ദ്രവ്യം അഞ്ചവസ്ഥകള്‍ക്കു വിധേയമാണെന്നാണ് സൃഷ്ടിസിദ്ധാന്തം. ആകാശം, തൈജസാകാശം, വാതകം, ദ്രാവകം, ഘരം, ഒരു മൂലഭൂതത്തില്‍നിന്ന്, അണിഷ്ഠാകാശത്തില്‍നിന്ന്, വിസൃഷ്ടങ്ങളാണ് ഇവയെല്ലാം.
വിശ്വശക്തിയുടെ പേരു പ്രാണനെന്നാണ്. അത് ഈ ഭൂതങ്ങളില്‍ കുടികൊള്ളുന്ന ശക്തിയാണ്. പ്രാണപ്രയോഗത്തിനുള്ള വലിയ ഉപകരണമാണ് മനസ്സ്. മനസ്സ് ദ്രവ്യമയമാണ്. മനസ്സിന്റെ പിന്നിലാണ് ആത്മാവ്. അതു പ്രാണനെ പിടികൂടുന്നു. പ്രാണനാണ് ജഗത്തിലെ പ്രേരകശക്തി. സര്‍വ്വജീവപ്രകാശനത്തിലും അതു കാണാനും കഴിയും. ഈ ശരീരം മര്‍ത്ത്യമാണ്. മനസ്സും മര്‍ത്ത്യംതന്നെ. സംഹതങ്ങളാകയാല്‍ രണ്ടും നശിക്കണം. എല്ലാത്തിനും പിന്നിലാണ് ആത്മാവ്. അത് അമരം, പ്രാണനെ നിയന്ത്രിക്കയും നിയോഗിക്കയും ചെയ്യുന്ന ശുദ്ധചൈതന്യമാണ് ആത്മാവ്. എന്നാല്‍ നാം നമ്മുടെ ചുറ്റും കാണുന്ന ചൈതന്യം എന്നും അശുദ്ധമാണ്. ചൈതന്യം ശുദ്ധമാകുമ്പോള്‍ നമുക്കവതാരത്തെ കിട്ടുന്നു. ക്രിസ്തുവിനെ ചൈതന്യം എപ്പോഴും സ്വയം ആവിര്‍ഭവിക്കുവാന്‍ ശ്രമിക്കുകയാണ്. അതിനുവേണ്ടി പല വികാസമാത്രകളിലുമുള്ള മനഃശരീരങ്ങളെ സൃഷ്ടിക്കുകയുമാണ്. യഥാര്‍ത്ഥത്തില്‍, സര്‍വ്വവസ്തുക്കളുടെയും പിന്‍തലത്തില്‍ സര്‍വ്വഭൂതങ്ങളും സമമാണ്.
മനസ്സ് അതിസൂക്ഷ്മദ്രവ്യമാണ്, പ്രാണപ്രകാശനത്തിനുള്ള ഉപകരണമാണത്; ശക്തിക്കു പ്രകാശിക്കുവാന്‍ ദ്രവ്യം വേണം.
അടുത്ത സംഗതി ഈ പ്രാണനെ എങ്ങനെ ഉപയോഗിക്കാമെന്നാണ്. നാമെല്ലാം അതുപയോഗിക്കുന്നുണ്ട്. പക്ഷേ, എത്ര പരിതാപകരമായിട്ടാണ് നാമതു നഷ്ടപ്പെടുത്തുന്നത്! പ്രാരംഭഘട്ടത്തിലുള്ള പ്രഥമസിദ്ധാന്തം സര്‍വ്വജ്ഞാനവും അനുഭവജന്യമെന്നാണ്. പഞ്ചേന്ദ്രിയാതീതമായതെന്തും നമുക്കു യഥാര്‍ത്ഥമായിത്തീരാന്‍ അനുഭൂതമാകണം.
നമ്മുടെ മനസ്സു മൂന്നു തലങ്ങളില്‍ വ്യാപരിക്കുന്നു. ഉപബോധം, സബോധം, ബോധാതീതം. മനുഷ്യരില്‍ യോഗി മാത്രമാണ് ബോധാതീതന്‍. യോഗസിദ്ധാന്തം മുഴുവന്‍ മനസ്സിനെ അതിക്രമിക്കലാണ്. ഈ മൂന്നു തലങ്ങളും നമുക്കു മനസ്സിലാക്കാം, വെളിച്ചത്തിന്റെയോ ശബ്ദത്തിന്റെയോ സ്പന്ദങ്ങളെ പരിഗണിച്ചാല്‍. വെളിച്ചത്തിന്റെ ചില സ്പന്ദനങ്ങളുണ്ട്, കാണാനാവാത്തത്ര മന്ദം. പിന്നെ അവ ശീഘ്രതരമാകുന്ന മുറയ്ക്ക് അവയെ നാം വെളിച്ചമായി കാണുന്നു. അനന്തരം നമുക്കു കാണാനാവാത്തവിധം അതിശീഘ്രമായിത്തീരുന്നു. ശബ്ദവും അങ്ങനെതന്നെ.
ആരോഗ്യത്തിനിളക്കം കൂടാതെ എങ്ങനെ ഇന്ദ്രിയങ്ങളെ അതിക്രമിക്കാമെന്നാണ് നമുക്കു പഠിക്കേണ്ടത്. പാശ്ചാത്യമനസ്സ് മാനസികസിദ്ധികളുടെ സമ്പാദനത്തില്‍ ഇടറിവീണിട്ടുണ്ട്. അവ അവര്‍ക്കു സാധാരണാതീതവും പലപ്പോഴും രോഗലക്ഷണവുമാണ്. ഹിന്ദു ഈ ശാസ്ത്രവിഷയം പഠിച്ച് പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു. അത്, ഇനി എല്ലാവര്‍ക്കും പേടിയോ അപകടമോ കൂടാതെ പഠിക്കാം.
