(1895 നവംബര്‍ 16-ന് ലണ്ടനില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ കുറിപ്പുകള്‍)
സാക്ഷാല്‍ക്കാരത്തിന്റെ അഗാധതലങ്ങളില്‍ ചെന്നെത്തുംമുമ്പായി പ്രതീകങ്ങളിലും ചടങ്ങുകളിലും കൂടി കടന്നുപോകേണ്ടതുണ്ടെങ്കിലും ഭാരതത്തില്‍ ഞങ്ങള്‍ പറയാറുണ്ട്: ‘ഒരു സമ്പ്രദായത്തില്‍ ജനിക്കുന്നതു നല്ലതാണ്. പക്ഷേ അതില്‍ മരിക്കുന്നതു ചീത്തയാണ്’ എന്ന്. തൈമരത്തെ ചുറ്റും വേലികെട്ടി സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ അതു മരമായിത്തീരുമ്പോള്‍ വേലി ഒരു തടസ്സമാവും. അതിനാല്‍ പഴയ ചടങ്ങുകളെ അധിക്ഷേപിച്ചു തള്ളിക്കളയേണ്ട കാര്യമില്ല. മതവിഷയത്തില്‍ വളര്‍ച്ചയുണ്ടെന്നു നാം വിസ്മരിക്കുന്നു.
പ്രാരംഭത്തില്‍ നാം ഒരു സഗുണേശ്വരനെ ഭാവന ചെയ്യുന്നു. എന്നിട്ട് അവിടുത്തെ സ്രഷ്ടാവെന്നും സര്‍വ്വശക്തനെന്നും സര്‍വ്വജ്ഞനെന്നും മറ്റും വിളിക്കുന്നു. എന്നാല്‍ പ്രേമം അങ്കുരിക്കുമ്പോള്‍ ഈശ്വരന്‍ പ്രേമസ്വരൂപന്‍മാത്രമാണ്. പ്രേമനിര്‍ഭരനായ ഉപാസകന്‍ ഈശ്വരന്‍ എങ്ങനെയുള്ളവനാണെന്നു തിരക്കുന്നില്ല. എന്തെന്നാല്‍ അയാള്‍ക്കു ഈശ്വരനില്‍നിന്നു ഒന്നും ആവശ്യമില്ല. ‘ഞാനൊരു യാചകനല്ല’ എന്നാണ് ഭാരതത്തിലെ ഒരു ഭക്തമഹാത്മാവു പറയുന്നത്. ഭക്തന്‍ ഈശ്വരനെ ഭയപ്പെടുന്നുമില്ല. ഒരു മനുഷ്യനെ എന്നപോലെ അവിടുത്തെ സ്നേഹിക്കുകമാത്രം ചെയ്യുന്നു.
പ്രേമത്തിലധിഷ്ഠിതമായ ചില ഉപാസനാസമ്പ്രദായങ്ങള്‍ ഇവയാണ്: (1) ശാന്തം-സഹായം പ്രതീക്ഷച്ച് ഈശ്വരനെ പിതൃസമാനം കരുതിപ്പോരുന്ന സാധാരണപ്രശാന്തപ്രേമം. (2) ദാസ്യം-സേവനത്തിന്റെ ആദര്‍ശം-ഈശ്വരനെ ശിക്ഷാരക്ഷാധികാരങ്ങളോടുകൂടിയ യജമാനനായോ സേനാധിപനായോ രാജാവായോ കരുതുന്നത്. (3) വാത്സല്യം-ഈശ്വരനെ സന്താനമായി ഭാവന ചെയ്യുക. ഭാരതത്തില്‍ അമ്മ കുട്ടിയെ ഒരിക്കലും ശിക്ഷിക്കാറില്ല. ഈ ഓരോ ഘട്ടത്തിലും ആരാധകന്‍ ഈശ്വരനെപ്പറ്റി ഒരാദര്‍ശം കൈക്കൊള്ളുകയും