സ്വാമി വിവേകാനന്ദന്‍

ജ്ഞാനയോഗപ്രഭാഷണങ്ങള്‍
സുഖവും ദുഃഖവും രണ്ടു ചങ്ങലകലാണ്- ഒന്നു സ്വര്‍ണ്ണം, മറ്റേത് ഇരുമ്പ്. ഇവ രണ്ടും നമ്മെ ബന്ധിക്കാനും നമ്മുടെ യഥാര്‍ത്ഥസ്വരൂപമറിയുന്നതില്‍നിന്നു നമ്മെ തടയാനും ഒരുപോലെ ശക്തങ്ങളാണ്. ആത്മാവ് സുഖവും ദുഃഖവും രണ്ടും അറിയുന്നില്ല. ഇവ കേവലം ‘അവസ്ഥ’കളാണ്. അവസ്ഥകള്‍ എന്നും മാറിക്കൊണ്ടിരിക്കും. ആത്മസ്വരൂപമാകട്ടെ ഒരിക്കലും മാറ്റമില്ലാത്ത ശാന്തിയും ആനന്ദവുമത്രേ. അതു നാം നേടേണ്ടതില്ല. അതു നമ്മില്‍ത്തന്നെയുണ്ട്. നമ്മുടെ കണ്ണിലെ ചളി കഴുകിക്കളയുക. എന്നിട്ടു കാണുക. നാം സദാ ആത്മാവില്‍ത്തന്നെ നിലയുറപ്പിച്ച ലോകത്തിലെ ദൃശ്യപരമ്പരകളെ ചിത്തവിക്ഷേപലേശം കൂടാതെ നോക്കിക്കാണണം. ലോകം ശിശുക്രീഡയത്രേ. അതിനു നമ്മെ അലോസരപ്പെടുത്താന്‍ കഴിയരുത്. മനസ്സു സ്തുതിയില്‍ സന്തോഷിക്കുന്നുവെങ്കില്‍ നിന്ദയില്‍ സന്താപിക്കുകയും ചെയ്യും. ഇന്ദ്രിയജന്യങ്ങളായ സുഖങ്ങള്‍മാത്രമല്ല, മനോജന്യങ്ങളും ക്ഷണഭംഗുരങ്ങളാണ്. നിരപേക്ഷവും യഥാര്‍ത്ഥവുമായ ഏകസുഖം. ബാഹ്യമായ ഒന്നിനെയും ആശ്രയിക്കാത്തസുഖം. നമ്മില്‍ത്തന്നെ. ‘ആത്മരതി’-അതിനെയത്രേ ലോകം മതമെന്നു പറയുന്നത്. നമ്മുടെ അന്തരാനന്ദം എത്രയേറെയോ അത്രയേറെയാണ് ആദ്ധ്യാത്മികതയും. സുഖാര്‍ത്ഥം നാം ലോകത്തെ ആശ്രയിക്കരുത്.

ചില മുക്കുവത്തികള്‍ ഒരു നാള്‍ സന്ധ്യക്കു ചന്തയില്‍നിന്നു വീട്ടിലേക്കു മടങ്ങവേ, കൊടുങ്കാറ്റും മഴയും വന്നു. അവര്‍ വഴിയരികിലുള്ള ഒരു ധനികന്റെ ഗൃഹത്തില്‍ അഭയം തേടി. അയാള്‍ അവരെ ദയയോടെ സ്വീകരിച്ചു ഭക്ഷണം നല്‍കി. തന്റെ ഉദ്യാനമന്ദിരത്തില്‍ കിടക്കാനയച്ചു. അവിടെ പൂച്ചെടികള്‍ നിരന്നു നിന്നിരുന്നു. അവയിലെ സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. സ്ത്രീകള്‍ക്കു ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല. ഏതോ ഒന്നില്ലാഞ്ഞിട്ട് അവര്‍ക്കു ആ അന്തരീക്ഷം ഹിതമായില്ല. ഒടുവില്‍ ഒരുത്തി എഴുന്നേറ്റുചെന്നു മീന്‍കുട്ടകള്‍ എടുത്തുകൊണ്ടുവന്ന് അവര്‍ കിടന്നേടത്തുവെച്ചു. അങ്ങനെ നിത്യപരിചിതമായ മത്സ്യഗന്ധമേറ്റപ്പോള്‍ അവര്‍ക്കു വേഗത്തില്‍ ഉറക്കം വന്നു.

