത്യത്തിന്റെ പരമാദര്ശത്തോടു പൊരുത്തപ്പെടാന്‍ നല്ലതോ ചീത്തയോ ആയ വഴിക്ക് ആളുകളെ പ്രേരിപ്പിച്ച്, ഈ വിനാശകസംഭവത്തെ ത്വരിപ്പിക്കാന്‍ നോക്കുന്നതിനുപകരം, തങ്ങളുടെ സ്വന്തം പരമാദര്ശങ്ങള്ക്കൊത്തു വികസിക്കുന്നതില്‍ മനുഷ്യര്‍ക്കുള്ള തടസ്സങ്ങളെല്ലാം നീക്കാന്‍ യത്നിക്കയും അങ്ങനെ ഒരു വിശ്വമതം സ്ഥാപിക്കുവാനുള്ള അവരുടെ സംരംഭത്തെ സഹായിക്കയുമാണ് നാം വാസ്തവത്തില്‍ ചെയ്യേണ്ടത്.
മനുഷ്യവര്‍ഗ്ഗത്തിന്റെയെല്ലാം അന്തിമലക്ഷ്യം-മതങ്ങളുടെയെല്ലാം സാധ്യവും അന്ത്യവും-ഒന്നുമാത്രം. ഈശ്വരനുമായി, അഥവാ ഓരോ മനുഷ്യന്റെയും സത്യസ്വരൂപമായ ദിവ്യത്വവുമായി-ഫലത്തില്‍ അതുതന്നെ-പുനരൈക്യം സാധ്യമാണെങ്കിലും സാധകോപായം മനുഷ്യരുടെ വ്യത്യസ്തപ്രകൃതിക്കനുസരിച്ചു മാറിയേക്കാം.
ലക്ഷ്യവും അതു പ്രാപിക്കാന്‍ പ്രയോഗിക്കുന്ന ഉപായങ്ങളും രണ്ടും, ‘യോഗം’ എന്നു പറയപ്പെടുന്നു, ഇംഗ്ളീഷിലെ ‘യോക്,’ പോലെ (യുജിര്) യോജിപ്പിക്കുക-നമ്മെ നമ്മുടെ യഥാര്‍ത്ഥ്യമായ ഈശ്വരനോടു യോജിപ്പിക്കുക-എന്നര്‍ത്ഥമായ അതേ സംസ്കൃതധാതുവില്‍നിന്നു വ്യുല്‍പ്പന്നമായ ഒരു വാക്ക്, അങ്ങനെ പലതരം യോഗങ്ങള്‍, ഐക്യോപായങ്ങള്, ഉണ്ട്. എന്നാല്‍ മുഖ്യമായവ കര്‍മ്മയോഗവും ഭക്തിയോഗവും രാജയോഗവും ജ്ഞാനയോഗവുമാണ്.
ഓരോ മനുഷ്യനും അവന്റെ സ്വപ്രകൃതിയനുസരിച്ചു വേണം വികസിക്കുക. ഓരോ സയന്സിനുമുള്ളതുപോലെ ഓരോ മതത്തിനുമുണ്ട് അതിന്റെ ഉപായങ്ങള്‍. മതലക്ഷ്യം പ്രാപിക്കാനുള്ള ഉപായങ്ങളെ ‘യോഗ’മെന്നു ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങള്‍ ഉപദേശിക്കുന്ന യോഗത്തിന്റെ വിവിധരൂപങ്ങള്‍ ആളുകളുടെ വിവിധപ്രകൃതികള്ക്കും സ്വഭാവങ്ങള്‍ക്കും പാകപ്പെടുത്തിയതാണ്. അവയെ ഇപ്രകാരം നാലു വകുപ്പായി ഞങ്ങള്‍ തരംതിരിക്കുന്നു.
1. കര്‍മ്മയോഗം – കര്‍മ്മത്തിലും കര്ത്തവ്യത്തിലുംകൂടി തന്റെ ദിവ്യത്വം സാക്ഷാത്കരിക്കുന്ന രീതി.
