ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.
III അദ്ധ്യാത്മഗുരു
ഓരോ ആത്മാവും പൂര്‍ണ്ണനാവാന്‍ പരികല്‍പ്പിതനാണ്. ഓരോ ആളും ഒടുവില്‍ ആ പദം പ്രാപിക്കയും ചെയ്യും. നാം ഇപ്പോള്‍ ആയിരിക്കുന്നതൊക്കെ കഴിഞ്ഞകാലത്തു നാം ഇപ്പോള്‍ ആയിരിക്കയോ വിചാരിക്കയോ ചെയ്തതിന്റെയെല്ലാം ഫലമാണ്. നാം മേലില്‍ ആകാന്‍പോകുന്നതൊക്കെ ഇപ്പോള്‍ നാം ചെയ്യുകയോ വിചാരിക്കുകയോ ചെയ്യുന്നതിന്റെയെല്ലാം ഫലമായിരിക്കും. എന്നാല്‍, നാം പുറത്തുനിന്നു സഹായം സ്വീകരിക്കുന്നതിനെ ഇതു തടഞ്ഞുകളയുന്നില്ല. പുറമെനിന്നുള്ള സഹായം എപ്പോഴും ഒരു ആത്മാവിന്റെ സാധ്യതകളെ ത്വരിപ്പിക്കയാണ് ചെയ്യുക. എത്രമാത്രമെന്നാല്‍, ലോകത്തിലെ വലിയ ഭൂരിപക്ഷം പേര്‍ക്കും ബാഹ്യസഹായം മിക്കവാറും സര്‍വ്വഥാ ആവശ്യമാണ്. ത്വരിപ്പിക്കുന്ന ശക്തി പുറമെ നിന്നുവരുന്നു. അതു നമ്മുടെ അന്തര്‍ലീനപ്രഭാവങ്ങളുടെമേല്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ വളര്‍ച്ച തുടങ്ങുന്നു. അദ്ധ്യാത്മജീവിതം വരുന്നു. ഒടുവില്‍ മനുഷ്യന്‍ പവിത്രനും പൂര്‍ണ്ണനുമാവുകയും ചെയ്യുന്നു. ത്വരിപ്പിക്കുന്നതായി പുറമെനിന്നുവരുന്ന ഈ പ്രചോദനം പുസ്തകങ്ങളില്‍നിന്നു കിട്ടാവതല്ല. ആത്മാവിനു വേറൊരാത്മാവില്‍ നിന്നല്ലാതെ മറ്റൊന്നില്‍നിന്നും പ്രചോദനം നേടാനാവുന്നില്ല. ആയുഷ്കാലമത്രയും നമുക്കു പുസ്തകങ്ങള്‍ പഠിക്കാം, നാം എത്രയും ബുദ്ധിപരന്മാരായേക്കാം. എന്നാല്‍ ആദ്ധ്യാത്മികമായി നാം ഒട്ടും വികസിച്ചിട്ടില്ലെന്നു ഒടുവില്‍ നാം കണ്ടെത്തുന്നു. ഒരുയര്‍ന്ന തോതിലുള്ള ബുദ്ധിവികാസം എപ്പോഴും മനുഷ്യന്റെ അദ്ധ്യാത്മപക്ഷത്തില്‍ തുല്യവളര്‍ച്ചയെ കാണിക്കുന്നെന്നു വന്നുകൂടുന്നില്ല. നേരേമറിച്ച്, ആത്മക്ഷയം വരുത്തിക്കൊണ്ടുള്ള ബുദ്ധിയുടെ അത്യുച്ഛവികാസത്തിന്റെ ദൃഷ്ടാന്തങ്ങള്‍ മിക്കവാറും എന്നുമേ കാണുന്നുണ്ട്.
അങ്ങനെ, പുസ്തകങ്ങളില്‍നിന്നു വളരെ സഹായം കിട്ടാന്‍ കഴിയും. എന്നാല്‍, ആദ്ധ്യാത്മികവികാസത്തിനോ ശൂന്യപ്രായം. പുസ്തകങ്ങള്‍ പഠിച്ചുകൊണ്ടിരിക്കെ, ആദ്ധ്യാത്മിക സഹായം നമുക്കു കിട്ടുന്നതായി നാം ചിലപ്പോള്‍ അന്ധാളിച്ചു പോകാറുണ്ട്. എന്നാല്‍ നമ്മെത്തന്നെ വിശകലനം ചെയ്യുന്നപക്ഷം നമുക്കു കാണാം. നമ്മുടെ ബുദ്ധിക്കാണ് സഹായം കിട്ടിയത്. ആത്മാവിനല്ല എന്ന്. അതാണ് കാരണം. നമ്മളില്‍ മിക്കവര്‍ക്കും അത്യത്ഭുതമായി പറയാന്‍ ആവുമെങ്കിലും പ്രവൃത്തിയുടെ സമയം വരുമ്പോള്‍ നമ്മുടെ പോരായ്മ അതിദയനീയമെന്നു കാണാന്‍. പുസ്തകങ്ങള്‍ക്ക് ആ പ്രചോദനം പുറത്തുനിന്നു നല്‍കാനാവാത്തതുകൊണ്ടാണത്. ആത്മാവിനെ ത്വരപ്പെടുത്താന്‍ വേറൊരാത്മാവില്‍നിന്നുതന്നെ പ്രചോദനം വരണം.
ഈ പ്രചോദനം യാതൊരാത്മാവില്‍നിന്നു വരുന്നുവോ അദ്ദേഹത്തെ ഗുരു, ആചാര്യന്‍ എന്നും യാതൊരാത്മാവിലേക്കു പ്രചോദനം പ്രവഹിക്കപ്പെടുന്നുവോ അയാളെ ശിഷ്യന്‍ വിദ്യാര്‍ത്ഥി എന്നും വിളിക്കുന്നു. ഈ പ്രചോദനത്തെ പ്രവഹിപ്പിക്കണമെങ്കില്‍ ആദ്യമായി ഏതൊന്നില്‍നിന്നു അതുത്ഭവിക്കുന്നുവോ ആ ആത്മാവിന് അതിനെ വേറൊരുനിലയ്ക്കു സംക്രമിപ്പിക്കാന്‍-എന്നു പറയട്ടെ ശക്തി ഉണ്ടായിരിക്കണം. രണ്ടാമതു ഏതിലേക്കതു സംക്രമിപ്പിക്കുന്നുവോ ആ വിഷയം (ശിഷ്യന്‍) സ്വീകരിക്കാന്‍ പറ്റിയതുമായിരിക്കണം. വിത്തു ജീവനുള്ള വിത്തായിരിക്കണം. നിലം ഉഴുതു തയ്യാറുമായിരിക്കണം. ഈ രണ്ടു വ്യവസ്ഥകളും നിറവേറിയാല്‍ മതത്തിന്റെ ഒരത്ഭുതവളര്‍ച്ച ഉണ്ടാകുന്നു. ‘മതത്തിന്റെ വക്താവ് ആശ്ചര്യനായിരിക്കണം. അപ്രകാരംതന്നെ ശ്രോതാവും. ഇരുവരും യഥാര്‍ത്ഥത്തില്‍ ആശ്ചര്യരായിരിക്കുമ്പോള്‍, അസാധാരണരായിരിക്കുമ്പോള്‍മാത്രം, മഹത്തായ അദ്ധ്യാത്മവളര്‍ച്ചയുണ്ടാകുന്നു, മറ്റു വിധത്തിലില്ലതാനും. ഇവരാണ് യഥാര്‍ത്ഥഗുരുക്കന്മാര്‍, ഇവരാണ് യഥാര്‍ത്ഥശിഷ്യന്മാരും. ഇവരെയൊഴിച്ചു മറ്റുള്ളവര്‍ ബുദ്ധിപരമായി അല്പമൊന്നു പണിപ്പെട്ടും സ്വല്പം കൌതുകത്തെ ഒന്നു തൃപ്തിപ്പെടുത്തിയുംകൊണ്ട് ആദ്ധ്യാത്മികതയുമായി കളിക്കയാണ്. പക്ഷേ അവരുടെ നില്‍പ്പ് മതചക്രവാളത്തിന്റെ പുറത്തേയ്ക്കുള്ള വക്കത്തുമാത്രമാണ്. അതില്‍ കുറച്ചു വിലയുണ്ട്. അങ്ങനെ യഥാര്‍ത്ഥമായ മതദാഹം ഉണര്‍ത്തപ്പെട്ടേക്കാം. എല്ലാം കാലഗതിയില്‍ വന്നുചേരുന്നു. നിലം തയ്യാറായാലുടന്‍ വിത്തു വന്നുകൊളളണം എന്നുള്ളതു പ്രകൃതിയുടെ ഒരു ഗഹനനിയമമാണ്. ആത്മാവിനും മതം വേണം എന്നു തോന്നുന്ന ഉടന്‍ മതശക്തിസംക്രാമകന്‍ വന്നുകൊള്ളണം. ‘തേടുന്ന പാപി തേടുന്ന രക്ഷകനെ കണ്ടുമുട്ടുന്നു.’ സ്വീകരിക്കുന്ന ആത്മാവിലെ ആകര്‍ഷകശക്തി മുഴുത്തു പക്വമായാല്‍, ആ ആകര്‍ഷണത്തിനു വിളികേള്‍ക്കുന്ന ശക്തി വന്നുകൊള്ളണം.
