ഒരു സഗുണേശ്വരനെക്കുറിച്ചുള്ള ആശയം, വളരെ ചുരുക്കം മതങ്ങളിലൊഴിച്ച് ഏതാണ്ടെല്ലാറ്റിലും നിറയുറച്ചിട്ടുണ്ട്. ബൌദ്ധന്മാരും ജൈനന്മാരുമൊഴിച്ച്, ലോകത്തിലുള്ള ഏതാണ്ടെല്ലാ മതങ്ങള്‍ക്കും സഗുണേശ്വരനെക്കുറിച്ചു സങ്കല്‍പ്പമുണ്ട്. അതോടുകൂടി ഭക്തിയും ആരാധനയുമെന്ന ആശയവും വരുന്നു. ബൌദ്ധന്മാരും ജൈനന്മാരും, തങ്ങള്‍ക്കു ഒരു സഗുണേശ്വരനുമില്ലെങ്കിലും തങ്ങളുടെ മതസ്ഥാപകന്മാരെ മറ്റുള്ളവര്‍ സഗുണേശ്വരനെ ആരാധിക്കുന്ന അതേ നിയതരീതിയില്‍ ആരാധിക്കുന്നു. മനുഷ്യനിലേക്ക് പ്രേമത്തെ പ്രതിബിംബിപ്പിക്കാവുന്ന ഒരുത്കൃഷ്ടസത്ത്വത്തെ ഭജിക്കയും പൂജിക്കയും ചെയ്കയെന്ന ഈ ആശയം സാര്‍വ്വലൌകികമാണ്. വിവിധമതങ്ങളില്‍ ഈ പ്രേമവും ഭജനവും പ്രകടമാകുന്നതു വിവിധമാത്രകളില്‍ വ്യത്യസ്തഘട്ടങ്ങളിലാണ്. ഏറ്റവും താണഘട്ടം കര്‍മ്മകലാപമാണ്. അപ്പോള്‍ നിര്‍ഗുണാശയങ്ങള്‍ മിക്കവാറും അശക്യമാണ്, അവ ഏറ്റവും താണതലത്തിലേക്കു വലിച്ചു താഴ്ത്തപ്പെടുകയും മൂര്‍ത്തങ്ങളാക്കപ്പെടുകയും ചെയ്യുന്നു. രൂപങ്ങളും അക്കൂട്ടത്തില്‍ വിവിധപ്രതീകങ്ങളും പ്രചാരത്തില്‍ വരുന്നു. ലോകചരിത്രത്തിലുടനീളം കാണാം വിചാരരൂപങ്ങളിലും പ്രതീകങ്ങളിലും കൂടി മനുഷ്യന്‍ നിര്‍ഗുണത്തെ ഗ്രഹിക്കാന്‍ ശ്രമിക്കയാണെന്ന്. മതത്തിന്റെ ബാഹ്യപ്രകാശനങ്ങളെല്ലാം-മണിയും പാട്ടും കര്‍മ്മകലാപങ്ങളും പുസ്തകങ്ങളും വിഗ്രഹങ്ങളും-ആ ഇനത്തില്‍ പെടുന്നു. ഇന്ദ്രിയപ്രീതികരമായതെന്തും, നിര്‍ഗുണത്തിന്റെ മൂര്‍ത്തവിഗ്രഹം രൂപപ്പെടുത്താന്‍ മനുഷ്യനെ സഹായിക്കുന്നതെന്തും കൈക്കൊണ്ടു പൂജിക്കപ്പെടുന്നു.
കൂടെക്കൂടെ, എല്ലാ മതത്തിലുമുണ്ടായിട്ടുണ്ട് പരിഷ്കര്‍ത്താക്കള്‍, സര്‍വ്വപ്രതീകങ്ങള്‍ക്കും കര്‍മ്മകലാപങ്ങള്‍ക്കും എതിരായി നിലകൊണ്ടവര്‍. എന്നാല്‍ അവരുടെ എതിര്‍പ്പുകള്‍ വിഫലങ്ങളായിരുന്നു. എന്തെന്നാല്‍, മനുഷ്യന്‍ ഇന്ന് അവനിരിക്കുംപോലിരിക്കുന്നിടത്തോളം കാലം, ബഹുഭൂരിപക്ഷത്തിനും എപ്പോഴും വേണ്ടിവരും പിടിച്ചുനില്‍ക്കാന്‍ മൂര്‍ത്തമായ വല്ലതും. തങ്ങളുടെ ആശയങ്ങളെ ചുറ്റും അടക്കുവാന്‍ നടുക്കെന്തെങ്കിലും, തങ്ങളുടെ മനസ്സിലുള്ള എല്ലാ വിചാരരൂപങ്ങളുടെയും കേന്ദ്രമാകാവുന്ന ചിലതെല്ലാം. മുഹമ്മദീയരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും വമ്പിച്ച പരിശ്രമങ്ങളെല്ലാം നിയുക്തമായിട്ടുള്ളത് ഈ ലക്ഷ്യത്തിലേക്കാണ് എല്ലാ കര്‍മ്മകലാപങ്ങളെയും നശിപ്പിച്ചുകളയാന്‍. എങ്കിലും നമുക്കു കാണാം. അവരുടെയിടയിലും കര്‍മ്മകലാപങ്ങള്‍ കടന്നു കൂടിയിട്ടുണ്ടെന്ന്. അവയെ പുറത്തു നിര്‍ത്താനാവില്ല. നെടുനാളത്തെ കഷ്ടപ്പാടിനുശേഷം ബഹുജനങ്ങള്‍ ഒരു പ്രതീകം മാറി വേറൊന്നങ്ങെടുക്കും. മുഹമ്മദനല്ലാത്തവന്‍ ഉപയോഗിക്കുന്ന ഓരോ കര്‍മ്മവും രൂപവും വിഗ്രഹവും ചടങ്ങളും പാപമയമെന്നു വിചാരിക്കുന്ന മുഹമ്മദന്‍ തന്റെ തന്നെ അമ്പലമായ ‘കാഅബ’യില്‍ വരുമ്പോള്‍ അങ്ങനെ വിചാരിക്കുന്നില്ല. മതനിഷ്ഠനായ ഏതു മുഹമ്മദനും പ്രാര്‍ത്ഥിക്കുമ്പോള്‍ താന്‍ ‘കാഅബാ’ ക്ഷേത്രത്തിലാണെന്നു ഭാവനചെയ്യണം. അയാള്‍ അവിടേയ്ക്കു തീര്‍ത്ഥാടനം ചെയ്യുമ്പോള്‍, ആ അമ്പലച്ചുമരിലെ കരിങ്കല്ലിനെ മുത്തംവെയ്ക്കണം. കോടികോടി തീര്‍ത്ഥാടകര്‍ ആ കല്ലില്‍ മുദ്രണം ചെയ്ത മുത്തങ്ങളെല്ലാം, വിധിയുടെ അവസാനദിനം, വിശ്വാസിയുടെ മെച്ചത്തിനു സാക്ഷികളായെണീറ്റുനില്‍ക്കും. പിന്നെയുണ്ട് ‘സിംസിം’കിണര്‍. ആ കിണറ്റില്‍നിന്നും തെല്ലു വെള്ളമെങ്കിലും കോരുന്ന ആര്‍ക്കും പാപം പൊറുക്കപ്പെടും. ഉയിര്‍ത്തെഴുന്നേല്‍പിന്‍നാള്‍ കഴിഞ്ഞ് ഒരു നവദേഹം കിട്ടും. അയാള്‍ ചിരം ജീവിക്കയും ചെയ്യും എന്ന് മുഹമ്മദര്‍ വിശ്വസിക്കുന്നു.
മറ്റുള്ളവരില്‍ ഈ പ്രതീകവിദ്യ മന്ദിരങ്ങളുടെ രൂപത്തിലാണ് വരുന്നത്. പ്രൊട്ടസ്റ്റന്റ്കാര്‍ വിശ്വസിക്കുന്നതു പള്ളികള്‍ മറ്റിടങ്ങളെക്കാള്‍ പാവനതരമെന്നാണ്. പള്ളികള്‍, ഈ മട്ടില്‍, പ്രതീകത്തിനുപകരം നില്‍ക്കുന്നു. അല്ലെങ്കില്‍ ഗ്രന്ഥമുണ്ട്. ഗ്രന്ഥമെന്നു വെച്ചാല്‍ അവര്‍ക്കു മറ്റു ഏതു പ്രതീകത്തെക്കാളും എത്രയും പുണ്യതരമാണ്. പ്രതീകങ്ങള്‍ക്കെതിരെ പ്രവചനം ചെയ്യുന്നതു വെറുതെയാണ്. മാത്രമല്ല, എന്തിനവയ്ക്കെതിരെ പ്രവചനം ചെയ്യണം? മനുഷ്യന്‍ പ്രതീകം ഉപയോഗിക്കാതിരിക്കാന്‍ ഒരു യുക്തിയുമില്ല. അവര്‍ പ്രതീകം കൈക്കൊള്ളുന്നത് അവയ്ക്കു പിന്നിലുള്ള സൂചിതാശയത്തെ പ്രതിനിധാനംചെയ്യാനാണ്. ഈ വിശ്വം ഒരു പ്രതീകമാണ്; അതിലും അതിലൂടെയും, അതിനപ്പുറത്തു പിന്നിലുള്ള സുചിതവസ്തുവെ ഗ്രഹിക്കാന്‍ ശ്രമിക്കയാണ് നാം. ചൈതന്യമാണ് ലക്ഷ്യം. ജഡമല്ല. രൂപങ്ങള്‍ വിഗ്രങ്ങള്‍ മണികള്‍ മെഴുകുതിരികള്‍ ഗ്രന്ഥങ്ങള്‍ പള്ളികള്‍ അമ്പലങ്ങള്‍, വിശുദ്ധപ്രതീകങ്ങളെല്ലാം, വളരെ നല്ലതുതന്നെ. വളര്‍ന്നുവരുന്ന ആത്മനിഷ്ഠാവല്ലരിക്കു വലിയ സഹായമാണ്. അത്രത്തോളം മാത്രം, അപ്പുറത്തേയ്ക്കില്ല. പള്ളിയില്‍ പിറക്കുന്നതു വളരെ നന്ന്. പക്ഷേ പള്ളിയില്‍ മരിക്കുന്നതു വളരെ ചീത്ത. ചെറിയ ആത്മനിഷ്ഠാവല്ലരിയെ തുണയ്ക്കുന്ന ചില രൂപങ്ങളുടെ അതിര്‍ത്തിയ്ക്കകത്തു പിറക്കുന്നതു വളരെ നല്ലത്. എന്നാല്‍ ഒരുവന്‍ ഈ രൂപങ്ങളുടെ കുടുക്കുകളില്‍ കിടന്നു മരിക്കുന്നെങ്കില്‍ അതു കാണിക്കുന്നത് അയാള്‍ വളര്‍ന്നിട്ടില്ലെന്നാണ്. ആത്മാവിനു ഒരു വികാസവും ഉണ്ടായിട്ടില്ലെന്ന്.