ഈ ലോകം നമ്മുടെ സുഖാനുഭവത്തിനാശ്രയിക്കേണ്ടുന്ന മീന്‍കുട്ടയാകാതിരിക്കട്ടെ. ഇതു കേവലം താമസികമാണ് ത്രിഗുണങ്ങളില്‍വെച്ച് ഏറ്റവും താഴത്തെ ഗുണത്തിനാല്‍ ബദ്ധം. ഇതിനേക്കാള്‍ ഉയര്‍ന്ന ഗുണമാണ് കര്‍മ്മോന്മുഖമായ രാജസം. സര്‍വ്വദാ ‘ഞാന്‍ ഞാന്‍’ എന്നുരുവിടുന്ന അഹന്തശാലികളാണ് രാജസന്മാര്‍. ചിലപ്പോള്‍ അവര്‍ സല്‍ക്കര്‍മ്മങ്ങളനുഷ്ഠിച്ച് അദ്ധ്യാത്മനിഷ്ഠരാകാറുണ്ട്. അന്തര്‍മുഖപ്രകൃതികളാണ് സാത്ത്വികന്മാര്‍, ഏറ്റവും ഉയര്‍ന്ന പടിയിലുള്ളവര്‍. അവര്‍ ആത്മാവില്‍മാത്രം രമിക്കുന്നു. ഈ മൂന്നു ഗുണങ്ങളും പല തോതില്‍ എല്ലാ മനുഷ്യരിലുമുണ്ട്. ഓരോരോ സമയത്ത് ഓരോന്നു പ്രബലീഭവിക്കുന്നു. തമസ്സിനെ രജസ്സുകൊണ്ടു കീഴടക്കാനും അനന്തരം രണ്ടിനെയും സത്തത്ത്വത്തില്‍ ആഴ്ത്താനും നാം യത്നിക്കണം.

സൃഷ്ടിയെന്നത് വസ്തുതകളെ നിര്‍മ്മിക്കുകയല്ല, അതു സാമ്യാവസ്ഥ വീണ്ടെടുക്കാനുള്ള യത്നമാണ്-ഒരു തൊട്ടിയിലെ വെള്ളത്തിനടിയില്‍ നിക്ഷേപിക്കപ്പെട്ട ക്ടേശപ്പെട്ടിയുടേതുപോലെ, ക്ടേശപ്പെട്ടി ഒറ്റയ്ക്കും കൂട്ടമായും വെള്ളത്തിന്റെ മുകള്‍പ്പരപ്പിലേക്കു കുതിക്കുന്നു. എല്ലാം മുകള്‍പ്പരപ്പിലെത്തി സാമ്യാവസ്ഥ പുനഃസ്ഥാപിക്കുന്നതോടെ ജീവിതം, അഥവാ ചലനം, എല്ലാം നിലയ്ക്കുന്നു. ഇതുപോലെയാണ് സൃഷ്ടിയുടെ സംഗതിയും. സാമ്യാവസ്ഥയിലെത്തിയാല്‍ എല്ലാ പരിവര്‍ത്തനവും നിലയ്ക്കും. ജീവിതമെന്നത് അവസാനിക്കുകയും ചെയ്യും. ജീവിതത്തില്‍ തിന്മയും അവശ്യം വേണം. എന്തെന്നാല്‍ സാമ്യാവസ്ഥ പുനര്‍ലബ്ധമാകുമ്പോള്‍ ലോകത്തിന്റെ പ്രവര്‍ത്തനം നില്‍ക്കാതെ തരമില്ല-കാരണം, ഏകരൂപത്വവും വിനാശവും ഒന്നുതന്നെ. ദുഃഖം കലരാത്ത സുഖമോ, തിന്മ കലരാത്ത നന്മയോ ഉണ്ടാവാന്‍ വയ്യ. എന്തെന്നാല്‍ ജീവിതമെന്നതു