ഭക്തിയോഗപാഠങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.
നാം രാജയോഗവും കായികാഭ്യാസമുറകളുമാണ് ഇതുവരെ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഇനി ഭക്തിയോഗത്തെപ്പറ്റി ചിന്തിക്കാം. എന്നാല്‍ ഇന്നു ഒരു യോഗം കൂടിയേ കഴിയൂ എന്നില്ലെന്നു നിങ്ങളോര്‍ക്കണം. പല മാര്‍ഗ്ഗങ്ങളും പല ആദര്‍ശങ്ങളും നിങ്ങളുടെ മുമ്പില്‍ വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകളില്‍നിന്നു നിങ്ങള്‍ക്കു യോജിച്ചതു തിരഞ്ഞെടുക്കാമല്ലോ. ഒന്നു യോജിച്ചതല്ലെങ്കില്‍ മറ്റൊന്നു കണ്ടേയ്ക്കും.
നമ്മുടെ പ്രകൃതിയുടെ മാനസികവും ആദ്ധ്യാത്മികവും മേധാപരവും കര്‍മ്മപരവുമായ വശങ്ങള്‍ ഒപ്പം വികസിച്ചു ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയാണ് നമുക്കാവശ്യം. വ്യക്തിയും ജനസമൂഹവും ഇവയില്‍ ഏതെങ്കിലുമൊരു ഭാവത്തിന്റെ വ്യഞ്ജകമായിരിക്കും-അതൊഴികെയുള്ളവ മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. അവര്‍ ഒരാദര്‍ശത്തില്‍ അത്രമാത്രം പരിചയിച്ചുപോയതുകൊണ്ട് മറ്റൊന്നും അവര്‍ക്കു കാണാന്‍ കഴിയുന്നില്ല. വാസ്തവത്തില്‍ നാം ബഹുമുഖന്മാരായിത്തീരണമെന്നാണ് ആദര്‍ശം. നാമെല്ലാവരും അത്ര കൂടിയ തോതില്‍ ഏകമുഖരാകുകനിമിത്തം പരസ്പരം സഹാനുഭൂതിയില്ലാത്തവരായിത്തീരുന്നതാണ്. ലോകത്തിലെ കഷ്ടപ്പാടുകളുടെ യഥാര്‍ത്ഥനിദാനം, ഒരാള്‍ ഭൂമിക്കടിയില്‍ നിന്ന് ഒരു ഖനിയുടെ തുരങ്കത്തിലൂടെ സൂര്യനെ നോക്കുന്നുവെന്നു വിചാരിക്കുക. അയാള്‍ സൂര്യനെ ഒരു ഭാവത്തില്‍ കാണുന്നു. മറ്റൊരു മനുഷ്യന്‍ ഭൂതലത്തില്‍നിന്നും, വേറൊരാള്‍ മൂടല്‍മഞ്ഞില്‍ക്കൂടിയും പിന്നൊരുവന്‍ പര്‍വ്വതശിഖരത്തില്‍നിന്നും സൂര്യനെ നോക്കുന്നുവെന്നിരിക്കട്ടെ. ഓരോരുത്തനും സൂര്യന്‍ ഓരോ ഭിന്നരൂപത്തിലാണ് ദൃശ്യമാകുക. ഇങ്ങനെ പലവിധത്തില്‍ കാണപ്പെടുന്നുവെങ്കിലും സൂര്യന്‍ ഒന്നേയുള്ളു. ദര്‍ശനവൈവിധ്യമുണ്ടെങ്കിലും വസ്തു ഒന്നുമാത്രം, അതു സൂര്യനാണ്.
