സ്വാമി വിവേകാനന്ദന്‍

അമേരിക്കയില്‍ വച്ച് സ്വാമിജി പറഞ്ഞുകൊടുത്ത ഒരു സ്വതന്ത്ര വിവര്‍ത്തനം.

ഒന്നാമധ്യായം

  1. ഭക്തി ഈശ്വരനോടുള്ള പരമപ്രേമമത്രേ.
  2. അതു പ്രേമമാമൃതമാണ്.
  3. ഇതു ലഭിച്ച മനുഷ്യന്‍ സിദ്ധനും അമൃതനും നിത്യതൃപ്തനുമാകുന്നു.
  4. ഈ ഭക്തി ലഭിക്കുന്ന മനുഷ്യനു പിന്നീടു കാംക്ഷയില്ല. ഒന്നിലും അസൂയയില്ല. കഴമ്പില്ലാത്ത കാര്യങ്ങളില്‍ അഭിരുചിയില്ല.
  5. ഇതറിഞ്ഞു മനുഷ്യന്‍ ആത്മാനന്ദനിര്‍ഭരനും പ്രശാന്തനുമാകുന്നു. ഈശ്വരനില്‍മാത്രം രമിക്കയും ചെയ്യുന്നു.
  6. അതു കാമപുരണത്തിനുപയോഗപ്പെടുത്താവതല്ല. എന്തെന്നാല്‍ അത് സ്വയം സകലകാമങ്ങളുടെയും നിരോധനമത്രേ.
  7. സന്ന്യാസമെന്നത് ലൌകികവും വൈദികവുമായ ആരാധനാരീതികളെ ഉപേക്ഷിക്കലാണ്.
  8. ഈശ്വരന്നായി തികച്ചും ആത്മാര്‍പ്പണം ചെയ്തവനാണ് ഭക്തസന്ന്യാസി. പ്രേമത്തിനെതിരായതെന്തും അയാള്‍ തിരസ്കരിക്കുന്നു.
  9. മറ്റുസകല ആശ്രയങ്ങളേയും തള്ളി അയാള്‍ ഈശ്വരനെ ആശ്രയിക്കുന്നു.
  10. ജീവിതദാര്‍ഢ്യം വരാത്തിടത്തോളം ശാസ്ത്രത്തെ അനുസരിക്കണം.
  11. അല്ലാഞ്ഞാല്‍, സ്വാതന്ത്യ്രത്തിന്റെ പേരില്‍ തിന്മ ചെയ്തേക്കാമെന്ന അപകടമുണ്ട്.
  12. പ്രേമം രൂഢമൂലമാകുമ്പോള്‍, ജീവസന്ധാരണത്തിനു വേണ്ടതില്‍ക്കവിഞ്ഞുള്ള ലൌകികവ്യാപാരങ്ങള്‍പോലും ഉപേക്ഷിക്കപ്പെടുന്നു.
  13. ഭക്തിക്കു പല നിര്‍വ്വചനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാരദന്‍ ഭക്തിക്കു നല്‍കിയ ലക്ഷണങ്ങളിവയാണ്. വിചാരങ്ങളും വാക്കുകളും കര്‍മ്മങ്ങളും സമ്പൂര്‍ണ്ണം ഈശ്വരാര്‍പ്പിതമാകയും ഈശ്വരനെപ്പറ്റിയുള്ള അത്യല്‍പ്പവിസ്മരണത്തിലും പരമവ്യാകുലത ഉണ്ടാകയും ചെയ്യുമ്പോള്‍ ഭക്തി ഉണ്ടായിത്തുടങ്ങി എന്നു പറയാം.
  14. ഗോപിമാര്‍ക്കുണ്ടായിരുന്നതുപോലെ.
  15. എന്തെന്നാല്‍, അവര്‍ ഈശ്വരനെ പ്രിയതമനായി ആരാധിച്ചെങ്കിലും ഒരിക്കലും അവിടുത്തെ ഐശ്വരസ്വരൂപം വിസ്മരിച്ചില്ല.
  16. അല്ലായിരുന്നെങ്കില്‍ അതു ചാരിത്രഭംഗമെന്ന പാപമായേനെ.
  17. ഇതു പ്രേമത്തിന്റെ പരമോല്‍കൃഷ്ടഭാവമാണ്. എന്തെന്നാല്‍ ഇവിടെ എല്ലാ മാനുഷികപ്രേമബന്ധങ്ങളിലും കാണാറുള്ള പ്രതിപ്രതീക്ഷ ലേശവുമില്ല.

