ലഘുരാജയോഗം: ആറു പാഠങ്ങള്‍ (418)
(ഈ രാജയോഗപാഠങ്ങളും മേലില്‍ വരുന്ന ഭക്തിയോഗപാഠങ്ങളും ഇംഗ്ലണ്ടില്‍ സംരക്ഷിതമായ പാഠക്കുറിപ്പുകളില്‍നിന്നു സ്വരൂപിച്ചതാണ്.)
ലോകത്തില്‍ ഏതു ശാസ്ത്രത്തിന്റെയുംപോലെ രാജയോഗവും ഒരു ശാസ്ത്രമാണ്. അതു മനസ്സിന്റെ വിശകലനമാണ്. അതീന്ദ്രിയലോകത്തിന്റെ വസ്തുതകള്‍ സംഭരിക്കലും അങ്ങനെ അദ്ധ്യാത്മലോകം കെട്ടിപ്പടുക്കലും. ലോകം അറിഞ്ഞിട്ടുള്ള ആദ്ധ്യാത്മികമഹാചാര്യന്മാരെല്ലാം ‘ഞാന്‍ കാണുന്നു, ഞാനറിയുന്നു’ എന്നു പറഞ്ഞു. യേശുവും പോളും പീറ്ററുമെല്ലാം തങ്ങള്‍ ഉപദേശിച്ച ആദ്ധ്യാത്മികസത്യങ്ങളുടെ സാക്ഷാത്പ്രത്യക്ഷം അവകാശപ്പെട്ടു.
ഈ പ്രത്യക്ഷം യോഗംകൊണ്ടു ലബ്ധമാകുന്നു.
സ്മൃതിയോ ബോധമോ സത്തയുടെ പരിമിതിയാകാന്‍ വയ്യ. ബോധാതീതാവസ്ഥയുണ്ട്. അതും അബോധാവസ്ഥയും സംവേദനരഹിതമാണ്. പക്ഷേ, ഇടയ്ക്കു വലിയ അന്തരമുണ്ട്. ജ്ഞാനത്തിനും അജ്ഞാനത്തിനും തമ്മിലുള്ള അന്തരം യോഗത്തെ ഒരു യുക്തിനിവേദനമായിട്ട്, ഒരു ശാസ്ത്രമായിട്ട്, അവതരിപ്പിക്കുക.
മനസ്സിന്റെ ഏകാഗ്രതയാണ് സര്‍വ്വജ്ഞാനത്തിനും മൂലം.
യോഗം നമ്മോടുപദേശിക്കുന്നത് ജഡത്തെ നമ്മുടെ അടിമയാക്കാനാണ്. അതങ്ങനെയല്ലോ വേണ്ടതും. യോഗമെന്നാല്‍(ഇംഗ്ളീഷിലെ) ‘യോക്’, (സംസ്കൃതത്തിലെ) ‘യജ്’(യോജിപ്പിക്കുക), മനുഷ്യാത്മാവിനെ പരമാത്മിവിനോടു, ഈശ്വരനോടു യോജിപ്പിക്കുക എന്നര്‍ത്ഥം.
മനസ്സു ബോധത്തിന്റെ അകത്തും അടിയിലും വ്യാപരിക്കുന്നു. നാം ബോധമെന്നു വിളിക്കുന്നതു നമ്മുടെ പ്രകൃതിയായ അനന്തശൃംഖലയുടെ ഒരു കണ്ണിയെ മാത്രമാണ്.
നമ്മുടെ ഈ ‘ഞാന്‍’ അല്പമാത്രം ബോധത്തെയും വലിയൊരളവ് അബോധത്തെയും ഉള്‍ക്കൊള്ളുന്നു. അതോടൊപ്പം, അതിന്റെ മേല്‍ അതിനു മിക്കവാറും അജ്ഞാതമായി, ബോധാതീതതലം ഉണ്ട്. ശ്രദ്ധയുറ്റ അഭ്യാസംകൊണ്ട് നമ്മുടെ മുമ്പില്‍ മനസ്സിന്റെ അടുക്കുകള്‍ ഒന്നിനൊന്നു തുറക്കുന്നു. ഓരോന്നും പുതിയ വസ്തുതകളെ വെളിപ്പെടുത്തിത്തരുന്നു. നമ്മുടെ മുമ്പില്‍, പുതിയ ലോകങ്ങള്‍ സൃഷ്ടങ്ങളായി നാം കാണുന്നു എന്നു പറയാം. പുതിയ ശക്തികള്‍ നമുക്കുകൈവരുന്നു. പക്ഷേ, പളുങ്കുമണികള്‍കൊണ്ടു കണ്ണഞ്ചാന്‍ നമ്മളെ സമ്മതിക്കരുത്. വജ്രഖനി നമ്മുടെ മുമ്പില്‍ കിടക്കെ.
ഈശ്വരന്‍മാത്രമാണ് നമ്മുടെ ലക്ഷ്യം. ഈശ്വരനെ പ്രാപിക്കാന്‍ കഴിയാഞ്ഞ്, നാം മരിക്കുന്നു.
വിജയിക്കാന്‍ വിചാരിക്കുന്ന വിദ്യാര്‍ത്ഥിക്ക് മൂന്നു സാധനങ്ങള്‍ വേണം.
ഒന്നാമത്, ഇഹലോകത്തിലോ പരലോകത്തിലോ ഉള്ള ഭോഗത്തെപ്പറ്റിയ ആശയം മുഴുവന്‍ വെടിയുക, ഈശ്വരനിലും സത്യത്തിലും മാത്രം തല്‍പരനാകുക. നാമിവിടെയുള്ളതു സത്യമറിയാനാണ്, ഭോഗത്തിനല്ല. അതു മൃഗങ്ങള്‍ക്കു വിട്ടുകൊടുക്കുക. നമുക്കൊരിക്കലുമാവാത്തത്ര ആസ്വദിക്കാവുന്നവര്‍ക്ക്, മനുഷ്യന്‍ വിചാരപരനാണ്. മരണത്തെ ജയിക്കുന്നതുവരെ, വെളിച്ചം കാണുന്നതുവരെ, അവന്‍ വിടാതെ പരിശ്രമിക്കുകയും വേണം. നിഷ്ഫലമായ നിരര്‍ത്ഥജല്പനത്തില്‍ അവന്‍ തന്നെത്താന്‍ ക്ഷയിപ്പിക്കരുത്. ലോകപൂജനവും ബഹുജനാഭിപ്രായവും വിഗ്രഹസേവയാണ്. ആത്മാവിനു ലിംഗമില്ല. നാടില്ല, സ്ഥലമില്ല, കാലമില്ല.
രണ്ടാമത്, സത്യത്തെയും ഈശ്വരനെയും അറിയാനുള്ള തീവ്രേച്ഛ. അവയ്ക്കുവേണ്ടി ആര്‍ത്തിപ്പെടുക. അവയ്ക്കുവേണ്ടി അഭിലഷിക്കുക, മുങ്ങിപ്പോകുന്നവന്‍ ശ്വാസത്തിന് അഭിലഷിക്കും പോലെ. നമുക്ക് ഈശ്വരനേ വേണ്ടൂ, മറ്റൊന്നും എടുക്കരുത്. ‘ദൃശ്യം’ നിന്നെ ഇനിമേല്‍ ചതിക്കാതിരിക്കട്ടെ. എല്ലാത്തില്‍നിന്നും തിരിഞ്ഞ് ഈശ്വരനെന്നുമാത്രം തേടുക.
മൂന്നാമത്, ആറ് അഭ്യാസങ്ങള്‍. ഒന്നാമത്-മനസ്സിനെ പുറത്തു പോകാതെ നിയന്ത്രിക്കുക (ശമം), രണ്ടാമത്-ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക (ദമം), മൂന്നാമത്-മനസ്സിനെ അകത്തേയ്ക്കു തിരിക്കുക (ഉപരതി), നാലാമത്-പിറുപിറുക്കാതെ സര്‍വ്വവും സഹിക്കുക (തിതിക്ഷ), അഞ്ചാമത്-ഒരാശയത്തില്‍ മനസ്സുറപ്പിക്കുക (സമാധാനം). നിങ്ങളുടെ മുമ്പിലുള്ള വിഷയത്തെപ്പറ്റി കൂലങ്കഷമായി ചിന്തിക്കുക. ഒരിക്കലും വിട്ടുകളയരുത്. കാലം കണക്കാക്കേണ്ട. ആറാമത്-നിങ്ങളുടെ യഥാര്‍ത്ഥസ്വരൂപത്തെ സദാ വിചാരിക്കുക (ശ്രദ്ധ). അന്ധവിശ്വാസങ്ങളെ ഒഴിച്ചുകളയുക. നിങ്ങള്‍ക്കു സ്വയം അധമതയുണ്ടെന്ന വിശ്വാസത്തിലേക്കു നിങ്ങളെ പ്രമോഹിപ്പിക്കരുത്. രാപകല്‍ നിങ്ങളോടുതന്നെ പറയുക, നിങ്ങള്‍ യഥാര്‍ത്ഥത്തിലെന്താണെന്ന്. ഈശ്വരനുമായുള്ള ഐക്യം നിങ്ങളൊടുവില്‍ സാക്ഷാല്‍കരിക്കുംവരെ (യഥാര്‍ത്ഥമായി സാക്ഷാല്‍കരിക്കുംവരെ). ഈ സംയമങ്ങളില്ലാതെ ഒരു ഫലവും നേടാനാവില്ല.
നമുക്കു കേവലത്തെപ്പറ്റി ബോധവാന്മാരാകാം. എന്നാല്‍ അതൊരിക്കലും പ്രകാശിപ്പിക്കാനാവില്ല. അതു പ്രകാശിപ്പിക്കാന്‍ നാം ശ്രമിക്കുന്ന നിമിഷം, അതിനെ നാം പരിമിതപ്പെടുത്തുകയും അതു കേവലമല്ലാതാകയും ചെയ്യുന്നു.