എന്നാല്‍ വഴിക്കു വലിയ അപകടങ്ങളുണ്ട്. സ്വീകരിക്കുന്ന ആത്മാവിനു തന്റെ ക്ഷണികവികാരത്തെ യഥാര്‍ത്ഥമായ മതതൃഷ്ണയായി തെറ്റിദ്ധരിക്കുക എന്ന അപകടമുണ്ട്. നമുക്കതു നമ്മില്‍ത്തന്നെ കാണാം. നമ്മുടെ ജീവിതത്തില്‍, പലപ്പോഴും നാം സ്നേഹിച്ചിരുന്ന ആരോ ഒരാള്‍ മരിക്കുന്നു. നമുക്ക് ഒരടികൊള്ളുന്നു. ഒരു നിമിഷത്തേയ്ക്കു നാം വിചാരിക്കുന്നു. ഈ ലോകം വിരല്‍പ്പഴുതിലൂടെ വഴുതിപ്പോകുന്നെന്ന്, നമുക്ക് ഉച്ചതരമായ എന്തോ വേണമെന്നുണ്ടെന്നും നാം മതപരരാകാന്‍ പോകയാണെന്നും. കുറച്ചു നാള്‍ക്കുള്ളില്‍ ആ അല കടന്നുപോകുന്നു. നാം നിന്നിടത്തു തടയപ്പെട്ടിരിക്കയും ചെയ്യുന്നു. പലപ്പോഴും അത്തരം പ്രസ്പന്ദങ്ങളെ യഥാര്‍ത്ഥമായ മതതൃഷ്ണയെന്നു തെറ്റിദ്ധരിക്കുന്നു. ഈ ക്ഷണികവികാരങ്ങളെ അപ്രകാരം തെറ്റിദ്ധരിക്കുന്നിടത്തോളം കാലം തുടര്‍ന്നുള്ള യഥാര്‍ത്ഥമായ ആത്മവാഞ്ഛ വരില്ല. ‘സംക്രാമക’നെ നാം കാണുകയുമില്ല.
അതുകൊണ്ട് നമുക്ക് സത്യം കിട്ടിയിട്ടില്ലെന്നും അത്രമാത്രം അതു വേണമെന്നുണ്ടെന്നും നാം പരാതിപ്പെടുമ്പോള്‍, അങ്ങനെ പരാതിപ്പെടുന്നതിനുപകരം നമ്മുടെ ഒന്നാമത്തെ കര്‍ത്തവ്യമായിരിക്കേണ്ടത് നമ്മുടെതന്നെ ആത്മാവിലേക്കു നോക്കുകയും നമുക്കു യഥാര്‍ത്ഥമായും അതു വേണമെന്നുണ്ടോ എന്നു കണ്ടുപിടിക്കയുമാണ്, മിക്കപ്പോഴും നാം അനര്‍ഹന്മാരെന്നു നാം കണ്ടുപിടിക്കും. നമുക്ക് അതു വേണ്ട. അദ്ധ്യാത്മത്തിന്റെ പിന്നാലെ ദാഹമില്ലായിരുന്നു.
ഇതിലേറെ കഷ്ടതയാണ് ‘സംക്രാമക’ന്ന് അജ്ഞാനത്തില്‍ മുഴുകിയവരാണെങ്കിലും, എന്നിട്ടും സ്വഹൃദയത്തിലെ അഹങ്കാരം കൊണ്ട് തങ്ങള്‍ സര്‍വ്വജ്ഞന്മാരെന്ന് നിനയ്ക്കുന്ന വളരെപ്പേരുണ്ട്. അവരവിടെയും നില്‍ക്കുന്നില്ലെന്നുമാത്രമല്ല, മറ്റുള്ളവരെ തങ്ങളുടെ തോളിലേറ്റാന്‍ മുതിരുകയും ചെയ്യുന്നു-അങ്ങനെ ‘കരുടന്നു വഴികാട്ടുന്ന കുരുടനെപ്പോലെ അവരിരുവരും കുഴിയില്‍ വീഴുന്നു’. ലോകം ഇത്തരക്കാരെക്കൊണ്ടു നിറഞ്ഞതാണ്. ഏതൊരുത്തനും ഗുരുവാകണം, ഏതു തെണ്ടിക്കും പത്തു ലക്ഷം ഡോളര്‍ ദാനം ചെയ്യണം. ഈ രണ്ടാം കൂട്ടര്‍ പരിഹാസ്യരാകുന്നതുപോലെതന്നെയാണ് ഈ ഗുരുക്കന്മാരും.
അപ്പോള്‍ നാമെങ്ങനെയാണ് ഒരു ഗുരുവിനെ അറിയുക? ആദ്യമേതന്നെ, സൂര്യനു വെളിപ്പെടാന്‍ ചൂട്ടു വേണ്ട. സൂര്യനെക്കാണാന്‍ നാം മെഴുകുതിരി കൊളുത്താറില്ല. സൂര്യന്‍ ഉദിക്കുമ്പോള്‍ നമ്മള്‍ സഹജവാസനയാ അതിന്റെ ഉദയത്തെ അറിഞ്ഞുവശാകുന്നു. അതുപോലെ മനുഷ്യരാശിയുടെ ഗുരു നമ്മെ തുണയ്ക്കാന്‍ വരുമ്പോള്‍, ആത്മാവു സഹജവാസനയാ അറിഞ്ഞുകൊള്ളും താന്‍ സത്യം കണ്ടെത്തിയെന്ന്. സത്യം സ്വപ്രമാണത്തില്‍ത്തന്നെ നിലകൊള്ളുന്നു. അതിനൊരു പരപ്രമാണവും വേണ്ട. സാക്ഷ്യം വഹിക്കാന്‍ അതു സ്വപ്രകാശമാണ്. അതു നമ്മുടെ പ്രകൃതിയുടെ ആന്തരതമങ്ങളായ അറകളിലേക്കു തുളച്ചുകടക്കുന്നു. ‘ഇതു സത്യമാണ്’ എന്നു ലോകം മുഴുവന്‍ എണീറ്റുനിന്നു പറയുകയും ചെയ്യുന്നു. ഇവര്‍തന്നെയാണ് മഹാഗുരുക്കന്മാര്‍. പക്ഷേ, ഇതില്‍ത്താഴ്ന്നവരില്‍നിന്നും നമുക്കു തുണ കിട്ടാം. നാം യാതൊരുവനില്‍നിന്നു സ്വീകരിക്കുന്നുവോ അയാളെപ്പറ്റിയുള്ള നമ്മുടെ വിധിയെ വിശ്വസിക്കാന്‍മാത്രം നാംതന്നെ എപ്പോഴും വേണ്ടത്ര അന്തഃബോധമുള്ളവരല്ലായ്കയാല്‍ ചില പരീക്ഷകള്‍ വേണ്ടതുണ്ട്. ശിഷ്യന്നും ഗുരുവിന്നും വേണ്ടതായി ചില യോഗ്യതകളുണ്ട്.
ശിഷ്യന്നു വേണ്ട വ്യവസ്ഥകള്‍ വിശുദ്ധിയും യഥാര്‍ത്ഥമായ ജ്ഞാനദാഹവും സ്ഥിരോത്സാഹവുമാണ്. അശുദ്ധമായ ഒരാത്മാവിന്നും മതപരനാവാന്‍ വയ്യ. അതാണ് ഒരൊറ്റ മഹായോഗ്യത. സര്‍വ്വപ്രകാരത്തിലുമുള്ള വിശുദ്ധി അനവച്ഛിന്നമായ ആവശ്യമാണ്. മറ്റേ യോഗ്യത യഥാര്‍ത്ഥമായ ജ്ഞാനദാഹമാണ്. ആര്‍ക്കു വേണം? അതാണ് ചോദ്യം. നമുക്കു വേണ്ടതെല്ലാം കിട്ടുന്നു-അതൊരു പഴയ നിയമമാണ്. വേണമെന്നുള്ളവനു കിട്ടുന്നു. മതം വേണ്ടിവരിക വളരെ വിഷമമുള്ള ഒരു സംഗതിയാണ്, നാം സാധാരണ വിചാരിക്കുംപോലെ അത്ര എളുപ്പമല്ല, പിന്നെ നമ്മളെപ്പോഴും മറക്കുന്നു, മതമെന്നതു പ്രഭാഷണങ്ങള്‍ കേള്‍ക്കലോ, പുസ്തകം വായിക്കലോ അല്ല. പിന്നെയോ, അതൊരു നിരന്തരപ്രയത്നമാണ്. നമ്മുടെതന്നെ പ്രകൃതിയോടുള്ള ഒരു ഉരുട്ടിപ്പിടുത്തം. വിജയം പ്രാപിക്കുംവരെയുള്ള ഒരു നിരന്തരസമരം. അതു ഒന്നോ രണ്ടോ ദിവസങ്ങളുടെയോ വര്‍ഷങ്ങളുടെയോ ജീവിതങ്ങളുടെയോ പ്രശ്നമല്ല. ജീവിതശതങ്ങള്‍തന്നെ വേണ്ടിവരാം. നാമതിന്നും തയ്യാറായിരിക്കണം. അതു പെട്ടെന്നു വന്നേയ്ക്കാം. അഥവാ ജീവിതശതകങ്ങള്‍ക്കകം വരാതിരുന്നേയ്ക്കാം. നാമതിനും തയ്യാറായിരിക്കണം. അത്തരം ചേതനയോടെ പുറപ്പെടുന്ന വിദ്യാര്‍ത്ഥി വിജയം ദര്‍ശിക്കുന്നു.
ഗുരുവില്‍ നാം ആദ്യം കാണേണ്ടത് അവിടുന്നു ശാസ്ത്രരഹസ്യം അറിയുന്നവനാണെന്നാകുന്നു. ലോകം മുഴുവന്‍ ശാസ്ത്രങ്ങള്‍ വായിക്കുന്നു-ബൈബിളും വേദവും ഖുറാനും മറ്റും. പക്ഷേ അതെല്ലാം വാക്കുകളാണ്. ബാഹ്യക്രമം പദയോജന, വ്യുല്‍പത്തി, ശബ്ദശാസ്ത്രം-മതത്തിന്റെ ഉണക്കെല്ലുകള്‍. ഏതു പുസ്തകത്തിന്റെയും കാലം ഏതെന്നു കണ്ടുപിടിക്കാന്‍ ഗുരുവിനു കഴിഞ്ഞേയ്ക്കാം. പക്ഷേ സാധനങ്ങള്‍ വരുന്ന പുറരൂപങ്ങള്‍ മാത്രമാണ് വാക്കുകള്‍. വാക്കുകളുമായി കണക്കിലേറേ പെരുമാറുകയും മനസ്സിനെ എപ്പോഴും വാക്കുകളുടെ ശക്തിയില്‍ പറയാന്‍ വിടുകയും ചെയ്യുന്നവര്‍ക്ക് (വാക്കിന്റെ) ചേതന നഷ്ടമാകുന്നു. അതുകൊണ്ട് ഗുരുവിനു ശാസ്ത്രങ്ങളുടെ ചേതനയെ അറിയാന്‍ കഴിയണം. വല ഒരു കൊടും കാടുപോലെയാണ്. അതില്‍ മനുഷ്യമനസ്സ് തന്നെത്താന്‍ നഷ്ടമാകുന്നു, പുറത്തേയ്ക്കു വഴിയൊന്നും കാണുന്നുമില്ല. പദയോജനയുടെ നാനാരീതികള്‍, സുന്ദരഭാഷ സംസാരിക്കുന്ന നാനാരീതികള്‍, ശാസ്ത്രവാക്യങ്ങളെ വ്യാഖ്യാനിക്കുന്ന നാനാരീതികള്‍-(എല്ലാം) വിദ്വാന്മാരുടെ വിനോദത്തിനുമാത്രം. അവര്‍ സംസിദ്ധിയെ പ്രാപിക്കുന്നില്ല. തങ്ങളുടെ പഠിപ്പു പ്രകടിപ്പിക്കാനുള്ള ആഗ്രഹംമാത്രമാണവര്‍ക്കുള്ളത്-എന്നിട്ടു ലോകം അവരെ പുകഴ്ത്തുകയും പണ്ഡിതന്മാരെന്നു കാണുകയും ചെയ്യുമല്ലോ. മഹാന്മാരായ ലോകഗുരുക്കന്മാരില്‍ ഒരുവനെങ്കിലും പാഠങ്ങളുടെ ഈ നാനാവ്യാഖ്യാനങ്ങളിലേക്കു പോയിട്ടില്ലെന്ന് നിങ്ങള്‍ക്കു കാണാം. ‘പാഠപീഡന’ത്തിനുള്ള ഒരുമ്പെടലൊന്നും അവരുടെ ഭാഗത്തില്ല, ഈ ‘വാക്കിന്നര്‍ത്ഥം അതാണ്, ഈ വാക്കും ആ വാക്കും തമ്മിലുള്ള ശബ്ദശാസ്ത്രസംബന്ധം ഇതാണ്’ എന്ന പറച്ചിലൊന്നുമില്ല. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മഹാഗുരുക്കന്മാരെയും പഠിക്കുക, നിങ്ങള്‍ക്കു കാണാം. അവരാരും ആ വഴിക്കു പോകുന്നില്ലെന്ന്. എന്നിട്ടും അവര്‍ പഠിപ്പിച്ചു. അതേ സമയം, പഠിപ്പിക്കാനൊരു വസ്തുവുമില്ലാത്തവര്‍ ഒരു വാക്കെടുത്തു അതിന്റെ ഉല്‍പ്പത്തിയെയും പ്രയോഗത്തെയും പറ്റി മൂന്നു ഭാഗമുള്ള ഒരു ഗ്രന്ഥം നിര്‍മ്മിക്കും. എന്റെ ഗുരുനാഥന്‍ പറയാറുള്ളതുപോലെ ഒരു മാന്തോപ്പിലേക്കു കടന്ന് ഇലയെണ്ണുന്നതിലും ഇലകളുടെ നിറവും ചുള്ളികളുടെ വലിപ്പവും കമ്പുകളുടെ എണ്ണവും മറ്റും പരീക്ഷിക്കുന്നതിലും സ്വയം വ്യഗ്രരായ ആ മനുഷ്യര്‍-അവരിലൊരുവന്നേ മാമ്പഴം തിന്നുതുടങ്ങാന്‍ വെളിവുണ്ടായിരുന്നുള്ളു. അവരെപ്പറ്റി നിങ്ങള്‍ എന്താണ് വിചാരിക്കുക? അതുകൊണ്ട് ഈ ഇലയും ചുള്ളിയും എണ്ണുകയും ഈ കുറിപ്പെടുക്കലും മറ്റുള്ളവര്‍ക്കുവിടുക. ആ പ്രവൃത്തിക്ക് അതിനൊത്ത സ്ഥാനത്ത് അതിന്റേതായ വിലയുണ്ട്. എന്നാല്‍ ഇവിടെയില്ല. ആദ്ധ്യാത്മികലോകത്തില്‍, അത്തരം പ്രവൃത്തിയിലൂടെ മനുഷ്യന്‍ ഒരിക്കലും ആദ്ധ്യാത്മികരാവില്ല. ഈ ‘ഇലയെണ്ണി’കളുടെയിടയില്‍ ഒരു കാലത്തും ഒരിക്കലും കരുത്തനായ ഒരാദ്ധ്യാത്മികനെയും നിങ്ങള്‍ കണ്ടിട്ടില്ല. മതം മനുഷ്യന്റെ അത്യുച്ചലക്ഷ്യമാണ്. അത്യുച്ചമഹിമ. പക്ഷേ അതിന് ‘ഇലയെണ്ണല്‍’ വേണ്ട. നിങ്ങള്‍ക്കൊരു ക്രിസ്ത്യനാകണമെങ്കില്‍ ക്രിസ്തു ജനിച്ചതു ജറുസലേമിലോ ബത്ലഹേമിലോ എന്നതോ, അവിടുന്നു ഗിരിപ്രഭാഷണം തിരുവായ്മൊഴിഞ്ഞ കൃത്യമായ തീയതിയോ അറിയേണ്ടതില്ല. നിങ്ങള്‍ ഗിരിപ്രഭാഷണം അനുഭവിക്കയേ വേണ്ടൂ. അതെപ്പോഴാണ് പ്രവചിച്ചതെന്നതിനെപ്പറ്റി രണ്ടായിരം വാക്കുകള്‍ വായിക്കേണ്ടതില്ല. അതൊക്കെ വിദ്വാന്മാരുടെ വിനോദത്തിനാണ്. അതവര്‍ക്കിരിക്കട്ടെ. അതിനു ‘തഥാസ്തു’ നേരുക. നമുക്കു മാമ്പഴം തിന്നാം.