ഓരോരുത്തനും അവരവരുടെ പ്രകൃതമനുസരിച്ച് ഓരോരോ മാനസിക പ്രവണതകളാണുള്ളത്. അതിന്‍പ്രകാരം ചില ആദര്‍ശങ്ങള്‍ കൈക്കൊള്ളുകയും അവയെ പ്രാപിക്കാനായി ഒരു വിശേഷമാര്‍ഗ്ഗം അവലംബിക്കുകയും ചെയ്യുന്നു. ലക്ഷ്യം എല്ലാവര്‍ക്കും ഒന്നുതന്നെ. റോമന്‍കത്തോലിക്കന്ന് ആദ്ധ്യാത്മികതയുണ്ട്. അതിന്ന് ആഴവുമുണ്ട്. എന്നാല്‍ അയാളുടെ വിശാലത്വം പോയിരിക്കുന്നു. യൂണിറ്റേറിയന്നു വിശാലത്വമുണ്ട്. എന്നാല്‍ അയാളുടെ ആദ്ധ്യാത്മികത പോയിരിക്കുന്നു. അയാള്‍ മതത്തിനു വികലപ്രാധാന്യമേ കല്‍പ്പിക്കുന്നുള്ളു. റോമന്‍കത്തോലിക്കന്റെ ആഴവും യൂണിറ്റേറിയന്റെ വിശാലത്വവും ഒരുമിച്ചാണ് നമുക്കു വേണ്ടത്. നാം ആകാശത്തെപ്പോലെ വിശാലവും സമുദ്രത്തെപ്പോലെ അഗാധവുമാകണം. മതഭ്രാന്തന്റെ കാര്യവ്യഗ്രതയും ധ്യാനിയുടെ അഗാധതയും അജ്ഞേയവാദിയുടെ വിശാലത്വവും നമുക്കു വേണം. ഉദ്ധതനായ മനുഷ്യന്റെ കാര്യത്തില്‍ ‘സഹിഷ്ണുത’ എന്ന പദത്തിന് അരോചകമായ ഒരര്‍ത്ഥസാഹചര്യമാണ് വന്നുകൂടിയിരിക്കുന്നത്. താന്‍ വളരെ ഉയരെ സ്ഥിതിചെയ്യുന്നുവെന്നു സ്വയം ചിന്തിച്ച് സമസൃഷ്ടങ്ങളുടെ മേല്‍ ദയാദൃഷ്ടി ചൊരിയുകയാണ് അയാള്‍ ചെയ്യുന്നത്. ഇതു വളരെ ഭയാനകമായ ഒരു മാനസികാവസ്ഥയാണ്. നാമെല്ലാവരും ഒരേ ലക്ഷ്യത്തെ ലാക്കാക്കി യാത്രചെയ്യുന്നവരാണ്. വിവിധമനസ്സുകള്‍ക്കു യോജിക്കുമാറ് പരിസ്ഥിതിവ്യത്യാസമനുസരിച്ച് ഉണ്ടായിട്ടുള്ള വിവിധമാര്‍ഗ്ഗങ്ങളെ നാം പിന്തുടരുന്നുവെന്നേയുള്ളു. നാം വിവിധഭാവരാകേണ്ടിയിരിക്കുന്നു. ഭിന്നാഭിപ്രായങ്ങളെ സഹിക്കുകമാത്രമല്ല, അവയോടു സഹഭാവമുള്‍ക്കൊണ്ട്, മറ്റാളുകളുടെ മാര്‍ഗ്ഗത്തെ മനസ്സിലാക്കി അവരുടെ ഈശ്വരാന്വേഷണത്തിലും അഭിലാഷങ്ങളിലും പങ്കുകൊള്ളത്തക്കവണ്ണം നമ്മുടെ പ്രകൃതം വിവിധഭാവവിശാലമാവണം. ഏതു മതത്തിലും സാധകം ബാധകം എന്ന