(1896-ല്‍ ന്യൂയോര്‍ക്കില്‍ ചെയ്ത പ്രസംഗം)
സാംഖ്യന്മാരുടെ അപഗ്രഥനം പ്രകൃതി, ആത്മാക്കള്‍ (പുരുഷന്മാര്‍) എന്നിങ്ങനെ രണ്ടു നിത്യസത്തകളിലെത്തി നിലച്ചുപോകുന്നു. ആത്മാക്കളുടെ സംഖ്യ അനന്തം. ആത്മാവ് ഒരു കേവലവസ്തുവായതുകൊണ്ട് അതിനു നാശമുണ്ടാവാന്‍ വയ്യ. അക്കാരണത്താല്‍ പ്രകൃതിയില്‍നിന്ന് നിത്യഭിന്നവുമാകണം. പ്രകൃതി സ്വയം പരിവര്‍ത്തിക്കുകയും ഈ നാനാപ്രതിഭാസങ്ങളെ അഭിവ്യക്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആത്മാവ് നിഷ്ക്രിയനായും വര്‍ത്തിക്കുന്നു. അതു സ്വയം ഒരു കേവലവസ്തു. പ്രകൃതി ഈ പ്രതിഭാസങ്ങളെല്ലാം പ്രകാശിപ്പിക്കുന്നത് ആത്മാവിന്റെ മോചനത്തിനുവേണ്ടിയുമാണ്. താന്‍ പ്രകൃതിയില്‍നിന്നു വേറാണെന്ന് ആത്മാവിനുണ്ടാകുന്ന വിവേകമാണ് മുക്തി. അതേ സമയം ഓരോ ആത്മാവും സര്‍വ്വവ്യാപിയാണെന്നു സമ്മതിക്കുവാന്‍ സാംഖ്യന്മാര്‍ നിര്‍ബ്ബദ്ധരായെന്നും നാം കണ്ടു. ആത്മാവ് കേവലമായതുകൊണ്ട് പരിമിതനാവാന്‍ വയ്യ. എന്തെന്നാല്‍ എല്ലാ പരിമിതികളും ദേശ-കാല-നിമിത്തങ്ങള്‍ മുഖേന ഉളവാകുന്നതാണ്. ആത്മാവ് ഇവയ്ക്കതീതമാകയാല്‍, അതിനു പരിമിതികളുണ്ടാവാന്‍ വയ്യ. പരിമിതി വേണമെങ്കില്‍, ഒരു വസ്തു ദേശത്തിലിരിക്കണം-അതായത് ശരീരത്തിലിരിക്കണം. ശരീരം പ്രകൃതിയിലുള്‍പ്പെട്ടതുമാകണം. ആത്മാവിനു രൂപമുണ്ടായിരുന്നെങ്കില്‍ അതു പ്രകൃതിയില്‍നിന്ന് അഭിന്നമായേനെ. അതിനാല്‍ ആത്മാവ് അരൂപമാകണം. അരൂപമായ വസ്തു ഇവിടെയോ അവിടെയോ മറ്റു വല്ലേടത്തുമോ സ്ഥിതിചെയ്യുന്നതായി പറയാന്‍ വയ്യ. അതു സര്‍വ്വവ്യാപിയാകണം. സാംഖ്യദര്‍ശനം ഇവിടെ നില്‍ക്കുന്നു-ഇതിനപ്പുറം പോകുന്നില്ല.
ഇതിനെതിരെ വേദാന്തികള്‍ പുറപ്പെടുവിക്കുന്ന ഒന്നാമത്തെ ആക്ഷേപവാദം, ഈ അപഗ്രഥനം പൂര്‍ണ്ണമായില്ലെന്നാണ്. പ്രകൃതി അപരിമിതമാണ്. ആത്മാവും അപരിമിതം. എങ്കില്‍, രണ്ട് അപരിമിതങ്ങളായി. അപ്പോള്‍ ആത്മാവിന്റെ സംഗതിയില്‍ അതു സര്‍വ്വവ്യാപിയാണെന്നു കാണിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ യുക്തികളും പ്രകൃതിയെസ്സംബന്ധിച്ചും സംഗതമാകും. അതായത് പ്രകൃതിയും ദേശകാലനിമിത്താതീതമാണെന്നു വരും. അങ്ങനെയെങ്കില്‍ പരിവര്‍ത്തനങ്ങളോ അഭിവ്യക്തികളോ ഉണ്ടാവില്ല. കൂടാതെ, രണ്ട് അപരിമിതങ്ങള്‍ ഉണ്ടായിരിക്കുക എന്ന ദുര്‍ഘടവുമുണ്ട്-അതു തികച്ചും അസാധ്യം. ഇതിനു വേദാന്തിയുടെ സമാധാനമെന്താണ്? ‘സാംഖ്യന്മാര്‍തന്നെ പറയുംപോലെ, മനസ്സിനെകൊണ്ടു ചിന്തിപ്പിക്കാനും പ്രകൃതിയെ പ്രവര്‍ത്തിപ്പിക്കാനും പ്രേരകമായി ഒരു ചൈതന്യവസ്തു അവശ്യം പിന്നിലുണ്ടാവണം. എന്തെന്നാല്‍, സ്ഥൂലദ്രവ്യം മുതല്‍ മഹത്തത്ത്വം (സമഷ്ടിബുദ്ധി)വരെയുള്ള സകലപരിണാമദശകളിലും പ്രകൃതി തികച്ചും അചേതനമാണ്. സമഗ്രപപഞ്ചത്തിനു പിന്നിലുള്ള ഈ ചൈതന്യവസ്തുവിനെയാണ് ഈം ഈശ്വരനെന്നു വിളിക്കുന്നതെന്നും, തല്‍ഫലമായി ഈ പ്രപഞ്ചം ഈശ്വരനില്‍നിന്നു ഭിന്നമല്ലെന്നും വേദാന്തി പറയുന്നു. ഈശ്വരന്‍തന്നെയാണ് പ്രപഞ്ചമായത്. ഈശ്വരന്‍ പ്രപഞ്ചത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവുമാണ്. കാരണം ഒരിക്കലും കാര്യത്തില്‍നിന്നു വ്യത്യസ്തമല്ല. അതായത്, കാര്യം കാരണത്തിന്റെ മറ്റൊരു രൂപത്തിലുള്ള പുനരാവിര്‍ഭാവമാണ്. അതു നാം ദിവസേന കാണുന്നുണ്ട്. അതിനാല്‍ ഈ ചൈതന്യസത്ത്വംതന്നെ പ്രകൃതിയുടെ കാരണം. വേദാന്തശാസ്ത്രത്തിന്റെ നാനാഭാവങ്ങളും ഘട്ടങ്ങളും ദ്വൈതവും വിശിഷ്ടാദ്വൈതവും അദ്വൈതവും എല്ലാം-ഈ നിലപാട് ആദ്യമേ സ്വീകരിക്കുന്നുണ്ട്. അതായത്, ഈശ്വരന്‍ ജഗത്തിന്റെ നിമിത്തകാരണംമാത്രമല്ല, ഉപാദാനകാരണവുമാണെന്നും. ഉണ്മയുള്ളതെല്ലാം ഈശ്വരന്‍തന്നെയാണെന്നും. വേദാന്തത്തിന്റെ അടുത്തപടി, ഈ ആത്മാക്കളും ഈശ്വരന്റെ അംശമാണെന്നതാണ്. ഓരോന്നും ആ അനന്താനലന്റെ ഒരോ സ്ഫുലിംഗം. ‘അഗ്നികുണ്ഡത്തില്‍നിന്നു ലക്ഷോപലക്ഷം തീപ്പൊരികള്‍ പറക്കുംപോലെ, ഈ പുരാണപുരുഷനില്‍നിന്നു ഉത്ഭവിച്ചിട്ടുള്ളതത്രേ ഈ ആത്മാക്കളെല്ലാം.’* ഇത്രത്തോളം നല്ലതുതന്നെ. പക്ഷേ, അതു തികച്ചും നമ്മെ തൃപ്തിപ്പെടുത്തുന്നില്ല. അനന്തത്തിന്റെ ഒരംശം എന്നു പറഞ്ഞാലെന്താണര്‍ത്ഥം? അനന്തം അവിഭാജ്യമാണ്. അതിന് അംശങ്ങളുണ്ടാവാന്‍ വയ്യ കേവലം അംശിക്കാവതല്ല. അതിനാല്‍, ഈ സ്ഫുലിംഗങ്ങളെല്ലാം ഈശ്വരനില്‍നിന്നു പുറപ്പെട്ടതാണെന്നു പറയുന്നതിനെന്തര്‍ത്ഥം? അദ്വൈതവേദാന്തി ഈ പ്രശ്നത്തിനു പരിഹാരം നല്‍കുന്നത്, ബ്രഹ്മത്തിനു യഥാര്‍ത്ഥത്തില്‍ അംശങ്ങളില്ലെന്നും, ഒരോ ആത്മാവും ബ്രഹ്മത്തിന്റെ ഒരംശമല്ല പരമാര്‍ത്ഥത്തില്‍ അനന്തമായ ബ്രഹ്മംതന്നെയാണെന്നുമുള്ള നിലപാടു സ്വീകരിച്ചുകൊണ്ടാണ് എങ്കില്‍, ഇത്ര വളരെ ആത്മാക്കളുണ്ടായിരിക്കുന്നതെങ്ങനെ?