നമുക്ക് ഇന്ദ്രിയപരിമിതിയെ വിട്ട് അപ്പുറം പോകണം, യുക്തിയെപ്പോലും അതിക്രമിക്കണം. അതിനുള്ള കഴിവു നമുക്കുണ്ടുതാനും. (ശ്വസനത്തിലെ ഒന്നാം പാഠം ഒരാഴ്ച ശീലിച്ചിട്ട്, ശിഷ്യന്‍ ഗുരുവിനെ വിവരമറിയിക്കുന്നു.)
ഒന്നാം പാഠം
ഓരോ വ്യക്തിത്വവും വളര്‍ത്തണം. എല്ലാം കേന്ദ്രത്തില്‍ കൂടിച്ചേരും. ‘ഭാവന ആവേശത്തിലേയ്ക്കുള്ള വാതിലും വിചാരത്തിന്റെയെല്ലാം ചുവടുമാകുന്നു’. എല്ലാ പ്രവാചകന്മാരും കവികളും ഗവേഷകരും എന്നും മഹത്തായ ഭാവനാവിലാസം ഉള്ളവരായിരുന്നു.
പ്രകൃതിയുടെ വ്യാഖ്യാനം നമ്മിലുണ്ട്. കല്ലു വീഴുന്നതു പുറത്ത്. എന്നാല്‍ വസ്ത്വാകര്‍ഷണശക്തി നമ്മുടെ ഉള്ളിലാണ്, പുറത്തല്ല.
അമിതമായി ആഹാരം കഴിക്കുന്നവര്‍, തങ്ങളെ പട്ടിണികിടത്തുന്നവര്‍, അതിമാത്രം ഉറങ്ങുന്നവര്‍, അത്യല്പം ഉറങ്ങുന്നവര്‍-ഇവര്‍ക്കു യോഗികളാകാനാവില്ല.
അജ്ഞത, ചാപല്യം, അസൂയ, ആലസ്യം, അത്യാസക്തി-ഇവ യോഗാഭ്യാസവിജയത്തിന്റെ മഹാവൈരികളാണ്. വേണ്ടുന്ന മൂന്നു യോഗ്യതകള്‍:
ഒന്നാമത്: ശുചിത്വം, ശരീരികവും മാനസികവും. എല്ലാ അശുചിത്വവും മനസ്സിനെ താഴേയ്ക്കു വലിക്കുന്നതെല്ലാം, വിട്ടേ കളയണം.
രണ്ടാമത്: സ്ഥിരോത്സാഹം. വൃദ്ധിയിലും ക്ഷയത്തിലും, ആരോഗ്യത്തിലും രോഗത്തിലും സ്ഥിരമായുത്സാഹിയാവുക.
അഭ്യാസത്തിന് ഒരു ദിവസം പോലും നഷ്ടമായിക്കൂടാ.
അഭ്യാസത്തിന് പറ്റിയ സമയം ദിനരാത്രസന്ധിയാണ്. നമ്മുടെ ശരീരത്തിലെ വേഗങ്ങള്‍ ശാന്തതമമായ സമയം, രണ്ടവസ്ഥകള്‍ക്കിടയ്ക്കുള്ള ശൂന്യബിന്ദു. ഇതു ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴോ, ഉറങ്ങാന്‍ പോകുമ്പോഴോ അഭ്യസിക്കുക. ശാരീരികശൌചം വളരെ ആവശ്യമാണ്-ദിവസം ഒരു കുളി.
കുളി കഴിഞ്ഞു താഴെ ഇരിക്കുക. ഉറച്ച ഇരുപ്പു പിടിക്കുക. അതായത്, പാറപോലെ ഉറച്ചിരിക്കുന്നു. ഒന്നിനും നിങ്ങളെ ഇളക്കിക്കൂടാ എന്നു ഭാവനചെയ്യുക. തലയും തോളും അരക്കെട്ടും നേര്‍ക്കു നേരേ ധരിക്കുക. നട്ടെല്ലു നിര്‍ബ്ബാധം നിര്‍ത്തുക. സര്‍വ്വവ്യാപാരവും അതിലൂടെയാണ്. അതിനെ വികലമാക്കിക്കൂടാ.
കാലിലെ പെരുവിരല്‍തൊട്ടാരംഭിക്കുക. നിങ്ങളുടെ ശരീരം അംഗംപ്രതി സംസിദ്ധമെന്നു ഭാവനചെയ്യുക. അങ്ങനെ മനസ്സില്‍ ചിത്രീകരിക്കുക. വേണമെങ്കില്‍ ഓരോ അംഗവും സ്പര്‍ശിച്ചുകൊണ്ട് അല്പാല്പം മേലോട്ടു കടക്കുക, ഒടുവില്‍, ഓരോന്നും സംസിദ്ധമെന്നും ഒരു ന്യൂനതയുമില്ലെന്നും ഭാവന ചെയ്ത്, നിങ്ങള്‍ ശിരസ്സിലെത്തുന്നു. അനന്തരം ശരീരം സര്‍വ്വാംഗം സംസിദ്ധം, സത്യപ്രാപ്തിക്കു നിങ്ങളെ സമര്‍ത്ഥനാക്കുവാന്‍ ഈശ്വരന്‍ നല്‍കിയ ഒരുപകരണം, കടല്‍ കടന്നു സനാതനസത്യത്തിന്റെ പാരം പ്രാപിക്കാനുള്ള തോണി, എന്നു ഭാവനചെയ്യുക (അംഗന്യാസം). ഇതു ചെയ്തുകഴിഞ്ഞാല്‍ രണ്ടു നാസാരന്ധ്രങ്ങളിലുംകൂടെ ഒരു ദീര്‍ഘശ്വാസമെടുക്കുക. വീണ്ടും അതു പുറംതള്ളുക. പിന്നെ, അതു സുഖമാകാവുന്നത്ര നേരം പുറത്തുനിര്‍ത്തുക. അത്തരം നാലു ശ്വാസങ്ങളെടുക്കുക. പിന്നെ സാധാരണപോലെ ശ്വസിച്ചു പ്രകാശത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക:
‘ഈ ജഗത്തിനെ സൃഷ്ടിച്ച സത്തയുടെ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. അവന്‍ എന്റെ മനസ്സിനെ പ്രകാശിപ്പിക്കട്ടെ.’* ഇരുന്ന് പത്തോ പതിനഞ്ചോ മിനിട്ട് ഇങ്ങനെ ധ്യാനിക്കുക.
നിങ്ങളുടെ ദര്‍ശനങ്ങളെപ്പറ്റി ഗുരിവിനോടല്ലാതെ ആരോടും പറയരുത്.
കഴിവതും കുറച്ചു പറയുക.
നിങ്ങളുടെ വിചാരം ഗുണനിഷ്ഠമാക്കുക. നാം ചിന്തിക്കുന്നതെന്തോ അതായിപ്പോകുന്നു.
പവിത്രമായ ധ്യാനം മനോമലങ്ങളെ എരിച്ചുകളയാന്‍ സഹായിക്കുന്നു. യോഗികളല്ലാത്തവരെല്ലാം അടിമകളാണ്. സ്വതന്ത്രരാകാന്‍ നമ്മുടെ കെട്ടുകള്‍ ഒന്നൊന്നായി പൊട്ടിക്കുകതന്നെ വേണം.
എല്ലാവര്‍ക്കും പരമാര്‍ത്ഥം കണ്ടെത്താനാവും. ഈശ്വരന്‍ സത്യമാണെങ്കില്‍ നാം അവിടുത്തെ ഒരു വസ്തുതയായി അനുഭവിക്കണം. ഒരാത്മാവുണ്ടെങ്കില്‍ അതിനെ കാണാനും അനുഭവിക്കാനും നമുക്കു കഴികയും വേണം.
ഒരാത്മാവുണ്ടോ എന്നറിയാന്‍ ഒറ്റവഴി ശരീരമല്ലാത്ത ഒന്നാവുകയാണ്.
യോഗികള്‍ നമ്മുടെ കരണങ്ങളെ രണ്ടു മുഖ്യവകുപ്പുകളില്‍ പെടുത്തുന്നു. ജ്ഞാനത്തിനുള്ള കരണങ്ങളും കര്‍മ്മത്തിനുള്ള കരണങ്ങളും.
അന്തഃകരണത്തിന് അഥവാ മനസ്സിനു നാലു ഭാവങ്ങളുണ്ട്. ഒന്നാമത്-മനസ്സ്, വികല്പിക്കുകയോ വിചാരിക്കയോ ചെയ്യുന്ന വൃത്തി. അത് അനിയന്ത്രിതമാകയാല്‍ ഏതാണ്ട് മുഴുവനും വെറുതെ കളകയാണ്. സംയതമായാല്‍ അതൊരത്ഭുതശക്തിയാണ്. രണ്ടാമത്-ബുദ്ധി, ഇച്ഛ (നിശ്ചയാത്മകമെന്നു ചിലപ്പോള്‍ പറയാറുണ്ട്), മൂന്നാമത്-അഹങ്കാരം, താനെന്നു ബോധമുള്ളത് (അസ്മിത അഥവാ അഹന്ത), നാലാമത്-ചിത്തം, യാതൊന്നിലും യാതൊന്നിലൂടെയും എല്ലാ വൃത്തികളും വ്യാപരിക്കുന്നുവോ ആ വസ്തു, ഏതാണ്ട് മനസ്സിന്റെ അടിത്തട്ട് അഥവാ വൃത്തികള്‍ തിരതല്ലുന്ന കടല്‍.