അതിനെ അനുവര്‍ത്തിക്കയും ചെയ്യുന്നു. (4) സഖ്യം അഥവാ സുഹൃദ്ഭാവം-ഇവിടെ ഭയമില്ല. സമത്വം, അതിപരിചയം എന്നീ ഭാവങ്ങളാണുള്ളത്. ഈശ്വരനെ സ്നേഹിതനായും കളിത്തോഴനായും കരുതി ആരാധിക്കുന്ന കറേ ഹിന്ദുക്കളുണ്ട്. (5) മധുരഭാവം-ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രേമം. സെന്റ് തെരേസയും പ്രേമോന്മത്തരായിരുന്ന പുണ്യവാളന്മാരും ഇതിനുദാഹരണങ്ങളാണ്. പേഴ്സ്യക്കാര്‍ ഈശ്വരനെ ഭാര്യയായി സങ്കല്‍പ്പിച്ചിരുന്നു. ഹിന്ദുക്കള്‍ ഭര്‍ത്താവായും. ഈശ്വരമണവാളന്‍ മാത്രമാണ് സര്‍വ്വസ്വവും എന്നുദ്ഘോഷിച്ചിരുന്ന റാണി മീരാബായിയുടെ കഥ ഇവിടെ അനുസ്മരണീയമാണ്. ചിലര്‍ ഈ ഭാവനയെ അതിന്റെ പാരമ്യത്തില്‍ കൊണ്ടുചെന്ന് ഈശ്വരനെ ‘ശക്ത’നെന്നോ ‘പിതാ’വെന്നോ വിളിക്കുന്നതുതന്നെ അവഹേളനമാണെന്നു കരുതുന്നു. ഈ ഉപാസനയുടെ ഭാഷ ശൃംഗാരമയമാണ്. ചിലര്‍ അവിഹിതകാമത്തിന്റെ ഭാഷയും ഉപയോഗിക്കുന്നു. ശ്രീകൃഷ്ണന്റെയും ഗോപിമാരുടെയും കഥ ഈ ഇനത്തില്‍പ്പെടുന്നു. ഇതെല്ലാം ഉപാസകന്റെ അധഃപതനത്തെ ലക്ഷീകരിക്കുന്നതായി ഒരുപക്ഷേ നിങ്ങള്‍ക്കു തോന്നാം. അതങ്ങനെതന്നെ. എങ്കിലും അനവധി വിശുദ്ധാത്മാക്കള്‍ ഇതിനാല്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. മനുഷ്യസ്ഥാപനങ്ങളൊന്നും അഴിമതിക്കും അധഃപതനത്തിനും അതീതമല്ലല്ലോ. യാചകന്മാരുണ്ടെന്നു വെച്ച്, നിങ്ങള്‍ ഒന്നും പചിക്കില്ലേ? തസ്കരന്മാരുണ്ടെന്നു വെച്ച്, നിങ്ങള്‍ ഒന്നും പരിഗ്രഹിക്കില്ലേ? ‘അല്ലയോ പ്രേമസര്‍വ്വസ്വമേ, നിന്റെ ഒരധരചുംബനം ഒന്നാസ്വദിച്ചപ്പോഴേക്ക്, എന്നെ ഉന്മത്തനാക്കിയിരിക്കുന്നു.’
ഈ ആശയത്തിന്റെ ഫലം ഒരുവന് ഒരു വിശേഷമതസമ്പ്രദായത്തിലും മേലാല്‍ ഒതുങ്ങിനില്‍ക്കാനോ, ചടങ്ങുകളെ സഹിക്കാനോ കഴിവില്ലെന്നതാണ്. ഭാരതത്തില്‍ മതം മോക്ഷത്തിലവസാനിക്കുന്നു. എന്നാല്‍ ഭക്തന്‍ ഈ മോക്ഷംപോലും തിരസ്കരിക്കുന്നു. സര്‍വ്വവും പ്രേമം, പ്രേമത്തിനായിട്ട്.