പൊയ്പോയ സാമ്യാവസ്ഥയാണ്. നമുക്കു വേണ്ടത് സ്വാതന്ത്യ്രമാണ്, ജീവിതമോ സുഖമോ നന്മയോ അല്ല. സൃഷ്ടി നിത്യമാണ്. ആരംഭമോ അവസാനമോ ഇല്ലാതെ അനന്തമായ ഒരു തടാകത്തില്‍ എന്നും നീങ്ങിക്കൊണ്ടിരിക്കുന്ന തരംഗം. തരംഗം ചെന്നെത്തിയിട്ടില്ലാത്ത അഗാധതകളുണ്ട്. ചിലേടത്തു നിശ്ചലത പുനഃസ്ഥാപിതമായിട്ടുണ്ട്. എന്നാല്‍ തരംഗം എക്കാലവും വിരാമമില്ലാതെ പുരോഗമിക്കുന്നു-സാമ്യാവസ്ഥ വീണ്ടെടുക്കാനുള്ള യത്നം എന്നും നടന്നുവരുന്നു. ജീവിതവും മരണവും ഒരേ വസ്തുതയുടെ ഭിന്നനാമങ്ങളാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍. ഇവ രണ്ടും മായയാണ്. ഒരു വശത്തു ജീവിക്കാനുള്ള ശ്രമവും ഒരു നിമിഷം കഴിഞ്ഞു മരണവും എന്ന അവ്യാഖ്യേയമായ അവസ്ഥ. ഇവയ്ക്കെല്ലാം അപ്പുറത്തത്രേ സത്യമായ ആത്മാവ്. നാം സൃഷ്ടിയില്‍ കടന്നുകൂടുന്നു. അപ്പോള്‍ മുതല്‍ സൃഷ്ടി നമുക്കു ജീവത്താകുന്നു. വസ്തുക്കള്‍ സ്വതവേ നിര്‍ജ്ജീവമാണ്. നാമാണ് അവയ്ക്കു ജീവന്‍ നല്‍കുന്നത്. എന്നിട്ട് നാം മടയന്മാരെപ്പോലെ തിരിഞ്ഞുനിന്നു ഒന്നുകില്‍ അവയെ ഭയപ്പെടുന്നു, അല്ലെങ്കില്‍ ആസ്വദിക്കുന്നു. ലോകം സത്യമോ അസത്യമോ അല്ല. അതു സത്യത്തിന്റെ നിഴലാണ്.

‘സങ്കല്‍പ്പം സത്യത്തിന്റെ പൊന്‍പൂശിയ നിഴലാണ്’ എന്ന് കവി പറയുന്നു. സത്യമായ ആന്തരജഗത്ത് ബാഹ്യജഗത്തിനെക്കാള്‍ പല മടങ്ങു മഹത്ത്വമുള്ളതാണ്. ബാഹ്യജഗത്ത്, സത്യമായതിന്റെ നിഴല്‍ പ്രായമായ ഒരു പ്രസര്‍ജ്ജനമത്രേ. നാം കയര്‍ കാണുമ്പോള്‍ സര്‍പ്പത്തെ കാണുന്നില്ല. സര്‍പ്പത്തെ കാണുമ്പോള്‍ കയറും കാണുന്നില്ല. രണ്ടും ഒരുമിച്ചു നിലനില്‍ക്കില്ല. അതിനാല്‍ നാം ഈ ലോകത്തെ കണ്ടിരിക്കെ, ആത്മാവിനെ അറിയില്ല. അതപ്പോള്‍ ബുദ്ധിപരമായ വെറും