(1896-ല്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിച്ചത്)
പലതരം യോഗങ്ങളിലെല്ലാം ത്യാഗമത്രേ മനുഷ്യന്റെ വഴിത്തിരിവിനെ കുറിക്കുന്നത്. കര്‍മ്മയോഗി തന്റെ കര്‍മ്മത്തിന്റെ ഫലം ത്യജിക്കുന്നു. ഭക്തന്‍, സര്‍വ്വശക്തവും സര്‍വ്വവ്യാപകവുമായ പ്രേമത്തിനുവേണ്ടി സകല ക്ഷുദ്രപ്രേമങ്ങളേയും ത്യജിക്കുന്നു. രാജയോഗി തന്റെ അനുഭൂതികള്‍, സിദ്ധികള്‍ ത്യജിക്കുന്നു. എന്തെന്നാല്‍ പ്രകൃതി ആത്മാവിന്റെ അനുഭൂതിക്കുവേണ്ടിയാണെങ്കിലും ഒടുക്കം താന്‍ പ്രകൃതിയിലല്ലെന്നും അതില്‍നിന്നു നിത്യഭിന്നനാണെന്നുമുള്ള ജ്ഞാനത്തില്‍ കൊണ്ടെത്തിക്കുന്നു എന്നതാണ് അയാളുടെ തത്ത്വശാസ്ത്രം. ജ്ഞാനയോഗി സര്‍വ്വസ്വവും പരിത്യജിക്കുന്നു. എന്തെന്നാല്‍, അയാളുടെ തത്ത്വശാസ്ത്രം പ്രകൃതി മുമ്പോ ഇപ്പോഴോ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഭാവിയില്‍ ഉണ്ടായിരിക്കില്ലെന്നുമാണ്. ഇത്തരം ഉന്നതവിഷയങ്ങളെസ്സംബന്ധിച്ചു പ്രയോജനപ്രശ്നം ഉന്നയിക്കാവതല്ല- ആ പ്രശ്നം ഇതില്‍ തികച്ചും അസംബന്ധമാണ്. അഥവാ, അതുന്നയിക്കപ്പെട്ടാലും, ശരിയായൊരു വിശകലനത്തിനുശേഷം ഈ പ്രയോജനപ്രശ്നത്തില്‍ എന്താണ് കാണുന്നത്? സുഖമെന്ന ആദര്‍ശം-മനുഷ്യന്റെ ഭൌതികചുറ്റുപാടുകളെ നന്നാക്കാനോ ഭൌതികസുഖങ്ങളെ വര്‍ദ്ധിപ്പിക്കാനോ ഉതകാത്ത ഇത്തരം സമുന്നതവിഷയങ്ങളെക്കാള്‍ അവനു സുഖം കൈവരുത്തുന്ന ഇതരവസ്തുക്കള്‍ കൂടുതല്‍ പ്രയോജനകരമാണെന്നുള്ളത്. സകല ഭൌതികശാസ്ത്രങ്ങളും മനുഷ്യജീവിതം സുഖസമ്പന്നമാക്കുക എന്ന ഈ ഏകോദ്ദേശ്യം നിര്‍വ്വഹിപ്പാനാണ്. കൂടുതല്‍ സുഖം കൊണ്ടുവരുന്നതേതോ അതിനെ മനുഷ്യന്‍ കൈക്കൊള്ളുകയും സുഖം കുറവുള്ളതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. സുഖം ശാരീരികമോ മാനസികമോ ആദ്ധ്യാത്മികമോ ആവാമെന്നു നാം കണ്ടുവല്ലോ. മൃഗങ്ങളിലും മൃഗങ്ങളില്‍നിന്നു വളരെ ഭേദമല്ലാത്ത ഏറ്റവും താണതരം മനുഷ്യരിലും സുഖങ്ങള്‍ മുഴുവന്‍ ശാരീരസ്ഥമാണ്. വിശക്കുന്ന നായയേയോ ചെന്നായയോപോലെ സന്തോഷസംതൃപ്തിയോടെ തിന്നാന്‍ ഒരു മനുഷ്യനും കഴിയില്ല. അതിനാല്‍ നായിലും ചെന്നായിലും സുഖം പൂര്‍ണ്ണമായും ശരീരത്തിലാണിരിക്കുന്നത്. മനുഷ്യരില്‍ സുഖത്തിന്റെ കുറേക്കൂടി ഉയര്‍ന്ന ഒരു മേഖല നാം കാണുന്നു-മാനസികം അഥവാ ചിന്താപരം. ജ്ഞാനിയുടെ സുഖമാണ് സുഖത്തിന്റെ ഏറ്റവും ഉയര്‍ന്നമേഖല. അതുകൊണ്ട് ദാര്‍ശനികന്ന് ഈ ആത്മജ്ഞാനമാണ് ഏറ്റവും പ്രയോജനകരമായ വസ്തു. എന്തെന്നാല്‍ സാധിക്കാവുന്നവയില്‍ ഉച്ചതമമായ സുഖം അതയാള്‍ക്കു നല്‍കുന്നു. അയാളെസ്സംബന്ധിച്ച് ഇന്ദ്രിയതര്‍പ്പണവും ഭൌതികവസ്തുക്കളും ഏറ്റവും പ്രയോജനകരങ്ങളാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ ജ്ഞാനത്തിലെയത്ര സുഖം അയാള്‍ അവയില്‍ കാണുന്നില്ല. എല്ലാ വസ്തുക്കളും പരിഗണിക്കുമ്പോള്‍, ജ്ഞാനമാണ് എല്ലാവരുടേയും ഏകലക്ഷ്യവും, നമുക്കറിവുള്ളതിലേക്കും ഏറ്റവും മുന്തിയ യഥാര്‍ത്ഥസുഖവുമെന്നു സിദ്ധമാകുന്നു. അജ്ഞാനത്തിലിരുന്നു പണിയെടുക്കുന്നവരെല്ലാം ദേവന്മാരുടെ ചുമട്ടുമൃഗങ്ങളെപ്പോലാണെന്നു പറയാം. ‘ദേവ’ സംജ്ഞ ഇവിടെ ജ്ഞാനി എന്ന അര്‍ത്ഥത്തിലാണുപയോഗിച്ചിട്ടുള്ളത്. യന്ത്രങ്ങളെപ്പോലെ പണിയെടുക്കുകയും ക്ളേശിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നവരാരും യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വദിക്കുന്നില്ല. ജ്ഞാനിമാത്രമാണാസ്വദിക്കുന്നത്. ഒരു ധനികന്‍ ഒരുപക്ഷേ ലക്ഷം ഡോളര്‍ കൊടുത്തു ഒരു ചിത്രം വാങ്ങുന്നു. എന്നാല്‍ കലാബോധമുള്ള മറ്റൊരുവനാവാം അതാസ്വദിക്കുക. ധനികന്നു കലയെപ്പറ്റി ജ്ഞാനമില്ലെങ്കില്‍ അയാള്‍ക്ക് അതു നിഷ്പ്രയോജനമാണ്. അയാള്‍ക്ക് അതിന്റെ ഉടമസ്ഥനാകാമെന്നേയുള്ളൂ. ലോകത്തിലെവിടെയും വിവേകശാലിയായ മനുഷ്യനാണ് ലോകസുഖം അനുഭവിക്കുന്നത്. അറിവില്ലാത്തവന്‍ അനുഭവിക്കുന്നില്ല. അയാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി അറിഞ്ഞുകൊണ്ടല്ലെങ്കിലും, പണിയെടുക്കാന്‍ നിര്‍ബദ്ധനാകുന്നു.