സൂര്യന്‍ ലക്ഷോപലക്ഷം ജലബിന്ദുക്കളില്‍ പ്രതിബിംബിതനാകുമ്പോള്‍ ലക്ഷോപലക്ഷം സൂര്യന്മാരായി കാണപ്പെടുന്നു. ഓരോന്നിലും സൂര്യരൂപത്തിന്റെ ഒരണുവായ പ്രതിരൂപവും നമുക്കു കാണാം. അതുപോലെ ഈ അസംഖ്യം ആത്മാക്കളും പ്രതിബിംബങ്ങളാണ്. യഥാര്‍ത്ഥങ്ങളല്ല. അവ യഥാര്‍ത്ഥ ‘ഞാന്‍’ അല്ല. ഏകനും അവിഭക്തനുമായ പ്രപഞ്ചനാഥന്റെ സാക്ഷാല്‍ സ്വരൂപമല്ല. ഈ നാനാതരം ചെറുജീവികളെല്ലാം മനുഷ്യരും മൃഗങ്ങളും മറ്റും, പ്രതിബിംബങ്ങള്‍മാത്രം. യഥാര്‍ത്ഥങ്ങളല്ല. അവ പ്രകൃതിയുടെ മേല്‍ വീഴ്ത്തപ്പെടുന്ന ഇന്ദ്രജാലസമാനമായ പ്രതിച്ഛായകളാണ്. വിശ്വത്തിലാകെക്കൂടി ഒറ്റ അനന്തസത്തയേ ഉള്ളൂ. ആ സത്തയാണ് നിങ്ങളായും ഞാനായും മറ്റു നാനാരൂപങ്ങളായും കാണപ്പെടുന്നത്. എന്നാല്‍ ഈ നാനാത്വദര്‍ശനം വെറും വ്യാമോഹമത്രേ. ഈശ്വരന്‍ വിഭജിക്കപ്പെട്ടിട്ടില്ല. വിഭജിക്കപ്പെട്ടതായി തോന്നിയ്ക്കുന്നുവെന്നുമാത്രം. ഈശ്വരനെ കാലദേശനിമിത്തങ്ങളുടെ വലയിലൂടെ വീക്ഷിക്കുന്നതിനാലുളവാകുന്നതാണ് ഈ നാനാപ്രതീതി. ഞാന്‍ ഈശ്വരനെ കാലദേശനിമിത്തങ്ങളുടെ വലയിലൂടെ നോക്കുമ്പോള്‍ ഈശ്വരനെ ഭൌതികപ്രപഞ്ചമായി കാണുന്നു. അതേ വലയിലൂടെയെങ്കിലും, കുറേക്കൂടി ഉയര്‍ന്ന ഒരു മേഖലയില്‍നിന്നു നോക്കുമ്പോള്‍ മൃഗമായും കുറേക്കൂടി ഉയര്‍ന്നുനിന്നു നോക്കുമ്പോള്‍ മനുഷ്യനായും പിന്നേയും ഉയര്‍ന്നുനിന്നു നോക്കുമ്പോള്‍ ദേവനായും കാണുന്നു. എങ്കിലും ഈശ്വരന്‍ ജഗത്തിലെ ഒരേ അനന്തസത്തയായി വര്‍ത്തിക്കുന്നു. ആ സത്തയാണ് നാമെല്ലാവരും. ഞാനതാണ്, നിങ്ങളതാണ്-അതിന്റെ അംശങ്ങളല്ല-മുഴുവനും. ‘പ്രപഞ്ചത്തിലെ സമസ്തപ്രതിഭാസത്തിനും പിമ്പില്‍ നില്‍ക്കുന്ന നിത്യജ്ഞാതാവാണത്. പ്രതിഭാസങ്ങളും ഈശ്വരന്‍തന്നെ’. ജ്ഞാതാവും ജ്ഞേയവും (ദൃക്കും ദൃശ്യവും) രണ്ടും അവന്‍തന്നെ. ‘ഞാനും നിങ്ങളും’ അവന്‍ തന്നെ. ഇതെങ്ങനെ? ‘ജ്ഞാതാവിനെ അറിയുന്നതെങ്ങിനെ’* ജ്ഞാതാവിനു തന്നെത്താന്‍ അറിയാന്‍ കഴിയില്ല. ഞാന്‍ മറ്റെല്ലാം കാണുന്നു. എന്നാല്‍ എന്നെ കാണുന്നില്ല. ജഗത്തിലെ യഥാര്‍ത്ഥസത്ത, ജ്ഞാതാവായ ആത്മാവ്, സര്‍വ്വത്തിന്റെയും നാഥന്‍, ജഗത്തിലുള്ള സകല കാഴ്ചകള്‍ക്കും നിദാനമാണ്. എന്നാല്‍, അവന് ഒരു പ്രതിബിംബത്തിലൂടെയല്ലാതെ തന്നെത്താന്‍ കാണാനോ അറിയാനോ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെതന്നെ മുഖം കണ്ണാടിയിലല്ലാതെ കാണാന്‍ കഴിയില്ല. അതുപോലെ, ആത്മാവിനു സ്വസ്വരൂപം പ്രതിബിംബിപ്പിക്കാതെ കാണാന്‍ വയ്യ. അതിനാല്‍, ഈ പ്രപഞ്ചം മുഴുവന്‍ ആത്മാവു സ്വയം സാക്ഷാല്‍ക്കരിക്കാന്‍ ചെയ്യുന്ന ശ്രമത്തിന്റെ ഫലമാണ്. ഈ പ്രതിബിംബം ആദ്യം പ്രോട്ടോപ്ളാസ(ജീവദ്രാവക)ത്തില്‍നിന്നു പ്രതിഫലിപ്പിക്കപ്പെടുന്നു. അനന്തരം ചെടികളില്‍നിന്നും പിന്നീട് ഒന്നിനൊന്നു മെച്ചമായ ഓരോരോ പ്രതിഫലകങ്ങളില്‍നിന്നും ഒടുവില്‍ ഏറ്റവും നല്ല പ്രതിഫലകമായ പൂര്‍ണ്ണമനുഷ്യനില്‍നിന്നും പ്രതിഫലിപ്പിക്കപ്പെടുന്നു. അതേതുപോലെയെന്നാല്‍, സ്വന്തം മുഖം, കാണാനാഗ്രഹിക്കുന്ന മനുഷ്യന്‍ ആദ്യം ഒരു ചെളിവെള്ളത്തടത്തില്‍ നോക്കി, കഷ്ടിച്ചൊരാകാരംമാത്രം കാണുന്നു. അനന്തരം തെളിഞ്ഞ വെള്ളത്തില്‍ നോക്കു കുറേക്കൂടി നല്ല പ്രതിച്ഛായ കാണുന്നു. പിന്നീടു തിളങ്ങുന്ന ഒരു ലോഹത്തകിടില്‍ നോക്കുമ്പോള്‍ പൂര്‍വ്വാധികം തെളിഞ്ഞ പ്രതിച്ഛായ കാണുന്നു. ഒടുവില്‍ ഒരു കണ്ണാടിയില്‍ നോക്കി തന്റെ യഥാര്‍ത്ഥമായ രൂപം പ്രതിബിംബിച്ചു കാണുന്നു. അതിനാല്‍ പൂര്‍ണ്ണമനുഷ്യന്‍ ജ്ഞാതാവും ജ്ഞേയവുമായ ആ സത്തയുടെ ഏറ്റവും കൂടിയ പ്രതിബിംബമത്രേ. മനുഷ്യന്‍ സഹജവാസനയാലെന്നവണ്ണം എല്ലാ വസ്തുക്കളേയും ആരാധിക്കുന്നത് എന്തുകൊണ്ടാണെന്നും, ഓരോ രാജ്യത്തും പൂര്‍ണ്ണമനുഷ്യന്‍ ഈശ്വരതുല്യം ആരാധിക്കപ്പെടുന്നതിന്റെ ഹേതുവെന്തെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. നിങ്ങള്‍ക്ക് ഇഷ്ടംപോലെ എന്തഭിപ്രായവും പറയാം പക്ഷേ, അത്തരം ആളുകളാണ് അവശ്യം നമ്മുടെ ആരാധനാപാത്രമാകുന്നത്. ക്രിസ്തുവിനെപ്പോലെയും ബുദ്ധനെപ്പോലെയുമുള്ള അവതാരപുരുഷന്മാരെ മനുഷ്യന്‍ ആരാധിക്കുന്നത് അതുകൊണ്ടത്രെ. അവരാണ് നിത്യസത്തയുടെ ഏറ്റവും തികവുറ്റ അഭിവ്യക്തികള്‍. നിങ്ങള്‍ക്കോ എനിക്കോ വിഭാവനചെയ്യുക സാദ്ധ്യമായ എല്ലാ ഈശ്വരസങ്കല്‍പ്പങ്ങളെക്കാളും വളരെ ഉയര്‍ന്നു നില്‍ക്കുന്നവരാണവര്‍. നമ്മുടെ അത്തരം സങ്കല്‍പ്പങ്ങളെക്കാള്‍ ഒരു പൂര്‍ണ്ണമനുഷ്യന്‍ വളരെ ഉത്കൃഷ്ടനാണ്. അയാളില്‍ വൃത്തം പൂര്‍ത്തിയായിരിക്കുന്നു, ജ്ഞാതാവും ജ്ഞേയവും (ഗ്രഹീതാവും ഗ്രാഹ്യവും) ഒന്നായിരിക്കുന്നു. അയാളുടെ വ്യാമോഹങ്ങളെല്ലാം നീങ്ങിപ്പോയിരിക്കുന്നു. അവയുടെ സ്ഥാനത്ത്, താന്‍ എക്കാലവും ആ പരിപൂര്‍ണ്ണസത്തതന്നെയായിരുന്നു എന്ന ജ്ഞാനം ആവിര്‍ഭവിച്ചിരിക്കുന്നു. ഈ ബന്ധനം പിന്നെ എങ്ങനെ ഉണ്ടായി? പരിപൂര്‍ണ്ണസത്ത അപൂര്‍ണ്ണമായി അപഭ്രംശിക്കാന്‍ എങ്ങനെ ഇടയായി? സ്വതന്ത്രമായ ഒന്ന് അസ്വതന്ത്രമാവുകയെന്നത് എങ്ങനെ സംഭവിച്ചു? അതു ഒരിക്കലും അസ്വതന്ത്രമായിട്ടില്ല. എക്കാലവും സ്വതന്ത്രംതന്നെ എന്നാണ് അദ്വൈതി പറയുന്നത്. പല നിറത്തിലുള്ള പലതരം