മാനസികചികിത്സ ബോധാതീതാവസ്ഥയുടെ സൂക്ഷ്മമായ തെളിവാണ്. എന്തെന്നാല്‍ ചികിത്സിക്കുന്ന വിചാരം പ്രാണനിലുള്ള ഒരുതരം സ്പന്ദമാണ്. അതു വിചാരമായിട്ടല്ല, അതിലുമുപരിയായ എന്തോ ആയിട്ടാണ് പോകുന്നത്. അതിനു പേരില്ല.
ഓരോ വിചാരത്തിനും മൂന്നവസ്ഥയുണ്ട്. ആദ്യം ഉദയം അഥവാ ആരംഭം. അതിനെക്കുറിച്ചു നമുക്കു ബോധമില്ല. രണ്ടാമത്, വിചാരം ഉപരിതലത്തിലേയ്ക്കുയരുമ്പോള്‍. മൂന്നാമത്, നമ്മളില്‍നിന്നു പോകുമ്പോള്‍. വിചാരം മുകള്‍പ്പരപ്പിലേയ്ക്കുയരുന്ന കുമിളപോലെയാണ്. വിചാരം ഇച്ഛാസംയുക്തമാകുമ്പോള്‍ നാമതിനെ ശക്തിയെന്നു വിളിക്കുന്നു. നിങ്ങള്‍ സഹായിക്കാന്‍ നോക്കുന്ന രോഗിയില്‍ ചെന്നുതട്ടുന്നതു വിചാരമല്ല, ഇച്ഛയാണ്. ഇതിലെല്ലാം കൂടെ ഓടുന്ന ആത്മമനുഷ്യനെ സംസ്കൃതത്തില്‍ സൂത്രാത്മാവ് എന്നു വിളിക്കുന്നു.
അന്തിമവും അത്യുച്ചവുമായ പ്രാണപ്രകാശനം പ്രേമമാണ്. പ്രാണനില്‍ നിന്നു പ്രേമത്തെ സംസ്കരിക്കാനാവുന്ന നിമിഷം നിങ്ങള്‍ മുക്തനാണ്. അതാണ്, കിട്ടേണ്ട അതികഠിനവും അതിമഹത്തവുമായ വസ്തു. നിങ്ങള്‍ അന്യരെ വിമര്‍ശിക്കരുത്. നിങ്ങളെത്തന്നെ വിമര്‍ശിക്കണം. ഒരു കള്ളുകുടിയനെക്കണ്ടാല്‍ അയാളെ വിമര്‍ശിക്കരുത്; അയാള്‍ വേറൊരു രൂപത്തിലുള്ള നിങ്ങള്‍തന്നെയെന്നോര്‍ക്കുക. ഇരുട്ടില്ലാത്തവന്‍ അന്യരില്‍ ഒരിരുട്ടും കാണുന്നില്ല. നിങ്ങള്‍ക്കുള്ളിലുള്ളതാണ് നിങ്ങള്‍ അന്യരില്‍ കാണുന്നത്. ഇതാണ് പരിഷ്കാരത്തിന്റെ തീര്‍ച്ചയുറ്റ രീതി. വിമര്‍ശനവും ദോഷദര്‍ശനവും ചെയ്യുന്ന ഭാവിപരിഷ്കര്‍ത്താക്കള്‍ ദോഷരചനയില്‍നിന്നു സ്വയം വിരമിക്കുന്നപക്ഷം ലോകം കൂടുതല്‍ നന്നാകും. ഈ ആശയം നിങ്ങളില്‍ അനുപ്രവേശിപ്പിക്കുക.
യോഗാഭ്യാസം
ശരീരത്തെ വേണ്ടപോലെ രക്ഷിക്കണം. സ്വശരീരപീഡനം ചെയ്യുന്നവര്‍ പൈശാചികരാണ്. എപ്പോഴും മനസ്സിനെ പ്രസന്നമാക്കിവെക്കുക. വിഷണ്ണവിചാരങ്ങള്‍ വരുന്നെങ്കില്‍ ചവുട്ടിപ്പുറത്താക്കുക. ഒരു യോഗി അധികം തിന്നരുത്. തീരെ തിന്നാതിരിക്കാനും പാടില്ല. അയാള്‍ അധികം ഉറങ്ങരുത്. ഒട്ടും ഉറങ്ങാതെയും ഇരിക്കരുത്. എല്ലാ കാര്യങ്ങളിലും ഉത്തമമായ മദ്ധ്യമമാര്‍ഗ്ഗം കൈക്കൊള്ളുന്നവനു മാത്രമാണ് യോഗിയാകാനാവുന്നത്.