വൃത്തികളാകുകയോ ആക്കപ്പെടുകയോ ചെയ്യുന്നതില്‍നിന്നു ചിത്തത്തെ നിരോധിക്കുന്ന ശാസ്ത്രമാണ് യോഗം. കടലിലെ ചന്ദ്രപ്രതിബിംബം തിരകള്‍കൊണ്ടു തകരുകയോ സങ്കുലമാകയോ ചെയ്യുംപോലെ പരമാത്മാവിന്റെ സത്യമായ പ്രതിബിംബം മനോവൃത്തികള്‍കൊണ്ടു തകര്‍ന്നിരിക്കുന്നു. കണ്ണാടിക്കൊത്ത ശാന്തതയിലേക്കു കടലിനെ നിശ്ചലമാക്കുമ്പോള്‍മാത്രമേ ചന്ദ്രന്റെ പ്രതിബിംബം കാണാനാവൂ. അതുപോലെ ചിത്തം. മനോദ്രവ്യം, കേവലശാന്തതയിലേക്കു നിയന്ത്രിതമായാലേ ‘തന്നെ’ കണ്ടറിയാന്‍ പറ്റൂ.
മനസ്സു ശരീരമല്ല. കൂടുതല്‍ സൂക്ഷ്മമായ ദ്രവ്യമാണെങ്കിലും അതു ശരീരംപോലെ നിത്യബദ്ധമല്ല. ശരീരത്തില്‍നിന്നു നാം ചിലപ്പോഴൊക്കെ അയഞ്ഞുപോരുമ്പോള്‍ ഇതു തെളിയിക്കപ്പെടുന്നു. ഇന്ദ്രിയങ്ങളെ നിയമിച്ച് ഇതു ഇച്ഛാനുസാരം ചെയ്യാന്‍ നമുക്കു പഠിക്കാം.
അതു നമുക്കു പൂര്‍ണ്ണമായി ചെയ്യാനാവുമ്പോള്‍ നാം ജഗത്തിനെ നിയന്ത്രിക്കും. കാരണം, നമ്മുടെ ലോകം ഇന്ദ്രിയപ്രണീതംമാത്രമാണ്. ഉച്ചതരജീവിതത്തിന്റെ പരീക്ഷ സ്വാതന്ത്യ്രമാണ്. നിങ്ങള്‍ ഇന്ദ്രിയങ്ങളുടെ പിടിയില്‍നിന്ന് അയഞ്ഞുപോരുന്നതോടെ അദ്ധ്യാത്മജീവിതം തുടങ്ങുകയായി. ആരെ സ്വേന്ദ്രിയങ്ങള്‍ ഭരിക്കുന്നുവോ, അവന്‍ പ്രാപഞ്ചികനാണ്, അടിമയാണ്.
നമുക്കു മനസ്സിനെ തിരതല്ലുന്നതില്‍നിന്നു നിശ്ശേഷം നിരോധിക്കാന്‍ കഴിയുമെങ്കില്‍ അതു നമ്മുടെ ശരീരങ്ങള്‍ക്ക് അന്തംവരുത്തും. കോടിക്കണക്കിനു കൊല്ലങ്ങളായി ഈ ശരീരങ്ങളെ വിരചിക്കുവാന്‍ നാം അതികഠിനമായി പണിയെടുക്കയാണ്. എന്നിട്ട്, ഈ പ്രയത്നത്തില്‍, അവ നേടുന്നതിലുള്ള നമ്മുടെ യഥാര്‍ത്ഥപ്രയോജനം നാം മറന്നിരിക്കുന്നു. അതു പൂര്‍ണ്ണനാകുവാനായിരുന്നു. ശരീരനിര്‍മ്മാണമാണ് നമ്മുടെ ലക്ഷ്യമെന്നു നാം വിചാരിച്ചുപോന്നു. ഇതാണ് മായ. ഈ വ്യാമോഹത്തെ നാം പൊളിക്കണം. നമ്മുടെ പഴയ ലക്ഷ്യത്തിലേക്കു മടങ്ങണം. നാം ശരീരമല്ലെന്നും അതു നമ്മുടെ അടിമയാണെന്നും സാക്ഷാല്‍ക്കരിക്കണം.
മനസ്സിനെ പുറത്തെടുക്കാനും അതു ശരീരത്തില്‍നിന്നു വേറാണെന്നു കാണാനും പഠിക്കുക. നാം വേദനവും ജീവനുംകൊണ്ടു ശരീരത്തെ സമ്പന്നമാക്കിയിട്ട് അതു ജീവനുള്ളതും യഥാര്‍ത്ഥവുമെന്നു വിചാരിക്കുന്നു. നാം അതു വളരെക്കാലമായി അണിഞ്ഞിരിക്കയാണ്. എന്നിട്ട് അതു നമ്മോട് അഭിന്നമല്ലെന്നു നാം മറന്നുപോയി. ശരീരത്തെ നമ്മുടെ ഇഷ്ടംപോലെ മാറ്റിവെക്കാനാവും അതു നമ്മുടെ ഉപകരണമാണ്; നമ്മുടെ നിയാമകന്‍ അല്ല എന്നു കാണാനും സഹായിക്കാനാണ് യോഗം. മാനസികശക്തികളെ നിയന്ത്രിക്കലാണ് യോഗാഭ്യാസത്തില്‍ ഒന്നാമത്തെ മഹത്തായ ലക്ഷ്യം. രണ്ടാമത്തേത് ഏതു വിഷയത്തിലും അതിനെ പൂര്‍ണ്ണശക്തിയോടെ ഏകാഗ്രീകരിക്കല്‍.
വളരെ വര്‍ത്തമാനം പറയുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു യോഗിയാവാന്‍ കഴിയില്ല.
രണ്ടാം പാഠം
ഈ യോഗം അഷ്ടാംഗയോഗമെന്നാണ് അറിയപ്പെടുന്നത്. എന്തെന്നാല്‍ ഇത് എട്ടു മുഖ്യഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഒന്നാമത്-യമം. ഇത് അതിപ്രധാനമാണ്. ജീവിതത്തെ മുഴുവന്‍ ഭരിക്കണം. ഇതിത് അഞ്ചു ഭാഗങ്ങളുണ്ട്.
1. മനോവാക്കര്‍മ്മങ്ങളാല്‍ ഒരു ജീവിയേയും ഹിംസിക്കായ്ക.
2. മനോവാക്കര്‍മ്മങ്ങളാല്‍ ഒന്നും കൊതിക്കായ്ക.
3. മനോവാക്കര്‍മ്മങ്ങളില്‍ സമ്പൂര്‍ണ്ണചാരിത്യ്രം.
4. മനോവാക്കര്‍മ്മങ്ങളില്‍ സമ്പൂര്‍ണ്ണസത്യനിഷ്ഠ.
5. ദാനം സ്വീകരിക്കായ്ക.
രണ്ടാമത്-നിയമം. ശാരീരികരക്ഷ, നിത്യസ്നാനം, ആഹാരക്രമം മുതലായവ.
മൂന്നാമത്-ആസനം. ഇരിപ്പ്, അരക്കെട്ടും തോളും തലയും നേരേ നിര്‍ത്തണം. നട്ടെല്ല് നിര്‍ബാധമായി വിട്ടേക്കുക.
നാലാമത്-പ്രാണായാമം. ശ്വാസനിയമനം (പ്രാണന്റെ, ജീവശക്തിയുടെ, മേല്‍ നിയന്ത്രണം കിട്ടാന്‍വേണ്ടി).
അഞ്ചാമത്-പ്രത്യാഹാരം. മനസ്സിനെ അകത്തേയ്ക്കു തിരിക്കയും പുറത്തുപോകാതെ നിയന്ത്രിക്കയും. വസ്തുവിനെ ഗ്രഹിക്കുവാന്‍ അതിനെ മനസ്സില്‍ ചുഴറ്റുക.
ആറാമത്-ധാരണ. ഒരു വിഷയത്തില്‍ ഏകാഗ്രത.
ഏഴാമത്-ധ്യാനം.
എട്ടാമത്-സമാധി. പ്രകാശനം, നമ്മുടെ യത്നങ്ങളുടെയെല്ലാം ലക്ഷ്യം.
യമനിയമങ്ങള്‍ ആയുഷ്കാലം മുഴുവന്‍ അഭ്യസിക്കാനാണ്. മറ്റുള്ളവയെസ്സംബന്ധിച്ച് നാം പുല്‍പ്പുഴുപോലെയാണ്. ഒരു പുല്ലു വിടില്ല, വേറൊന്നു മുറുകെപ്പിടിക്കാതെ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരുപിടി തികച്ചും അറികയും അഭ്യസിക്കയും വേണം, വേറൊന്നാക്രമിക്കുന്നതിനുമുമ്പ്.