അദ്വൈതവേദാന്തികളുടെ സിദ്ധാന്തങ്ങള്‍ ഇതിനകം നാം കണ്ടുകഴിഞ്ഞു- ജഗത്തില്‍ ഒരാത്മസത്തമാത്രമേ ഉള്ളുവെന്നും രണ്ടെണ്ണമുണ്ടാവാന്‍-തരമില്ലെന്നും. ആ ഏകസത്തയെ നാം ഇന്ദ്രിയങ്ങളില്‍ക്കൂടി കാണുമ്പോള്‍ ഭൌതികലോകമെന്നു വിളിക്കുന്നു. മനസ്സുമുഖേന ഗ്രഹിക്കുമ്പോള്‍ ആശയപ്രത്യയങ്ങളുടെ ലോകമായറിയുന്നു. ഒടുവില്‍ യഥാര്‍ത്ഥമായി ഗ്രഹിക്കുമ്പോള്‍, അതു ഒരേ അനന്തസത്തയുമാകുന്നു. ഈ വസ്തുത ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതാണ്. മനുഷ്യനില്‍ ഒരാത്മാവുണ്ടെന്നല്ല. വൈശദ്യാര്‍ത്ഥം അങ്ങനെയൊരു സങ്കല്‍പ്പത്തെ വെച്ചുകൊണ്ടാണ് നാം ആരംഭിച്ചതെങ്കിലും, അതല്ല വസ്തുത. ആത്മാവെന്ന ഏകസത്തയേ ഉള്ളൂ. അത് ഇന്ദ്രിയങ്ങളിലൂടെ, ഇന്ദ്രിയകല്‍പ്പിതമായ പ്രതിരൂപങ്ങളിലൂടെ, ഗ്രഹിക്കപ്പെടുമ്പോള്‍ ശരീരമെന്നും, വിചാരത്തില്‍ക്കൂടി ഗ്രഹിക്കപ്പെടുമ്പോള്‍ മനസ്സെന്നും പറയപ്പെടുന്നു. അത് അതിന്റെ യഥാര്‍ത്ഥസ്വരൂപത്തില്‍ ഗ്രഹിക്കപ്പെടുമ്പോള്‍ ജഗത്തിലെ ഏകസത്തയായ ആത്മാവാകുന്നു. അതിനാല്‍, ഒരു വസ്തുവില്‍ ശരീരം മനസ്സ് ആത്മാവ് എന്നിങ്ങനെ മൂന്നു വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്നല്ല-സൌകര്യാര്‍ത്ഥം പ്രാരംഭത്തില്‍ അങ്ങനെ പ്രതിപാദിച്ചുവെന്നേ ഉളളു-എല്ലാം ആ ആത്മാവുതന്നെ. ആ ഏകസത്തയെ ചിലപ്പോള്‍ ശരീരമെന്നും ചിലപ്പോള്‍ മനസ്സെന്നും ചിലപ്പോള്‍ ആത്മാവെന്നും ദര്‍ശനഭേദമനുസരിച്ചു വിളിക്കുന്നു. ആ ഏകസത്തയെ അജ്ഞാനികള്‍ ലോകമെന്നു വിളിക്കുന്നു. ഒരു മനുഷ്യന് അല്പം ഉയര്‍ന്ന ജ്ഞാനമുദിക്കുമ്പോള്‍, അയാളതിനെ ചിന്താ (ആശയലോകമെന്നു വിളിക്കുന്നു. ഒടുവില്‍ സാക്ഷാല്‍ ജ്ഞാനംതന്നെ ഉദിക്കുമ്പോള്‍ എല്ലാ വ്യാമോഹങ്ങളും അസ്തമിക്കുകയും ആ സത്ത ആത്മാവല്ലാതെ മറ്റൊന്നുമല്ലെന്നു കാണുകയും ചെയ്യുന്നു. ഞാന്‍ ആ ഏകസത്തയത്രേ. ഇതാണ് ആത്യന്തികമായ നിഗമനം. ജഗത്തില്‍ മൂന്നു വസ്തുക്കളില്ല. രണ്ടുമില്ല. ഒന്നേ ഉള്ളൂ. ആ ഒന്ന് മായയുടെ ഇന്ദ്രജാലത്തില്‍ അനേകമായി തോന്നിക്കുന്നു-ഒരു കഷണം കയര്‍ മനസ്സിന്റെ ഭ്രാന്തിഹേതുവായി പാമ്പാണെന്നു തോന്നുംപോലെ, കയര്‍തന്നെയാണ് പാമ്പായി കാണപ്പെടുന്നത്. കയര്‍ വേറെ, പാമ്പുവേറെ എന്നിങ്ങനെ രണ്ടെണ്ണമില്ല ഒരു മനുഷ്യനും ഒരേ സമയത്ത് ഇതു രണ്ടുംകൂടി കാണുന്നില്ല. ദ്വൈതം, അദ്വൈതം ഇവ ഒന്നാന്തരം തത്ത്വശാസ്ത്രസംജ്ഞകളാണ്. എന്നാല്‍ അവികലമായ ദര്‍ശനത്തില്‍ സത്യവും മിഥ്യയും കൂടി ഒരേ സമയത്തു നാം ഒരിക്കലും കാണുന്നില്ല. നാമെല്ലാവരും അദ്വൈതികളായിട്ടാണ് ജനിച്ചിട്ടുള്ളത്. അതൊഴിവാക്കാന്‍ നമുക്കു കഴിവില്ല-അതായത് നാം സര്‍വ്വദാ ഒന്നിനെമാത്രമേ കാണുന്നുള്ളൂ. നാം കയറിനെ കാണുമ്പോള്‍ പാമ്പിനെ കാണുന്നില്ല. പാമ്പിനെ കാണുമ്പോള്‍ കയറിനേയും കാണുന്നില്ല-അത് അപ്രത്യക്ഷമായി. നിങ്ങള്‍ മിഥ്യാവസ്തുവെ കാണുമ്പോള്‍ സത്യത്തെ കാണുന്നില്ല. സത്യത്തെ കാണുമ്പോള്‍ മിഥ്യയും കാണുന്നില്ല. ഒരു സ്നേഹിതന്‍ ദൂരെ തെരുവില്‍ക്കൂടി വന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ക്കയാള്‍ സുപരിചിതനാണ്. എന്നാല്‍ അന്തരീക്ഷത്തിലെ മൂടല്‍മഞ്ഞുനിമിത്തം അതു മറ്റൊരു മനുഷ്യനാണെന്നു നിങ്ങള്‍ക്കു തോന്നുന്നു. സ്നേഹിതനെ വേറൊരാളായി കാണുമ്പോള്‍ നിങ്ങള്‍ സ്നേഹിതനെ തീരെ കാണുന്നില്ല- സ്നേഹിതന്‍ അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ഒന്നിനെമാത്രമേ കാണുന്നുള്ളൂ. നിങ്ങളുടെ സ്നേഹിതന്‍ മി. ഏ. ആണെന്നിരിക്കട്ടെ. നിങ്ങള്‍ മി. ഏ.യെ മി. ബി.യായി കാണുമ്പോള്‍ മി. ഏ.