മേഘങ്ങള്‍ വന്ന് ആകാശത്തെ മറയ്ക്കുന്നു. അവ ഒരു മിനിട്ടു നേരത്തെയ്ക്കു അവിടെ തത്തിക്കളിച്ചിട്ടു മറയുന്നു. എന്നാല്‍ നിത്യനീലമായ ആകാശം ചിരസ്ഥായിയായി നിലകൊള്ളുന്നു. ആകാശത്തിനൊരിക്കലും മാറ്റമില്ല. മേഘങ്ങള്‍ക്കാണ് മാറ്റം. അതുപോലെ നിങ്ങള്‍ സര്‍വ്വദാ പൂര്‍ണ്ണനാണ്. നിത്യപൂര്‍ണ്ണനാണ്. യാതൊന്നും നിങ്ങളുടെ സാക്ഷാല്‍രൂപത്തിനു മാറ്റം വരുത്തിയിട്ടില്ല. വരുത്തുകയുമില്ല. ‘ഞാന്‍ അപൂര്‍ണ്ണനാണ്. ഞാനൊരു പുരുഷനാണ്. ഞാനൊരു സ്ത്രീയാണ്. അഥവാ ഞാന്‍ പാപിയാണ്. ഞാന്‍ മനസ്സാണ്. ഞാന്‍ വിചാരിച്ചു, ഞാന്‍ വിചാരിക്കും’ എന്നിത്യാദി ആശയങ്ങളെല്ലാം വിഭ്രാന്തികളത്രേ. നിങ്ങള്‍ ഒരിക്കലും വിചാരിക്കുന്നില്ല. നിങ്ങള്‍ക്കൊരിക്കലും ശരീരമുണ്ടായിട്ടില്ല. നിങ്ങള്‍ ഒരിക്കലും അപൂര്‍ണ്ണനായിട്ടില്ല. നിങ്ങള്‍ പ്രപഞ്ചത്തിന്റെ ധന്യനായ അധിപതിയാണ്. ഇന്നുള്ളതും ഇനി ഉണ്ടാകുന്നതുമായ സകലതിന്റെയും നാഥനാണ്. സൂര്യന്മാരുടെയും നക്ഷത്രങ്ങളുടെയും ചന്ദ്രന്മാരുടെയും ഭൂമികളുടെയും ഗ്രഹങ്ങളുടെയും എന്നു വേണ്ട, പ്രപഞ്ചത്തിലുള്ള സമസ്തത്തിന്റെയും സര്‍വ്വശക്തനായ നിയാമകനാണ്. സൂര്യന്‍ പ്രകാശിക്കുന്നതും നക്ഷത്രം പ്രഭ ചൊരിയുന്നതും ഭൂമി നയനാഭിരാമമാകുന്നതും നിങ്ങള്‍ ഹേതുവായിട്ടാണ്. നിങ്ങളുടെ ധന്യത്വം ഹേതുവായിട്ടത്രേ. അവയെല്ലാം സ്നേഹിക്കുന്നതും പരസ്പരം ആകര്‍ഷിക്കുന്നതും. നിങ്ങള്‍ എല്ലാറ്റിലും സ്ഥിതിചെയ്യുന്നു. നിങ്ങള്‍തന്നെ എല്ലാം. ആരെ തള്ളാന്‍? ആരെ കൊള്ളാന്‍? നിങ്ങള്‍തന്നെ സര്‍വ്വവും ഈ ജഞാനം ഉദിക്കുന്ന ഉടനെ വ്യാമോഹം മറയത്തു പോകുന്നു.
ഞാനൊരിക്കല്‍ ഭാരതത്തിലെ മരുഭൂമിയില്‍ സഞ്ചരിക്കയായിരുന്നു. ഒരു മാസത്തിനുമേല്‍ ഇങ്ങനെ സഞ്ചരിച്ചു. എല്ലാ ദിവസവും ഏറ്റവും മനോഹരമായ ഭൂപ്രകൃതിദൃശ്യങ്ങള്‍-മനോഹരമായ ജലാശയങ്ങളും മറ്റും-ഞാന്‍ കണ്ടിരുന്നു. ഒരു ദിവസം എനിക്കു വളരെ ദാഹമുണ്ടായി. ഇതിലൊരു ജലാശയത്തില്‍നിന്നു കുറെ വെള്ളം കുടിക്കാമെന്നു വിചാരിച്ച് ഞാന്‍ അങ്ങോട്ടു ചെന്നപ്പോഴേയ്ക്കും അതു അപ്രത്യക്ഷമായി. ഉടനെ ഇതൊരു മരുമരീചികയാണെന്ന ബോധം-ഞാന്‍ ആയുസ്സു മുഴുവന്‍ അതിനെപ്പറ്റി കേട്ടിട്ടും വായിച്ചിട്ടുമുണ്ടായിരുന്നു.-ഒരു പ്രഹരംകണക്കെ എന്റെ തലച്ചോറില്‍ ഉദയംചെയ്തു. കഴിഞ്ഞ ഒരു മാസക്കാലം ഞാന്‍ കണ്ടിരുന്ന ചേതോഹരങ്ങളായ ഭൂപ്രകൃതിദൃശ്യങ്ങളും ജലാശയങ്ങളുമെല്ലാം ഈ മരീചികയായിരുന്നെന്നും അന്നെങ്ങും ഞാന്‍ അവയെ അപ്രകാരം മനസ്സിലാക്കിയില്ലെന്നുമുള്ള എന്റെ മടയത്തരത്തെ ഓര്‍ത്തു ഞാന്‍ പുഞ്ചിരികൊണ്ടു. അടുത്ത പ്രഭാതത്തില്‍ ഞാന്‍ വീണ്ടും യാത്ര തുടര്‍ന്നു. അന്നും ഞാന്‍ ജലാശയവും പ്രകൃതിദൃശ്യങ്ങളും കണ്ടു. പക്ഷേ, അതോടൊപ്പം ‘ഇതൊരു മരീചികയാണെ’ന്ന ബോധവും എന്നിലുളവായി. ഒരിക്കല്‍ മനസ്സിലായിക്കഴിഞ്ഞതിനാല്‍, അതിനു വ്യാമോഹിപ്പിക്കാന്‍ കഴിവില്ലാതായി. അതുപോലെ, പ്രപഞ്ചത്തെസ്സംബന്ധിച്ച് ഈ വ്യാമോഹം ഒരുനാള്‍ ഭഞ്ജിക്കപ്പെടും. ഈ പ്രപഞ്ചം മുഴുവന്‍ മറഞ്ഞുപോകും. ഉരുകി മറയും. ഇതാണ് സാക്ഷാല്‍ക്കാരം. തത്ത്വജ്ഞാനമെന്നു പറയുന്നതു തമാശയല്ല. വെറും പ്രലപനവുമല്ല. അതു അനുഭവത്തില്‍ വരുത്തേണ്ട കാര്യമാണ്. ഈ ശരീരം മാറിപ്പോകും. ഈ ഭൂമിയും അതിലെ സകലവസ്തുക്കളും മാറിപ്പോകും. ‘ഞാന്‍ ശരീരമാണ് അല്ലെങ്കില്‍ മനസ്സാണ്’ എന്ന ബോധം കുറെ സമയത്തേക്കു ഇല്ലാതാകും. അഥവാ കര്‍മ്മം നിശ്ശേഷം ഒടുങ്ങിയിട്ടുണ്ടെങ്കില്‍ അത് ഇങ്ങിനി വരാതവണ്ണം സ്ഥിരമായി നശിക്കും. കര്‍മ്മത്തിന്റെ ഒരംശം അവശേഷിക്കുന്നുണ്ടെങ്കിലോ, കലം മെനഞ്ഞുതീര്‍ന്നതിനുശേഷവും കാലാലചക്രം മുന്നായംകൊണ്ടു ചിലപ്പോള്‍ കുറെ സമയത്തേയ്ക്കുകൂടി കറങ്ങിക്കൊണ്ടിരിക്കുംപോലെ, വ്യാമോഹം നിശ്ശേഷം നീങ്ങിയതിനുശേഷവും ഈ ശരീരം കുറച്ചുകാലംകൂടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വീണ്ടും ഈ ലോകം പ്രത്യക്ഷപ്പെടും. മരീചിക അടുത്ത ദിവസവും കാണപ്പെട്ടതുപോലെ, പുരുഷന്മാരും സ്ത്രീകളും മൃഗങ്ങളുമെല്ലാം വീണ്ടും പ്രത്യക്ഷപ്പെടും. എന്നാല്‍ അവയ്ക്കു പഴയ ബന്ധനശക്തി ഉണ്ടാവില്ല. ‘ഞാനതിന്റെ മട്ടു മനസ്സിലാക്കിപ്പോയി’ എന്ന ബോധവും ഒപ്പം നമ്മുടെ മനസ്സില്‍ അങ്കുരിക്കും. തല്‍ഫലമായി അതു ബന്ധനമോ ദുഃഖമോ വ്യഥയോ കഷ്ടതയോ ഉളവാക്കില്ല. ദുഃഖകരമായ വല്ല അനുഭവവും നേരിടുമ്പോള്‍, ‘നീ മായയാണെന്ന് എനിക്കറിയാം’ എന്നു പറയാന്‍ മനസ്സിനു കഴിവുണ്ടാകും. ആ അവസ്ഥയിലെത്തിയ മനുഷ്യനെ ജീവന്മുക്തന്‍-ജീവിച്ചിരിക്കുമ്പോഴേ മുക്തി പ്രാപിച്ചവന്‍-എന്നു പറയുന്നു. ജ്ഞാനയോഗിയുടെ ജീവിതത്തിന്റെ ലക്ഷ്യവും ഉന്നവും ഈ ജീവന്മുക്താവസ്ഥയാണ്. ഒന്നിനോടും സക്തനാകാതെ ഈ ലോകത്തു ജീവിക്കാന്‍ കഴിയുന്നവന്‍ ജീവന്മുക്തനാകുന്നു. വെള്ളത്തില്‍ കിടന്നിട്ടും ഒരിക്കലും വെള്ളത്തില്‍ നനയ്ക്കപ്പെടാത്ത താമരയിലപോലെയാണവന്‍. മനുഷ്യജീവികളില്‍വെച്ച് പോരാ, സര്‍വ്വജീവികളില്‍വെച്ചും, ഏറ്റവും ഉല്‍കൃഷ്ടനാണവന്‍. എന്തെന്നാല്‍ അവന്‍ കേവലബ്രഹ്മവുമായി അഭേദാവസ്ഥ സാക്ഷാല്‍കരിച്ചിരിക്കുന്നു. ഈശ്വരനുമായി ഐക്യം പ്രാപിച്ചിരിക്കുന്നു.