ഈ പാഠത്തിന്റെ വിഷയം പ്രാണായാമം അഥവാ പ്രാണനിയന്ത്രണമാണ്. രാജയോഗത്തില്‍ ശ്വസനം മാനസികതലത്തിലേക്കു കടന്ന്, നമ്മെ അദ്ധ്യാത്മതലത്തിലെത്തിക്കുന്നു. ശരീരവ്യൂഹത്തിന്റെ മുഴുവന്‍ തോലനചക്രമാണിത്. ഇത് ആദ്യം ശ്വാസകോശങ്ങളുടെമേല്‍ വ്യാപരിക്കുന്നു. ശ്വാസകോശങ്ങള്‍ ഹൃദയത്തിന്റെമേല്‍ വ്യാപരിക്കുന്നു. ഹൃദയം പരിവാഹത്തിന്മേലും അതു മുറയ്ക്കു മസ്തിഷ്കത്തിന്മേലും, മസ്തിഷ്കം മനസ്സിന്മേലും വ്യാപരിക്കുന്നു. ഇച്ഛയ്ക്ക് ഒരു ബാഹ്യവേദനമുണ്ടാകാം. ബാഹ്യവേദനത്തിന് ഇച്ഛയെ ഉണര്‍ത്താനും കഴിയും. നമ്മുടെ ഇച്ഛകള്‍ ദുര്‍ബ്ബലങ്ങളാണ്. നാം അവയുടെ ശക്തി ഉള്ളതുപോലെ അറിയുന്നില്ല. അത്രമാത്രം നാം ജഡത്തില്‍ കെട്ടുപെട്ടിരിക്കയാണ്. നമ്മുടെ മിക്ക വ്യാപാരവും പുറത്തുനിന്നകത്തേയ്ക്കാണ്. ബാഹ്യപ്രകൃതി നമ്മെ നിലയില്‍ നിന്നു തെറിപ്പിച്ചുകളയുന്നു. നാം ചെയ്യേണ്ടിയിരുന്നതുപോലെ നമുക്കു പ്രകൃതിയെ അതിന്റെ നിലയില്‍നിന്നു തെറിപ്പിച്ചുകളയാനാവുന്നുമില്ല. ഇതെല്ലാം തെറ്റാണ്. ബലവത്തരശക്തി വാസ്തവത്തില്‍ നമ്മുടെ ഉളളിലാണ്.
മഹാസിദ്ധന്മാരും ഗുരുക്കന്മാരും തങ്ങളുടെതന്നെ ഉള്ളിലെ ഈ ചിന്താലോകത്തെ അതിക്രമിച്ചവരായിരുന്നു. അതുകൊണ്ട് അവര്‍ ശക്തിമത്തായി പറയുകയും ചെയ്തു. ഒരു ഉയര്‍ന്ന മാളികയില്‍ അടയ്ക്കപ്പെട്ട മന്ത്രിയുടെ കഥ* ഇതിനെ ഉദാഹരിക്കുന്നു. ഒരു വണ്ടും തേനും ഒരു പട്ടുനൂലും ഒരു ചരടും ഒരു കയറും കൊണ്ടുവന്ന്, തന്റെ ഭാര്യയുടെ പ്രയത്നത്താല്‍ അയാള്‍ മോചിക്കപ്പെട്ടല്ലോ. ഒന്നാമത്, ശ്വാസത്തിന്റെ ശാരീരികനിയമത്തെ പട്ടുനൂല്‍പോലെ ഉപയോഗിച്ച് നമ്മുടെ മനസ്സിന്റെമേല്‍ നമുക്കു പിടികിട്ടുന്നു. ശക്തികളെ ഒന്നൊന്നായി പിടിക്കൂടാനുള്ള കഴിവ് അതു നമുക്കു നല്‍കുന്നു. ഒടുവില്‍ ഏകാഗ്രതയാകുന്ന കയര്‍ നമ്മെ ശരീരത്തില്‍നിന്നു വിടുവിക്കുന്നു. നാം സ്വതന്ത്രരാകയും ചെയ്യുന്നു. സ്വാതന്ത്യ്രം പ്രാപിച്ചുകഴിഞ്ഞാല്‍, നമ്മെ അങ്ങോട്ടെത്തിച്ച ഉപായങ്ങളെ നമുക്കു തള്ളിക്കളയാം.
പ്രാണായാമത്തിനു മൂന്നു ഭാഗങ്ങളുണ്ട്. പൂരകം-അകത്തേയ്ക്കെടുക്കുക. 2. കുംഭകം- ധരിക്കുക, 3. രേചകം- പുറത്തേയ്ക്കു തള്ളുക.
മസ്തിഷ്കത്തിലൂടെ കടന്നുപോകുന്ന രണ്ടു ധാരകളുണ്ട്. നട്ടെല്ലിന്റെ പാര്‍ശ്വങ്ങളിലൂടെ താഴേയ്ക്കു പരിവഹിച്ച്, ചുവട്ടില്‍വെച്ചു മുറിച്ചു കടന്ന്, മസ്തിഷ്കത്തിലേക്കു മടങ്ങുന്നവ. ഈ ധാരകളിലൊന്ന് ‘സൂര്യന്‍’ (പിംഗള) എന്നു ചൊല്ലുന്നത്. മസ്തിഷ്കത്തിന്റെ ഇടത്തെ അര്‍ദ്ധഗോളത്തില്‍നിന്നു പുറപ്പെട്ട്, മസ്തിഷ്കത്തിന്റെ ചുവടിനെ നട്ടെല്ലിന്റെ വലത്തോട്ടു മുറിച്ചുകടന്ന്, നട്ടെല്ലിന്റെ ചുവട്ടില്‍വെച്ചു വീണ്ടും മുറിച്ചുകടക്കുന്നു. എട്ട് (8) എന്ന അക്കത്തിന്റെ പകുതിപോലെ.
മറ്റേ ധാര, ‘ചന്ദ്രന്‍’(ഇഡ), വിപരീതം വ്യാപരിച്ച്, എട്ട് എന്ന അക്കത്തെ മുഴുമിക്കുന്നു. സ്വാഭാവികമായി, കീഴ്ഭാഗംമേല്‍ ഭാഗത്തേക്കാള്‍ വളരെ നീണ്ടതാണ്. ഈ ധാരകള്‍ രാപ്പകല്‍ പ്രവഹിച്ച്, ഗ്രന്ഥികളെന്നു സാധാരണ അറിയപ്പെടുന്ന വിവിധസ്ഥാനങ്ങളില്‍ വലിയ ജീവിതശക്തികളുടെ നിക്ഷേപങ്ങളെ ഉണ്ടാക്കുന്നു. എന്നാല്‍ നാം വിരളമായേ അവയെക്കുറിച്ചറിയുന്നുള്ളൂ. ഏകാഗ്രതകൊണ്ട് അവയെ തൊട്ടറിയാനും ശരീരത്തിലെവിടെയും അവയെ തേടിച്ചെല്ലാനും നമുക്കു പഠിക്കാം. ഈ ‘സൂര്യ-ചന്ദ്ര’ധാരകള്‍ ശ്വാസവുമായി ഏറെ ബന്ധമുള്ളവയാണ്. അതു നിയന്ത്രിച്ച് ഈ ശരീരത്തിന്മേല്‍ നാം നിയന്ത്രണം നേടുകയും ചെയ്യുന്നു.
കഠോപനിഷത്തില്‍ ശരീരത്തെ രഥമായി വര്‍ണ്ണിച്ചിട്ടുണ്ട്. മനസ്സ് കടിഞ്ഞാണുകള്‍! ബുദ്ധി സാരഥി. ഇന്ദ്രിയങ്ങളാണ് കുതിരകള്‍. ഇന്ദ്രിയാര്‍ത്ഥങ്ങള്‍ അവയുടെ വഴിയും. ആത്മാവത്രേ തേര്‍ തെളിക്കുന്ന രഥി. രഥിക്കു വിജ്ഞാനമുണ്ടെങ്കിലല്ലാതെ, സാരഥിയെക്കൊണ്ടു തന്റെ കുതിരകളെ നിയന്ത്രിക്കാനും കഴിയുമെങ്കിലല്ലാതെ, അയാള്‍ക്ക് ഒരിക്കലും ലക്ഷ്യം പ്രാപിക്കാവതല്ല. ഇന്ദ്രിയങ്ങളാകട്ടെ, ദുഷ്ടാശ്വങ്ങളെപ്പോലെ തങ്ങള്‍ക്കിഷ്ടമുള്ളിടത്തേക്ക് അയാളെ വലിക്കും, അയാളെ നശിപ്പിച്ചെന്നും വരാം. ഈ രണ്ടു ധാരകളാണ് സാരഥിയുടെ കയ്യിലെ ‘പ്രഗ്രഹങ്ങള്‍’. കുതിരകളെ പാട്ടിലാക്കാന്‍ ഇതിന്റെ നിയന്ത്രണം സമ്പാദിക്കണം. സുചരിതരാകാന്‍ ഈ ശക്തി കിട്ടണം. അതുവരെ നമുക്കു നമ്മുടെ വ്യാപാരങ്ങളെ നിയന്ത്രിക്കാനാവില്ല. യോഗംമാത്രമാണ് സദാചാരശാസനങ്ങളെ പ്രായോഗികമാക്കാന്‍ നമ്മെ തുണയ്ക്കുന്നത്. സുചരിതനാകയാണ് യോഗോദ്ദേശ്യം. എല്ലാ മഹാചാര്യന്മാരും യോഗികളായിരുന്നു. എല്ലാ ധാരകളെയും നിയന്ത്രിക്കയും ചെയ്തു. യോഗികള്‍ ഈ ധാരകളെ നട്ടെല്ലിന്റെ ചുവട്ടില്‍വെച്ചു നിരോധിച്ച് നട്ടെല്ലിന്റെ നടുവിലൂടെ തള്ളിവിടുന്നു. അവ അപ്പോള്‍ ജ്ഞാനധാരകളായിത്തീരുന്നു. അവ യോഗിയില്‍മാത്രമേ ഉള്ളൂ.
ശ്വസനത്തില്‍ രണ്ടാം പാഠം; ഒരു വഴിയല്ല എല്ലാവര്‍ക്കും. ഈ ശ്വസനം താളക്രമത്തില്‍ ചെയ്യേണ്ടതാണ്. എണ്ണുകയാണുതാനും ഏറ്റവും എളുപ്പവഴി, അതു തനി യാന്ത്രികമായി ചെയ്യുന്നതിനുപകരം ‘ഓം’ എന്ന പവിത്രപദം ഒരു ക്ളിപ്തസംഖ്യ ഞങ്ങള്‍ ജപിക്കുന്നു.