യെ കാണുന്നില്ല. ഓരോ കാഴ്ചയിലും നിങ്ങള്‍ ഒന്നിനെയേ കാണുന്നുള്ളൂ. നിങ്ങള്‍ നിങ്ങളെ ശരീരമായി കാണുമ്പോള്‍ നിങ്ങള്‍ ശരീരമാണ്, മറ്റൊന്നുമല്ല. ബഹുഭൂരിപക്ഷം മനുഷ്യരുടേയും കാഴ്ച അതാണുതാനും. ആത്മാവ്, മനസ്സ് തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ടാവാം. പക്ഷേ അവര്‍ കാണന്നതു ശരീരമാണ്. സ്പര്‍ശവും ഗന്ധവും രൂപവും രസവും മറ്റും. ഇനി ചില മനുഷ്യര്‍ ചില വിശേഷബോധാവസ്ഥകളില്‍ തങ്ങളെത്തന്നെ മനോവൃത്തിരൂപത്തില്‍ കാണുന്നുണ്ട്. സര്‍. ഹംഫ്രി ഡേവി (humphery davy) എന്ന രസതന്ത്രശാസ്ത്രജ്ഞന്റെ ഒരനുഭവത്തെപ്പറ്റിയ കഥ നിങ്ങള്‍ കേട്ടിരിക്കണം. അദ്ദേഹം വിദ്യാര്‍ത്ഥികളുടെ മുമ്പില്‍വെച്ച് ‘ചിരിവാതകം’(nitrous oxide) എന്നറിയപ്പെടുന്ന വാതകംകൊണ്ട് ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. പെട്ടെന്നു ഒരു കുഴല്‍ പൊട്ടി അതില്‍നിന്നു വാതകം പുറത്തേയ്ക്കു വമിച്ചു. അദ്ദേഹം അതു ശ്വസിക്കാനിടയാവുകയും ചെയ്തു. ഏതാനും നിമിഷത്തേക്ക് അദ്ദേഹം ഒരു പ്രതിമയെപ്പോലായി. ആ അവസ്ഥയിലിരിക്കേ ലോകം മുഴുവന്‍ പ്രത്യയങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതായി താന്‍ യഥാര്‍ത്ഥത്തില്‍ കണ്ടുവെന്ന് പിന്നീട് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോടു പ്രസ്താവിക്കുകയുണ്ടായി. ആ വാതകം അല്പസമയത്തേക്ക് അദ്ദേഹത്തിനു ശരീരത്തെസ്സംബന്ധിച്ച പ്രജ്ഞയില്ലാതാക്കി. അതുവരെ തന്റെ ശരീരമായി കണ്ട വസ്തുവിനെ അപ്പോള്‍ അദ്ദേഹം മനോവൃത്തിയായി കാണാന്‍ തുടങ്ങി. പ്രജ്ഞ കുറേക്കൂടി ഉയര്‍ന്ന ഭൂമികയിലെത്തുമ്പോള്‍ ഈ ക്ഷുദ്രവും നിസ്സാരവുമായ ബോധാവസ്ഥ എന്നേയ്ക്കുമായി തിരോഭവിക്കുമ്പോള്‍, പശ്ചാത്തലത്തിലുള്ള പരമാര്‍ത്ഥസത്ത പ്രകാശിക്കുകയും തല്‍ഫലമായി അതിനെ ഏകസച്ചിദാനന്ദമായി സമഷ്ട്യാത്മാവായി, കാണുകയും ചെയ്യുന്നു, തനിജ്ഞാനം തന്നെയായ ആ ഒന്ന്, തനി ആനന്ദം തന്നെയായ ആ ഒന്ന്, ഔപമ്യമില്ലാതെ, പരിമിതികള്‍ക്കതീതനായി, ഒരിക്കലും ബദ്ധനാകാതെ, നിത്യസ്വതന്ത്രനായി വ്യോമതുല്യം അനന്തനും വികാര്യനുമായി നിലകൊള്ളുന്നു. ആ ഒന്ന് നിങ്ങളുടെ ഹൃദയത്തില്‍ ധ്യാനത്തില്‍ സ്വയം അഭിവ്യക്തമാകും.’
പലതരം നരകങ്ങളെയും എല്ലാ മതങ്ങളിലും കാണുന്ന താദൃശാശയങ്ങളെയും പറ്റി അദ്വൈതസിദ്ധാന്തം എന്തു പറയുന്നു.
മനുഷ്യന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ മറ്റെങ്ങോ പോകുന്നു. അല്ലെങ്കില്‍ മറ്റൊരു ശരീരമെടുത്തു സ്വര്‍ഗ്ഗത്തിലോ മറ്റുവല്ല ലോകത്തിലുമോ ജനിക്കുന്നു എന്നല്ലോ പറയപ്പെടുന്നു. ഇതെല്ലാം മനോവിഭ്രാന്തികളാണ്. വാസ്തവത്തില്‍ ആരും ഒരിക്കലും ജനിക്കയോ മരിക്കയോ ചെയ്യുന്നില്ല. സ്വര്‍ഗ്ഗമോ നരകമോ ഈ ലോകംതന്നെയോ ഇല്ല-ഇവ മൂന്നും ഒരിക്കലും നിലവിലില്ലായിരുന്നു. ഈ ഒരു കൊച്ചുകുട്ടിയെ പലേ ഭൂതപ്രേതകഥകള്‍ കേള്‍പ്പിച്ചിട്ട് അവനെ രാത്രി തനിച്ചു പെരുവഴിയില്‍ നടക്കാന്‍ വിടുക. വഴിയരികില്‍ ഒരു ചെറിയ മരക്കുറ്റി നില്‍പുണ്ട്. കുട്ടി എന്തു കാണുന്നു? ഒരു ഭൂതത്തെ, രണ്ടു കയ്യും നീട്ടി തന്നെ പിടിക്കാന്‍ നില്‍ക്കുന്ന ഒരു ഭൂതത്തെ. ഒരു മനുഷ്യന്‍ തന്റെ കാമിനിയെ കാണാന്‍ തിടുക്കപ്പെട്ടു വഴിയുടെ വളവു തിരിഞ്ഞുവന്നെത്തുന്നു എന്നു വിചാരിക്കുക. അയാള്‍ ആ മരക്കുറ്റിയെ തന്റെ പ്രണയിനിയായി കാണുന്നു. വഴിയുടെ മൂല തിരിഞ്ഞു വന്നുചേരുന്ന പോലീസുകാനാകട്ടെ മരക്കുറ്റിയില്‍ കള്ളനെ കാണുന്നു. എതിരേ വരുന്ന കള്ളനോ പോലീസുകാരനെയും കാണുന്നു. ഇങ്ങനെ പലരും പലതായി കണ്ടത് ഒരേ മരക്കുറ്റിയെയാണ്. മരക്കുറ്റിയാണ് വസ്തുസത്യം. അതിന്റെ നാനാദര്‍ശനങ്ങള്‍ നാനാമനസ്സുകളുടെ പ്രസര്‍ജ്ജനങ്ങളാണ്. സത്ത ഒന്നേയുള്ളൂ-ഈ ആത്മാവ്, അതെങ്ങും വരികയോ പോകയോ ചെയ്യുന്നില്ല. മനുഷ്യന്‍ അജ്ഞാനത്തിലാണ്ടിരിക്കെ സ്വര്‍ഗ്ഗത്തോ അതുപോലെ വല്ലയിടത്തോ പോകണമെന്നാഗ്രഹിക്കുന്നു. ജീവിതം മുഴുവന്‍ ഇതുതന്നെ വിചാരിച്ചു കഴിയുകയും ചെയ്യുന്നു. അയാളുടെ ഈ ലോകജീവിതസ്വപ്നം അവസാനിക്കുമ്പോള്‍, അയാള്‍ ഇതേ ലോകത്തെ ദേവന്മാരും ദേവദൂതന്മാരും മറ്റും ഉള്‍ക്കൊണ്ട ഒരു സ്വര്‍ഗ്ഗമായി കാണും. ഒരുവന്‍ ആയുഷ്കാലം മുഴുവന്‍ പരേതരായ തന്റെ പൂര്‍വ്വികരെ കാണാന്‍ ആഗ്രഹിച്ചു കഴിയുന്നുവെങ്കില്‍, അയാള്‍ക്ക് അവരെല്ലാവരും – ആദാം മുതല്‍ കീഴ്പ്പോട്ട് എല്ലാവരും-പ്രാപ്യരാകുന്നു. എന്തെന്നാല്‍ അയാളുടെ സങ്കല്‍പ്പംതന്നെ അവരെ സൃഷ്ടിക്കുന്നു. ഒരു മനുഷ്യന്‍ ഇതിലും കൂടിയ അജ്ഞാനത്തില്‍ നിമഗ്നനായി, മതഭ്രാന്തന്മാര്‍ പറഞ്ഞുണ്ടാക്കുന്ന നരകത്തെ, നരകത്തിലെ പലതരം ദണ്ഡനങ്ങളെ, പേടിച്ചുകഴിയുന്നെങ്കില്‍, അയാള്‍ മരിക്കുമ്പോള്‍ ഈ ലോകത്തെ നരകമായി കാണും. മരണമെന്നോ ജനനമെന്നോ പറയുന്നതിനു ദര്‍ശനമേഖലയിലെ മാറ്റങ്ങളെന്നേ അര്‍ത്ഥമുള്ളൂ. നിങ്ങള്‍ ചലിക്കുന്നില്ല. നിങ്ങള്‍ ഏതൊന്നിന്മേല്‍ നിങ്ങളുടെ ദര്‍ശനത്തെ പ്രസര്‍ജ്ജിക്കുന്നുവോ അതും ചലിക്കുന്നില്ല. നിങ്ങള്‍ ചിരസ്ഥായിയും അവികാര്യവുമായ വസ്തു. നിങ്ങള്‍ക്കെങ്ങനെ വരാനോ പോകാനോ സാധിക്കും? അസാധ്യം. നിങ്ങള്‍ സര്‍വ്വവ്യാപിയാണ്. ആകാശം ഒരിക്കലും ചലിക്കുന്നില്ല. എന്നാല്‍ മേഘങ്ങള്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നു. അതു കണ്ട് നാം ആകാശംതന്നെ നീങ്ങുന്നുണ്ടെന്നു വിചാരിച്ചേയ്ക്കാം-തീവണ്ടിയില്‍ പോകുമ്പോള്‍ വെയിലുള്ള ഭൂമി നീങ്ങുന്നെന്നു തോന്നുംപോലെ, ഭൂമിയല്ല നീങ്ങുന്നത്, തീവണ്ടിയാണ്. അതുപോലെ, നിങ്ങള്‍ സ്ഥിരമായി നിലകൊള്ളുന്നു. ആ സ്വപ്നങ്ങളാണ്, ഈ പലതരം മേഘങ്ങളാണ്, സഞ്ചരിക്കുന്നത്. ഒരു സ്വപ്നത്തെത്തുടര്‍ന്നു ബന്ധമില്ലാത്ത മറ്റൊരു സ്വപ്നം വരുന്നു. ഈ ലോകത്തില്‍ നിയതത്വമോ ബന്ധമോ ഒന്നുമില്ല. എങ്കിലും ധാരാളം ബന്ധമുണ്ടെന്നു നാം വിചാരിക്കുന്നു. ‘ആലീസ് അത്ഭുതലോകത്തില്‍’ എന്ന പുസ്തകം പക്ഷേ നിങ്ങളെല്ലാവരും വായിച്ചിരിക്കും. കുട്ടികള്‍ക്കുവേണ്ടി ഈ നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതില്‍ ഏറ്റവും രസികന്‍ ഗ്രന്ഥമാണത്. അതു വായിച്ചു ഞാന്‍ രസിച്ചു. കുട്ടികള്‍ക്കുവേണ്ടി അത്തരമൊരു പുസ്തകമെഴുതണമെന്ന വിചാരം എല്ലായ്പ്പോഴും എനിക്കുണ്ടായിരുന്നു. അതില്‍ എന്നെ ഏറ്റവും രസിപ്പിച്ചത് തീരെ പരസ്പരബന്ധമില്ലാത്തതെന്നും നിങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങള്‍, അതിലെ അസാംഗത്യങ്ങള്‍, ആണ്. ഒരാശയം ഒരു ബന്ധവുമില്ലാത്ത മറ്റൊരാശയത്തിലേക്കു ചെന്നുവീഴുന്നു. നിങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അത് ഒന്നാംതരം ബന്ധമാണെന്നു വിചാരിച്ചു. അതിനാല്‍, ഇതിന്റെ ഗ്രന്ഥകര്‍ത്താവ് തന്റെ ശൈശവവിചാരങ്ങളെ-അന്നവ തികച്ചും പരസ്പരബന്ധമുള്ളവയെന്ന് അദ്ദേഹത്തിനു തോന്നിയിരുന്നു-ക്രോഡീകരിച്ചു കുട്ടികള്‍ക്കായി ഈ കൃതി രചിച്ചു.പ്രായപൂര്‍ത്തിയായവരെഴുതുന്ന ഈ ഗ്രന്ഥങ്ങളെല്ലാം പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ തങ്ങള്‍ക്കുള്ള ആശയങ്ങള്‍ കുട്ടികളെക്കൊണ്ടു വിഴുങ്ങിക്കാനുള്ള ഉദ്യമങ്ങളാണ്-അതിനാല്‍ അസംബന്ധങ്ങളാണ്. നമ്മളും വളര്‍ച്ച മുറ്റിയ കുട്ടികളാണ്, അത്രതന്നെ. ലോകം പണ്ടത്തെ പരസ്പരബന്ധമില്ലാത്ത ആ വസ്തുതന്നെ-യാതൊരുതരം ബന്ധവുമില്ലാത്ത ‘ആലീസിന്റെ അത്ഭുതലോകം’. ഒരേ ആനുപൂര്‍വ്വിയില്‍ വല്ല സംഗതിയും ഒട്ടധികം പ്രാവശ്യം സംഭവിക്കുന്നതായി കാണുമ്പോള്‍, നാം അതിനു ‘കാരണ-കാര്യങ്ങളെന്നു പേരിട്ട് അവ മേലിലും ആവര്‍ത്തിക്കുമെന്നു പറയുന്നു. ഈ സ്വപ്നം മാറുമ്പോള്‍ മറ്റൊരു സ്വപ്നം തികച്ചും ഇപ്പോഴത്തേതുപോലെ പരസ്പരബന്ധമുള്ളതാണെന്നു നമുക്കു തോന്നും. സ്വപ്നം കാണുമ്പോള്‍ സ്വപ്നവിഷയമായ സംഗതികളെല്ലാം ബന്ധമുള്ളതെന്നു നമുക്കു തോന്നുന്നു. സ്വപ്നവേളയില്‍ അവ പരസ്പരം പൊരുത്തപ്പെടാത്തവയാണെന്നു