രണ്ടുഘട്ടങ്ങളുണ്ട്. ഉദാഹരണത്തിന്, ക്രിസ്തുമതത്തില്‍ നിങ്ങള്‍ അവതാരത്തെപ്പറ്റിയും ത്രിത്വത്തെപ്പറ്റിയും ക്രിസ്തുവിലൂടെയുള്ള ‘രക്ഷ’യെപ്പറ്റിയും പറയുമ്പോള്‍ നാം നിങ്ങളോടു യോജിക്കുന്നു. ‘വളരെ നല്ലത്, അതു ശരിയാണെന്നു ഞാനും വിശ്വസിക്കുന്നു’ എന്നു പറയാന്‍ എനിക്കു സാധിക്കും. എന്നാല്‍ തുടര്‍ന്നു ‘ഇതൊഴിച്ചു മറ്റു ശരിയായ മതമില്ല, ഇതൊഴിച്ച് മറ്റ് ഈശ്വരാവിഷ്കരണം ഉണ്ടായിട്ടില്ല’ എന്നു നിങ്ങള്‍പറയുമ്പോള്‍, ‘നിര്‍ത്തുക, നിങ്ങള്‍ അങ്ങനെ വാതിലടയ്ക്കുമ്പോള്‍, നിഷേധിക്കുമ്പോള്‍, നിങ്ങളോട്, എനിക്കു യോജിക്കാന്‍ വയ്യ’ എന്ന് ഞാന്‍ പറയും. ഓരോ മതത്തിനും ഓരോ സന്ദേശമുണ്ട്. മനുഷ്യനെ പഠിപ്പിക്കാന്‍ എന്തെങ്കിലുമൊന്നുണ്ട്. അതു പ്രതിഷേധിക്കാന്‍ തുടങ്ങുമ്പോള്‍, മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുമ്പോള്‍, ബാധകവും അക്കാരണത്താല്‍ അപകടകരവുമായ നിലപാടു കൈക്കൊള്ളുന്നു. അപ്പോള്‍, എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ അതിനറിഞ്ഞുകൂടാതെയും വരുന്നു.
ഏതുതരം ശക്തിയും ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു. മനുഷ്യന്‍ എന്ന ശക്തി അനന്തനായ ഈശ്വരനില്‍നിന്നുത്ഭവിക്കുന്നു. അത് ഈശ്വരനിലേക്കു മടങ്ങുകയും വേണം. ഈശ്വരനിലേക്കുള്ള ഈ മടക്കം രണ്ടിലൊരു മാര്‍ഗ്ഗത്തിലൂടെയാണ് സാധിക്കേണ്ടത്. ഒന്നുകില്‍ പ്രകൃതിയോടൊപ്പം സാവധാനത്തില്‍ നീങ്ങിക്കൊണ്ടുള്ള മടക്കം. നിരോധിക്കാതെ വിട്ടാല്‍ പ്രകൃത്യനുസരണമായ ഗതി ഒരു വൃത്തം പൂര്‍ത്തിയാക്കി, മനുഷ്യാത്മാവിനെ ഒടുവില്‍ ഈശ്വരനിലെത്തിക്കും. അല്ലെങ്കില്‍, നമ്മുടെ ആന്തരമായ ശക്തിയുപയോഗിച്ച് മാര്‍ഗ്ഗമദ്ധ്യേവെച്ചു പെട്ടെന്നു പിന്തിരിഞ്ഞ്, ഒരു കുറുക്കുവഴിക്കെന്നവണ്ണം ഈശ്വരനെ അചിരേണ കണ്ടെത്തുന്നു. ഇതാണ് യോഗി ചെയ്യുന്നത്.