പ്രാണായാമക്രമം ഇങ്ങനെയാണ്: വലത്തെ നാസാദ്വാരം തള്ളവിരല്‍കൊണ്ടടയ്ക്കുക. എന്നിട്ട് ‘ഓം’ നാലുരു ജപിച്ചുകൊണ്ട് ഇടത്തെ നാസാദ്വാരത്തിലൂടെ പതുക്കെ ശ്വാസം എടുക്കുക. അനന്തരം ചൂണ്ടുവിരല്‍ ഇടത്തെ നാസാദ്വാരത്തില്‍ വെച്ചു രണ്ടു ദ്വാരങ്ങളും മുറുകെ അടച്ചിട്ട് എട്ടുരു ‘ഓം’ ജപിച്ചുകൊണ്ടു ശ്വാസം ഉള്ളില്‍ ധരിക്കുക. പിന്നെ വലത്തെ നാസാദ്വാരത്തില്‍നിന്നു തളളവിരല്‍ നീക്കി, ‘ഓം’ നാലുരു ജപിച്ചുകൊണ്ട് അതിലൂടെ പതുക്കെ ശ്വാസം വിടുക. ശ്വാസം വിട്ടുതീര്‍ന്നാല്‍ ശ്വാസകോശങ്ങളില്‍നിന്നു വായു മുഴുവന്‍ പുറംതള്ളാന്‍, വയര്‍ ബലാല്‍ അകത്തേയ്ക്കു വലിക്കുക. പിന്നെ, പതുക്കെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസം എടുക്കുക, ഇടത്തേതടച്ചുകൊണ്ടു നാലുരു ‘ഓം’ ജപിച്ചുകൊണ്ടും. അടുത്തതായി തള്ളവിരല്‍കൊണ്ടു വലത്തെ ദ്വാരവുമടച്ച്, എട്ടുരു ‘ഓം’ ജപിച്ചു ശ്വാസം ധരിക്കുക. പിന്നെ ഇടത്തെ ദ്വാരത്തിലൂടെ നാലുരു ‘ഓം’ ജപിച്ചുകൊണ്ട് പതുക്കെ ശ്വാസം വിടുക; മുമ്പത്തെപ്പോലെ വയര്‍ അകത്തേക്കു വലിച്ചുകൊണ്ട്. ഈ പ്രവര്‍ത്തനം മുഴുവന്‍ ഓരോ ഇരുപ്പിലും രണ്ടുപ്രാവശ്യം ആവര്‍ത്തിക്കുക. അതായത്, നാലു പ്രാണായാമങ്ങള്‍. ഓരോ നാസാരന്ധ്രത്തിനും ഈരണ്ട്. ആസനസ്ഥനാകുന്നതിനു മുമ്പു പ്രാര്‍ത്ഥനകൊണ്ട് ആരംഭിക്കുന്നതു നല്ലതാണ്.
ഇത് ഒരാഴ്ച അഭ്യസിക്കേണ്ടതുണ്ട്. പിന്നെ, ക്രമേണ ശ്വാസകാലം വര്‍ദ്ധിപ്പിക്കുക. അതേ അനുപാതം പാലിക്കുക. അതായത്, എടുക്കുമ്പോള്‍ ആറുരു ‘ഓം’ ജപിക്കുന്നെങ്കില്‍, വിടുമ്പോഴും അത്രതന്നെ. കുംഭകവേളയില്‍ പന്ത്രണ്ടുരുവും. ഈ അഭ്യാസങ്ങള്‍ നമ്മെ കൂടുതല്‍ ആത്മികരും കൂടുതല്‍ പവിത്രരും കൂടുതല്‍ വിശുദ്ധരുമാകും. വശങ്ങളിലുള്ള വല്ല ഇടവഴിയിലേക്കും നയിക്കപ്പെടുകയോ സിദ്ധികളുടെ പിന്നാലെ തേടിച്ചെല്ലുകയോ അരുത്. നമ്മുടെ കൂടെ നില്‍ക്കുന്നതും പെരുകുന്നതുമായ ശക്തി പ്രേമം മാത്രമാണ്. രാജയോഗത്തിലൂടെ ഈശ്വരനിലെത്താന്‍ നോക്കുന്നവന്‍ കരുത്തനാകണം, മാനസികമായും ശാരീരികമായും സദാചാരപരമായും ആത്മികമായും. വെളിച്ചത്തുതന്നെ ഓരോ ചുവടും വെയ്ക്കുക.
‘ഞാന്‍ അപ്പുറത്തേയ്ക്കു പോകും. ഞാന്‍ ഈശ്വരനിലേക്കു തുളച്ചു കടക്കും’ എന്നു നൂറായിരങ്ങളില്‍ ഒരുവന്‍മാത്രമേ പറയൂ. ചുരുക്കം പേര്‍ക്കേ സത്യത്തെ നേരിടാനാവൂ. എന്തെങ്കിലും നേടണമെങ്കില്‍ നാം സത്യത്തിനുവേണ്ടി മരിക്കാനും തയ്യാറാകണം.
മൂന്നാം പാഠം
കുണ്ഡലിനി: ആത്മാവിനെ ജഡമായിട്ടല്ലാതെ ഉള്ളപോലെ സാക്ഷാല്‍കരിക്കുക. നാം ആത്മാവിനെപ്പറ്റി ശരീരമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍, അതിനെ ഇന്ദ്രിയങ്ങളില്‍നിന്നും വിചാരങ്ങളില്‍നിന്നും വേര്‍പെടുത്തണം. അപ്പോഴേ നാം അമൃതമെന്നു നമുക്കറിയാവൂ. പരിണാമം കാര്യകാരണദ്വന്ദ്വത്തെ ഉള്‍ക്കൊള്ളുന്നു. പരിണമിക്കുന്നതെല്ലാം മൃതമായിരിക്കണംതാനും. ഇതു തെളിയിക്കുന്നതു ശരീരം അമൃതമാവാന്‍ വയ്യ, മനസ്സും വയ്യ എന്നാണ്. എന്തെന്നാല്‍, രണ്ടും സദാ പരിണാമിയാണ്. അപരിണാമിയേ അമൃതമാവൂ. എന്തെന്നാല്‍, അവിടെ വ്യാപാരവിധേയമായൊന്നുമില്ല.
നാം അതാവുകയല്ല, നാം അതാണ്. പക്ഷേ, സത്യത്തെ നമ്മളില്‍നിന്നു മറയ്ക്കുന്ന അജ്ഞാനമറയെ നാം മാറ്റിക്കളയേണ്ടിയിരിക്കുന്നു. ഈ ശരീരം വിഷയീകരിക്കപ്പെട്ട വിചാരമാണ്. ‘സൂര്യചന്ദ്ര’ധാരകള്‍ ശരീരത്തിലെല്ലായിടത്തും ശക്തിയെത്തിക്കുന്നു. അധികശക്തി, നട്ടെല്ലിലുള്ള നാഡീകേന്ദ്രമെന്നു സാധാരണ അറിയപ്പെടുന്ന ചില സ്ഥാനങ്ങളില്‍ (ഗ്രന്ഥികളില്‍) സഞ്ചിതമായിരിക്കുന്നു.
ഈ ധാരകളെ മൃതശരീരങ്ങളില്‍ കണ്ടുകിട്ടുന്നില്ല. അരോഗശരീരത്തിലേ തേടിക്കിട്ടൂ.
യോഗിക്ക് ഒരു മെച്ചമുണ്ട്. അയാള്‍ക്ക് അവയെ അനുഭവിക്കാമെന്നുമാത്രമല്ല, യഥാര്‍ത്ഥത്തില്‍ കാണുകയും ചെയ്യാം. അവ തന്റെ ജീവിതത്തില്‍ തിളങ്ങുന്നവയാണ്. അങ്ങനെതന്നെ ആ മഹത്തായ നാഡീകേന്ദ്രങ്ങളും.
അബോധമെന്നപോലെ സബോധമായ വ്യാപാരവുമുണ്ട്. യോഗികള്‍ക്ക് മൂന്നാമതൊന്നുമുണ്ട്, ബോധാതീതം. അതാണ് എല്ലാ നാട്ടിലും എല്ലാ കാലത്തും മതപരമായ സര്‍വ്വജ്ഞാനത്തിന്റേയും മൂലം. ബോധാതീതം ഒരു തെറ്റും വരുത്തുന്നില്ല. സഹജവാസനയുടെ വ്യാപാരം ശുദ്ധയാന്ത്രികമാണെങ്കില്‍, ഇതു ബോധത്തിനപ്പുറത്താണ്. ഇതിനെ ആവേശമെന്നു വിളിച്ചിട്ടുണ്ട്. എന്നാല്‍ യോഗികള്‍ പറയുന്നു: ‘‘ഈ സാമര്‍ത്ഥ്യം എല്ലാ മനുഷ്യരിലുമുണ്ട്, കാലംകൊണ്ട് എല്ലാവരും ആസ്വദിക്കയും ചെയ്യും.’’
ഈ ‘സൂര്യ-ചന്ദ്ര’ധാരകള്‍ക്കും നാം പുതിയൊരു സരണി കൊടുക്കണം. നട്ടെല്ലിലെ നാഡീപാശത്തിന്റെ നടുക്കുകൂടി അവയ്ക്ക് ഒരു പുതിയ വഴി തുറന്നുകൊടുക്കണം. ‘സുഷുമ്ന’ എന്നുചൊല്ലുളള ഈ പന്ഥാവിലൂടെ മസ്തിഷ്കത്തിലേക്ക് ഈ ധാരകളെ കൊണ്ടുവരുന്നതില്‍ വിജയിച്ചാല്‍, നാം തല്‍ക്കാലത്തേയ്ക്കു ശരീരത്തില്‍നിന്നു തികച്ചും മുക്തരാണ്.