അതുകൊണ്ട്, പ്രതീകങ്ങളും കര്‍മ്മകലാപങ്ങളും രൂപങ്ങളും എക്കാലവും വെച്ചിരിക്കണമെന്ന് ആരെങ്കിലും പറയുന്നെങ്കില്‍ അയാള്‍ അസാധുവാണ്. പ്രതീകങ്ങളും കര്‍മ്മകലാപങ്ങളും ആത്മാവിന്റെ വളര്‍ച്ചയ്ക്കു സഹായമാണെന്നാണ് പറയുന്നതെങ്കിലോ, അയാള്‍ സാധുവാണ്. പക്ഷേ ഈ ആത്മവികാസമെന്നുവെച്ചാല്‍ ബുദ്ധിപരമായ വല്ലതുമാണെന്നു നിങ്ങള്‍ ധരിച്ചുപോകരുത്. ഒരു മനുഷ്യന് അതിമാത്രം ബുദ്ധിയുണ്ടാവാം. എങ്കിലും ആത്മികമായി അയാളൊരു ശിശുവാകാം. ഈ നിമിഷം നിങ്ങള്‍ക്കിതു പരീക്ഷിക്കാം. സര്‍വ്വവ്യാപിയായ ഒരീശ്വരനില്‍ വിശ്വസിക്കാന്‍ നിങ്ങളെയെല്ലാം പഠിപ്പിച്ചിട്ടുണ്ട്. അതു വിചാരിക്കാന്‍ ശ്രമിക്കുക. സര്‍വ്വവ്യാപിത്വമെന്നാലെന്തെന്ന് ഏതാണ്ടൊന്നു ഭാവനചെയ്യാന്‍ നിങ്ങളില്‍ എത്രയോ കുറച്ചുപേര്‍ക്കേ ആവുന്നുള്ളു! നിങ്ങള്‍ കഠിനമായി പണിപ്പെട്ടാല്‍, കടലിന്റെയോ ആകാശത്തിന്റെയോ പച്ചപ്പാരിന്‍പെരുപരപ്പിന്റെയോ മരുഭൂമിയുടെയോ പ്രതീതിപോലെ എന്തോ ഒന്നു നിങ്ങള്‍ക്കു കിട്ടിയേക്കും. ഇതെല്ലാം ജഡമായ പ്രതിമകളാണ്. നിര്‍ഗുണത്തെ നിര്‍ഗുണമായി, ആദര്‍ശത്തെ ആദര്‍ശമായി, ധരിക്കാനാവാത്ത കാലത്തോളം ഈ രൂപങ്ങളെയും ഈ ജഡമായപ്രതിമകളെയും അവലംബിക്കയും വേണം. ഈ പ്രതിമകള്‍ മനസ്സിനകത്തോ പുറത്തോ എന്നതുകൊണ്ട് വലിയ വ്യത്യാസം വരുന്നില്ല. നമ്മളെല്ലാം വിഗ്രഹാരാധകരാണ്, വിഗ്രാഹാരധന നല്ലതുമാണ്. കാരണം അതു മനുഷ്യപ്രകൃതിയിലുള്ളതാണ്. അതിനെ ആര്‍ക്കതിക്രമിക്കാം? സംസിദ്ധപുരുഷന്ന്, ഈശ്വരപുരുഷന്നുമാത്രം. ബാക്കിയെല്ലാവരും വിഗ്രഹാരാധകരാണ്. നമ്മുടെ മുമ്പില്‍ ഈ വിശ്വത്തെ, അതിന്റെ രൂപങ്ങളോടും ആകാരങ്ങളോടുംകൂടി, കാണുന്ന കാലത്തോളം നാം വിഗ്രഹാരാധകരാണ്. ഇതൊരു അതിമാത്രവിഗ്രഹമാണ് നാമാരാധിക്കുന്നത്. താന്‍ ശരീരമാണെന്നു ആര്‍ പറയുന്നുവോ അവന്‍ പിന്നെ വിഗ്രഹാരാധകനാണ്. നാം ചൈതന്യമാണ്. രൂപമോ ആകാരമോ ഇല്ലാത്ത ചൈതന്യം, അനന്തചൈതന്യം ജഡമല്ല. അതുകൊണ്ട് നിര്‍ഗുണത്തെ ഗ്രഹിക്കാനാവാത്ത ജഡത്തിലും ജഡത്തിലൂടെയും ശരീരമായിട്ടല്ലാതെ തന്റെ തനിരൂപം വിചാരിക്കാനാവാത്ത, എതൊരുവനും വിഗ്രഹാരാധകനാണ്. എന്നിട്ടും അന്യോന്യം വിഗ്രഹാരാധകരെന്നു വിളിച്ച് ആളുകള്‍ തമ്മില്‍ എന്തൊരു യുദ്ധം! അഥവാ തന്റെ വിഗ്രഹം ശരി, മറ്റവന്റേതു തെറ്റ് എന്നു പറയുകയാണ് ഓരോരുത്തനും.
അതുകൊണ്ട്, നാം ഈ ബാലിശസങ്കല്‍പ്പങ്ങളെ ഒഴിച്ചുകളയണം. മതം പതയുന്ന വെറും പദസമൂഹമാണ്, അതൊരു സിദ്ധാന്തസംഹിതമാത്രമാണ് എന്നു വിചാരിക്കുന്ന മനുഷ്യരുടെ ചിലപ്പിന്നപ്പുറം നാം കടക്കണം. അവര്‍ക്കു മതം ബുദ്ധിപരമായ ഒരു ചെറുസമ്മതമോ വിസമ്മതമോ മാത്രമാണ്. അവര്‍ക്കു മതം താന്താങ്ങളുടെ പുരോഹിതര്‍ ചൊല്ലിക്കൊടുക്കുന്ന ചില വാക്കുകളില്‍ വിശ്വസിക്കലാണ്; അവര്‍ക്കു മതം തങ്ങളുടെ പിതാമഹന്മാര്‍ വിശ്വസിച്ചിരുന്ന എന്തോ ആണ്. അവര്‍ക്കു മതം സ്വദേശീയാന്ധവിശ്വാസങ്ങളാണെന്നതുകൊണ്ട് തങ്ങള്‍ അള്ളിപ്പിടിച്ചിട്ടുള്ള ചിലതരം ആശയങ്ങളും അന്ധവിശ്വാസങ്ങളുമാണ്. നാം ഇതിനെയെല്ലാം അതിക്രമിക്കയും മാനവവര്‍ഗ്ഗത്തെ പതുക്കെ വെളിച്ചത്തിലേക്കു വരുന്ന ഒരു വിപുലസത്ത്വമായി കാണുകയും വേണം. അതൊരു അത്ഭുതലത, ഈശ്വരനെന്നു വിളിക്കപ്പെടുന്ന ആ അത്ഭുതസത്യത്തിലേക്കു സ്വയം വിരിയുന്നു. ഇതിലേക്കുള്ള ആദ്യത്തെ ചുറ്റിത്തിരിയിലുകളും ആദ്യത്തെ ചലനങ്ങളും എപ്പോഴും ജഡത്തിലൂടെയും കര്‍മ്മകലാപത്തിലൂടെയുമത്രേ.
ഈ കര്‍മ്മകലാപങ്ങളുടെയെല്ലാം ഹൃദയത്തില്‍ ഒരാശയം എല്ലാറ്റിനുംമേലെ മുന്തിനില്‍പുണ്ട് നാമാരാധന. നിങ്ങളില്‍ ക്രിസ്തുമതത്തിന്റെ പ്രാചീനതരരൂപങ്ങള്‍ പഠിച്ചിട്ടുള്ളവര്‍, മറ്റുലോകമതങ്ങള്‍ പഠിച്ചിട്ടുള്ളവര്‍, പക്ഷേ നിരീക്ഷിച്ചിട്ടുണ്ടാവാം, നാമാരാധനയെന്ന ഈ ആശയം അവയിലെല്ലാമുണ്ടെന്ന്. ഒരു നാമം വളരെ പവിത്രമെന്നു പറയപ്പെടുന്നു. ഈശ്വരന്റെ പുണ്യനാമം നിരുപമമാംവിധം പവിത്രമെന്നു കരുതപ്പെട്ടിരുന്നതായി ബൈബിളില്‍ നാം വായിക്കുന്നു. അതു എല്ലാ നാമങ്ങളെക്കാളും പുണ്യതമമായിരുന്നു. ഈ വാക്കുതന്നെ ഈശ്വരനാണെന്നു വിചാരിക്കപ്പെട്ടിരുന്നു* ഇതു തികച്ചും സത്യമാണ്. നാമരൂപങ്ങളല്ലാതെ എന്താണീ വിശ്വം? വാക്കുകള്‍ കൂടാതെ നിങ്ങള്‍ക്കു വിചാരിക്കാമോ വാക്കും വിചാരവും അഭേദ്യങ്ങളാണ്. നിങ്ങളിലാര്‍ക്കെങ്കിലും അവ ഭേദിക്കാമോ എന്നു നോക്കുക. വിചാരിക്കുമ്പോഴൊക്കെ വാഗ്രൂപേണയാണ് നിങ്ങളതു ചെയ്യുന്നത്. ഒന്നു മറ്റതിനെ ആവഹിക്കുന്ന, വിചാരം വാക്കിനെ ആവഹിക്കുന്നു. വാക്കു വിചാരത്തെയും ആവഹിക്കുന്നു. അങ്ങനെ ഈ വിശ്വം മുഴുവന്‍ ഈശ്വരന്റെ ബാഹ്യപ്രതീകംപോലെയാണ്. അതിന്റെ പിന്നില്‍ അവിടുത്തെ മഹിതനാമം നിലകൊള്ളുകയും ചെയ്യുന്നു. ഓരോ വിശേഷശരീരവും ഒരു രൂപമാണ്. ആ വിശേഷശരീരത്തിനു പിന്നിലുണ്ട് അതിന്റെ നാമം. നമ്മുടെ സ്നേഹിതന്‍ ഇന്നയാള്‍ എന്നു നിങ്ങള്‍ വിചാരിക്കുന്ന ഉടന്‍ അയാളുടെ ശരീരമെന്ന ആശയം അവിടെ വരികയായി. നിങ്ങളുടെ സ്നേഹിതന്റെ ശരീരത്തെ സ്മരിക്കുന്ന ഉടന്‍ അയാളുടെ നാമമെന്ന ആശയം നിങ്ങള്‍ക്കു കിട്ടുന്നു. ഇതു മനുഷ്യന്റെ ഘടനയിലുണ്ട്. എന്നുവെച്ചാല്‍, മനോവിജ്ഞാനപരമായി, മനുഷ്യന്റെ മാനസദ്രവ്യ(ചിത്ത)ത്തില്‍ രൂപമെന്ന ആശയത്തെ വിട്ടു നാമമെന്ന ആശയം ഉദിക്കാനാവില്ല. നാമമെന്ന ആശയത്തെ വിട്ടു രൂപമെന്ന ആശയവും ഉദിക്കാനാവില്ല. അവ അഭേദ്യങ്ങളാണ്. ഒരേ തരംഗത്തിന്റെ ബാഹ്യാഭ്യന്തരവശങ്ങളാണവ. ആ നിലയ്ക്കു ലോകമൊട്ടുക്കു നാമങ്ങള്‍ സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ മനുഷ്യന്‍ നാമമഹിമ കണ്ടെത്തി. അതുപോലെ, വിവിധമതങ്ങളില്‍ പുണ്യപുരുഷന്മാരെ ആരാധിച്ചുവന്നിട്ടുണ്ട്. ചിലര്‍ കൃഷ്ണനെ ആരാധിക്കുന്നു. ചിലര്‍ ബുദ്ധനെ ആരാധിക്കുന്നു. മറ്റുചിലര്‍ യേശുവിനെ ആരാധിക്കുന്നു. ഇങ്ങനെ പലരേയും. പിന്നെ സിദ്ധപുരുഷന്മാരുടെ ആരാധനയുണ്ട്. ലോകമൊട്ടുക്കു നൂറുകണക്കിനു സിദ്ധന്മാരെ ആരാധിക്കുന്നുണ്ട്. എന്തുകൊണ്ടു പാടില്ല? പ്രകാശസ്പന്ദനം എവിടെയുമുണ്ട്. മൂങ്ങ-അതിരുട്ടത്തു കാണുന്നു. അതു കാണിക്കുന്നതു അവിടെ വെളിച്ചമുണ്ടെന്നാണ്, മനുഷ്യനതു കാണാനാവില്ലെങ്കിലും. മനുഷ്യന് ആ സ്പന്ദം വിളക്കിലും സൂര്യനിലും ചന്ദ്രനിലും