ജ്ഞാനയോഗപ്രഭാഷണങ്ങള്‍
ചിന്തയാണ് സര്‍വ്വപ്രധാനം. എന്തെന്നാല്‍ ‘നാം ചിന്തിക്കുന്നതെന്തോ, അതായിത്തീരുന്നു. ഒരു സന്ന്യാസിയുണ്ടായിരുന്നു. അയാള്‍ മരച്ചുവട്ടിലിരുന്ന് ആളുകള്‍ക്ക് മതോപദേശം ചെയ്തുവന്നു. താന്‍ പാലും പഴങ്ങളും മാത്രമേ കഴിച്ചിരുന്നുള്ളൂ. മുടങ്ങാതെ പ്രാണായാമം ശീലിക്കയും ചെയ്തിരുന്നു. അതിനാല്‍ താന്‍ വളരെ വിശുദ്ധനാണെന്നു അയാള്‍ കരുതി. അതേ ഗ്രാമത്തില്‍ ഒരു വേശ്യാസ്ത്രീയുണ്ടായിരുന്നു. സന്ന്യാസി നാള്‍തോറും അവളുടെ അടുത്തു ചെന്ന് അവളുടെ ദുര്‍ന്നടത്തം അവളെ നരകത്തിലാക്കുമെന്നു താക്കീതു ചെയ്തു. ആ സാധുസ്ത്രീ തന്റെ ഏകജീവനോപായമായ വേശ്യാവൃത്തി ഉപേക്ഷിക്കാന്‍ ശക്തയായില്ല. എങ്കിലും, സന്ന്യാസി വിവരിച്ചു കേള്‍പ്പിച്ച തന്റെ ഭയാനകഭാവിയോര്‍ത്തു അവള്‍ ഭയചകിതയായി. അവള്‍ ഈശ്വരനോടു കേണിരന്നുകൊണ്ടിരുന്നു. മറ്റൊരു ഗതയില്ലാഞ്ഞിട്ടു ചെയ്തു പോകുന്ന തന്റെ അപരാധങ്ങള്‍ പൊറുക്കണേ എന്ന്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സന്ന്യാസിയും വേശ്യാസ്ത്രീയും മരിച്ചു. ദേവദൂതന്മാര്‍ വന്നു സ്ത്രീയെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി. സന്ന്യാസിയുടെ ജീവന്‍ അവകാശപ്പെട്ടുവന്നത് നരകദൂതന്മാരായ യമകിങ്കരന്മാരാണ്. അയാള്‍ ആശ്ചര്യത്തോടുകൂടി ചോദിച്ചു: ഇതെന്തിങ്ങനെ? ഞാന്‍ ഏറ്റവും വിശുദ്ധമായ ജീവിതം നയിക്കുകയും വിശുദ്ധജീവിതമാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും ഉപദേശിച്ചുകൊണ്ടിരിക്കയും ചെയ്തില്ലേ? പിന്നെ എന്നെയെന്തിനു നരകത്തിലേക്കു കൊണ്ടുപോകുന്നു? അതേസമയം എന്തുകൊണ്ട് ഈ ദുഷ്ടസ്ത്രീയെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകുന്നു. യമകിങ്കരന്മാര്‍ ഇതിനിങ്ങനെ ഉത്തരംപറഞ്ഞു: ‘കാരണം, ഈ സ്ത്രീ അശുദ്ധകര്‍മ്മങ്ങള്‍ ചെയ്യാന്‍ നിര്‍ബ്ബദ്ധയായെങ്കിലും അവള്‍ സദാ ഭഗവാെന ധ്യാനിക്കയും മോചനത്തിനു പ്രാര്‍ത്ഥിക്കയും ചെയ്തു. ആ മോചനമാണ് അവള്‍ക്കിപ്പോള്‍ കൈവന്നത്. നിങ്ങള്‍, നേരെമറിച്ച്, വിശുദ്ധകര്‍മ്മങ്ങള്‍ ചെയ്തിരുന്നുവെങ്കിലും, മറ്റുള്ളവരുടെ ദുഷ്കര്‍മ്മങ്ങളെപ്പറ്റിയാണ് സദാ ചിന്തിച്ചിരുന്നത്. നിങ്ങള്‍ പാപവൃത്തികളേ കണ്ടിരുന്നുള്ളൂ. പാപങ്ങളേ ചിന്തിച്ചിരുന്നുള്ളൂ. അതിനാല്‍, നിങ്ങളിപ്പോള്‍ പാപം മാത്രമുള്ള ആ സ്ഥലത്തേയ്ക്കു പോകേണ്ടിയിരിക്കുന്നു. കഥയുടെ ഗുണപാഠം വളരെ വിശദമാണ്. ബാഹ്യജീവിതംകൊണ്ടു വലിയ സാദ്ധ്യമൊന്നുമില്ല. ഹൃദയം ശുദ്ധമായിരിക്കണം. ഹൃദയശുദ്ധിയുള്ളവര്‍ നന്മയേ കാണൂ, ഒരിക്കലും തിന്മ കാണില്ല. നാമൊരിക്കലും മനുഷ്യസമുദായത്തിന്റെ രക്ഷാകര്‍ത്താക്കളാകാനോ പാപികളെ ഉദ്ധരിക്കുന്ന പവിത്രാത്മാക്കളെന്ന ഉന്നതപീഠത്തിലിരിപ്പനോ ഉദ്യമിക്കരുത്. അതിനുപകരം നമുക്കു നമ്മെത്തന്നെ വിശുദ്ധീകരിക്കാം. അങ്ങനെ ചെയ്യുന്നതിന്റെ ഫലം തീര്‍ച്ചയായും പരന്മാരെ സഹായിക്കുകയായിരിക്കുംതാനും.
