സ്വാമി വിവേകാനന്ദന്‍

ജ്ഞാനയോഗപ്രഭാഷണങ്ങള്‍
ആവിഷ്കരണം അപഭ്രംശമാണ്. എന്തെന്നാല്‍ ഭാവത്തെ പ്രകാശിപ്പിക്കാവുന്നത് ‘അക്ഷര(ശബ്ദ)ങ്ങളിലൂടെ മാത്രമാണ്-സെന്റ് പോള്‍ പറഞ്ഞതുപോലെ, ‘അക്ഷരം (ഭാവത്തെ) കൊല്ലുന്നു’. അക്ഷരത്തില്‍ ജീവനുണ്ടാവാന്‍ വയ്യ. അതു ഒരു പ്രതിച്ഛായമാത്രമാണ്. എന്നിരുന്നാലും തത്ത്വങ്ങളെ ജ്ഞാപനം ചെയ്യാന്‍ അവയെ ദ്രവ്യത്താല്‍ ആവരണം ചെയ്യണം. യഥാര്‍ത്ഥവസ്തുവിന്റെ ദര്‍ശനം ആവരണത്താല്‍ നഷ്ടപ്പെടുന്നു. ആവരണത്തെ പ്രതീകമായി കരുതുന്നതിനുപകരം സത്യവസ്തുവായി കരുതുകയും ചെയ്യുന്നു. ഇതു മിക്കവാറും സാര്‍വ്വത്രികമായ ഒരു തെറ്റാണ്. മഹാന്മാരായ എല്ലാ ആചാര്യന്മാര്‍ക്കും ഈ ഭവിഷ്യത്തിനെപ്പറ്റി ബോധമുണ്ട്. അതിനെ തടയാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യത്തെക്കാളേറെ ദൃശ്യങ്ങളെ ഉപാസിക്കുക എന്നതു മനുഷ്യസമുദായത്തിനു പൊതുവെയുള്ള ഒരു പ്രവണതയാണ്. അതുകൊണ്ടാണ് വ്യക്തിത്വത്തിനു പിന്നിലെ തത്ത്വത്തെ വീണ്ടും വീണ്ടും ചൂണ്ടിക്കാണിക്കാനും അതിന് അതാതു തത്ത്വത്തിനൊത്ത പുത്തനാവരണം നല്‍കാനും പ്രവാചകന്മാര്‍ പുറകേ പുറകേ ലോകത്തുണ്ടായിട്ടുള്ളത്. സത്യം എന്നും അഭേദമായി നിലകൊള്ളുന്നു. എന്നാല്‍ അതിനു ഒരു ‘രൂപം’ നല്‍കിയേ പ്രദര്‍ശിപ്പിക്കാനാവൂ. അതിനാല്‍ കാലംതോറും ഓരോ പുതുരൂപം നല്‍കപ്പെടുന്നു-അതായത് മനുഷ്യസമുദായത്തിന്റെ പുരോഗതി കൈക്കൊള്ളാന്‍ സജ്ജമായിരിക്കുന്നതിനൊത്ത പുതുരൂപങ്ങള്‍. നാം നാമരൂപങ്ങളില്‍നിന്നു മുക്തരാകുമ്പോള്‍, ഒരു ശരീരവിശേഷത്തിന്റെ-നല്ലതാകട്ടെ ചീത്തയാകട്ടെ. സ്ഥൂലമാകട്ടെ സൂക്ഷ്മമാകട്ടെ-ആവശ്യം നമുക്കില്ലാതാകുമ്പോള്‍, മാത്രമേ നാം ബദ്ധമുക്തരാകൂ. ‘നിത്യപുരോഗതി’ നിത്യബന്ധനമാകും. നാം എല്ലാ ഭേദകല്‍പ്പനകള്‍ക്കും അപ്പുറം കടന്നു നിത്യമായ അഭേദാവസ്ഥയെ പ്രാപിക്കേണ്ടിയിരിക്കുന്നു. ആത്മാവിലാണ് എല്ലാ വ്യക്തിത്വങ്ങളുടെയും ഏകീകരണം-അതു അവികാര്യവും അദ്വിതീയവുമത്രേ. അതു ജീവനല്ല. എങ്കിലും അതു ജീവരൂപത്തില്‍ വാര്‍ക്കപ്പെടുന്നു. അതു ജീവിതത്തിനും മരണത്തിനും നന്മയ്ക്കും