മറ്റുമേ കണ്ടുകൂടൂ. ഈശ്വരന്‍ സര്‍വ്വത്ര സന്നിഹിതനാണ്. അവിടുന്ന് എല്ലാ സത്ത്വത്തിലും സ്വയം ആവിഷ്കരിക്കുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് അവിടുന്നു മനുഷ്യനില്‍ മാത്രം പ്രത്യക്ഷനും പ്രത്യഭിജ്ഞേയനുമാണ്. അവിടുത്തെ പ്രഭ, അവിടുത്തെ സാന്നിദ്ധ്യം, അവിടുത്തെ ചൈതന്യം, മാനവവദനത്തിലൂടെ പ്രകാശിക്കുമ്പോള്‍, അപ്പോള്‍മാത്രം, മനുഷ്യന് അവിടുത്തെ അറിയാറാകും. അങ്ങനെ മനുഷ്യന്‍ എക്കാലവും മനുഷ്യനിലൂടെ ഈശ്വരനെ ആരാധിച്ചുപോരുന്നു. അവന്‍ മനുഷ്യനായിരിക്കുന്ന കാലത്തോളവും അങ്ങനെതന്നെ ചെയ്യണം. അവന്‍ അതിനെതിരെ വിലപിച്ചേയ്ക്കാം. അതിനെതിരെ കുതറിയേയ്ക്കാം. എന്നാല്‍ ഈശ്വരനെ സാക്ഷാല്‍കരിക്കാന്‍ മുതിരുമ്പോഴേയ്ക്ക് ഈശ്വരനെ മനുഷ്യനായി ഭാവന ചെയ്യേണ്ടതായി തന്റെ ഘടനയില്‍ത്തന്നെയുള്ള ആവശ്യകത അവന്‍ കണ്ടെത്തും. അതുകൊണ്ട്, ഒട്ടുമിക്ക മതങ്ങളിലും ഈശ്വരാരാധനയിലുള്ള മൂന്നു മുഖ്യസംഗതികള്‍ ഇവയാണെന്നു കാണാം-രൂപങ്ങള്‍ അഥവാ പ്രതീകങ്ങള്‍, നാമങ്ങള്‍ ഈശ്വരപുരുഷന്മാര്‍ എല്ലാ മതങ്ങള്‍ക്കും ഇവയുണ്ട്. എങ്കിലും അവ തമ്മില്‍ പോരടിപ്പാന്‍ ആഗ്രഹിക്കുന്നെന്നു നിങ്ങള്‍ക്കു കാണാം. ഒരുവന്‍ പറയുന്നു: ‘എന്റെ നാമമാണ് ഒരേ നാമം. എന്റെ രൂപമാണ് ഒരേ രൂപം, എന്റെ ഈശ്വരപുരുഷനാണ് ലോകത്തിലുള്ള ഒരൊറ്റ ഈശ്വരപുരുഷന്‍. നിങ്ങളുടേതെല്ലാം മിഥ്യ.’ ഇക്കാലങ്ങളിലായി ക്രിസ്ത്യന്‍പാതിരിമാര്‍ കുറച്ചുകൂടി ദയാലുക്കളായിട്ടുണ്ട്. അവര്‍ സമ്മതിക്കുന്നുമുണ്ട്. പൂര്‍വ്വതരമതങ്ങളിലെ വിവിധാരാധനാരൂപങ്ങള്‍ ക്രിസ്തുമതത്തിന്റെ മുന്‍നിഴലാട്ടങ്ങളായിരുന്നെന്ന്. അതാണല്ലോ, സ്വാഭാവികമായും അവരുടെ അഭിപ്രായത്തില്‍, സത്യമായ ഒരൊറ്റ രൂപം. ഈശ്വരന്‍ പണ്ടുകാലങ്ങളില്‍ തന്നെത്താന്‍ പരീക്ഷിച്ചു. ഈ സംഗതികളെയൊക്കെ ആകൃതിയിലാക്കിയെടുത്തു തന്റെ ശക്തികളെ പരീക്ഷിച്ചു. അതു മെച്ചപ്പെട്ടു ക്രിസ്തുമതമായി. ഇത്, ഒന്നുമില്ലെങ്കില്‍, ഒരു വലിയ മുന്നേറ്റമാണ്. അമ്പതു കൊല്ലംമുമ്പ് അവര്‍ ഇതു പറയുമായിരുന്നില്ല. അവരുടെ സ്വന്തം മതമൊഴിച്ച് ഒന്നും സത്യമായിരുന്നില്ല. ഈ ആശയം ഏതെങ്കിലും ഒരു മതത്തിലോ ജനതയിലോ ജനവര്‍ഗ്ഗത്തിലോ ഒതുങ്ങിയതല്ല. താന്താങ്ങള്‍ ചെയ്യുന്നതാണ് മറ്റുളളവരും ചെയ്യേണ്ട ശരിയായ ഒറ്റകാര്യമെന്ന് ആളുകള്‍ എപ്പോഴും വിചാരിക്കുന്നു. ഇവിടെത്തന്നെയാണ് നാനാമതപഠനം നമ്മെ സഹായിക്കുന്നതും. നമ്മുടേതെന്നു നമ്മുടേതുമാത്രമെന്ന്, നാം വിളിച്ചുപോന്ന അതേ വിചാരങ്ങള്‍ മറ്റുള്ളവരില്‍, ചിലപ്പോള്‍ നമ്മുടേതിനെക്കാളും, മെച്ചമായ ആവിഷ്കാരരൂപത്തില്‍, ശതാബ്ദങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതായി അതു നമുക്കു കാണിച്ചുതരുന്നു.
ഇവ മനുഷ്യനു കടന്നുപോകേണ്ടുന്ന ഭക്തിയുടെ ബാഹ്യരൂപങ്ങളാണ്. എന്നാല്‍ അവന്‍ ആത്മാര്‍ത്ഥമായി സത്യപ്രാപ്തി ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ ഇവയ്ക്കുപരി ഉയര്‍ന്നു രൂപരഹിതമായ ഒരു തലത്തിലേക്കു പോകുന്നു. അമ്പലങ്ങളും പള്ളികളും ഗ്രന്ഥങ്ങളും രൂപങ്ങളും മതത്തിന്റെ വെറും ശിശുവാടിയാണ്. കൂടുതല്‍ ഉയര്‍ന്ന ചുവടുകള്‍ വെയ്ക്കുമാറ് ആത്മീകശിശുവിനെ കരുത്തനാക്കാന്‍ ഈ പിച്ചവെയ്പുകള്‍ ആവശ്യവുമാണ്. അവനു മതം വേണമെങ്കില്‍ ദാഹത്തോടുകൂടി, ഈശ്വരാഭിലാഷത്തോടുകൂടിയാണ് യഥാര്‍ത്ഥഭക്തി വരുന്നത്. ആര്‍ക്കുണ്ട് അഭിലാഷം? അതാണ് പ്രശ്നം? മതം തത്ത്വങ്ങളിലോ സിദ്ധാന്തങ്ങളിലോ ബുദ്ധിപരമായ വിവാദത്തില്‍പ്പോലുമോ അല്ല. അതു ആകലും ആയിത്തീരലുമാണ്. അതു സാക്ഷാല്‍ക്കാരമാണ്. ഈശ്വരനെയും ആത്മാവിനെയും വിശ്വത്തിലെ സര്‍വ്വരഹസ്യങ്ങളെയും കുറിച്ച് എത്രയോ വളരെപ്പേര്‍ പറയുന്നതു നാം കേള്‍ക്കുന്നുണ്ട്, എന്നാല്‍ അവരെ ഓരോരുത്തരെ വിളിച്ച് ‘‘നിങ്ങള്‍ ഈശ്വരനെ സാക്ഷാല്‍കരിച്ചിട്ടുണ്ടോ? നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ ദര്‍ശിച്ചിട്ടുണ്ടോ?’ എന്നു ചോദിച്ചാല്‍ ഉവ്വ് എന്നു എത്ര പേര്‍ക്കു പറയാനാവും? എന്നിട്ടും അവര്‍ അന്യോന്യം യുദ്ധം ചെയ്കയാണ്. ഒരു കാലത്ത് ഭാരതത്തില്‍ വിവിധവിഭാഗക്കാരുടെ പ്രതിനിധികള്‍ കൂടിയിരുന്നു തര്‍ക്കിക്കാന്‍ തുടങ്ങി. ഒരുവന്‍ പറഞ്ഞു: ഒരേ ഈശ്വരന്‍ ശിവനാണ്. വേറൊരുവന്‍ പറഞ്ഞു ഒരേ ഈശ്വരന്‍ വിഷ്ണുവാണ്. ഇങ്ങനെ പലരും. അവരുടെ ചര്‍ച്ചയ്ക്കവസാനമുണ്ടായില്ല. ഒരു സിദ്ധന്‍ ആ വഴി കടന്നുപോകയായിരുന്നു. വാദികള്‍ അദ്ദേഹത്തെ തര്‍ക്കം തീര്‍ക്കാന്‍ ക്ഷണിച്ചു. ശിവനാണ് വരിഷ്ഠനായ ഈശ്വരനെന്ന് അവകാശപ്പെട്ടവനോട് അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍ ശിവനെ കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്ക് അവിടുത്തെ പരിചയമുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെയറിയാം അവിടുന്നാണ് വരിഷ്ഠനായ ഈശ്വരനെന്ന്?’ പിന്നെ വിഷ്ണുഭക്തന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ‘നിങ്ങള്‍ വിഷ്ണുവിനെ കണ്ടിട്ടുണ്ടോ?’ ഇങ്ങനെ ഈ ചോദ്യം എല്ലാവരോടും ചോദിച്ചപ്പോള്‍ അദ്ദേഹം കണ്ടുപിടിച്ചു. അവരിലൊരുവനും ഈശ്വരനെക്കുറിച്ച് ഒരു വസ്തുവും അറിഞ്ഞിട്ടില്ലെന്ന്. അതുകൊണ്ടാണ് അവര്‍ അത്രയേറെ തര്‍ക്കിച്ചിരുന്നത്. അവര്‍ വാസ്തവത്തില്‍ അറിഞ്ഞിരുന്നെങ്കില്‍ തര്‍ക്കിക്കുമായിരുന്നില്ലല്ലോ. ഒരു കുടത്തില്‍ വെളളം നിറയ്ക്കുമ്പോള്‍ അതൊരു ശബ്ദമുണ്ടാക്കുന്നു. അതു നിറഞ്ഞാലോ പിന്നെ ഒരു ശബ്ദവുമില്ല. അതുകൊണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഈ തര്‍ക്കവും യുദ്ധവുമെന്ന വസ്തുതതന്നെ വെളിവാക്കുന്നു. അവര്‍ മതത്തെപ്പറ്റി യാതൊന്നും അറിയുന്നില്ലെന്ന്. അവര്‍ക്ക് മതം വെറും പദരാശിയാണ്. ഗ്രന്ഥങ്ങളില്‍ എഴുതിയിടാന്‍. ഒരോരുവനും ഒരു തടിയന്‍ പുസ്തകമെഴുതാന്‍ തിരക്കിടുന്നു. കഴിവുള്ളത്ര തടിയനാക്കാന്‍. കൈവെയ്ക്കാവുന്ന ഏതു പുസ്തകത്തില്‍നിന്നും തനിക്കു വേണ്ടത്ര വസ്തുത കക്കുന്നു. തനിക്കുള്ള കടപ്പാട് ഒരിക്കലും ഒട്ടും സമ്മതിക്കയുമില്ല. പിന്നെ അയാള്‍ ഈ പുസ്തകം ലോകത്തിലേയ്ക്കിറക്കിവിടുകയായി. അവിടെ ഇപ്പോഴേ ഉള്ള അസ്വസ്ഥതയെ അങ്ങനെ വര്‍ദ്ധിപ്പിക്കയായി.
