മാനസികവും ഭൌതികവുമായ സര്‍വ്വവിഷയങ്ങളില്‍നിന്നും ജീവന്റെ വിയോഗമാണ് ലക്ഷ്യം. അതു പ്രാപിച്ചാല്‍ ജീവന്‍ അറിയും, താന്‍ എക്കാലവും ഒറ്റയ്ക്കായിരുന്നെന്നും തന്നെ സുഖിപ്പിക്കാന്‍ ആരും വേണ്ടെന്നും. നമ്മെ സുഖിപ്പിക്കാന്‍ നമുക്ക് ആരെങ്കിലും വേണമെന്നുള്ള കാലത്തോളം നാം അടിമകളാണ്. താന്‍ സ്വതന്ത്രനെന്നും തന്നെ പൂരിപ്പിക്കാന്‍ ഒന്നും വേണ്ടതില്ലെന്നും ഈ പ്രകൃതി തീരെ അനാവശ്യമാണെന്നും പുരുഷന്‍ അറിയുമ്പോള്‍ കൈവല്യം പ്രാപ്തമായി.
മനുഷ്യര്‍ ചില്ലറ ഡോളറിന്റെ പിന്നാലെ പായുകയാണ്. അത്ര ഡോളര്‍ കിട്ടാന്‍ സഹജീവിയെ ചതിക്കുന്നല്ലോ എന്നൊരു വിചാരവുമില്ല. എന്നാല്‍, അവര്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുമെങ്കില്‍ ദശലക്ഷക്കണക്കിനു ഡോളര്‍-അവര്‍ക്കു വേണമെങ്കില്‍-വരുത്തത്തക്ക ലക്ഷണങ്ങള്‍ കുറച്ചു കൊല്ലങ്ങള്‍ക്കകം തങ്ങളില്‍ തെളിയും. അപ്പോള്‍ അവരുടെ ഇച്ഛ ലോകത്തെ ഭരിക്കും. എങ്കിലും നമ്മളെല്ലാം അത്ര വിഡ്ഢികളാണ്!
ലോകത്തോടു തന്റെ തെറ്റുകള്‍ പറഞ്ഞിട്ടു പ്രയോജനമെന്ത്? അങ്ങനെ അവ അകൃത്യങ്ങളാകുന്നില്ല. ഒരുവന്‍ ചെയ്തതെന്തോ അതവന്‍ സഹിക്കണം. അവന്‍ യത്നിക്കണം. കൂടുതല്‍ നന്നായി ചെയ്യണം. ലോകത്തിനു സഹഭാവം കരുത്തുറ്റവരോടും കഴിവുറ്റവരോടും മാത്രമാണ്.
മനുഷ്യരാശിക്കും പ്രകൃതിക്കും സ്വച്ഛന്ദയജ്ഞമായി ചെയ്യപ്പെടുന്ന കര്‍മ്മം മാത്രമേ ബന്ധകാസക്തിയെ ഒപ്പം കൊണ്ടുവരാതുള്ളൂ.
ഒരുതരം കര്‍ത്തവ്യത്തെയും കുറച്ചു കണ്ടുകൂടാ. താഴ്ന്ന കര്‍മ്മം ചെയ്യുന്നവന്‍ അക്കാരണംകൊണ്ടുമാത്രം ഉയര്‍ന്ന കര്‍മ്മം ചെയ്യുന്നവനേക്കാള്‍ താഴ്ന്നവനല്ല. ചെയ്യുന്ന കര്‍ത്തവ്യത്തിന്റെ സ്വഭാവം കൊണ്ടല്ല ഒരുവനെ മതിക്കേണ്ടത്. അതു ചെയ്യുന്ന രീതികൊണ്ടുവേണം. അവന്‍ അതു ചെയ്യുന്ന രീതിയും അതു ചെയ്യാനുള്ള കഴിവും തന്നെയാണ് അവന്റെ പരീക്ഷ. തന്റെ ജീവിതത്തില്‍ എല്ലാദിവസവും അസംബന്ധം പുലമ്പുന്ന പ്രാധ്യാപകനെക്കാള്‍ മെച്ചപ്പെട്ടവനാണ്. എത്രയും കുറഞ്ഞ സമയംകൊണ്ടു ബലവും അഴകുമുള്ള ഒരു ജോഡി ഷൂസുണ്ടാക്കുന്ന ഒരു ചെരുപ്പുകുത്തി.
