സ്വാമി വിവേകാനന്ദന്‍

കയ്യിലൊരു വടിയുമായി നിങ്ങളെ ശാസിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരീശ്വരനില്ലെങ്കില്‍ നിങ്ങള്‍ക്ക് സദാചാരനിഷഠനാവുക സാധ്യമല്ലെന്നു ദ്വൈതി വിചാരിക്കുന്നു. ഇതെങ്ങനെ? നിത്യവും ചാട്ടകൊണ്ടു അടി വാങ്ങിശ്ശീലിച്ചിട്ടുള്ള, അടി കിട്ടാതെ മുന്നോട്ടു നീങ്ങാത്ത, ഒരു കിഴവന്‍വണ്ടിക്കുതിരക്ക് സദാചാരനിഷ്ഠയെപ്പറ്റി നമ്മോടു ഒരു പ്രസംഗം ചെയ്യേണ്ടിവരുന്നുവെന്നു വിചാരിക്കുക. മനുഷ്യരുടെ കാര്യം പരാമര്‍ശിച്ചുകൊണ്ടാവാം അവന്‍ തുടങ്ങുക. മനുഷ്യരെല്ലാം വളരെ അസന്മാര്‍ഗ്ഗികളാണെന്ന് അവന്‍ പറയും. എന്തുകൊണ്ടെന്നു ചോദിച്ചാല്‍, ‘അവര്‍ക്ക് പതിവായി ചാട്ടകൊണ്ട് അടികൊള്ളാറില്ലെന്ന് എനിക്കറിയാം’ എന്നാവും അവന്‍ സമാധാനം പറയുക. ചാട്ടയെക്കുറിച്ചുള്ള ഭയം ഒരുവനെ കൂടുതല്‍ അസാന്മാര്‍ഗ്ഗിയാക്കുകയേ ഉള്ളു.

ഈശ്വരനുണ്ടെന്നും അവന്‍ സര്‍വ്വവ്യാപിയാണെന്നും നിങ്ങളെല്ലാവരും പറയുന്നു. കണ്ണടച്ച് അങ്ങനെയൊന്നു സങ്കല്‍പ്പിച്ചുനോക്കുവിന്‍ എന്താണനുഭവം? സര്‍വ്വവ്യാപിത്വത്തെപ്പറ്റി സങ്കല്‍പ്പിക്കാനുള്ള ശ്രമത്തില്‍, സമുദ്രത്തിന്റെയോ ആകാശത്തിന്റെയോ ഒരു വിശാലഭൂപ്പരപ്പിന്റെയോ അതുപോലെ നിങ്ങള്‍ കണ്ടിട്ടുള്ള മറ്റേതെങ്കിലും വസ്തുവിന്റെയോ പ്രതിരൂപമാവും നിങ്ങളുടെ മനസ്സില്‍ വരിക. ഇതാണ് വസ്തുതയെങ്കില്‍ സര്‍വ്വവ്യാപിയായ ഈശ്വരനെന്നുള്ള നിങ്ങളുടെ പറച്ചിലിന് ഒരര്‍ത്ഥവുമില്ല. നിങ്ങളെസ്സംബന്ധിച്ച് അതു യാതൊരാശയവും വഹിക്കുന്നില്ല. ഈശ്വരന്റെ മറ്റു ധര്‍മ്മങ്ങളുടെ കാര്യവും ഇതുപോലെതന്നെ. സര്‍വ്വശക്തിത്വത്തെപ്പറ്റിയോ, സര്‍വ്വജ്ഞത്വത്തെപ്പറ്റിയോ നമുക്കെന്താശയമാണുള്ളത്? ഒന്നുമില്ല. മതം അനുഭൂതിയാണ്. ഈശ്വരതത്ത്വം സ്വാനുഭവപ്പെടുത്താന്‍ കഴിവുള്ളവരാകുമ്പോഴേ ഞാന്‍ നിങ്ങളെ ഈശ്വരാരാധകരായി എണ്ണൂ. അതിനുമുമ്പു വെറും ശബ്ദോച്ചാരകര്‍ മാത്രം. സാക്ഷാല്‍ക്കാരത്തിന്റെ ഈ കഴിവാണ് മതം. വിശ്വാസങ്ങളോ തത്ത്വശാസ്ത്രങ്ങളോ നീതിശാസ്ത്രങ്ങളോ എത്രമാത്രം തലയിലേറ്റിയാലും അതുകൊണ്ടൊന്നും പ്രയോജനമില്ല-നിങ്ങള്‍ എന്തായിട്ടുണ്ടോ എന്തനുഭൂതി നേടിയിട്ടുണ്ടോ അതുമാത്രമേ കാര്യമായിട്ടുള്ളു.