ബഹുഭൂരിപക്ഷം മനുഷ്യരും നാസ്തികരാണ്. ആധുനികകാലങ്ങളില്‍ പാശ്ചാത്യലോകത്തു വേറൊരുതരം നാസ്തികവര്‍ഗ്ഗം നിലവില്‍ വന്നിട്ടുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ ഭൌതികവാദികളെയാണുദ്ദേശിക്കുന്നത്. അവര്‍ നേരുള്ള നാസ്തികരാണ്. അവര്‍ മതസ്ഥരായ നാസ്തികരെക്കാള്‍ ഭേദമാണ്. അവരാകട്ടെ നെറികെട്ടവര്‍, മതത്തെപ്പറ്റി പറകയും കലഹിക്കയും ചെയ്യുന്നവര്‍, എന്നാലും അതു വേണ്ടാത്തവര്‍. ഒരിക്കലും സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കില്ല, ഒരിക്കലും മനസ്സിലാക്കാന്‍ ശ്രമിക്കില്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ ഓര്‍ക്കുക: ‘ചോദിക്കുവിന്‍, അതു നല്‍കപ്പെടും. അന്വേഷിക്കുവിന്‍, കണ്ടെത്തും. മുട്ടുവിന്‍, തുറക്കപ്പെടും’ ഈ വചനങ്ങള്‍ അക്ഷരംപ്രതി സത്യമാണ്, അലങ്കാരമല്ല, മിഥ്യയല്ല. അവ, നമ്മുടെ ഈ ലോകത്തില്‍ എന്നുമേ വന്നിട്ടുള്ള ഈശ്വരസന്താനങ്ങളില്‍ മഹത്തമനായ ഒരുവന്റെ ഹൃദയരക്തം പുറത്തേയ്ക്കൊഴുകിയതാണ്. ഈശ്വരനെ സ്വയം അപരോക്ഷീകരിക്കയും സാക്ഷാല്‍കരിക്കയും ചെയ്ത, നിങ്ങളോ ഞാനോ ഈ എടുപ്പു കാണുന്നതിലും നൂറിരട്ടി ഗാഢതയോടെ ഈശ്വരനോടൊത്തു പാര്‍ക്കുകയും സംസാരിക്കുകയും ചെയ്ത ഒരുവന്റെ അനുഭൂതിയുടെ ഫലമായുളവായ വാക്കുകളാണിവ. ആര്‍ക്കുവേണം ഈശ്വരനെ? അതാണു ചോദ്യം. നിങ്ങള്‍ വിചാരിക്കുന്നുവോ, ഈ ലോകത്തിലെ ജനരാശികള്‍ക്കെല്ലാം ഈശ്വരനെ ആവശ്യമാണെന്നും എന്നിട്ടു കിട്ടാന്‍ കഴിയുന്നില്ലെന്നും? അതങ്ങനെയാവില്ല. ഏതാവശ്യമുണ്ട്, അതിന്റെ വിഷയം പുറത്തില്ലാതെ? മനുഷ്യനു ശ്വസിക്കണം, അവനു ശ്വസിക്കാനുള്ള വായുവുമുണ്ട്. മനുഷ്യനു തിന്നണം, തിന്നാനുള്ള തീറ്റയുമുണ്ട്. ഈ ആശകളെ സൃഷ്ടിക്കുന്നതെന്ത്? ബാഹ്യസാധനങ്ങളുടെ സാന്നിദ്ധ്യം. വെളിച്ചമാണ് കണ്ണുണ്ടാക്കിയത്, ശബ്ദമാണ് കാതുണ്ടാക്കിയത്. അതുപോലെ മനുഷ്യജീവിയിലുള്ള ഓരോ ആഗ്രഹവും, ഉണ്ടായത് നേരത്തെത്തന്നെ പുറത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ മൂലമാണ്. സംസിദ്ധിക്കുള്ള ഈ ആഗ്രഹം – ലക്ഷ്യം പ്രാപിപ്പാന്‍ പ്രകൃതിയെ കടന്നപ്പുറം പോവാനുള്ള ഈ ആഗ്രഹം-എങ്ങനെ ഉണ്ടാവാനാണ്. അതിനെ ചിലതുളവാക്കുകയും, മനുഷ്യാത്മാവിലേക്കു തുരന്നിറക്കുകയും, അവിടെ അതിനെ ജീവിപ്പിക്കയും ചെയ്യുംവരെ? അതുകൊണ്ട്, ആരിലോ ഈ കാമം ഉണര്‍ന്നിരിക്കുന്നു. അവര്‍ ലക്ഷ്യം പ്രാപിക്കും. നമുക്ക് എല്ലാം വേണം, ഈശ്വരനൊഴിച്ച്, നിങ്ങളുടെ ചുറ്റും നിങ്ങള്‍ കാണുന്ന ഇതൊന്നും മതമല്ല. എന്റെ തത്രഭവതിക്ക് തന്റെ സല്ലാപശാലയില്‍ ലോകത്തിലെവിടെനിന്നും പരിച്ഛദങ്ങളുണ്ട്. ഇപ്പോഴത്തെ നടപ്പ് ജപ്പാനിലില്‍നിന്നു വല്ലതും വേണമെന്നാണ്. അതുകൊണ്ട് അവര്‍ ഒരു കശലം വാങ്ങി മുറിയില്‍ വെയ്ക്കുന്നു. അത്തരമാണ് മതം. ബഹുഭൂരിപക്ഷത്തിനും അവര്‍ക്ക് എല്ലാത്തരം ആനന്ദസാധനങ്ങളുമുണ്ട്. മതത്തിന്റെ രസംകൂടെ ലേശം ചേര്‍ത്തില്ലെങ്കില്‍ ജീവിതത്തിനു തികവത്ര പോര. അല്ലെങ്കില്‍ സമുദായം അവരെ പഴിക്കും സമുദായം അതു പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് സ്വല്പം മതം വേണം. ഇതാണ് ലോകത്തില്‍ മതത്തിന്റെ ഇന്നത്തെ അവസ്ഥ.
ഒരു ശിഷ്യന്‍ തന്റെ ഗുരുവിനെ സമീപിച്ചു പറഞ്ഞു: ‘ഗുരോ, എനിക്കു മതം വേണം.’ ഗുരു ആ യുവാവിനെ നോക്കി, ഒന്നും മിണ്ടിയില്ല. മന്ദസ്മിതം ചെയ്തേ ഉള്ളു. യുവാവ് എന്നും വന്ന് മതം വേണമെന്നു ശാഠ്യം പിടിക്കും. പക്ഷേ ആ വൃദ്ധനു യുവാവിനെക്കാള്‍ നന്നായറിയാം. ഒരുനാള്‍, വല്ലാത്ത ചൂടുള്ളപ്പോള്‍, തന്റെ കൂടെ പുഴയിലേക്കു ചെല്ലുവാനും പുഴയില്‍ ചാടാനും അദ്ദേഹം യുവാവിനോടു പറഞ്ഞു ചെറുപ്പക്കാരന്‍ എടുത്തുചാടി. വൃദ്ധന്‍ പിറകെയും ചാടി. ചെറുപ്പക്കാരനെ വെള്ളത്തിനടിയില്‍ ബലാല്‍ താഴ്ത്തിപ്പിടിച്ചു. യുവാവ് കുറെ പിടഞ്ഞതിനുശേഷം അദ്ദേഹം അയാളെ വിട്ട്, വെള്ളത്തിനടിയില്‍വെച്ച് എന്തായിരുന്നു അയാള്‍ക്കത്യാവശ്യം എന്നു ചോദിച്ചു. ‘ഒരു വീര്‍പ്പുവായു’ ശിഷ്യന്‍ മറുപടി പറഞ്ഞു: ‘നിനക്കതുപോലെ ഈശ്വരനെ ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ ഒരു നിമിഷംകൊണ്ട് നിനക്ക് ഈശ്വരനെ ലഭിക്കും’ ഗുരു പറഞ്ഞു. ആ ദാഹം, ആ ആഗ്രഹം, ഉണ്ടാകുന്നതുവരെ നിങ്ങള്‍ക്കു മതം കിട്ടാനാവില്ല. നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയുമായി, നിങ്ങളുടെ ഗ്രന്ഥങ്ങളുമായി, നിങ്ങളുടെ രൂപങ്ങളുമായി, എത്ര പിടഞ്ഞാലും കൊള്ളാം ആ ദാഹം നിങ്ങളില്‍ ഉണര്‍ത്തപ്പെടുംവരെ നിങ്ങള്‍ ഒരു നാസ്തികനെക്കാള്‍ ഒട്ടും മെച്ചമല്ല. ഒന്നുണ്ട് നാസ്തികന്‍ ആര്‍ജ്ജവമുള്ളവനാണ്, നിങ്ങള്‍ അല്ല.