എല്ലാ കര്‍ത്തവ്യവും പവിത്രമാണ്. കര്‍ത്തവ്യഭക്തിയാണ് ഉത്തമമായ ഈശ്വരാരാധന. ബദ്ധന്മാരുടെ മൂഢവും അജ്ഞാനരുദ്ധവുമായ ആത്മാക്കളെ ഉദ്ബോധിപ്പിക്കയും വിമോചിപ്പിക്കയും ചെയ്യുന്നതില്‍ വലിയ സഹായത്തിനു മൂലമാണത്.
നമ്മോടേറ്റവും അടുത്ത, ഇപ്പോള്‍ നമുക്കു കൈവന്നിരിക്കുന്ന കര്‍ത്തവ്യം നന്നായി ചെയ്യുന്നതുകൊണ്ടു നാം നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു. ഇങ്ങനെ പടിപടിയായി കരുത്തു മെച്ചപ്പെടുത്തി, ജീവിതത്തിലും സമുദായത്തിലും കാമ്യതമവും മാന്യതമവുമായ കര്‍ത്തവ്യങ്ങള്‍ ചെയ്യുവാന്‍ വിശേഷാവകാശമുള്ള ഒരു സ്ഥാനം തന്നെയും നാം പ്രാപിച്ചെന്നുവരാം.
പ്രകൃതിയുടെ നീതി സര്‍വ്വദാ കഠോരവും കനിവില്ലാത്തതുമാണ്.
ഏറ്റവും പ്രായോഗികതയുള്ളവന്‍ ജീവിതത്തെ നന്മയെന്നോ തിന്മയെന്നോ പറയില്ല.
വിജയിയായ ഓരോരുവന്റെയും പിന്നില്‍, എങ്ങോ ഒരിടത്തുണ്ട് ഭയങ്കരമായ അഭേദ്യത, ഭയങ്കരമായ ആര്‍ജ്ജവം. അതാണുതാനും ജീവിതത്തില്‍ അവന്റെ വിഖ്യാതവിജയത്തിനു കാരണം. അവന്‍ തികച്ചും നിസ്സ്വാര്‍ത്ഥനായിരുന്നിരിക്കില്ല. എങ്കിലും അവന്‍ അങ്ങോട്ടടുക്കുകയായിരുന്നു. അവന്‍ തികച്ചും നിസ്സ്വാര്‍ത്ഥിയായിരുന്നെങ്കിലും അവന്റെ വിജയം ബുദ്ധന്റെയോ ക്രിസ്തുവിന്റെയോ പോലെ മഹത്തായേനേ. നിസ്സ്വാര്‍ത്ഥതയുടെ മാത്ര എവിടെയും വിജയത്തിന്റെ മാത്രയെ കുറിക്കുന്നു.
മനുഷ്യവര്‍ഗ്ഗത്തിന്റെ മഹാനായകന്മാര്‍ പ്രസംഗമണ്ഡലപ്രവര്‍ത്തനത്തെക്കാള്‍ ഉയര്‍ന്ന ഒരു മണ്ഡലത്തില്‍ പെട്ടവരാണ്.