മായയുടെ മൂടലില്‍ക്കൂടി കാണപ്പെടുന്ന കേവലം തന്നെയാണ് സഗുണേശ്വരന്‍. നാം അവനെ പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി സമീപിക്കുമ്പോള്‍, സഗുണേശ്വരനായിട്ടേ കാണാന്‍ കഴിയൂ. ആത്മാവിനെ (ജ്ഞാതാവിനെ) ജ്ഞേയമാക്കാന്‍ സാധിക്കില്ലെന്നതാണ് ഇവിടത്തെ ആശയം. ജ്ഞാതാവിനു തന്നെത്തന്നെ എങ്ങനെ അറിയാനൊക്കും? എന്നാല്‍, അതിനു സ്വന്തം ഛായപോലൊന്നിനെ ക്ഷേപിക്കുവാന്‍ സാധിക്കും-അതിനെ ജ്ഞേയീകരണമെന്നു പറയാമെങ്കില്‍ അങ്ങനെ. ആ ഛായയുടെ, അതായത്, തന്നെത്താന്‍ ജ്ഞേയമാക്കാനുള്ള ശ്രമത്തിന്റെ, ഏറ്റവും സമുന്നതമായ രൂപമത്രേ സഗുണേശ്വരന്‍. ആത്മാവ് നിത്യജ്ഞാതാവാണ്. ആ ആത്മാവിനെ ജ്ഞേയമാക്കാന്‍ നാം ഉള്ള കാലമത്രയും ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. ആ ശ്രമത്തിന്റെ ഫലമായത്രേ ഈ ദൃശ്യപ്രപഞ്ചവും ജഡദ്രവ്യമെന്നു പറയുന്നതും മറ്റും ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം ദുര്‍ബ്ബലശ്രമങ്ങളാണ്. ആത്മാവിന്റെ, നമുക്ക് സാദ്ധ്യമായിട്ടുള്ളതിലേക്കും പരമോച്ചമായ ജ്ഞേയീകരണം സഗുണേശ്വരനത്രേ. ഈ ജ്ഞേയീകരണം നമ്മുടെ സ്വന്തം സ്വരൂപത്തെ അഭിവ്യക്തമാക്കാനുള്ള യത്നമാണ്. സാംഖ്യമതപ്രകാരം, പ്രകൃതി ഈ അനുഭവങ്ങളെല്ലാം ആത്മാവിനു കാണിച്ചുകൊടുക്കുകയാണ്. ആത്മാവിനു സത്യമായ അനുഭവമുണ്ടാകുമ്പോള്‍ സ്വസ്വരൂപത്തെക്കുറിച്ച് അറിയുകയും ചെയ്യാം. അദ്വൈതവേദാന്തമനുസരിച്ച്, ആത്മാവ് സ്വയം അഭിവ്യക്തമാക്കാന്‍ ശ്രമപ്പെടുന്നു. ദീര്‍ഘകാലത്തെ ക്ളേശകരമായ ശ്രമത്തിനുശേഷം ജ്ഞാതാവു സര്‍വ്വകാലവും ജ്ഞാതാവായിത്തന്നെ ഇരിക്കുമെന്നു അതിനു ബോധപ്പെടുന്നു. അപ്പോള്‍ അനാസക്തി ഉണ്ടാവുകയും തല്‍ഫലമായി ആത്മാവ് മുക്തമാവുകയും ചെയ്യുന്നു.

