സ്വാമി വിവേകാനന്ദന്‍

(1900 ജൂണില്‍ ഒരു ഞായറാഴ്ച സായാഹ്നത്തില്‍ ന്യൂയോര്‍ക്കില്‍ ചെയ്ത പ്രഭാഷണത്തിന്റെ വികലമായ കുറിപ്പുകള്‍)

ഓരോ മതത്തിലും മനുഷ്യന്‍ ഗോത്രദേവനില്‍ തുടങ്ങി, ഒടുവില്‍ ദേവാധിദേവനില്‍, സമസ്തമായ പരമേശ്വരനില്‍ വന്നെത്തുന്നു.

ധര്‍മ്മശാസ്ത്രത്തിന്റെ ശാശ്വതമായ ഏകതത്ത്വം കണ്‍ഫ്യൂഷ്യന്‍സ് മാത്രം പ്രതിപാദിച്ചിട്ടുണ്ട്.* മനുദേവനെ (പേഴ്സ്യക്കാര്‍) അഹ്രിമാനായി (തിന്മയുടെ അധിപതിയായി)പരിവര്‍ത്തനം ചെയ്തു. ഭാരതത്തില്‍ പുരാണകഥാരൂപം അഭിഭൂതമായി. പക്ഷേ ആശയം നിലനിന്നു. ‘ഞാന്‍ സകല ജീവജാലങ്ങളുടെയും ചക്രവര്‍ത്തിനിയാണ്. സകലതിലും വര്‍ത്തിക്കുന്ന ശക്തിയാണ്’ എന്നിങ്ങനെ അര്‍ത്ഥമുള്ള മന്ത്രം പ്രാചീനവേദത്തില്‍ കാണുന്നു.

അംബാരാധന സ്വയം ഒരു സവിശേഷദര്‍ശനമാണ്. ശക്തി നമ്മുടെ പ്രഥമാശയമാണ്. മനുഷ്യന്റെ ഓരോ അടിവെപ്പിലും അതിന്റെ ആഘാതം അനുഭൂതമാകുന്നുണ്ട്. ആന്തരമായി അനുഭവപ്പെടുന്ന ശക്തി ആത്മാവും ബാഹ്യമായി അനുഭവപ്പെടുന്നതു പ്രകൃതിയും. ഇവ രണ്ടും തമ്മിലുള്ള പോരാട്ടമാണ് മനുഷ്യജീവിതം. നാം അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം ഈ രണ്ടു ശക്തികളുടെ സംയുക്തഫലമത്രേ. നന്മയിലും തിന്മയിലും ഒരുപോലെ സൂര്യന്‍ പ്രകാശിക്കുന്നതു മനുഷ്യന്‍ കണ്ടു. ജഗത്തിലുള്ള സര്‍വ്വത്തിന്റേയും പിന്നിലുള്ള ‘സമഷ്ടിശക്തി’യെന്ന ഒരു പുതിയ ഭാവന ഈശ്വരനെപ്പറ്റി രൂപംകൊണ്ടു. അങ്ങനെ ജഗന്മാതൃഭാവന ഉടലെടുത്തു.

സാംഖ്യമതമനുസരിച്ച് പ്രവര്‍ത്തനം പ്രകൃതിയുടേതാണ്. പുരുഷന്റേതല്ല. ഭാരതത്തില്‍ സ്ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളില്‍ വെച്ചും അമ്മയ്ക്കാണ് സര്‍വ്വപ്രകാരേണയും മേന്മ. അമ്മ ഏതു വിഷമഘട്ടത്തിലും അവളുടെ സന്താനത്തെ പരിരക്ഷിച്ചുകൊണ്ടുനില്‍ക്കും. ഭാര്യയും കുട്ടികളും മനുഷ്യനെ ഉപേക്ഷിച്ചെന്നുവരാം. എന്നാല്‍, അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല. അമ്മ അമ്മാതിരി പ്രപഞ്ചത്തിലെ നിഷ്പക്ഷശക്തിയാണ്. എന്തെന്നാല്‍, ആ കറയറ്റ സ്നേഹം ഒന്നും ആവശ്യപ്പെടാതെ, യാതൊന്നും ആഗ്രഹിക്കാതെ, തന്റെ സന്താനത്തിന്റെ ദോഷങ്ങളെ ഗണിക്കാതെ, അവനെ അത്ര കൂടുതല്‍ സ്നേഹിക്കുന്നു. ഇന്ന്, ഹിന്ദുക്കളുടെ ഇടയില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗക്കാരെല്ലാം അംബാരാധനയെ സ്വീകരിച്ചിരിക്കുന്നു.

ലക്ഷ്യമെന്നതു നാം ഇതേവരെ പ്രാപിച്ചിട്ടില്ലാത്ത ഒന്നെന്നേ വര്‍ണ്ണിക്കാനാവൂ. ഇവിടെ ലക്ഷ്യമില്ല. ഈ ലോകം മുഴുവന്‍ ഒന്നുപോലെ അമ്മയുടെ ലീലയാണ്. എന്നാല്‍ നാം ഇക്കാര്യം വിസ്മരിക്കുന്നു. സ്വാര്‍ത്ഥമില്ലാത്തപക്ഷം, നാം സ്വജീവിതത്തിന്റെ സാക്ഷിമാത്രമാകുന്നപക്ഷം, കഷ്ടാനുഭവങ്ങള്‍പോലും ആസ്വാദ്യമാകും. സമസ്തപ്രതിഭാസങ്ങള്‍ക്കും പിമ്പില്‍ ഏകശക്തിയാണ് വര്‍ത്തിക്കുന്നതെന്ന ആശയം ഈ തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവിന്റെ ഉള്ളില്‍ തട്ടി. ഈശ്വരനെപ്പറ്റിയ നമ്മുടെ ഭാവനയില്‍ മാനുഷികമായ പരിമിതി, വ്യക്തിത്വകല്‍പ്പന, കടന്നുകൂടുന്നു. ‘ശക്തി’ സങ്കല്‍പ്പത്തോടൊപ്പം സമഷ്ടിഗതമായ ‘ഏകശക്തി’ എന്ന ആശയം ആവിര്‍ഭവിക്കുന്നു. ‘രുദ്രന്‍ നിഗ്രഹിക്കാനിച്ഛിക്കുമ്പോള്‍ ഞാനവിടുത്തെ വില്ലു കുലയ്ക്കുന്നു’ എന്നാണ് ‘ശക്തി’ പറയുന്നത്. ഉപനിഷത്തുകള്‍ ഈ ആശയത്തെ വളര്‍ത്തിയില്ല. എന്തെന്നാല്‍ വേദാന്തം ഈശ്വരസങ്കല്‍പ്പത്തില്‍ത്തന്നെ ഉദാസീനമായിരുന്നു. എന്നാല്‍, ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ഇങ്ങനെ അര്‍ത്ഥവത്തായി പ്രസ്താവിച്ചുകാണുന്നു: ‘സത്തും അസത്തും ഞാനാകുന്നു. നന്മ വരുത്തുന്നതും ഞാന്‍, തിന്മ വരുത്തുന്നതും ഞാന്‍’.

പിന്നെയും ഈ ആശയം സുപ്താവസ്ഥയിലാണ്ടു. കുറേക്കൂടി കഴിഞ്ഞ് പുതിയ തത്ത്വശാസ്ത്രം ആവിര്‍ഭവിച്ചു. ഈ പ്രപഞ്ചം ഗുണദോഷസമ്മിശ്രമായ ഒരു വസ്തുവാണ്. അതിനാല്‍ ഇവ രണ്ടിലും കൂടി ഒറ്റ ശക്തിതന്നെയായിരിക്കണം പ്രകടമാകുന്നത്. ‘ഒരു മുടന്തന്‍ ഒറ്റക്കാലന്‍പ്രപഞ്ചം, ഒരു മുടന്തന്‍ ഒറ്റക്കാലന്‍ഈശ്വരനെ മാത്രമേ നല്‍കൂ’. ഇത് ഒടുക്കം നമ്മെ സഹാനുഭൂതിയില്ലായ്മയില്‍ കൊണ്ടുചെന്നു നിര്‍ത്തും, മൃഗതുല്യം അനുകമ്പാശൂന്യരാകും. അത്തരമൊരു ഭാവനയിന്മേല്‍ പണിതുയര്‍ത്തപ്പെടുന്ന ധര്‍മ്മശാസ്ത്രം മൃഗീയത്വത്തിന്റെ ധര്‍മ്മശാസ്ത്രമാകും. വിശുദ്ധപുരുഷന്‍ പാപിയെ വെറുക്കും. പാപി വിശുദ്ധപുരുഷന്നെതിരെ പോരാടും. എങ്കിലും ഇതും മുന്നോട്ടുതന്നെ നയിക്കുന്നു. എന്തെന്നാല്‍, സ്വയംപര്യാപ്തമായ ദുഷ്ടമനസ്സ് നിരന്തരപ്രഹരങ്ങളാല്‍ തവിടുപൊടിയാക്കപ്പെട്ടു നശിക്കുന്നു. ആ അവസരത്തില്‍ നാം ഉണരുകയും അമ്മയെ മനസ്സിലാക്കുകയും ചെയ്യും.

അമ്മയുടെ മുമ്പില്‍ എന്നേന്നേയ്ക്കുമായി നിരുപാധികം ആത്മസമര്‍പ്പണം ചെയ്താലേ നമുക്കു ശാന്തി ലഭിക്കൂ. ഭയത്തിനോ പ്രലോഭനത്തിനോ വഴങ്ങാതെ, അമ്മയെ സ്നേഹിക്കുക. നിങ്ങള്‍ അവളുടെ സന്താനമായിരിക്കുന്നതിനാല്‍ അവളെ സ്നേഹിക്കുക. നല്ലതിലും ചീത്തയിലും എല്ലാറ്റിലും ഒരുപോലെ അവളെ ദര്‍ശിക്കുക. അപ്പോള്‍മാത്രമേ, നാം ആ രൂപത്തില്‍ അവളെ സാക്ഷാല്‍ക്കരിക്കുമ്പോള്‍ മാത്രമേ, അമ്മയുടെ തനിസ്വരൂപമായ അഭേദാവസ്ഥയും നിത്യാനന്ദവും നമുക്കു കിട്ടൂ. അതുവരെ ദുരിതങ്ങള്‍ നമ്മെ പിന്തുടരും. അമ്മയില്‍ വിശ്രമിക്കുമ്പോഴേ നാം സുരക്ഷിതരായിരിക്കൂ.