ജ്ഞാനയോഗപ്രഭാഷണങ്ങള്‍
മനുഷ്യരെന്നു വിളിക്കപ്പെടുന്നവരെല്ലാം ഇനിയും യഥാര്‍ത്ഥത്തില്‍ മനുഷ്യരായിട്ടില്ല. ഓരോരുത്തനും അവനവന്റെതന്നെ മനസ്സുകൊണ്ട് ഈ ലോകത്തെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഉന്നതബുദ്ധിവ്യാപാരം അത്യന്തം പ്രയാസമാണ്. അമൂര്‍ത്താശയങ്ങളെക്കാള്‍ മൂര്‍ത്താശയങ്ങളാണ് മിക്കവര്‍ക്കും സ്വീകാര്യം. ബോംബെക്കാരായ രണ്ടാളെപ്പറ്റി-ഒരാള്‍ ഹിന്ദുവും മറ്റെയാള്‍ ജൈനനുമായിരുന്നു-പറഞ്ഞുകേട്ടിട്ടുള്ള ഒരു കഥ ഈ വസ്തുതയ്ക്കൊരുദാഹരണമാണ്. അവര്‍ രണ്ടുപേരുംകൂടി ബോംബെയിലെ ധനികനായ ഒരു കച്ചവടക്കാരന്റെ വീട്ടില്‍ ചതുരംഗം കളിക്കുകയായിരുന്നു. കടല്‍ത്തീരത്താണ് ആ വീട്, കളി വളരെ നീണ്ടുനിന്നു. അവരിരുന്ന ബാല്‍ക്കണിയുടെ കീഴില്‍ കാണാവുന്ന സമുദ്രത്തിലെ വേലിയേറ്റവും വേലിയിറക്കവും അവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. അതിന്റെ വിശദീകരണാര്‍ത്ഥം അവരിലൊരുവന്‍ ഒരു പൌരാണികകഥ ഉന്നയിച്ചു-അതായത്, ദേവന്മാര്‍ വിനോദാര്‍ത്ഥം വെള്ളം ഒരു കുഴിയിലേയ്ക്കാക്കി വീണ്ടും അതു മേലോട്ടു തേവുകയാണെന്ന്. മറ്റവന്‍ പറഞ്ഞു, അതങ്ങനെയല്ല. ദേവന്മാര്‍ അവരുടെ ഉപയോഗത്തിനായി ഈ വെള്ളം ഒരു വലിയ കുന്നിന്റെ മുകളിലേക്കു കൊണ്ടുപോയി. ഉപയോഗം കഴിഞ്ഞു വീണ്ടും കീഴോട്ടൊഴുക്കുകയാണെന്ന്. അടുത്തുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിബാലന് ഇതു കേട്ടപ്പോള്‍ ചിരിവന്നു. അവന്‍ ചോദിച്ചു: ‘ചന്ദ്രന്റെ ആകര്‍ഷണമാണ് വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഹേതുവെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?’ ഉടനെ രണ്ടുപേരും കുപിതരായി അവന്റെ നേര്‍ക്കു തിരിഞ്ഞു. ‘ഞങ്ങള്‍ വെറും മഠയന്മാരെന്നോ നീ വിചാരിക്കുന്നത്? വെള്ളം വലിച്ചു കയറ്റാന്‍ ചന്ദ്രന്റെ പക്കല്‍ വല്ല വടവുമുണ്ടെന്നോ?, ഉണ്ടെങ്കില്‍ത്തന്നെ അതു ഇവിടെവരെ എത്തുമെന്നോ ഒക്കെ ഞങ്ങള്‍ വിശ്വസിച്ചുകൊള്ളുമെന്നാണോ നീ കരുതുന്നത്?’ ചുരുക്കത്തില്‍, അത്ര മൂഢമായ ഒരു വിശദീകരണത്തെ അവര്‍ പാടെ നിരസിച്ചു. ഈ ഘട്ടത്തില്‍, വീട്ടുടമസ്ഥന്‍ ആ മുറിയിലേക്കു വന്നു. രണ്ടുകൂട്ടരും കേസ് അയാളെ കേള്‍പ്പിച്ചു. ഒരു തീരുമാനം ആവശ്യപ്പെട്ടു. അയാള്‍ അഭ്യസ്തവിദ്യനും കാര്യത്തിന്റെ വാസ്തവമറിയാവുന്നവനുമായിരുന്നു. എന്നാല്‍ ചതുരംഗക്കളിക്കാരെ അതു ബോധ്യപ്പെടുത്തുക സാദ്ധ്യമല്ലെന്നു സ്പഷ്ടമായിരുന്നതിനാല്‍, അയാള്‍ വിദ്യാര്‍ത്ഥിയോടു ഒരാംഗ്യം കാണിച്ചിട്ട് ആ കളിക്കാരോടു പറഞ്ഞു: ‘‘നിങ്ങള്‍ ‘സ്പോഞ്ച്’ കണ്ടിട്ടുണ്ടല്ലോ അതെന്താണെന്നു നിങ്ങള്‍ക്കറിയാം. വളരെ അകലെ കടല്‍ നടുവില്‍ ഒരു വലിയ സ്പോഞ്ചുപര്‍വ്വതമുണ്ട്. ഈ സ്പോഞ്ചുപര്‍വ്വതം ഒട്ടേറെ വെള്ളം വലിച്ചെടുക്കും. അപ്പോള്‍ സമുദ്രത്തിലെ വെള്ളം താഴും. താമസിയാതെ ദേവന്മാര്‍ വന്ന് ആ പര്‍വ്വത്തിന്മേല്‍ നൃത്തം ചെയ്യും. അവരുടെ ഭാരംകൊണ്ടു സ്പോഞ്ചുപര്‍വ്വതം അമരുമ്പോള്‍ വെള്ളമെല്ലാം പുറത്തേയ്ക്കു ചാടും. അപ്പോള്‍ കടലില്‍ വെള്ളം വീണ്ടും ഉയരും. ഇങ്ങനെയാണ് വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്നത്’’. ഇതത്രേ ലളിതവും യുക്തിസമ്മതവുമായ വിശദീകരണമെന്ന് നിങ്ങള്‍ക്കു നിഷ്പ്രയാസം കാണാം. കടലേറ്റം സൃഷ്ടിക്കുവാന്‍ ചന്ദ്രന്നുള്ള കഴിവിനെ പരിഹസിച്ചു ഈ രണ്ടു മാന്യന്മാരും ദേവന്മാര്‍ വന്നു നൃത്തം ചെയ്യുന്ന ഒരു സ്പോഞ്ചുപര്‍വ്വതത്തിന്റെ കഥയില്‍ അവിശ്വസനീയമായി ഒന്നും കണ്ടില്ല. അവരെസ്സംബന്ധിച്ച് ദേവന്മാര്‍ യഥാര്‍ത്ഥജീവികളാണ്. സ്പോഞ്ചാണെങ്കില്‍ അവര്‍ കണ്ടിട്ടുമുണ്ട്. അതിനാല്‍, സമുദ്രത്തിന്മേല്‍ ഇവ രണ്ടിന്റേയും ചേര്‍ന്നുള്ള പ്രവര്‍ത്തനഫലത്തെക്കാള്‍ സംഭവ്യമായി മറ്റെന്തുള്ളൂ?