നാം ഒരിക്കലും വിചാരിക്കുന്നില്ല. അവയിലെ പൊരുത്തക്കേടുകളും ബന്ധമില്ലായ്മയും കാണുന്നതു നാം ഉണരുമ്പോള്‍മാത്രമാണ് നാം സാംസാരികജീവിതമാകുന്ന സ്വപ്നത്തില്‍നിന്നുണര്‍ന്നു ഇതിനെ പരമാര്‍ത്ഥസത്തയുമായി താരതമ്യപ്പെടുത്തുന്ന കാലത്തുകാണും. ഇതു മുഴുവന്‍ പരസ്പരസാംഗത്യമില്ലാത്ത അസംബന്ധങ്ങളാണെന്ന്, അസംഗത്യങ്ങളുടെ ഒരു ഘോഷയാത്ര-എവിടെനിന്നോ എങ്ങോട്ടെന്നോ നമുക്കറിഞ്ഞുകൂടാ, പക്ഷേ അതവസാനിക്കും എന്നു നമുക്കറിയാം-നമ്മുടെ മുമ്പില്‍ക്കൂടെ കടന്നുപോകുന്നതായി നാം കാണും. ഇതത്രേ മായ. അതിനെ ആകാശത്തില്‍ക്കൂടി പാഞ്ഞുപോകുന്ന മേഘങ്ങളോടുപമിക്കാം. നിരന്തരപരിവര്‍ത്തിയായ ഈ ജീവിതത്തെ മുഴുവന്‍ അതു പ്രതിനിധാനം ചെയ്യുന്നു. സാക്ഷാല്‍, സൂര്യന്‍, പരിവര്‍ത്തനമില്ലാത്ത സദ്വസ്തു, നിങ്ങളുമാണ്. ആ അവികാര്യസത്തയെ പുറമെനിന്നു നോക്കുമ്പോള്‍ നിങ്ങള്‍ അതിനെ ഈശ്വരന്‍ എന്നുവിളിക്കുന്നു. അകമെനിന്നു നോക്കുമ്പോഴാകട്ടെ അതു നിങ്ങള്‍തന്നെ. രണ്ടും ഒന്നാണ്. നിങ്ങളില്‍നിന്നു വേറിട്ടു ഒരീശ്വരനില്ല. നിങ്ങളേക്കാള്‍, അതായത് യഥാര്‍ത്ഥമായ നിങ്ങളേക്കാള്‍, മേലെ ഒരീശ്വരനെയും സ്വര്‍ഗ്ഗസ്ഥനായ പിതാവിനെയും പറ്റിയുള്ള ആശയങ്ങളെല്ലാം നിങ്ങളുടെ സ്വന്തം പ്രതിബിംബങ്ങള്‍മാത്രം. ഈശ്വരന്‍തന്നെയും നിങ്ങളുടെ പ്രതിരൂപമത്രേ. ‘ഈശ്വരന്‍ തന്റെ സ്വന്തരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു’ എന്നു പറഞ്ഞിട്ടുള്ളതു തെറ്റാണ്. മനുഷ്യന്‍ തന്റെ സ്വന്തരൂപത്തില്‍ ഈശ്വരനെ സൃഷ്ടിക്കുന്നു എന്നതാണ് ശരി. ജഗത്തിലുടനീളം നാം നമ്മുടെ സ്വന്തരൂപത്തില്‍ ഈശ്വരനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നാം ഈശ്വരനെ സൃഷ്ടിച്ചിട്ട് അവിടുത്തെ പാദത്തില്‍ വീണ് ആരാധിക്കുന്നു. ഈ സ്വപ്നമുള്ളപ്പോള്‍ നാം അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
ഇന്നത്തെ ഈ പ്രസംഗത്തില്‍നിന്നു ഗ്രഹിക്കേണ്ടുന്ന രത്നച്ചുരുക്കം ഇതാണ്: ഈ വിശ്വത്തില്‍ ഒരു സത്തയേ ഉള്ളൂ. ആ ഏകസത്ത വിഭിന്നമാനസികാവസ്ഥകളിലൂടെ വീക്ഷിക്കപ്പെടുമ്പോള്‍, ഭൂമിയേയോ സ്വര്‍ഗ്ഗമായോ നരകമായോ ദേവന്മാരായോ ഭൂതപ്രേതാദികളായോ മനുഷ്യരായോ അസുരന്മാരായോ ലോകമായോ അഥവാ ഇവയെല്ലാമായോ കാണപ്പെടുന്നു. എന്നാല്‍ ഈ നാനാജീവികളുടെ കൂട്ടത്തില്‍ ‘ഈ മൃത്യുസാഗരമധ്യത്തില്‍ യാവനൊരുവന്‍ ആ ഏകസത്തയെ കാണുന്നുവോ, പ്ളവനമായ ഈ വിശ്വത്തില്‍ യാവനൊരുവന്‍ ആ ഏകജീവിതത്വത്തെ കാണുന്നുവോ, യാവനൊരുവന്‍ ഒരിക്കലും മാറ്റമില്ലാത്ത ആ ഏകവസ്തുവിനെ സാക്ഷാല്‍കരിക്കുന്നുവോ, അവന്നുള്ളതത്രേ നിത്യശാന്തി. മറ്റാര്‍ക്കുമില്ല, മറ്റാര്‍ക്കുമില്ല’. ഈ ഏകസത്തയെയാണ് നമുക്കു സാക്ഷാല്‍കരിക്കേണ്ടത്. എങ്ങനെ എന്നതാണ് അടുത്ത പ്രശ്നം. അതിനെ എങ്ങനെ സാക്ഷാല്‍ക്കരിക്കാം? ഈ സ്വപ്നത്തെ എങ്ങനെ ഭഞ്ജിപ്പിക്കാം. നാം നിസ്സാരരായ പുരുഷന്മാരും സ്ത്രീകളും മറ്റുമാണെന്ന് തോന്നലാകുന്ന ഈ സ്വപ്നത്തില്‍നിന്നു എങ്ങനെ ഉണരാം? നാം ജഗത്തിലെ അനന്തസത്തയത്രെ. എന്നാല്‍ ഈ ചെറുജവികളായി, ഒരുവന്റെ മധുരഭാഷണത്തെയോ മറ്റൊരുവന്റെ ക്രുദ്ധഭാഷണത്തെയോ ആശ്രയിച്ചുകഴിയേണ്ട സ്ത്രീപുരുഷന്മാരായി, പരിണമിച്ചിരിക്കുന്നു. എന്തൊരു ഭയങ്കരമായ പരാശ്രയം. എന്തൊരു ഭയങ്കരമായ അടിമത്തം! സകലസുഖദുഃഖങ്ങള്‍ക്കും അതീതനായ ഞാന്‍, ഈ സമസ്തഭാഗത്തും യാതൊന്നിന്റെ പ്രതിബിംബമോ, സൂര്യന്മാരും ചന്ദ്രന്മാരും നക്ഷത്രങ്ങളും യാതൊരു സത്തയുടെ ചെറുകഷണങ്ങളെപ്പോലെയോ, ആ നിത്യസത്തയായ ഞാന്‍, ദാരുണമായ അടിമത്തത്തില്‍ അമര്‍ന്നുകിടക്കുന്നു! നിങ്ങള്‍ എന്റെ ശരീരത്തില്‍ ഒന്നു നുള്ളിയാല്‍ എനിക്കു വേദനയായി-ഒരുവന്റെ സ്നേഹമസൃണമായ ഒരു വാക്കുകേട്ടാല്‍ എനിക്കു സന്തോഷമായി. എന്റെ അവസ്ഥ നോക്കൂ. ശരീരത്തിന്റെ അടിമ, മനസ്സിന്റെ അടിമ, ലോകത്തിന്റെ അടിമ, നല്ല വാക്കിന്റെ അടിമ, ചീത്തവാക്കിന്റെ അടിമ, വികാരങ്ങളുടെ അടിമ ദുഃഖത്തിന്റെ അടിമ, ജീവിതത്തിന്റെ അടിമ, സുഖത്തിന്റെ അടിമ, ദുഃഖത്തിന്റെ അടിമ, ജീവിതത്തിന്റെ അടിമ, ജീവിതത്തന്റെ അടിമ മരണത്തിന്റെ അടിമ, എന്നുവേണ്ട എല്ലാറ്റിന്റെയും അടിമ. ഈ അടിമത്തത്തെ ഭഞ്ജിപ്പിക്കേണ്ടിയിരിക്കുന്നു. എങ്ങനെ? ‘ഈ ആത്മാവിനെക്കുറിച്ച് ആദ്യം ശ്രവിക്കണം. പിന്നീട് മനനം ചെയ്യണം. അനന്തരം നിധിധ്യാസം (ധ്യാനം) ചെയ്യണം’ ഇതാണ് അദ്വൈതജ്ഞാനയോഗിയുടെ മാര്‍ഗ്ഗം. സത്യത്തെക്കുറിച്ച് ആദ്യം കേള്‍ക്കണം. പിന്നെ അതിനെക്കുറിച്ചു വിചാരം ചെയ്യണം. പിന്നെ അതു നിരന്തരഭാവനമൂലം ഉറപ്പിക്കണം. ‘അഹം ബ്രഹ്മാസ്മി’ എന്നു സര്‍വ്വദാ ചിന്തിച്ചുറയ്ക്കുക ദൌര്‍ബ്ബല്യഹേതു എന്ന നിലയില്‍ മറ്റെല്ലാ ചിന്തകളേയും അകറ്റിനിര്‍ത്തുക, നിങ്ങള്‍ പുരുഷന്മാരോ സ്ത്രീകളോ ആണെന്ന എല്ലാ വിചാരവും ദൂരെക്കളയുക. ശരീരം പോകട്ടെ, മനസ്സു പോകട്ടെ, ദേവന്മാര്‍ പോകട്ടെ, ഭൂതപ്രേതങ്ങള്‍ പോകട്ടെ, ആ ഏകസത്തയൊഴിച്ചു ബാക്കിയെല്ലാം പോകട്ടെ. ‘യാതൊരവസ്ഥയില്‍ ഒരുവന്‍ മറ്റൊന്നിനെ കേള്‍ക്കുന്നുവോ, മറ്റൊന്നിനെ കാണുന്നുവോ, അതു അല്പാവസ്ഥയാണ്. യാതൊരവസ്ഥയില്‍ ഒരുവന്‍ രണ്ടാമതൊന്നിനെ കേള്‍ക്കുന്നില്ലയോ രണ്ടാമതൊന്നിനെ കാണുന്നില്ലയോ അതാണ് ബ്രഹ്മം. ദ്രഷ്ടാവ്. ദൃശ്യവും ഒന്നായിത്തീരുമ്പോള്‍ അതത്രെ ഏറ്റവും ഉന്നതമായ അവസ്ഥ. ശ്രോതാവും വക്താവും ഞാന്‍ തന്നെയാകുമ്പോള്‍, അദ്ധ്യാപകനും അദ്ധ്യേതാവും ഞാന്‍തന്നെയാകുമ്പോള്‍ സ്രഷ്ടാവും സൃഷ്ടവും ഞാന്‍തന്നെയാകുമ്പോള്‍, മാത്രമേ ഭയം അസ്തമിക്കൂ. ആ അവസ്ഥയില്‍ നമ്മെ ഭയപ്പെടുത്താന്‍ മറ്റൊന്നുമില്ല ഞാനല്ലാതെ മറ്റൊന്നില്ല. പിന്നെ എന്നെ ഭയപ്പെടുത്താനെന്ത്? ഈ ആശയം അനുദിനം തുടരെ ശ്രവിക്കപ്പെടണം. മറ്റെല്ലാ വിചാരങ്ങളേയും തളളിക്കളയുക. മറ്റെല്ലാ ആശയങ്ങളേയും ദൂരത്തുപേക്ഷിക്കുക. ‘സോഽഹം സോഽഹം’ എന്ന ഈ ആശയം ചെവിയില്‍ക്കൂടി ഹൃദയത്തില്‍ ചുഴിഞ്ഞിറങ്ങുംവരെയും, ഓരോ സിരയും പേശിയും ഓരോ രക്തകണവും ഈ ആശയത്താല്‍ സംസിക്തമാകുംവരേയും അതു നിരന്തരം ഉരുവിടണം. മൃത്യുവക്ത്രത്തിലും ‘സോഽഹം’ എന്നു ജപിക്കുക. ഭാരതത്തില്‍ ‘ശിവോഽഹം’ എന്നു സദാ ജപിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസിയുണ്ടായിരുന്നു. ഒരു ദിവസം ഒരു കടുവ ചാടിവീണ് അയാളെ കടിച്ചെടുത്തു കൊണ്ടുപോയി കൊന്നുകളഞ്ഞു. എന്നാല്‍ ജീവന്‍ പോകുംവരെയും. ശിവോഽഹം,ശിവോഽഹം’ എന്ന ധ്വനി അയാളില്‍ നിന്നു പുറപ്പെട്ടുകൊണ്ടിരുന്നു. മരണത്തിന്റെ പടിവാതിലിലും എറ്റവും വലിയ വിപത്തിലും യുദ്ധക്കളത്തിലും ഉഗ്രസംഘട്ടനത്തിലും ആഴിയുടെ അടിത്തട്ടിലും അത്യുന്നതമായ പര്‍വ്വതാഗ്രത്തിലും അതിനിബിഡമായ വനാന്തര്‍ഭാഗത്തും-എവിടേയും ‘സോഽഹം സോഽഹം’ എന്നുരുവിടുക. അഹര്‍നിശം സോഽഹം എന്നു ജപിക്കുക അതാണ് ഏറ്റവും വലിയ ശക്തി. അതാണ് മതം. ‘നായമാത്മാ ബലഹീനേന ലഭ്യഃ-ബലഹീനന്‍ ഒരിക്കലും ഈ ആത്മാവിനെ പ്രാപിക്കുന്നില്ല. ‘ഭഗവാനേ ഞാനൊരു നികൃഷ്ടനായ പാപിയാണേ’ എന്ന് ഒരിക്കലും പറയാതിരിക്കുക. ആര്‍ നിങ്ങളെ സഹായിക്കും? നിങ്ങളാണ് ഈ ജഗത്തിന്റെ അവലംബം.