ആ പൂര്‍ണ്ണാവസ്ഥയിലെത്തിയവന്‍ സഗുണേശ്വരനോടു സമാനരൂപനായിരിക്കും. ‘ഞാനും എന്റെ പിതാവും ഒന്നത്രേ’. താന്‍ ബ്രഹ്മത്തില്‍നിന്ന് അഭിന്നനാണെന്ന് അയാളറിയുന്നു. അനന്തരം സഗുണേശ്വരന്‍ ചെയ്യുന്നതുപോലെ, തന്നെത്തന്നെ സര്‍ജ്ജനം ചെയ്യുന്നു. അതിപ്രതാപശാലികളായ ചില ചക്രവര്‍ത്തിമാര്‍പോലും ചിലപ്പോള്‍ പാവകളെക്കൊണ്ടു കളിച്ചേയ്ക്കാവുന്നതുപോലെ, അയാള്‍ ലീലചെയ്യുന്നു.

ചിലതരം ഭാവനകള്‍ ഇതരഭാവനകളുടെ കെട്ടറുക്കാനുതകുന്നു. പ്രപഞ്ചം മുഴുവന്‍ ഭാവനാമയമാണ്. എന്നാല്‍ ഒരു കൂട്ടം ഭാവന മറ്റൊരു കൂട്ടം ഭാവനയെ ഉപശമിപ്പിക്കും. ലോകത്ത് പാപവും ദുഃഖവും മരണവും മറ്റുമുണ്ടെന്നു പ്രഖ്യാപിക്കുന്ന ഭാവനകള്‍ ഭയാനകമാണ്. എന്നാല്‍ ‘നീ പവിത്രനാണ്. ഈശ്വരനുണ്ട്. ദുഃഖത്തിനു വകയില്ല’ എന്നിങ്ങനെ പറയുന്ന മറ്റേത്തരം ഭാവനകള്‍ ഗുണങ്ങളാണ്, മറ്റു ബന്ധനങ്ങളെ ഛേദിക്കുവാന്‍ സഹായവുമാണ്. ചങ്ങലയുടെ എല്ലാ കണ്ണികളേയും പൊട്ടിക്കാന്‍ മതിയായ ഉച്ചതമമായ ഭാവന സഗുണേശ്വരന്റേതത്രേ.

‘ഭഗവാനേ, നാഥാ, എന്റെ ഈ സാധനമൊന്നു സൂക്ഷിച്ചു കൊള്ളണേ. ആ സാധനം എനിക്കു കിട്ടുമാറാക്കണേ. എന്റെ ഈ ചെറിയ പ്രാര്‍ത്ഥന ഞാനങ്ങോട്ടു തരാം. പകരം അങ്ങു നിത്യവൃത്തിക്ക് അത്യാവശ്യമായ ഇതു ഇങ്ങോട്ടു തരണേ, എന്റെ തലവേദന ഭേദമാക്കണേ’ എന്നും മറ്റും പറയുന്നതു ഭക്തിയല്ല. അവ മതത്തിന്റെ ഏറ്റവും താണ പടികളാണ്. കര്‍മ്മത്തിന്റെ ഇങ്ങേയറ്റത്തെ രൂപങ്ങള്‍, ഒരുവന്‍ തന്റെ മാനസികശക്തികള്‍ മുഴുവന്‍ സ്വശരീരത്തേയും ശരീരാവശ്യങ്ങളേയും തൃപ്തിപ്പെടുത്താന്‍ വിനിയോഗിക്കയാണെങ്കില്‍, അയാളും മൃഗവും തമ്മിലെന്തു വ്യത്യാസം? ഭക്തി വളരെ ഉത്കൃഷ്ടമായ ഒരു വസ്തുവാണ്. സ്വര്‍ഗ്ഗേച്ഛയെക്കാളും ഉന്നതതരമായ ഒന്ന്. കനപ്പെട്ട ഭോഗാസ്വദനങ്ങളുടെ ആസ്ഥാനമായിട്ടാണല്ലേ. സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്‍പ്പം. അതെങ്ങനെ ഈശ്വരനാകും?