പ്രകൃതിശാസ്ത്രത്തിന്റെ (physics) രണ്ടറ്റവും പരതത്ത്വശാസ്ത്രമാണ് (mathematics). അതുപോലെതന്നെ യുക്തിചിന്തയെസ്സംബന്ധിച്ചും-അത് അയുക്തത്തില്‍നിന്നു തുടങ്ങുന്നു. അയുക്തികത്തില്‍ അവസാനിക്കയും ചെയ്യുന്നു. ഇന്ദ്രിയവേദനത്തിന്റെ മേഖലയിലെ അന്വേഷണം വേണ്ടത്ര മുന്നോട്ടു കൊണ്ടുപോയാല്‍, നാം ഇന്ദ്രിയവേദനാതീതമായ മേഖലയില്‍ ചെന്നെത്തും. യുക്തിചിന്ത യഥാര്‍ത്ഥത്തില്‍ ഇനം തിരിച്ചു സംഭരിക്കപ്പെട്ടിട്ടുള്ള ഇന്ദ്രിയവേദനങ്ങളാണ്. ഓര്‍മ്മശക്തിയുടെ സഹായത്തിലാണ് അതു നിലനിര്‍ത്തപ്പെടുന്നത്. ഇന്ദ്രിയവേദനങ്ങള്‍ക്കപ്പുറത്തു ഭാവനയോ യുക്തിചിന്തയോ സാദ്ധ്യമല്ല. യുക്തിചിന്തയ്ക്കതീതമായൊന്നും ഇന്ദ്രിയജ്ഞാനവിഷയമാകാനും വയ്യ. യുക്തിചിന്തക്കുള്ള പരിമിതി നമുക്കനുഭവപ്പെടുന്നു. എങ്കിലും ഇന്ദ്രിയാതീതത്തിന്റെ ഈര്‍ഷദ്ദര്‍ശനമരുളുന്ന ഒരു മേഖലയിലേക്കു അതു നമ്മെ നയിക്കുന്നുണ്ട്. യുക്തിചിന്തയിലും കവിഞ്ഞ വല്ല ഉപകരണവും മനുഷ്യന്റെ പക്കലുണ്ടോ? എന്ന ചോദ്യം ഇവിടെ പൊന്തിവരുന്നു. യുക്തി ചിന്തയ്ക്കപ്പുറമെത്താനുള്ള ഒരു ശക്തിവിശേഷം മനുഷ്യനിലുണ്ടാവാന്‍ വളരെ എളുപ്പമുണ്ട്. വാസ്തവത്തില്‍, ഏതു കാലഘട്ടത്തിലും ജീവിച്ച സിദ്ധപുരുഷന്മാരെല്ലാവരും ഇപ്രകാരമൊരു ശക്തി തങ്ങളിലുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിഷയസ്വഭാവത്തില്‍ത്തന്നെ, ആദ്ധ്യാത്മികമായ ആശയാനുഭൂതികള്‍ യുക്തിചിന്തയുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുക സാദ്ധ്യമല്ല. തങ്ങളുടെ ആദ്ധ്യാത്മകാനുഭൂതികളെ പറഞ്ഞറിയിക്കാന്‍ തങ്ങള്‍ അശക്തരാണെന്ന് ഈ മഹാത്മാക്കളെല്ലാവരും പ്രസ്താവിച്ചിട്ടുണ്ട്. അവ വിവരിക്കാന്‍ തക്ക വാക്കുകളൊന്നും ഭാഷയിലില്ല. അതിനാല്‍, ഇവ യഥാര്‍ത്ഥാനുഭവങ്ങളാണെന്നും എല്ലാവര്‍ക്കും നേടാവുന്നതാണെന്നും തീര്‍ത്തു പറയാനേ സാധിക്കൂ. ആ വിധത്തിലേ അവയെ അറിയാനാവൂ. അല്ലാതെ ഒരിക്കലും വിവരിക്കാന്‍ വയ്യ. മനുഷ്യനിലെ പരസത്തയിലൂടെ പ്രകൃതിയിലെ പരസത്തയെ അദ്ധ്യയനം ചെയ്യുന്ന ശാസ്ത്രമാണ് മതം. മനുഷ്യനെക്കുറിച്ചു ഇപ്പോഴും വളരെക്കുറച്ചേ നമുക്കറിയാവൂ. അതിനാല്‍ പ്രപഞ്ചത്തെക്കുറിച്ചും അങ്ങനെതന്നെ മനുഷ്യനെ നാം കൂടുതലറിയുമ്പോള്‍ ഒരുപക്ഷേ പ്രപഞ്ചത്തെയും കൂടുതലറിഞ്ഞേക്കും. മനുഷ്യന്‍ സകലവസ്തുക്കളുടേയും ഒരു സംഗ്രഹമാണ്. എല്ലാ ജ്ഞാനവും മനുഷ്യനിലുണ്ടുതാനും. ഇന്ദ്രിയവേദനവിഷയമാകുന്ന, പ്രപഞ്ചത്തിന്റെ അത്യന്തലേശാംശത്തിനുമാത്രമേ കാരണം കാണാന്‍ നമുക്കു കഴിയൂ. ഏതെങ്കിലും മൌലികതത്ത്വത്തിനു കാരണം പറയാന്‍ നമുക്കാവില്ല. ഒരു വസ്തുവിനു കാരണം പറയുകയെന്നുവെച്ചാല്‍, അതിനെ ഏതെങ്കിലും ഒരു വര്‍ഗ്ഗത്തില്‍പ്പെടുത്തി, മനസ്സിലുള്ള ആ വര്‍ഗ്ഗത്തെ ഒരു ഏട്ടില്‍ തിരുകിവെയ്ക്കുന്നുവെന്നേയുള്ളൂ.
നാം പുതിയൊരു വസ്തുത കണ്ടെത്തിയാലുടന്‍ അതിനെ നിലവിലുള്ള ഏതെങ്കിലും ഇനത്തില്‍ പെടുത്താന്‍ ശ്രമിക്കയായി-ഈ ശ്രമമത്രേ യുക്തിചിന്ത. പുതിയ വസ്തുതയ്ക്കു ഈ പഴയതില്‍ ഒരു സ്ഥാനം കണ്ടെത്തുന്നതില്‍ വിജയിച്ചാല്‍ നമുക്കു ഒരുവിധം സംതൃപ്തിയായി. പക്ഷേ, ഇങ്ങനെയുള്ള വര്‍ഗ്ഗീകരണവുമായി ഭൌതികമേഖലയ്ക്കപ്പുറം കടക്കാന്‍ നമുക്കു കഴിവില്ല. മനുഷ്യനു ഇന്ദ്രിയവ്യാപാരപരിധിയെ അതിക്രമിക്കാമെന്നാണ് അതീതയുഗങ്ങളുടെയെല്ലാം പ്രബലമായ സാക്ഷിപത്രം. ഈശ്വരസാക്ഷാല്‍ക്കാരം ഒരിക്കലും ഇന്ദ്രിയങ്ങളിലൂടെ സാധ്യമല്ലെന്ന് അയ്യായിരം കൊല്ലത്തിനുമുമ്പേ ഉപനിഷത്തുകള്‍ പ്രസ്താവിച്ചു. ഇന്നത്തെ അജ്ഞേയവാദവും അത്രത്തോളം സമ്മതിക്കുന്നു. ഇതു പ്രശ്നത്തിന്റെ നിഷേധവശം മാത്രം. വേദങ്ങള്‍ ഇതിലും മുമ്പോട്ടു കടന്ന്, മനുഷ്യന് ഇന്ദ്രിയവലയിതമായ, മഞ്ഞുകട്ടകണക്ക് ഉറഞ്ഞിരിക്കുന്ന, ഈ പ്രപഞ്ചത്തെ അതിക്രമിക്കാമെന്നും അവന്‍ അങ്ങനെ അതിക്രമിക്കുന്നുണ്ടെന്നും സുവ്യക്തഭാഷയില്‍ പ്രഖ്യാപിക്കുന്നു. മേലേ ഉറഞ്ഞുകട്ടിയായ ഈ ഹിമാവരണത്തില്‍-നാം ആലങ്കാരികഭാഷ തുടരുകയാണ്-ഒരു സുഷിരം കണ്ടെത്താന്‍ അവനു സാധിക്കും. അതുവഴി ഇറങ്ങിച്ചെന്ന് സച്ചിദാനന്ദസമുദ്രസാകല്യത്തെ പ്രാപിക്കാനും കഴിയും. ഇപ്രകാരം ഇന്ദ്രിയലോകത്തെ അതിക്രമിച്ചാലേ മനുഷ്യന്ന് അവനിലെ പരമാര്‍ത്ഥതത്ത്വത്തെ പ്രാപിക്കാന്‍, അവന്റെ യഥാര്‍ത്ഥസ്വരൂപം സാക്ഷാല്‍ക്കരിക്കാന്‍ കഴിയൂ.
