സ്വാമി വിവേകാനന്ദന്‍

ഒരു വസ്തുവിനെ മറ്റൊന്നില്‍നിന്നു ഭിന്നമാക്കുന്നത് ദേശകാലനിമിത്തങ്ങളാണ്. വ്യത്യാസം രൂപം സംബന്ധിച്ചുമാത്രമാണ്, വസ്തു സംബന്ധിച്ചില്ല. രൂപത്തെ നശിപ്പിച്ചാല്‍ അത് എന്നേക്കുമായി അന്തര്‍ദ്ധാനം ചെയ്യുന്നു. എന്നാല്‍ വസ്തു അതേപടി അവശേഷിക്കുന്നു. അതിനെ നിങ്ങള്‍ക്കു നശിപ്പിക്കാന്‍ വയ്യ.

പരിണാമം പ്രകൃതിക്കുമാത്രമാണ്, ആത്മാവിനില്ല-പ്രകൃതിയുടെ പരിണാമവും ആത്മാവിന്റെ അഭിവ്യക്തിയുമാണ് നടക്കുന്നത്.

മായ എന്നതു സാധാരണ പറയുംപോലെ ഭ്രമമല്ല. മായ യഥാര്‍ത്ഥമാണ്. അതേ സമയം അയഥാര്‍ത്ഥവുമാണ്. യഥാര്‍ത്ഥവസ്തു പിന്നില്‍നിന്ന് അതിനു യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി ഉളവാക്കുന്നതിനാല്‍ അത്രത്തോളം അതു യഥാര്‍ത്ഥമാണ്. മായയ്ക്കു പിന്നില്‍നിന്നു മായയിലൂടെ വ്യാപരിക്കുന്ന പരമാര്‍ത്ഥവസ്തുവാണ് മായയിലെ യാഥാര്‍ത്ഥ്യം. എങ്കിലും പരമാര്‍ത്ഥവസ്തു ഒരിക്കലും കാണപ്പെടുന്നില്ല. കാണപ്പെടുന്നത് അയഥാര്‍ത്ഥമാണ്. അതിന് ഒരിക്കലും സ്വന്തമായ സത്ത, സ്വതന്ത്രമായ അസ്തിത്വം, ഇല്ല. അതിന്റെ അസ്തിത്വം സര്‍വ്വദാ പരമാര്‍ത്ഥവസ്തുവിനെ ആശ്രയിച്ചിരിക്കുന്നു.

ഇങ്ങനെ, മായ ഒരു വൈരുദ്ധ്യമത്രേ-ഉള്ളത്, എന്നാല്‍ ഉണ്മയില്ലാത്തത്. വ്യാമോഹമെങ്കിലും വ്യാമോഹമല്ലതാനും.

പരമാര്‍ത്ഥത്തെ അറിഞ്ഞവന്‍ മായയില്‍ ഭ്രമത്തെയല്ല, പാരമാര്‍ത്ഥ്യത്തെയാണ് കാണുന്നത്. പരമാര്‍ത്ഥത്തെ അറിയാത്തവന്‍ മായയില്‍ ഭ്രമത്തെ കാണുന്നു. അതു പരമാര്‍ത്ഥമെന്നു ബോധിക്കയും ചെയ്യുന്നു.

ജ്ഞാനയോഗത്തെപ്പറ്റി

ഒന്നാമത്, ധ്യാനം നിഷേധരൂപത്തിലാകണം. ഓരോന്നിനേയും വിചാരിച്ചു തള്ളുക. മനസ്സില്‍ വരുന്നതിനെയെല്ലാം ഇച്ഛാശക്തിയുടെ വ്യാപാരമാത്രംകൊണ്ട് അപഗ്രഥിക്കുക. തുടര്‍ന്ന് നമ്മുടെ യഥാര്‍ത്ഥസ്വരൂപത്തെ സച്ചിദാനന്ദഭാവത്തെ സത്യം, ജ്ഞാനം, പ്രേമം ഇവയെ-ഉറപ്പായി ഭാവന ചെയ്യുക. വിഷയവിഷയികളുടെ ഏകീകരണത്തിനുള്ള ഉപായം ധ്യാനമാണ്. ഇങ്ങനെ ധ്യാനിക്കുക. മേല്‍ഭാഗമെല്ലാം ഞാന്‍ നിറഞ്ഞിരിക്കുന്നു. കീഴ്ഭാഗമെല്ലാം ഞാന്‍ നിറഞ്ഞിരിക്കുന്നു. ഇടഭാഗമെല്ലാം ഞാന്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ സര്‍വ്വജീവികളിലുമുണ്ട്. സര്‍വ്വജീവികളും എന്നിലാണ്. ഓം തത് സത്, ഞാന്‍ അതത്രേ. ഞാന്‍ മനസ്സിനും മേലെയുള്ള സത്തയാണ്. ഞാന്‍ പ്രപഞ്ചത്തിന്റെ ഏകാത്മാവാണ്. ഞാന്‍ ഹര്‍ഷമോ ശോകമോ അല്ല. ശരീരമാണ് തിന്നുകയും കുടിയ്ക്കുകയും മറ്റും ചെയ്യുന്നത്. ഞാന്‍ ശരീരമല്ല. ഞാന്‍ മനസ്സല്ല. സോഽഹം-ഞാന്‍ ആത്മാവത്രെ. ഞാന്‍ സാക്ഷി. ഞാന്‍ കണ്ടേയിരിക്കുന്നു. ആരോഗ്യം വരുമ്പോള്‍ ഞാന്‍ സാക്ഷിയാണ്. രോഗം വരുമ്പോള്‍ ഞാന്‍ സാക്ഷിയാണ്. ഞാന്‍ സച്ചിദാനന്ദമാണ്. ഞാന്‍ ജ്ഞാനത്തിന്റെ സാരപീയൂഷമാണ്. അനന്തകാലത്തിലൂടെയും എനിക്കു മാറ്റമില്ല. ഞാന്‍ പ്രശാന്തനും തേജോമയനും അവികാര്യനുമാണ്.