ആ നിങ്ങളെ സഹായിക്കാന്‍ കഴിവ് ഏതൊന്നിനുണ്ട്? നിങ്ങളെ സഹായിക്കാനുള്ള മനുഷ്യനോ ദേവനോ അസുരനോ എവിടെ? നിങ്ങളുടെമേല്‍ പ്രാബല്യമുള്ള എന്തു വസ്തുവിരിക്കുന്നു? നിങ്ങള്‍ പ്രപഞ്ചത്തിന്റെ ഈശ്വരനാണ്. നിങ്ങള്‍ മറ്റെവിടെ സഹായം തേടും? നിങ്ങളില്‍ നിന്നുതന്നെയല്ലാതെ മറ്റൊരിടത്തുനിന്നും ഒരിക്കലും ഒരു സഹായവും നിങ്ങള്‍ക്കു ലഭിച്ചിട്ടില്ല. നിങ്ങള്‍ നടത്തിയതും ഫലം കിട്ടിയതുമായ ഓരോ പ്രാര്‍ത്ഥനയ്ക്കും ഫലം നല്‍കിയത് മറ്റേതോ സത്ത്വമാണെന്ന് അജ്ഞാനം മൂലം നിങ്ങള്‍ വിചാരിച്ചു. എന്നാല്‍ പ്രാര്‍ത്ഥന ഫലിപ്പിച്ചതു ബോധപൂര്‍വ്വമല്ലെങ്കിലും നിങ്ങള്‍തന്നെയാണ്. സഹായം നിങ്ങളില്‍നിന്നു തന്നെ വന്നുചേര്‍ന്നു. എന്നാല്‍ മറ്റാരോ സഹായം എത്തിച്ചുകൊണ്ടിരുന്നു എന്നു വിചാരിക്കാന്‍ നിങ്ങള്‍ വിഡ്ഢികളായി ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കായി ഒരു സഹായവും നിങ്ങളുടെ പുറമെയില്ല. നിങ്ങള്‍ ജഗത്തിന്റെ സ്രഷ്ടാവാണ് പട്ടുനൂല്‍പ്പുഴുവിനെപ്പോലെ നിങ്ങള്‍ നിങ്ങള്‍ക്കുചുറ്റും ഒരു കൂടു തീര്‍ത്തിരിക്കുന്നു. ആരാണ് നിങ്ങളെ രക്ഷിക്കുക? കൂടു ഭേദിച്ച് അഴകറ്റ ചിത്രശലഭംകണക്കെ-സ്വതന്ത്രനായ ആത്മാവായി പുറത്തുവരിക. അപ്പൊഴേ നിങ്ങള്‍ സത്യം കണ്ടെത്തു. സര്‍വ്വദാ ‘സോഽഹം’ എന്നുരുവിടുക. ഈ വാക്കുകള്‍ നിങ്ങളുടെ മനസ്സിലുള്ള മാലിന്യങ്ങളെ എരിച്ചുകളയാനും നിങ്ങളില്‍ ലീനമായുള്ള മഹത്തായ ശക്തിയെ നിങ്ങളുടെ ഹൃദയത്തില്‍ സുപ്തമായുള്ള അനന്തപ്രഭാവത്തെ വെളിയില്‍ കൊണ്ടുവരാനും പര്യാപ്തമാണ്. ഈ ശക്തിയെ പുറത്തേയ്ക്കു കൊണ്ടുവരേണ്ടത് സത്യത്തെപ്പറ്റിയ നിരന്തരശ്രവണംകൊണ്ടാണ്. മറ്റൊന്നുകൊണ്ടുമല്ല. എവിടെയെല്ലാം ദൌര്‍ബ്ബല്യചിന്തകളുണ്ടോ അങ്ങോട്ടടുക്കായ്ക. ജ്ഞാനിയാവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സകല ദൌര്‍ബ്ബല്യങ്ങളേയും വര്‍ജ്ജിക്കുക.
അഭ്യസനത്തിലേര്‍പ്പെടുന്നതിനുമുമ്പ് മനസ്സിലെ എല്ലാ സംശയങ്ങളേയും ദൂരീകരിക്കുക പടവെട്ടുകയോ തര്‍ക്കിക്കുകയോ യുക്തിവാദങ്ങളിലേര്‍പ്പെടുകയോ എന്തു വേണമെങ്കിലും ചെയ്യുക. ഇതുമാത്രമാണ് സത്യം. മറ്റൊന്നുമല്ല എന്നുറപ്പുവരുത്തിയാല്‍പ്പിന്നെ വാദങ്ങളിലേര്‍പ്പെടരുത്. വായടച്ചുവെയ്ക്കണം. യുക്തിവാദങ്ങളെ ശ്രവിക്കരുത്. തന്നോടുതന്നെയും വാദപ്രതിവാദം നടത്തരുത്. പിന്നീട് വാദപ്രതിവാദംകൊണ്ടെന്തു സാദ്ധ്യം? നിങ്ങള്‍ക്കു സത്യം സ്വയം ബോധപ്പെട്ടു. പ്രശ്നത്തെക്കുറിച്ചു തീര്‍പ്പിലെത്തുകയും ചെയ്തു. പിന്നെ ചെയ്യേണ്ടതെന്താണ്? സത്യത്തെ വല്ലവിധവും സാക്ഷാല്‍ക്കരിക്കുക. അതിനാല്‍ വിലയേറിയ സമയം വ്യര്‍ത്ഥമായ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു നഷ്ടപ്പെടുത്തുന്നതെന്തിന്? ഇനി സത്യത്തെ നിദിധ്യാസം ചെയ്യുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്ന ഏതാശയവും സ്വീകരിക്കണം. ദൌര്‍ബ്ബല്യമുളവാക്കുന്നതേതും വര്‍ജ്ജിക്കുകയും വേണം. ഭക്തന്‍ ചില ആകാരങ്ങളേയും വിഗ്രഹങ്ങളേയും ഈശ്വരനേയും മറ്റും ധ്യാനിക്കുന്നു. ഇതു പ്രകൃതിക്കൊത്ത രീതിതന്നെ. പക്ഷേ അതിന്റെ ഗതി മന്ദതരമാണ്. രാജയോഗി ശരീരത്തിലെ പലേ സിരാചക്രങ്ങളെ ധ്യാനിക്കുകയും മാനസികശക്തികളെ ആര്‍ജ്ജിക്കുകയും ചെയ്യുന്നു. മനസ്സു ഉള്ളതല്ല. ശരീരവും ഉള്ളതല്ല എന്നാണ് ജ്ഞാനി പറയുന്നത്. ഈ ശരീരമെന്ന ആശയവും മനസ്സെന്ന ആശയവും നശിക്കേണ്ടതാണ്. അതിനാല്‍ അവയെക്കുറിച്ചു ചിന്തിക്കുന്നതു മഠയത്തരമാണ്. ഒരു രോഗത്തെ ശമിപ്പിക്കാന്‍ മറ്റൊന്നിനെ ക്ഷണിച്ചുവരുത്തുംപോലെയാണത്. അതിനാല്‍, ജ്ഞാനിയുടെ ധ്യാനം ഏറ്റവും പ്രയാസം കൂടിയ നിഷേധാത്മകധ്യാനമാണ്. അയാള്‍ എല്ലാറ്റിനേയും നിഷേധിക്കുന്നു. ഒടുവില്‍ ശേഷിക്കുന്നതാണ് ആത്മാവ്. ഇത് ഏറ്റവും അപഗ്രഥനാത്മകമായ രീതിയാണ്. കേവലം ബുദ്ധിപരമായ അപഗ്രഥന(വിവേക)ശക്തികൊണ്ടുതന്നെ ആത്മാവില്‍നിന്നു പ്രപഞ്ചത്തെ കീറിമാറ്റുവാന്‍ ജ്ഞാനി ആഗ്രഹിക്കുന്നു. ‘ഞാന്‍ ജ്ഞാനിയാണ്’ എന്നു പറയാന്‍ വളരെ എളുപ്പം, എന്നാല്‍ യഥാര്‍ത്ഥത്തിലാകാന്‍ വളരെ പ്രയാസം. ‘വഴി വളരെ നീണ്ടതാണ്. കത്തിയുടെ വായ്ത്തലമേല്‍ നടക്കുംപോലെ ദുഷ്കരമത്രേയത്. എങ്കിലും നിരാശനാകരുത്. ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യത്തിലെത്തുംവരെ നില്‍ക്കാതെ പോവുക’ എന്നു വേദങ്ങള്‍ ഉദ്ബോധിപ്പിക്കുന്നു.
