ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.
VI ഇഷ്ടം
ഞാന്‍ മുമ്പു ചുരുക്കിസ്സൂചിപ്പിച്ച ഇഷ്ട (ദേവതാ) സിദ്ധാന്തം ഗൌരവമായ അവധാനം വേണ്ട ഒരു വിഷയമാണ്. എന്തെന്നാല്‍ ഇതിന്റെ ശരിയായ ധാരണംകൊണ്ടു ലോകത്തിലെ നാനാമതങ്ങളെയും ധരിക്കാന്‍ സാധിക്കും. ‘ഇഷ്ടം’ എന്ന വാക്ക് ആഗ്രഹിക്കുക, വരിക്കുക എന്നര്‍ത്ഥമുള്ള ‘ഇഷ്’ധാതുവില്‍നിന്നു നിഷ്പന്നമാണ്. എല്ലാ മതങ്ങളുടെയും എല്ലാ സമ്പ്രദായങ്ങളുടെയും ആദര്‍ശം ഒന്നുതന്നെ-സ്വതന്ത്രപ്രാപ്തിയും ദുഃഖനിവൃത്തിയും. എവിടെയെല്ലാം മതം കാണുന്നുണ്ടോ അവിടെയൊക്കെ, ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഈ ആദര്‍ശം പ്രവര്‍ത്തിക്കുന്നതു കാണാം. മതത്തിന്റെ താണപടികളില്‍, സ്വാഭാവികമായി, അത് അത്ര സുവ്യക്തമല്ല. എന്നാല്‍ സുവ്യക്തമായാലും ദുര്‍വ്യക്തമായാലും ഈ ഒറ്റ ലക്ഷ്യത്തിലേക്കാണ് ഏതു മതവും നീങ്ങുന്നത്. നമുക്കെല്ലാം ദുഃഖനിവൃത്തി വേണം. ശാരീരികവും മാനസികവും ആത്മീയവുമായ സ്വാതന്ത്യ്രം പ്രാപിക്കാന്‍ നാം പണിപ്പെടുകയാണ്. ലോകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു മുഴുവന്‍ ഈ ഒറ്റ ആശയത്തിന്മേലാണ്. ലക്ഷ്യം ഒന്നും ഒപ്പവുമാണെങ്കില്‍ അതു പ്രാപിക്കാന്‍ വളരെ വഴികളുണ്ടാവാം. ഈ വഴികളാകട്ടെ നിര്‍ണ്ണീതമായിരിക്കുന്നതു നമ്മുടെ പ്രകൃതിസ്വഭാവമനുസരിച്ചാണ്. ഒരു മനുഷ്യന്റെ പ്രകൃതി വികാരപരമാണ്. മറ്റൊരുവന്റേതു ബുദ്ധിപരം. വേറൊരുവന്റെതു കര്‍മ്മപരം ഇത്യാദി. ഇനി, ഒറ്റ പ്രകൃതിയില്‍ത്തന്നെ വളരെ ഉപവിഭാഗങ്ങളുണ്ടാകാം. ഉദാഹരണത്തിനു പ്രേമത്തെ എടുക്കുക. ഈ ഭക്തിവിഷയത്തില്‍ നമുക്കു വിശേഷതാല്പര്യമുള്ളതു അതിനോടാണല്ലോ. ഒരു മനുഷ്യന്റെ പ്രകൃതിക്കു കുട്ടികളോടു ബലവത്തരപ്രേമമുണ്ട്. മറ്റൊരുവന്നു ഭാര്യയോടാണ്. വേറൊരാള്‍ക്ക് അമ്മയോട്, പിന്നൊരാള്‍ക്ക് അച്ഛനോട്. ഇനിയൊരാള്‍ക്ക് സ്നേഹിതന്മാരോട്. മറ്റൊരുവന് പ്രകൃത്യാ സ്വദേശത്തോടു സ്നേഹമുണ്ട്. ചുരുക്കം ചിലര്‍ അതിവിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യരാശിയെ സ്നേഹിക്കുന്നു. അങ്ങനെയുള്ളവര്‍ പ്രകൃത്യാ വളരെ കുറവാണ്. നാമെല്ലാം നമ്മുടെ ജീവിതത്തിന്റെ മുഖ്യപ്രേരകശക്തി അതാണെന്ന മട്ടില്‍ സംസാരിക്കാറുണ്ടെങ്കിലും ചുരുക്കം ചില സിദ്ധന്മാര്‍ അതനുഭവിച്ചിട്ടുണ്ട്. മനുഷ്യരാശിയില്‍ ചുരുക്കം ചില മഹാത്മാക്കള്‍ക്ക് ഈ വിശ്വപ്രേമം തോന്നുന്നുണ്ട്. ഈ ലോകം ഒരിക്കലും അത്തരക്കാരെക്കൂടാതാവില്ലെന്നു നമുക്കാശിക്കാം.
ഒറ്റവിഷയത്തില്‍പ്പോലും അതിന്റെ ലക്ഷ്യത്തിലെത്താന്‍ അത്ര വളരെ വിഭിന്നമാര്‍ഗ്ഗങ്ങളുള്ളതു നാം കാണുന്നു. എല്ലാ ക്രിസ്ത്യന്മാരും ക്രിസ്തുവില്‍ വിശ്വസിക്കുന്നു. എങ്കിലും അവിടുത്തെപ്പറ്റി എത്ര വിഭിന്നവ്യാഖ്യാനങ്ങളാണ് അവര്‍ക്കുള്ളതെന്നാലോചിക്കുക. ഓരോ പളളിയും വിഭിന്നമായ നിലപാടില്‍നിന്നു വിഭിന്നമായ വെളിച്ചത്തില്‍ അവിടുത്തെ കാണുന്നു. പ്രിസ്ബിറ്റേറിയന്റെ കണ്ണുറച്ചിരിക്കുന്നതു ക്രിസ്തുവിന്റെ ജീവിതകഥയില്‍. അവിടുന്നു പണവ്യാപാരികളുടെ അടുത്തു പോയ രംഗത്തിന്മേലാണ്. അവന്‍ ക്രിസ്തുവിനെ പോരാളിയായി കാണുന്നു. എന്നാല്‍ ക്വേക്കറോടു ചോദിച്ചാല്‍, ‘അവിടുന്നു തന്റെ ശത്രുക്കളോടു ക്ഷമിച്ചു’ എന്നു പക്ഷേ പറഞ്ഞേയ്ക്കും. ക്വേക്കര്‍ ആ വീക്ഷണമാണ് കൈക്കൊള്ളുന്നത്- ഇങ്ങനെ ഓരോ കൂട്ടരും ഒരു റോമന്‍കത്തോലിക്കനോടു ചോദിക്കുക. ക്രിസ്തുവിന്റെ ജീവിതത്തില്‍ തനിക്കു അതിപ്രീതികരം ഏതു ഭാഗമാണെന്ന്, ‘അവിടുന്നു താക്കോലുകള്‍ പിറ്ററെ ഏല്‍പ്പിച്ചേടം’ എന്ന് ഒരു പക്ഷേ അയാള്‍ പറഞ്ഞേയ്ക്കും. ഓരോ വിഭാഗവും അതതിന്റെ വഴിക്ക് അവിടുത്തെ വീക്ഷിക്കാന്‍ നിര്‍ബ്ബദ്ധമാണ്.