നട്ടെല്ലിന്റെ ചുവട്ടില്‍, മൂലത്തിന്നടുത്തുള്ള നാഡീകേന്ദ്രം വളരെ പ്രധാനമാണ്. ഇതു യൌനശക്തിയുണ്ടാക്കുന്ന വസ്തുവിന്റെ ഇരിപ്പിടമാണ്. ചുരുണ്ടുകിടക്കുന്ന ഒരു ചെറുസര്‍പ്പത്തെ ഉള്‍ക്കൊളളുന്ന ത്രികോണത്തെയാണ് അതിന്റെ പ്രതീകമായി യോഗികള്‍ കല്‍പ്പിക്കുന്നത്. ഈ ഉറങ്ങുന്ന സര്‍പ്പത്തെ കുണ്ഡലിനിയെന്നു വിളിക്കുന്നു. ഈ കുണ്ഡിലിനിയെ ഉയര്‍ത്തുകയാണ് രാജയോഗോദ്ദേശ്യം മുഴുവന്‍.
മഹത്തായ യൌനപ്രഭാവം, മൃഗവൃത്തിയില്‍നിന്നു മനുഷ്യസംസ്ഥാനത്തിന്റെ മഹാശക്തികൂടമായ മസ്തിഷ്കത്തിലേക്കുയര്‍ത്തപ്പെട്ട് അവിടെ സംഭൃതമായാല്‍ ഓജസ്സ് അഥവാ അദ്ധ്യാത്മപ്രഭാവം ആയിത്തീരുന്നതാണ്. എല്ലാ നല്ല വിചാരവും എല്ലാ പ്രാര്‍ത്ഥനയും, ആ മൃഗശക്തിയുടെ ഓരംശത്തെ ഓജസ്സാക്കി മാറ്റി, നമുക്ക് അദ്ധ്യാത്മശക്തി നല്‍കാന്‍ തുണയ്ക്കുന്നു. ഈ ഓജസ്സാണ് യഥാര്‍ത്ഥമനുഷ്യന്‍. മനുഷ്യരില്‍മാത്രമേ ഈ ഓജഃസംഭരണം നിര്‍വ്വഹിക്കാന്‍ കഴിയൂ. മൃഗീയയൌനപ്രഭാവം മുഴുവന്‍ ഓജസ്സായി മാറ്റപ്പെട്ടിരിക്കുന്നതാരിലോ അയാള്‍ ദേവനാണ്. അയാള്‍ കരുത്തോടെ പറയുന്നു. അയാളുടെ വാക്കുകള്‍ ലോകത്തെ പുനര്‍ജീവിപ്പിക്കയും ചെയ്യുന്നു.
ഈ സര്‍പ്പം പതുക്കെ, പടിപടിയായി ഉയര്‍ത്തപ്പെടുന്നതായി യോഗി ഭാവന ചെയ്യുന്നു. ഒടുവില്‍ അത്യുച്ചമായ ഭ്രൂമദ്ധ്യഗ്രന്ഥിയിലെത്തുന്നു. മനുഷ്യന്നു കൈവന്ന അത്യുച്ചശക്തിയായ യൌനശക്തി ഓജസ്സായി മാറ്റപ്പെടുംവരെ പുരുഷനാകട്ടെ സ്ത്രീയ്ക്കാകട്ടെ, യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികരാവുക സാധ്യമല്ല.
ഒരു ശക്തിയേയും സൃഷ്ടിക്കാന്‍ വയ്യ, തിരിച്ചുവിടാനേ പറ്റൂ. അതുകൊണ്ട്, ഇപ്പോഴേ നമ്മുടെ കൈവശമുള്ള മഹാശക്തികളെ നിയന്ത്രിക്കാനും വെറും മൃഗീയത്തിനുപകരം ഇച്ഛാശക്തികൊണ്ട് അദ്ധ്യാത്മമാക്കാനും നാം പഠിക്കണം. അങ്ങനെ, ബ്രഹ്മചര്യം സര്‍വ്വസദാചാരത്തിന്റെയും സര്‍വ്വമതത്തിന്റെയും മൂലക്കല്ലാണെന്നു തെളിഞ്ഞു കണ്ടുവല്ലോ. രാജയോഗത്തില്‍ വിശേഷിച്ചും അനവച്ഛിന്നമായ ബ്രഹ്മചര്യം, മനോവാക്കര്‍മ്മങ്ങളില്‍ അനിവാര്യംതന്നെയാണ്. ഒരേ നിയമങ്ങള്‍ വിവാഹിതന്നും അവിവാഹിതന്നും ചേരുന്നു. സ്വസത്തയുടെ ബലിഷ്ഠശക്തികളെ ഒരുവന്‍ വെറുതെ കളയുന്നെങ്കില്‍ അവന് ആദ്ധ്യാത്മികനാകുക ശക്യമല്ല.
ചരിത്രം മുഴുവനും നമ്മെ പഠിപ്പിക്കുന്നു, എക്കാലത്തെയും മഹാന്മാരായ ദ്രഷ്ടാക്കള്‍ ഒന്നുകില്‍ സന്ന്യാസിമാരും തപസ്വികളുമായിരുന്നു. അല്ലെങ്കില്‍, വിവാഹജീവിതം വെടിഞ്ഞവരായിരുന്നു. ജീവിതത്തില്‍ പരിശുദ്ധന്മാര്‍ക്കേ ഈശ്വരനെ ദര്‍ശിക്കാനാവൂ.
പ്രാണായാമത്തിനു തൊട്ടുമുമ്പേ ഈ ത്രികോണത്തെ കാണാന്‍ ശ്രമിക്കുക. കണ്ണടച്ചു നിങ്ങളുടെ ഭാവനയില്‍ അതിനെ വിശദമായി ചിത്രീകരിക്കുക. അതിനെ ജ്വാലാവൃതമായും നടുക്കു കുണ്ഡലിതസര്‍പ്പത്തോടുകൂടിയും കണുക. കുണ്ഡലിനിയെ തെളിഞ്ഞു കാണാറാകുമ്പോള്‍ അതിനെ നട്ടെല്ലിന്റെ ചുവട്ടില്‍ വയ്ക്കുന്നതായി ഭാവന ചെയ്യുക. കുംഭകത്തില്‍, ശ്വാസം നിരുദ്ധമാകുമ്പോള്‍ അതിനെ ഊക്കോടെ താഴോട്ടു സര്‍പ്പത്തിന്റെ തലയ്ക്ക്, അതിനെ ഉണര്‍ത്താനായി എറിയുക. ഭാവന എത്രയേറെ ശക്തിമത്താകുന്നുവോ അത്രവേഗം ഫലം പ്രാപ്തമാകും. കുണ്ഡലിനി ഉണര്‍ത്തപ്പെടുകയും ചെയ്യും. അതുണരുംവരെ അതുണരുന്നെന്നു ഭാവന ചെയ്യുക. ധാരകളെ അനുഭവിക്കാന്‍ ശ്രമിക്കുക. അവയെ സുഷുമ്നയിലൂടെ തള്ളിവിടാന്‍ യത്നിക്കുക. ഇത് അവയുടെ വ്യാപാരത്തെ ത്വരിപ്പിക്കുന്നു.
നാലാം പാഠം
മനസ്സിനെ നിയന്ത്രിക്കും മുമ്പു നാമതിനെ പഠിക്കണം. നമുക്ക് ഈ അസ്ഥിരമനസ്സിനെ പിടികൂടി, അതിന്റെ അലച്ചിലില്‍നിന്നു വലിച്ച് ഒരാശയത്തില്‍ ഉറപ്പിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും ഇതു ചെയ്തേ ഒക്കൂ. ഇച്ഛാശക്തികൊണ്ടുവേണം നമുക്കു മനസ്സിനെ പിടികൂടുക, നിര്‍ബ്ബന്ധിച്ചു നിര്‍ത്തുക, ഈശ്വരമഹിമ ഭാവനചെയ്യിക്കുക.
മനസ്സിനെ പിടികൂടാനുള്ള ഏറ്റവും എളുതായ വഴി, ശാന്തമായിരുന്നു കുറേ നേരം അതിനെ ഇഷ്ടം പോലെ സഞ്ചരിക്കാന്‍ വിടുകയാണ്. ഈ ആശയത്തെ മുറുകെപ്പിടിക്കുക. എന്റെ മനസ്സു സഞ്ചരിക്കുന്നതു നോക്കിയിരിക്കുന്ന സാക്ഷിയാണ് ഞാന്‍, മനസ്സല്ല ഞാന്‍. പിന്നെ, അതു നിങ്ങളില്‍നിന്നു തികച്ചും വേറെന്നവിധം വിചാരിക്കുന്നതായി കാണുക. നിങ്ങളെ ഈശ്വരനോടു ഏകീഭവിപ്പിക്കുക. ഒരിക്കലും ദ്രവ്യത്തോടോ മനസ്സിനോടോ അരുത്.