2. ഭക്തിയോഗം – സഗുണേശ്വരനോടുള്ള ഭക്തിയിലും പ്രേമത്തിലും കൂടി ദിവ്യത്വം സാക്ഷാല്‍കരിക്കല്‍.
3. രാജയോഗം – മനഃസംയമംകൊണ്ടു ദിവ്യത്വം സാക്ഷാത്കരിക്കല്‍.
4. ജ്ഞാനയോഗം – സ്വന്തം ദിവ്യത്വം ജ്ഞാനത്തിലൂടെ സാക്ഷാല്‍കരിക്കല്‍.
ഇവയെല്ലാം ഈശ്വരനെന്ന ഒരേ കേന്ദ്രത്തിലേയ്ക്കെത്തിക്കുന്ന ഭിന്നമാര്ഗ്ഗങ്ങളാണ്. മതവിശ്വാസത്തിലെ വൈവിധ്യം വാസ്തവത്തില്‍ ഒരു മേന്മയാണ്. എല്ലാ മതങ്ങളും നല്ലതാണല്ലോ. അവ ഒരുവനെ മതപരമായ ജീവിതം നയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം, വിഭാഗങ്ങളെത്ര കൂടുതലുണ്ടോ അത്ര കൂടുതല്‍ അവസരങ്ങളുമുണ്ടാവുന്നു. എല്ലാ മനുഷ്യരിലുമുള്ള ദിവ്യപ്രകൃതിയെ വിജയകരമായി ഉദ്ബോധിപ്പിക്കാന്.
ഓക്ബീച്ച് ക്രിസ്ത്യന്‍ യൂണിറ്റിയുടെ മുമ്പാകെ വിശ്വവ്യാപിയായ ഐക്യത്തെപ്പറ്റി പറഞ്ഞുകൊണ്ടു വിവേകാനന്ദസ്വാമികള്‍ പ്രസ്താവിച്ചു:
എല്ലാ മതങ്ങളും അടിസ്ഥാനത്തില്‍ ഒരുപോലെയാണ്. പഴംകഥയിലെ ഫാരിസിയെപ്പോലെ, ക്രിസ്ത്യന്‍പള്ളി, അതുമാത്രമാണ് ശരി എന്നതിന് ഈശ്വരനു നന്ദി പറയുകയും മറ്റു മതങ്ങളെല്ലാം തെറ്റാണെന്നും അവര്‍ക്കു ക്രിസ്ത്യന്വെളിച്ചം വേണമെന്നു നിനയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതങ്ങനെയാണ്. പൊതുവായ ഔദാര്യത്തില്‍ ക്രിസ്ത്യന്‍ പള്ളിയോടു യോജിക്കാന്‍ ലോകം തയ്യാറാകുന്നതിനുമുമ്പ് ക്രിസ്തുമതം സഹിഷ്ണുതയുള്ളതാകണം. ഒരു ഹൃദയത്തിലെങ്കിലും സാക്ഷിയല്ലാത്തവനായിട്ടില്ല ഈശ്വരന്. മനുഷ്യര്‍, വിശേഷിച്ച് യേശുക്രിസ്തുവിനെ അനുസരിക്കുന്ന മനുഷ്യര്‍, ഇതു സമ്മതിക്കാന്‍ തയ്യാറാവണം. ഈശ്വരകുടുംബത്തിലേക്ക് ഓരോ നല്ല മനുഷ്യനെയും പ്രവേശിപ്പിക്കാന്‍ യേശുക്രിസ്തു തയ്യാറായിരുന്നു. ചില സംഗതികളില്‍ വിശ്വസിക്കുന്നവനല്ല, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് ശരി. ശരിയാകയും ശരി ചെയ്കയുമെന്ന ഈ അടിസ്ഥാനത്തില്‍ ലോകത്തിനു മുഴുവന്‍ യോജിക്കാം.