ഒരു വിഷയത്തിനുതന്നെ അനേകം വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉണ്ടായിരിക്കുമെന്നു വന്നുകൂടുന്നു. അജ്ഞന്മാര്‍ ഇവയിലൊരു ഉപവിഭാഗത്തെ സ്വീകരിച്ച് അതിന്മേല്‍ നിലയുറപ്പിക്കുന്നു. അവര്‍, വിശ്വത്തെ സ്വന്തം വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ മറ്റു സകലരുടെയും അവകാശം നിഷേധിക്കുന്നുവെന്നുമാത്രമല്ല, മറ്റുള്ളവര്‍ക്കെല്ലാം പാടേ പിഴച്ചിരിക്കുന്നു. തങ്ങള്‍മാത്രമാണ് ശരി എന്നു പറയാന്‍ ധൈര്യപ്പെടുകയും ചെയ്യുന്നു. അവരെ എതിര്‍ത്താല്‍, അവര്‍ പോരിനാരംഭിക്കയായി. തങ്ങള്‍ വിശ്വസിക്കുംപോലെ വിശ്വസിക്കാത്ത ഏതൊരുവനെയും കൊന്നുകളയുമെന്നവര്‍ പറയുന്നു, മുഹമ്മദീയര്‍ ചെയ്യാറുള്ളതുപോലെ. തങ്ങള്‍ ആര്‍ജ്ജവശാലികളാണെന്നു വിചാരിക്കയും മറ്റെല്ലാവരെയും അവഗണിക്കയും ചെയ്യുന്ന ആളുകളാണിവര്‍. എന്നാല്‍ ഈ ഭക്തിയോഗത്തില്‍ നാം സ്വീകരിക്കേണ്ട നിലയെന്താണ്? നാം മറ്റുള്ളവര്‍ക്കു തെറ്റിപ്പോയെന്നു പറയില്ലെന്നുമാത്രമല്ല, തങ്ങളുടെ വഴിക്കു പോകുന്ന ഈ എല്ലാവരുടെയും രീതികള്‍ ശരിയാണെന്ന് അവരോടു പ്രഖ്യാപിക്കയും ചെയ്യും. അവശ്യം പിന്തുടരുവാന്‍ നിങ്ങളെ സ്വപ്രകൃതി നിര്‍ബ്ബന്ധിക്കുന്ന വഴിയാണ് ശരിയായ വഴി. നാമോരോരുത്തരും നമ്മുടെ ഭൂതകാലജീവിതത്തിന്റെ ഫലമായി പ്രകൃതിയുടെ ഒരു സവിശേഷതയോടെ ജനിക്കുന്നു. ഇതിനെ നാം ഒന്നുകില്‍ പുനര്‍ജനിച്ച നമ്മുടെ ഭൂതാനുഭവമെന്നോ പരമ്പരാഗതമായ ഭൂതമെന്നോ പറയുന്നു-അതെങ്ങനെ പറഞ്ഞാലും, ആ ഭൂതകാലത്തിന്റെ ഫലമാണ് നാം. അതു സര്‍വ്വഥാ തീര്‍ച്ചയാണ് ആ ഭൂതം വന്നത് ഏതു വഴിക്കായാലും നാം ഓരോരുത്തരും ഒരു കാര്യമാണ്, അതിനു നമ്മുടെ ഭൂതകാലം കാരണമായിരുന്നിട്ടുമുണ്ട് എന്നു ഇതിനാല്‍ സിദ്ധിക്കുന്നു. അന്നിലയില്‍ നമ്മിലോരോരുത്തനിലും ഓരോ വിശേഷഗതി, ഓരോ വിശേഷപരമ്പര ഉണ്ട്. അതിനാല്‍, നാമോരോരുത്തനും ഒരു മാര്‍ഗ്ഗം കണ്ടെത്തണം.
ഈ മാര്‍ഗ്ഗം, ഈ ഉപായം-യാതൊന്നിനോടു നമ്മളിലോരോരുവനും പ്രകൃത്യാ യുക്തനായിരിക്കുന്നുവോ അതിനെ – ‘ഇഷ്ടമാര്‍ഗ്ഗ’മെന്നു പറയപ്പെടുന്നു. ഇതാണ് ഇഷ്ടസിദ്ധാന്തം. നമ്മുടേതായ ആ വഴിയെ നമ്മുടെ ഇഷ്ടമെന്നു നാം പറയുന്നു. ഉദാഹരണത്തിന്, ഈശ്വരനെപ്പറ്റി ഒരുവന്റെ ആശയം അവിടുന്നു സര്‍വ്വശക്തനായ ജഗന്നിയന്താവാണെന്നാണ്. അയാളുടെ സ്വപ്രകൃതി പക്ഷേ അത്തരമാവാം. ഏവരേയും നിയന്ത്രിക്കാന്‍ കൊതിയുള്ള ഒരധികാരകുതുകിയാവാം അയാള്‍ പ്രകൃത്യാ ഈശ്വരനെ ഒരുസര്‍വ്വശക്തനായ നിയന്താവായി കാണുന്നു. മറ്റൊരുവന്‍,പക്ഷേ ഒരു സ്കൂള്‍മാസ്റ്റര്‍, നിര്‍ദ്ദയനും ആയിരുന്നിരിക്കാം. നീതിനിഷ്ഠനായ ഈശ്വരനെ, ദണ്ഡധരനായ ഈശ്വരനെ, മാത്രമേ അയാള്‍ക്കു കാണാന്‍ കഴിയൂ. ഇങ്ങനെ ഓരോരുത്തനും, സ്വപ്രകൃതിക്കനുസരിച്ച് ഓരോരുവനും ഈശ്വരനെ കാണുന്നു. നമ്മുടെ സ്വപ്രകൃതികൊണ്ടു വ്യവസ്ഥിതമായ ഈ ദര്‍ശനമാണ് നമ്മുടെ ‘ഇഷ്ടം’. ആ ഈശ്വരദര്‍ശനം അതുമാത്രം, കാണാനാവുന്ന ഒരവസ്ഥയില്‍ നാം നമ്മെ എത്തിച്ചിരിക്കയാണ്. മറ്റൊരു ദര്‍ശനവും നമുക്കു കാണാനാവില്ല. ഒരാളുടെ ഉപദേശം സര്‍വ്വോത്തമവും നിങ്ങള്‍ക്കു സമനുയോജ്യവുമെന്നു നിങ്ങള്‍ വിചാരിച്ചേയ്ക്കാം. അടുത്ത ദിവസം നിങ്ങള്‍ ഒരു സ്നേഹിതനെ ആ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ ശുപാര്‍ശചെയ്തയയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, താന്‍ കേട്ടിട്ടുള്ളതിലേക്കും മോശമായ ഉപദേശങ്ങളാണവ എന്ന അഭിപ്രായത്തോടെ അയാള്‍ ഇങ്ങു പോരുന്നു. അയാള്‍ തെറ്റുകാരനല്ല, അയാളോടു കലഹിച്ചിട്ടു കാര്യവുമില്ല. ഉപദേശം തികച്ചും ശരിയായിരുന്നു. പക്ഷേ അവ അയാള്‍ക്കു യോജിച്ചതല്ല. ഇതു കുറച്ചുകൂടെ ദൂരേയ്ക്കു നീട്ടിയാല്‍, പല നിലപാടുകളില്‍നിന്നു കാണപ്പെടുന്ന സത്യം സത്യമാവും. എന്നാലും ഒരേ സത്യമല്ല.