നാമെത്ര ശ്രമിച്ചാലും, തികച്ചും ശുദ്ധമോ തികച്ചും അശുദ്ധമോ ആയ ഒരു പ്രവൃത്തിയും ഉണ്ടാവുക സാധ്യമല്ല. ശുദ്ധിയും അശുദ്ധിയും അഹിംസയും ഹിംസയും എന്ന അര്‍ത്ഥത്തില്‍ മറ്റവയെ ഹിംസിക്കാതെ നമുക്കു ശ്വസിക്കാനോ ജീവിക്കാനോ ആവില്ല. നാം കഴിക്കുന്ന ഓരോ ഉരുളച്ചോറും വേറൊന്നിന്റെ വായില്‍നിന്നെടുത്തതാണ്. നമ്മുടെ ജീവിതംതന്നെ മറ്റു കുറേ ജീവന്മാരെ ഞെരുക്കിത്തള്ളുകയാണ്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ സസ്യപ്രാണിയുടെയോ ആവാം. എന്നാലും ആരെയോ എവിടെയോ നമുക്കു ഞെരുക്കിത്തള്ളേണ്ടിയിരിക്കുന്നു. സംഗതി അങ്ങനെയിരിക്കെ കര്‍മ്മംകൊണ്ടു പൂര്‍ണ്ണത സാധ്യമല്ലെന്നു സ്വാഭാവികമായി വന്നുകൂടുന്നു. അനന്തതയിലൂടെ നമുക്കു കര്‍മ്മം ചെയ്യാം. ഈ കുനഷ്ടുപിടിച്ച കുരുക്കില്‍നിന്നു പുറംവഴി കിട്ടില്ല. നമുക്കു കര്‍മ്മം ചെയ്തു ചെയ്തു പോകാം. എന്നാല്‍ അവസാനമുണ്ടാവില്ല.
സ്വാതന്ത്യ്രത്തിലും പ്രേമത്തിലും കൂടി പ്രവര്‍ത്തിക്കുന്നവന്‍ ഫലത്തെ തീരെ വകവെയ്ക്കുന്നില്ല. എന്നാല്‍ അടിമയ്ക്കു അവന്റെ ചമ്മട്ടിയടി വേണം. വേലക്കാരന് അവന്റെ ശമ്പളം വേണം. എല്ലാ ജീവിതവും അങ്ങനെയാണ്. ഉദാഹരണത്തിന് പൊതുജീവിതമെടുക്കുക. പൊതുപ്രഭാഷകനു കുറച്ചു കയ്യടിവേണം. അല്ലെങ്കില്‍ കുറച്ചു ചീറ്റലോ കൂക്കുവിളിയോ. അതു കൂടാതെ അയാളെ ഒരു മൂലയ്ക്കിരുത്തിയാല്‍ നിങ്ങള്‍ അവനെ കൊല്ലുകയാണ്. അവന്നതാവശ്യമാണ്. ഇത് അടിമത്തത്തിലൂടെയുള്ള പ്രവൃത്തിയാണ്. അത്തരം പരിസ്ഥിതിയില്‍ പകരം ചിലതു പ്രതീക്ഷിക്കുക രണ്ടാം പ്രകൃതിയായിത്തീരുന്നു. അടുത്തു വരുന്നതു ശമ്പളം വേണ്ടുന്ന ഭൃത്യന്റെ പ്രവൃത്തിയാണ്. ഇതു ഞാന്‍ തരുന്നു. അതു നീ തരണം. ‘കര്‍മ്മം കര്‍മ്മത്തിനുവേണ്ടി’ എന്നു പറയുന്നതിനേക്കാള്‍ എളുപ്പം ഒന്നുമില്ല. എന്നാല്‍ അത്ര ദുഃസാധ്യവും ഒന്നുമില്ല. ‘കയ്യിലും മുട്ടിലും’ ഞാന്‍ ഇരുപതു നാഴിക പോകാം. കര്‍മ്മത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവന്റെ മുഖം കാണാന്‍ എവിടെയോ ഒരു പ്രയോജനമുണ്ട്. ധനമല്ലെങ്കില്‍ പ്രതാപം, പ്രതാപമല്ലെങ്കില്‍ ലാഭം. എങ്ങനെയോ എവിടെയോ ഒരു പ്രയോജനശക്തിയുണ്ട്. നിങ്ങള്‍ എന്റെ സ്നേഹിതനാണ്. എനിക്കു നിങ്ങള്‍ക്കുവേണ്ടി നിങ്ങളോടൊത്തു പ്രവര്‍ത്തിക്കയും വേണം. ഇതൊക്കെ വളരെ നല്ലത്. ഓരോ നിമിഷവും എന്റെ ഭാവശുദ്ധിയെപ്പറ്റി ഞാന്‍ പ്രതിപ്രഖ്യാപനം ചെയ്തേക്കാം. എന്നാല്‍ കരുതിക്കോളൂ, എന്നോടു യോജിക്കുമെന്നു നിങ്ങള്‍ക്കു തീര്‍ച്ചയുണ്ടായിരിക്കണം. ഇല്ലാത്തപക്ഷം ഞാന്‍ നിങ്ങളെ ഒരിക്കലും കാക്കില്ല, നിങ്ങള്‍ക്കുവേണ്ടി ജീവിക്കയുമില്ല! പ്രയോജനത്തിന്നായുള്ള ഇത്തരം പ്രവൃത്തി ക്ളേശാവഹമാണ്. എവിടെ നാം നമ്മുടെ മനസ്സിന്റെ നാഥന്മാരായി പ്രവര്‍ത്തിക്കുന്നു, ആ പ്രവൃത്തി മാത്രം അസക്തിയും ആനന്ദവും കൈവരുത്തുന്നു.