യോഗാഭ്യാസത്തിനു പറ്റിയ കാലമേത്? പ്രകൃതി മുഴുവന്‍ ശാന്തമായിരിക്കുന്ന പ്രാതഃസായംസന്ധ്യാവേളകള്‍. പ്രകൃതിയുടെ സഹായം സ്വീകരിക്കുക. ഇരുപ്പില്‍ ഏറ്റവും എളുതായ നില കൈക്കൊള്ളുക. നെഞ്ചും തോളും തലയും-ഈ മൂന്നു ഭാഗങ്ങളും നേര്‍ക്കാക്കുക. നട്ടെല്ലിനെ സ്വതന്ത്രവും ഋജുവുമായിവിടുക. മുന്നോട്ടോ പിന്നോട്ടോ ചാരരുത്. പിന്നെ ശരീരത്തെ അംഗപ്രത്യംഗം അന്യൂനമെന്നു മനസാ ധരിക്കുക. അനന്തരം സര്‍വ്വലോകത്തിലേക്കും ഒരു പ്രേമധാരയയയ്ക്കുക. പിന്നെ പ്രകാശത്തിനു പ്രാര്‍ത്ഥിക്കുക. അവസാനമായി മനസ്സിനെ പ്രാണനോടു യോജിപ്പിക്കുക. അതിന്റെ ചലനങ്ങളില്‍ അവധാനം ഏകാഗ്രമാക്കാനുള്ള ശക്തി ക്രമേണ പ്രാപിക്കയും ചെയ്ക. ഇതിനുള്ള യുക്തി ക്രമേണ വെളിവാകും.
ഓജസ്സ്
മനുഷ്യനും മനുഷ്യനും തമ്മില്‍ അന്തരമുണ്ടാകുന്നതാണ് ഓജസ്സ്. അധികം ഓജസ്സുള്ളവനാണ് ജനനായകന്‍. അത് അതിഭയങ്കരമായ ആകര്‍ഷണശക്തിയെ കൈവരുത്തുന്നു. ഓജസ്സ് നാഡീധാരകളില്‍ നിന്നു സംസ്കരിക്കപ്പെടുന്നു. യൌനശക്തികളായി വെളിപ്പെടുന്നു. ബലത്തില്‍നിന്നാണ് ഇത് ഏറ്റവും എളുപ്പം ഉളവാക്കപ്പെടുന്നത്. യൌനകേന്ദ്രങ്ങളുടെ ശക്തികള്‍ ചിതറിക്കളയാതെയും അവയുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്താതെയും ഇരിക്കാമെങ്കില്‍-ക്രിയ വിചാരത്തിന്റെ ഒരു സ്ഥൂലതരഭാവംമാത്രമാണ്. അവയെ ഓജസ്സായി സംസ്കരിക്കുന്നു. ശരീരത്തിലെ രണ്ടു വലിയ പ്രാണധാരകള്‍ മസ്തിഷ്കത്തില്‍നിന്നു പുറപ്പെട്ടു നാഡീപാശത്തിന്റെ ഇരുവശത്തൂടെ താഴോട്ടു ചെന്നു തലയുടെ പിന്നില്‍ വെച്ചു 8 എന്ന അക്കത്തിന്റെ ആകൃതിയില്‍ തമ്മില്‍ മുറിച്ചു കടന്നുപോകുന്നു. അങ്ങനെ തലയുടെ വലതുഭാഗം ശരീരത്തിന്റെ ഇടതുഭാഗത്തെ ഭരിക്കുന്നു. നാഡീമണ്ഡലത്തിന്റെ ഏറ്റവും താണ സ്ഥാനത്താണ് യൌനകേന്ദ്രം. മൂലഗ്രന്ഥി. ഈ രണ്ടു പ്രാണധാരകളും വഹിക്കുന്ന ഊര്‍ജ്ജം താഴോട്ടു വരികയും ഒരു വലിയ അളവു തുടര്‍ച്ചയായി മൂലഗ്രന്ഥിയില്‍ സംഭൃതമാകയും ചെയ്യുന്നു. നട്ടെല്ലിന്റെ അവസാനത്തെ എല്ലു മൂലഗ്രന്ഥിക്കുമേലാണ്. പ്രതീകഭാഷയില്‍ ഒരു ത്രികോണമെന്നു വര്‍ണ്ണിക്കപ്പെടുന്നുമുണ്ട്. ഈ ഊര്‍ജ്ജം അതിനടുത്തു സംഭൃതമാകയാല്‍ ഒരു സര്‍പ്പത്തെ ഈ ഊര്‍ജ്ജത്തിന്റെ പ്രതീകമാക്കിയിരിക്കുന്നു. ഈ രണ്ടു പ്രാണധാരകളിലൂടെ വ്യാപരിക്കയാണ് ബോധവും ഉപബോധവും. എന്നാല്‍ പ്രാണധാര മണ്ഡലത്തിന്റെ ഏറ്റവും താഴെ എത്തുമ്പോള്‍ ബോധാതീതം അതിനെ കൈക്കൊണ്ട്, അതു മുകളിലേക്കു ചെന്നു മണ്ഡലം മുഴുമിക്കാന്‍ വിടുന്നതിനുപകരം അതിനെ തടഞ്ഞു മൂലഗ്രന്ഥിയില്‍ നിന്നു നാഡീപാശത്തിലൂടെ ഓജസ്സായി മേലോട്ടു തള്ളിയയയ്ക്കുന്നു. നാഡീപാശം പ്രകൃത്യാ അടഞ്ഞാണ്. പക്ഷേ അതു തുറന്ന് ഈ ഓജസ്സിന്ന് ഒരു വഴിയുണ്ടാക്കാം. നാഡീപാശത്തിലെ ഒരു കേന്ദ്രത്തില്‍നിന്നു വേറോന്നിലേക്കു നിങ്ങള്‍ക്ക് സഞ്ചരിക്കാം. ഇതുകൊണ്ടാണ് മനുഷ്യന്‍ മറ്റുള്ളവയെക്കാള്‍ മഹാനായിരിക്കുന്നത്. എന്തെന്നാല്‍ ജീവന്നു മാനവശരീരത്തില്‍ എല്ലാ തലങ്ങളും എല്ലാ അനുഭൂതികളും സാദ്ധ്യമാണ്. നമുക്കു വേറൊന്നും വേണ്ട. മനുഷ്യന്ന്, വേണമെങ്കില്‍, അവന്റെ പരീക്ഷ അവന്റെ ശരീരത്തില്‍ത്തന്നെ തീര്‍ക്കാം. അതിനുശേഷം ശുദ്ധചൈതന്യമാകയും ചെയ്യാം. ഓജസ്സ് കേന്ദ്രത്തില്‍നിന്നു കേന്ദ്രത്തിലേക്കു പോയി ഭ്രൂമദ്ധ്യഗ്രന്ഥി2യില്‍ (വ്യാപാരമെന്തെന്നു നിര്‍ണ്ണയിക്കാന്‍ ശാസ്ത്രത്തിനു കഴിവില്ലാത്ത ഒരു മസ്തിഷ്കഭാഗം) എത്തിയാല്‍ പിന്നെ മനുഷ്യന്‍ മനസ്സോ ശരീരമോ ആവുന്നില്ല. അവന്‍ സര്‍വ്വബന്ധവിമുക്തനാകുന്നു.