മനസ്സിനെ നിങ്ങളുടെ മുമ്പില്‍ പരന്നുകിടക്കുന്ന ഒരു ശാന്തതടാകമായും വന്നും പോയുമിരിക്കുന്ന വിചാരങ്ങളെ ഉയര്‍ന്നു മുകള്‍പ്പരപ്പില്‍ പൊലിയുന്ന കുമിളകളായും ചിത്രീകരിക്കുക. വിചാരങ്ങളെ നിയന്ത്രിക്കാന്‍ ഒരു ശ്രമവും ചെയ്യേണ്ട. പക്ഷേ അവയെ നോക്കിക്കൊള്‍ക. അവ പാറിപ്പോകവെ അവയെ ഭാവനയില്‍ പിന്‍തുടരുക. ഈ വൃത്തങ്ങളെ ചുരുക്കം. എന്തെന്നാല്‍ മനസ്സു പടരുന്നതു വലിയ വിചാരവൃത്തങ്ങളുടെ മേലേയാണ്. ആ വൃത്തങ്ങള്‍തന്നെ നിത്യപ്രവൃദ്ധങ്ങളായ വൃത്തങ്ങളായി പുറത്തേയ്ക്കു വീശുകയുമാണ്. ഒരു കുളത്തില്‍ കല്ലെറിയുമ്പോഴെന്നപോലെ. ഈ പ്രക്രിയയെ നമുക്കു പ്രതിലോമമാക്കണം. ഒരു മഹാവൃത്തത്തില്‍ തുടങ്ങി അതിനെ ചുരുക്കിച്ചുരുക്കി, ഒടുവില്‍ മനസ്സിനെ ഒരു സ്ഥാനത്തുറപ്പിക്കാനും അവിടെ നിലകൊള്ളിക്കാനും നമുക്കു കഴിയും. ഈ ആശയത്തില്‍ പറ്റിക്കൊള്‍ക: ‘ഞാന്‍ മനസ്സല്ല, ഞാന്‍ ചിന്തിക്കുന്നതായി ഞാന്‍ കാണുന്നു, മനസ്സു വ്യാപരിക്കുന്നതു ഞാന്‍ നിരീക്ഷിക്കയാണ്.’ നാള്‍തോറും വിചാരവികാരങ്ങളോടുള്ള നിങ്ങളുടെ ഏകഭാവം കുറയും. ഒടുവില്‍ നിങ്ങള്‍ക്കു നിങ്ങളെ മനസ്സില്‍നിന്നു സമ്പൂര്‍ണ്ണം വേര്‍തിരിക്കാറാവും. അതു നിങ്ങളില്‍നിന്നു വേറാണെന്നു യഥാര്‍ത്ഥത്തില്‍ അറിയാറാകയും ചെയ്യും.
ഇതു ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടംപോലെ നിയന്ത്രിക്കാവുന്ന അടിമയാകുന്നു മനസ്സ്. യോഗിയാകാനുള്ള ഒന്നാംപടി ഇന്ദ്രിയങ്ങള്‍ക്കപ്പുറം പോകയാണ്. മനസ്സിനെ ജയിച്ചുകഴിഞ്ഞാല്‍ അത്യുച്ചപടിയിലെത്തിയിരിക്കുന്നു.
കഴിവതും ഒറ്റയ്ക്കു താമസിക്കുക. ഇരിപ്പിടം സുഖമായ ഉയരമുള്ളതായിരിക്കണം. ആദ്യം ഒരു പുല്പായവിരിക്കുക. പിന്നെ ഒരു തോല്. അടുത്തേതു ഒരു പട്ടുവിരി. ഇരിപ്പിടത്തിനു ചാരില്ലാത്തതു കൂടുതല്‍ നന്ന്, അതുറച്ചിരിക്കയും വേണം.
വിചാരങ്ങള്‍ ചിത്രങ്ങളാകയാല്‍ നാം അവയെ സൃഷ്ടിക്കരുത്. നമുക്കു സര്‍വ്വവിചാരങ്ങളെയും മനസ്സില്‍നിന്നു പുറത്താക്കണം. അതിനെ ശൂന്യമാക്കണം. വിചാരം വരുന്നത്ര വേഗത്തില്‍ അതിനെ പുറംതള്ളേണ്ടിയിരിക്കുന്നു. നാം ജഡത്തെ കവിയണം. ദേഹത്തെ അതിക്രമിക്കണം. മനുഷ്യജീവിതം മുഴുക്കെ, യഥാര്‍ത്ഥത്തില്‍, ഇതു ചെയ്യാനുള്ള ഒരു യത്നമാണ്.
ഓരോ ശബ്ദത്തിനും തനതായ അര്‍ത്ഥമുണ്ട്. നമ്മുടെ പ്രകൃതിയില്‍ ഇതു രണ്ടും സംബദ്ധമാണ്. നമുക്കുള്ള ഉച്ചതമാദര്‍ശം ഈശ്വരനാണ്. അവനെ ധ്യനിക്ക, അറിയുന്നവനെ അറിയാനാവില്ല. പക്ഷേ നാം അവന്‍തന്നെ.
തിന്മയെക്കൊണ്ട് നാം അതിനെ രചിക്കുന്നു. നാം എന്തോ, അതു നാം പുറത്തു കാണുന്നു. എന്തെന്നാല്‍, ലോകം നമ്മുടെ കണ്ണാടിയാണ്. ഈ ചെറുശരീരം നാം സൃഷ്ടിച്ച ഒരു ചെറുകണ്ണാടിയാണ്. പക്ഷേ, വിശ്വം മുഴുവന്‍ നമ്മുടെ ശരീരമാണ്. ഇതു നാം സര്‍വ്വദാ വിചാരിക്കണം. അപ്പോള്‍ നാം അറിയും: നമുക്കു മരിച്ചുകൂടാ, അന്യനെ ദ്രോഹിച്ചുകൂടാ, കാരണം, അവന്‍ നമ്മുടെ സ്വന്തമാണ്. നാം ജന്മമില്ലാത്തവരും മരണമില്ലാത്തവരുമാണ്. നാം പ്രേമിച്ചാല്‍ മാത്രം മതിതാനും.
ഈ വിശ്വം മുഴുവന്‍ എന്റെ ശരീരമാണ്. സര്‍വ്വാരോഗ്യവും സര്‍വ്വസുഖവും എന്റേത്. എല്ലാം ഈ വിശ്വത്തിലല്ലോ.’ പറയൂ: ‘ഞാന്‍ വിശ്വമാണ്.’ ഒടുവില്‍ നാം പഠിക്കും, സര്‍വ്വവ്യാപാരവും നമ്മില്‍നിന്നു കണ്ണാടിയിലേയ്ക്കാണെന്ന്.
നാം ചെറുതിരകളെന്നു തോന്നുന്നെങ്കിലും കടലാകെ നമ്മുടെ പിന്നിലുണ്ട്. നാം അതുമായൊന്നാണ്. ഒരു തിരയ്ക്കും അതായി തനിച്ചു നിന്നുകൂടാ.
സദ്ഭാവനകള്‍ യുക്തിയെ കവിഞ്ഞുപോകുന്നു. നമ്മെ എങ്ങും കൊണ്ടുപോകുന്നത് ആ വെളിച്ചംമാത്രം.
ആവേശം അകത്തുനിന്നാണ്. നമുക്കു നമ്മുടെതന്നെ ഉല്‍കൃഷ്ടസാമര്‍ത്ഥ്യങ്ങള്‍കൊണ്ടു നമ്മെത്തന്നെ ആവേശിപ്പിക്കേണ്ടിയുമിരിക്കുന്നു.
അഞ്ചാം പാഠം
പ്രത്യാഹാരവും ധാരണയും. കൃഷ്ണന്‍ പറയുന്നു: ‘എന്നെ തേടുന്നവരെല്ലാം ഏതു വഴിയിലൂടെയും എന്നെ പ്രാപിക്കുന്നു.’ ‘എല്ലാവരും എന്നെ പ്രാപിക്കതന്നെ വേണം.’ മനസ്സിനെ പിടികൂടി ഉദ്ദിഷ്ടവിഷയത്തില്‍ കേന്ദ്രിക്കുവാനുള്ള സംരംഭത്തിലേക്കു ഒരടുത്തുകൂടലാണ് പ്രത്യാഹാരം. ആദ്യത്തെ പടി മനസ്സിനെ വെറുതെ വിടുകയാണ്. അതിനെ നോക്കിക്കൊള്‍ക. അതെന്തു വിചാരിക്കുന്നെന്നു നോക്കുക. സാക്ഷിമാത്രമായിരിക്കുക. മനസ്സ് ആത്മാവോ ചൈതന്യമോ അല്ല. അതു സൂക്ഷ്മരൂപത്തിലുള്ള ദ്രവ്യം മാത്രമാണ്. നാം അതിനെ സ്വീകരിച്ചിരിക്കുന്നു. നാഡീശക്തികളിലൂടെ അതിനെ കൈകാര്യം ചെയ്യാന്‍ നമുക്കു പഠിക്കാനുമാവും.
ഈ ശരീരം മനസ്സെന്നു പറയുന്നതിന്റെ (വിഷയിയുടെ) വിഷയഭൂതദര്‍ശനമാണ്. നാം, ആത്മാവ്, ശരീരമനസ്സുകള്‍ക്കു രണ്ടിനും അപ്പുറമാണ്. നാം ആത്മാവാണ്, നിത്യവും അവികാര്യവുമായ സാക്ഷി. ശരീരം കട്ടപിടിച്ച വിചാരമാണ്.
ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പ്രവഹിക്കുമ്പോഴാണ് വിശ്രമത്തിന്റെ കാലം. വലത്തേതിലൂടെയാകുമ്പോള്‍ കര്‍മ്മത്തിന്റെ. രണ്ടിലുംകൂടെയാകുമ്പോള്‍ ധ്യാനകാലം. നാം ശാന്തരായി, ഉഭയനാസാദ്വാരങ്ങളിലൂടെയും സമമായി ശ്വസിക്കുമ്പോള്‍ നിശ്ചലധ്യാനത്തിനുള്ള ഉത്തമാവസ്ഥയിലാണ്. ഏകാഗ്രമാക്കാന്‍ ആദ്യമേ ശ്രമിക്കുന്നതു നിഷ്പ്രയോജനമാണ്. വിചാരസംയമം തനിയേ വരും.