മൂഢന്മാര്‍ മാത്രമാണ് വിഷയസുഖങ്ങളുടെ പിന്നാലെ പായുന്നത്. ഇന്ദ്രിയജീവിതം എളുപ്പമാണ്. പണ്ടേ ശീലിച്ചുപോന്ന ചര്യകളില്‍ തുടരാന്‍, തിന്നും കുടിച്ചും കഴിയാന്‍, വളരെ എളുപ്പം. എന്നാല്‍ ചില ആധുനികതത്ത്വചിന്തകന്മാര്‍ നിങ്ങളോടുപദേശിക്കാന്‍ വരുന്നത്, ഈ സുഖജീവിതാശയങ്ങളെടുത്ത് അവയുടെ മേല്‍ മതത്തിന്റെ മുദ്രകുത്താനാണ്. ഈ അഭിപ്രായഗതി ആപത്കരമത്രേ. ഇന്ദ്രിയങ്ങളില്‍ മരണം കുടികൊള്ളുന്നു. ആദ്ധ്യാത്മികജീവിതംമാത്രമാണ് യഥാര്‍ത്ഥജീവിതത്തെ മറ്റേതു തരത്തിലുള്ള ജീവിതവും കേവലം മരണംതന്നെ. ഈ ജീവിതം മുഴുവനേയും ഒരു കളരിയായി ചിത്രീകരിക്കാനേ നിവൃത്തിയുള്ളു. യഥാര്‍ത്ഥജീവിതം ആസ്വദിക്കണമെങ്കില്‍ നാം ഇതിനപ്പുറം പോകണം.

‘തൊട്ടുകൂടായ്മ’ നിങ്ങളുടെ വിശ്വാസപ്രമാണവും ‘വെപ്പുപാത്രം’ നിങ്ങളുടെ ഉപാസനാമൂര്‍ത്തിയുമായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്കു ആദ്ധ്യാത്മികമായ ഉയര്‍ച്ചയുണ്ടാവില്ല. മതവും മതവും തമ്മിലുള്ള നിസ്സാരഭിന്നതകളെല്ലാം വെറും വാക്കുകളെക്കുറിച്ചുള്ള കലഹങ്ങളാണ്. ശുദ്ധമേ അസംബന്ധങ്ങള്‍. ‘ഇതെന്റെ സ്വന്തം നൂതനാശയമാണ്’ എന്നു ഓരോരുത്തനും വിചാരിക്കുന്നു. എന്നിട്ട് താനിഷ്ടപ്പെടുന്ന വഴിക്കു കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മത്സരങ്ങളുണ്ടാകുന്നതും.

അന്യരെ വിമര്‍ശിക്കുമ്പോള്‍, ആലോചനയില്ലാതെ നാം നമ്മുടെ ജീവിതത്തിലെ ശോഭായമാനമായ ഒരംശമെടുത്ത് അതിനെ നമ്മുടെ ജീവിതം മുഴുവനായി ഗണിച്ച് അന്യന്റെ ജീവിതത്തിലെ ഇരുണ്ട ഒരംശത്തോടു താരതമ്യപ്പെടുത്തുന്നു. ഇങ്ങനെ വ്യക്തികളെപ്പറ്റി തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ നാം തെറ്റുകള്‍ വരുത്തുന്നു.

മതഭ്രാന്തും മതദ്വേഷവുംകൊണ്ട് ഒരു മതം വളരെ വേഗം പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നള്ളതിനു സംശയമില്ല. എന്നാല്‍, ഗതി മന്ദമായാലും എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പുലര്‍ത്താനുള്ള സ്വാതന്ത്യ്രം നല്‍കി, അങ്ങനെ ആളുകളെ ഉയര്‍ന്ന ഒരു വഴിയിലേക്കു നയിക്കുന്ന രീതിയിലുള്ള മതപ്രചാരണമേ ശരിയായ അസ്തിവാരത്തില്‍ ഉറപ്പിക്കപ്പെട്ടതാവൂ.