മാനസികസിദ്ധികളുടെ വലിയ അപകടം. മനുഷ്യന്‍ അതില്‍ ഏതാണ്ടിടറി വീഴുന്നു. അതെങ്ങനെ ശരിക്കുപയോഗിക്കാമെന്നറിഞ്ഞുകൂടാ എന്നതാണ്. അവനു പരിശീലനമില്ല. തനിക്കു സംഭവിച്ചതെന്തെന്നറിഞ്ഞും കൂടാ ഈ മാനസികസിദ്ധികളുപയോഗിക്കവെ യൌനവികാരങ്ങള്‍ സാധാരണയില്‍ക്കവിഞ്ഞ് ഉണര്‍ത്തപ്പെടുന്നതാണ് അപകടം. കാരണം ഈ സിദ്ധികള്‍ വാസ്തവത്തില്‍ യൌനകേന്ദ്രത്തില്‍നിന്നാണ് സംസ്കൃതമാകുന്നത്. ഉത്തമവും ഭദ്രതമവുമായ വഴി മാനസികപ്രകാശനങ്ങളെ ഒഴിവാക്കുകയാണ്. എന്തെന്നാല്‍ അവ അവയുടെ അജ്ഞരും അനഭ്യസ്തരുമായ ഉടമകളായിട്ട് അതിക്രൂരമായി ക്രീഡിക്കുന്നു.
പ്രതീകങ്ങളിലേക്കു മടങ്ങാം. നാഡീപാശത്തിലൂടെ ഓജസ്സിന്റെ ഈ സഞ്ചാരം, സര്‍പ്പത്തിന്റേതുപോലാകയാല്‍ അതിനെ സര്‍പ്പമെന്നു വിളിക്കുന്നു. സര്‍പ്പം അഥവാ കുണ്ഡലിനി എല്ലിന്മേല്‍ അഥവാ ത്രികോണത്തിന്മേല്‍ തങ്ങുന്നു. ഉണര്‍ത്തിയാല്‍ അതു നാഡീപാശത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുന്നു. അതു കേന്ദ്രത്തില്‍നിന്നു കേന്ദ്രത്തിലേക്കു പോകവേ, നവവും നൈസര്‍ഗ്ഗികവുമായ ഓരോ ലോകം അകമേ വിവൃതമാകുന്നു. കുണ്ഡലിനി ഉണര്‍ത്തപ്പെട്ടിരിക്കുന്നു
പ്രാണായാമം
പ്രാണായാമാഭ്യാസം ബോധാതീതമനസ്സിന്റെ പരിശീലനമാണ്. ശാരീരികാഭ്യാസത്തെ മൂന്നംഗങ്ങളായി പിരിച്ചിരിക്കുന്നു. അതു തികച്ചും ശ്വാസസംബന്ധിയാണ്. അതു ശ്വാസം ഉളളിലേക്കു വലിക്കലും ധരിക്കലും പുറംതള്ളലുമാണ്. നാലെണ്ണുന്ന നേരംകൊണ്ട് ഒരു നാസാദ്വാരത്തിലൂടെ ശ്വാസം അകത്തേയ്ക്കു വലിക്കണം. പിന്നെ പതിനാറെണ്ണുന്ന നേരം ധരിക്കണം. എട്ടെണ്ണുന്ന നേരംകൊണ്ട് മറ്റേ നാസാദ്വാരത്തിലൂടെ പുറംതള്ളുകയും വേണം. പിന്നെ ക്രമം തിരിക്കുക. അകത്തേക്കു ശ്വസിക്കുമ്പോള്‍ മറ്റേ നാസാദ്വാരം അടയ്ക്കണം. തള്ളവിരല്‍കൊണ്ടു ഒരു നാസാദ്വാരം അടച്ചുപിടിച്ചുകൊണ്ടു തുടങ്ങേണ്ടിയിരിക്കുന്നു. എന്നാല്‍ കാലക്രമേണ നിങ്ങളുടെ ശ്വാസം നിങ്ങളുടെ മനസ്സിനെ അനുസരിക്കും. രാവിലെയും വൈകിട്ടും ഈ പ്രാണായാമം നാലെണ്ണം ചെയ്യുക.
അറിവിനെ അതിക്രമിക്കല്‍
‘‘പശ്ചാത്തപിക്കുക, സ്വര്‍ഗ്ഗരാജ്യം ആസന്നമായിരിക്കുന്നു. ‘പശ്ചാത്തപിക്ക’ എന്നത് ഗ്രീക്കില്‍ മെറ്റാനോയിറ്റ്- മെറ്റാ എന്നാല്‍ പിന്‍, അനന്തരം, അപ്പുറം ആകുന്നു. അക്ഷരാര്‍ത്ഥത്തില്‍ ‘അറിവിനെ അതിക്രമിക്ക (അഞ്ച് ഇന്ദ്രിയങ്ങളുടെ അറിവിനെ), അകത്തേയ്ക്കു നോക്കുകയും ചെയ്ക.’ അവിടെ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം കാണും.’’