ഒരു മഹാസിദ്ധന്‍* പറഞ്ഞിരുന്നു: ‘ഒരു മുറിയില്‍ കള്ളനുണ്ടെന്നു വിചാരിക്കുക. അവന്‍ എങ്ങനെയോ അറിഞ്ഞു, അടുത്ത മുറിയില്‍ വലിയൊരു സ്വര്‍ണ്ണനിക്ഷേപമുണ്ടെന്നും മുറികള്‍ക്കിടയ്ക്കു ഒരു നേര്‍ത്ത തട്ടിയേ ഉള്ളുവെന്നും. ആ കള്ളന്റെ അവസ്ഥയെന്താവും? അവന്നുറക്കം വരില്ല. തിന്നാനാവില്ല. ഒന്നും ചെയ്യാനാവില്ല. അവന്റെ മുഴുവന്‍ മനസ്സും ആ സ്വര്‍ണ്ണം തട്ടുന്നതിലായിരിക്കും. ആനന്ദത്തിന്റെയും അനുഗ്രത്തിന്റെയും മഹിമയുടെയും അനന്തഖനി ഇവിടെയുണ്ടെന്ന് ഈ ആളുകളെല്ലാം യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ആ ഈശ്വരനെ ലഭിക്കാന്‍ ശ്രമിക്കാതെ, അവര്‍ ഇപ്പോള്‍ ഈ ലോകത്തില്‍ ചെയ്യുംപോലെ ചെയ്യുമെന്നു പറയാന്‍ നീ വിചാരിക്കുന്നോ?’ ഒരീശ്വരനുണ്ടെന്നു ഒരുവന്‍ വിശ്വസിക്കുവാന്‍ തുടങ്ങുമ്പോഴേയ്ക്ക് അവിടേയ്ക്കെത്താനുള്ള ആകാംക്ഷകൊണ്ട് അവന്‍ ഉന്മത്തനാകുന്നു. മറ്റുള്ളവര്‍ അവരുടെ വഴിക്കു പോയേക്കാം. എന്നാല്‍ താന്‍ ഇവിടെ നയിക്കുന്നതിലും വളരെ ഉയര്‍ന്ന ഒരു ജീവിതമുണ്ടെന്നു തീര്‍ച്ചയായ ഉടന്‍, ഇന്ദ്രിയങ്ങളല്ല സര്‍വ്വസ്വമെന്നു, ഈ പരിമിതമായ ഭൌതികശരീരം ആത്മാവിന്റെ അമൃതവും ശാശ്വതവും അനന്തവുമായ സുഖത്തെ അപേക്ഷിച്ചു ശൂന്യപ്രായമാണെന്നും തനിക്കു തീര്‍ച്ച േതാന്നിയ ഉടന്‍, അവന്‍ ഉന്മാദിയാകുന്നു, ഈ ആനന്ദം സ്വയം കണ്ടെത്തുംവരെ ഈ ഉന്മാദം ഈ പിപാസ, ഈ അഭിലാഷഭ്രാന്താണ് മതത്തിലേക്കുള്ള ‘ഉണര്‍ച്ച’ എന്നു പറയുന്നത്. അതു വന്നുകിട്ടിയാല്‍ ഒരുവന്‍ മതപരനാകാനാരംഭിക്കയായി. പക്ഷേ ഇതിനു വളരെ കാലം വേണം. ഈ രൂപങ്ങളും ചടങ്ങുകളും, ഈ പ്രാര്‍ത്ഥനകളും തീര്‍ത്ഥാടനങ്ങളും ഈ ഗ്രന്ഥങ്ങളും മണികളും മെഴുകുതിരികളും പുരോഹിതന്മാരുമെല്ലാം ഒരുക്കങ്ങളാണ്. അവ ആത്മാവില്‍നിന്ന് അശുദ്ധികളെ നീക്കിക്കളയുന്നു. ആത്മാവു ശുദ്ധമായാല്‍, അതു സ്വാഭാവികമായി സമസ്തശുദ്ധിയുടെയും ഖനിയിലേക്ക്, ഈശ്വരങ്കലേക്ക്, എത്തുവാന്‍ അഭിലഷിക്കുന്നു. നൂറ്റാണ്ടുകളുടെ പൊടികൊണ്ടു മൂടിയ ഒരിരുമ്പുകഷ്ണം എക്കാലവും ഒരു കാന്തത്തിന്റെ അടുത്തു കിടക്കുകയാവാം. എന്നിട്ടും ആകര്‍ഷിക്കപ്പെടാതിരിക്കാം. എങ്കിലും പൊടി നീക്കിക്കളഞ്ഞ ഉടന്‍ ആ ഇരുമ്പു കാന്തത്താല്‍ ആകൃഷ്ടമാകുന്നു. അതുപോലെ, യുഗങ്ങളിലെ ധൂളികൊണ്ട്-അശുദ്ധികളും ദുഷ്ടതകളും പാപങ്ങളുംകൊണ്ട്-ആവൃതമായ മാനവാത്മാവ്, അനേകജന്മാനന്തരം, ഈ രൂപങ്ങളും ചടങ്ങുകളും കൊണ്ട്, അന്യര്‍ക്ക് നന്മ ചെയ്കയും അന്യഭൂതങ്ങളെ സ്നേഹിക്കയും കൊണ്ട്, വേണ്ടുവോളം ശുദ്ധമായാല്‍, അതിന്റെ സ്വാഭാവികമായ ആത്മികാകര്‍ഷണം വരുന്നു, അതുണര്‍ന്നെണീക്കുന്നു, ഈശ്വരങ്കലേക്കു പിടയുകയും ചെയ്യുന്നു.
എങ്കിലും ഈ രൂപങ്ങളും പ്രതീകങ്ങളുമെല്ലാം വെറും തുടക്കം മാത്രം, സത്യമായ ഈശ്വരപ്രേമമല്ല. എവിടെയും പ്രേമമെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഈശ്വരപ്രേമമെന്ന് എല്ലാവരും പറയുന്നു. മനുഷ്യര്‍ക്കറിഞ്ഞുകൂടാ പ്രേമിക്ക എന്നാലെന്തെന്ന്. അറിഞ്ഞിരുന്നെങ്കില്‍ ഇത്ര വാചാലമായ പ്രേമത്തെപ്പറ്റി പ്രസംഗിക്കില്ല. ഓരോ പുരുഷനും പറയുന്നുണ്ട്. തനിക്കു പ്രേമിക്കാമെന്ന്. എന്നിട്ട്, അനന്തരം കണ്ടെത്തുന്നു. തന്റെ പ്രകൃതിയില്‍ പ്രേമമേ ഇല്ലെന്ന്. ഓരോ സ്ത്രീയും പറയും തനിക്കു പ്രേമിക്കാമെന്ന്, ഉടനേ കണ്ടുപിടിക്കയും ചെയ്യും തനിക്കു വയ്യെന്ന്. ലോകം പ്രേമപ്രസംഗംകൊണ്ടു നിറഞ്ഞതാണ്. പക്ഷേ പ്രേമിക്കുക കഠിനമാണ്. പ്രേമം എവിടെയുണ്ട്? പ്രേമമുണ്ടെന്നു നിങ്ങള്‍ക്കെങ്ങനെ അറിയാം? പ്രേമത്തിന്റെ പ്രഥമപരീക്ഷ അതിനു വിലപേശലേ അറിഞ്ഞുകൂടെന്നതാണ്. ഒരു മനുഷ്യന്‍ വേറൊരുവനെ വല്ലതും കിട്ടാനാണ് പ്രേമിക്കുന്നതെന്നു കാണുന്ന കാലത്തോളം നിങ്ങള്‍ക്കറിയാം അതു പ്രേമമല്ല. കച്ചവടമാണെന്ന്. കൊള്ളക്കൊടയുടെ പ്രശ്നം എന്തെങ്കിലും എവിടെയൊക്കെയുണ്ടോ അതു പ്രേമമല്ല. അതുപോലെ ‘ഇതെനിക്കുതരണേ, അതെനിക്കു തരണേ’ എന്നു മനുഷ്യന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ അതു പ്രേമമല്ല. അതെങ്ങനെയാവും? ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥന നിവേദിക്കുന്നു, പകരം നിങ്ങളെനിക്കു ചിലതു തരികയും ചെയ്യുന്നു. അതാണിത്, വെറും കച്ചവടം.