എല്ലാറ്റിനും ഒടുവിലായിട്ടാണ് അഭേദപ്രേമം. ഒരു പ്രേമി തന്റെ പ്രേഷ്ഠന്റെ വാതില്‍ക്കല്‍ ചെന്നു മുട്ടുന്ന കഥയാണ് ഒരു പേഴ്സ്യന്‍ കവിതയുടെ പ്രതിപാദ്യം. ‘നിങ്ങളാര്?’ എന്നവള്‍ ചോദിച്ചു. ‘ഞാന്‍ ഇന്നാര്, നിന്റെ പ്രിയതമന്‍’ എന്നവന്‍ ഉത്തരം പറഞ്ഞു. ‘പോയ്ക്കോളൂ എനിക്ക് അങ്ങനെ ആരേയും അറിവില്ല’ എന്നുമാത്രമാത്രമായിരുന്നു അവളുടെ മറുപടി. ഒടുവില്‍ നാലാമത്തെ പ്രാവശ്യം അവളുടെ ചോദ്യത്തിനുത്തരമായി, ‘ഹേ പ്രേമസര്‍വ്വസ്വമേ, ഞാന്‍ നീതന്നെ. അതുകൊണ്ട് നീ എനിക്കുവേണ്ടി തുറക്കൂ’ എന്നുവന്‍ പറഞ്ഞു. വാതില്‍ തുറക്കുകയും ചെയ്തു.
ഒരു വലിയ വിശുദ്ധാത്മാവ് ഒരു യുവതിയുടെ ഭാഷയില്‍ പ്രേമത്തെ ഇപ്രകാരം വര്‍ണ്ണിക്കയുണ്ടായി. ‘നാലു കണ്ണുകള്‍ കൂട്ടിമുട്ടി. രണ്ട് ആത്മാക്കളില്‍ ചില പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. ഇപ്പോള്‍ അവനൊരു പുരുഷനും ഞാനൊരു സ്ത്രീയുമാണോ അഥവാ അവനൊരു സ്ത്രീയും ഞാനൊരു പുരുഷനുമാണോ എന്നു പറയുവാന്‍ ഞാനാളല്ല. ഇത്രയേ എനിക്കറിയാവൂ-രണ്ടാത്മാക്കള്‍ ഉണ്ടായിരുന്നു, പ്രേമം വന്നു, അവയെ ഒന്നാക്കി’.
ഏറ്റവും ഉന്നതമായ പ്രേമത്തില്‍ ആത്മാക്കള്‍ തമ്മില്‍മാത്രമാണ്. യോഗം. മറ്റേതൊരുതരം പ്രേമവും ക്ഷണഭംഗുരമാണ്. ആദ്ധ്യാത്മികമേ നീണ്ടുനില്‍ക്കൂ, അതു വളരുകയും ചെയ്യുന്നു.
പ്രേമം ആദര്‍ശത്തെ കാണുന്നു. പ്രേമത്രികോണത്തിന്റെ മൂന്നാമത്തെ കോണാണിത്. ഈശ്വരന്‍ മൂലകാരണവും സ്രഷ്ടാവും പിതാവുമായിരുന്നിട്ടുണ്ട്. പ്രേമമാണ് പര്യവസാനം. തന്റെ കുട്ടി കൂനനായതില്‍ അമ്മ ഖേദിക്കുന്നു. എന്നാല്‍ അവള്‍ അവനെ ഏതാനും നാള്‍ പരിചരിക്കുന്നതോടെ അവനെ സ്നേഹിക്കുകയും അവന്‍ ഏറ്റവും സുന്ദരനായ കുട്ടിയാണെന്നു വിചാരിക്കയും ചെയ്യുന്നു. കാമുകന്‍ എത്യോപ്യന്‍ പെണ്ണിന്റെ നെറ്റിയില്‍ ഹെലന്റെ സൌന്ദര്യം കാണുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നാം സാധാരണ മനസ്സിലാക്കാറില്ല. എത്യോപ്യന്‍നെറ്റി കേവലമൊരു സൂചനമാത്രം. കാമുകന്‍ ഹെലനെയാണ് കാണുന്നത്. ആ സൂചനയിന്മേല്‍ അയാള്‍ തന്റെ ആദര്‍ശം പ്രക്ഷേപിച്ച് അതിനെ പൊതിയുകയാണ് ചെയ്യുന്നത്-ശുക്തി ഒരു മണല്‍ത്തരിയെ മുത്താക്കി മാറ്റുംപോലെ. ഈശ്വരനത്രേ ഈ ആദര്‍ശം, അതിലൂടെ മനുഷ്യനു സര്‍വ്വവും വീക്ഷിക്കാം.