ആത്മജ്ഞാനം ഒരിക്കലും ഇന്ദ്രിയജ്ഞാനമല്ല. ബ്രഹ്മത്തെ അറിയുക സാധ്യമല്ല. പിന്നെയോ നാം ബ്രഹ്മംതന്നെയാണ്. ബ്രഹ്മത്തിന്റെ ഒരംശമല്ല. മുഴുവന്‍ബ്രഹ്മവും. അപ്രസാരിതമായ വസ്തു ഒരിക്കലും വിഭാജ്യമല്ല. പ്രത്യക്ഷത്തിലെ നാനാത്വം കാലദേശങ്ങളിലൂടെ കാണപ്പെടുന്ന പ്രതിബിംബങ്ങളത്രേ- നമുക്കറിയാവുന്നതുപോലെ, സൂര്യന്‍ അനേകമില്ല ഒന്നേയുള്ളുവെങ്കിലും, ലക്ഷോപലക്ഷം മഞ്ഞുത്തുള്ളികളില്‍ പ്രതിബിംബിച്ചു കാണുംപോലെയാണത്. ജ്ഞാനയോഗത്തില്‍ നമുക്ക് ഈ നാനാത്വദര്‍ശനത്തെ ഒഴിച്ച് ഏകത്വംമാത്രം. കാണാന്‍ കഴിയണം. ഈ ഏകത്വത്തില്‍ ജ്ഞാതാവില്ല. ജ്ഞേയമില്ല, ജ്ഞാനമില്ല. നിങ്ങള്‍, അവന്‍, ഞാന്‍ എന്നീ ഭേദങ്ങളില്ല. കേവലമായ ഏകത്വംമാത്രം. നാം എക്കാലവും ഇതാണ്. ഒരിക്കല്‍ സ്വതന്ത്രരായാല്‍ എന്നും സ്വതന്ത്രര്‍. മനുഷ്യന്‍ നിമിത്തനിയമത്താല്‍ ബദ്ധനല്ല. ശോകവും ദുഃഖവും മനുഷ്യനിലുള്ളവയല്ല. അവ സൂര്യനെ ക്ഷണനേരത്തേയ്ക്കു മറയ്ക്കുന്ന മേഘങ്ങളെപ്പോലെയാണ്. മേഘം കടന്നുപോകുന്നു. സൂര്യന് ഒരു മാറ്റവും വന്നിട്ടില്ല. അതുപോലെയാണ് മനുഷ്യനും. അവന്‍ ജനിക്കുന്നില്ല. മരിക്കുന്നില്ല. അവന്‍ കാലദേശങ്ങളിലല്ല. ഈ ആശയങ്ങള്‍ മനസ്സിന്റെ പ്രതിഫലനങ്ങള്‍മാത്രം. നാം അവയെ യഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നു. തന്നിമിത്തം അവയാല്‍ മറയ്ക്കപ്പെട്ട മഹനീയസത്യത്തെ കാണുന്നുമില്ല. കാലം നമ്മുടെ ചിന്തയുടെ രീതി(ഉപാധി)മാത്രമാണ്. നാം ശാശ്വതമായ വര്‍ത്തമാനകാലമത്രേ. നന്മയ്ക്കും തിന്മയ്ക്കും നമ്മെ അപേക്ഷിച്ചേ ഉണ്മയുള്ളൂ. ഇവയിലൊന്നിന്റെ അഭാവത്തില്‍ മാറ്റേണ്ടതുണ്ടാവാന്‍ വയ്യ. കാരണം. ഓരോന്നിനും മറ്റേതില്‍നിന്നു