ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല, ഓടിയൊളിക്കാന്‍ ശ്രമിക്കേണ്ട. വിജയമോ പരാജയമോ എന്നു നോക്കേണ്ട. തികച്ചും നിസ്സ്വാര്‍ത്ഥമായ ഇച്ഛയോടു തന്നെത്താന്‍ യോജിപ്പിച്ചു പ്രവര്‍ത്തിച്ചു പോകുക. വിജയിക്കാന്‍ പിറന്ന മനസ്സ് ദൃഢനിശ്ചയത്തോടു തന്നെത്താന്‍ യോജിപ്പിച്ച്, വിടാതെ പണിയെടുക്കുന്നു. നിങ്ങള്‍ക്കു കര്‍മ്മം ചെയ്യാനധികാരമുണ്ട്. എന്നാല്‍ ഫലം പ്രതീക്ഷിക്കാന്‍മാത്രം നികൃഷ്ടനാകരുത്. അവിരതം കര്‍മ്മം ചെയ്യുക. പക്ഷേ, കര്‍മ്മത്തിന്റെ പിന്നില്‍ ചിലതു കണ്ടുകൊള്ളണം. സല്‍കര്‍മ്മങ്ങളും ഒരുവനെ വലിയ ബന്ധനത്തില്‍ പെടുത്തിയേക്കാം. അതുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ കൊണ്ടോ പേരിനും പെരുമയ്ക്കുമുള്ള കൊതികൊണ്ടോ ബദ്ധനാകരുത്. ഈ രഹസ്യം അറിയുന്നവര്‍ ജനനമരണചക്രത്തിനപ്പുറം കടന്ന് അമൃതരാകുന്നു.
സാധാരണസന്ന്യാസി ലോകം വെടിഞ്ഞു പുറപ്പെട്ടുപോയി ഈശ്വരനെ വിചാരിക്കുന്നു. യഥാര്‍ത്ഥസന്ന്യാസി ലോകത്തില്‍ ജീവിക്കുന്നു. എന്നാല്‍, ലോകത്തിന്റെയല്ല. ആത്മനിഷേധം ചെയ്തു കാട്ടില്‍ പാര്‍ത്ത്, അതൃപ്തകാമങ്ങളെ അയവിറക്കുന്നവര്‍ യഥാര്‍ത്ഥ സന്ന്യാസിമാരല്ല. ജീവിതസമരത്തിന്റെ നടുക്കു ജീവിക്കുക. ഗുഹയിലോ ഉറക്കത്തിലോ ആര്‍ക്കും ശാന്തമായിരിക്കാം. കര്‍മ്മം ചെയ്യുക. കേന്ദ്രത്തിലെത്തുകയും ചെയ്യുക. നിങ്ങള്‍ കേന്ദ്രം കണ്ടെങ്കില്‍ നിങ്ങളെ ഇളക്കിക്കാന്‍ സാധിക്കില്ല.