ഏതു മനുഷ്യനും സ്വപ്രകൃതിയ്ക്കൊത്ത സ്വന്തം ആദര്‍ശം തിരഞ്ഞെടുക്കേണ്ടതാണെന്നു പറഞ്ഞുവല്ലോ. ഈ ആദര്‍ശമാണ് മനുഷ്യന്റെ ‘ഇഷ്ടം’ എന്നു പറയുന്നത്. ഇതു പാവനമായ-അതിനാല്‍ പരമരഹസ്യമായി-സൂക്ഷിക്കപ്പെടേണ്ടതാണ്. നിങ്ങള്‍ ഈശ്വരാരാധന നടത്തുമ്പോള്‍ നിങ്ങളുടെ ഇഷ്ടാദര്‍ശപ്രകാരം നടത്തുക. നമുക്കു യോജിച്ച വിശേഷമാര്‍ഗ്ഗം കണ്ടെത്തേണ്ടതെങ്ങനെ? അതു വളരെ പ്രയാസമാണ്. എന്നാല്‍ നിങ്ങള്‍ നിഷ്ഠയോടെ ആരാധന തുടരുമ്പോള്‍, അതു താനേ വ്യക്തമായിക്കൊള്ളും. മൂന്നു വസ്തുക്കള്‍ മനുഷ്യന്ന് ഈശ്വരന്റെ വിശേഷദാനങ്ങളാണ്- മനുഷ്യശരീരം, മുക്തിക്കുള്ള അഭിലാഷം, മുക്തപുരുഷന്റെ സഹായലബ്ധി. ഒരു സഗുണേശ്വരന്റെ അഭാവത്തില്‍ നമുക്കു ഭക്തിയുണ്ടാവുക സാദ്ധ്യമല്ല. പ്രേമത്തിനു പ്രേമിയും പ്രേഷ്ഠനും ഉണ്ടായിരിക്കണം, ഈശ്വരന്‍ അനന്തീകൃതനായ ഒരു മനുഷ്യസത്ത്വമാണ്. അത് അങ്ങനെയാകാനേ തരമുള്ളു. എന്തെന്നാല്‍ നാം മനുഷ്യരായിരിക്കുന്നിടത്തോളം, നമുക്കു മാനുഷീകരിക്കപ്പെട്ട ഒരീശ്വരന്‍തന്നെവേണം. ഒരു പുരുഷവിധനായ ഈശ്വരനെ കാണാന്‍ നാം നിര്‍ബ്ബദ്ധരാകുന്നു. അവനെമാത്രം, നാം ഈ ലോകത്തു കാണുന്നതൊന്നും ശുദ്ധമായും കേവലമായുമുള്ള വസ്തുക്കളല്ലെന്നോര്‍മ്മിക്കുക-വസ്തുക്കളോടു നമ്മുടെ മനസ്സു കൂടിച്ചേര്‍ന്നതാണ് കസേരയും, അതു നിങ്ങളുടെ മനസ്സിലുളവാക്കുന്ന പ്രതികരണവും ചേര്‍ന്നതാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാണുന്ന കസേര. എതൊന്നിലും നിങ്ങളുടെ മനസ്സിന്റെ നിറംകൂടി കലര്‍ത്തണം. അതിനുശേഷമേ നിങ്ങള്‍ക്കതു കാണാന്‍ കഴിയൂ. (ഉദാഹരണം, വെളുത്ത, ചതുരത്തിലുള്ള, തിളങ്ങുന്ന, കട്ടിയുള്ള ഒരു പെട്ടി യഥാക്രമം മൂന്നും നാലും അഞ്ചും ഇന്ദ്രിയങ്ങളുള്ള ഓരോ മനുഷ്യന്‍ കാണുന്നു എന്നിരിക്കട്ടെ. ഒടുവിലത്തെ മനുഷ്യന്‍മാത്രമേ ആ പെട്ടിയ്ക്കു പറയപ്പെട്ട വിശേഷണങ്ങളെല്ലാം ഗ്രഹിക്കുന്നുള്ളു. ഓരോരുത്തനും അവനവന്റെ മുന്‍ഗാമിയെക്കാള്‍ ഓരോ ഗുണവിശേഷം കൂടുതല്‍ ഗ്രഹിക്കുന്നു. ഇനി ആറിന്ദ്രിയമുള്ള ഒരാള്‍ അതേ പെട്ടി കാണുന്നുവെന്നിരിക്കട്ടെ, അയാള്‍ മറ്റാരും കാണാത്ത ഒരു ഗുണവിശേഷംകൂടി അതില്‍ കാണും.)