ഇതു പ്രഥമശ്രവണത്തില്‍ ഉക്തിവൈരുദ്ധ്യമായി തോന്നാം. എന്നാല്‍ കേവലസത്യം ഒന്നേയുള്ളുവെന്നും ആപേക്ഷികസത്യങ്ങള്‍ അവശ്യം പലതുണ്ടെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഈ വിശ്വത്തെപ്പറ്റി നിങ്ങളുടെ വീക്ഷണംതന്നെ എടുക്കുക. ഒരു കേവലസത്തയെന്ന നിലയില്‍ ഈ വിശ്വം അവികാര്യവും അവികൃതവും ശശ്വത്സമവുമാണ്. എന്നാല്‍, നിങ്ങളും ഞാനും മറ്റേതൊരാളും കാണുന്നതും കേള്‍ക്കുന്നതും അവനവന്റെ സ്വന്തം വിശ്വത്തെയാണ്. സൂര്യനെ എടുക്കാം. സൂര്യന്‍ ഒന്ന്. എന്നാല്‍ നിങ്ങളും ഞാനും നൂറു മറ്റാളുകളും ഭിന്നസ്ഥലങ്ങളില്‍നിന്ന് അതിനെ നോക്കുമ്പോള്‍, നമ്മിലോരോരുവനും ഒരു ഭിന്നസൂര്യനെ കാണും. അതൊഴിവാക്കാന്‍ നമുക്കു വയ്യ. നിലപാടിലുള്ള അത്യല്പമാറ്റം മനുഷ്യന്റെ മുഴുവന്‍ കാഴ്ചയെയും മാറ്റും. അന്തരീക്ഷത്തിലെ ഒരു ചെറിയ മാറ്റം കാഴ്ചയില്‍ വീണ്ടും വ്യത്യാസമുളവാക്കും. അതുകൊണ്ട്, ആപേക്ഷികപ്രത്യക്ഷത്തില്‍ സത്യം എപ്പോഴും പലതായി കാണപ്പെടും. എന്നാല്‍ കേവലസത്യം ഒന്നുമാത്രം. അതുകൊണ്ട്, മതത്തെപ്പറ്റി നമ്മുടെ വീക്ഷണവുമായി ശരിക്കും നിരക്കാത്ത വല്ലതും മറ്റുള്ളവര്‍ പറയുന്നെന്നു കാണുമ്പോള്‍, നാം അവരുമായി ശണ്ഠകൂടേണ്ടതില്ല. പരസ്പരവിരുദ്ധമെന്നു തോന്നിയാലും, നമ്മള്‍ രണ്ടും ശരിയായിരിക്കാമെന്നു നാം ഓര്‍ക്കേണ്ടതാണ്. സൂര്യനെന്ന ഒരേ കേന്ദ്രത്തില്‍ ഏകാഗ്രപ്പെടുന്ന കോടാനുകോടി ആരങ്ങള്‍ ഉണ്ടാകാം. അവ സൂര്യനില്‍നിന്നു എത്രയ്ക്കകലുന്നുവോ അത്രയ്ക്ക് അതു രണ്ടിനുമിടയ്ക്കുള്ള അന്തരം കൂടിയിരിക്കും. എന്നാല്‍ എല്ലാം കേന്ദ്രത്തില്‍ ഏകാഗ്രമാകുമ്പോള്‍ വ്യത്യാസമൊന്നും പിന്നെ ശേഷിക്കുന്നില്ല. അത്തരമൊരു കേന്ദ്രമുണ്ട്. മനുഷ്യരാശിയുടെ കേവലലക്ഷ്യം അതു ഈശ്വരനാണ്. നാമെല്ലാം ആരങ്ങളും. ആരങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ നമ്മിലെ ഘടനാപരിമിതികളാണ്. അതിലൂടെമാത്രമേ ഈശ്വരദര്‍ശനം നേടാന്‍ നമുക്കാവൂ. ഈ തലത്തില്‍ നില്‍ക്കുവോളം നാമോരോരുത്തനും കേവലസത്യത്തിന്റെ ഒരു ഭിന്നദര്‍ശനം കാണാന്‍ നിര്‍ബ്ബദ്ധനാണ്.. അന്നിലയില്‍ എല്ലാ കാഴ്ചകളും സത്യമാണ്. നാമാരും വേറൊരുവനോടു കലഹിക്കേണ്ടതുമില്ല. ഒറ്റ നിവൃത്തിയുള്ളതു കേന്ദ്രത്തെ സമീപിക്കുന്നതിലാണ്. വാദമോ വഴക്കോ കൊണ്ടു നമ്മുടെ വ്യത്യാസങ്ങളെ ഒതുക്കാന്‍ ശ്രമിച്ചാല്‍ ഒരു തീരുമാനത്തിലെത്താതെ അങ്ങനെ നമുക്കു നൂറ്റാണ്ടുകള്‍ പോക്കാമെന്നു നാം കാണുന്നതാണ്. ചരിത്രം അതു തെളിയിക്കുന്നു. ഒറ്റ പോംവഴി മുന്നില്‍ നടക്കുകയും കേന്ദ്രത്തിലേക്കടുക്കുകയുമാണ്. എത്ര വേഗം നാം അതു ചെയ്യുന്നുവോ, അത്രവേഗം നമ്മുടെ വ്യത്യാസങ്ങള്‍ മറയുന്നതുമാണ്.