ഒരു മഹാരാജാവ് വനത്തില്‍ വേട്ടയാടാന്‍ പോയി. അവിടെ ഒരു സിദ്ധനെ കണ്ടെത്തി. അദ്ദേഹവുമായി അല്പം സംഭാഷണം ചെയ്തതില്‍ മാത്രം പ്രീതനായി രാജാവ് അദ്ദേഹത്തോടു തന്റെ പക്കല്‍നിന്ന് ഒരു ദാനം സ്വീകരിക്കണമെന്നപേക്ഷിച്ചു. ‘വേണ്ട’, സിദ്ധന്‍ പറഞ്ഞു. എന്റെ അവസ്ഥയില്‍ ഞാന്‍ പരിതൃപ്തനാണ്. ഈ മരങ്ങള്‍ എനിക്കു കഴിക്കാന്‍ വേണ്ട ഫലങ്ങള്‍ നല്‍കുന്നു. ഈ രമ്യനിര്‍മ്മലനദികള്‍ വേണ്ടുവോളം വെള്ളം തരുന്നു. ഈ ഗുഹകളില്‍ ഞാനുറങ്ങുന്നു. എനിക്കെന്തു താല്‍പര്യമാണ് അങ്ങയുടെ ദാനത്തില്‍, അങ്ങൊരു സമ്രാട്ടാണെങ്കിലും? ചക്രവര്‍ത്തി പറഞ്ഞു: ‘എന്നെ ശുദ്ധീകരിക്കാന്‍മാത്രം എന്റെ തൃപ്തിക്ക്, ഒരു ദാനം സ്വീകരിക്കൂ, എന്റെകൂടെ നഗരത്തിലേക്കു വരികയും ചെയ്യൂ.’ ഒടുവില്‍ സിദ്ധന്‍ ചക്രവര്‍ത്തിയോടൊപ്പം ചെല്ലാന്‍ സമ്മതിച്ചു. അദ്ദേഹത്തെ ചക്രവര്‍ത്തി കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ സ്വര്‍ണ്ണവും ആഭരണവും വെണ്ണക്കല്ലും അത്യത്ഭുതങ്ങളായ വസ്തുക്കളുമുണ്ട്. ധനവും പ്രതാപവും സര്‍വ്വത്ര പ്രകടം. സമ്രാട്ടു സിദ്ധനോടു പറഞ്ഞു, തന്റെ പ്രാര്‍ത്ഥന ചൊല്ലുന്നതിന് ഒരു നിമിഷം കാക്കുവാന്‍ എന്നിട്ട് അദ്ദേഹം ഒരു മൂലയില്‍ച്ചെന്നു പ്രാര്‍ത്ഥിച്ചുതുടങ്ങി. ‘പ്രഭോ, എനിക്ക് ഏറെ സമ്പത്തും ഏറെ സന്തതിയും കൂടുതല്‍ രാജ്യവും നല്‍കണമേ,’ ഇതിനിടെ സിദ്ധന്‍ എണീറ്റു പോകാന്‍ തുടങ്ങി. അദ്ദേഹം പോകുന്നതു കണ്ട ചക്രവര്‍ത്തി പിന്നാലെ ചെന്നു. ‘നില്‍ക്കൂ, മഹാത്മന്‍, അങ്ങ് എന്റെ ദാനം കൈകൊണ്ടില്ല, പോയ്കളയുകയാണല്ലോ.’ സിദ്ധന്‍ തിരിഞ്ഞ് അദ്ദേഹത്തോടു പറഞ്ഞു: ‘തെണ്ടി, ഞാന്‍ തെണ്ടികളോടു തെണ്ടാറില്ല. നിനക്കെന്തു തരാന്‍ കഴിയും? നീതന്നെ ഉള്ളകാലമത്രയും തെണ്ടുകയായിരുന്നല്ലോ. അതു പ്രേമഭാഷയല്ല. ഇതു തരാനും അതു തരാനും ഈശ്വരനോടു യാചിക്കയാണെങ്കില്‍ പ്രേമവും കച്ചവടവും തമ്മിലെന്താണ് വ്യത്യാസം? പ്രേമത്തിന്റെ പ്രഥമപരീക്ഷ അതിനു വിലപേശലേ അറിഞ്ഞുകൂടെന്നാണ്. പ്രേമം എപ്പോഴും കൊടുക്കുന്നവനാണ്. ഒരിക്കലും എടുക്കുന്നവനല്ല. ഈശ്വരസന്താനം പറയുകയാണ് ഈശ്വരനു വേണമെങ്കില്‍ ഞാന്‍ സര്‍വ്വസ്വവും അവിടേയ്ക്കു നല്‍കുന്നു. അവിടെനിന്നു എനിക്കൊന്നും വേണ്ടതാനും. ഈ വിശ്വത്തില്‍ ഒന്നും എനിക്കു വേണ്ട. ഞാന്‍ അവിടുത്തെ പ്രേമിക്കുന്നു. അവിടുത്തെ പ്രേമിക്കാന്‍ ഞാനാഗ്രഹിക്കകൊണ്ട്, പകരം ഒരാനുകൂല്യവും ഞാനാവശ്യപ്പെടുന്നില്ല. ഈശ്വരന്‍ സര്‍വ്വശക്തനോ അല്ലയോ എന്നാരു ഗൌനിക്കുന്നു? എനിക്ക് അവിടുത്തെ പക്കല്‍നിന്നു ഒരു ശക്തിയും വേണ്ട, അവിടുത്തെ ശക്തിയുടെ പ്രകാശനവും വേണ്ട. അവിടുന്നു പ്രേമദൈവതമാണ്, അതു ധാരാളം മതി എനിക്ക്. കൂടുതല്‍ ചോദ്യമൊന്നും ഞാന്‍ ചോദിക്കുന്നില്ല.
രണ്ടാം പരീക്ഷ, പ്രേമത്തിനു ഭയമേ അറിഞ്ഞുകൂടെന്നാണ്. ഒരു കയ്യില്‍ വരങ്ങളും മറ്റേക്കയ്യില്‍ ദണ്ഡങ്ങളുമായി മേഘങ്ങള്‍ക്കുപരി ഇരിപ്പുള്ള ഒരു സത്ത്വമാണ് ഈശ്വരനെന്നു മനുഷ്യന്‍ വിചാരിക്കുന്ന കാലത്തോളം അവിടെ ഒരു പ്രേമവും ഉണ്ടാവില്ല. ഒരുവനെ പ്രേമത്തിലേക്ക് പേടിപ്പിക്കാമോ? കുഞ്ഞാടു സിംഹത്തെ പ്രേമിക്കുന്നുവോ? എലി പൂച്ചയെ? അടിമ ഉടമയെ? അടിമകള്‍ ചിലപ്പോള്‍ പ്രേമം നടിക്കും. പക്ഷേ അതു പ്രേമമാണോ? നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഭയത്തില്‍ പ്രേമം? അതെപ്പോഴും കാപട്യമാണ്. പ്രേമത്തിന്റെ ഒപ്പം ഭയഭാവം ഒരിക്കലും വരുന്നില്ല. ഒരു യുവമാതാവ് തെരുവിലൂടെ പോകുന്നുവെന്നു വിചാരിക്കുക-ഒരു നായ കുരച്ചുവന്നാല്‍ അവള്‍ പറന്ന് ഏറ്റവുമടുത്ത വീടു പറ്റും. അടുത്ത നാള്‍ അവള്‍ തന്റെ കുഞ്ഞിനേയുംകൊണ്ടു തെരുവിലിറങ്ങുന്നു; ഒരു സിംഹം കുഞ്ഞിന്റെമേല്‍ പാഞ്ഞുകേറുന്നെന്നു വിചാരിക്കുക. അവളുടെ സ്ഥാനം എവിടെയായിരിക്കും? സിംഹത്തിന്റെ വായില്‍ത്തന്നെ, കുഞ്ഞിനെ രക്ഷിച്ചുകൊണ്ട്. പ്രേമം അവളുടെ സര്‍വ്വഭയങ്ങളെയും ജയിച്ചു. അതുപോലെതന്നെ ഈശ്വരപ്രേമത്തിലും. ഈശ്വരന്‍ വരദനോ ദണ്ഡപാണിയോ എന്ന് ആര്‍ ഗൌനിക്കുന്നു? അതു പ്രേമിയുടെ വിചാരമല്ല. വീട്ടിലെത്തുമ്പോഴത്തെ ഒരു ന്യായാധിപനെ ഭാവന ചെയ്യുക. അയാളില്‍ അയാളുടെ ഭാര്യ എന്തു കാണും? ന്യായാധിപനെയല്ല, വരദനെയോ ദണ്ഡധരനെയോ അല്ല. പിന്നെയോ ഭര്‍ത്താവിനെ, തന്റെ പ്രേമത്തെ, അയാളില്‍ അയാളുടെ മക്കളെന്തു കാണും? തങ്ങളുടെ പ്രിയപിതാവിനെ, വരദനെയോ ദണ്ഡധരനെയോ അല്ല അതുപോലെ ഈശ്വരസന്താനങ്ങള്‍ ഈശ്വരനില്‍ ഒരിക്കലും ദണ്ഡപാണിയെയോ വരദനെയോ അല്ല കാണുക. ഒരിക്കലും പ്രേമത്തിന്റെ സ്വാദു നോക്കിയിട്ടില്ലാത്തവരാണ് പേടിക്കുന്നതും വിറയ്ക്കുന്നതും. പേടിയൊക്കെ ദൂരെ കളയുക-ഈശ്വരനെക്കുറിച്ചു വരദനും ദണ്ഡപാണിയുമായിട്ടുള്ള ഈ ഭയങ്കരഭാവനകളെല്ലാം കിരാതബുദ്ധികള്‍ക്കു പ്രയോജനപ്പെട്ടേയ്ക്കാമെങ്കിലും, ചില മനുഷ്യര്‍, അതിബുദ്ധിമാന്മാര്‍പോലും, ആദ്ധ്യാത്മികകിരാതന്മാരാണ്, ഈ ഭാവനകള്‍ അവര്‍ക്കുപകരിച്ചേയ്ക്കാം. എന്നാല്‍ ആദ്ധ്യാത്മികരായ മനുഷ്യര്‍ക്ക്, മതത്തെ സമീപിക്കുന്നവര്‍ക്ക്, ആദ്ധ്യാത്മികമായ ഉള്‍ക്കാഴ്ച ഉണര്‍ന്നിട്ടുള്ളവര്‍ക്ക്, അത്തരം ആശ്രയങ്ങള്‍ വെറും ബാലിശങ്ങള്‍, തനി മൂഢങ്ങള്‍, അത്തരക്കാര്‍ സകല ഭയഭാവനകളേയും തള്ളിക്കളയുന്നു.
മൂന്നാമത്തേതു കുറേക്കൂടെ ഉയര്‍ന്ന പരീക്ഷയാണ്. പ്രേമം എന്നും ഉച്ചതമാദര്‍ശമാണ്. ഒരുവന്‍ ആദ്യത്തെ രണ്ടു ഘട്ടവും കടന്നു കഴിഞ്ഞാല്‍, സകലകച്ചവടവും സര്‍വ്വഭയവും ദൂരെയെറിഞ്ഞാല്‍, അപ്പോള്‍, പ്രേമമായിരുന്നു എന്നും അത്യുച്ചാദര്‍ശമെന്ന് അവന്‍ അറിയാന്‍ തുടങ്ങുന്നു. പലപ്പോഴും നാം കാണുന്നുണ്ട്, രൂപവതി വിരൂപനെ പ്രേമിക്കുന്നത് പലപ്പോഴും നാം കാണുന്നുണ്ട്. സുന്ദരന്‍ വിരൂപിയെ പ്രേമിക്കുന്നത്! എന്താണ് ആകര്‍ഷണം? കണ്ടുനില്‍ക്കുന്നവര്‍ കാണുന്നതു വിരൂപനെയോ വിരൂപിയെയോ മാത്രമാണ്. പക്ഷേ പ്രേമി അങ്ങനെയല്ല. പ്രേമിക്കു പ്രിയതമ ശശ്വത്സുന്ദരതമയാണ്. അതെങ്ങനെ? വിരൂപനെ പ്രേമിക്കുന്ന സ്ത്രീ ചെയ്യുന്നത്, തന്റെ സ്വന്തം മനസ്സിലുള്ള സൌന്ദര്യാദര്‍ശമെടുത്ത്, എന്നു പറയട്ടെ, ഈ വിരുപന്റെമേല്‍ വീശുകയാണ്. അവള്‍ ഭജിക്കുന്നതും പ്രേമിക്കുന്നതും ഈ വിരൂപനെയല്ല. അവളുടെ തന്നെ ആദര്‍ശത്തെയാണ്. ആ പുരുഷന്‍ ഒരു സൂചനപോലെമാത്രം. ആ സൂചനയുടെമേല്‍ അവള്‍ തന്റെ ആദര്‍ശം വീശി അതിനെ മൂടുന്നു. അതവള്‍ക്കു പൂജാപദമാകയും ചെയ്യുന്നു. നമുക്കു പ്രേമമുള്ള എല്ലാ സംഗതിയിലും ഇതു ചേരും. നമ്മളില്‍ പലര്‍ക്കും എത്രയും സാധാരണമട്ടിലുള്ള സോദരന്മാരും സോദരിമാരുമുണ്ട്. എങ്കിലും നമ്മുടെ സോദരന്മാരോ സോദരിമാരോ ആണെന്നതുകൊണ്ടുതന്നെ അവര്‍ നമുക്കു സുന്ദരരാകുന്നു.
