സ്വാമി വിവേകാനന്ദന്‍

ജ്ഞാനയോഗപ്രഭാഷണങ്ങള്‍

ഓം തത് സത്. ഓംകാരത്തെ അറിയുന്നതു പ്രപഞ്ചരഹസ്യത്തെ അറിയുകയാണ്. ജ്ഞാനയോഗത്തിന്റെ ലക്ഷ്യം ഭക്തിരാജയോഗങ്ങളുടേതുതന്നെ. എന്നാല്‍ മാര്‍ഗ്ഗം ഭിന്നമാണ്. ഈ യോഗം ബലവാന്മാര്‍ക്കുള്ളതാണ്. ധ്യാനപ്രവണരോ ഭക്തിപ്രവണരോ അല്ലാത്ത വിചാരശീലര്‍ക്കുള്ളത്. ഭക്തിയോഗി പ്രേമംവഴി പ്രയത്നിച്ചു പരമപുരുഷനുമായി പൂര്‍ണ്ണൈക്യം പ്രാപിക്കുംപോലെ, ജ്ഞാനയോഗി കേവലം വിചാരശക്തിയെ അവലംബിച്ച് ഈശ്വരസാക്ഷാല്‍ക്കാരത്തിലേക്കുള്ള വഴി ബലാല്‍ വെട്ടിത്തുറക്കുന്നു. അയാള്‍ എല്ലാ പഴയ വിഗ്രഹങ്ങളേയും, എല്ലാ പഴയ ചിന്താഗതികളേയും മൂഢവിശ്വാസങ്ങളേയും ഇഹ-പരഭോഗതൃഷ്ണയേയും പാടേ ഉപേക്ഷിക്കാന്‍ സുസന്നദ്ധനാവണം. മോക്ഷപ്രാപ്തിയില്‍മാത്രം ദൃഢചിത്തനാകണം. ജ്ഞാനത്തിന്റെ അഭാവത്തില്‍ മുക്തി ലഭിക്കുക സാധ്യമല്ല. നമ്മുടെ യാഥാര്‍ത്ഥ്യം ഇന്നതാണെന്നറിയുന്നതാണ്, മുക്തി-നാം സകലഭയത്തിനും ജനനമരണങ്ങള്‍ക്കും അതീതരാണെന്നുള്ള അറിവ്. പരമോച്ചമായ ശ്രേയസ്സ് ആത്മസാക്ഷാല്‍ക്കാരത്തിലാണ്. ആത്മാവ് ഇന്ദ്രിയങ്ങളുടേയും ചിന്തയുടേയും അപ്പുറത്താണ്. യഥാര്‍ത്ഥമായ അഹം മനസ്സിനു വിഷയമല്ല. അതു നിത്യനായ ജ്ഞാതാവത്രേ. അതിനാല്‍ ഒരിക്കലും ജ്ഞേയമാകാന്‍ നിവൃത്തിയില്ല. കാരണം, അറിവ് ആപേക്ഷികവസ്തുക്കളെക്കുറിച്ചല്ലാതെ കേവലവസ്തുവിനെക്കുറിച്ചാകുക സാധ്യമല്ല. എല്ലാ ഇന്ദ്രിയജ്ഞാനങ്ങളും പരിമിതിയെ ദ്യോതിപ്പിക്കുന്നു-അവ കാര്യകാരണങ്ങളുടെ അന്തമില്ലാത്ത ഒരു ശൃംഖലയാണ്. ഈ പ്രപഞ്ചത്തിന് ആപേക്ഷികസത്തയേ ഉള്ളൂ. അത് യഥാര്‍ത്ഥവസ്തുവിന്റെ ഒരു നിഴല്‍മാത്രം. എന്നിരുന്നാലും, ഇവിടം സുഖദുഃഖങ്ങളുടെ ത്രാസുകള്‍ ഏതാണ്ടു തുല്യമായി തൂങ്ങുന്ന സാമ്യാവസ്ഥയുടെ മേഖലയായതുകൊണ്ട്, മനുഷ്യനു തന്റെ ആത്മാവിനെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്നത്, താന്‍ ബ്രഹ്മമാണെന്നനുഭവപ്പെടുത്താന്‍ കഴിയുന്നത്. ഈ മേഖലയില്‍വെച്ചുമാത്രം.

ഈ പ്രപഞ്ചം ഒരേ സമയം ‘പ്രകൃതിയുടെ പരിണാമവും ഈശ്വരന്റെ അഭിവ്യക്തിയു’മാണ്. മായയുടെ മൂടുപടത്തിലൂടെ ഗോചരമാകുന്ന ബ്രഹ്മത്തിനുള്ള നമ്മുടെ വ്യാഖ്യാനമാണത്. പ്രപഞ്ചം കേവലം ശൂന്യമല്ല. അതിന് ഒരുവിധം സത്തയുണ്ട്. ബ്രഹ്മത്തിനു സത്തയുള്ളതുകൊണ്ടാണ് അതും ഉള്ളതുപോലെ തോന്നുന്നത്.

അറിയുന്നവനെ എന്തുകൊണ്ടറിയാനാണ്? വേദാന്തം പറയുന്നു ‘നാം അതുതന്നെ. പക്ഷേ നമുക്കതിനെ ഒരിക്കലും അറിയാന്‍ വയ്യ. എന്തെന്നാല്‍ അത് ഒരിക്കലും അറിവിനു വിഷയമാവുന്നതല്ല’. ആധുനികപ്രകൃതിവിജ്ഞാനീയവും അങ്ങനെതന്നെ പറയുന്നു, അതിനെ അറിയുക സാദ്ധ്യമല്ലെന്ന്. എങ്കിലും ഇടയ്ക്കിടെ നമുക്കതിന്റെ ക്ഷണികദര്‍ശനങ്ങളുണ്ടാകാം. പ്രപഞ്ചമാകുന്ന മായാഭ്രാന്തി ഒരിക്കല്‍ ഭഞ്ജിക്കപ്പെട്ടാലും അതു വീണ്ടും വരും. എന്നാല്‍ അതു യഥാര്‍ത്ഥമാണെന്നു പിന്നീടു നാം ധരിക്കില്ല. അതൊരു മൃഗതൃഷ്ണികയാണെന്നു നാം മനസ്സിലാക്കും. മൃഗതൃഷ്ണികയെ ഭേദിച്ചപ്പുറം കടക്കുക എന്നുള്ളതാണ് എല്ലാ മതങ്ങളുടേയും ലക്ഷ്യം. മനുഷ്യനും ഈശ്വരനും ഒന്നാണെന്നാണ് വേദങ്ങള്‍ നിരന്തരം ഉദ്ഘോഷിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലരേ മായായവനികയെ ഭേദിച്ച് ഈ സത്യത്തിന്റെ സാക്ഷാല്‍ക്കാരത്തിലെത്തുന്നുള്ളൂ.

ജ്ഞാനിയാകാനിച്ഛിക്കുന്നവന്‍ ഒന്നാമതു കളയേണ്ടത് ഭയമാണ്. ഭയം നമ്മുടെ ഏറ്റവും ദുഷ്ടമായ ശത്രുക്കളിലൊന്നത്രേ. യാതൊന്നിനേയും നേരിട്ടറിയുംമുമ്പേ വിശ്വസിക്കരുത്. ‘ഞാന്‍ ശരീരമല്ല, ഞാന്‍ മനസ്സല്ല, ഞാന്‍ വിചാരമല്ല. ഞാന്‍ ബോധവുമല്ല. ഞാനാത്മാവാണ്’ എന്നിങ്ങനെ നിരന്തരം നിങ്ങളോടുതന്നെ പറയുക. എല്ലാത്തിനേയും തള്ളുവാന്‍ നിങ്ങള്‍ക്കു കഴിയുമ്പോള്‍, സത്യമായ ആത്മാവുമാത്രം ശേഷിക്കും. ജ്ഞാനിയുടെ ധ്യാനം രണ്ടുതരത്തിലാണ്: 1 നാമല്ലാത്തതിനെ മുഴുവന്‍ നിഷേധിച്ച് മനസ്സുകൊണ്ടു തള്ളിക്കളയുക. 2. നാം യഥാര്‍ത്ഥത്തില്‍ എന്താണോ ആ ഏകനില്‍-സച്ചിദാനന്ദാത്മാവില്‍-നിഷ്ഠകൊള്ളുക. യഥാര്‍ത്ഥജ്ഞാനി നിര്‍ഭയനായി തന്റെ യുക്തിചിന്തയെ അതിന്റെ പരമാവധിവരെ മുന്നോട്ടു കൊണ്ടുപോകണം. മാര്‍ഗ്ഗമദ്ധ്യേ നിറുത്തിയിട്ടു കാര്യമില്ല. നിഷേധിക്കാന്‍ തുടങ്ങിയാല്‍ നിഷേധിക്കാനോ നിരസിക്കാനോ കഴിയാത്ത വസ്തുവില്‍, യഥാര്‍ത്ഥമായ അന്തരാത്മാവില്‍, ചെന്നെത്തുംവരെ മുഴുവന്‍ നിരസിക്കണം. ഒടുവില്‍ ശേഷിക്കുന്ന ‘ഞാന്‍’ ആണ് പ്രപഞ്ചത്തിന്റെ സാക്ഷി. അത് അവികാര്യവും ശാശ്വതവും അനന്തവുമത്രേ. ഇപ്പോള്‍ ഒന്നിനുമേല്‍ മറ്റൊന്നായി അനേകം അജ്ഞാനപാളികള്‍ അതിനെ നമ്മുടെ കണ്ണില്‍നിന്നു മറച്ചിരിക്കയാണ്. പക്ഷേ അതു സര്‍വ്വദാ ഒരേ അവസ്ഥയില്‍ സ്ഥിതിചെയ്യുന്നു.