ഞാന്‍ പ്രേമവും ജ്ഞാനവും കാണുന്നതുകൊണ്ട് ‘സമഷ്ടികാരണം’ ആ പ്രേമവും ജ്ഞാനവും അഭിവ്യക്തമാക്കുന്നെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നില്‍, പ്രേമമുളവാക്കുന്ന ആ വസ്തു എങ്ങനെ പ്രേമരഹിതമാകാനൊക്കും? സമഷ്ടികാരണത്തെ മനുഷ്യധര്‍മ്മങ്ങളില്ലാതെ ചിന്തിക്കാന്‍ നമുക്കാവില്ല. ആദ്യപടിയെന്ന നിലയില്‍ പ്രപഞ്ചത്തില്‍ ഈശ്വരനെ നമ്മില്‍നിന്നു വ്യതിരിക്തനായി കാണേണ്ടിയിരിക്കുന്നു. ഈശ്വരദര്‍ശനം മൂന്നുതരത്തിലുണ്ട്. ഈശ്വരനു നമ്മെപ്പോലെ ശരീരം ഉള്ളതായി തോന്നിക്കുന്ന ഏറ്റവും താണതരം ദര്‍ശനം. രണ്ടാമത് ഈശ്വരന്നു മാനുഷികധര്‍മ്മങ്ങള്‍ ആരോപിക്കുന്നവിധത്തിലുള്ള ദര്‍ശനം. പിന്നീട് രണ്ടാമത്തേതില്‍നിന്നു വളരെ മൂന്നോട്ടുപോയി ഒടുവില്‍ ഏറ്റവും ഉന്നതമായ ഈശ്വരന്റെ യഥാര്‍ത്ഥമായ ദര്‍ശനത്തിലെത്തുന്നു.
എന്നാല്‍ ഈ പടികളില്‍ നീളെ നാം ഈശ്വരനെത്തന്നെയാണ് കാണുന്നതെന്നോര്‍മ്മിക്കുക. അതു സംബന്ധിച്ചു വ്യാമോഹമില്ല. പ്രമാദത്തിനു വകയില്ല. സൂര്യനെ നാം പല നിലപാടുകളില്‍ നിന്നു വീക്ഷിച്ചപ്പോഴെല്ലാം സൂര്യനെത്തന്നെയാണ് കണ്ടത്. അല്ലാതെ ചന്ദ്രനെയോ മറ്റു വല്ലതിനെയുമോ അല്ല. നമുക്ക് ഈശ്വരനെ എത്രതന്നെ അനന്തമാണെന്ന് ഭാവനചെയ്താലും, നമുക്ക് നമ്മുടെ രൂപത്തില്‍ത്തന്നെയേ കാണാന്‍ കഴിയുകയുള്ളു. ഈശ്വരനെ കേവലബ്രഹ്മമായി സങ്കല്‍പ്പിക്കുവാന്‍ നാം ശ്രമിച്ചുവെന്നിരിക്കട്ടെ, അപ്പോഴും ഈശ്വരനെ പ്രേമിക്കുകയും ആസ്വദിക്കുകയും ചെയ്യാമെങ്കില്‍, വീണ്ടും നാം സാപേക്ഷത്തിലേക്കു വരേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളിലും കാണുന്നതരം ഈശ്വരഭക്തിക്കു രണ്ടു വിഭാഗമുണ്ട്-പ്രതീകങ്ങളിലും ചടങ്ങുകളിലും മന്ത്രോച്ചാരണങ്ങളിലും കൂടി വ്യാപരിക്കുന്ന ഭക്തിയും പ്രേമത്തില്‍ക്കൂടി വ്യാപരിക്കുന്ന ഭക്തിയും. ഈ ലോകത്തു നാം സദാ നിയമബദ്ധരാണ്. ഈ നിയമങ്ങളെ ലംഘിച്ചു പോവാന്‍ നാം സദാ ശ്രമിച്ചുകൊണ്ടിരിക്കയുമാണ്. നാം സദാ പ്രകൃതിയെ ധിക്കരിക്കാന്‍, ചവുട്ടിത്താഴ്ത്താന്‍, ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, പ്രകൃതി നമുക്കു വീടു നല്‍കുന്നില്ല. നാമതു നിര്‍മ്മിക്കുന്നു. പ്രകൃതി നമ്മെ നഗ്നരാക്കി സൃഷ്ടിക്കുന്നു. നാം വസ്ത്രം ധരിക്കുന്നു. മനുഷ്യന്റെ ലക്ഷ്യം സ്വതന്ത്രനാവുകയാണ്. പ്രകൃതിനിയമങ്ങളെ ലംഘിക്കുവാന്‍ നാം ആവതിലധികം ദുഃഖമനുഭവിക്കുകയും ചെയ്യും. നാം പ്രകൃതിനിയമങ്ങളെ അനുസരിക്കുന്നത് അവയ്ക്കു വെളിയില്‍ കടക്കണമെന്ന, നിയമബഹിഷ്കൃതരാകണമെന്ന, ഉദ്ദേശത്തോടെമാത്രമാണ്. അനുസരിക്കായ്ക എന്നുള്ളതാണ് ജീവിതത്തിലെ സമരം മുഴുവന്‍. (ഈ കാരണത്താലാണ് എനിക്കു ക്രിസ്ത്യന്‍ സയന്‍സുകാരുമായി സഹാനുഭൂതിയുള്ളത്. അവര്‍ മനുഷ്യന്റെ സ്വാതന്ത്യ്രവും ആത്മാവിന്റെ ദിവ്യത്വവും ഉദ്ബോധിപ്പിക്കുന്നു) ആത്മാവ് അതിനുള്ള ചുറ്റുമുള്ള എല്ലാ വസ്തുക്കളേക്കാളും ഉയര്‍ന്നതാണ്. ‘ഈ വിശ്വം എന്റെ പിതാവിന്റെ രാജ്യം. ഞാന്‍ അതിന്റെ അനന്തരാവകാശിയും’ ഈ മനോഭാവമാണ് മനുഷ്യന്‍ കൈക്കൊള്ളേണ്ടത്. ‘എന്റെ ആത്മാവിനു സകലതിനേയും കീഴടക്കാനാവും’.
സ്വാതന്ത്യ്രത്തിലെത്തുന്നതിനു പ്രാരംഭമായി നാം നിയമത്തിലൂടെ പ്രവര്‍ത്തിക്കണം. ബാഹ്യമായ അവലംബങ്ങള്‍, മാര്‍ഗ്ഗങ്ങള്‍, പ്രതീകങ്ങള്‍, ചടങ്ങുകള്‍, വിശ്വാസപ്രമാണങ്ങള്‍, സിദ്ധാന്തങ്ങള്‍ ഇവയ്ക്കെല്ലാം തക്ക സ്ഥാനങ്ങളുണ്ട്. അവയെല്ലാം നമുക്കു ബലമുണ്ടാകുംവരെ നമ്മെ താങ്ങാനും ബലവാന്മാരാക്കാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്. അതിനുശേഷം അവ ആവശ്യമില്ലതന്നെ. അവ നമ്മുടെ ധാത്രിയാണ്. ആ നിലയില്‍ നമ്മുടെ ചെറുപ്പകാലത്ത് ഒഴിവാക്കാവുന്നവയല്ല. പുസ്തകങ്ങള്‍പോലും നമ്മുടെ ധാത്രിയാണ്. ഔഷധങ്ങള്‍ ധാത്രിയാണ്. എന്നാല്‍ മനുഷ്യന്‍ സ്വശരീരത്തിന്മേല്‍ത്തന്നെ ആധിപത്യം കണ്ടെത്തുന്ന കാലത്തെ കൈവരുത്താന്‍ നാം പ്രയത്നിക്കണം. ഔഷധികള്‍ക്കും ഔഷധങ്ങള്‍ക്കും നാം അനുവദിക്കുന്നിടത്തോളം കാലം നമ്മുടെ മേല്‍ പ്രവര്‍ത്തനശേഷി ഉണ്ടായിരിക്കും. നാം ബലവാന്മാരായാല്‍ പിന്നെ ഈ ബാഹ്യാവലംബങ്ങള്‍ ആവശ്യമില്ല.