നിങ്ങള്‍ ഈശ്വരനില്‍നിന്നു ലേശമെങ്കിലും ഭിന്നനാണെന്നു വിചാരിക്കുന്നിടത്തോളം കാലം ഭയം നിങ്ങളെ ഗ്രസിക്കും. എന്നാല്‍ നിങ്ങള്‍ ഈശ്വരന്‍തന്നെയാണെന്ന്, ലേശവും വേറല്ലെന്ന്, ഈശ്വരസാമസ്ത്യവും ഈശ്വരസാകല്യവുമാണെന്നു ബോധിക്കുമ്പോള്‍ സകലഭയവും അസ്തമിക്കുന്നു. ‘അവിടെ ആര്‍ ആരെന്നു കാണുന്നു? ആര്‍ ആരെ ആരാധിക്കുന്നു? ആര്‍ ആരോടു സംസാരിക്കുന്നു? ആര്‍ ആരെ കേള്‍ക്കുന്നു? യാതൊരവസ്ഥയില്‍ ഒരുവന്‍ മറ്റൊന്നിനെ കാണുന്നുവോ, മറ്റൊന്നിനോടു സംസാരിക്കുന്നുവോ, മറ്റൊന്നിനെ കേള്‍ക്കുന്നുവോ, അതു അല്പാവസ്ഥയാണ്. യാതൊരവസ്ഥയില്‍ ഒരുവന്‍ രണ്ടാമതൊന്നിനെ കാണുന്നില്ലയോ, രണ്ടാമതൊന്നിനോടു സംസാരിക്കുന്നില്ലയോ അതാണ് അത്യുച്ചമായ അവസ്ഥ. അതാണ് ഭൂമാവ്. അതാണ് ബ്രഹ്മം’. നിങ്ങള്‍ ബ്രഹ്മംതന്നെയാകയാല്‍ എല്ലായ്പ്പോഴും ബ്രഹ്മംതന്നെ. അങ്ങനെ വരുമ്പോള്‍ ലോകത്തിനെന്തു സംഭവിക്കും? നമുക്കു പിന്നെ ലോകത്തിനെന്തു നന്മ ചെയ്യാന്‍ കഴിയും? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. ‘ഞാന്‍ വളര്‍ന്നാല്‍ എന്റെ ഇഞ്ചിമിഠായിക്ക് എന്തുപറ്റും?’ എന്ന് ശിശു ചോദിക്കുന്നു. ‘ഞാന്‍ വളര്‍ന്നാല്‍ എന്റെ വട്ടുകളുടെ ഗതിയെന്ത്? അതുകൊണ്ട് ഞാന്‍ വളരില്ല’ എന്നു ബാലന്‍ പറയുന്നു. ‘ഞാന്‍ വളര്‍ന്നാല്‍ എന്റെ പാവകളുടെ സ്ഥിതയെന്താകും?’ എന്നു ചെറുപൈതല്‍ പറയുന്നു. ഈ ലോകത്തെസ്സംബന്ധിച്ചും ഈ ചോദ്യംതന്നെയാണ് ഉന്നയിക്കപ്പെടുന്നത്. ഭൂതത്തിലോ വര്‍ത്തമാനത്തിലോ ഭാവിയിലോ അതിനു അസ്തിത്വമില്ല. നാം ആത്മാവിനെ യഥാര്‍ത്ഥമായി അറിയുമ്പോള്‍ ഈ ആത്മാവല്ലാതെ മറ്റൊന്നുമില്ലെന്നും മറ്റെല്ലാം യഥാര്‍ത്ഥസത്തയില്ലാത്ത സ്വപ്നം മാത്രമാണെന്നും അറിയുമ്പോള്‍, പിന്നീട് ഈ ലോകം -അതിലെ ദാരിദ്യ്രമോ കഷ്ടപ്പാടുകളോ ദുഷ്ടതയോ നന്മയോ തിന്മയോ ഒന്നും-നമ്മുടെ സ്വൈരതയെ ഭഞ്ജിക്കില്ല. അവ ഉള്ളതല്ലെങ്കില്‍ നാം പിന്നെ ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ക്ളേശിക്കുന്നു? ഇതാണ് ജ്ഞാനയോഗികള്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ധീരതയോടെ സ്വാതന്ത്യ്രത്തിനുവേണ്ടി യത്നിക്കുക. നിങ്ങളുടെ ചിന്ത നയിക്കുന്നിടത്തോളം സധൈര്യം മുന്നോട്ടുപോവുക. സധൈര്യം അതു നിങ്ങളുടെ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്യുക. ജ്ഞാനപ്രാപ്തി അത്യന്തം ദുഷ്കരമാണ്. മേധാപരംമാത്രമല്ല ഇന്ദ്രിയവിഷയകവുമായ എല്ലാ വിഗ്രഹങ്ങളേയും തച്ചുടയ്ക്കുവാന്‍ കൂസാത്ത അത്യന്തധൈര്യശാലികള്‍ക്കും സാഹസികന്മാര്‍ക്കുമുള്ള മാര്‍ഗ്ഗമാണത്. ഞാന്‍ ഈ ശരീരമല്ല. അതു പോകണം. ഇതു എല്ലാത്തരത്തിലുള്ള വൈചിത്യ്രങ്ങളേയും ജനിപ്പിച്ചെന്നുവരാം. ഒരു മനുഷ്യന്‍ എഴുന്നേറ്റുനിന്നു പറയുന്നു, ‘ഞാന്‍ ശരീരമല്ല. അതിനാല്‍ എന്റെ തലവേദന ഭേദമായേ തീരൂ’ എന്ന്. എന്നാല്‍ തലവേദന അയാളുടെ ശരീരത്തിലല്ലെങ്കില്‍ പിന്നെ എവിടെയാണ്? ആയിരം തലവേദനകളും ആയിരം ശരീരങ്ങളും വരികയോ പോവുകയോ ചെയ്യട്ടെ. അതുകൊണ്ടെനിക്കെന്ത്? എനിക്കു ജനനമോ മരണമോ ഇല്ല. അച്ഛനോ അമ്മയോ ഒരിക്കലും ഉണ്ടായിട്ടില്ല. ബന്ധുക്കളോ ശത്രുക്കളോ ആരുമില്ല. എന്തെന്നാല്‍ അവരെല്ലാം ഞാന്‍തന്നെയാണ്. ഞാന്‍തന്നെ എന്റെ ബന്ധുവും ഞാന്‍തന്നെ എന്റെ ശത്രുവും. ഞാന്‍ കേവലസച്ചിദാനന്ദം. സോഽഹം സോഽഹം. ഒരായിരം ശരീരങ്ങളില്‍ ഞാന്‍ പനി മുതലായ രോഗങ്ങള്‍കൊണ്ടു കഷ്ടപ്പെടുന്നുവെങ്കില്‍ ലക്ഷോപലക്ഷം ശരീരങ്ങളില്‍ ആരോഗ്യവനായും ഇരിക്കുന്നു. ഒരായിരം ശരീരങ്ങളില്‍ ഞാന്‍ പട്ടിണി കിടക്കുന്നു. മറ്റായിരം ശരീരങ്ങളില്‍ ഉത്തമഭോജ്യങ്ങശിക്കുന്നു. ആയിരം ശരീരങ്ങളില്‍ ഞാന്‍ ദുഃഖിയാണെങ്കില്‍ മറ്റായിരം ശരീരങ്ങളില്‍ സുഖിയുമാണ്. ആര് ആരെ കുറ്റപ്പെടുത്തും? ആര് ആരെ പ്രശംസിക്കും? ആരെ തേടും? ആരെ വര്‍ജ്ജിക്കും? ഞാന്‍ ആരെയും തേടുന്നില്ല. ആരെയും വര്‍ജ്ജിക്കുന്നുമില്ല. എന്തെന്നാല്‍ ഞാന്‍ സമസ്തജഗത്തുമാണ്. ഞാന്‍ എന്നെത്തന്നെ പ്രശംസിക്കുന്നു. ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. ഞാന്‍ എനിക്കു വേണ്ടിത്തന്നെ കഷ്ടതയനുഭവിക്കുന്നു. എന്റെ ഇച്ഛാനുസരണം സുഖവുമനുഭവിക്കുന്നു. ഞാന്‍ സ്വതന്ത്രനാണ്. ഇതാണ് ധീരനും സാഹസികനുമായ ജ്ഞാനിയുടെ നിലപാട്. പ്രപഞ്ചം മുഴുവന്‍ ഇടിഞ്ഞുവീഴട്ടെ. അതൊരിക്കലും ഉണ്ടായിരുന്നേയില്ല എന്നായിരിക്കും ജ്ഞാനി പുഞ്ചിരിച്ചുകൊണ്ടു പറയുക-അതു മുഴുവനും മായാഭ്രാന്തിയായിരുന്നു. പ്രപഞ്ചം തകര്‍ന്നുവീഴുന്നത് അയാള്‍ കാണുന്നു. അതെവിടെയായിരുന്നു? അതെങ്ങോട്ടു പോയി?