അതിനാല്‍ നാം പ്രേമത്തെത്തന്നെ പ്രേമിക്കുകയെന്നതില്‍ ചെന്നെത്തുന്നു. ഈ പ്രേമം അനിര്‍വ്വചനീയമാകുന്നു,വാക്കുകൊണ്ടു വെളിപ്പെടുത്താവതല്ല. അക്കാര്യത്തില്‍ നാം മൂകന്മാരാണ്.
ഇന്ദ്രിയങ്ങള്‍ പ്രേമത്തില്‍ വളരെ ഉയര്‍ത്തപ്പെടുന്നു. മനുഷ്യസ്നേഹം ഗുണമിശ്രിതമാണെന്നു നാമോര്‍ക്കണം. അതു മറുകക്ഷിയുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നതുമാണ്. സ്നേഹത്തിന്റെ ഈ പരസ്പരാശ്രയത്തെ വിവരിക്കാന്‍ ഭാരതീയഭാഷകളില്‍ ചില പദങ്ങളുണ്ട്. ഏറ്റവും താണ പടിയിലുള്ള സ്നേഹം സ്വാര്‍ത്ഥമാണ്. സ്നേഹിക്കപ്പെടുന്നതിലുള്ളലുള്ള സന്തുഷ്ടിയിലാണ് അതു കുടികൊള്ളുന്നത്. ‘ഒരാള്‍ കവിള്‍ കാട്ടുന്നു. മറ്റേയാള്‍ ചുംബിക്കുന്നു’ എന്നു ഭാരതത്തില്‍ പറയാറുണ്ട്. ഇതിനുപരിയാണ് പരസ്പരസ്നേഹം. എന്നാല്‍ ഇതും പരസ്പരം അവസാനിക്കുന്നു. യഥാര്‍ത്ഥപ്രേമം സര്‍വ്വസ്വദാതാവാണ്. നമുക്കു നമ്മുടെ ഭാവം പ്രകടിപ്പിക്കാന്‍ മറ്റേ ആളെ കാണേണ്ടതില്ല. ഒന്നും ചെയ്യേണ്ടതില്ല. നമുക്കുള്ളതു സമര്‍പ്പിച്ചാല്‍ മതി. ഈവിധത്തില്‍ ഒരു മനുഷ്യജീവിയെ സ്നേഹിക്കാന്‍ മിക്കവാറും അസാധ്യംതന്നെ. എന്നാല്‍ ഈശ്വരനെ അങ്ങനെ സ്നേഹിക്കാം.
തെരുവില്‍ ശണ്ഠകൂടുന്ന കുട്ടികള്‍ ഈശ്വരന്റെ പേരില്‍ ആണയിടുന്നെങ്കില്‍, അതില്‍ ഈശ്വരനിന്ദയുള്ളതായി ഭാരതത്തില്‍ കരുതാറില്ല. ഞങ്ങള്‍ പറയാറുണ്ട്, ‘കൈ തീയില്‍ വെച്ചാല്‍ നിങ്ങള്‍ക്കു ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, അതു പൊള്ളും. അതുപോലെ ഈശ്വരനാമോച്ചാരണം നന്മയേ വരുത്തൂ.’