രണ്ടാമദ്ധ്യായം

  1. ഭക്തി കര്‍മ്മത്തെക്കാളും ജ്ഞാനത്തെക്കാളും (രാജ)യോഗത്തെക്കാളും ശ്രേഷ്ഠമാണ്. എന്തെന്നാല്‍ ഭക്തിതന്നെ അതിന്റെ ഫലം (ലക്ഷ്യം) കാരണം ഭക്തി (ഒരേ സമയം) മാര്‍ഗ്ഗവും ലക്ഷ്യവും രണ്ടുമാകുന്നു.
  2. ഭക്ഷണത്തെ അറിഞ്ഞിട്ടോ കണ്ടിട്ടോ ഒരുവനു വിശപ്പു ശമിപ്പിക്കാന്‍ കഴിയാത്തതുപോലെ ഈശ്വരനെപ്പറ്റിയ അറിവുകൊണ്ടോ അഥവാ ഈശ്വരദര്‍ശനംകൊണ്ടുതന്നെയോ, ഭക്തി ആവിര്‍ഭവിക്കാത്തിടത്തോളം, ഒരുവന് ഉപശമമുണ്ടാകുന്നില്ല. അതിനാല്‍ ഭക്തിയത്രേ പരമോന്നതമായ കാര്യം.

മൂന്നാമദ്ധ്യായം

ആചാര്യന്മാര്‍ ഭക്തിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു:

  1. ഈ ഭക്തി വേണ്ടവന്‍ ഇന്ദ്രിയഭോഗങ്ങളും ജനസംഗംതന്നെയും വെടിയണം.
  2. രാപകല്‍ അയാള്‍ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാതെ ഭക്തിചിന്തയില്‍ത്തന്നെ മുഴുകിയിരിക്കണം.
  3. ഈശ്വരനെപ്പറ്റി പാടുകയോ പറയുകയോ ചെയ്യുന്നിടത്തു ഭക്തന്‍ പോകണം.
  4. ഭക്തിയുടെ മുഖ്യഹേതു ഒരു മഹാത്മാവിന്റെ കൃപയാണ്.
  5. മഹാത്മാവിന്റെ സമ്പര്‍ക്കം ദുര്‍ലഭമാണ്.ആത്മമോക്ഷം നിസ്സംശയം അരുളുന്നതുമാണ്.
  6. ഈശ്വരകൃപകൊണ്ടാണ് അത്തരം ഗുരുക്കന്മാരെ ലഭിക്കുന്നത്.
  7. ഈശ്വരനും ഈശ്വരജനങ്ങളും തമ്മില്‍ ഭേദമില്ല.
  8. അതിനാല്‍ അതു (മഹത്സംഗം) തന്നെ തേടിക്കൊള്‍ക.
  9. ദുഃസംഗം എല്ലായ്പ്പോഴും ത്യജിക്കേണ്ടതാണ്.
  10. എന്തുകൊണ്ടെന്നാല്‍ അത്, കാമം, ക്രോധം, മോഹം, ലക്ഷ്യവിസ്മൃതി, ബുദ്ധി(ഇച്ഛാശക്തി)നാശം, സര്‍വ്വനാശം ഇവയിലേക്ക് നയിക്കുന്നു.
  11. ഈ വിക്ഷേപങ്ങള്‍ പ്രാരംഭത്തില്‍ ചെറുതരംഗങ്ങളായിരിക്കാം. എന്നാല്‍ ദുഃസംഗം അവയെ ഒടുവില്‍ സമുദ്രസമാനം വിജ്രംഭിപ്പിക്കും.
  12. ആരാണ് മായയെ തരണം ചെയ്യുന്നത്? സംഗമെല്ലാം ത്യജിക്കുന്നവന്‍, മഹാനുഭവന്മാരെ സേവിക്കുന്നവന്‍, ഏകാന്തതയില്‍ വസിക്കുന്നവന്‍, ലോകബന്ധനങ്ങളൊക്കെ ഛേദിക്കുന്നവന്‍ ത്രിഗുണങ്ങളെ അതിക്രമിക്കുന്നവന്‍, ജീവസന്ധാരണത്തിനുകൂടി ഈശ്വരനെമാത്രം ആശ്രയിക്കുന്നവന്‍.
  13. കര്‍മ്മഫലം ത്യജിക്കുന്നവന്‍, സകലകര്‍മ്മങ്ങളേയും സന്ന്യസിക്കുന്നവന്‍, സുഖദുഃഖദ്വന്ദ്വങ്ങളെ വെടിയുന്നവന്‍, വേദങ്ങളെയും സന്ന്യസിച്ച് ഈശ്വരനില്‍ അവിച്ഛിന്നമായ ആ അനുരാഗം സമ്പാദിക്കുന്നവന്‍.
  14. അവന്‍ ഈ സരിത്തിനെ തരണം ചെയ്യുന്നു. തരണം ചെയ്യാന്‍ മറ്റുള്ളവരെ സഹായിക്കയും ചെയ്യുന്നു.