ഗുരുവില്‍ വേണ്ട രണ്ടാമത്തെ വ്യവസ്ഥ അദ്ദേഹം പാപരഹിതനായിരിക്കണമെന്നാണ്. ഒരിക്കല്‍ ഇംഗ്ളണ്ടില്‍വെച്ച് ഒരു സ്നേഹിതന്‍ എന്നോട് ഈ ചോദ്യം ചോദിച്ചു: ‘ഒരു ഗുരുവിന്റെ സത്ത്വമഹിമയിലേയ്ക്കു നോക്കുന്നതെന്തിന്? അദ്ദേഹം പറയുന്നതിനെ വെച്ചു വിധിക്കയും അതു കൈക്കൊള്ളുകയും മാത്രം മതിയല്ലോ’. അങ്ങനെയല്ല ഒരു മനുഷ്യന് എന്നെ ഊര്‍ജ്ജതന്ത്രമോ രസതന്ത്രമോ മറ്റു വല്ല ഭൌതികശാസ്ത്രമോ പഠിപ്പിക്കണമെങ്കില്‍ അയാള്‍ എന്തു സ്വഭാവക്കാരനുമാവാം. അയാള്‍ക്കെപ്പോഴും ഊര്‍ജ്ജതന്ത്രമോ മറ്റു വല്ല ശാസ്ത്രമോ പഠിപ്പിക്കാം. കാരണം, ഭൌതികശാസ്ത്രങ്ങള്‍ക്കു വേണ്ട ജ്ഞാനം കേവലം ബുദ്ധിപരമാണ്. ബുദ്ധിപരമായ ബലത്തെയാണ് അവലംബിക്കുന്നതും. അത്തരമൊരു കാര്യത്തില്‍ അതിഭീമമായ ബുദ്ധിപ്രഭാവം ഒരുവന്നുണ്ടാവാം. ആത്മവികാസം അത്യല്‍പ്പവുമില്ലാതെ, എന്നാല്‍ ആത്മശാസ്ത്രങ്ങളില്‍ അപവിത്രമായ ആത്മാവിനു അദ്ധ്യാത്മപ്രകാശം വല്ലതും ഉണ്ടാവുക എന്നത് ആദ്യവസാനം അസംഭവ്യമാണ്. എന്തുപദേശിക്കാനാണ് അത്തരം ആത്മാവിനു കഴിയുക? അതിനൊന്നും അറിവില്ല. ആദ്ധ്യാത്മസത്യം പവിത്രതയാണ്. ‘ഹൃദയത്തില്‍ പവിത്രന്മാര്‍ ധന്യരത്രേ. എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും’. ആ ഒറ്റ വാക്യത്തിലുണ്ട് സര്‍വ്വമതസാരവും. അതു നിങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ പണ്ടു പറഞ്ഞിട്ടുള്ളതൊക്കെയും മേലില്‍ പറഞ്ഞേക്കാവുന്നതൊക്കെയും നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞു. വേറൊന്നിലും നിങ്ങള്‍ നോക്കേണ്ട. കാരണം, ആ ഒരു വാക്യത്തിലുണ്ട് നിങ്ങള്‍ക്കു വേണ്ടതെല്ലാം. മറ്റു വിശുദ്ധഗ്രന്ഥങ്ങളെല്ലാം നഷ്ടമായാലും അതിനു ലോകത്തെ രക്ഷിക്കാനാവും. ആത്മാവു പവിത്രമാകുംവരെ ഈശ്വരന്റെ ഒരു ദര്‍ശനം, പരത്തിന്റെ ഒരവലോകം, ഒരു കാലവും വരുന്നതല്ല. അതുകൊണ്ട്, ആദ്ധ്യാത്മഗുരുവില്‍ ഒഴിച്ചുകൂടാനാവാത്ത ഒരൊറ്റസ്സംഗതി പവിത്രതയാണ്. ആദ്യം അദ്ദേഹം എന്താണ് എന്നു പരീക്ഷിക്കണം. പിന്നെ എന്തു പറയുന്നു എന്നും. ബുദ്ധിപരഗുരുക്കന്മാരെസ്സംബന്ധിച്ച് അങ്ങനെയല്ല. അവിടെ നാം കൂടുതല്‍ ഗൌനിക്കുന്നത് അയാള്‍ എന്താണ് എന്നതിലേറെ, എന്തുപറയുന്നു എന്നതാണ്. മതോപദേശകന്റെ കാര്യത്തില്‍ ആദ്യമായും അഗ്രിമമായും അയാള്‍ എന്താണെന്നു കാണണം. പിന്നെമാത്രമേ വാക്കിനു വില വരുന്നുള്ളു. എന്തെന്നാല്‍ അദ്ദേഹം സംക്രാമകനാണ്. തന്നില്‍ അദ്ധ്യാത്മശക്തിയില്ലാതെ അദ്ദേഹം എന്തു സംക്രമിപ്പിക്കും? ഒരുപമ പറഞ്ഞാല്‍-ഒരു ചുടുപാത്രത്തിനു ചൂടുണ്ടെങ്കില്‍ അതിനു ചൂടിന്റെ സ്പന്ദങ്ങളെ പ്രവഹിപ്പിക്കാം. ഇല്ലെങ്കില്‍ അതസാധ്യമാണ്. അതുപോലതന്നെയാണ് ശിഷ്യന്റെ മനസ്സിലേക്കു പ്രവഹിക്കുന്നതായി ഗുരുവിനുള്ള മാനസസ്പന്ദനത്തിന്റെ കാര്യത്തിലും. ഇതൊരു സംക്രാമണപ്രശ്നമാണ്. നമ്മുടെ ബുദ്ധിയുടെ കഴിവുകളെമാത്രം ഉദ്ദീപിപ്പിക്കുന്ന പ്രശ്നമല്ല. ഒരു ശക്തി, യഥാര്‍ത്ഥവും സ്പൃശവും, ഗുരുവില്‍നിന്നു പുറപ്പെട്ടു ശിഷ്യമനസ്സില്‍ വളരാന്‍ തുടങ്ങുന്നു. അതുകൊണ്ട് അവശ്യമായ യോഗ്യത ഗുരു സത്യമായിരിക്കണമെന്നുള്ളതാണ്.
മൂന്നാമത്തെ വ്യവസ്ഥ ഉദ്ദേശ്യമാണ്. അദ്ദേഹം പഠിപ്പിക്കുന്നത് അതിലപ്പുറം ഉദ്ദേശ്യത്തോടുകൂടി-പേരിനോ കീര്‍ത്തിക്കോ മറ്റെന്തിനെങ്കിലുമോ-ആകരുത്, വെറും പ്രേമത്തിനുവേണ്ടി, നമ്മോടുള്ള പരിശുദ്ധപ്രേമംകൊണ്ടുമാത്രമാണ് എന്നു നാം തീര്‍ച്ചപ്പെടുത്തണം. ഗുരുവില്‍നിന്നു ശിഷ്യനിലേക്ക് ആദ്ധ്യാത്മികശക്തികളെ സംക്രമിപ്പിക്കുമ്പോള്‍ അവെയ പ്രവഹിപ്പിക്കാവുന്നതു പ്രേമമെന്ന മാധ്യമത്തില്‍ക്കൂടിമാത്രമാണ്. അതിനെ പ്രവഹിപ്പിക്കാവുന്ന മാധ്യമം വേറില്ല. ലാഭമോ കീര്‍ത്തിയോ പോലുള്ള മറ്റെന്തുദ്ദേശ്യവും ഉടന്‍തന്നെ പ്രവാഹമാധ്യമത്തെ നശിപ്പിക്കും. അതുകൊണ്ട്, ഒക്കെ പ്രേമത്തിലൂടെ ചെയ്യേണ്ടിയിരിക്കുന്നു. ഈശ്വരനെ അറിഞ്ഞവനുമാത്രമേ ഗുരുവായിക്കൂടൂ. ഈ വ്യവസ്ഥകള്‍ ഗുരുവില്‍ നിറവേറിക്കണ്ടാല്‍ നിങ്ങള്‍ സുരക്ഷിതനാണ്. അവ നിറവേറ്റിയിട്ടില്ലെങ്കിലോ, അയാളെ സ്വീകരിക്കുന്നതു ബുദ്ധിശൂന്യതയാണ്. നന്മയെ പ്രവഹിപ്പിക്കാന്‍ കഴിവില്ലെങ്കില്‍ അയാള്‍ ചിലപ്പോള്‍ ദുഷ്ടതയെ പ്രവഹിപ്പിക്കുമെന്ന വലിയ ഹാനിക്കിടയുണ്ട്. ഇതിന്നെതിരെ കരുതിയിരിക്കണം. അതുകൊണ്ട്, ആര്‍ക്കും ഏവര്‍ക്കും നമ്മെ പഠിപ്പിച്ചു കൂടാ എന്നു സ്വാഭാവികമായി വന്നുകൂടുന്നു.