തിന്മയ്ക്കും അതീതമാണ്. അതു കേവലമായ ഏകത്വമത്രേ. നരകയാതനയിലൂടെയും സത്യത്തെ ധീരമായി തേടുക. നാമരൂപങ്ങള്‍, ആപേക്ഷികസത്തകള്‍, ഒരിക്കലും സ്വതന്ത്രങ്ങളാകാവതല്ല. ‘ഞാന്‍ ഒരു രൂപമെന്നനിലയില്‍ സ്വതന്ത്രമാണ്’ എന്ന് ഒരു രൂപത്തിനും പറയാവതല്ല. രൂപാശയം പാടേ നശിക്കുംവരെ സ്വാതന്ത്യ്രം സിദ്ധിക്കില്ല. നമ്മുടെ സ്വാതന്ത്യ്രം മറ്റുള്ളവര്‍ക്കു ഹാനി ചെയ്യാനെങ്കില്‍ നാം സ്വതന്ത്രരല്ല. നാം മറ്റുള്ളവരെ പീഡിപ്പിക്കാന്‍ പാടില്ല. യഥാര്‍ത്ഥവേദന ഒന്നേയുള്ളൂ. എന്നാല്‍ ആപേക്ഷികവേദനകള്‍ അനേകങ്ങളാണ്. സര്‍വ്വജ്ഞാനത്തിന്റെ ഉറവിടം നാമോരോരുത്തനിലുമുണ്ട്-അത്യുന്നതനായ ദേവനിലെന്നപോലെ എറുമ്പിലും യഥാര്‍ത്ഥമതം ഒന്നുതന്നെ. കലഹങ്ങളെല്ലാം ബാഹ്യരൂപങ്ങളെയും പ്രതീകങ്ങളെയും ‘ദൃഷ്ടാന്തങ്ങളെ’യും സംബന്ധിച്ചാണ്. ‘സ്വര്‍ഗ്ഗീയയുഗം’, അതു കണ്ടെത്തുന്നവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഉണ്ട്. നമുക്കു നാം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം എന്നാല്‍ ലോകം നഷ്ടപ്പെട്ടിരിക്കുന്നു എന്നു നാം വാചിരിക്കുന്നു. ‘മൂഢാ, കേള്‍ക്കുന്നില്ലേ, സച്ചിദാനന്ദം സോഽഹം സോഽഹം എന്ന നിത്യസംഗീതം, നിന്റെ ഹൃദയത്തില്‍ത്തന്നെ രാപകല്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഒരു പ്രതിരൂപമില്ലാതെ ചിന്തിക്കാന്‍ ശ്രമിക്കുന്നത് അസാദ്ധ്യത്തെ സാദ്ധ്യമാക്കാനുള്ള ശ്രമമാണ്. ഓരോ ആശയത്തിനും രണ്ടംശമുണ്ട്-വിചാരവും വാക്കും. ഇവ രണ്ടും നമുക്കു വേണ്ടിയിരിക്കുന്നു. വിജ്ഞാനവാദികള്‍ക്കോ ഭൌതികവാദികള്‍ക്കോ ജഗത്തിനു സമാധാനം നല്‍കാന്‍ സാധിക്കില്ല. അതിലേക്ക്, വിചാരവും അതിന്റെ ആവിഷ്കരണവും രണ്ടും കൂടിയേ തീരൂ. നമ്മുടെ അറിവെല്ലാം യഥാര്‍ത്ഥവസ്തുവിന്റെ പ്രതിബിംബത്തെപ്പറ്റിയാണ്. നമുക്കു സ്വന്തം മുഖം കണ്ണാടിയില്‍ പ്രതിബിംബിപ്പിച്ചിട്ടേ കാണാന്‍ കഴിയുകയുള്ളല്ലോ. അതുപോലെ ആര്‍ക്കും സ്വസ്വരൂപത്തെ, ബ്രഹ്മത്തെ, അറിയാന്‍ കഴിയില്ല. എന്നാല്‍ ഓരോരുത്തനും ആ ബ്രഹ്മമാണ്. പക്ഷേ അതിനെ അറിവിനു വിഷയമാക്കുവാന്‍ പ്രതിബിംബിപ്പിച്ചു കാണേണ്ടിയിരിക്കുന്നു. ഇങ്ങനേ അദൃഷ്ടമായ തത്ത്വത്തിന്റെ ദൃഷ്ടാന്തങ്ങളെ കാണലാണ് വിഗ്രഹോപാസനയെന്നു സാമാന്യേന പറഞ്ഞുവരുന്നതിലേക്കു നയിക്കുന്നത്. വിഗ്രഹങ്ങളുടെ വ്യാപ്തി സാധാരണ ധരിക്കാറുള്ളതിലും വളരെ കൂടുതലാണ്. കല്ലും തടിയും മുതല്‍ യേശു, ബുദ്ധന്‍ മുതലായ മഹാവ്യക്തികള്‍വരെ അതിലുള്‍പ്പെടുന്നു. ഒരു സഗുണേശ്വരനെ എതിര്‍ത്തുകൊണ്ട് ബുദ്ധന്‍ ഇടവിടാതെ പ്രചരണം നടത്തിയതിന്‍ഫലമായിട്ടാണ് ഭാരതത്തില്‍ വിഗ്രങ്ങള്‍ നടപ്പിലായത്. വേദങ്ങളില്‍ അവ അറിയപ്പെട്ടിരുന്നില്ല. സ്രഷ്ടാവും ബ്രഹ്മാവും എന്ന നിലയില്‍ സഗുണേശ്വരന്‍ ഇല്ലാതായപ്പോള്‍ അതിന്റെ പ്രത്യാഘാതം മഹാന്മാരായ ആചാര്യന്മാരുടെ വിഗ്രഹങ്ങളെ നിര്‍മ്മിപ്പാനിടയാക്കി. ബുദ്ധന്‍ ആരാധനാവിഗ്രഹമായിത്തീര്‍ന്നു, അനേകലക്ഷം ജനങ്ങളാല്‍ ആരാധിക്കപ്പെടുകയും ചെയ്യുന്നു. വിപ്ളവാത്കമായ പരിഷ്കരണശ്രമങ്ങള്‍ എല്ലായ്പ്പോഴും ശരിയായ പരിഷ്കരണത്തെ വൈകിക്കുന്നു. ആരാധന മനുഷ്യഭാവത്തില്‍ നിസര്‍ഗ്ഗസിദ്ധമാണ്. അത്യുന്നതമായ തത്ത്വ ശാസ്ത്രത്തിന്നേ കേവലം അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യാനാവൂ. അതിനാല്‍ മനുഷ്യന്‍ എപ്പോഴും അവന്റെ ഈശ്വരനെ ആരാധനാര്‍ത്ഥം വ്യക്തിഗതനാക്കും. പ്രതീകത്തെ -അത് ഏതുതരവുമാകട്ടെ -അതായും അതിനുവേണ്ടിയും ആരാധിക്കാതെ, അതിന്റെ പിന്നിലുള്ള ഈശ്വരതത്തത്ത്വത്തിന്റെ പ്രതീകമാണെന്ന ബോധത്തോടെ ആരാധിക്കുന്നിടത്തോളംകാലം ഇതുവളരെ നല്ലതുതന്നെ. എല്ലാത്തിനും മേലെ ‘പുസ്തകങ്ങളില്‍ അങ്ങനെയുണ്ട്’ എന്ന അന്ധവിശ്വാസത്തില്‍ നിന്നു നാം മുക്തരാകണം. ഭൌതികശാസ്ത്രം, മതം, തത്ത്വശാസ്ത്രം ഇത്യാദി സകലതിനേയും വല്ല പുസ്തകത്തിലേയും ഉള്ളടക്കവുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമം നിഷ്ഠുരമായ ദുശ്ശാസനംതന്നെ. പുസ്തകാരാധനയത്രേ അധമതമമായ വിഗ്രഹാരാധന. ഒരു കാട്ടില്‍ സ്വതന്ത്രനും അഭിമാനിയുമായ ഒരു കലമാനുണ്ടായിരുന്നു. അവന്‍ തന്റെ മകനായ കുട്ടിമാനോടു വമ്പു ഭാവിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ നോക്ക്, എന്റെ ഈ കടുത്ത കൊമ്പുണ്ടല്ലോ, ഇതുകൊണ്ട് ഒറ്റക്കുത്തിന് ഒരു മനുഷ്യനെ കൊല്ലാന്‍ എനിക്കു കഴിയും. ഒരു കലമാനായി ജീവിക്കുകയെന്നത് ഒരു ഭാഗ്യവിശേഷംതന്നെ’. അടുത്തനിമിഷത്തില്‍ അകലെനിന്നു ഒരു നായാട്ടുകാരന്റെ കൊമ്പുവിളികേള്‍ക്കായി, ഉടനെ കലമാന്‍ ഓട്ടം പിടിച്ചു. ആശ്ചര്യപ്പെട്ടുകൊണ്ട് കുട്ടിമാനും പിന്നാലെ ഓടി. ഇരുവരും ഒരു സുരക്ഷിതസ്ഥാനത്തെത്തിയപ്പോള്‍ കുട്ടിമാന്‍ ചോദിച്ചു: ‘അച്ഛാ, അച്ഛന്‍ അത്ര ബലവാനും ധീരനുമായിരിക്കെ എന്തുകൊണ്ടാണ്, മനുഷ്യന്റെ മുമ്പില്‍നിന്ന് ഓടുന്നത്? കലമാന്‍ പറഞ്ഞു: ‘എന്റെ കുഞ്ഞേ, എനിക്കറിയാം. ഞാന്‍ ബലവാനും ധീരനുമാണെന്ന്. എന്നാല്‍ ആ കൊമ്പിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍, എന്തോ ഒന്ന് എന്നില്‍ ആവേശിക്കുന്നു. അത് ഞാനിച്ഛിച്ചാലും ഇല്ലെങ്കിലും എന്നെ ഓട്ടം പിടിപ്പിക്കുന്നു. ഇതുപോലെയാണ് നമ്മുടെ സ്ഥിതിയും. പുസ്തകങ്ങളില്‍ എഴുതിവെച്ച നിയമങ്ങളുടെ കൊമ്പുവിളി നാം കേള്‍ക്കുന്നു. ഉറച്ചുപോയ ശീലവും അന്ധവിശ്വാസവും നമ്മെ പിടികൂടി നാമറിയുംമുമ്പേ നമ്മെ കുറുകെക്കെട്ടി സ്വാതന്ത്യ്രമെന്ന നമ്മുടെ യഥാര്‍ത്ഥസ്വരൂപത്തെ വിസ്മരിപ്പിക്കുന്നു.

ജ്ഞാനം നിത്യമാണ്. ഒരു ആദ്ധ്യാത്മികസത്യം കണ്ടുപിടിക്കുന്നവനെ നാം ഋഷി എന്നു പറയുന്നു. അയാള്‍ ലോകത്തിനു നല്‍കുന്നതു വേദങ്ങളാകുന്നു. വേദാവിഷ്കരണവും (Recealed knowledge) നിത്യസാദ്ധ്യമത്രേ. അതിനാല്‍ നാം അതിനെ ഒടുക്കത്തേതായി ഉറപ്പിച്ച് അന്ധമായി പിന്തുടരാന്‍ പാടില്ല. ആ വേദാവിഷ്കരണത്തിനു തക്ക യോഗ്യത സമ്പാദിച്ച ഏവനിലും അതു വന്നു ചേരാം. തികവുറ്റ പവിത്രതയാണ് ഏറ്റവും അനുപേക്ഷണീയം. എന്തെന്നാല്‍ ഹൃദയശുദ്ധിയുള്ളവരേ ഈശ്വരനെ കാണൂ. മനുഷ്യനാണ് ജീവികളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠന്‍. ഈ ലോകമാണ് ലോകത്തില്‍വെച്ച് ഏറ്റവം മാഹാത്മ്യമുള്ളത്. കാരണം ഇവിടെവെച്ച് മനുഷ്യന് സ്വാതന്ത്യ്രം നേടാം. ഈശ്വരനെപ്പറ്റി നമുക്കുണ്ടാവുന്ന അത്യുന്നതസങ്കല്‍പ്പം മാനുഷികമാണ്. ഈശ്വരന്നു