അതിനാല്‍ ഈ ഇഷ്ടസിദ്ധാന്തത്തിന്റെ അര്‍ത്ഥം ഒരു മനുഷ്യനെ തന്റെ സ്വന്തം മതം തിരഞ്ഞെടുക്കാന്‍ അനുവദിക്കയെന്നാണ്. ഒരു മനുഷ്യന്‍ താന്‍ ആരാധിക്കുന്നതിനെ ആരാധിക്കാന്‍ മറ്റൊരുവനെ നിര്‍ബ്ബന്ധിക്കരുത്. സൈന്യമോ ബലമോ വാദമോ കൊണ്ടു മനുഷ്യജീവികളെ പറ്റം ചേര്‍ക്കാനും അവരെ ഒരേ വളപ്പിലേക്കു അടിച്ചിറക്കാനും അവരെക്കൊണ്ടു ഒരേ ഈശ്വരനെ ആരാധിപ്പിക്കാനുമുള്ള എല്ലാ ഉദ്യമങ്ങളും പരാജയപ്പെട്ടിട്ടുണ്ട്, എന്നും പരാജയപ്പെടുകയും ചെയ്യും. കാരണം ഘടനാപരമായി അതു ചെയ്യുക അസാധ്യമാണ്. മാത്രമല്ല, മനുഷ്യന്റെ വളര്‍ച്ചയെ നിരോധിക്കയെന്ന അപകടവുമുണ്ട്. എന്തെങ്കിലും തരം മതത്തിനുവേണ്ടി പണിപ്പെടുന്നില്ലാത്ത പുരുഷനെയോ സ്ത്രീയെയോ നാം പ്രായേണ കാണാറില്ല. എന്നിട്ട് എത്രയേറെപ്പേര്‍ തൃപ്തരാകുന്നുണ്ട്, അഥവാ വാസ്തവത്തില്‍, എത്ര കുറച്ചപേര്‍ തൃപ്തരാകുന്നുണ്ട്! എത്ര കുറച്ചുപേരേ വല്ലതും കണ്ടെത്തുന്നുളളു. എന്തുകൊണ്ട്? അധികം പേരും അസാധ്യകൃത്യങ്ങളുടെ പുറകേപോകുന്നു എന്നതുകൊണ്ടുമാത്രം. അവര്‍ മറ്റുള്ളവരുടെ ശാസനത്താല്‍ ഇവയിലേക്കു ബലാല്‍ പ്രേരിതരാണ്. ഉദാഹരണത്തിനു ഞാനൊരു കുട്ടിയായിരിക്കേ ഈശ്വരന്‍ ഇന്നയിന്ന തരത്തിലാണെന്നു പറയുന്ന ഒരു പുസ്തകം അച്ഛന്‍ എന്റെ കൈയില്‍വെച്ചുതരുന്നു. അതെന്റെ മനസ്സില്‍ കടത്തിവിടാന്‍ അദ്ദേഹത്തിനെന്തു കാര്യം? ഞാന്‍ ഏതു വഴി വളരുമെന്ന് അദ്ദേഹത്തിനെങ്ങനെ അറിയാം? എന്റെ ഘടനപ്രകാരമുള്ള വളര്‍ച്ചയെപ്പറ്റി അജ്ഞനായിരുന്നുകൊണ്ട് അദ്ദേഹം തന്റെ ആശയങ്ങളെ എന്റെ മസ്തിഷ്കത്തില്‍ ബലാല്‍ തള്ളിക്കയറ്റാനാഗ്രഹിക്കുന്നു. തല്‍ഫലമായി എന്റെ വളര്‍ച്ച മുരടിച്ചുപോകുന്നു. ഒരു ചെടിയെ അതിനു പറ്റാത്ത മണ്ണില്‍ വളരാന്‍ നിങ്ങള്‍ക്കു നിര്‍ബ്ബന്ധിച്ചൂകൂടാ, കുട്ടി തന്നെത്താന്‍ പഠിക്കുന്നു. എന്നാല്‍ തന്‍വഴിക്കുതന്നെ മുന്നോട്ടു പോകാന്‍ അതിനെ നിങ്ങള്‍ക്കു സഹായിക്കാം. നിങ്ങള്‍ക്കു ചെയ്യാവുന്നതു സാധകപ്രകൃതിയുള്ളതല്ല, ബാധകപ്രകൃതിയുള്ളതാണ്. നിങ്ങള്‍ക്കു തടസ്സങ്ങളെ നീക്കിക്കളയാം. ജ്ഞാനമാകട്ടെ, സ്വപ്രകൃത്യാ വെളിപ്പെടുകയാണ്. അതെളുതായി വെളിപ്പെടേണ്ടതിലേക്കു മണ്ണ് അല്പം ഇളക്കിക്കൊടുക്കുക. ചുറ്റും ഒരു വേലി കെട്ടുക. മറ്റൊന്നും അതിനെ നശിപ്പിക്കാതെ നോക്കുക-അവിടെ നിങ്ങളുടെ കൃത്യം തീരുന്നു. മറ്റൊന്നും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിവില്ല. ബാക്കിയുള്ളത് അതിന്റെ സ്വപ്രകൃതിയുടെ ഉള്ളില്‍നിന്നുള്ള ഒരു അഭിവ്യക്തിയാണ്. അപ്രകാരമത്രേ ശിശുവിന്റെ വിദ്യാഭ്യാസത്തെസ്സംബന്ധിച്ചും. ശിശു തന്നെത്താന്‍ വിദ്യയഭ്യസിപ്പിക്കുന്നു. നിങ്ങള്‍ എന്റെ പ്രസംഗം കേള്‍ക്കാന്‍ വരുന്നു. വീട്ടില്‍ ചെല്ലുക, നിങ്ങള്‍ പഠിച്ചതു താരതമ്യപ്പെടുത്തുക. അപ്പോള്‍, നിങ്ങള്‍ അതേ ആശയം ചിന്തിച്ചുണ്ടാക്കിയിരിക്കുന്നുവെന്നും ഞാന്‍ അതിനു പ്രകാശനം നല്‍കിയിട്ടേ ഉള്ളുവെന്നും നിങ്ങള്‍ക്കു കാണാറാകും. എനിക്കു നിങ്ങളെ ഒന്നും ഒരിക്കലും പഠിപ്പിക്കാന്‍ കഴിവില്ല. നിങ്ങള്‍ നിങ്ങളെത്തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ആ വിചാരങ്ങള്‍ക്കു പ്രകാശനം നല്‍കുന്നതില്‍ ഒരു പക്ഷേ എനിക്കു സഹായിക്കാന്‍ കഴിഞ്ഞേയ്ക്കാം.