ചോലകളും കല്ലുകളും ധര്‍മ്മം പ്രസംഗിക്കുന്നതു കവികല്‍പ്പനയെന്ന മട്ടില്‍ സത്യമാവാം. പക്ഷേ, ആര്‍ക്കും സത്യത്തിന്റെ തരിമ്പും പ്രസംഗിക്കാനാവില്ല, അതു തന്നില്‍ത്തന്നെ ഉണ്ടാകുംവരെ. ചോലകള്‍ ആരോടാണ് ധര്‍മ്മപ്രഭാഷണം ചെയ്യുന്നത്? ആരുടെ ജീവിതത്താമര വിരിഞ്ഞുകഴിഞ്ഞിരിക്കുന്നുവോ ആ മാനവാത്മാവിനോടു മാത്രം ഹൃദയം തുറന്നിട്ടുണ്ടെങ്കില്‍ അതിനു ചോലകളില്‍നിന്നോ കല്ലുകളില്‍നിന്നോ ഉപദേശം കിട്ടാനാവും, ഇതില്‍നിന്നെല്ലാം ചില മതോപദേശം കിട്ടാനാവും. തുറക്കപ്പെടാത്ത ഹൃദയമാകട്ടെ ചോലകളേയും ഉരുളംകല്ലുകളേയുമല്ലാതെ യാതൊന്നും കാണുന്നതല്ല. ഒരു കുരുടന്‍ കാഴ്ചബംഗ്ളാവില്‍ വന്നേയ്ക്കാം. പക്ഷേ അവന്‍ വരികയും പോകയും മാത്രം ചെയ്യുന്നു. അവന്‍ കാണണമെങ്കില്‍ ആദ്യം അവന്റെ കണ്ണു തുറക്കണം. മതത്തിന്റെ ഈ കണ്ണു തുറക്കുന്നവനാണ് ഗുരു. അതുകൊണ്ട്, ഗുരുവിനോടുള്ള നമുക്കുള്ള ബന്ധം പിതൃസന്താനബന്ധമാണ്. ഗുരു അധ്യാത്മപിതാവാണ്, ശിഷ്യന്‍ അധ്യാത്മസന്താനവുമാണ്. സ്വാതന്ത്യ്രത്തെയും അനന്യാശ്രയത്തെയും പറ്റി പറയുകയൊക്കെ വളരെ നല്ലത്. പക്ഷേ, താഴ്മയും വഴക്കവും ബഹുമാനവും ശ്രദ്ധയും കൂടാതെ ഒരു മതവും ഉണ്ടാവില്ല. ഈ ബന്ധം ഗുരുശിഷ്യര്‍ തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്നിടത്ത്, അവിടെമാത്രമാണ് ആദ്ധ്യാത്മികപുരുഷന്മാര്‍ വളരുന്നതെന്നത് അര്‍ത്ഥവത്തായ ഒരു വസ്തുതയാണ്. അതെറിഞ്ഞുകളഞ്ഞിട്ടുള്ളവരിലാകട്ടെ, മതം ഒരു വിനോദംമാത്രമായിത്തീര്‍ന്നിരിക്കയാണ്. ഗുരുശിഷ്യര്‍ തമ്മില്‍ ഈ ബന്ധം പുലര്‍ത്താത്ത ജനതകളിലും പള്ളികളിലും ആദ്ധ്യാത്മികത മിക്കവാറും ഒരജ്ഞാതവസ്തുവാണ്. ആ ഭാവമില്ലാതെ അതൊരിക്കലും വരുന്നതല്ല. എല്ലാവരും അനന്യാശ്രയരാകകൊണ്ടു സംക്രമിപ്പിക്കാനാരുമില്ല, സംക്രമിപ്പിക്കപ്പെടാനും ആരുമില്ല. ആരോടാണ് അവര്‍ക്കു പഠിക്കാനാവുക? പഠിക്കാന്‍ വന്നാലും പഠിപ്പു വിലയ്ക്കെടുക്കാനാണ് അവര്‍ വരുന്നത്. ഒരു ഡോളര്‍ വിലയ്ക്കുള്ള മതം എനിക്കു തരിക. അതിനൊരു ഡോളര്‍ കൊടുക്കാന്‍ എനിക്കാവുന്നില്ലേ? അങ്ങനെ മതം ലഭിക്കാവതല്ല!
അദ്ധ്യാത്മഗുരുവിനാല്‍ സംക്രമിപ്പിക്കപ്പെട്ട ഒരാത്മാവിലേക്കു വരുന്ന ജ്ഞാനത്തെക്കാള്‍ ഉല്‍ക്കൃഷ്ടതരവും വിശുദ്ധതരവുമായിട്ടൊന്നുമില്ല. ഒരുവന്‍ സംസിദ്ധയോഗിയായിക്കഴിഞ്ഞെങ്കില്‍ അതു സ്വയം വന്നുചേരുന്നു. പക്ഷേ അതു പുസ്തകങ്ങളില്‍നിന്നു കിട്ടാവുന്നതല്ല. നിങ്ങള്‍ പോയി ലോകത്തിന്റെ നാലു മൂലയ്ക്കും തല തല്ലിയേക്കാം. ഹിമാലയങ്ങളിലോ ആല്പ്സിലോ കോക്കസസ്സിലോ ഗോബി-സഹാറാമരുഭൂമികളിലോ കടലിന്റെ അടിത്തട്ടിലോ തേടിയേയ്ക്കാം. പക്ഷേ ഒരു ഗുരുവിനെ കണ്ടെത്തുംവരെ അതു വരില്ല. ഒരു ഗുരുവിനെ കണ്ടെത്തുക. ഒരു കുട്ടിയെപ്പോലെ അവിടുത്തെ പരിചരിക്കുക. അവിടുത്തെ പ്രഭാവത്തിലേക്ക് നിങ്ങളുടെ ഹൃദയം തുറക്കുക, അവിടുന്നില്‍ ഈശ്വരനെ അഭിവ്യക്തമായി കാണുക. ഈശ്വരന്റെ അത്യുച്ചമായ അഭിവ്യക്തിയല്ലോ എന്നു ഗുരുവില്‍ നമ്മുടെ അവധാനത്തെ ഉറപ്പിക്കണം. അവധാനശക്തി അവിടെ കേന്ദ്രീകരിക്കുംതോറും മനുഷ്യനെന്ന നിലയ്ക്കുള്ള ഗുരുവിന്റെ ചിത്രം അലിഞ്ഞുപോകും. ആ ചട്ടക്കൂടു മറയും, യഥാര്‍ത്ഥമായ ഈശ്വരന്‍ അവിടെ ശേഷിക്കയും ചെയ്യും. അത്തരം ആദരഭാവത്തോടെ ഗുരുവിങ്കലേയ്ക്കു വരുന്നവരും, പ്രേമിക്കുന്നവരും-അവര്‍ക്കായി സത്യത്തിന്റെ അത്യത്ഭുതവചനങ്ങള്‍ അരുളിച്ചെയ്യുന്നു. ‘നിന്റെ കാലില്‍നിന്നു ചെരുപ്പഴിച്ചു മാറ്റുക, നീ നില്‍ക്കുന്നിടം പുണ്യഭൂമിയിലല്ലോ’ എവിടെവിടെ അവിടുത്ത നാമം ഉച്ചരിക്കപ്പെടുന്നുവോ ആ സ്ഥലം പുണ്യമത്രേ. അവിടുത്തേ നാമമുച്ചരിക്കുന്നവന്‍ അതിലുമെത്രയേറേ! അദ്ധ്യാത്മസത്യങ്ങള്‍ ആരില്‍നിന്നു പുറപ്പെടുന്നുവോ അവിടുത്തെ സമീപിക്കേണ്ടത്, എത്രയും ആദരവോടെ വേണം. ഈ ഭാവത്തിലാണ് നാം ഉപദേശിക്കപ്പെടേണ്ടത്. ഈ ലോകത്തില്‍ അത്തരം ഗുരുക്കന്മാര്‍ എണ്ണത്തില്‍ കുറവാണ്, സംശയമില്ല. എങ്കിലും ഈ ലോകം തീരെ അവരെക്കൂടാതെ ഒരിക്കലുമിരിപ്പില്ല. അവര്‍ ലോകത്തില്‍നിന്നു തീരെ അറ്റുപോയാല്‍ അതിന്റെ ഉണ്മയ്ക്കറുതിവരും. അതൊരു ഭയങ്കരനരകമാകും. അങ്ങു കൊഴിഞ്ഞുപോകും. ഈ ഗുരുക്കന്മാര്‍ മാനവജീവിതത്തിന്റെ സുന്ദരസുമങ്ങളാണ്. ലോകത്തെ നടത്തിക്കൊണ്ടിരിക്കുന്നവര്‍. ജീവിതത്തിന്റെ ഈ ഹൃദയങ്ങളില്‍നിന്ന് അഭിവ്യക്തമായ കരുത്താണ് സമുദായബന്ധങ്ങളെ ഭദ്രമായി നിലനിര്‍ത്തുന്നത്.