ഒരു വൃക്ഷത്തില്‍ രണ്ടു പക്ഷികള്‍. മുകളിലിരുന്ന പക്ഷി പ്രശാന്തഗംഭീരനും സുന്ദരനും എല്ലാം തികഞ്ഞവനും. താഴത്തേതു ശാഖകള്‍തോറും തത്തിച്ചാടി, ഒരിക്കല്‍ മധുരഫലങ്ങള്‍തിന്നു സുഖത്തില്‍ മുഴുകിയും മറ്റൊരിക്കല്‍ തിക്തഫലങ്ങള്‍ തിന്നു ദുഃഖത്തിലാണ്ടും കഴിഞ്ഞു. ഒരുനാള്‍ അവന്‍ പതിവിലേറെ കയ്പ്പുള്ള ഒരു പഴം തിന്നാനിടയായി. ഉടനെ, മുകളിള്‍ ശാന്തഗംഭീരനായി വര്‍ത്തിക്കുന്ന കൂട്ടുകാരന്റെ നേര്‍ക്കു നോക്കി, ‘ഹാ, ഞാനും അവനെപ്പോലെയായിരുന്നെങ്കില്‍ എന്നു സ്വയം വിചാരിച്ചു. ഈ ചിന്തയോടുകൂടി ഒന്നു മേലോട്ടു കുതിച്ച് അല്പംകൂടി മറ്റേ പക്ഷിയോടടുക്കുകയും ചെയ്തു. എങ്കിലും വൈകാതെ മുകളിലത്തെ പക്ഷിയെപ്പോലാകണമെന്നുള്ള ആഗ്രഹമെല്ലാം വിസ്മരിച്ച്, പണ്ടേപ്പോലെ വീണ്ടും ഇടവിട്ടു മധുരവും കയ്പുമുള്ള ഫലങ്ങള്‍ ഭുജിക്കുകയും സുഖദുഃഖങ്ങളനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. വീണ്ടും ദുഃഖാനുഭവാനന്തരം അവന്‍ മേലോട്ടു നോക്കുകയും, ശാന്തഗംഭീരനായ മുകളിലത്തെ പക്ഷിയുടെ അടുക്കലേക്കു അല്പംകൂടി ഉയര്‍ന്നുചെല്ലുകയും ചെയ്തു. ഇങ്ങനെ പലവട്ടം ആവര്‍ത്തിച്ചതിന്റെ ഫലമായി, അവന്‍ മുകളിലത്തെ പക്ഷിയുടെ നന്നെ അടുത്തെത്തി. ആ പക്ഷിയുടെ തൂവല്‍ക്കൂട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയില്‍ അവന്‍ മുഗ്ദ്ധനായി അതില്‍ ലീനചിത്തനായി ഒടുവില്‍ ആകെ ഒരു പക്ഷിയേ ഉള്ളുവെന്നും മുകളിലിരുന്ന പക്ഷി എക്കാലവും താന്‍തന്നെയാണെന്നും അളവറ്റ അത്ഭുതത്തോടും ആശ്ചര്യത്തോടും കൂടി അവന്‍ കണ്ടു. മനുഷ്യന്‍ ഈ താഴെയിരുന്ന പക്ഷിയെപ്പോലെയാണ്. അവന്‍ തനിക്കു സങ്കല്‍പ്പിക്കാവുന്നതില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ആദര്‍ശത്തിലേയ്ക്കുയരാന്‍ സ്ഥിരനിഷ്ഠയോടെ യത്നിക്കുന്നപക്ഷം താന്‍ എക്കാലവും ആത്മാവുതന്നെയായിരുന്നുവെന്നും തന്റെ മറ്റേ അധമ (മനുഷ്യ)ഭാവം കേവലമൊരു സ്വപ്നമായിരുന്നുവെന്നും കണ്ടെത്താം. നമ്മെ ജഡത്തില്‍നിന്നും അവയുടെ യാഥാര്‍ത്ഥ്യത്തിലുള്ള വിശ്വാസത്തില്‍നിന്നും പൂര്‍ണ്ണമായി വിടര്‍ത്തിയെടുക്കുന്നതത്രേ ശരിയായ ജ്ഞാനം. ‘ഓം തത് സത്’ (ഓം അതുമാത്രമാണ് യഥാര്‍ത്ഥസത്ത) എന്ന മന്ത്രത്തെ ജ്ഞാനി സദാ മനസ്സില്‍ ധ്യാനിക്കണം. നിര്‍വ്വിശേഷൈക്യമാണ് ജ്ഞാനയോഗത്തിന്റെ അടിസ്ഥാനം. ഇതിനെയാണ് അദ്വൈതസിദ്ധാന്തം എന്നു പറയുന്നത്. വേദാന്തതത്ത്വശാസ്ത്രത്തിന്റെ മൂലക്കല്ലിതാണ്-അതിന്റെ ആദ്യന്തങ്ങള്‍ രണ്ടും ഇതുതന്നെ. അതായത് ബ്രഹ്മം മാത്രം സത്യം, മറ്റെല്ലാം മിഥ്യ. ഞാന്‍ ബ്രഹ്മമാണ്. എന്ന ആശയം ഈ ആശയവുമായി സാത്മ്യം പ്രാപിക്കുന്നതുവരെ നാം അതിനെ നിരന്തരം ധ്യാനിച്ചാലേ ദ്വൈതഭാവനകള്‍ക്കെല്ലാം അപ്പുറം പോകാന്‍ പറ്റൂ. നന്മതിന്മകള്‍ക്കും സന്തോഷസന്താപങ്ങള്‍ക്കും ഹര്‍ഷശോകങ്ങള്‍ക്കുമെല്ലാം അപ്പുറം കടന്ന് ‘ഏകമേവാദ്വിതീയം’ എന്ന അവസ്ഥയില്‍- ഏകവും നിത്യവും നിര്‍വ്വികാരവുമായ അനന്തവസ്തുവാണ് നാം എന്ന ബോധത്തില്‍-ചെന്നെത്താന്‍ സാധിക്കൂ.