അധിഷ്ഠാനമായ തത്ത്വവിചാരം ഇതാണ്. ഒരോരുവനും സ്വന്തം ആദര്‍ശം വീശി ഇതിനെ ആരാധിക്കുന്നു. ഈ ബാഹ്യലോകം കേവലം സൂചകലോകമാണ്. നാം കാണുന്നതെല്ലാം നാം നമ്മുടെ മനസ്സില്‍നിന്നു പുറത്തേയ്ക്കു വീശുന്നു. ഒരു തരി മണല്‍ ചിപ്പിയുടെ തോടിനകത്തു കടന്ന് അതിനെ ചൊറിച്ചിലുണ്ടാക്കുന്നു. ചൊറിച്ചില്‍ ചിപ്പിക്കുള്ളില്‍ ഒരൂറലുണ്ടാക്കുന്നു. അതു മണല്‍ത്തരിയെ മൂടുന്നു. അതിന്റെ ഫലമാണ് മനോഹരമായ മുത്ത്. ഇതുപോലെ ബാഹ്യവസ്തുക്കള്‍ നമുക്കു സൂചനകള്‍ നല്‍കുന്നു. അതിന്മേല്‍ നാം നമ്മുടെ സ്വന്തം ആദര്‍ശം വീശുകയും നമ്മുടെ വിഷയങ്ങളെ ഉളവാക്കയും ചെയ്യുന്നു. ദുഷ്ടന്മാര്‍ ഈ ലോകത്തെ മുഴുത്ത നരകമായി കാണുന്നു. ശിഷ്ടന്മാര്‍ മുഴുത്ത സ്വര്‍ഗ്ഗമായും. പ്രേമികള്‍ ഈ ലോകത്തെ പ്രേമനിര്‍ഭരമായി കാണുന്നു, ദ്വേഷികള്‍ ദ്വേഷപൂര്‍ണ്ണമായും. കലഹികള്‍ കലഹമല്ലാതൊന്നും കാണുന്നില്ല. ശാന്തന്മാര്‍ ശാന്തിയും സംസിദ്ധപുരുഷന്‍ ഈശ്വരനെയല്ലാതൊന്നും കാണുന്നില്ല. അതുകൊണ്ട് നാമെപ്പോഴും നമ്മുടെ അത്യുച്ചാദര്‍ശത്തെയാണാരാധിക്കുന്നത്. നാം ആദര്‍ശമായി പ്രേമിക്കുന്നു. ആ സ്ഥാനത്തെത്തിച്ചേരുമ്പോള്‍ വാദങ്ങളും സംശയങ്ങളുമെല്ലാം എന്നെന്നേയ്ക്കുമായി മായുന്നു. ഈശ്വരനെ പ്രകടിപ്പിക്കാമോ വയ്യല്ലോ എന്ന് ആര്‍ വകവെയ്ക്കുന്നു? ആദര്‍ശം ഒരിക്കലും പോവുന്നതല്ല. കാരണം, അതെന്റെതന്നെ പ്രകൃതിയുടെ ഒരു ഭാഗമാണ്. ഞാന്‍ എന്റെ സത്തയെ ചോദ്യം ചെയ്യുമ്പോഴേ എന്റെ ആദര്‍ശത്തെ ചോദ്യം ചെയ്യൂ; ഒന്നിനെ എനിക്കു ചോദ്യചെയ്യാനാകാത്തതുകൊണ്ട് മറ്റതിനെയും ചോദ്യം ചെയ്യാനാവില്ല. ഈശ്വരന് ഒരേ സമയം സര്‍വ്വശക്തനും സര്‍വ്വകാരുണികനുമാകാന്‍ പറ്റുമോ ഇല്ലയോ എന്ന് ആര്‍ ഗൌനിക്കുന്നു? അവിടുന്നു മനുഷ്യവര്‍ഗ്ഗത്തിനു വരദനാണോ അവിടുന്നു നമ്മെ നോക്കുന്നത് നിഷ്ഠുരന്റെ നിഗ്രഹദൃഷ്ടിയോടെയോ അതോ അധീശന്റെ അനുഗ്രഹദൃഷ്ടിയോടെയോ എന്ന് ആര്‍ കണക്കാക്കുന്നു? പ്രേമി ഇതിനെയെല്ലാം കടന്നപ്പുറം പോയിരിക്കുന്നു. വരദണ്ഡങ്ങള്‍ക്കപ്പുറം, ഭയസംശയങ്ങള്‍ക്കപ്പുറം, സയന്‍സോ മറ്റെന്തെങ്കിലുമോ നല്‍കുന്ന വിശദീകണത്തിനുമപ്പുറം, അയാള്‍ക്കു പ്രേമാദര്‍ശം സുപര്യാപ്തമാണ്. ഈ പ്രേമത്തിന്റെ പ്രകാശനംമാത്രമാണ് ഈ പ്രപഞ്ചമെന്നതു സ്വതഃസിദ്ധവുമല്ലേ? അണുക്കളെ അണുക്കളോടും കണങ്ങളെ കണങ്ങളോടും യോജിപ്പിക്കുന്നതു യാതൊന്നോ, തങ്ങളില്‍ പറന്നടുക്കാന്‍ ഗ്രഹങ്ങളെ പ്രേരിപ്പിക്കുന്നതും, പുരുഷനെ പുരുഷനിലേക്കും പുരുഷനെ സ്ത്രീകളിലേക്കും, സ്ത്രീയെ പുരുഷനിലേയ്ക്കും മൃഗങ്ങളെ മൃഗങ്ങളിലേക്കും സമസ്തവിശ്വത്തെയും ഒരു കേന്ദ്രത്തിലേയക്കെന്നപോലെയും ആകര്‍ഷിക്കുന്നതു യാതൊന്നോ അതു പ്രേമമെന്നു ചൊല്ലുള്ളതാണ്. അതിന്റെ ആവിഷ്കാരമാണ് പരമാണുമുതല്‍ പരമമഹത്ത്വംവരെ; സര്‍വ്വശക്തിയും സര്‍വ്വവ്യാപിയുമാണീ പ്രേമം. ചേതനത്തിലും ജഡത്തിലും വിശേഷത്തിലും സാമാന്യത്തിലും ആകര്‍ഷണീയമായി സ്വയം പ്രകാശിക്കുന്നതു യാതൊന്നോ അത് ഈ ഈശ്വരപ്രേമമാണ്. അതാണ് ഈ ജഗത്തിലുള്ള ഏകപ്രേരകശക്തി. ആ പ്രേമത്തിന്റെ തള്ളലില്‍ ക്രിസ്തു സ്വജീവിതം മനുഷ്യരാശിക്കു നല്‍കുന്നു. ബുദ്ധന്‍ കേവലം ഒരു മൃഗത്തിനും അമ്മ ശിശുവിനും ഭര്‍ത്താവ് ഭാര്യയ്ക്കും . അതേ പ്രേമത്തളളലിലാണ് മനുഷ്യര്‍ സ്വദേശത്തിനുവേണ്ടി തങ്ങളുടെ ജീവിതം വെടിയുന്നത്. അത്ഭതമെന്നു പറയട്ടെ, അതേ പ്രേമത്തള്ളലില്‍ കള്ളന്‍ കക്കുന്നു, കൊലയാളി കൊല്ലുന്നു, ഈ സംഗതികളിലും ചേതന അതുതന്നെ പ്രകാശനംമാത്രം ഭിന്നം. ഇതാണ് ജഗത്തിലെ ഏകപ്രേരകശക്തി. കള്ളനു സ്വര്‍ണ്ണത്തോടു പ്രേമമാണ്. പ്രേമം അവിടുണ്ട്. പോയവഴി മാത്രം പിഴച്ചു. അതുപോലെതന്നെ എല്ലാ അധര്‍മ്മങ്ങളിലും എല്ലാ ധാര്‍മ്മികവ്യാപാരങ്ങളിലും ആ ശാശ്വതപ്രേമം പിന്നില്‍ നിലകൊള്ളുന്നു. ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്കുവേണ്ടി ഒരാള്‍ ആയിരം ഡോളറിന്റെ ചെക്കെഴുതുന്നെന്നു വിചാരിക്കുക, അതേ സമയം, അതേ മുറിയില്‍ വേറൊരാള്‍ ഒരു സ്നേഹിതന്റെ കള്ള ഒപ്പിടുകയും ചെയ്യുന്നു. രണ്ടുപേരും ഒരേ വെളിച്ചത്തിലാണെഴുതുന്നത്. പക്ഷേ അതുപയോഗപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം ഓരോരുത്തന്നുമായിരിക്കും. വെളിച്ചത്തെയല്ല വാഴ്ത്തുകയോ പഴിക്കുകയോ ചെയ്യേണ്ടത്. അസംഗമെങ്കിലും എല്ലാത്തിലും പ്രകാശിക്കുന്നതാണ് ആ പ്രേമം. ജഗത്തിന്റെ ഏകപ്രേരകശക്തി അതില്ലെങ്കില്‍ ഈ ജഗത്ത് ഒരു നിമിഷത്തിനകം ഛിന്നഭിന്നമാകും. ഈ പ്രേമം ഈശ്വരനാണുതാനും. ‘
ആരും, അയി പ്രിയേ, ഭര്‍ത്താവിനുവേണ്ടി ഭര്‍ത്താവിനെ പ്രേമിക്കുന്നില്ല. ഭര്‍ത്താവിലുള്ള ആത്മാവിനുവേണ്ടിയല്ലാതെ ആരും, അയി പ്രിയേ, ഭാര്യക്കുവേണ്ടി ഭാര്യയെ സ്നേഹിക്കുന്നില്ല. ഭാര്യയിലുള്ള ആത്മാവിനുവേണ്ടിയല്ലാതെ, ആരും ഒന്നിനെയും പ്രേമിക്കുന്നില്ല. ആത്മാവിനുവേണ്ടയല്ലാതെ.’ ഇത്രയേറെ നിന്ദിക്കപ്പെടുന്ന സ്വാര്‍ത്ഥവും അതേ പ്രേമത്തിന്റെ പ്രകാശനംമാത്രമാണ്. ഈ കളി വിട്ടു മാറിനില്‍ക്കുക, അതില്‍ കലരരുത്. ഈ ആശ്ചര്യദൃശ്യപരമ്പര, ഈ അത്ഭുതനാടകം, അനുരംഗം അഭിനയിക്കപ്പെടുന്നതു നോക്കൂ. ഈ അത്ഭുതമേളം കേള്‍ക്കൂ. ഒരേ പ്രേമത്തിന്റെ പ്രകാശനമാണെല്ലാം. തന്‍കാര്യത്തിലും ആ ‘താന്‍’ പെരുകും, വളര്‍ന്നുവളര്‍ന്നുവരും. ആ ഒരു താന്‍, ഒരു മനുഷ്യന്‍, വിവാഹിതനാകുമ്പോള്‍ രണ്ടു താനാകും. മക്കളുണ്ടാകുമ്പോള്‍, പലതാകും. അങ്ങനെ അവന്‍ വളര്‍ന്നു ഒടുവില്‍ ഈ ലോകം മുഴുവന്‍ തന്റെ ‘താന്‍’ (ആത്മാവ്) ആണെന്നനുഭൂതമാകും. സമസ്തവിശ്വവും സ്വാത്മാവാണെന്ന്. അവന്‍ വിശ്വപ്രേമൈകരാശിയിലേക്കു വികസിക്കുന്നു. അനന്തപ്രേമത്തിലേക്ക് ഈശ്വരനായ പ്രേമത്തിലേക്ക്.