ഇവര്‍ക്കപ്പുറം വേറൊരു കൂട്ടം ഗുരുക്കന്മാരുണ്ട്. ലോകത്തിലെ ക്രിസ്തുമാര്‍, സര്‍വ്വഗുരുക്കന്മാര്‍ക്കും ഗുരുക്കന്മാരായ ഇവര്‍ മനുഷ്യരൂപത്തില്‍ ഈശ്വരന്നുതന്നെ പ്രതിനിധീഭവിക്കുന്നു. അവര്‍ വളരെ ഉയര്‍ന്നവര്‍. അവര്‍ക്കു ഒരു സ്പര്‍ശംകൊണ്ട്, ഒരു ഇച്ഛകൊണ്ട്, ആദ്ധ്യാത്മികതയെ സംക്രമിപ്പിക്കാം. അത്യന്തനീചവും അത്യന്തപതിതവുമായ പ്രകൃതികളെപ്പോലും ഒരു നിമിഷംകൊണ്ടു സിദ്ധന്മാരാക്കാനാവുന്നതല്ലേ, അത്. അവര്‍ ഇതെങ്ങനെ ചെയ്തുവന്നെന്നു നിങ്ങള്‍ വായിക്കുന്നുണ്ടല്ലോ. ആ ഗുരുക്കന്മാരെപ്പറ്റിയല്ല ഞാന്‍ പറയുന്നത്. അവര്‍ സര്‍വ്വഗുരുക്കന്മാര്‍ക്കും ഗുരുക്കന്മാരാണ്. മനുഷ്യന്നു കൈവന്ന മഹത്തമങ്ങളായ ഈശ്വരാവിര്‍ഭാവങ്ങള്‍ അവരില്‍ക്കൂടെയല്ലാതെ നമുക്ക് ഈശ്വരനെ കണ്ടുകൂടാ. അവരെ നമുക്കാരാധിക്കാതെ വയ്യ. നാം ആരാധിക്കാന്‍ നിര്‍ബ്ബദ്ധരായുള്ളവര്‍ അവര്‍മാത്രമാണുതാനും.
ഒരു മനുഷ്യനും ഈശ്വരനെ ‘കണ്ടി’ട്ടില്ല. അവിടുന്നു പുത്രനില്‍ ആവിര്‍ഭവിച്ച മട്ടല്ലാതെ നാം അവിടുത്തെ കാണാന്‍ ശ്രമിച്ചാല്‍ ഈശ്വരന്റെ ബീഭത്സമായ ഒരു ഹാസ്യചിത്രം ചമയ്ക്കുന്നു. അറിവില്ലാത്ത ഒരുവനോട് പരമശിവന്റെ വിഗ്രഹമുണ്ടാക്കാന്‍ പറഞ്ഞെന്നും, നാളുകള്‍ പാടുപെട്ടിട്ട് അയാള്‍ ഒരു കുരങ്ങിന്റെ വിഗ്രഹം ചമച്ചെന്നുമുള്ള ഒരു ഭാരതീയകഥയുണ്ട്. അതുപോലെ, നാം മനുഷ്യരായിരിക്കുവോളം മനുഷ്യനില്‍ക്കവിഞ്ഞൊന്നായിട്ടും നമുക്കവിടുത്തെ മനസ്സിലാക്കാനാവാത്തതുകൊണ്ട് ഈശ്വരന്റെ വിഗ്രഹം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ നാം അവിടുത്തെ വിഡംബനം ചെയ്യുന്നു. നാം നമ്മുടെ മനുഷ്യപ്രകൃതിയെ അതിക്രമിക്കയും അവിടുത്തെ അവിടുന്നായറിയുകയും ചെയ്യുന്ന കാലം വരും. എന്നാല്‍ നാം മനുഷ്യരായിരിക്കുവോളം നമുക്കവിടുത്തെ മനുഷ്യനില്‍ ആരാധിക്കതന്നെ വേണം. നമുക്ക് എത്രയും പറയാം, നമുക്ക് എത്രയും പരിശ്രമിക്കാം. മനുഷ്യനായിട്ടല്ലാതെ നമുക്കീശ്വരനെ കണ്ടുകൂടാ. നമ്മള്‍ ബുദ്ധിപരമായ മഹാപ്രഭാഷണങ്ങള്‍ ചെയ്തേക്കാം. വളരെ വലിയ യുക്തിവാദികളായേക്കാം. ഈശ്വരന്റെ ഈ കഥകളൊക്കെ ബോധശൂന്യങ്ങളെന്നു തെളിയിച്ചേക്കാം. തല്‍ക്കാലം നമുക്കു പ്രായോഗികമായ സാമാന്യബോധത്തിലേക്കു വരിക. ഈ വിശിഷ്ടബുദ്ധിയുടെ പിന്നിലെന്തുണ്ട്? പൂജ്യം, ഒന്നുമില്ല. അത്രയേറെ വെറും പത. അടുത്തതവണ ഒരുവന്‍ ഈ ഈശ്വരാരാധനയ്ക്കെതിരെ ബുദ്ധിമത്തായ മഹാപ്രഭാഷണങ്ങള്‍ ചെയ്യുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അയാളെ പിടിക്കൂടി ചോദിക്കുക. ഈശ്വരനെപ്പറ്റി അയാളുടെ ആശയമെന്തെന്ന്. സര്‍വ്വശക്തിത്വം, സര്‍വ്വജ്ഞത്വം, സര്‍വ്വഗപ്രേമം മുതലായവയ്ക്ക്, ആ വാക്കുകളുടെ അക്ഷരത്തില്‍ക്കവിഞ്ഞ് അയാള്‍ കല്‍പ്പിക്കുന്ന അര്‍ത്ഥമെന്തെന്ന്. അയാളൊരര്‍ത്ഥവും കല്‍പ്പിക്കുന്നില്ല. അയാള്‍ക്ക് ഒരാശ്രയവും രൂപവല്‍ക്കരിക്കാന്‍ വയ്യ, ഒരൊറ്റപ്പുസ്തകവും വായിച്ചിട്ടില്ലാത്ത തെരുവുമനുഷ്യനെക്കാള്‍ അയാള്‍ ഒട്ടും മെച്ചമല്ല. ആ തെരുവുമനുഷ്യന്‍, ഏതായാലും, ശാന്തനാണ്. ലോകത്തിനു സ്വൈരക്കേടുണ്ടാക്കുന്നുമില്ല. അതേ സമയം മറ്റേ മനുഷ്യന്റെ വാദങ്ങള്‍ സ്വൈരക്കേടുണ്ടാക്കുന്നു. അയാള്‍ക്ക് യഥാര്‍ത്ഥപ്രത്യക്ഷമില്ല. രണ്ടുപേരും ഒരേ തലത്തില്‍.
മതം സാക്ഷാല്‍ക്കാരമാണ്. പറച്ചിലും സാക്ഷാല്‍ക്കാരവും തമ്മില്‍ അതിനിശിതമായ വിവേചനം നിങ്ങള്‍ ചെയ്യുകയും വേണം. നിങ്ങള്‍ നിങ്ങളുടെ ആത്മാവില്‍ പ്രത്യക്ഷീകരിക്കുന്നതെന്തോ അതാണ് സാക്ഷാല്‍ക്കാരം. പരമചൈതന്യത്തെക്കുറിച്ചു മനുഷ്യന് ഒരു സങ്കല്‍പ്പവുമില്ല, തന്മുമ്പിലുള്ള രൂപങ്ങളോടെ വേണ്ടിയിരിക്കുന്നു അതിനെക്കുറിച്ച് അവനു ചിന്തിക്കുക; നീലാകാശത്തെയോ പരന്ന വയലുകളെയോ കടലിനെയോ വലിയ വല്ലതിനെയുമോ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റെങ്ങനെ നിങ്ങള്‍ക്കീശ്വരനെ ചിന്തിക്കാനാവും? അതുകൊണ്ട്, യഥാര്‍ത്ഥത്തില്‍, നിങ്ങളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ സര്‍വ്വവ്യാപിത്വത്തെക്കുറിച്ചു പറയുന്നു. കടലിനെ ചിന്തിക്കയും ചെയ്യുന്നു. ഈശ്വരന്‍ കടലാണോ? ഒരല്‍പംകൂടെ സാമാന്യബോധം വേണ്ടിയിരിക്കുന്നു. സാമാന്യബോധംപോലെ അത്ര സാമാന്യമായൊന്നുമില്ല. ലോകം പറച്ചിലുകൊണ്ട് നിറഞ്ഞുപോയിരിക്കുന്നു. ലോകത്തിലെ ഈ പതയന്‍വാദങ്ങളോടൊക്കെ ഒരു സന്ധി. നാം നമ്മുടെ ഇന്നത്തെ ഘടനകൊണ്ടു പരിമിതരാണ്, ഈശ്വരനെ മനുഷ്യനായിക്കാണാന്‍ നിര്‍ബ്ബന്ധരാണ്. മഹിഷങ്ങള്‍ക്കു ഈശ്വരനെ ആരാധിക്കണമെങ്കില്‍ അവ അവിടുത്തെ ഒരു മഹാമഹിഷമായിക്കാണും. മത്സ്യത്തിനു ഈശ്വരനെ ആരാധിക്കണമെങ്കില്‍ അവിടുത്തെ ഒരു മഹാമത്സ്യമായി ഭാവനചെയ്യേണ്ടിവരും. നിങ്ങളും ഞാനും മഹിഷവും മത്സ്യവും-ഓരോന്നും അത്രയും തരം പാത്രങ്ങള്‍ക്കു പ്രതിനിധീഭവിക്കുന്നു. ഇതെല്ലാം കടലിലേക്കു പോകയാണ്. അതതു പാത്രത്തിന്റെ ആകൃതിക്കനുസരിച്ചു വെള്ളം കൊണ്ടു നിറയാന്‍. ഈ ഓരോ പാത്രത്തിലും വെള്ളമല്ലാതൊന്നുമില്ല. അതുപോലെ, ഈശ്വരനെസ്സംബന്ധിച്ചും. മനുഷ്യര്‍ അവിടുത്തെ കാണുമ്പോള്‍, അവന്‍ അവിടുത്തെ മനുഷ്യനായിക്കാണുന്നു. മൃഗങ്ങള്‍ മൃഗങ്ങളായും-ഓരോന്നും തന്റെ ആദര്‍ശത്തിനനുസരിച്ച്. നിങ്ങള്‍ക്കവിടുത്തെ കാണാവുന്ന ഒരേ വഴി അതാണ്. പുറത്തേയ്ക്കു മറുവഴി ഇല്ലായ്കയാല്‍, നിങ്ങള്‍ അവിടുത്തെ മനുഷ്യനായി ആരാധിക്കേണ്ടിയിരിക്കുന്നു. രണ്ടുവര്‍ഗ്ഗക്കാര്‍ ഈശ്വരനെ മനുഷ്യരായാരാധിക്കുന്നില്ല-ഒരു മതവുമില്ലാത്ത മനുഷ്യമൃഗവും പരമഹംസനും, അവിടുന്ന് (ആ അത്യുന്നതയോഗി) മാനുഷ്യകത്തെ അതിക്രമിച്ചിരിക്കുന്നു. മനസ്സിനെയും ശരീരത്തെയും എറിഞ്ഞുകഴിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ പരിധികളെ അതിക്രമിച്ചിരിക്കുന്നു. സമസ്തപ്രകൃതിയുടെ പരിധികളെ അതിക്രമിച്ചിരിക്കുന്നു. സമസ്തപ്രകൃതിയും അവിടുത്തെ ആത്മാവായിരിക്കുന്നു. അവിടുത്തേയ്ക്കു മനസ്സില്ല, ശരീരവുമില്ല. യേശുവിനും ബുദ്ധനും കഴിയുന്നതുപോലെ ഈശ്വരനെ ഈശ്വരനായി ആരാധിക്കാനും സാധിക്കും. അവര്‍ ഈശ്വരനെ മനുഷ്യനായാരാധിച്ചില്ല. മറ്റേ പരകോടി മനുഷ്യമൃഗമാണ്. നിങ്ങള്‍ക്കറിയാമല്ലോ, രണ്ടു പരകോടി മനുഷ്യമൃഗമാണ്. നിങ്ങള്‍ക്കറിയാമല്ലോ. രണ്ടു പരകോടികള്‍ സദൃശങ്ങളാണെന്ന്. അതുപോലെയാണ് അജ്ഞാനത്തിന്റെ പരകോടിയുടെയും ജ്ഞാനത്തിന്റേതായ മറ്റേ പരകോടിയുടെയും കാര്യം. ഇവരിലൊരുവനും ആരേയും ആരാധിക്കുന്നില്ല. പരമ-അജ്ഞാനി ഈശ്വരനെ ആരാധിക്കുന്നില്ല. അങ്ങനെ ചെയ്യണമെന്നു തോന്നാന്‍മാത്രം വികസിച്ചിട്ടില്ലാത്തതുകൊണ്ട്. അത്യുന്നതജ്ഞാനം പ്രാപിച്ചവരും ഈശ്വരനെ ആരാധിക്കുന്നില്ല – സാക്ഷാല്‍ക്കരിക്കയും ഈശ്വരനോട് ഏകീഭവിക്കയും ചെയ്തിരിക്കയാല്‍. ഈശ്വരന്‍ ഒരിക്കലും ഈശ്വരനെ ആരാധിക്കുന്നില്ല. സത്തയുടെ ഈ രണ്ടു ധ്രുവങ്ങളുടെയും ഇടയ്ക്ക്, താന്‍ ഈശ്വരനെ മനുഷ്യരായാരാധിക്കാന്‍ പോകുന്നില്ല എന്ന് ആരെങ്കിലും പറയുന്നെങ്കില്‍, അവനെ കരുതിക്കൊള്‍ക. അവന്‍ ഉത്തരവാദിത്വമില്ലാത്ത വര്‍ത്തമാനക്കാരനാണ്. അവനു പിഴച്ചിരിക്കുന്നു. അവന്റെ മതം പതയുന്ന ചിന്തകന്മാര്‍ക്കാണ്. അതു ബുദ്ധിമത്തായ ബോധശൂന്യതയാണ്.
അതുകൊണ്ട് ഈശ്വരനെ മനുഷ്യനായാരാധിക്കേണ്ടതു സര്‍വ്വഥാ ആവശ്യമാണ്. ആരാധ്യനായ അത്തരം ഒരു ‘ഈശ്വര-മനുഷ്യന്‍’ ഉള്ള ആ വംശങ്ങള്‍ ധന്യങ്ങളുമാണ്. ക്രിസ്ത്യാനികള്‍ക്കു ക്രിസ്തു അത്തരം ഒരു ഈശ്വരപുരുഷനാണ്. അതുകൊണ്ടു ക്രിസ്തുവിനോട് പറ്റിപ്പിടിച്ചുകൊള്‍ക. ക്രിസ്തുവിനെ ഒരിക്കലും വിട്ടുകളയരുത്. അതാണ് ഈശ്വരദര്‍ശത്തിനു പ്രകൃത്യാ ഉള്ള മാര്‍ഗ്ഗം. മനുഷ്യനില്‍ ഈശ്വരനെ ദര്‍ശിക്കുക. ഈശ്വരനെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളെല്ലാം അവിടെ കേന്ദ്രീകൃതമാണ്. ക്രിസ്ത്യാനികള്‍ക്കുള്ള വലിയ പരിമിതി, ക്രിസ്തുവിനു പുറമെ ഈശ്വരന്നുള്ള മറ്റു ആവിര്‍ഭാവങ്ങളെ അവര്‍ വകവെയ്ക്കുന്നില്ലന്നതാണ്. അവിടുന്ന് ഈശ്വരന്റെ ഒരാവിര്‍ഭാവമായിരുന്നു. അതുപോലെയായിരുന്നൂ ബുദ്ധന്‍. അതുപോലെയായിരുന്നൂ വേറെ ചിലര്‍. നൂറുകണക്കിനു വേറെ ഉണ്ടാകയും ചെയ്യും. ഈശ്വരനെ എങ്ങുമേ പരിമിതപ്പെടുത്തരുത്. ഈശ്വരനു ചെല്ലണമെന്നു നിങ്ങള്‍ വിചാരിക്കുന്ന സര്‍വ്വാദരങ്ങളും ക്രിസ്തുവിനു സമര്‍പ്പിക്കുക. അതുമാത്രമാണ് നമുക്കു സാധിക്കുന്ന ആരാധന. ഈശ്വരനെ ആരാധിക്കാന്‍ വയ്യ. അവിടുന്നു വിശ്വാന്തര്യാമിയാണ്. മനുഷ്യനായിട്ടുള്ള അവിടുത്തെ അഭിവ്യക്തിയോടുമാത്രമേ നമുക്കു പ്രാര്‍ത്ഥിക്കാനാവൂ. ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ‘ക്രിസ്തുവിന്റെ നാമത്തില്‍’ എന്നു പറയുന്നതു വളരെ നല്ല ഒരു പദ്ധതിയായിരിക്കും. ഈശ്വരനോടുള്ള പ്രാര്‍ത്ഥന നിര്‍ത്തി, ക്രിസ്തുവോടുമാത്രം പ്രാര്‍ത്ഥിക്കുന്നതു ബുദ്ധിപൂര്‍വ്വമായിരിക്കും. ഈശ്വരന്‍ മനുഷ്യന്റെ പോരായ്മകളെ മനസ്സിലാക്കുകയും മാനുഷ്യകത്തിനു നന്മ ചെയ്യാന്‍ മനുഷ്യനായി ഭവിക്കയും ചെയ്യുന്നു. ‘എപ്പോഴെല്ലാം ധര്‍മ്മം താഴുകയും ദുശ്ചരിതം മികയ്ക്കുകയും ചെയ്യുന്നുവോ, അപ്പോള്‍ ഞാന്‍ മാനുഷ്യകത്തെ സഹായിക്കാന്‍ വരുന്നു’, എന്നു കൃഷ്ണന്‍ പറയുന്നു. ‘ഞാന്‍, സര്‍വ്വശക്തനും സര്‍വ്വഗതനുമായ വിശ്വേശ്വരന്‍, ഈ മനുഷ്യരൂപം കൈക്കൊണ്ടിരിക്കുന്നു എന്നറിയാതെ, മൂഢന്മാര്‍ എന്നെ പരിഹസിക്കുന്നു. അതു സാദ്ധ്യമല്ലെന്നു വിചാരിക്കയും ചെയ്യുന്നു. അവരുടെ മനസ്സ് ആസുരമായ അജ്ഞാനംകൊണ്ടു മറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് അവിടുന്നില്‍ വിശ്വേശ്വരനെ കാണാന്‍ കഴിയുന്നില്ല. ഈശ്വരന്റെ ഈ വലിയ അവതാരങ്ങളെ ആരാധിക്കേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല, അവരെ മാത്രമേ ആരാധിക്കാനാവൂ. അവരുടെ ജന്മനാളിലും അവരീലോകത്തുനിന്നു നിഷ്ക്രമിച്ച നാളിലും സവിശേഷതരമായ ആദരവിനെ നാം അവര്‍ക്കു സമര്‍പ്പിക്കണം. ക്രിസ്തുവിനെ ആരാധിക്കുന്നതില്‍, ഏറെയും അവിടുന്നിഷ്ടപ്പെടുന്ന അതേവിധം ഞാന്‍ അവിടുത്തെ ആരാധിക്കും. അവിടുത്തെ ജന്മനാളില്‍ സദ്യ കഴിച്ചല്ല, ഉപവസിച്ചു പ്രാര്‍ത്ഥിച്ച് അവിടുത്തെ ആരാധിക്കാനാണ് എനിക്കു കൂടുതലിഷ്ടം. ഈ മഹാന്മാര്‍, ഇവരെ വിചാരിച്ചാല്‍, അവര്‍, നമ്മുടെ ആത്മാവില്‍ ആവിര്‍ഭവിക്കുന്നു. അവര്‍ നമ്മെ അവരെപ്പോലെയാക്കുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതിയാകെ മാറുന്നു, നാം അവരെപ്പോലാവുകയും ചെയ്യുന്നു.