സങ്കല്‍പ്പംമാത്രം. ബ്രഹ്മസാക്ഷാല്‍ക്കാരത്തില്‍ വ്യക്തിപരമായ അഹന്തയും ലോകബോധവുംമറഞ്ഞു പോകും. പ്രകാശത്തിനു ഇരുട്ടറിഞ്ഞുകൂടാ. കാരണം പ്രകാശത്തില്‍ ഇരുട്ടിനു നില്‍ക്കാന്‍ വയ്യ. അതുകൊണ്ട് ബ്രഹ്മംമാത്രമാണ് സര്‍വ്വസ്വവും. നാം ഒരീശ്വരനെ അംഗീകരിക്കുമ്പോള്‍, അതു യഥാര്‍ത്ഥത്തില്‍ നമ്മുടെ ആത്മാവിനെത്തന്നെ പുറത്തെടുത്തുവെച്ച് ആരാധിക്കുകയാണ്. അതു എപ്പോഴും നമ്മുടെതന്നെ പരമാര്‍ത്ഥസത്തയത്രേ. അതല്ലാതെ മറ്റ് ഈശ്വരനില്ലതാനും. മൃഗത്തിന്റേതു പ്രകൃതം അതേപടിയില്‍ നില്‍ക്കുക എന്നതാണ്. മനുഷ്യന്റേതു നന്മയെ തേടുകയും തിന്മയെ ഒഴിക്കുകയുമാണ്. ഈശ്വരന്‍ വല്ലതിനേയും തേടുകയോ വല്ലതില്‍നിന്നു ഒഴിയുകയോ ചെയ്യുന്നില്ല എന്നും ആനന്ദമയനായി വര്‍ത്തിക്കുകമാത്രം ചെയ്യുന്നു. നാം ഈശ്വരന്മാരാവട്ടെ. നമ്മുടെ ഹൃദയത്തെ സമുദ്രത്തെപ്പോലെയാക്കിത്തീര്‍ക്കാം. ലോകത്തിലെ നിസ്സാരകാര്യങ്ങള്‍ക്കെല്ലാം അപ്പുറം കടന്ന് അതിനെ ചിത്രത്തെ എന്നപോലെ നോക്കിക്കാണാന്‍ ശ്രമിക്കാം. അപ്പോള്‍ ലോകത്താല്‍ ഒരു തരത്തിലും ബാധിക്കപ്പെടാതെ അതിനെ ആസ്വദിക്കാന്‍ കഴിയും. ഈ ലോകത്തില്‍ എന്തു ശ്രേയസ്സാണ് പ്രതീക്ഷിക്കാവുന്നത്? അവിടെ എന്തു കിട്ടാനിരിക്കുന്നു? അവിടെ നിന്നു കിട്ടാവുന്നതില്‍വെച്ച് ഉത്തമമായതുപോലും, ചെളിവെള്ളം തടംകെട്ടിക്കിടക്കുന്നിടത്തു കളിക്കുന്ന കുട്ടികള്‍ക്ക് കിട്ടിയ ഏതാനും പളങ്കുമണികള്‍പോലെയേ ഉള്ളൂ. അവര്‍ ആ പളുങ്കുമണികള്‍ വീണ്ടും കളയും. അവയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കേണ്ടിയും വരും. അനന്തശക്തിയാണ് മതവും ഈശ്വരനും. നാം മുക്തരെങ്കിലേ ആത്മാക്കളാവൂ. നാം മുക്തരെങ്കിലും അമൃതത്വമുള്ള ഈശ്വരനുണ്ട്. അവന്‍ സ്വതന്ത്രനെങ്കില്‍മാത്രം.