ഒരു തത്ത്വജ്ഞാനഗ്രന്ഥത്തിന്റെ ഒടുവില്‍ സര്‍. വില്യം ഹാമില്‍ട്ടണ്‍ പറയുന്നു: ‘‘ഇവിടെ തത്ത്വജ്ഞാനം ഒടുങ്ങുന്നു. ഇവിടെ മതം തുടങ്ങുന്നു.’’ മതം ബുദ്ധിയുടെ മണ്ഡലത്തിലല്ല. ഒട്ട് ആവാനും വയ്യ. ബുദ്ധിപരമായ യുക്തിവാദം ഇന്ദ്രിയപ്രത്യക്ഷമായ വസ്തുതകളെ അധിഷ്ഠാനമാക്കിയാണ്. എന്നാല്‍ മതത്തിന് ഇന്ദ്രിയങ്ങളുമായി ഒരിടപാടുമില്ല. അജ്ഞേയവാദികള്‍ പറയുന്നു: തങ്ങള്‍ക്കു ഈശ്വരനെ അറിയാനാവില്ലെന്ന്, ശരിയുമാണ്. എന്തെന്നാല്‍ അവര്‍ ഇന്ദ്രിയങ്ങളുടെ കഴിവുമുഴുവന്‍ ചെലവഴിച്ചു. എന്നിട്ടും ഈശ്വരജ്ഞാനത്തില്‍ ഒട്ടും മുന്നേറിയില്ല. അതുകൊണ്ടു മതം-അതായത് ഈശ്വരസത്തയും അമൃതത്വവും മറ്റും-തെളിയിക്കാന്‍ നമുക്ക് ഇന്ദ്രിയജ്ഞാനത്തെ അതിക്രമിക്കേണ്ടിയിരിക്കുന്നു. എല്ലാ പ്രവാചകന്മാരും ഋഷിമാരും ‘ഈശ്വരനെ കണ്ടു’ എന്നവകാശപ്പെടുന്നു. അതായത് അവര്‍ക്കു നേരിട്ടുള്ള അനുഭവം കിട്ടിയെന്ന്. അനുഭവമില്ലാതെ അറിവൊന്നുമില്ല. മനുഷ്യന്‍ ഈശ്വരനെ സ്വാത്മാവില്‍ കാണുകയും വേണം. ജഗത്തിലെ ഏകവസ്തുതയെ മനുഷ്യന്‍ അഭിമുഖീകരിച്ചു കഴിഞ്ഞാല്‍, അപ്പോള്‍ മാത്രം, സംശയങ്ങള്‍ മായും, കുരുങ്ങിയ സംഗതികള്‍ നിവരുകയും ചെയ്യും. ഇതാണ് ‘ഈശ്വരനെ കാണല്‍’. നമ്മുടെ ജോലി വസ്തുപരീക്ഷയാണ്. വിഴുങ്ങലല്ല. മതം, മറ്റു ശാസ്ത്രങ്ങളെപ്പോലെ, നിങ്ങളോടാവശ്യപ്പെടുന്നതു വസ്തുതകള്‍ ശേഖരിക്കാനും തന്നെത്താന്‍ കാണാനുമാണ്. പഞ്ചേന്ദ്രിയമേഖലയില്‍പ്പെട്ട അറിവിനെ അതിക്രമിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നതും. ഈശ്വരദര്‍ശനമാണ് ഒരൊറ്റ ലക്ഷ്യം. സിദ്ധിയല്ല ലക്ഷ്യം. ശുദ്ധസച്ചിത്പ്രേമമാണ് ഒറ്റലക്ഷ്യം. പ്രേമം ഈശ്വരനാണ്.
സ്വപ്നങ്ങളിലും വിചാരങ്ങളിലും നാം വിനിയോഗിക്കുന്ന അതേ ശക്തി, ഭാവനാശക്തി, തന്നെയാണ് സത്യപ്രാപ്തിക്കുള്ള ഉപായവും. ഭാവന അതിശക്തിമത്താകുമ്പോള്‍ വിഷയം പ്രത്യക്ഷീഭവിക്കുന്നു. അതുകൊണ്ട് അതിനെക്കൊണ്ടു നമുക്കു നമ്മുടെ ശരീരത്തെ സരോഗമോ അരോഗമോ ആയ ഏതവസ്ഥയിലും കൊണ്ടുവരാം. നാം ഒരു വസ്തു കാണുമ്പോള്‍ മസ്തിഷ്കകണങ്ങള്‍ ഒരു സ്ഥിതിവിശേഷത്താല്‍ വിന്യസ്തമാകുന്നു. സുരൂപദര്‍ശനിയിലെ വര്‍ണ്ണവൈചിത്യ്രംപോലെ ഈ ചേര്‍ച്ചയും മസ്തിഷ്കകണങ്ങളുടെ അതേ സ്ഥിതിവിശേഷവും വീണ്ടുകിട്ടലാണ് സ്മൃതി. ഇച്ഛ എത്ര ബലവത്തരമോ, അത്ര മഹത്തരമായിരിക്കും ഈ മസ്തിഷ്കകണങ്ങളെ പുനര്‍വിന്യസിക്കുന്നതിലുള്ള വിജയം. ശരീരചികിത്സയ്ക്കു ഒരു ശക്തിയേ ഉള്ളൂ. അതെല്ലാവരിലുമുണ്ട്. ഔഷധം ഈ ശക്തിയെ ഉണര്‍ത്തുന്നതേ ഉള്ളൂ. ശരീരത്തില്‍ കടന്ന വിഷയത്തെ പുറംതള്ളാനുള്ള ആ ശക്തിയുടെ പ്രകടപ്രയത്നം മാത്രമാണ് രോഗം. വിഷനിഷ്കാസനത്തിലുള്ള ശക്തി ഔഷധംകൊണ്ടുണര്‍ത്തപ്പെട്ടാലും വിചാരശക്തികൊണ്ട്് അതു കൂടുതല്‍ സ്ഥായിയായി ഉണര്‍ത്തപ്പെടാം. ഭാവന ആരോഗ്യബലവിചാരത്തെ അവലംബിക്കണം. എന്നിട്ടു വേണം, രോഗാവസ്ഥയില്‍, ആരോഗ്യാദര്‍ശസ്മൃതി പ്രബുദ്ധമാകയും ആരോഗ്യാവസ്ഥയില്‍ നിന്ന നിലപാടില്‍ കണങ്ങള്‍ പുനര്‍വ്യൂഢമാകുകയും ചെയ്യാന്‍. ദേഹത്തിന്റെ പ്രവണത അപ്പോള്‍ മസ്തിഷ്കത്തെ അനുസരിക്കാനാണ്.