ഇതിന്റെ പ്രയോഗവശത്തേയ്ക്കു കടക്കുംമുമ്പായി ചിന്താപരമായ ഒരു പ്രശ്നത്തെക്കൂടി സ്പര്‍ശിച്ചുകൊള്ളട്ടെ. ഇത്രത്തോളം യുക്തി അഭേദ്യമാണ്. മനുഷ്യന്‍ യുക്തിയുക്തം ചിന്തിക്കുന്നപക്ഷം, സത്ത ഒന്നേയുള്ളുവെന്നും നാനാത്വം മിഥ്യയാണെന്നുമുള്ള ഈ നിലപാടിലെത്തുംവരെ എങ്ങും നിലയുറപ്പിക്കുക അവനു സാധ്യമല്ല. യുക്തിചിന്തകരായ മനുഷ്യര്‍ക്ക് ഈ അഭിപ്രായഗതി സ്വീകരിക്കയല്ലാതെ മറ്റൊരുവഴി അവശേഷിക്കുന്നില്ല. എന്നാല്‍ അനന്തവും നിത്യപൂര്‍ണ്ണവും നിത്യധന്യവുമായ കേവലസച്ചിദാനന്ദം എങ്ങനെ ഈ വ്യാമോഹത്തിലകപ്പെട്ടു? ലോകത്തെല്ലായിടത്തും ചോദിക്കപ്പെട്ടുപോന്നിട്ടുള്ള അതേ ചോദ്യം. പ്രാകൃതഭാഷയില്‍ ഈ ചോദ്യത്തിന്റെ രൂപം. ‘ലോകത്ത് പാപം എങ്ങനെ ഉത്ഭവിച്ചു?’ എന്നാണ്. ഇതു ചോദ്യത്തിന്റെ ഏറ്റവും പ്രാകൃതവും സ്ഥൂലവുമായ രൂപമാണ്. മറ്റേതു കുറേക്കൂടി തത്ത്വശാസ്ത്രോചിതമായ രൂപം. എന്നാല്‍ ഉത്തരം ഒന്നുതന്നെ. ഒരേ ചോദ്യം പലരൂപങ്ങളിലും രീതികളിലും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ അധമരൂപങ്ങളില്‍ അതിനു തൃപ്തികരമായ സമാധാനം കാണുന്നില്ല. എന്തെന്നാല്‍ (വിലക്കപ്പെട്ട) പഴത്തിന്റെയും സര്‍പ്പത്തിന്റെയും സ്ത്രീയുടെയും കഥ ഒരു സമാധാനമല്ല. ആ തലത്തില്‍ ചോദ്യം ബാലിശമാണ്. ഉത്തരവും അങ്ങനെതന്നെ. എന്നാല്‍ ചോദ്യം ഇപ്പോള്‍ ഉന്നതഭാവങ്ങള്‍ അവലംഭിച്ചിരിക്കുന്നു-‘ഈ വ്യാമോഹം എങ്ങനെയുണ്ടായി?’ ഉത്തരവും തദനുസരണം വിശിഷ്ടമാണ്-അതായത് അവിഭാവ്യമായ ചോദ്യത്തിനു ഉത്തരം പ്രതീക്ഷിക്കാവുന്നതല്ലെന്ന്. ചോദ്യംതന്നെ അവിഭാവ്യം. ആ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്കു അവകാശമില്ല. എന്തുകൊണ്ട്? പൂര്‍ണ്ണത്വമെന്നു വെച്ചാലെന്ത്? യാതൊന്നു ദേശകാലനിമിത്തങ്ങള്‍ക്കതീതമോ അതാണ് പൂര്‍ണ്ണം. അപ്പോള്‍ ‘പൂര്‍ണ്ണവസ്തു എങ്ങനെ അപൂര്‍ണ്ണമായി?’ എന്നാണ് നിങ്ങളുടെ ചോദ്യം. തര്‍ക്കശാസ്ത്രഭാഷയില്‍ അതിന്റെ രൂപം ഇങ്ങനെയാണ്: ‘നിമിത്താതീതം എങ്ങനെ നിമിത്തവല്‍കൃതമായി?’ നിങ്ങളുടെ ചോദ്യത്തില്‍ ഉക്തിവൈരുദ്ധ്യമുണ്ട്. എന്തെന്നാല്‍ അതു നിമിത്താതീതമാണെന്നു ആദ്യം സമ്മതിച്ചിട്ട് പിന്നെ അതെങ്ങനെ നിമിത്തവല്‍കൃതമായി എന്നു ചോദിക്കുന്നു. നിമിത്തവല്‍കരണത്തിന്റെ മേഖലയ്ക്കുള്ളിലെ ഈ ചോദ്യം ചോദിക്കാവൂ. കാലത്തിനും സ്ഥലത്തിനും നിമിത്തത്തിനും വ്യാപ്തിയുള്ളിടംവരെ ഇതു ചോദിക്കാം. അതിനപ്പുറത്ത് അതു ചോദിക്കുന്നത് അസംബന്ധം. കാരണം ചോദ്യം യുക്തിസഹമല്ല. ദേശകാലനിമിത്തങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിനൊരിക്കലും ഉത്തരം പറയാന്‍ വയ്യ. ഇവയുടെ പരിധിക്കപ്പുറം എന്തുത്തരം സാദ്ധ്യമാണെന്ന് അവയെ അതിക്രമിക്കുമ്പോഴേ അറിയാനൊക്കൂ. അതിനാല്‍ പ്രാജ്ഞന്മാര്‍ ഈ ചോദ്യത്തെ വിശ്രമിക്കാന്‍ വിടുകയാണ് ചെയ്യുന്നത്. മനുഷ്യനു രോഗം പിടിപെടുമ്പോള്‍ തനിക്കതുണ്ടായതെങ്ങനെ? എന്ന് ആദ്യം അറിഞ്ഞേ തീരൂ എന്നു ശാഠ്യം പിടിക്കാതെ അയാള്‍ രോഗം ശമിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നു.
ഈ ചോദ്യത്തിനു മറ്റൊരു രൂപമുണ്ട്-കുറേക്കൂടി താഴ്ന്നതെങ്കിലും കൂടുതല്‍ പ്രായോഗികവും ദൃഷ്ടാന്തപരവുമായ ഒരു രൂപം-അതായത്, ഈ വ്യാമോഹത്തെ ജനിപ്പിച്ചതെന്ത്, വല്ല യാഥാര്‍ത്ഥ്യവും വ്യാമോഹത്തെ ജനിപ്പിക്കുമോ? തീര്‍ച്ചയായും ഇല്ല. ഒരു വ്യാമോഹം മറ്റൊന്നിനെ ജനിപ്പിക്കുന്നു. അതിനെ മറ്റൊന്ന്-ഇങ്ങനെ മേല്‍ക്കുമേല്‍. വ്യാമോഹത്തെ ഉളവാക്കുന്നത് എപ്പോഴും വ്യാമോഹംതന്നെ. രോഗത്തെ ഉളവാക്കുന്നതു രോഗമാണ്. ആരോഗ്യമല്ല. തിരമാലയും വെള്ളവും ഒരേ വസ്തുവാണ്. കാര്യം കാരണത്തിന്റെ വേറൊരു രൂപമെന്നേയുള്ളൂ. വ്യാമോഹമാണ് ഇവിടത്തെ കാര്യം. അതിനാല്‍ അതിന്റെ കാരണവും വ്യാമോഹമാകണം. ഈ വ്യാമോഹത്തെ ഉണ്ടാക്കിയതെന്ത്? മറ്റൊരു വ്യാമോഹം. അതിനെ മറ്റൊന്ന്, അങ്ങനെ ആദിയില്ലാതെ പോകുന്നു. ജഗത്തില്‍ രണ്ടു സത്തകള്‍-ഒന്നു നിങ്ങളും മറ്റൊന്നു വ്യാമോഹവും-ഉണ്ടെന്നു വരുന്നതിനാല്‍, അതു നിങ്ങളുടെ അദ്വൈതസിദ്ധാന്തത്തെ ഭഞ്ജിക്കുന്നില്ലേ എന്നൊരു ചോദ്യംമാത്രമാണ് നിങ്ങള്‍ക്ക് ചോദിക്കാന്‍ ശേഷിച്ചിട്ടുള്ളത്. ഇതിനുത്തരം വ്യാമോഹത്തെ ഒരു സത്തായി ഗണിക്കാന്‍ നിവൃത്തിയില്ലെന്നാണ്. ജീവിതത്തിനിടയ്ക്കു നിങ്ങള്‍ക്ക് ആയിരകണക്കിനു സ്വപ്നങ്ങളുണ്ടാകുന്നു. എന്നാല്‍ അവ നിങ്ങളുടെ ജീവിതത്തിന്റെ അംശമായി ഗണിക്കപ്പെടുന്നില്ല. സ്വപ്നങ്ങള്‍ വരികയും പോകയും ചെയ്യുന്നു. അവയ്ക്കു സത്തയില്ല. വ്യാമോഹത്തെ സത്തയെന്നു പറയുന്നതു സത്യാഭാസമായിരിക്കും. അതിനാല്‍ പ്രപഞ്ചത്തിലാകെ നിത്യമുക്തവും നിത്യധന്യവുമായി ഒരു സത്തയേയുള്ളൂ. അതാണ് നിങ്ങള്‍. ഇതാണ് വേദാന്തികള്‍ ചെന്നെത്തിയിട്ടുള്ള അന്ത്യനിഗമനം.