നാസാദ്വാരങ്ങള്‍ തള്ളവിരലും ചൂണ്ടുവിരലുംകൊണ്ടടച്ചു വേണ്ടത്ര അഭ്യസിച്ചുകഴിഞ്ഞാല്‍ അത്, ഇച്ഛാശക്തികൊണ്ട്, കേവലം വിചാരംകൊണ്ട്, നമുക്കു ചെയ്യാനാവും.
പ്രാണായാമം, ഇനി, തെല്ലു വ്യത്യാസപ്പെടുത്തണം. അഭ്യാസിക്ക് ഇഷ്ടദേവതാനാമം കിട്ടിയിട്ടുള്ളപക്ഷം പൂരകരേചകവേളകളില്‍ ‘ഓം’കാരത്തിനുപകരം അതുപയോഗിക്കണം. കുംഭകവേളയില്‍ ‘ഹും’കാരവും.
നിരുദ്ധശ്വാസത്തെ, ഓരോ ‘ഹും’ കാരജപത്തോടുമൊപ്പം കുണ്ഡലിനീ ശിരസ്സിലേക്ക് ആഞ്ഞെറിയുകയും അത് അവളെ ഉണര്‍ത്തുന്നതായി ഭാവിക്കയും ചെയ്ക. ഈശ്വരനോടുമാത്രം നിങ്ങളെ ഏകീഭവിപ്പിക്കുക. കുറച്ചിട കഴിഞ്ഞാല്‍ വിചാരങ്ങള്‍ അവയുടെ വരവിനെ വിളംബരം ചെയ്യും. അവയുടെ ആരംഭത്തിന്റെ രീതി നാം മനസ്സിലാക്കും, വിചാരിക്കാന്‍ പോകുന്നതിനെക്കുറിച്ചു നമുക്കു ബോധമുണ്ടാകും. ഈ (പ്രത്യക്ഷ)തലത്തില്‍ നമുക്കു പുറത്തേയ്ക്കു നോക്കുകയും ഒരാള്‍ വരുന്നതു കാണുകയും ചെയ്യാമല്ലോ. അതുപോലെ, ഈ നില പ്രാപിക്കുന്നതു നാം മനസ്സില്‍നിന്നു നമ്മെത്തന്നെ വേറാക്കാന്‍ പഠിച്ചുകഴിയുകയും നമ്മള്‍ ഒന്നും വിചാരം വേറൊന്നുമാണെന്നു കാണുകയും ചെയ്യുമ്പോഴാണ്. വിചാരങ്ങള്‍ നിങ്ങളെ പിടിക്കാതിരിക്കട്ടെ. മാറി നില്‍ക്കൂ. അവ ലയിച്ചു പോയ്ക്കൊള്ളും.
ഈ പവിത്രചിന്തകളെ പിന്‍തുടരുക. അവയുടെകൂടെ പോവുക. അവയും ലയിച്ചുപോകുമ്പോള്‍ നിങ്ങള്‍ സര്‍വ്വശക്തനായ ഈശ്വരന്റെ കാലടി കണ്ടെത്തും. ഇതാണ് ബോധാതീതാവസ്ഥ. ഈ ആശയം അലിയുമ്പോള്‍ അതിനെ അനുഗമിക്കുക, അതോടൊത്തലിയുക.
അന്തര്‍ജ്യോതിസ്സിന്റെ പ്രതീകങ്ങളാണ് പരിവേഷങ്ങള്‍. യോഗിക്കതു കാണാം. ചിലപ്പോള്‍ നാം ഒരു മുഖം കണ്ടേയ്ക്കാം. ജ്വാലാവൃതമെന്നപോലെ. അവയ്ക്കുള്ളില്‍ സ്വഭാവം വായിക്കാം. പിഴയ്ക്കാതെ നിര്‍ണ്ണയിക്കയും ചെയ്യാം. നമ്മുടെ ഇഷ്ടദേവതയെ ഒരു ദര്‍ശനമായി വന്നുകിട്ടാം. ഈ പ്രതീകത്തിന്മേല്‍മാത്രമായിരിക്കും നമുക്ക് എളുതായി നിലകൊള്ളാവുന്നതും മനസ്സിനെ തികച്ചും ഏകാഗ്രമാക്കാവുന്നതും.
എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ഭാവനചെയ്യാം. എന്നാല്‍ നാമതു ചെയ്യുന്നത് ഏറെയും കണ്ണിലൂടെയാണ്. ഭാവനതന്നെയും വസ്തുതയുടെ പകുതിയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ഒരു പ്രതിഭാസമില്ലാതെ നമുക്കു ചിന്തിക്കാവതല്ല. എന്നാല്‍, മൃഗങ്ങള്‍ വിചാരിക്കുന്നതായി തോന്നുന്നുണ്ട്. അവയ്ക്കു വാക്കുകളില്ല. അതുകൊണ്ട് വിചാരവും പ്രതിരൂപങ്ങളും തമ്മില്‍ അഭേദ്യബന്ധമൊന്നുമില്ലെന്നു വരാം.
യോഗത്തില്‍ ഭാവന നിലനിര്‍ത്താന്‍ ശ്രമിക്കുക. അതു ശുദ്ധവും പുണ്യവുമാക്കിവെച്ചിരിക്കാന്‍ കരുതിക്കൊള്ളുക. നമുക്കെല്ലാം ഭാവനാശക്തിയുടെ രീതിയില്‍ നമ്മുടേതായ വിശേഷതകളുണ്ട്. നിങ്ങള്‍ക്ക് ഏറ്റവും സ്വാഭാവികമായ വഴി അനുസരിക്കുക. അതായിരിക്കും ഏറ്റവും എളുപ്പം.
കര്‍മ്മവശാല്‍, സര്‍വ്വപൂര്‍വ്വജന്മങ്ങളുടെയും ഫലങ്ങളാണ് നാം. ‘ഒരു വിളക്കില്‍നിന്നു കൊളുത്തിയ മറ്റൊന്ന്’ എന്ന് ബുദ്ധമതക്കാര്‍ പറയുന്നു. പല വിളക്കുകള്‍, പക്ഷേ ഒരേ വെളിച്ചം.
പ്രസന്നനാവുക, ധീരനാവുക, എന്നും കുളിക്കുക, ക്ഷമയും ശുചിത്വവും സ്ഥിരോത്സാഹവും പുലര്‍ത്തുക. അപ്പോള്‍, നിങ്ങള്‍ നേരില്‍ ഒരു യോഗിയാകും. ത്വരിപ്പിക്കാന്‍ നോക്കേണ്ട. ഉച്ചതരസിദ്ധികള്‍ വരുന്നെങ്കിലോ ഓര്‍ത്തുകൊള്ളുക, അവ വെറും ഇടവഴികള്‍മാത്രമാണ്. അവ പെരുവഴിയില്‍നിന്നു നിങ്ങളെ പ്രലോഭിപ്പിക്കാന്‍ സമ്മതിക്കരുത്. അവയെ തള്ളിക്കളയുക. യഥാര്‍ത്ഥലക്ഷ്യത്തെ, ഈശ്വരനെ, മുറുകെപ്പിടിക്കുക, നിത്യത്തെമാത്രം തേടുക. അതു നേടിയിട്ടല്ലേ നമുക്കു നിത്യസ്വാസ്ഥ്യം. സര്‍വ്വം ലഭിച്ചിരിക്കെ യത്നസാധ്യമായൊന്നും ബാക്കിയിട്ടില്ല. നാമാകട്ടെ, എന്നേയ്ക്കും മുക്തസിദ്ധസത്തയിലാണ്-സച്ചിദാനന്ദത്തില്‍.
ആറാം പാഠം
സുഷുമ്ന: സുഷുമ്നയെ ധ്യാനിക്കുന്നതു വളരെ പ്രയോജനകരമാണ്. അതിന്റെ ഒരു ദര്‍ശനം നിങ്ങള്‍ക്കു വന്നുകിട്ടിയേയ്ക്കാം. ഇതാണുതാനും ഉത്തമമാര്‍ഗ്ഗം. പിന്നെ അതിനെ നെടുനേരം ധ്യാനിക്ക, അത് അതിസൂക്ഷ്മവും അത്യുജ്ജ്വലവുമായ ഒരു നൂലാണ്. നട്ടെല്ലിലൂടെയുള്ള ഈ സജീവപഥം, കുണ്ഡലിനിയെ ഉണര്‍ത്തേണ്ട മോക്ഷമാര്‍ഗ്ഗം.
യോഗിഭാഷയില്‍ സുഷുമ്നയുടെ അന്തങ്ങള്‍ രണ്ടു പത്മങ്ങളിലാണ്. നീചപത്മം കണ്ഡലിനീത്രികോണത്തെ വലയം ചെയ്യുന്നു. ഉച്ചം മസ്തിഷ്കത്തില്‍ ഭ്രൂമദ്ധ്യഗ്രന്ഥിയെയും വലയം ചെയ്യുന്നു. ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കാണ് വേറെ നാലു പത്മങ്ങള്‍, വഴിക്കുള്ള ആധാരങ്ങള്‍:
6-ാമത് ഭ്രൂമദ്ധ്യഗ്രന്ഥി
5-ാമത് ഭ്രൂമധ്യം
4-ാമത് കണ്ഠമൂലം
3-ാമത് ഹൃദയതലം
2-മത് നാഭിക്കെതിരെ
1-ാമത് നട്ടെല്ലിന്റെ ചുവട്
നാം കുണ്ഡലിനിയെ ഉണര്‍ത്തണം. പിന്നെ പതുക്കെ, ഒരു പത്മത്തില്‍നിന്നു മറ്റൊരു പത്മത്തിലേക്കുയര്‍ത്തണം. ഒടുവില്‍ മസ്തിഷ്കത്തിലെത്തുന്നു. ഓരോ ആധാരവും മനസ്സിന്റെ ഓരോ അടുക്കിനനുരൂപമാണ്.