പേഴ്സ്യക്കാരുടെ രാജ്യഭക്തി കണ്ട് ആശ്ചര്യപ്പെട്ടുപോയ ജൂതന്മാരില്‍നിന്നാണ് ഈശ്വരനിന്ദയെന്ന ആശയം വന്നിട്ടുള്ളത്. ഈശ്വരന്‍ വിധികര്‍ത്താവും ശിക്ഷകനുമാണെന്നുള്ള ആശയം സ്വയം ചീത്തയല്ല. എന്നാല്‍ അത് അധമവും അനാര്യവുമാണെന്നുമാത്രം. പ്രേമത്രികോണത്തിന്റെ മൂന്നു കോണുകള്‍ ഇവയാണ്. പ്രേമം യാചിക്കുന്നില്ല. പ്രേമത്തിനു ഭയമില്ല. പ്രേമം എല്ലായ്പോഴും ആദര്‍ശത്തെയാണ് പ്രേമിക്കുന്നത്. ‘
പ്രേമമയന്‍ ഈ ജഗത്തെങ്ങും വ്യാപിച്ചിരുന്നില്ലെങ്കില്‍, ആര്‍ക്കു കഴിയും ഒരു നിമിഷത്തേയ്ക്കെങ്കിലും പ്രേമിക്കാന്‍, ഒരു നിമിഷത്തേയ്ക്കെങ്കിലും ജീവിക്കാന്‍?’
നമ്മളിലധികം പേരും സേവനകര്‍മ്മത്തിനാണ് ജന്മമെടുത്തതെന്ന് നമുക്ക് അറിയാറാകും. കര്‍മ്മഫലം ഈശ്വരനായി വിടണം. കര്‍മ്മം ഈശ്വരപ്രേമാര്‍ത്ഥമായിമാത്രം ചെയ്യപ്പെട്ടതാണ്. അതിനാല്‍, പരാജയപ്പെട്ട ദുഃഖത്തിനവകാശമില്ല.
സ്ത്രീകളില്‍ മാതൃഭാവം വളരെ പുഷ്ടമായിരിക്കും. അവര്‍ ഈശ്വരനെ ശിശുവായി ആരാധിക്കുന്നു. അവരൊന്നും ആവശ്യപ്പെടുന്നില്ല. എന്തു സേവനവും ചെയ്യും.
കത്തോലിക്കപ്പള്ളി ഈവക ആഴമുള്ള പല കാര്യങ്ങളും ഉദ്ബോധിപ്പിക്കുന്നുണ്ട്. അതു സങ്കുചിതമെങ്കിലും ഏറ്റവും ഉല്‍കൃഷ്ടമായ അര്‍ത്ഥത്തില്‍ മതനിഷ്ഠമാണ്. ആധുനികജനസമുദായമദ്ധ്യത്തില്‍, പ്രൊട്ടസ്റ്റന്റുമതത്തിനു വിശാലത്വമുണ്ട്. പക്ഷേ ആഴം കുറവാണ്. സത്യത്തെ അതില്‍നിന്ന് എന്തുഗുണമുണ്ടാവും എന്ന തോതുവെച്ചു വിലമതിക്കുന്നത്, ഒരു ശാസ്ത്രീയകണ്ടുപിടുത്തത്തെ അതില്‍നിന്ന് ഒരു ശിശുവിന് എന്തുപ്രയോജനമുണ്ട് എന്ന തോതുവെച്ചു വിലമതിക്കുന്നതുപോലെ പിശകാകുന്നു.
നാം സാമുദായികജീവിതത്തെ അതിക്രമിക്കണം. നിയമത്തെ ചവിട്ടിച്ചതച്ചു നിയമാതീതരാവണം. നാം പ്രകൃതിയെ അനുവര്‍ത്തിക്കുന്നത് അതിനെ ജയിച്ചടക്കാന്‍ മാത്രമാണ്. ത്യാഗത്തിന്റെ അര്‍ത്ഥം, ഈശ്വരനേയും കുബേരനേയും ഒരുമിച്ചു സേവിക്കുക ആര്‍ക്കും സാദ്ധ്യമല്ലെന്നുള്ളതാണ്.