പക്ഷേ, ക്രിസ്തുവിനെയോ ബുദ്ധനെയോ വായുവിലൂടെ പറക്കുന്ന കുട്ടിച്ചാത്തനോടും മറ്റും ബോധശൂന്യതകളോടും കൂട്ടിക്കുഴയ്ക്കരുത്. ധര്‍മ്മദൂഷണം! ക്രിസ്തു വരിക, ഭൂതാവേശസദസ്സില്‍ നൃത്തം വെയ്ക്കാന്‍! ആ നാട്യം ഞാന്‍ ഈ നാട്ടില്‍ കണ്ടിട്ടുണ്ട്. അവ്വിധമല്ല ഈ ഈശ്വരാവിര്‍ഭാവങ്ങള്‍ വരുന്നത്. അവരിലൊരുവന്റെ സ്പര്‍ശംതന്നെയും ഒരു മനുഷ്യന്റെമേല്‍ പ്രകടമായിരിക്കും. ക്രിസ്തു സ്പര്‍ശിക്കുമ്പോള്‍ മനുഷ്യന്റെ ആത്മാവാകെ മാറും, അവിടുത്തെപ്പോലെതന്നെ ആ മനുഷ്യന്‍ രൂപാന്തരപ്പെടും. അവന്റെ ജീവിതം മുഴുവന്‍ അദ്ധ്യാത്മമാക്കപ്പെടും. അവന്റെ ശരീരത്തിന്റെ സര്‍വ്വസുഷിരത്തില്‍നിന്നും അദ്ധ്യാത്മശക്തി നിര്‍ഗ്ഗളിക്കും. സിദ്ധികളും രോഗനിവാരണങ്ങളും മറ്റും ക്രിസ്തുദേവനെപ്പോലെ പരിശുദ്ധഹൃദയരില്‍ ഒരു മഹാശക്തിയായി പറയുവാന്‍കൊള്ളുമോ? അവ നീച-പ്രാകൃതസംഗതികളായിരുന്നു, പ്രാകൃതരുടെ ഇടയ്ക്കായിരുന്നതുകൊണ്ടു തനിക്കു ചെയ്യാതെ നിര്‍വ്വഹാമില്ലാതിരുന്നവ. ഈ അത്ഭുതകൃത്യങ്ങള്‍ എവിടെവെച്ചാണ് ചെയ്തിരുന്നത്? ജൂതന്മാരുടെ ഇടയ്ക്ക്: ജൂതന്മാര്‍ അവിടുത്തെ കൈക്കൊണ്ടതുമില്ല. എവിടെയാണതു ചെയ്യാതിരുന്നത്? യൂറോപ്പില്‍. ക്രിസ്തുവിനെ നിരാകരിച്ച ജൂതന്മാരിലേക്ക് അത്ഭുതകൃത്യങ്ങള്‍ ചെന്നു. തന്നെ സ്വീകരിച്ച യൂറോപ്പിലേക്ക് അവിടുത്തെ ഗിരിപ്രഭാഷണവും. മാനവചേതന നേരായിരുന്നതിനെ കൈക്കൊണ്ടു, കളവായിരുന്നതിനെ നിരാകരിക്കയും ചെയ്തു. ക്രിസ്തുവിന്റെ മഹാബലം തന്റെ അത്ഭുതങ്ങളിലായിരുന്നില്ല. രോഗനിവാരണത്തിലുമായിരുന്നില്ല. ഏതു വിഡ്ഢിക്കും അക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വിഡ്ഢികള്‍ക്ക് അന്യരെ അരോഗരാക്കാം, പിശാചുകള്‍ക്ക് അന്യരെ അരോഗരാക്കാം. ഭയങ്കരപൈശാചികമനുഷ്യര്‍ അത്യത്ഭുതഭൂതങ്ങള്‍ ചെയ്യുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഭൂമിയില്‍നിന്നു ഫലങ്ങള്‍ ഉളവാക്കുന്നതായി തോന്നുന്നു. വിഡ്ഢികളും പൈശാചികമനുഷ്യരും ഭൂതവര്‍ത്തമാനഭവിഷ്യത്തുകളെ പറയുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. വിഡ്ഢികള്‍ ഒറ്റ നോട്ടത്തില്‍ ഇച്ഛകൊണ്ട് അതിഭയങ്കരരോഗം നിവാരണം ചെയ്യുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഇവ സിദ്ധികള്‍തന്നെ, സത്യത്തില്‍; പക്ഷേ പലപ്പോഴും പൈശാചികസിദ്ധികള്‍. മറ്റേതു ക്രിസ്തുവിന്റെ അദ്ധ്യാത്മസിദ്ധിയാണ്, അതു ജീവിക്കും, എന്നും ജീവിച്ചിട്ടുമുണ്ട്-സര്‍വ്വശക്തവും സാതിശയവുമായ ഒരു പ്രേമവും അവിടുന്നു പ്രഭാഷണം ചെയ്ത സത്യവാക്കുകളും, ഒറ്റ നോട്ടത്തില്‍ ആളുകളെ അരോഗികളാക്കിയ പ്രവൃത്തി വിസ്മൃതമായിരിക്കുന്നു, പക്ഷേ ‘ഹൃദയത്തില്‍ പവിത്രന്മാര്‍ ധന്യരത്രേ’ എന്ന തന്റെ വചനം, അത് ഇന്നു ജീവിക്കുന്നു. മാനവമനസ്സു നിലനില്‍ക്കുവോളം ഈ വാക്കുകള്‍ ഒരു അത്യുച്ചശക്തികോശമാണ്. അവ്യയമാണ്. ഈശ്വരനാമം അവിസ്മൃതമായിരിക്കുവോളം ഈ വാക്കുകള്‍ ഉരുണ്ടുരുണ്ടുപോകും, ഒരിക്കലും ഇല്ലാതാകയുമില്ല. ഇവയാണ് യേശു ഉപദേശിച്ച സിദ്ധികള്‍. അവിടേയ്ക്കുണ്ടായിരുന്ന സിദ്ധികളും. പവിത്രതയുടെ സിദ്ധി, അതൊരു സുവ്യക്തസിദ്ധിയാണ്. അതുകൊണ്ട്, ക്രിസ്തുവിനെ ആരാധിക്കെ, അവിടുത്തോടു പ്രാര്‍ത്ഥിക്കെ, നാമെന്താണ് തേടുന്നതെന്നു നാമെപ്പോഴും ഓര്‍ത്തിരിക്കണം. അത്ഭുതപ്രദര്‍ശനത്തിന്റേതായ ആ വിഡ്ഢിസ്സംഗതികളല്ല. നേരേമറിച്ചു പരമചൈതന്യത്തിന്റെ അത്ഭുതസിദ്ധികളാണ് മനുഷ്യനെ മോചിപ്പിക്കുന്നത്, അവന് സമസ്തപ്രകൃതിയുടെ മേല്‍ നിയന്ത്രണം നല്‍കുന്നത്, അവനില്‍നിന്നു അടിമത്തത്തിന്റെ ലക്ഷണമുദ്ര എടുത്തുകളയുന്നത്, അവന്ന് ഈശ്വരനെ കാട്ടിക്കൊടുക്കയും ചെയ്യുന്നത്.