അതുപോലെ-അതിലേറെ-മതത്തില്‍, ഞാന്‍ എന്നെത്തന്നെ മതം പഠിപ്പിക്കണം. എല്ലാത്തരം അസംബന്ധവും എന്റെ തലയില്‍കൊണ്ടു നിറയ്ക്കാന്‍ എന്റെ അച്ഛന്നെന്തവകാശം? സാധനങ്ങള്‍ തലയില്‍ കൊണ്ടുനിറയ്ക്കാന്‍ എന്റെ ഗുരുവിനോ സമുദായത്തിനോ എന്തവകാശം? ഒരുപക്ഷേ അതുകള്‍ നല്ലതാണ്. എന്നാല്‍, അവ എന്റെ വഴിയല്ലായിരിക്കാം. ലോകത്ത് ഇന്നുള്ള കൊടിയ തിന്മയെപ്പറ്റി ആലോചിക്കുക-പിഴച്ച വഴിക്കു പഠിപ്പിക്കകൊണ്ടു പിഴപ്പിക്കപ്പെട്ടിരിക്കുന്ന നിരപരാധികളായ കോടിക്കോടിക്കുട്ടികളെപ്പറ്റി ‘കുടുംബമതം’, ‘സമുദായമതം’, ‘രാഷ്ട്രമതം’ മുതലായ ഈ ഭയാനകാശയങ്ങള്‍ അത്ഭുതങ്ങളായ ആദ്ധ്യാത്മികസത്യങ്ങളായി വരുമായിരുന്ന എത്രയോ മനോഹരവസ്തുക്കളെ മുളയിലേ നുള്ളിക്കളഞ്ഞിരിക്കുന്നു! നിങ്ങളുടെ ബാല്യകാലമതത്തേയോ സ്വരാജ്യമതത്തെയോ സംബന്ധിച്ചു നിങ്ങളുടെ തലയില്‍ ഇപ്പോല്‍ത്തന്നെ എന്തൊരു പെരുത്ത അന്ധവിശ്വാസരാശിയാണുള്ളതെന്നും അത് എത്രമാത്രം തിന്മ ചെയ്യുന്നു അഥവാ ചെയ്തേയ്ക്കുമെന്നും ആലോചിക്കുക. ഓരോ ചിന്തയുടെയും പ്രവൃത്തിയുടെയും പിന്നില്‍ എന്തു ഭവിഷ്യച്ഛക്തി സ്ഥിതിചെയ്യുന്നു എന്നു മനുഷ്യന്‍ അറിയുന്നില്ല. ‘മാലാഖമാര്‍ ചവിട്ടാന്‍ പേടിക്കുന്നിടത്തു വിഡ്ഢികള്‍ ഇരച്ചുകയറും’ എന്നുള്ള പഴഞ്ചൊല്ലു സത്യമാണ്. ആരംഭംമുതല്‍ക്കേ ഇതു കാഴ്ചയില്‍ വെച്ചിരിക്കണം, എങ്ങനെ? ഈ ‘ഇഷ്ട’ത്തിലുള്ള വിശ്വാസംകൊണ്ടു. ആദര്‍ശങ്ങള്‍ അത്രയേറെയുണ്ട്. നിങ്ങളുടെ ആദര്‍ശം എന്തായിരിക്കണമെന്ന് പറയാന്‍. എന്റെ ആദര്‍ശം നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ എനിക്കവകാശമില്ല. എന്റെ കര്‍ത്തവ്യം എനിക്കറിയാവുന്ന ആദര്‍ശങ്ങളെയെല്ലാം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുകയും നിങ്ങള്‍ക്കു ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും പറ്റിയതും കണ്ടുപിടിക്കാന്‍ നിങ്ങളെ സഹായിക്കുകയുമാണ്. നിങ്ങള്‍ക്കു ഏറ്റവും പറ്റിയതു കൈക്കൊള്ളുകയും അതില്‍ സ്ഥിരമാകയും ചെയ്യുക. ഇതാണ് നിങ്ങളുടെ ‘ഇഷ്ടം’. നിങ്ങളുടെ വിശേഷാദര്‍ശം.
അതിനാല്‍ ഒരു സമൂഹമതം ഒരിക്കലും ഉണ്ടാവില്ലെന്നു നാം കാണുന്നു. മതത്തിന്റെ യഥാര്‍ത്ഥകൃത്യം അവനവന്റെ കാര്യമാണ്. എനിക്കു എന്റെ സ്വന്തം ഒരാദര്‍ശമുണ്ട്. ഞാനതു വിശുദ്ധവും ഗൂഢവുമായി സൂക്ഷിക്കയും വേണം. എന്തെന്നാല്‍ അതു നിങ്ങളുടെ ആദര്‍ശമായിരിക്കണമെന്നില്ല എന്നെനിക്കറിയാം. രണ്ടാമത്, എന്റെ ആദര്‍ശം ഇന്നതാണെന്ന് ഓരോരുത്തനോടും പറയാനാശിച്ച്. ഞാന്‍ ഒരു സ്വൈരക്കേടുണ്ടാക്കുന്നതെന്തിന്? മറ്റാളുകള്‍ വരാനും എന്നോടു യുദ്ധം ചെയ്യാനുമിടയുണ്ട്. എന്നാല്‍, ഞാന്‍ അവരോടു പറയുന്നില്ലെങ്കില്‍ അവര്‍ക്കതു സാദ്ധ്യമല്ല. മറിച്ച് എന്റെ ആശയങ്ങളെന്തെന്ന് അവരോടു പറഞ്ഞു നടന്നാല്‍, അവരെല്ലാം എന്നെ എതിര്‍ക്കും. അതിനാല്‍, അവയെക്കുറിച്ചു പറയുന്നതുകൊണ്ട് എന്തു ഗുണം? ഈ ‘ഇഷ്ടം’ ഗൂഢമാക്കിവെയ്ക്കണം. അതു നിങ്ങളും ഈശ്വരനുമായിമാത്രം-മതത്തിന്റെ സിദ്ധാന്തഭാഗങ്ങള്‍ പരസ്യമായി പ്രസംഗിക്കാം. അവയെ സമൂഹപരമാക്കാം. എന്നാല്‍ ഉച്ചതരമതം, പരസ്യമാക്കാനാവില്ല. എന്റെ ആദ്ധ്യാത്മികഭാവങ്ങള്‍ എനിക്ക് ഒരു നിമിഷത്തെ അറിയിപ്പുകൊണ്ടു ഒരുക്കിക്കിട്ടാവതല്ല. ഈ നാട്യം കൊണ്ടു ഫലമെന്ത്? മതത്തെ തമാശയാക്കിത്തീര്‍ക്കല്‍-അതിനീചമായ ഈശ്വരനിന്ദ. ഇക്കാലത്തെ പള്ളികളില്‍ നിങ്ങള്‍ കാണുന്നതാണ് ഇതിന്റെ ഫലം. മതപരമായ ഈ ഡ്രില്ല് മനുഷ്യജീവികള്‍ക്കെങ്ങനെ പൊറുത്തുനില്‍ക്കാനാവും? അതു പാളയത്തില്‍ പട്ടാളക്കാരെപ്പോലെയാണ്. തോക്കു തോളില്‍, മുട്ടു കുത്ത്,ഗ്രന്ഥമെടുക്ക്, ഒക്കെ കൃത്യമായി ചിട്ടപ്പെടുത്തിയിരിക്കയാണ്. അഞ്ചു മിനിട്ടു ഭാവവികാരം, അഞ്ചുമിനിട്ടു യുക്തിവിചാരം, അഞ്ചുമിനിട്ടു പ്രാര്‍ത്ഥന-എല്ലാം മുന്‍കൂട്ടി ക്രമപ്പെടുത്തിയത്. ഈ നാട്യങ്ങള്‍ മതത്തെ ആട്ടിപ്പായിച്ചിരിക്കുന്നു. പ്രമാണങ്ങളും സിദ്ധാന്തങ്ങളും തത്ത്വശാസ്ത്രങ്ങളും പള്ളികള്‍ നിറയെ ഭാഷണം ചെയ്യട്ടെ. എന്നാല്‍ ആരാധനയെ മതത്തിന്റെ യഥാര്‍ത്ഥപ്രായോഗികാംശത്തെ, സംബന്ധിച്ചിടത്തോളം അതു യേശു പറയുംപോലാകണം: ‘നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയിലേക്കു പോക. നിന്റെ കതകടച്ചു കഴിഞ്ഞാല്‍, നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക, അവന്‍ രഹസ്സിലല്ലോ ഉള്ളത്.