നിങ്ങളുടെ ചിന്താശക്തിക്കും പ്രേമശക്തിക്കും ആഴം കൂട്ടുക. നിങ്ങളുടെ അന്തരംഗപത്മം പ്രഫുല്ലമാക്കാന്‍ ശ്രമിക്കുക. അപ്പോള്‍ ഭ്രമരങ്ങള്‍ താനേ വന്നുകൊള്ളും. ആദ്യം നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക, പിന്നെ ഈശ്വരനിലും. കരുത്തുറ്റ ഒരുപിടി ആളുകള്‍ ലോകത്തെ ചലിപ്പിക്കും. തപിക്കാന്‍ ഒരു ഹൃദയവും ഭാവനചെയ്യാന്‍ ഒരു മസ്തിഷ്കവും കര്‍മ്മംചെയ്യാന്‍ ഒരു കരുത്തുറ്റ കരവും നമുക്കാവശ്യമാണ്. ബുദ്ധന്‍ തന്റെ ജീവനെ മൃഗങ്ങള്‍ക്കുവേണ്ടി അര്‍പ്പിച്ചു. നിങ്ങളെ കര്‍മ്മത്തിന്റെ ഒരു ഉത്തമോപകരണമാക്കുക. എന്നാല്‍, കര്‍മ്മം ചെയ്യുന്നത് ഈശ്വരനാണ്. നിങ്ങളല്ല. ഒരു മനുഷ്യനില്‍ സമസ്തപ്രപഞ്ചവും അടങ്ങിയിരിക്കുന്നു. ഒരു കണം ദ്രവ്യത്തിനു പിന്നില്‍ പ്രപഞ്ചത്തിലെ സമസ്തശക്തിയുമുണ്ട്. ഹൃദയവും ബുദ്ധിയും തമ്മില്‍ സംഘട്ടനമുണ്ടാകുന്നിടത്ത് ഹൃദയത്തെ അനുവര്‍ത്തിക്കുക.
ഇന്നലെ മത്സരമായിരുന്നു നിയമം. ഇന്നത്തെ നിയമം സഹകരണമത്രേ. നാളെ നിയമമേ ഉണ്ടാവില്ല. നിങ്ങളെ ജ്ഞാനികള്‍ പുകഴ്ത്തട്ടെ, അല്ലെങ്കില്‍ ലോകം അപവദിക്കട്ടെ. ഭാഗ്യദേവത അടുത്തുവന്നനുഗ്രഹിക്കട്ടെ, അല്ലെങ്കില്‍ ദാരിദ്യ്രവും കീറത്തുണിയും തുറിച്ചു നോക്കട്ടെ. ഒരു ദിവസം വനത്തിലെ ഫലമൂലങ്ങള്‍ ഭക്ഷിക്കുക, ഒരുനാള്‍ അമ്പതുകൂട്ടം വിഭവങ്ങളുള്ള വരുന്നില്‍ പങ്കുകൊള്ളുക. ഇടംവലം നോക്കാതെ നേര്‍വഴിക്കു മുമ്പോട്ടുപോവുക.
ചില ചോദ്യങ്ങള്‍ക്കുത്തരമായി സ്വാമിജി പവഹാരിബാബയുടെ കഥ പറയുകയുണ്ടായി-അദ്ദേഹം സ്വന്തം പാത്രങ്ങള്‍ തിടുക്കത്തിലെടുത്തുകൊണ്ട് ഒരു കള്ളന്റെ പുറകെ ഓടി, അവന്റെ പാദങ്ങളില്‍ വീണ് ഇപ്രകാരം പറഞ്ഞു: ‘അല്ലയോ ഭഗവന്‍,അങ്ങവിടെ എഴുന്നള്ളിയ വിവരം ഞാനറിഞ്ഞില്ല. ഇവ (പാത്രങ്ങള്‍) എടുത്തുകൊണ്ടാലും. അവ അങ്ങയുടേതുതന്നെ. അങ്ങയുടെ സന്താനമായ എന്നോടു ക്ഷമിച്ചാലും.
വീണ്ടും, അതേ മഹാത്മാവിനെ ഒരു വിഷപ്പാമ്പു കടിച്ചതായും സന്ധ്യയോടെ വിഷനിവൃത്തിയുണ്ടായപ്പോള്‍, ‘എന്റെ പ്രേമഭാജനത്തില്‍നിന്ന് ഒരു സന്ദേശവാഹകന്‍ വന്നിരുന്നു’ എന്നദ്ദേഹം പ്രസ്താവിച്ചതായും സ്വാമിജി പറയുകയുണ്ടായി.