സ്വാമി വിവേകാനന്ദന്‍

യോഗത്തിന്റെ ഒന്നാം ഘട്ടം യമമാണ്. യമത്തെ ജയിക്കാന്‍ അഞ്ചു സംഗതികള്‍ വേണം.

1. മനോവാക്കര്‍മ്മങ്ങളാല്‍ ഒന്നിനെയും ഹിംസിക്കായ്ക.
2. മനോവാക്കര്‍മ്മങ്ങളാല്‍ സത്യം പറയുക.
3. മനോവാക്കര്‍മ്മങ്ങളില്‍ ലോഭമില്ലായ്മ.
4. മനോവാക്കര്‍മ്മങ്ങളില്‍ തികഞ്ഞ ചാരിത്യ്രം.
5. മനോവാക്കര്‍മ്മങ്ങളില്‍ തീരെ പാപമില്ലായ്മ.

വിശുദ്ധിയാണ് വലിയ ശക്തി. മറ്റെല്ലാം അതിന്റെ മുമ്പില്‍ വിറയ്ക്കും പിന്നെ വരുന്നതു ആസനം. ഭക്തന്റെ ഇരിപ്പ്. ഇരിപ്പ് ഉറച്ചതായിരിക്കണം. തലയും നെഞ്ചും ഉടലും നേരെ. കുത്തനെ ഉറച്ചിരുന്നു, ഒന്നിനും തന്നെ ഇളക്കാനാവില്ല എന്നു തന്നോടുതന്നെ പറയുക. പിന്നെ ശരീരം അംഗപ്രത്യംഗം, കേശാദിപാദം, സംസിദ്ധമെന്നു കീര്‍ത്തിക്കുക. അതു സ്ഫടികവിശദമെന്നു ജീവിതസാഗരയാനം ചെയ്യാനുള്ള സംസിദ്ധപാത്രമാണെന്നു ഭാവന ചെയ്യുക.

ഈശ്വരനോടും ലോകത്തിലെ സര്‍വ്വപ്രവാചകന്മാരോടും മോചകന്മാരോടും ഈ ജഗത്തിലെ വിശുദ്ധാത്മാക്കളോടും തുണയരുളാന്‍ പ്രാര്‍ത്ഥിക്കുക.

പിന്നെ അരമണിക്കൂര്‍നേരം പ്രാണായാമം ചെയ്ക-ശ്വാസത്തിന്റെ പൂരകവും രേചകവും കുംഭകവും-ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നതോടെ, ഓംകാരം മനസാ ജപിച്ചുകൊണ്ട് ചൈതന്യനിര്‍ഭരമായ വാക്കുകള്‍ക്ക് അത്ഭുതശക്തിയുണ്ട്.

യോഗത്തിന്റെ മറ്റുഘട്ടങ്ങള്‍ ഇവയാണ്: (1) പ്രത്യാഹാരം അഥവാ ഇന്ദ്രിയങ്ങളെ സര്‍വ്വബഹിര്‍വിഷയങ്ങളില്‍നിന്നും നിയമിച്ച് മനോമുദ്രകളിലേക്കു മുഴുവന്‍ തിരിച്ചുവിടുക. (2) ധാരണ അഥവാ സ്ഥിരമായ ഏകാഗ്രത, (3) ധ്യാനം അഥവാ ഏകതാനത, (4) സമാധി അഥവാ വസ്തുമാത്രമായ ധ്യാനം. ഇതു യോഗത്തിലെ അത്യുച്ചവും അന്തിമവുമായ ഘട്ടമാണ്. വിചാരം പരമചൈതന്യത്തില്‍ തീരെ ഗ്രസിക്കപ്പെടുന്നതാണ് സമാധി. അപ്പോള്‍ ‘ഞാനും എന്റെ പിതാവും ഒന്ന്’ എന്ന് ഒരുവന്‍ സാക്ഷാല്‍കരിക്കുന്നു.

ഒരിക്കല്‍ ഒരു കാര്യം ചെയ്യുക. അതു ചെയ്യുമ്പോഴാകട്ടെ മറ്റൊക്കെ പുറംതള്ളി ആത്മാവു മുഴുവന്‍ അതിലര്‍പ്പിക്കയും ചെയ്ക.