നാലാമദ്ധ്യായം

  1. പ്രേമസ്വരൂപം അനിര്‍വ്വചനീയമത്രേ.
  2. താന്‍ ആസ്വദിക്കുന്നതു പറഞ്ഞറിയിക്കാന്‍ മൂകനായ മനുഷ്യനു സാധിക്കുന്നില്ല. എന്നാല്‍ ചേഷ്ടകള്‍ അയാളുടെ അനുഭവത്തെ വെളിവാക്കുന്നു. അതുപോലെ, ഈ പ്രേമത്തെ വാക്കുകള്‍കൊണ്ടു പറഞ്ഞറിയിക്കുവാന്‍ മനുഷ്യനു കഴിയുന്നില്ല. എന്നാല്‍, അയാളുടെ ചേഷ്ടകള്‍ അതു വെളിവാക്കുന്നു.
  3. ചുരുക്കം ചില വ്യക്തികളില്‍ അതു പ്രകാശിതമാകുന്നു.
  4. പ്രേമം ഗുണരഹിതവും കാമനാരഹിതവും പ്രതിക്ഷണവര്‍ദ്ധമാനവും അവിച്ഛിന്നവും സൂക്ഷ്മതമവും അനുഭവരൂപവുമാണ്.
  5. ഈ പ്രേമം കൈവന്നവന്‍ എല്ലായിടത്തും അതുതന്നെ കാണുന്നു,അതുതന്നെ കേള്‍ക്കുന്നു. അതുതന്നെ പറയുന്നു. അതുതന്നെ വിചാരിക്കുന്നു.
  6. ഗുണങ്ങളുടേയും (ഭക്തന്റെ മാനസിക)അവസ്ഥകളുടേയും ഭേദമനുസരിച്ച് ഈ പ്രേമം പലവിധത്തില്‍ പ്രകടമാകുന്നു.
  7. ത്രിഗുണങ്ങള്‍-തമസ്സ് (മന്ദത, ജാഡ്യം), രജസ്സ്-അസ്വസ്ഥത, കര്‍മ്മോന്മുഖത), സത്ത്വം (ശാന്തത, നൈര്‍മ്മല്യം). അവസ്ഥകള്‍-ആര്‍ത്തന്‍ (ദുഃഖി), അര്‍ത്ഥാര്‍ത്ഥി (എന്തെങ്കിലും വേണ്ടവന്‍), ജിജ്ഞാസു (സത്യാന്വേഷി), ജ്ഞാനി (അറിഞ്ഞവന്‍) ഇവയാകുന്നു.
  8. ഇവയില്‍ പിമ്പുള്ളവ മുമ്പുള്ളവയെക്കാള്‍ ശ്രേഷ്ഠതരമത്രേ.
  9. ഭക്തിയാണ് ഏറ്റവും എളുപ്പമായ ആരാധനാമാര്‍ഗ്ഗം.
  10. അതിന്റെ പ്രമാണം അതുതന്നെ. അതിനു മറ്റു പ്രമാണം വേണ്ടതില്ല.
  11. അതു ശാന്തിസ്വരൂപവും പരമാനന്ദസ്വരൂപവുമാണ്.
  12. ഭക്തി ആരെയും-സാമാന്യജനങ്ങളുടെ ആരാധനാരീതികളുള്‍പ്പെടെ-ഒന്നിനെയും ദ്രോഹിക്കാനുദ്ദേശിക്കുന്നില്ല.
  13. കാമം, നിരീശ്വരവാദം, സ്വന്തശത്രുക്കള്‍ ഇവയെക്കുറിച്ചുള്ള കഥയേ കേള്‍ക്കരുത്.
  14. അഭിമാനം, ഡംഭ് മുതലായവ വെടിയണം.
  15. ഈ വികാരങ്ങളെ നിയന്ത്രിക്കാനാവില്ലെങ്കില്‍, അവയെ ഈശ്വരനിലാക്കുക. നിങ്ങളുടെ സകലകര്‍മ്മങ്ങളും അവിടേയ്ക്കര്‍പ്പിക്കുകയും ചെയ്യുക.
  16. പ്രേമം, പ്രേമി, പ്രേഷ്ഠന്‍ എന്നീ ത്രയത്വത്തെ ലയിപ്പിച്ച് ഈശ്വരന്റെ നിത്യദാസനോ നിത്യകാന്തയോ ആയി അവിടുത്തെ ഉപാസിക്കുക. ഈശ്വരനില്‍ പ്രേമാര്‍പ്പണം ചെയ്യുക.