‘സുഖാവസ്ഥ’ സത്യത്തിന്റെ നികഷമല്ല. നേരെമറിച്ച്, സത്യം ‘സുഖകര’മാകുന്നതിനുപകരം അതില്‍നിന്നു തുലോം അകലെയാണ്. സത്യം കണ്ടെത്താന്‍ യഥാര്‍ത്ഥത്തില്‍ ഇച്ഛിക്കുന്നെങ്കില്‍ സുഖങ്ങളില്‍ സക്തനാകരുത്. സര്‍വ്വവും ദൂരെത്തള്ളുക വളരെ ദുഷ്കരംതന്നെ. പക്ഷേ, ജ്ഞാനി അതു ചെയ്തേ മതിയാവൂ. അയാള്‍ നിര്‍മ്മലനാകണം. സകല തൃഷ്ണകളേയും നിഹനിക്കണം, ശരീരത്തോടുള്ള താദാത്മ്യം വെടിയുകയും വേണം. അപ്പോള്‍, അപ്പോള്‍മാത്രമേ, അയാളുടെ ഹൃദയത്തില്‍ ഉത്കൃഷ്ടസത്യം പ്രകാശിക്കൂ. പരിത്യാഗം ആവശ്യമാണ്. നമ്മിലെ അധമവ്യക്തിത്വത്തെ ഹനിക്കേണ്ട ആവശ്യകതയാണ്, ത്യാഗത്തെ സകലമതങ്ങളുടെയും ഘടകമാക്കിയ പശ്ചാത്തലസത്യം. ദേവപ്രീതിക്കും മറ്റുമായുള്ള അര്‍ച്ചനാദികള്‍ യഥാര്‍ത്ഥമൂല്യമുള്ള ഏകബലിയര്‍പ്പണത്തിന്റെ-നമ്മിലെ മിഥ്യാവ്യക്തിത്വത്തെ ബലിയര്‍പ്പിക്കുന്നതിന്റെ-അസ്പഷ്ടനിദര്‍ശകങ്ങള്‍മാത്രമാണ്. ഈ മിഥ്യാവ്യക്തിത്വത്തിന്റെ നിരാസത്തിലൂടെ മാത്രമേ നമ്മുടെ ഉന്നതഭാവത്തെ, ആത്മാവിനെ, സാക്ഷാല്‍ക്കരിക്കാനാവൂ. ജ്ഞാനി ഈ സ്ഥൂലശരീരത്തെവെച്ചു സൂക്ഷിപ്പാന്‍ ഉദ്യമിക്കരുത്. അതിന് ആഗ്രഹിക്കപോലുമരുത്. അയാള്‍ കരുത്തനാകണം, ഈ പ്രപഞ്ചം വീണുതകര്‍ന്നാലും സത്യത്തെ അനുഗമിക്കണം. ഓരോ ഇഷ്ടപ്രസ്ഥാനങ്ങളെ പിന്തുടര്‍ന്നവര്‍ക്ക് ഇതൊരിക്കലും സാദ്ധ്യമല്ല. ഇത് ഒരായുഷ്ക്കാലത്തെ പണിയാണ്. പോരാ, ശതായുഷ്ക്കാലങ്ങളിലെ പണിയാണ്. അന്തര്യാമിയെ സാക്ഷാല്‍ക്കരിക്കുവാന്‍ ധീരതയോടെ സന്നദ്ധരാകുന്നവര്‍ സ്വര്‍ഗ്ഗത്തെയും സഗുണേശ്വരനേയും സകല പ്രതിഫലേച്ഛയേയും ത്യജിക്കാന്‍ ധൈര്യപ്പെടുന്നവര്‍, നന്നെ ചുരുങ്ങും. അതിനു സുദൃഢമായ ഇച്ഛാശക്തി വേണം. അറച്ചറച്ചു നില്‍ക്കുന്നതുതന്നെ വലിയ ദൌര്‍ബ്ബല്യത്തിന്റെ അടയാളമാണ്. മനുഷ്യന്‍ സദാ പൂര്‍ണ്ണനാണ്. അല്ലെങ്കില്‍, അവനൊരിക്കലും അങ്ങനെയാകുവാന്‍ സാധിക്കാഞ്ഞേനേ, എന്നാല്‍ അവനതു സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്. മനുഷ്യന്‍ ബാഹ്യനിമിത്തങ്ങളാല്‍ ബദ്ധനാണെങ്കില്‍, അവന്‍ മരണാധീനനായേനെ. ഉപാധിരഹിതത്തിനേ അമൃതത്വമുണ്ടാകൂ. ആത്മാവിന്മേല്‍ പ്രവര്‍ത്തിക്കാന്‍ യാതൊന്നിനും കഴിവില്ല. കഴിയുമെന്ന തോന്നല്‍ ശുദ്ധമേ വ്യാമോഹം. എന്നാല്‍ മനുഷ്യന്‍ ആ ആത്മസത്തയുമായി സാത്മ്യം പ്രാപിക്കണം. ശരീരമനസ്സുകളുമായിട്ടായാല്‍ പോരാ. താന്‍ ജഗത്തിന്റെ സാക്ഷിയാണെന്ന ബോധം അവന്നുണ്ടാകട്ടെ. അപ്പോള്‍, തന്റെ മുമ്പിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന അത്ഭുതദൃശ്യങ്ങളുടെ സൌന്ദര്യം ആസ്വദിക്കുവാന്‍ അവനു സാധിക്കും. മനുഷ്യന്‍ ആ ഏകസത്തയുമായി, ആത്മാവുമായി, യഥാര്‍ത്ഥത്തില്‍ സാത്മ്യപ്പെട്ടാല്‍, അവന് എല്ലാം ശക്യമാവും. ജഡപ്രപഞ്ചം അവന്റെ ദാസനാകും. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിട്ടുള്ളതുപോലെ ‘തൈരു കടഞ്ഞു വെണ്ണയെടുത്താല്‍ പിന്നെ അതു വെള്ളത്തിലോ പാലിലോ ഇടാം. അവയിലൊന്നിനോടും അതു കൂടിക്കലരില്ല. അതുപോലെ, മനുഷ്യന്‍ ഒരിക്കല്‍ ആത്മാവിനെ സാക്ഷാല്‍ക്കരിച്ചാല്‍പ്പിന്നെ അവന്‍ ലോകത്തില്‍ മലിനനാവില്ല.’
ബലൂണില്‍ കേറി നോക്കിയാല്‍, താഴത്തെ വസ്തുക്കള്‍ തമ്മിലുള്ള ചില്ലറ വ്യത്യാസങ്ങള്‍ തിരിച്ചറിയില്ല. അതുപോലെ, മനുഷ്യന്‍ വേണ്ടത്ര ഉയര്‍ന്നുകഴിഞ്ഞാല്‍ ആരെയും സജ്ജനങ്ങളായും ദുര്‍ജ്ജനങ്ങളായും കാണുന്നില്ല. ‘തീച്ചൂളയില്‍ ചുട്ടെടുത്താല്‍പ്പിന്നെ കലത്തിന്റെ ആകാരം മാറ്റാന്‍ വയ്യ. അതുപോലെ, ഒരിക്കല്‍ ഭഗവത്സ്പര്‍ശനമേറ്റ, ആഗ്നേയമായ ജ്ഞാനസ്നാനം സിദ്ധിച്ച, മനസ്സിനു പിന്നീടൊരിക്കലും മാറ്റമുണ്ടാകുക സാദ്ധ്യമല്ല’. തത്ത്വശാസ്ത്രത്തിന് സംസ്കൃതതത്തിലുള്ള പേര് ‘ദര്‍ശനം’(കാഴ്ച) എന്നാണ്. മതം പ്രയോജനപ്രധാനമായ തത്ത്വശാസ്ത്രവുമാണ്. കേവലം സിദ്ധാന്തപരമായ, ചിന്താമണ്ഡലത്തില്‍മാത്രം വര്‍ത്തിക്കുന്ന, തത്ത്വശാസ്ത്രം ഭാരതത്തില്‍ അധികം ആദരിക്കപ്പെടുന്നില്ല. ഈശ്വനെ പരിമിതനാക്കുന്ന വിശ്വാസപ്രമാണങ്ങളോ, ആധികാരികശാസനങ്ങളോ മതസംഘടനകളില്‍ (ജ്ഞാനമാര്‍ഗ്ഗങ്ങളില്‍) ഇല്ല. ഭാരതത്തിലെ രണ്ടു വലിയ വിഭാഗം ദ്വൈതികളും അദ്വൈതികളുമാണ്. ദ്വൈതികള്‍ പറയുന്നു: ‘മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗം ഈശ്വരകാരുണ്യത്തില്‍ക്കൂടിയാണ്. നിമിത്തനിയമത്തിന്റെ പ്രവര്‍ത്തനം ഒരിക്കല്‍ ആരംഭിച്ചുപോയാല്‍, പിന്നീടൊരിക്കലും അതിനെ ഉല്ലംഘിക്കാനാവില്ല. ഈ നിയമത്താല്‍ ബദ്ധനല്ലാത്ത ഈശ്വരന്‍മാത്രമാണ് കാരുണ്യവശാല്‍ അതിനെ ഉല്ലംഘിക്കാന്‍ നമ്മെ സഹായിക്കുന്നത്. അദ്വൈതികള്‍ പറയുന്നു: ‘ഈ പ്രകൃതിക്കെല്ലാം പിന്നില്‍ സ്വതന്ത്രമായ ഏതോ ഒന്നുണ്ട്. നിയമത്തിനെല്ലാം അതീതമായ ആ തത്ത്വത്തെ കണ്ടെത്തുന്നതോടെ നാം സ്വതന്ത്രരാവുന്നു. സ്വാതന്ത്യ്രംതന്നെ മുക്തിയും.’ ദ്വൈതം ഒരു പടി മാത്രം. അദ്വൈതമാണ് പരമാന്ത്യംവരെ പോകുന്നത്. സ്വാതന്ത്യ്രത്തിലേക്കുള്ള കുറുക്കുവഴി പവിത്രനാവുകയാണ്. നാം സമ്പാദിക്കുന്നതേ നമ്മുടേതാകൂ. യാതൊരധികാരിക്കും നമ്മെ രക്ഷിക്കാനാവില്ല. വിശ്വാസങ്ങള്‍ക്കുമാവില്ല. ഒരീശ്വരനുണ്ടെങ്കില്‍ എല്ലാവര്‍ക്കും അവിടുത്തെ കണ്ടെത്താന്‍ കഴിയും. അന്തരീക്ഷം ചൂടുള്ളതാണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഓരോരുത്തനും അതു തനിയേ അറിയാം. ഈശ്വരനെസ്സംബന്ധിച്ചും അതുപോലിരിക്കണം. ഈശ്വരന്‍ എല്ലാ മനുഷ്യരുടെയും ബോധതലത്തിലെ ഒരു വസ്തുതയാവണം. പാശ്ചാത്യര്‍ ധരിച്ചുവെച്ച അര്‍ത്ഥത്തിലുള്ള പാപത്തെ ഹിന്ദുക്കള്‍ അംഗീകരിക്കുന്നില്ല. ദുഷ്കര്‍മ്മങ്ങള്‍ പാപങ്ങളല്ല. ദുഷ്കര്‍മ്മങ്ങള്‍ ചെയ്തു നാം വല്ല ഭരണകര്‍ത്താവിനോടും അപരാധം കാട്ടുകയല്ല. നാം നമ്മെത്തന്നെ ദ്രോഹിക്കയാണ്. അതിന്റെ ദുഷ്ഫലം നാം അനുഭവിക്കണം. തീയില്‍ കൈവിരല്‍ വെയ്ക്കുന്നതു പാപമല്ല. പക്ഷേ അങ്ങനെ ചെയ്യുന്നവന്‍ അതില്‍നിന്നു അതൊരു പാപമായാലത്തെപ്പോലുള്ള ദുഷ്ഫലം അനുഭവിക്കും. എല്ലാ കര്‍മ്മങ്ങളും നിശ്ചിതഫലങ്ങള്‍ ഉളവാക്കും. ‘എല്ലാ കര്‍മ്മവും അതാതിന്റെ കര്‍ത്താവിലേക്കു മടങ്ങിവരും’. ‘ഏകത്വമതത്തെക്കാള്‍ പുരോഗമിച്ചതാണ് ‘ത്രിത്വമതം’ നാം ഈ ഈശ്വരന്റെ സന്താനങ്ങളെന്നു സ്വയം കരുതുന്നതത്രേ ഉദ്ഗതിക്കുള്ള ഒന്നാം ചുവട്. അദ്വിതീയനായ ആത്മാവാണെന്ന സാക്ഷാല്‍ക്കാരം അവസാനത്തേതും.