ആദ്യം രാജ്യത്തെയാകെ ആദ്ധ്യാത്മികാശയങ്ങളെക്കൊണ്ടു പ്ളാവനം ചെയ്യുക. മറ്റെല്ലാം അതിന്‍പുറകെ വന്നുകൊള്ളും. ആദ്ധ്യാത്മികതയുടേയും ആത്മജ്ഞാനത്തിന്റേയും ദാനമാണ് അതിശ്രേഷ്ഠമായ ദാനം. എന്തെന്നാല്‍, അതു ഒരുവനെ അനേകമനേകം ജന്മങ്ങളില്‍നിന്നു ത്രാണനം ചെയ്യുന്നു. അതു കഴിഞ്ഞാല്‍ ലൌകികജ്ഞാനദാനം-അത് ആത്മജ്ഞാനത്തിലേക്കു നയിക്കുമാറ് മനുഷ്യരുടെ കണ്ണു തുറക്കുന്നതുകൊണ്ട്. പിന്നീട് പ്രാണരക്ഷ, നാലാമത് അന്നദാനം.

സാധനകള്‍ അഭ്യസിക്കകൊണ്ടു ശരീരം നശിക്കുന്നെങ്കില്‍ നശിക്കട്ടെ. അതുകൊണ്ടെന്ത്? നിരന്തരസാധുസംഗംകൊണ്ടു കാലം പൂര്‍ത്തിയാകുമ്പോള്‍, ആത്മസാക്ഷാല്‍ക്കാരം സിദ്ധിക്കും. കുറച്ചു പുകയില തയ്യാറാക്കിക്കൊടുത്തുപോലും ഒരു മനുഷ്യനെ പരിസേവനം ചെയ്യുന്നത്, ലക്ഷോപലക്ഷം ധ്യാനത്തെക്കാള്‍ വളരെ വലുതാണെന്ന് ഒരു കാലത്തു മനസ്സിലാകും. കുറച്ചു പുകയില ശരിക്കും തയ്യാറാക്കാന്‍ കഴിവുള്ളവനു ശരിക്കു ധ്യാനിക്കാനും കഴിയും.

ദേവന്മാര്‍ വളരെ പുരോഗമിച്ചിട്ടുള്ള പരേതന്മാര്‍ മാത്രമാണ്. നമുക്ക് അവരുടെ സഹായം ലഭിക്കാന്‍ കഴിയും.

എല്ലാവര്‍ക്കും ആചാര്യനാകാന്‍ കഴിയില്ല, എന്നാല്‍ പലര്‍ക്കും മുക്തന്മാരാകാം. മുക്തന്മാര്‍ക്ക് പ്രപഞ്ചം മുഴുവന്‍ ഒരു സ്വപ്നംപോലെ തോന്നും. എന്നാല്‍ ആചാര്യന്‍ രണ്ടവസ്ഥകള്‍ക്കും മദ്ധ്യേ നിലകൊള്ളേണ്ടിയിരിക്കുന്നു. അവിടുത്തേയ്ക്കു ലോകം സത്യമാണെന്ന അറിവുണ്ടായിരിക്കണം-അല്ലാത്തപക്ഷം, അവിടുന്നു എന്തിന് അന്യരെ പഠിപ്പിക്കണം?