അഹന്താനിര്‍മ്മിതമായ ലോകത്തെ വെടിയുംവരെ നമുക്കു സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ സാധിക്കില്ല-ആര്‍ക്കുംമുമ്പു സാധിച്ചിട്ടില്ല. ആര്‍ക്കും ഇനി സാധിക്കയുമില്ല. ലോകത്തെ വെടിയുക എന്നുവെച്ചാല്‍ അഹന്തയെ നിശ്ശേഷം വിസ്മരിക്കയാണ്, അതിനെക്കുറിച്ചു ലേശവും ബോധവാനല്ലാതിരിക്കയാണ്, ശരീരത്തില്‍ വസിക്കുന്നുവെങ്കിലും ശരീരത്താല്‍ ഭരിക്കപ്പെടാതിരിക്കയാണ്. ഈ തെമ്മാടി അഹന്തയെ മായ്ച്ചുകളയേണ്ടിയിരിക്കുന്നു. മനുഷ്യസമുദായത്തെ സഹായിക്കാനുള്ള കഴിവ് സ്വന്തം വ്യക്തിത്വത്തെ നിശ്ശേഷം പിന്‍വലിച്ചു ജീവിക്കുകയും സ്നേഹിക്കുകയും മാത്രം ചെയ്യുന്ന മൌനികള്‍ക്കാണ്. അവര്‍ ‘ഞാനെ’ന്നോ ‘എന്റേതെ’ന്നോ പറയുന്നില്ല. മറ്റുള്ളവരെ സഹായിക്കുവാന്‍ ഉപകരണമാകുന്നതിലാണ് അവര്‍ ധന്യരാകുന്നത്. അവര്‍ ഈശ്വരനുമായി പൂര്‍ണ്ണസാത്മ്യം പ്രാപിച്ചിരിക്കുന്നു. അവര്‍ യാതൊന്നും അര്‍ത്ഥിക്കുന്നില്ല. തങ്ങള്‍ എന്തെങ്കിലും ചെയ്യുന്നു എന്ന ബോധവും അവര്‍ക്കില്ല. അവരാണ് ശരിയായ ജീവന്മുക്തര്‍, തികച്ചും സ്വാര്‍ത്ഥം വെടിഞ്ഞവര്‍, തങ്ങളുടെ ചെറുവ്യക്തിത്വത്തെ സമ്പൂര്‍ണ്ണം പറത്തിയവര്‍, ലൌകികമായ ഉല്‍ക്കര്‍ഷേച്ഛ ലേശവുമില്ലാത്തവര്‍, വ്യക്തിത്വം നശിച്ചു തത്ത്വം മാത്രമായിത്തീര്‍ന്നവര്‍. നാം ക്ഷുദ്രാഹന്തയെ എത്രമാത്രം താഴ്ത്തുന്നുവോ അത്രമാത്രം ഈശ്വരന്‍ നമ്മില്‍ പ്രവേശിക്കും. ക്ഷുദ്രാഹന്തയെ നമുക്കു നിര്‍മ്മാര്‍ജ്ജനം ചെയ്യാം. ബൃഹത്തായ അഹന്തമാത്രം നമ്മില്‍ ജീവിക്കട്ടെ. ‘ഞാനെ’ന്ന ചിന്ത ഉണ്ടാകാത്തപ്പോഴത്രേ നമ്മുടെ ഉത്തമമായ കര്‍മ്മവും നമ്മുടെ മഹത്തായ പ്രഭാവവും തൃഷ്ണാവിഹീനരാണ് മഹത്തായ ഫലങ്ങള്‍ ഉളവാക്കുന്നത്. മനുഷ്യര്‍ നിങ്ങളെ ശകാരിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുക. മിഥ്യാഹന്തയെ ചവുട്ടിത്തേയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ എന്തു നന്മയാണ് അവര്‍ നമുക്കു ചെയ്യുന്നതെന്നാലോചിക്കുക. യഥാര്‍ത്ഥ ആത്മാവിനെ മുറുകെ പിടിക്കുക. നിര്‍മ്മലവിചാരങ്ങള്‍മാത്രം വിചാരിക്കുക. എങ്കില്‍, ഒരു വെറും പ്രസംഗക്കാരെക്കാള്‍ കൂടുതല്‍ നേട്ടം നിങ്ങള്‍ക്കുണ്ടാവും. ശക്തിനിര്‍ഭരമായ വാക്ക്, പവിത്രതയില്‍നിന്നും മൌനത്തില്‍നിന്നുമാണ് ഉത്ഭവിക്കുന്നത്.