നമ്മുടെ മേല്‍ അന്യമനസ്സിന്റെ പ്രവൃത്തികൊണ്ട്, ഈ പരിപാടിയിലെത്താനാവുമ്പോഴാണ് അടുത്ത പടി. ഇതിനുദാഹരണം ദിവസേന കാണാം. മനസ്സിന്മേല്‍ പ്രവര്‍ത്തിക്കുന്ന മനസ്സിന്റെ ഒരു രൂപംമാത്രമാണ് വാക്കുകള്‍. നല്ലതും ചീത്തയുമായ വിചാരങ്ങള്‍ ഓരോന്നും ഒരു പ്രബലശക്തിയാണ്. അവകൊണ്ടു ലോകം നിറഞ്ഞിരിക്കുന്നു. സ്പന്ദം തുടരുംപോലെതന്നെ. വിചാരം, പ്രവൃത്തിയാക്കിത്തീര്‍ക്കപ്പെടുംവരെ, വിചാരരൂപത്തില്‍ത്തന്നെ ഇരിക്കുന്നു. ഉദാഹരണത്തിന്, മനുഷ്യബാഹുവില്‍ ശക്തി അപ്രകടമായിരിക്കയാണ്. അവന്‍ ഒരടി കൊടുക്കുംവരെ. അപ്പോഴാണ് അവന്‍ വിചാരത്തെ പ്രവൃത്തിയിലേക്കു വിവര്‍ത്തനം ചെയ്യുന്നത്. നാം സദസദ്വിചാരങ്ങളുടെ ജന്മാവകാശികളാണ്. നാം നമ്മെ ശുദ്ധന്മാരും സദ്വിചാരങ്ങളുടെ ഉപകരണങ്ങളുമാക്കിയാല്‍ അവ നമ്മില്‍ പ്രവേശിക്കും. സദാത്മാവ് ദുര്‍വിചാരഗ്രാഹിയായിരിക്കില്ല. ദുര്‍വിചാരങ്ങള്‍ക്കു വിളനിലമാണ് ദുര്‍ജ്ജനങ്ങള്‍. പറ്റിയ മണ്ണിലെത്തിയാല്‍ മാത്രം സ്ഫുടിച്ചു വര്‍ദ്ധിക്കുന്ന അണുജീവിയെപ്പോലാണവ. വെറും വിചാരങ്ങള്‍ കൊച്ചുചിറ്റലകള്‍പോലെയാണ്. സ്പന്ദിക്കാനുള്ള നവവേഗം അവയ്ക്കു ഏകകാലത്തില്‍ വരുന്നുണ്ട്. ഒടുവിലാകുമ്പോഴേയ്ക്കു ഒരു വലിയ അല എണീറ്റു മറ്റെല്ലാറ്റിനെയും വിഴുങ്ങിക്കളയുന്നതു കാണാം. ഈ വൈശ്വവിചാരവീചികള്‍ അഞ്ഞൂറാണ്ടുതോറും ആവര്‍ത്തിക്കുന്നെന്നു കാണാം. അപ്പോള്‍ നീക്കുപോക്കില്ലാതെ ആ മഹാതരംഗം മാതൃകയാകയും മറ്റുള്ളവയെ അങ്ങു വിഴുങ്ങുകയും ചെയ്യുന്നു. ഇതാണ് ഒരു പ്രവാചകനെ ഉളവാക്കുന്നത്. താന്‍ ജീവിക്കുന്ന യുഗത്തിന്റെ വിചാരത്തെ സ്വമനസ്സില്‍ സമൂഹനം ചെയ്കയും അതിനെ മൂര്‍ത്തരൂപത്തില്‍ മനുഷ്യവര്‍ഗ്ഗത്തിനു മടക്കിക്കൊടുക്കയും ചെയ്യുന്നു. കൃഷ്ണനും ബുദ്ധനും ക്രിസ്തുവും മുഹമ്മദും ലൂതറും തങ്ങളുടെ കൂട്ടരുടെ ഉപരി ഉയര്‍ന്ന മഹാതരംഗങ്ങളെന്ന് ഉദാഹരിക്കാം (ഏതാണ്ടഞ്ഞൂറു കൊല്ലത്തിന്റെ അന്തരാളം അവയ്ക്കുണ്ട്) ഉത്തമപരിശുദ്ധിയുടെയും ചാരിത്രത്തിന്റെയും പിന്‍ബലമുള്ള തരംഗമാണ് എപ്പോഴും സാമൂഹ്യപരിഷ്കരണപ്രസ്ഥാനമായി ലോകത്തിന്റെമേല്‍ തകര്‍ത്തുകയറുന്നത്. ഒരിക്കല്‍കൂടി, നമ്മുടെ കാലത്ത്, വികാരവീചികളുടെ ഒരു സ്പന്ദമുണ്ട്. അന്തര്‍വ്യാപിയായ ഈശ്വരനെന്നതാണ് കേന്ദ്രാശയം. അത് സര്‍വ്വത്ര സര്‍വ്വരൂപത്തിലും സര്‍വ്വവിഭാഗത്തിലും