ഇനി, ഈ ലോകം സ്വപ്നമാണെന്നു സാക്ഷാല്‍കരിച്ചിട്ടില്ലെങ്കില്‍, അവിടുന്ന് ഒരു സാധാരണമനുഷ്യനെക്കാള്‍ ഉപരിയല്ല. അപ്പോള്‍ പിന്നെ എന്തു പഠിപ്പിക്കാനാണ്? ഗുരുവിന് ശിഷ്യന്റെ പാപച്ചുമടു വഹിക്കേണ്ടതുണ്ട്. ഇതുകൊണ്ടാണ്, മഹാശക്തന്മാരായ ആചാര്യന്മാരുടെ ശരീരത്തില്‍പ്പോലും രോഗങ്ങളും മറ്റു പീഡകളും ഉണ്ടായിക്കാണുന്നത്. അവിടുന്ന് അപൂര്‍ണ്ണനാണെങ്കില്‍, അവ തന്റെ മനസ്സിനെക്കൂടി ആക്രമിക്കുകയും അങ്ങനെ താന്‍ അധഃപതിക്കുകയും ചെയ്യുന്നു. അതിനാല്‍, ആചാര്യനാകുകയെന്നുള്ളതു വളരെ ദുഷ്കരമായ കാര്യമത്രേ. ജീവന്മുക്തനാകുകയെന്നതു ആചാര്യനാകുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്.

ജീവന്മുക്തന്‍ ഈ ലോകം സ്വപ്നമാണെന്നറിയുന്നതിനാല്‍, അയാള്‍ക്ക് അതുമായി ഒരിടപാടുമില്ല. ആചാര്യനാകട്ടെ, അതു സ്വപ്നമാണെന്നറിഞ്ഞിട്ടും, തുടര്‍ന്ന്, അതില്‍ത്തന്നെ ഇരുന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആചാര്യനാകാന്‍ എല്ലാവര്‍ക്കും വയ്യ. ഈശ്വരശക്തി ആരില്‍ക്കൂടി പ്രവര്‍ത്തിക്കുന്നുവോ അവിടുന്നാണാചാര്യന്‍. ആചാര്യന്റെ ശരീരം മറ്റു ശരീരങ്ങളില്‍നിന്നു വളരെ വ്യത്യാസപ്പെട്ടതാണ്. ആ ശരീരം അന്യൂനമായ അവസ്ഥയില്‍ സൂക്ഷിക്കാന്‍ ഒരു ശാസ്ത്രമുണ്ട്. അവിടുത്തെ ശരീരക്കൂറ് ഏറ്റവും മൃദുലവും അത്യന്തം വികാരലോലവുമാകുന്നു. ഉല്‍ക്കടമായ ആനന്ദവും ഉല്‍ക്കടമായ വ്യഥയും അനുഭവപ്പെടുവാന്‍ പോന്നതാണ് അവിടുത്തെ ശരീരഘടന. അവിടുന്ന് അസാധാരണനാണ്.

ഏതു ജീവിതമണ്ഡലത്തിലും അന്തര്‍വര്‍ത്തിയായ പുരുഷനാണ് വിജയിക്കുന്നതെന്നും, വ്യക്തിപ്രഭാവമാണ് എല്ലാ വിജയത്തിന്റെയും രഹസ്യമെന്നും നാം കാണുന്നു.

നദിയയില്‍ അവതരിച്ച ഭഗവാന്‍ ശ്രീകൃഷ്ണചൈതന്യനിലെന്നപോലെ അത്രയധികം സമുന്നതമായ ഭക്തിഭാവവികസനം മറ്റെങ്ങും കണ്ടിട്ടില്ല.

ശ്രീരാമകൃഷ്ണന്‍ ഒരു ശക്തിയാണ്. അവിടുത്തെ ഉപദേശസാരം ഇതോ അതോ മാത്രമാണെന്നു നിങ്ങള്‍ വിചാരിക്കരുത്. എന്നാല്‍, അവിടുന്ന് ഇന്നും സ്വശിഷ്യന്മാരില്‍ നിവസിച്ചുകൊണ്ട് ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയാണ്. അവിടുത്തെ ആശയങ്ങളില്‍ അവിടുന്നു വളരുന്നതു ഞാന്‍ കണ്ടു. അവിടുന്നു ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. ശ്രീരാമകൃഷ്ണന്‍ ജീവന്മുക്തനും ആചാര്യനും രണ്ടുമായിരുന്നു.