അങ്ങനെയെങ്കില്‍, ഇപ്പോഴത്തെ പല ആരാധനാസമ്പ്രദായങ്ങള്‍ക്കെന്തു സംഭവിക്കും? എന്നൊരു ചോദ്യമുണ്ടാകാം. അവ തുടരും. അവയെല്ലാം വെളിച്ചത്തിനുവേണ്ടിയുള്ള ഇരുട്ടില്‍ത്തപ്പലാണ്. ഈ തപ്പലിലൂടെ വെളിച്ചം കണ്ടെത്തും. ആത്മാവിനു സ്വയം കാണാന്‍ വയ്യ എന്നു നാമിപ്പോള്‍ പറഞ്ഞുവല്ലോ. നമ്മുടെ അറിവും മായയാകുന്ന വലയ്ക്കുള്ളിലാണ്. അതിനപ്പുറമാണ് സ്വാതന്ത്യ്രം. വലയ്ക്കുള്ളില്‍ അടിമത്തമാണ്. അവിടെ എല്ലാം നിയമവിധേയമാണ്. വലയ്ക്കപ്പുറം നിയമത്തിന്റെ പ്രവര്‍ത്തനമില്ല. പ്രപഞ്ചം നിയന്ത്രിതമാണ്. അതിനപ്പുറത്ത് സ്വാതന്ത്യ്രവും. നിങ്ങള്‍ ദേശകാലനിമിത്തങ്ങളുടെ വലയ്ക്കുള്ളില്‍ വര്‍ത്തിക്കുന്നിടത്തോളം കാലം നിങ്ങള്‍ സ്വതന്ത്രരാണെന്ന പറച്ചില്‍ അസംബന്ധം. എന്തെന്നാല്‍ ആ വലയ്ക്കുള്ളില്‍ സകലതും കടുത്ത നിയമത്തിനധീനമാണ്. കാര്യകാരണശൃംഖലാബദ്ധമാണ്. നിങ്ങള്‍ വിചാരിക്കുന്ന ഓരോ വിചാരവും ഓരോ വികാരവും നിമിത്തവത്താണ്. ഇച്ഛ സ്വതന്ത്രമാണെന്നു പറയുന്നതു വെറും അസംബന്ധം. അനന്തസത്ത മായയുടെ ഈ വലയില്‍പ്പെടുമ്പോള്‍-എന്നു പറയട്ടെ-മാത്രമേ അത് ഇച്ഛാരൂപം കൈക്കൊള്ളുന്നുള്ളൂ. ‘ഇച്ഛ’യെന്നു പറയുന്നതു ആ സത്തയുടെ ഒരംശം മായാവലയില്‍ പിടിക്കപ്പെട്ടതിനെയാണ്. അതിനാല്‍ ‘സ്വതന്ത്രേച്ഛ’ എന്നത് ഒരു മിഥ്യാസംജ്ഞയത്രേ. ആ പ്രയോഗത്തിന് ഒരര്‍ത്ഥവുമില്ല-വെറും അസംബന്ധം. സ്വാതന്ത്യ്രത്തെപ്പറ്റിയുള്ള ഈ വര്‍ത്തമാനങ്ങളും തഥൈവ. മായയ്ക്കുള്ളില്‍ സ്വാതന്ത്യ്രമില്ലതന്നെ.
ഓരോ മനുഷ്യനും അയാളുടെ വിചാരം വാക്ക്, പ്രവൃത്തി, മനസ്സ് എന്നിവയെ സംബന്ധിച്ച് ഒരു കല്‍ക്കഷണത്തെപ്പോലെയോ ഈ മേശയെപ്പോലെയോ തന്നെ നിയമബദ്ധനാണ്. ഞാനിപ്പോള്‍ നിങ്ങളോടു സംസാരിക്കുന്നു എന്നുള്ളതും നിങ്ങള്‍ അതു കേള്‍ക്കുന്നു എന്നുള്ളതും തുല്യനിലയില്‍ അയവില്ലാത്ത നിമിത്തനിയമത്തിനു വിധേയമാണ്.മായയ്ക്കപ്പുറം കടക്കുന്നതുവരെ നിങ്ങള്‍ക്കു സ്വാതന്ത്യ്രമില്ല. അതാണ് ആത്മാവിന്റെ യഥാര്‍ത്ഥസ്വാതന്ത്യ്രം. മനുഷ്യര്‍, എത്രതന്നെ നിശിതബുദ്ധികളായാലും, ഇഹലോകത്തു യാതൊന്നും സ്വതന്ത്രമാകുവാന്‍ വയ്യെന്നതിലെ യുക്തിയുടെ അനിഷേധ്യത എത്ര വ്യക്തമായി കണ്ടാലും തങ്ങളെല്ലാം സ്വതന്ത്രരാണെന്നു വിചാരിക്കുവാന്‍ നിര്‍ബ്ബദ്ധരാണ്. അല്ലാതെ അവര്‍ക്കു വയ്യ. നാം സ്വതന്ത്രരാണെന്നു പറയാത്തിടത്തോളം ഒരു കര്‍മ്മവും മുന്നോട്ടു കൊണ്ടുപോക സാധ്യമല്ല. നാം ഉണ്ടെന്നു പറയുന്ന സ്വാതന്ത്യ്രം മേഘപ്പഴുതുകളിലൂടെ കാണുന്ന നീലാകാശമാണെന്നും യഥാര്‍ത്ഥസ്വാതന്ത്യ്രം-നീലാകാശം-പശ്ചാത്തലത്തിലുണ്ടെന്നുമത്രേ ഇതിന്നര്‍ത്ഥം. ഈ വ്യാമോഹവിഭ്രാന്തികളുടെ മദ്ധ്യത്തില്‍ ഈ ലോകമാകുന്ന വിഡ്ഢിത്തത്തിന്റെയും ഈ മനഃശരീരേന്ദ്രിയപ്രപഞ്ചത്തിന്റെയും നടുവില്‍, യഥാര്‍ത്ഥസ്വാതന്ത്യ്രം ഉണ്ടാവുക സാധ്യമല്ല. ആദ്യന്തങ്ങളില്ലാതെ, നിയന്ത്രിതമോ നിയന്ത്രണവിധേയമോ അല്ലാതെ, അന്യോന്യം സംധാനോ അനുരഞ്ജനമോ നൈരന്തര്യമോ കൂടാതെ, സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സ്വപ്നസമൂഹമത്രേ നമ്മുടെ പ്രപഞ്ചബോധം. സ്വപ്നത്തില്‍, ഇരുപതു തലയുള്ള ഒരു രാക്ഷസന്‍ നിങ്ങളെ പിടിക്കാന്‍ ഓടിവരുന്നതായും നിങ്ങള്‍ അവനെ ഭയന്നു ഓടുന്നതായും കാണുമ്പോള്‍, അതൊരു പൊരുത്തപ്പെടാത്ത അനുഭൂതിയാണെന്നു നിങ്ങള്‍ക്കു തോന്നുന്നില്ല. അതു ശരിയും നേരുമാണെന്നു നിങ്ങള്‍ വിചാരിക്കുന്നു. ഈ നിയമവും അതുപോലെയാണ്. നിങ്ങള്‍ നിയമമെന്നു വിളിക്കുന്നതു മുഴുവന്‍ കേവലം നിരര്‍ത്ഥകവും യാദൃച്ഛികവുമാണ്. ഈ സ്വപ്നാവസ്ഥയില്‍ നിങ്ങള്‍ ഇതിനെ നിയമമെന്നു പറയുന്നു. മായയ്ക്കുള്ളില്‍ ദേശകാലനിമിത്തങ്ങളുടെ നിയമമുള്ളിടത്തോളം സ്വാതന്ത്യ്രമില്ല. ഈ വിവിധരാധനാസമ്പ്രദായങ്ങളെല്ലാം മായയ്ക്കുള്ളിലാണുതാനും. ഈശ്വരനെന്നും മനുഷ്യനെന്നും മൃഗമെന്നും മറ്റുമുള്ള ആശയങ്ങള്‍ മായയ്ക്കുള്ളിലാണ്. അതിനാല്‍ എല്ലാം ഒരുപോലെ ഭ്രാന്തി, എല്ലാം സ്വപ്നങ്ങള്‍. എന്നാല്‍ ഇക്കാലത്തു ചില അസാധാരണ മനുഷ്യര്‍ ചെയ്യുംപോലുള്ള യുക്തിവാദങ്ങള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അവര്‍ പറയുന്നു, ഈശ്വരനെന്ന ആശയം വ്യാമോഹമാണെന്ന്, എന്നാല്‍, ഈ ലോകം സത്യമാണെന്നും. രണ്ടാശയവും ഒരേ യുക്തികൊണ്ടു ഒരുമിച്ചു നിലനില്‍ക്കുകയോ, ഒരുമിച്ചു വീഴുകയോ ചെയ്യുന്നു. ഈ ലോകത്തെയും പരലോകത്തെ എന്നപോലെ, നിഷേധിക്കുന്നവനുമാത്രമേ നാസ്തികനാകാന്‍ അവകാശമുള്ളൂ. ഒരേ യുക്തി രണ്ടിനും സംഗതമാണ്. ഈശ്വരന്‍മുതല്‍ ഏറ്റവും താഴ്ന്ന ജന്തുവരെ, പുല്‍ക്കൊടിമുതല്‍ ജഗത്സ്രഷാടവുവരെ ഉള്ള സകലതിനേയും ഒരേ മിഥ്യാത്വം വ്യാപിച്ചിരിക്കുന്നു. ഒരേ യുക്തിശാസ്ത്രം ഹേതുവായി അവയെല്ലാം സിദ്ധമായാലും അസിദ്ധമായാലും ഒപ്പം പോകുന്നു. ഈശ്വരാശയം മിഥ്യയെന്നു കാണുന്നവന്‍ തന്റെ സ്വന്തം ശരീരവും മനസ്സുകൂടിയും അപ്രകാരമെന്നു കാണേണ്ടതാണ്. ഈശ്വരന്‍ അപ്രത്യക്ഷമാകുമ്പോള്‍ അതോടൊപ്പം ശരീരവും മനസ്സും അപ്രത്യക്ഷമാകുന്നു. അവ രണ്ടും അപ്രത്യക്ഷമാകുമ്പോള്‍ യഥാര്‍ത്ഥസത്ത നിത്യമായവശേഷിക്കുന്നു. ‘അവിടെ കണ്ണുകള്‍ക്ക് ചെന്നെത്താന്‍ വയ്യ. അതു വാക്കിനും മനസ്സിനും വിഷയമല്ല. നമുക്കതിനെ കാണാനോ അറിയാനോ കഴിവില്ല’. വാക്കും വിചാരവും അറിവും ബുദ്ധിയും പോകുന്നിടത്തോളം എല്ലാം മായയ്ക്കുള്ളിലാണെന്ന്, ബന്ധനത്തിനുള്ളിലാണെന്ന്, നാമതിനാല്‍ മനസ്സിലാക്കുന്നു. സത്യവസ്തു അതിനപ്പുറമാണ്. അവിടെ മനസ്സിനോ വിചാരത്തിനോ വാക്കിനോ ചെല്ലാനൊക്കില്ല.