കുരുത്തുപൊങ്ങുകയുമാണ്. ഈ തരംഗങ്ങളില്‍ സൃഷ്ടിയും സംഹാരവും മാറിമാറി വരികയാണ്. എങ്കിലും സൃഷ്ടി എപ്പോഴും സംഹാരപ്രവൃത്തിയുടെ അന്തം വരുത്തുകയാണ് ചെയ്യുന്നത്. ഒരുവന്‍ തന്റെ അദ്ധ്യാത്മപ്രകൃതിയെ പ്രാപിക്കാന്‍ കൂടുതലാഴത്തിലേക്കു മുങ്ങുന്നതോടെ താന്‍ ഇനിയൊട്ടുംതന്നെ അന്ധവിശ്വാസബദ്ധനാണെന്നു വിചാരിക്കുന്നില്ല. നായകന്മാര്‍ പ്രായേണ സുചരിതന്മാരല്ലാത്തതുകാരണം ഭൂരിപക്ഷം വിഭാഗങ്ങളും വന്നുപോകുന്നവയാണ്. അവയ്ക്കു കുമിളകളുടെ നിലനില്പേ ഉള്ളൂ. സമ്പൂര്‍ണ്ണപ്രേമം, അപ്രതിക്രിയമായ ഹൃദയം, ഇതാണ് ചാരിത്യ്രത്തെ ഉളവാക്കുന്നത്. നായകനില്‍ ചാരിത്യ്രമില്ലാത്തിടത്ത് അനുസരണം സംഭവ്യമല്ല. സംശുദ്ധിയുണ്ടെങ്കില്‍ ശാശ്വതമായ അനുസരണവും വിശ്വാസവും സുനിശ്ചിതവുമാണ്.
ഒരാശയം കൈക്കൊള്ളുക, നിങ്ങളെ അതിനു സ്വയം സമര്‍പ്പിക്കുക, ക്ഷമയോടെ പരിശ്രമിക്കുക. സൂര്യന്‍ നിങ്ങള്‍ക്കുവേണ്ടി ഉദയം ചെയ്യും.
ഭാവനയിലേയ്ക്ക് മടങ്ങാം.
നമുക്കു കുണ്ഡലിനിയെ ചാക്ഷുഷീകരിക്കണം. ത്രികോണസ്ഥിയിന്മേല്‍ ചുരുണ്ടുകിടക്കുന്ന സര്‍പ്പമാണ് പ്രതീകം.
പിന്നെ, മുന്‍പറഞ്ഞപ്രകാരം ശ്വാസാഭ്യാസം ചെയ്യുക. ശ്വാസം ധരിക്കവെ, ‘8’-ല്‍നിന്നു താഴോട്ടൊഴുകുന്ന ധാരപോലെ ആ ശ്വാസത്തെ ഭാവനചെയ്യുക. അതു ഏറ്റവും താഴത്തെത്തുമ്പോള്‍ ത്രികോണസ്ഥമായ സര്‍പ്പത്തെ തട്ടുന്നതായും അതിനെ നാഡീപാശനാളത്തിലൂടെ മുകളിലേക്കു പായിക്കുന്നതായും ഭാവനചെയ്യുക. ഈ ശ്വാസത്തെ ത്രികോണത്തിലേക്കു ഭാവനയില്‍ നയിക്കുക.
ഇപ്പോള്‍ നാം ശാരീരികപരിപാടി മുഴുമിച്ചിരിക്കുന്നു. ഇനിയതു മാനസികമായിത്തീരുന്നു.
ആദ്യത്തെ അഭ്യാസത്തെ ‘പ്രത്യാഹാര’മെന്നു വിളിക്കുന്നു. മനസ്സിനെ തടുത്തുകൂട്ടണം. അഥവാ അലയുന്നതില്‍നിന്നു പിന്‍വലിക്കണം.
ശാരീരികപരിപാടിക്കുശേഷം മനസ്സിനെ ഓടിക്കൊള്ളാന്‍ വിടുക, നിയന്ത്രിക്കരുത്. എന്നാല്‍ മനസ്സിന്റെമേല്‍ നോട്ടമുണ്ടായിരിക്കണം. അതിന്റെ വ്യാപാരങ്ങളെ നോക്കിനില്‍ക്കുന്ന സാക്ഷിയെപ്പോലെ ഈ മനസ്സ് ഇപ്രകാരം രണ്ടായി പിരിഞ്ഞിരിക്കുന്നു, കളിക്കുന്നവനും സാക്ഷിയും. ഇനി സാക്ഷിഭാഗത്തെ ബലപ്പെടുത്തുക. നിങ്ങളുടെ അലച്ചിലിനെ നിയന്ത്രിക്കുന്നതില്‍ മനസ്സു പതുക്കെയും ക്രമത്തിലും വിചാരിക്കണം. കളിക്കാരന്‍ ഉത്തരോത്തരം നിയന്ത്രണാധീനനാകും. ഒടുവില്‍ നിങ്ങള്‍ കളിക്കാതെയും അലയാതെയുമാകും.