നാമാരോപിക്കുന്ന ഓരോ ധര്‍മ്മവും മനുഷ്യന്നുമുള്ളതാണ്. കുറഞ്ഞ അളവിലായിരിക്കുമെന്നുമാത്രം. അതിലും ഉയര്‍ന്നുചെന്നു നമുക്ക് ഈ ഈശ്വരസങ്കല്‍പ്പത്തിനു പുറത്തു കടക്കണമെങ്കില്‍, നാം ശരീരത്തെ അതിക്രമിക്കണം. മനസ്സിനേയും മനഃകല്‍പ്പനകളേയും കടന്നുചെന്ന് ഈ ലോകത്തെ പാടേ മറയത്തു തളളണം. കേവലവസ്തുവായി ഉയര്‍ന്നാല്‍പ്പിന്നെ നാം ലോകത്തിലല്ല. പിന്നെ വിഷയമില്ല. എല്ലാം വിഷയിമാത്രം. നമുക്കറിയാവുന്ന ഏകലോകത്തിന്റെ ഉച്ചകോടിയാണ് മനുഷ്യന്‍. സമത്വം, പരിപൂര്‍ണ്ണത പ്രാപിച്ചവരെ ‘ഈശ്വരനില്‍ വാഴുന്നവര്‍’എന്നു പറയുന്നു. എല്ലാത്തരം വിദ്വേഷവും ‘ആത്മാവിനെ ആത്മാവിനാല്‍ ഹനിക്കുക’യാണ്. അതുകൊണ്ട്, പ്രേമമാണ് ജീവിതനിയമം. ഈ അവസ്ഥയിലേക്കുയരുക എന്നുവെച്ചാല്‍ പൂര്‍ണ്ണത്വം പ്രാപിക്കയാണ്. എന്നാല്‍ നാം കൂടുതല്‍ പൂര്‍ണ്ണരായിവരുംതോറും നമ്മുടെ കര്‍മ്മാഭിമുഖ്യം കുറഞ്ഞുവരും. ഈ ലോകമത്രയും കേവലം ശിശുക്രീഡയാണെന്ന് സാത്ത്വികന്മാര്‍ മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ അവര്‍ അതിനെപ്പറ്റി ചിന്തിച്ചു ക്ളേശിക്കുന്നില്ല. രണ്ടു നായ്ക്കുട്ടികള്‍ തമ്മില്‍ കളിച്ചുപോരാടി അന്യോന്യം കടിയേല്‍ക്കുമ്പോള്‍ നാം ഉല്‍ക്കണ്ഠപ്പെടുന്നില്ല. അതൊരു ഗൌരവമുള്ള കാര്യമല്ലെന്നു നമുക്കറിയാം. പരിപൂര്‍ണ്ണത പ്രാപിച്ചവന് ഈ ലോകം മായയാണെന്നറിയാം. ജീവിതത്തെ ‘സംസാര’മെന്നു പറയുന്നു. നമ്മുടെമേല്‍ പ്രവര്‍ത്തിക്കുന്ന അന്യോന്യവിരുദ്ധശക്തികളുടെ ഫലമാണീ ജീവിതം. ‘സ്വാതന്ത്യ്രത്തിന്റെ ശബ്ദം ഒരു വ്യാമോഹമാണ്’എന്ന് ഭൌതികവാദം പറയുന്നു. ‘ബന്ധനത്തെപ്പറ്റിയുള്ള ശബ്ദം ഒരു സ്വപ്നംമാത്രമാണ്’ എന്ന് വിജ്ഞാനവാദം പറയുന്നു. വേദാന്തം പറയുന്നതോ, ‘നാം ഒരേ സമയത്തു സ്വതന്ത്രരുമാണ്, അസ്വതന്ത്രരുമാണ്’ എന്നത്രേ. അതിന്റെ അര്‍ത്ഥം നാം ലൌകികമേഖലയില്‍ സ്വതന്ത്രരല്ലെന്നും ആത്മ മണ്ഡലത്തിലാകട്ടെ എക്കാലവും സ്വതന്ത്രരാണെന്നുമാണ് ആത്മാവ് ബന്ധമോക്ഷങ്ങള്‍ രണ്ടിനും അതീതമാണ്.നാം ബ്രഹ്മം. നാം ഇന്ദ്രീയതീതമായ നിത്യജ്ഞാനം നാം കേവലാനന്ദം.