ചിന്താപരമായി ഇത്രത്തോളം വസ്തുതകള്‍ ശരി. അതിന്റെ അഭ്യാസഭാഗത്തെക്കുറിച്ച് ഇനി പറയാം. കാര്യമായ ജോലി അഭ്യാസത്തിലാണ്. ഈ ഏകത്വം സാക്ഷാല്‍കരിക്കാന്‍ വല്ല അഭ്യാസവും ആവശ്യമുണ്ടോ? നിശ്ചയമായും ഉണ്ട്. നിങ്ങള്‍ ഈ ബ്രഹ്മമായിത്തീരുകയല്ല. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ അതാണ്. നിങ്ങള്‍ ഈശ്വരനായിത്തീരുമെന്നോ പൂര്‍ണ്ണത്വം പ്രാപിക്കുമെന്നോ അല്ല. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ പൂര്‍ണ്ണനാണ്. അന്യഥാ തോന്നുന്നത് ഒരു വ്യാമോഹമാണ്. നിങ്ങള്‍ ശ്രീമാന്‍ ഇന്നാരാണ്. അല്ലെങ്കില്‍ ശ്രീമതി ഇന്നാരാണ് എന്നു തോന്നിക്കുന്ന ഈ വ്യാമോഹത്തെ മറ്റൊരു വ്യാമോഹം പ്രയോഗിച്ചു നിര്‍മ്മാര്‍ജ്ജനം ചെയ്യാം. ആ വ്യാമോഹമാണ് അഭ്യസനം. (സാധനാനുഷ്ഠാനം). അഗ്നി അഗ്നിയെ ഭക്ഷിക്കും. അതുപോലെ ഒരു വ്യാമോഹത്തെ കീഴടക്കാന്‍ മറ്റൊരു വ്യാമോഹത്തെ ഉപയോഗിക്കാം. ഒരു മേഘം വന്നു മറ്റൊരു മേഘത്തെ തൂത്തടിച്ചുകൊണ്ടുപോകും. അപ്പോള്‍ രണ്ടും തിരോഭവിക്കും. എങ്കില്‍ ഈ അഭ്യസനങ്ങളെന്താണ്? നാം സ്വതന്ത്രരാകുവാന്‍ പോകയല്ലെന്നും നാം ഇപ്പോള്‍തന്നെ സ്വതന്ത്രരാണെന്നും സദാ ഓര്‍മ്മിക്കേണ്ടതുണ്ട്. നാം ബദ്ധരാണെന്നുള്ള ഓരോ വിചാരവും ഓരോ വ്യാമോഹമാണ്. നാം സുഖിയാണ്, അല്ലെങ്കില്‍ ദുഃഖിയാണ് എന്നുള്ള ഓരോ വിചാരവും ഉത്തുംഗമായ വ്യാമോഹമാണ്. എന്നാല്‍ അതേത്തുടര്‍ന്നു മറ്റൊരു വ്യാമോഹം വന്നുചേരും-നാം ചില കര്‍മ്മങ്ങളനുഷ്ഠിക്കണമെന്നും സ്വാതന്ത്യ്രലാഭാര്‍ത്ഥം ആരാധനകള്‍ നടത്തണമെന്നും യത്നം ചെയ്യണമെന്നുമുള്ള വിചാരം. ഇത് ആദ്യത്തെ വ്യാമോഹത്തെ തുരുത്തും. അതോടെ രണ്ടും ഇല്ലാതാകയും ചെയ്യും.
കുറുക്കന്‍ അത്യന്തം അശുദ്ധമായ ഒരു ജന്തുവാണെന്നു മുഹമ്മദീയരും ഹിന്ദുക്കളും വിശ്വസിക്കുന്നു. നായ വല്ല ഭക്ഷ്യവും തൊട്ടുപോയാല്‍ അതു ദൂരെ കളയേണ്ടതാണ്. അതു പിന്നെ മനുഷ്യനു തിന്നാന്‍ കൊള്ളരുത്. ഒരു മുഹമ്മദീയന്റെ വീട്ടില്‍ ഒരു കുറുക്കന്‍ കേറി മേശപ്പുറത്തെ ഭക്ഷ്യവിഭവത്തില്‍നിന്നു കുറേ തിന്നുപോയി. വീട്ടുടമസ്ഥന്‍ ദരിദ്രനാണ്, എങ്കിലും അന്ന് അയാള്‍ ഒരു സദ്യ ഒരുക്കിയതാണ്. കുറുക്കന്‍ അശുദ്ധമാക്കിയതുനിമിത്തം അയാള്‍ക്കതു ഭക്ഷിക്കാന്‍ പാടില്ലാതായി. ഇതിനു വല്ല പരിഹാരവുമുണ്ടോ എന്നന്വേഷിക്കാന്‍ അയാള്‍ ഒരു പുരോഹിതനെ, ‘മുല്ല’യെ സമീപിച്ചു. അയാള്‍ മുല്ലയോടു പറഞ്ഞു: ‘എനിക്കൊരമളി പിണഞ്ഞു. ഒരു കുറുക്കന്‍ വന്ന് എന്റെ ഭക്ഷണത്തില്‍നിന്നു ഒരു വായ്കപ്പിത്തിന്നുകളഞ്ഞു. ഇതിനെന്താണ് പരിഹാരം? ഞാന്‍ വളരെ ആഗ്രഹിച്ച്, വളരെ ബുദ്ധിമുട്ടി, ഒരു സദ്യ ഒരുക്കിയതായിരുന്നു. അപ്പോഴാണ് ഈ കുറുക്കന്‍ വന്നു കാര്യമൊക്കെ താറുമാറാക്കിയത്’. മുല്ല തെല്ലിട ആലോചിച്ചിട്ട് ഒരേ ഒരു പരിഹാരമേ കണ്ടുള്ളൂ. അയാള്‍ പറഞ്ഞു: ‘നിങ്ങള്‍ ഒരു നായയെക്കൊണ്ട് അതേ പാത്രത്തില്‍നിന്നു അല്പം തീറ്റിക്കുകയേ ഒറ്റപോംവഴിയുള്ളൂ. കാരണം, നായ്ക്കളും കുറുക്കന്മാരും നിത്യശത്രുക്കളാണ്. കുറുക്കന്‍ തിന്നതിന്റെ ഉച്ഛിഷ്ടവും നായ് തിന്നതിന്റെ ഉച്ഛിഷ്ടവും നിങ്ങളുടെ വയറ്റലില്‍ ചെന്ന് അവ രണ്ടും അവിടെവെച്ചു പരസ്പരം ശുദ്ധീകരിക്കും’ ഏതാണ്ട് ഇതേ അവസ്ഥാവിശേഷത്തിലാണ് നാമിപ്പോള്‍പ്പെട്ടിരിക്കുന്നത്. നാം അപൂര്‍ണ്ണരാണെന്നതു നമ്മുടെ ഒരു വിഭ്രാന്തിയാണ്. അതിനു പരിഹാരമായി മറ്റൊരു വിഭ്രാന്തി നാം സ്വീകരിക്കുന്നു-പൂര്‍ണ്ണത്വം പ്രാപിക്കാന്‍ സാധനകള്‍ അനുഷ്ഠിക്കണമെന്നുള്ളത്. അപ്പോള്‍ ഒന്നു മറ്റേതിനെ ആട്ടിപ്പായിച്ചുകൊള്ളും-കാലില്‍ തറച്ച മുള്ളെടുക്കാന്‍ മറ്റൊരു മുള്ളുപയോഗിച്ചിട്ട് രണ്ടും ദൂരെക്കളയുംപോലെ. ‘തത്ത്വമസി’ എന്നു ശ്രവിക്കുന്നതിനാല്‍മാത്രം, ജ്ഞാനസിദ്ധിയുണ്ടാകുന്ന ആളുകളുണ്ട്. ഒരു മിന്നല്‍ വേഗത്തില്‍ അവര്‍ക്ക് ഈ ജഗത്ത് അപ്രത്യക്ഷമാകയും തല്‍സ്ഥാനത്ത് ആത്മസത്യം പ്രകാശിക്കയും ചെയ്യുന്നു. എന്നാല്‍ മറ്റുള്ളവര്‍ ഈ ബന്ധനബോധം ഉച്ചാടനം ചെയ്യാന്‍ അതികഠിനമായ യത്നങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു.