വേറിട്ടാല്‍ അര്‍ത്ഥമോ അസ്തിത്വമോ ഇല്ല. നാം ദ്വൈതം കാണുന്നിടത്തോളം മനുഷ്യനും ഈശ്വരനും വെവ്വേറെയെന്നു വിചാരിക്കുന്നിടത്തോളം, നന്മതിന്മകളും കാണേണ്ടിയിരിക്കുന്നു. കേന്ദ്രത്തിലേക്കു പോയാല്‍, ഈശ്വരനുമായി ഏകീഭവിച്ചാല്‍ മാത്രമേ നമുക്ക് ഇന്ദ്രിയവ്യാമോഹങ്ങളില്‍ നിന്നു മോചനം നേടാന്‍ കഴിയൂ. തൃഷ്ണയാകുന്ന നിത്യജ്വരം, വിശ്രമമേകാത്ത ഈ നിരന്തരപിപാസ, വെടിഞ്ഞാല്‍, തൃഷ്ണയെ ഇങ്ങിനി വരാത്തവണ്ണം ശമിപ്പിച്ചാല്‍, നാം നന്മതിന്മകളില്‍നിന്നു മുക്തരാകും. എന്തെന്നാല്‍, അപ്പോഴെയ്ക്കും നാം അവ രണ്ടിനെയും അതിക്രമിച്ചിരിക്കും. എരിതീയില്‍ എണ്ണയൊഴിക്കുന്നത് തീ കൂടുതല്‍ ആളിക്കത്തുവാന്‍മാത്രം സഹായിക്കുംപോലെ, തൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള ഉദ്യമം അതിനെ വര്‍ദ്ധിപ്പിക്കാനേ ഉതകൂ. ചക്രം കേന്ദ്രത്തില്‍നിന്നകലുന്തോറും അതിന്റെ ഗതിവേഗം കൂടും. അത്രയക്കു വിശ്രമം കുറയുകയും ചെയ്യും. അതിനാല്‍ കേന്ദ്രത്തിലേയ്ക്കടുക്കുക, തൃഷ്ണകളെ അടക്കുക, മിഥ്യാഹന്ത നശിക്കട്ടെ. അപ്പോള്‍ നമ്മുടെ ദര്‍ശനം സ്പഷ്ടമാകുകയും നാം ഈശ്വരനെ കാണുകയും ചെയ്യും. ഈ ജീവിതവും എല്ലാ ഭാവിജീവിതങ്ങളും പരിത്യജിച്ചാലേ, പരമാര്‍ത്ഥത്തില്‍ നിലയുറപ്പിക്കത്തക്ക സ്ഥാനത്തു നാം എത്തിച്ചേരൂ. നമുക്കു വല്ല പ്രതീക്ഷയുമുള്ളിടത്തോളം തൃഷ്ണയാണ് നമ്മെ ഭരിക്കുക. ഒരു നിമിഷനേരത്തേയ്ക്കു ശരിക്കും ആശാരഹിതനാവുക, എങ്കില്‍ മായയാകുന്ന മൂടല്‍മഞ്ഞ് അപ്രത്യക്ഷമാകും. ഒരുവന്‍ മുഴുസത്തയുമാണെങ്കില്‍പ്പിന്നെ, അയാള്‍ എന്തിനു വേണ്ടിയാണാശിക്കുക? ജ്ഞാനത്തിന്റെ രഹസ്യം നാം സര്‍വ്വവും വെടിഞ്ഞിട്ട് സ്വയം പര്യാപ്തരാവുകയാണ്. ‘ഇല്ല’ എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഇല്ലാതാകും. ‘ഉണ്ട്’ എന്നു പറഞ്ഞാല്‍ ഉള്ളതാകും. ഉള്ളിലെ ആത്മാവിനെ ഉപാസിക്കുക. മറ്റൊന്നും ഉള്ളതല്ല. നമ്മുടെ ദര്‍ശനത്തെ മറച്ചിരിക്കുന്നതെല്ലാം മായയാണ്-വ്യാമോഹം.