ജ്ഞാനയോഗി ഏറ്റവും സങ്കുചിതനായ സാമ്പ്രദായികനെപ്പോലെ തീവ്രനിഷ്ഠനും അതോടൊപ്പം ആകാശത്തെപ്പോലെ വിശാലഹൃദയനുമാകണം. അയാള്‍ക്കു മനസ്സിന്മേല്‍ പൂര്‍ണ്ണനിയന്ത്രണമുണ്ടാകണം. അയാള്‍ക്കു ഒരു ബൌദ്ധനോ ക്രിസ്ത്യനോ ആകാന്‍ കഴിവുണ്ടാകണം. വിഭിന്നമതാശയങ്ങളുമായി ബോധപൂര്‍വ്വം സ്വയം വിഭക്തനാകാന്‍ കഴിവുണ്ടാകണം. അതോടൊപ്പം ചിരസ്ഥായിയായ സമന്വയാശയത്തെ മുറുകെപ്പിടിക്കയും വേണം. അനവരതാഭ്യാസം കൊണ്ടേ ഈദൃശമായ മനോനിയന്ത്രണം കൈവരൂ. എല്ലാ വൈവിധ്യങ്ങളും ഏകവസ്തുവില്‍ത്തന്നെയാണ്. എന്നാല്‍ നമ്മുടെ കര്‍മ്മങ്ങളുമായി സാത്മ്യപ്പെടാതിരിക്കാന്‍ നാം അഭ്യസിക്കണം. അതോടൊപ്പം നാം ഏര്‍പ്പെട്ടിരിക്കുന്ന കാര്യമൊഴിച്ചു മറ്റൊന്നും കേള്‍ക്കുകയോ കാണുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കണം. നമ്മുടെ സര്‍വ്വശ്രദ്ധയും ഒന്നില്‍ ഏകാഗ്രമാക്കി അതില്‍ തീവ്രവ്യഗ്രരാകണം. ‘സോഽഹം, സോഽഹം’ എന്നിങ്ങനെ രാപകല്‍ തന്നോടു തന്നെ പറയുക.