ജ്ഞാനയോഗികളാകാന്‍ ആരാണര്‍ഹര്‍ എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഈ സാധനസമ്പത്തുകളുള്ളവര്‍. ഒന്നാമതു സര്‍വ്വകര്‍മ്മഫലത്യാഗവും, ഇഹത്തിലേയും പരത്തിലേയും ഭോഗാനുഭവങ്ങളില്‍ വിരക്തിയും. നിങ്ങള്‍ ഈ ജഗത്തിന്റെ സ്രഷ്ടാവാണെങ്കില്‍, ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്കു കിട്ടും. എന്തെന്നാല്‍ നിങ്ങള്‍ക്കായി അതു നിങ്ങള്‍തന്നെ സൃഷ്ടിക്കും. സമയത്തെസ്സംബന്ധിച്ച ഒരു പ്രശ്നംമാത്രമാണത്. ചിലര്‍ക്ക് അതുടനെ കിട്ടുന്നു. മറ്റു ചിലരുടെ കാര്യത്തില്‍ ഭൂതകാലസംസ്കാരങ്ങള്‍ അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ തടസ്സമായി നില്‍ക്കുന്നു. ഭോഗാനുഭവേച്ഛയ്ക്കാണ് നാം ഒന്നാം സ്ഥാനം നല്‍കാറ്-ഈ ജീവിതത്തിലല്ലെങ്കില്‍ മരണാനന്തരജീവിതത്തില്‍ ജീവിതാസ്തിത്വത്തെത്തന്നെ നിഷേധിക്കുക. എന്തെന്നാല്‍ ജീവിതം മരണത്തിന്റെ മറ്റൊരു പേരുമാത്രമാണ്. നിങ്ങള്‍ ഒരു ജീവിയാണെന്നു സമ്മതിക്കാതിരിക്കുക. ജീവിക്കാന്‍ ആരു കൂട്ടാക്കുന്നു? ജീവിതം ഒരു മായാവിഭ്രാന്തിയത്രേ. മരണം അതിന്റെ പ്രതിയോഗിയും. സന്തോഷം ഈ വിഭ്രാന്തിയുടെ ഒരംശമാണ്. സന്താപം അതിന്റെ മറ്റൊരംശവും-ഇങ്ങനെ ഓരോന്നിനെസ്സംബന്ധിച്ചും. നിങ്ങള്‍ക്കു ജീവിതവുമായോ മരണവുമായോ എന്തുകാര്യം? ഇവയെല്ലാം മനസ്സിന്റെ കല്‍പ്പനകളാണ്. ഇതിനെയാണ് ഇഹാമുത്രഫലഭോഗവിരാഗമെന്നു പറയുന്നത്.
അടുത്തതു മനോനിയന്ത്രണം(ശമം)-മനസ്സില്‍ പലതരം തൃഷ്ണകള്‍ മുളച്ചുയര്‍ന്നു. വൃത്തിരൂപേണ പരിണമിക്കാതിരിക്കത്തക്കവണ്ണം അതിനെ പ്രശാന്തമാക്കുക. ബാഹ്യമോ ആഭ്യന്തരമോ ആയ ഒരു കാരണത്താലും മനസ്സു ക്ഷോഭിക്കാനിടയാക്കാതെ അതിനെ ഇച്ഛാശക്തികൊണ്ടുമാത്രം അചഞ്ചലമായി നിര്‍ത്തി സമ്പൂര്‍ണ്ണം നിയന്ത്രിക്കുക. ജ്ഞാനയോഗി കായികങ്ങളോ മാനസികങ്ങളോ ആയ മറ്റവലംബങ്ങളൊന്നും സ്വീകരിക്കുന്നില്ല. കേവലം യുക്തിവിചാരം, തജ്ജന്യമായ ജ്ഞാനം സ്വന്തം ഇച്ഛാശക്തി ഇത്രയുമാണ് അയാള്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങള്‍. അടുത്തതു തിതിക്ഷ-വല്ല പിറുപിറുപ്പോ ആവലാതിയോ കൂടാതെ എല്ലാ ദുഃഖങ്ങലും സഹിക്കുക. ഒരു ദ്രോഹം അനുഭവപ്പെട്ടാല്‍ അതിനെ വകവെയ്ക്കരുത്. ഒരു കടുവ വന്നെങ്കില്‍ അവിടെത്തന്നെ നില്‍ക്കണം. ആര് ഓടാന്‍ പോകുന്നു? തിതിക്ഷ ശീലിച്ച് അതില്‍ വിജയിച്ച ആളുകളുണ്ട്. ഇന്ത്യയിലെ നടുവേനലിലെ നട്ടുച്ചവെയിലത്തു ഗംഗാമണല്‍ത്തട്ടില്‍ ഉറങ്ങുന്നവരും, തണുപ്പുകാലത്തു പകല്‍മുഴുവന്‍ ഗംഗാജലത്തില്‍പ്പൊന്തിക്കിടക്കുന്നവരുമുണ്ട്. അത്യുഷ്ണവും അതിശൈത്യവും അവര്‍ വകവെയ്ക്കുന്നില്ല. മനുഷ്യര്‍ ശരീരത്തില്‍ വസ്ത്രാവരണങ്ങളില്ലാതെ ഹിമാലയത്തിലെ മഞ്ഞില്‍ കഴിയുന്നു. ചൂടെന്ത്? തണുപ്പെന്ത്? അവ വരികയോ പോകയോ ചെയ്യട്ടെ. അതുകൊണ്ടെനിക്കെന്ത്? ഞാന്‍ ശരീരമല്ല. ഈ പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ക്ക് ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നാല്‍ അങ്ങനെ നടക്കുന്നുണ്ട് എന്നറിഞ്ഞിരിക്കുന്നതു കൊള്ളാം. നിങ്ങളുടെ ആളുകള്‍ ഒരു പീരങ്കിയുടെ മുഖത്തോ രണഭൂമിയുടെ നടുവിലോ എടുത്തുചാടാന്‍ ധൈര്യപ്പെടുംപോലെ, ഞങ്ങളുടെ ആളുകള്‍ അവരുടെ തത്ത്വശാസ്ത്രത്തെ ചിന്തിച്ചാവിഷ്കരിക്കുന്നതിലും അതു ആചരണത്തില്‍ കൊണ്ടുവരുന്നതിലും ധീരന്മാരാണ്. അവര്‍ അതിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നു. ‘ഞാന്‍ കേവലസച്ചിദാനന്ദസ്വരൂപനാണ്. ശിവോഽഹം ശിവോഽഹം’ പ്രായോഗികജീവിതത്തില്‍ സുഖാഡംബരങ്ങള്‍ നിലനിര്‍ത്തുകയെന്നത് പാശ്ചാത്യാദര്‍ശമായിരിക്കുംപോലെ, ഞങ്ങളുടെ ആദര്‍ശം ആദ്ധ്യാത്മികതയുടെ ഉച്ചതമനിലവാരം നിലനിര്‍ത്തുകയാണ്-മതം വൃഥാ സ്ഥൂലങ്ങളായ വാക്കുകളല്ല. മറിച്ച് അതിന്റെ ഓരോ അംശവും തികച്ചും ഈ ജീവിതത്തില്‍ത്തന്നെ പ്രായോഗികമാക്കുകയാണ് – ഞങ്ങളുടെ ആദര്‍ശം. ഇങ്ങനെ എന്തും സഹിക്കുന്നതിനും ഒന്നിനെപ്പറ്റിയും ആവലാതിപ്പെടാതിരിക്കുന്നതിനും തിതിക്ഷ എന്നു പറയുന്നു. ‘ഞാന്‍ ആത്മാവാണ്. പ്രപഞ്ചവുമായി എനിക്കെന്തു ബന്ധം? സന്തോഷമോ സന്താപമോ നന്മയോ തിന്മയോ ചൂടോ തണുപ്പോ ഒന്നും എനിക്കു സാരമില്ല’ എന്നിങ്ങനെ പറയുന്ന മനുഷ്യരെ ഞാന്‍തന്നെ കണ്ടിട്ടുണ്ട്. അതാണ് തിതിക്ഷ- ശരീരസുഖങ്ങളുടെ പിന്നാലെ ഓടാതിരിക്കുക. മതമെന്താണ്? ‘എനിക്കിതു തരണേ, അതു തരണേ’ എന്നു പ്രാര്‍ത്ഥിക്കുന്നതോ? മതത്തെപ്പറ്റി എത്ര വിഡ്ഢിത്തമായ ആശയങ്ങള്‍. അവയൊക്കെ വിശ്വസിക്കുന്നവര്‍ക്ക് ഈശ്വരനെപ്പറ്റിയോ ആത്മാവിനെപ്പറ്റിയോ ശരിയായ ഒരു ധാരണയുമില്ല. കഴുകന്‍ ആകാശത്തില്‍ ഒരു ധൂളിപോലെ തോന്നിക്കുംവരെ ഉയര്‍ന്നുയര്‍ന്നുപറക്കുന്നുവെന്നും, എന്നാല്‍ അവന്റെ നോട്ടം സര്‍വ്വദാ ഭൂമിയിലെ ചീഞ്ഞളിഞ്ഞ ശവങ്ങളിന്മേലാണെന്നും എന്റെ ഗുരുനാഥന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്കു മതത്തെപ്പറ്റിയുള്ള ആശയങ്ങളുടെ ഫലരൂപങ്ങള്‍ എന്തൊക്കെയാണ്? തെരുവുകള്‍ വൃത്തിയാക്കുക. കൂടുതല്‍ ഭക്ഷണപദാര്‍ത്ഥങ്ങളും വസ്ത്രങ്ങളും ഉണ്ടായിരിക്കുക മുതലായവയല്ലേ? ഭക്ഷണത്തിനും വസ്ത്രത്തിനും ആരു താല്‍പര്യപ്പെടുന്നു? ലക്ഷക്കണക്കിനു ജീവികള്‍ നിമിഷംപ്രതി വരികയും പോകയും ചെയ്യുന്നു. ആരു കൂട്ടാക്കുന്നു? ഈ ചെറുലോകത്തിലെ സുഖങ്ങളേയും പരിവര്‍ത്തനങ്ങളേയും ആരു ഗൌനിക്കുന്നു? നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ അവയ്ക്കെല്ലാം അപ്പുറം പോവുക. നിയമത്തിനപ്പുറം പോവുക, പ്രപഞ്ചം മുഴുവന്‍ മാഞ്ഞുപോകട്ടെ. നിങ്ങള്‍ തനിച്ചു നില്‍ക്കുക. ‘ഞാന്‍ കേവലസത്ത, കേവലജ്ഞാനം, കേവലാനന്ദം, ശിവോഽഹം ശിവോഽഹം’.