ഇതാണ് ഇഷ്ടസിദ്ധാന്തം. വിവിധഘടനകളുടെ ആവശ്യങ്ങളെ പ്രായോഗികമായി നേരിടുവാനും മറ്റുള്ളവരുമായി കലഹം ഒഴിവാക്കാനും, അദ്ധ്യാത്മജീവിതത്തില്‍ യഥാര്‍ത്ഥവും പ്രായോഗികവുമായ പുരോഗതി ഉണ്ടാക്കുവാനും വഴി ഇതൊന്നുമാത്രം. എന്നാല്‍ എന്റെ വാക്കുകളെ രഹസ്യസംഘങ്ങളുടെ രൂപവല്‍ക്കരണമെന്നു നിങ്ങള്‍ ദുര്‍വ്യാഖ്യാനിക്കരുതെന്നു ഞാന്‍ താക്കീതു ചെയ്യുന്നു. ഒരു പിശാചുണ്ടെങ്കില്‍, അയാളെ ഒരു രഹസ്യസംഘത്തിലായിരിക്കും ഞാന്‍ തേടുക. രഹസ്യസംഘങ്ങളുടെ കണ്ടുപിടുത്തമെന്ന നിലയില്‍ അവ പൈശാചികങ്ങളാണ്. ‘ഇഷ്ടം’ വിശുദ്ധമാണ്, ഗൂഢമല്ല. എന്നാല്‍ ഏതര്‍ത്ഥത്തില്‍? എന്റെ ഇഷ്ടത്തെക്കുറിച്ചു ഞാന്‍ മറ്റുള്ളവരോടു എന്തുകൊണ്ടു പറഞ്ഞുകൂടാ? അതെനിക്കു സ്വന്തമായ പരമവിശുദ്ധവസ്തുവാകകൊണ്ട്. അതു മറ്റുള്ളവരെ സഹായിച്ചേക്കാം. പക്ഷേ മറിച്ച്, അതു മറ്റുള്ളവരെ ദ്രോഹിക്കില്ലെന്ന് എനിക്കെങ്ങനെ അറിയാം? ഒരു സഗുണേശ്വരനെ ആരാധിക്കാനാവാത്തവിധം പ്രകൃതിയോടു കൂടിയ, നിര്‍ഗുണേശ്വരനായിട്ടുമാത്രം തന്റെ പരമാത്മാവിനെ ആരാധിക്കാനാവുന്ന ഒരുവനുണ്ടാവാം. അയാളെ ഞാന്‍ നിങ്ങളുടെ ഇടയില്‍ വിട്ടു എന്നു വിചാരിക്കുക. സഗുണേശ്വരനില്ല, നിങ്ങളിലും എന്നിലുമുള്ള ആത്മാവായല്ലാതെ ഈശ്വരനില്ല എന്ന് അയാള്‍ നിങ്ങളോടു പറയുകയും ചെയ്യുന്നു. നിങ്ങള്‍ ഞെട്ടിപ്പോകും. അയാളുടെ ആശയം വിശുദ്ധമാണ്. എന്നാല്‍ ഗൂഢമല്ല. ഈശ്വരസത്യങ്ങളെ പ്രവചിക്കാന്‍ ഗൂഢസംഘങ്ങളെ രൂപവല്‍ക്കരിച്ച ഒരു മഹാമതമോ ഒരു മഹാഗുരുവോ ഒരിക്കലും ഉണ്ടായിട്ടില്ല. ഭാരതത്തില്‍ അത്തരം ഗൂഢസംഘങ്ങളില്ല. അത്തരം കാര്യങ്ങള്‍ ആശയത്തില്‍ ശുദ്ധമേ പാശ്ചാത്യമാണ്. ഭാരതത്തിന്റെമേല്‍ കെട്ടിവെയ്ക്കപ്പെടുന്നതുമാത്രമാണ്. ഞങ്ങള്‍ അവയെപ്പറ്റി ഒരിക്കലും അറിഞ്ഞിട്ടില്ല. ഭാരതത്തില്‍ ഗൂഢസംഘങ്ങള്‍ ഉണ്ടായിരിക്കേണ്ട ആവശ്യമെന്ത്? യൂറോപ്പില്‍ പള്ളിയുടെ വീക്ഷണങ്ങളോടു നിരക്കാത്ത ഒരു വാക്കുപോലും മതത്തെപ്പറ്റി പറയാന്‍ ജനങ്ങളെ അനുവദിച്ചിരുന്നില്ല. അതിനാല്‍, പര്‍വ്വതങ്ങളില്‍ ഒളിച്ചുനടന്ന് ഗൂഢസംഘങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ നിര്‍ബ്ബദ്ധരായി. തങ്ങള്‍ക്കു സ്വയം ആരാധനാരീതി പിന്തുടരാമല്ലോ. മതത്തില്‍ സ്വന്തം വീക്ഷണങ്ങളെ അവലംബിച്ചതിനു വല്ല മനുഷ്യനേയും പീഡിപ്പിച്ച ഒരു കാലം ഭാരതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഭാരതത്തില്‍ ഗൂഡമതസംഘങ്ങള്‍ എല്ലായ്പ്പോഴും ഏറ്റവും ഭയാനകവസ്തുക്കളായി അധഃപതിക്കുന്നു. അവ എന്തു വിനകള്‍ വരുത്തുന്നെന്നു ധരിക്കാന്‍മാത്രം ഈ ലോകത്തെ ഞാന്‍ കണ്ടിട്ടുണ്ട്-അവ എത്ര എളുപ്പം വഴുതി സ്വതന്ത്രപ്രേമസംഘങ്ങളും ‘പ്രേതസംഘ’ങ്ങളും ആയിപ്പോകുന്നു. എങ്ങനെ പുരുഷന്മാര്‍ മറ്റു പുരുഷന്മാരുടെയോ സ്ത്രീകളുടെയോ കൈകളിലേക്കു കളിച്ചുകയറുന്നു വിചാരത്തിലും പ്രവൃത്തിയിലും തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഭാവിസാദ്ധ്യത എങ്ങനെ ഹനിക്കപ്പെടുന്നു എന്നും മറ്റും ധരിക്കാന്‍ മാത്രം. ഇങ്ങനെ പറയുന്നതുകൊണ്ട് നിങ്ങളില്‍ ചിലര്‍ക്ക് എന്നോടു അപ്രീതി തോന്നിയേക്കാം. എന്നാല്‍ എനിക്കു നിങ്ങളോടു സത്യം പറയേണ്ടിയിരിക്കുന്നു. പക്ഷേ, എന്റെ ജീവിതത്തിലാകെ അരഡസന്‍ പുരുഷന്മാരും സ്ത്രീകളുമേ എന്നെ അനുഗമിക്കൂ. എന്നാല്‍ അവര്‍ യഥാര്‍ത്ഥപുരുഷന്മാരും