രണ്ടാമഭ്യാസം: ധ്യാനം-അതിനെ രണ്ടായി പിരിക്കാം. നാം ഘടനയില്‍ മൂര്‍ത്തമാണ്. മനസ്സിനു രൂപങ്ങളില്‍ വേണം ചിന്തിക്കാനും. മതം ഈ ആവശ്യത്തെ അനുവദിക്കുന്നുണ്ട്. ബാഹ്യരൂപങ്ങളുടെയും കര്‍മ്മകലാപങ്ങളുടെയും സഹായം നല്‍കുന്നുമുണ്ട്. എന്തെങ്കിലും രൂപം കൂടാതെ ഈശ്വരനെ ധ്യാനിച്ചുകൂടാ എന്നുവന്നുകൂടും. കാരണം, വിചാരവും പ്രതീകവും അഭേദ്യങ്ങളാണ്. ആ രൂപത്തില്‍ മനസ്സുറപ്പിക്കാന്‍ ശ്രമിക്കുക.
മൂന്നാമഭ്യാസം: ഇതിനെ പ്രാപിക്കുന്നതു ധ്യാനപരിശീലനംകൊണ്ടാണ്. ഇതു വാസ്തവത്തില്‍ ‘ഏകാഗ്രത’യാണ്. മനസ്സു സാധാരണ വട്ടത്തില്‍ വ്യാപരിക്കുന്നു. അതിനെ ഒരു ‘ബിന്ദു’വില്‍ നിര്‍ത്തുക.
അവസാനത്തേതു ഫലമാണ്. മനസ്സ് ഇതിലെത്തിയാല്‍ എല്ലാം കിട്ടി-രോഗശമനവും ദിവ്യലോകവും സര്‍വ്വമാനസികസിദ്ധികളും. ഈ വിചാരധാരയെ ഒരു നിമിഷത്തിനകം ആരിലേയ്ക്കും നയിക്കാം, യേശു ചെയ്തതുപോലെ തല്‍ക്ഷണഫലത്തോടെ.
പൂര്‍വ്വപരിശീലനം കൂടാതെ ആളുകള്‍ ഈ സിദ്ധികളില്‍ ഇടറി വീണിട്ടുണ്ട്. എന്നാല്‍ ഞാന്‍ നിങ്ങളോടു നില്‍ക്കാന്‍ പറയുന്നു. ഈ പടികളെല്ലാം പതുക്കെ പരിശീലിക്കുക. അപ്പോള്‍ എല്ലാം നിങ്ങളുടെ പിടിയില്‍ കിട്ടും. ലേശം രോഗശമനം ശീലിച്ചോളു, പ്രേമമാണ് പ്രേരകമെങ്കില്‍, അതിനു ദ്രോഹിക്കാനാവില്ല. മനുഷ്യന്‍ അതിഹ്രസ്വദൃഷ്ടിയും അക്ഷമനുമാണ്. എല്ലാവര്‍ക്കും സിദ്ധിവേണം. എന്നാല്‍ സ്വയം അതു നേടാന്‍ കാക്കുന്നവര്‍ ചുരുക്കം. അവന്‍ വിതരണം ചെയ്യുന്നു, പക്ഷേ സംഭരിക്കില്ല. നേടാന്‍ നെടുനേരം വേണം. വിതരണം ചെയ്യാന്‍ അല്പസമയവും. അതുകൊണ്ട് സിദ്ധികള്‍ സമ്പാദിക്കവെ അവ സംഭരിച്ചുവെക്കുക. അല്ലാതെ അവ ചിതറിക്കളയരുത്.
സംയതമായ ഓരോ വികാരവീചിയും നിങ്ങള്‍ക്കനുകൂലമായ നീക്കിബാക്കിയാണ്. അതുകൊണ്ടു സത്യമായ സര്‍വ്വസദാചാരവും പോലെ, കോപത്തിനുപകരം കോപിക്കാത്തതു നല്ല നയം ആകുന്നു. ക്രിസ്തു പറഞ്ഞു: ‘തിന്മയെ എതിര്‍ക്കരുത്.’ അതു സദാചാരമാണെന്നുമാത്രമല്ല, വാസ്തവത്തില്‍ ഉത്തമനയംകൂടിയാണെന്നു കണ്ടുപിടിക്കുംവരെ നമുക്കതു മനസ്സിലാകുന്നില്ല. കാരണം കോപം കാണിക്കുന്നവന്ന് അതു ശക്തിക്ഷയമാണ്. കോപദ്വേഷങ്ങളെന്ന ആ മസ്തിഷ്കസംവ്യൂഹങ്ങളില്‍ ചെന്നുപെടാന്‍ നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ അനുവദിക്കരുത്.
രാസശാസ്ത്രത്തില്‍ മൂലഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രജ്ഞന്റെ കൃത്യം കഴിഞ്ഞു. ഐക്യം കണ്ടെത്തിയാല്‍ മതമെന്ന ശാസ്ത്രത്തിന്റെ പൂര്‍ണ്ണത പ്രാപ്തമായി. ഇത് ആയിരത്താണ്ടുകള്‍ക്കുമുമ്പ് സംപ്രാപ്തമാകയും ചെയ്തു. ‘ഞാനും എന്റെ പിതാവും ഒന്ന്’ എന്നു മനുഷ്യര്‍ പറയുമ്പോള്‍ സമ്പൂര്‍ണ്ണൈക്യം സംപ്രാപ്തമായി.