അപ്പോള്‍, ജ്ഞാനിയുടെ ധ്യാനം എങ്ങനെയുള്ളതാണ്? എല്ലാത്തരം ശാരീരിക-മാനസിക-ബോധങ്ങളേയും അതിക്രമിച്ചുപോകുവാനാണ് അയാള്‍ ആഗ്രഹിക്കുന്നത്-താന്‍ ശരീരമാണെന്നുള്ള ബോധത്തെ പാടേ അകറ്റിക്കളവാന്‍. ഉദാഹരണത്തിന് ‘ഞാന്‍ സ്വാമി-’ എന്നു ഞാന്‍ പറയുന്ന ആ നിമിഷത്തില്‍ ശരീരപ്രത്യയം എന്നില്‍ ഉദിച്ചുകഴിഞ്ഞു. അപ്പോഴെന്ത് വേണം? മനസ്സിനു നല്ലൊരടി കൊടുക്കണം. എന്നിട്ടു പറയണം. ‘ഞാന്‍ ശരീരമല്ല, ഞാന്‍ ആത്മാവാണ്’ എന്ന്. രോഗമോ മരണോ ഏറ്റവും ദാരുണമായ രൂപത്തില്‍ നേരിട്ടാലും ആരു വകവെയ്ക്കുന്നു? ഞാന്‍ ശരീരമല്ല, ശരീരത്തെ എന്തിനു മോടിയാക്കുന്നു? വീണ്ടും വ്യാമോഹത്തെ ആസ്വദിക്കുവാനോ? അടിമത്തത്തെ നീട്ടിക്കൊണ്ടുപോകുവാനോ? ശരീരം പൊയ്ക്കൊള്ളട്ടെ, ഞാനതല്ലല്ലോ. ഇതാണ് ജ്ഞാനിയുടെ ചിന്താരീതി. ഭക്തന്‍ പറയുന്നു. ‘സംസാരസാഗരം കടക്കാനുള്ള ഒരു തോണിയായി ഉപയോഗിക്കാന്‍ ഈശ്വരന്‍ തന്നിട്ടുള്ളതാണ് ഈ ശരീരം. ആ യാത്ര തീരുംവരെ എനിക്കതു കാത്തു കൊള്ളണം’ എന്ന്. രാജയോഗി പറയുന്നു: ‘എന്റെ അഭ്യസനങ്ങള്‍ നിഷ്ഠയോടെ തുടര്‍ന്നു ഒടുക്കം മുക്തി നേടുവാന്‍ എനിക്കു ശരീരത്തെ സൂക്ഷിക്കേണ്ടിയിരിക്കുന്നു’ എന്ന്. എന്നാല്‍ തനിക്കു കാത്തിരിപ്പാന്‍ കഴിയില്ലെന്നും ഇതേ നിമിഷത്തില്‍ ലക്ഷ്യം പ്രാപിക്കണമെന്നും ജ്ഞാനിക്കു തോന്നുന്നു. അയാള്‍ പറയുന്നു, ‘ഞാന്‍ അനന്തകാലവും സ്വതന്ത്രനത്രേ, ഞാനൊരിക്കലും ബദ്ധനല്ല. ഞാന്‍ അനന്തകാലവും പ്രപഞ്ചത്തിന്റേ അധിനായകനാണ്. എന്നെ ആരു പൂര്‍ണ്ണനാക്കും? ഞാനിപ്പോള്‍ത്തന്നെ പൂര്‍ണ്ണനാണ്’. മനുഷ്യന്‍ സ്വയം പൂര്‍ണ്ണനായിരിക്കെ മറ്റുള്ളവരിലും പൂര്‍ണ്ണത്വം കാണുന്നു. അയാള്‍ അപൂര്‍ണ്ണത്വം കാണുമ്പോള്‍ അതയാളുടെ മനസ്സുതന്നെ പ്രസര്‍ജ്ജനംചെയ്യുന്നതാണ്. തന്നില്‍ അപൂര്‍ണ്ണതയില്ലെങ്കില്‍ അയാള്‍ക്കെങ്ങനെ അതു കാണാന്‍ കഴിയും? അതിനാല്‍ ജ്ഞാനി പൂര്‍ണ്ണതയേയോ അപൂര്‍ണ്ണതയേയോ ശ്രദ്ധിക്കുന്നില്ല. അയാള്‍ക്കു താനൊഴിച്ച് ആരുമില്ല. അയാള്‍ മുക്തനാകുന്ന നിമിഷംമുതല്‍ നന്മയും തിന്മയും കാണുന്നില്ല. ആരാണ് നന്മതിന്മകളെ കാണുക? തന്നില്‍ അവയുള്ളവന്‍. ആരാണ് ശരീരത്തെ കാണുക? താന്‍ ശരീരമാണെന്നു വിചാരിക്കുന്നവന്‍. നിങ്ങള്‍ ശരീരമാണെന്ന ബോധത്തില്‍നിന്നു നിവര്‍ത്തിക്കുന്ന നിമിഷം ലോകം നിങ്ങള്‍ക്കു അപ്രത്യക്ഷമാകുന്നു. അതു എന്നേയ്ക്കുമായി അന്തര്‍ദ്ധാനം ചെയ്യുന്നു. ബുദ്ധിപരജ്ഞാനത്തിന്റെ ശക്തികൊണ്ട് ജഡവസ്തുക്കളുടെ ബന്ധനത്തില്‍നിന്നു തന്നെത്താന്‍ പറിച്ചു മാറ്റാനാണ് ജ്ഞാനി ശ്രമിക്കുന്നത്. ഇതത്രേ ‘നേതി, നേതി’ എന്നുള്ള നിഷേധമാര്‍ഗ്ഗം.