സ്ത്രീകളുമായിരിക്കും. പവിത്രരും ഋജുക്കളും. എനിക്കൊരാള്‍ക്കൂട്ടം വേണ്ടതാനും. ആള്‍ക്കൂട്ടത്തിന് എന്തുചെയ്യാന്‍ കഴിയും? ലോകചരിത്രം സൃഷ്ടിച്ചത് ഏതാനും ഡസന്‍ ആളുകളാണ്- അവരെ നിങ്ങളുടെ വിരലുകളിലെണ്ണാം. ബാക്കിയെല്ലാം ‘അലവലാതി’കളായിരുന്നു. ഈ ഗൂഢസംഘങ്ങളും കാപട്യങ്ങളുമെല്ലാം സ്ത്രീപുരുഷന്മാരെ അശുദ്ധരും ദുര്‍ബ്ബലരും സങ്കുചിതരുമാക്കുന്നു. ദുര്‍ബ്ബലന്മാര്‍ക്ക് ഇച്ഛയില്ല. ഒരിക്കലും കര്‍മ്മം ചെയ്യാനുമാവില്ല. അതിനാല്‍, അവരുമായി യാതൊരടിപാടും പാടില്ല. ഗഹനതയോടുള്ള ഈ കപടപ്രേമം നിങ്ങളുടെ മനസ്സിലേക്കു കടക്കുന്ന ആദ്യവേളയില്‍ത്തന്നെ അതിന്റെ ഉച്ചിക്കിടിക്കേണ്ടതാണ്. അശുദ്ധി അത്യല്‍പ്പം പോലുള്ള യാതൊരുത്തനും മതപരനാകുക സാധ്യമേ അല്ല. പൊട്ടിയൊലിക്കുന്ന വ്രണങ്ങളെ റോസാക്കൂമ്പാരങ്ങള്‍കൊണ്ടു മറയ്ക്കാന്‍ നോക്കേണ്ട. ഈശ്വരനെ വഞ്ചിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ആര്‍ക്കും സാധ്യമല്ല. ഋജുഗാമിയായ ഒരു പുരുഷനെയോ സ്ത്രീയെയോ എനിക്കു തരിക. എന്നാല്‍ പ്രേതങ്ങള്‍ പറക്കുംമാലാഖകള്‍, പിശാചുകള്‍ ഇവരില്‍ നിന്ന് ഭഗവാന്‍ എന്നെ രക്ഷിക്കട്ടെ. സാമാന്യം നല്ല ജനങ്ങളായിരിക്കുക. നമ്മില്‍ സഹജവാസന എന്നൊന്നുണ്ട്-മൃഗസാമാന്യമായി നമുക്കുള്ളത്-ശരീരത്തിന്റെതന്നെ ഒരു യാന്ത്രികപ്രതിപ്രവര്‍ത്തനചലനം. യുക്തിയെന്നു നാം വിളിക്കുന്ന കുറേക്കൂടി ഉയര്‍ന്ന ഒരു മാര്‍ഗ്ഗദര്‍ശകമുണ്ട്. ഇവിടെ ബുദ്ധി വസ്തുതകളെ നേടി അവയെ സമാനീകരിക്കുന്നു. ആവേശം (അന്തഃപ്രബോധം) എന്നു വിളിക്കപ്പെടുന്നു. ഇതിലും ഉപരിയായ, ഒരു ജ്ഞാനമുണ്ട്, അതു യുക്തിവാദം ചെയ്യുന്നില്ല. എന്നാല്‍ മിന്നല്‍ (പ്രകാശം)കൊണ്ടു വസ്തുതകളെ കാണുന്നു. ഇതാണ് ജ്ഞാനത്തിന്റെ പരമരൂപം. എന്നാല്‍ ഇതിനെ നാം എങ്ങനെ സഹജവാസനയില്‍നിന്നു തിരിച്ചറിയും? അതാണൊരു വലിയ വൈഷമ്യം. ഇക്കാലത്ത് ഓരോരുത്തനും താന്‍ ആവിഷ്ടനാണെന്നു പറഞ്ഞു അമാനുഷികതയ്ക്കുള്ള അവകാശങ്ങള്‍ ഉന്നയിക്കുന്നു. ആവേശവും കള്ളത്തരവും തമ്മില്‍ നാമെങ്ങനെ തിരിച്ചറിയും? ഒന്നാമത്, ആവേശം യുക്തിയെ പ്രതിരോധിക്കരുത്. വൃദ്ധന്‍ ശിശുവിനെ പ്രതിരോധിക്കുന്നില്ല. ശിശുവിന്റെ വികസനമാണ്. നാം ആവേശമെന്നു പറയുന്നതു യുക്തിയുടെ വികസനമാണ്. അന്തഃപ്രബോധനത്തിലേക്കുള്ള വഴി യുക്തിയിലൂടെയാണ്. നിങ്ങളുടെ ശരീരത്തിന്റെ സഹജചലനങ്ങള്‍ യുക്തിയെ എതിര്‍ക്കുന്നില്ല. ഒരു തെരുവു കുറുകെക്കടക്കുമ്പോള്‍, കാറുകളില്‍നിന്നു തന്നെത്താന്‍ രക്ഷിക്കാന്‍ നിങ്ങള്‍ എത്ര സഹജമായി ശരീരത്തെ ചലിപ്പിക്കുന്നു! അങ്ങനെ ശരീരത്തെ രക്ഷിക്കുന്നതു വിഡ്ഢിത്തമാണെന്നു നിങ്ങളുടെ മനസ്സു നിങ്ങളോടു പറയുന്നുണ്ടോ? ഇല്ലല്ലോ. അതുപോലെ നേരായ ഒരാവേശവും ഒരിക്കലും യുക്തിയെ പ്രതിരോധിക്കുന്നില്ല. ഉണ്ടെങ്കില്‍ അത് ആവേശമേ അല്ല. രണ്ടാമത്, ആവേശം സര്‍വ്വരുടേയും നന്മയ്ക്കുള്ളതാണ്. അല്ലാതെ, പേരിനോ പ്രശസ്തിക്കോ തനതു ലാഭത്തിനോ അല്ല. അതു സര്‍വ്വദാ ലോകഹിതത്തിനായിരിക്കണം. തികച്ചും നിസ്സ്വാര്‍ത്ഥവും. ഈ പരീക്ഷകള്‍ നിറവേറുന്നെങ്കില്‍, അതിനെ ആവേശമെന്നു സ്വീകരിക്കുന്നതില്‍ നിങ്ങള്‍ക്കപകടമില്ല. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പത്തുലക്ഷത്തിലൊരാള്‍പോലും ആവിഷ്ടനല്ലെന്നു നിങ്ങള്‍ ഓര്‍മ്മിക്കണം. അവരുടെ എണ്ണം കൂടിവരുമെന്നു ഞാനുദ്ദേശിക്കുന്നു. നാമിപ്പോള്‍ മതവുമായി കളിക്കുന്നതേയുള്ളു. ആവേശത്തോടെ നമുക്കു യഥാര്‍ത്ഥമായ മതം ഉണ്ടാകാന്‍ തുടങ്ങും. സെന്റ്പോള്‍ പറയുംപോലെ: ‘ഇപ്പോള്‍ നാം ഒരു കണ്ണാടിയിലൂടെ ഇരുളടഞ്ഞു കാണുന്നു. എന്നാല്‍ പിന്നെ, മുഖത്തോടു മുഖം’ ലോകത്തിന്റെ ഇന്നത്തെ നിലയിലാകട്ടെ, ആ അവസ്ഥയെ പ്രാപിക്കുന്നവര്‍ വളരെ കുറച്ചുമാത്രം! എങ്കിലും ഇപ്പോഴത്തെപ്പോലെ ആവേശത്തെ ഇത്രയേറെ കപടമായവകാശപ്പെടുന്നവര്‍ മറ്റൊരിക്കലുമുണ്ടായിട്ടുമില്ല. സ്ത്രീകള്‍ക്ക് അന്തഃപ്രബോധകരണങ്ങളുണ്ടെന്നും പുരുഷന്മാരാകട്ടെ യുക്തികൊണ്ടു പതുക്കെ തന്നെത്താന്‍ മേലോട്ടിഴയ്ക്കുകയാണെന്നും പറയപ്പെടുന്നു. അതു വിശ്വസിക്കരുത്. ആവിഷ്ടരായവര്‍ സ്ത്രീകളോളംതന്നെ പുരുഷന്മാരുമുണ്ട്. എന്നാല്‍, വിശേഷരൂപത്തിലുള്ള അപസ്മാരത്തിനും ഞരമ്പുരോഗത്തിനും സ്ത്രീകള്‍ക്കും കൂടുതല്‍ അവകാശമുണ്ടായിരിക്കാം. ചതിയന്മാരാലും മറിയമായക്കാരാലും കളിപ്പിക്കപ്പെടുന്നതിനെക്കാള്‍ ഒരവിശ്വാസിയായി മരിക്കുന്നതാണ് നല്ലത്. യുക്തിശക്തി നിങ്ങള്‍ക്കു തന്നിട്ടുള്ളത് ഉപയോഗത്തിനാണ്. അതു നിങ്ങള്‍ ശരിക്കും ഉപയോഗിച്ചെന്നു കാണിക്കുക. അങ്ങനെ ചെയ്യുന്നതില്‍ ഉല്‍കൃഷ്ടതരങ്ങളായ കാര്യങ്ങളെ പരിരക്ഷിക്കുവാന്‍ നിങ്ങള്‍ പ്രാപ്തരായിത്തീരും.
ഈശ്വരന്‍ പ്രേമസ്വരൂപനാണെന്ന് നാം സര്‍വ്വദാ ഓര്‍മ്മിക്കണം. ‘ഗംഗാതീരത്തു പാര്‍ത്തുകൊണ്ട് വെള്ളത്തിനുവേണ്ടി ചെറുകിണര്‍ കുഴിക്കാനൊരുമ്പെടുന്നവന്‍ വാസ്തവത്തില്‍ മൂഢനാണ്. വജ്രഖനിക്കടുത്തു വസിച്ചുകൊണ്ടു പളുങ്കുമണികള്‍ തേടുവാന്‍ ആയുര്‍വ്യയം ചെയ്യുന്നവന്‍ വാസ്തവത്തില്‍ മൂഢനാണ്’. ഈശ്വരനാണ് ആ വജ്രഖനി, ഭൂതങ്ങളുടെയും പറക്കുന്ന വേതാളങ്ങളുടെയും ഇതിഹാസങ്ങള്‍ക്കുവേണ്ടി ഈശ്വരനെ കൈവെടിയുന്ന നാം വാസ്തവത്തില്‍ മൂഢന്മാരാണ്. അതൊരു രോഗമാണ്. രുഗ്ണമായ തൃഷ്ണ, വേതാളങ്ങളെക്കുറിച്ചുള്ള രുഗ്ണഭയത്തില്‍ നിരന്തരം കഴിയുകയും അത്ഭുതങ്ങള്‍ക്കു വേണ്ടിയുള്ള ക്ഷുത്ത് ഉദ്ദീപിപ്പിക്കയും ചെയ്യുന്നത് മനുഷ്യരെ ധര്‍മ്മത്തില്‍നിന്നു അപകര്‍ഷതയിലാഴ്ത്തുകയും അവരുടെ തലച്ചോറിനെയും സിരകളെയും ദുര്‍ബ്ബലപ്പെടുത്തുകയുമാണ്. ഈ കാട്ടുകഥകളെല്ലാം സിരകളെ അസ്വഭാവികമായ ഒരു വലിവില്‍ വെച്ചുകൊണ്ടിരിക്കുന്നു-ഫലമോ ജനതയുടെ മന്ദവും നിശ്ചിതവുമായ അപകര്‍ഷം. ഈശ്വരനേയും പവിത്രതയേയും വിശുദ്ധിയേയും ആദ്ധ്യാത്മികതയേയും വിട്ട് ഈ അസംബന്ധങ്ങളുടെയെല്ലാം പിന്നാലെ പോകാന്‍ വിചാരിക്കുന്നത്. അപകര്‍ഷമാണ്.അന്യന്റെ വിചാരം വായിക്കുക! ഞാന്‍ മറ്റോരോരുത്തന്റെയും വിചാരങ്ങള്‍ അഞ്ചുമിനിട്ടുനേരം വീതം വായിക്കുവാനാണെങ്കില്‍ എനിക്കു ഭ്രാന്തു പിടിക്കും. ബലവാന്മാരാകുവിന്‍. നിവര്‍ന്നു നില്‍ക്കുവിന്‍, പ്രേമത്തിന്റെ ഈശ്വരനെ തേടുവിന്‍. ഇതാണ് അത്യുച്ചബലം, കരുത്ത് പവിത്രതയുടെ ശക്തിയേക്കാള്‍ വലിയ ശക്തി ഏതുള്ളു? പ്രേമവും പവിത്രതയും ലോകത്തെ ഭരിക്കുന്നു. ഈ ഈശ്വരപ്രേമം ദുര്‍ബ്ബലന്മാര്‍ക്ക് അപ്രാപ്യമാണ്. അതിനാല്‍ നിങ്ങള്‍ ദുര്‍ബ്ബലരാവരുത്. കായികമായും മാനസികമായും സാന്മാര്‍ഗ്ഗികമായും ആത്മികമായും ഈശ്വരന്‍മാത്രം സത്യം. മറ്റെല്ലാം അസത്യം. മറ്റെല്ലാം ഈശ്വരനുവേണ്ടി തിരസ്കരിക്കണം. വ്യര്‍ത്ഥതകളില്‍ വ്യര്‍ത്ഥത. സര്‍വ്വം വ്യര്‍ത്ഥത. ഈശ്വരനെ സേവിക്കുവിന്‍, അവിടുത്തെമാത്രം.