അഞ്ചാമദ്ധ്യായം

  1. ഈശ്വരനില്‍ ഏകാന്തമായ ഭക്തിയാണ് ഏറ്റവും ഉല്‍കൃഷ്ടം.
  2. അത്തരം ഭക്തന്മാര്‍ ഈശ്വരനെപ്പറ്റി പറയുമ്പോള്‍ അവരുടെ തൊണ്ടയിടറുന്നു. അവര്‍ ചിരിക്കുകയും കരയുകയും ചെയ്യുന്നു. അവരാണ് തീര്‍ത്ഥങ്ങളെ തീര്‍ത്ഥീകരിക്കുന്നത്. അവര്‍ കര്‍മ്മങ്ങളെ സല്‍ക്കര്‍മ്മങ്ങളാക്കുന്നു. ശാസ്ത്രങ്ങളെ സച്ഛാസ്ത്രങ്ങളാക്കുന്നു. എന്തെന്നാല്‍ അവര്‍ ഈശ്വരനിര്‍ഭരരാണ്.
  3. ഒരുവന്‍ ഈശ്വരനെമാത്രം പ്രേമിക്കുമ്പോള്‍ അയാളുടെ പിതൃക്കള്‍ മോദിക്കുന്നു, ദേവന്മാര്‍ നൃത്തം ചെയ്യുന്നു, ഭൂമി സനാഥയുമാകുന്നു.
  4. അത്തരം ഭക്തന്മാര്‍ക്ക് ജാതി-ലിംഗ-വിദ്യാ-രൂപ-കുല-ധനഭേദമില്ല.
  5. എന്തെന്നാല്‍, അവരെല്ലാവരും ഈശ്വരന്റെ ആളുകളാണ്.
  6. വാദങ്ങള്‍ വര്‍ജ്ജിക്കണം.
  7. എന്തെന്നാല്‍ അവയ്ക്കൊരവസാനമില്ല. അവ ഒരു നിയതഫലത്തില്‍ എത്തിക്കുന്നുമില്ല.
  8. ഈ ഭക്തിയെ പ്രതിപാദിക്കുന്ന ശാസ്ത്രങ്ങള്‍ വായിക്കണം. വര്‍ദ്ധിപ്പിക്കുന്ന കര്‍മ്മങ്ങളനുഷ്ഠിക്കണം.
  9. സുഖദുഃഖങ്ങളേയും ലാഭനഷ്ടങ്ങളെയും ഉളവാക്കുന്ന എല്ലാ ആഗ്രഹങ്ങളേയും ഉപേക്ഷിച്ച്, ദിവാനിശം ഈശ്വരനെ ഭജിക്കണം. ഒരു നിമിഷവും വ്യര്‍ത്ഥമാക്കരുത്.
  10. അഹിംസ, സത്യം, ശൌചം, ദയ ഈശ്വരവിശ്വാസം ഇവ നിത്യം പാലിക്കേണ്ടതാണ്.
  11. മറ്റു സകലചിന്തകളും വെടിഞ്ഞ്, സര്‍വ്വഭാവേന അഹോരാത്രം ഭഗവാനെത്തന്നെ ഭജിക്കണം. ഇങ്ങനെ രാപകല്‍ ഭജിക്കപ്പെടുമ്പോള്‍, അവിടുന്നു സ്വയം ആവിര്‍ഭവിച്ച് ഭക്തന്മാര്‍ക്ക് (താന്‍ ഉണ്ടെന്നുള്ള) അനുഭവത്തെ നല്‍കുന്നു.
  12. ഭൂത-വര്‍ത്തമാന-ഭാവികളില്‍ ഭക്തിയത്രേ ഏറ്റവും ശ്രേഷ്ഠം. ഇപ്രകാരം പുരാതനാചാര്യന്മാരെ അനുസരിച്ചു ജനജല്‍പ്പനിര്‍ഭയരായി, ഭക്തിസിദ്ധാന്തം ഉപദേശിക്കുവാന്‍ നാം ധൈര്യപ്പെട്ടു.