അങ്ങനെ നാം പ്രഖ്യാതമായ പരഭക്തിയിലെത്തുന്നു. അതില്‍നിന്നു രൂപങ്ങളും പ്രതീകങ്ങളും വീണുപോകുന്നു. അതിലെത്തിയവന് ഒരു വിഭാഗത്തിലും പെടാനാവില്ല. കാരണം, വിഭാഗങ്ങളെല്ലാം തന്നിലാണ്. എന്തിലാണവന്‍ പെടേണ്ടത്? എല്ലാ പള്ളികളും അമ്പലങ്ങളും അവനിലാണല്ലോ. അവനു വേണ്ടത്ര വലിപ്പമുള്ള പള്ളിയെവിടെ? അങ്ങനെയുള്ള ഒരു മനുഷ്യന് ചില പരിമിതരൂപങ്ങളോടു തന്നെത്താന്‍ കെട്ടിയിടാന്‍ വയ്യ. തനിക്ക് ഐക്യം വന്നു കഴിഞ്ഞ ആ അതിരറ്റ പ്രേമത്തിന് അതിരെവിടെ? ഈ പ്രേമാദര്‍ശത്തെ കൈക്കൊള്ളുന്ന എല്ലാ മതങ്ങളിലും കാണാം. അതിനെ പ്രകാശിപ്പിക്കാനുള്ള പ്രയത്നം. ഈ പ്രേമത്തിന്റെ അര്‍ത്ഥമെന്തെന്നു നാം അറിയുന്നെങ്കിലും, സ്നേഹത്തിന്റേതു ആകര്‍ഷണത്തിന്റേതുമായ ഈ ലോകത്തില്‍ സര്‍വ്വവും ആ അനന്തപ്രേമത്തിന്റെ പ്രകാശനമാണെന്നു നാം കാണുന്നെങ്കിലും – അതിനെ ആവിഷ്കരിക്കാന്‍ നാനാജനതകളിലെയും സിദ്ധന്മാരും വിശുദ്ധന്മാരും ശ്രമിച്ചിട്ടുണ്ട് – എന്നാലും അവര്‍ അതിന്റെ അത്യന്തകായികമായ ആവിഷ്കാരത്തെപ്പറ്റിപ്പോലും രൂപപരിവര്‍ത്തനം ചെയ്തു ദിവ്യമാക്കിക്കൊണ്ട് ഭാഷയുടെ സകല കഴിവും ഉപയോഗിക്കുന്നതു നാം കണ്ടെത്തുന്നുണ്ട്.
ഹ്രീബ്രൂരാജര്‍ഷി ഇങ്ങനെ പാടി, ഇങ്ങനെതന്നെ ഭാരതത്തിലുള്ളവരും. ‘ഹേ പ്രിയതമ, നിന്റെ ചുണ്ടുകള്‍കൊണ്ടൊരു ചുംബനം! നിന്റെ ചുംബനംകൊണ്ടു നിനക്കുവേണ്ടിയുള്ള ദാഹം പെരുകിയേ വരുന്നു! ശോകങ്ങളെല്ലാം തീരുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയും മറക്കുന്നു. ഒരുവന്‍ നിന്നെത്തന്നെ നിനച്ചിരിക്കുന്നു!’ അതാണ് പ്രേമിയുടെ ഉന്മാദം, സര്‍വ്വകാമങ്ങളും മറയുമ്പോള്‍ ‘മോചനത്തെ ആര്‍ ഗൌനിക്കുന്നു?’ എന്നാണ് പ്രേമി ചോദിക്കുന്നത്.
‘എനിക്ക് ധനം വേണ്ട. ആരോഗ്യവും വേണ്ട. എനിക്കു സൌന്ദര്യം വേണ്ട. എനിക്കു ബുദ്ധി വേണ്ട, ലോകത്തിലെ സകലപാപങ്ങളുടെയും നടുക്കു ഞാന്‍ വീണ്ടും വീണ്ടും ജനിച്ചുകൊള്ളട്ടെ. എനിക്കു പരാതിയില്ല. പക്ഷേ, എന്നെ പ്രേമൈകപരനായി പ്രേമിക്കാനനുവദിക്കൂ’. ഇത്തരം പാട്ടുകളില്‍ വെളിപ്പെട്ടു കാണുന്നത് അത്തരം പ്രേമോന്മാദമാണ്. അത്യുച്ഛവും അതിസ്പഷ്ടവും ബലിഷ്ഠവും അത്യാകര്‍ഷകവുമായ മാനവപ്രേമം സ്ത്രീപുരുഷപ്രേമമാണ്. അതുകൊണ്ട് അതിഗംഭീരഭക്തിയെ ആവിഷ്കരിക്കാന്‍ ആ ഭാഷയാണുപയോഗിച്ചത്. ഈ മാനവപ്രേമം മഹാഭക്തന്മാരുടെ പ്രേമോന്മാദത്തിന്റെ പ്രക്ഷീണമായ പ്രതിധ്വനിമാത്രമാണ്. ഈശ്വരന്റെ യഥാര്‍ത്ഥപ്രേമികള്‍ ഈശ്വരപ്രേമംകൊണ്ട് ഉന്മത്തന്മാരും മത്തന്മാരുമാകാനാഗ്രഹിക്കുന്നു. ‘ഈശ്വരമദമത്തന്മാ’രാകാന്‍. അവര്‍ക്കു പ്രേമത്തിന്റെ ചഷകത്തില്‍നിന്നു പാനം ചെയ്യണം-യാതൊരു പ്രേമമാണോ സര്‍വ്വമതങ്ങളിലെയും സിദ്ധന്മാരും ഭക്തന്മാരും തങ്ങളുടെ ഹൃദയരക്തം ഒഴിച്ചു സംസ്കരിച്ചത്, യാതൊന്നിലാണോ ഫലകാമന കൂടാതെ ഈശ്വരനെ പ്രേമിച്ചവരുടെയും പ്രേമൈകപരമായ പ്രേമം കൊതിച്ചവരുടെയും, ആശയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്, ആ പ്രേമത്തിന്റെ ചഷകം പ്രേമത്തിന്റെ പ്രതിഫലം പ്രേമംതന്നെ. അതും എന്തൊരു പ്രതിഫലം! ഇതാണ് ശോകനിര്‍മ്മോചകമായ ഏകവസ്തു. കുടിച്ചാല്‍ ലോകരോഗം നിവാരണം ചെയ്യുന്ന ഏകചഷകം. മനുഷ്യന്‍ ദിവ്യോന്മാദിയാകുന്നു. താന്‍ മനുഷ്യനാണെന്നേ മറക്കുന്നു.
അവസാനമായി ഈ വിവിധ പദ്ധതികളെല്ലാം ഒടുവില്‍ സമ്പൂര്‍ണ്ണമായ ഐക്യം എന്ന ആ ഏകബിന്ദുവില്‍ സംഗമിക്കുന്നു. നാം എപ്പോഴും ദ്വൈതികളായി തുടങ്ങുന്നു. ഈശ്വരന്‍ വേറൊരു തത്ത്വം, ഞാന്‍ വേറൊരു തത്ത്വം. ഇടയ്ക്കു പ്രേമം വരുന്നു. മനുഷ്യന്‍ ഈശ്വരനെ സമീപിക്കുന്നു. ഈശ്വരന്‍ മനുഷ്യനെയും സമീപിക്കാന്‍ തുടങ്ങുന്നു എന്നു പറയാം. അച്ഛന്‍, അമ്മ, മിത്രം, പ്രേമി എന്നീ ജീവിതബന്ധങ്ങളെല്ലാം മനുഷ്യന്‍ കൈക്കൊള്ളുന്നു. അവന്‍ ആരാധനാവിഷയവുമായി ഒന്നായിത്തീരുമ്പോള്‍ അവസാനബിന്ദുവും പ്രാപ്തമാകുന്നു. ‘ഞാന്‍ നീ, നീ ഞാന്‍, നിന്നെ ആരാധിച്ചുകൊണ്ട് ഞാന്‍ എന്നെത്തന്നെ ആരാധിക്കുന്നു.’ യാതൊന്നിനെക്കൊണ്ടു മനുഷ്യന്‍ ആരംഭിച്ചുവോ അതിന്റെ അത്യുച്ചാരോഹണം നാം അവിടെ കാണുന്നു. ആദ്യം അത് ആത്മാവിനോടുള്ള പ്രേമമായിരുന്നു. പക്ഷേ ക്ഷുദ്രാത്മാവിന്റെ ആവശ്യങ്ങള്‍ പ്രേമത്തെ സ്വാര്‍ത്ഥമാക്കി. ഒടുവില്‍ ആത്മാവ് അനന്തമായിത്തീര്‍ന്നതോടെ പ്രകാശത്തിനു പൂര്‍ണ്ണമായ ഉജ്ജ്വലത കൈവന്നു. ആദ്യം എവിടെയോ ഉള്ള തത്ത്വമായിരുന്ന ഈശ്വരന്‍ അനന്തപ്രേമിയായി രൂപാന്തരപ്പെട്ടമട്ടായി. മനുഷ്യന്‍തന്നെ രൂപാന്തരപ്പെട്ടു. അവന്‍ ഈശ്വരനെ സമീപിക്കയായിരുന്നു, തന്നില്‍ നിറഞ്ഞിരുന്ന മിഥ്യാകാമങ്ങളെ അവന്‍ വലിച്ചെറികയായിരുന്നു. കാമങ്ങളോടൊപ്പം സ്വാര്‍ത്ഥങ്ങളും മറഞ്ഞു. ഒടുവില്‍, ആ അഗ്രകോടിയില്‍ അവന്‍ ദര്‍ശിച്ചു, പ്രേമവും പ്രേമിയും പ്രേഷ്ഠനും ഒന്നെന്ന്.