പഠിക്കേണ്ട വലിയ പാഠം ഇതാണ്. ലോകത്തിന്റെ മുഴുവന്‍ മാനദണ്ഡം ഞാനല്ല. ഓരോ മനുഷ്യനും അവന്റെ ആശയംകൊണ്ടു മതിക്കപ്പെടണം; ഓരോ വര്‍ഗ്ഗവും അതിന്റെ ആദര്‍ശവും തോതും കൊണ്ട്, ഓരോ രാജ്യത്തിലെയും ഓരോ ആചാരത്തിന്റെ യുക്തിയും വ്യവസ്ഥകളും കൊണ്ട്. അമേരിക്കനാചാരങ്ങള്‍ അമേരിക്കര്‍ ജീവിക്കുന്ന ചുറ്റുപാടുകളുടെ ഫലമാണ്. ഭാരതീയാചാരങ്ങള്‍ ഭാരതീയരുള്ള ചുറ്റുപാടുകളുടെ ഫലവുമാണ്. അതുപോലെ ചൈനയേയും ജപ്പാനേയും ഇംഗ്ളണ്ടിനേയും മറ്റോരോ രാജ്യത്തെയും പറ്റി.
നാമെല്ലാം നമ്മെക്കാണുന്നതു നാം പാകപ്പെട്ട സ്ഥാനത്താണ്. ഓരോ പന്തും അതിന്റെ സ്വന്തം തുള കണ്ടെത്തുന്നു.
നടന്നുകൊണ്ടേ ഇരിക്കുന്ന ലോകവ്യാപകമായ ഈ പൊരുത്തപ്പെടലില്‍, ഒരുവനു മറ്റൊരുവനെക്കാള്‍ കഴിവുണ്ടെങ്കില്‍ ലോകം അതും കണ്ടുപിടിക്കും. അതുകൊണ്ട് പിറുപിറുക്കുന്നതു വെറുതെ. ദുഷ്ടനും മറ്റുമായ ഒരു ധനികനുണ്ടെങ്കില്‍, അയാളിലുമുണ്ടായിരിക്കണം അയാളെ ധനികനാക്കിയ ചില ഗുണങ്ങള്‍. അതേ ഗുണങ്ങള്‍ വേറെയാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അയാളും ധനികനാകും. കലഹിച്ചിട്ടും വിലപിച്ചിട്ടും എന്തുഗുണം? കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അതു നമുക്കുതകുകയില്ല. ചെയ്യേണ്ടതായി തനിക്കു കൈവന്ന ചെറുകാര്യത്തില്‍ പിറുപിറുക്കുന്നവന്‍ എല്ലാ കാര്യത്തിലും പിറുപിറുക്കും. എപ്പോഴും പിറുപിറുത്ത് അയാള്‍ ഒരു ക്ളിഷ്ടജീവിതം നയിക്കും. എല്ലാം പരാജയപ്പെടുകയും ചെയ്യും. പോകുന്ന പോക്കില്‍ ചക്രത്തിനു തോളു കൊടുത്തുകൊണ്ട് തനതുകര്‍ത്തവ്യം ചെയ്യുന്നവനോ, വെളിച്ചം കാണും. അയാളുടെ പങ്കിനു കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന കര്‍ത്തവ്യങ്ങള്‍ വന്നു വീഴുകയും ചെയ്യും.