(1900-ാമാണ്ട് മാര്‍ച്ച് 20-നു സാന്‍ഫ്രാന്‍സിസ്കോവില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ കുറിപ്പുകള്‍)
ഇന്നത്തെ പ്രസംഗവിഷയം ‘മനുഷ്യ’നാണ്-അതായത് മനുഷ്യനെ പ്രകൃതിയില്‍നിന്നു വേര്‍തിരിച്ചുള്ള നിരീക്ഷണം. വളരെക്കാലത്തേയ്ക്കു പ്രകൃതി എന്ന പദം ബാഹ്യപ്രതിഭാസങ്ങളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഈ ബാഹ്യപ്രതിഭാസങ്ങള്‍ക്കു ചിട്ടയും ക്രമവുമുണ്ടെന്നു കാണപ്പെട്ടു. അവ മിക്കവാറും ഒരേ രീതിയില്‍ ആവര്‍ത്തിച്ചു. ഒരിക്കല്‍ സംഭവിച്ചതു വീണ്ടും സംഭവിച്ചു. ഒന്നും ഒരിക്കല്‍മാത്രമായി സംഭവിക്കുന്നില്ല. ഇതില്‍നിന്നു പ്രകൃതിയുടെ നടപടി ഏകരൂപമാണെന്ന നിഗമനത്തില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. ഈ ഐകരൂപ്യം പ്രകൃതിയെന്ന ആശയവുമായി സംബദ്ധമത്രേ. അതുകൂടാതെ പ്രകൃതിപ്രതിഭാസങ്ങളെ മനസ്സിലാക്കാനാവില്ല. നിയമമെന്നു നാം പറയുന്നതിന്റെ അടിസ്ഥാനം ഈ ഐകരൂപ്യമത്രേ.
ക്രമേണ പ്രകൃതിപദവും ഐകരൂപ്യാശയവും ആന്തരപ്രതിഭാസങ്ങളെ, ജീവിതത്തെയും മനസ്സിനെയും കുറിക്കാനും ഉപയോഗിച്ചു തുടങ്ങി. പൃഥഗ്ഭാവമുള്ളതു മുഴുവന്‍ പ്രകൃതിയാണ്. ചെടിയുടെ ഗുണവും ജന്തുവിന്റെ ഗുണവും മനുഷ്യന്റെ ഗുണവും പ്രകൃതിയാണ്. മനുഷ്യന്റെ ജീവിതം ക്ളിപ്തരീതികളെ അനുസരിക്കുന്നു. അവന്റെ മനസ്സും അതുപോലെതന്നെ. വിചാരങ്ങള്‍ ഒരു മുറയുമില്ലാതങ്ങനെ ഉത്ഭവിക്കുകയല്ല. അവയുടെ ഉത്ഭവത്തിനും നിലനില്‍പ്പിനും തിരോഭാവത്തിനും ഒരു നിയതരീതിയുണ്ട്. മറ്റുവിധത്തില്‍ പറഞ്ഞാല്‍, ബാഹ്യപ്രതിഭാസങ്ങള്‍ നിയമബദ്ധമായിരിക്കുംപോലെ ആന്തരപ്രതിഭാസങ്ങളും, അതായത് മനുഷ്യന്റെ ജീവിതവും മനസ്സും നിയമബദ്ധമാണ്.
മനുഷ്യന്റെ മനസ്സും ജീവിതവും നിയമബദ്ധമാണെന്ന വസ്തുത ആലോചിക്കുമ്പോള്‍, സ്വതന്ത്രേച്ഛയോ സ്വതന്ത്രജീവിതമോ ഉണ്ടാവാന്‍ വയ്യെന്നു വ്യക്തം. ജന്തുപ്രകൃതി മുഴുവനും നിയമബദ്ധമാണെന്നു നമുക്കറിയാം-മൃഗം വല്ലപ്പോഴും സ്വതന്ത്രേച്ഛ പ്രയോഗിക്കുന്നതായി തോന്നുന്നില്ല. മനുഷ്യനെസ്സംബന്ധിച്ചും അതാണ് പരമാര്‍ത്ഥം. മനുഷ്യപ്രകൃതിയും നിയമബദ്ധമത്രേ. മനുഷ്യമനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന നിയമത്തെ കര്‍മ്മനിയമമെന്നു പറയുന്നു.
ശൂന്യത്തില്‍നിന്നു വല്ലതും ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി ഇതേവരെ ആരും കണ്ടിട്ടില്ല. അതിനാല്‍, മനസ്സില്‍ വല്ലതും ഉത്ഭവിക്കുന്നെങ്കില്‍, അതും വല്ലതില്‍നിന്നും ഉണ്ടാകുന്നതാകണം. സ്വതന്ത്രേച്ഛയെന്നു പറയുമ്പോള്‍, ഇച്ഛയ്ക്കു മറ്റൊന്നു കാരണമായിട്ടില്ലെന്നാണല്ലോ നമ്മുടെ വിവക്ഷ. അതു ശരിയാകാന്‍ വയ്യ-ഇച്ഛ സനിമിത്തമാണ്. അതു സനിമിത്തമാകയാല്‍ സ്വതന്ത്രമാകാന്‍ വയ്യ. എന്നുവെച്ചാല്‍ നിയമബദ്ധമാകണം. ഞാന്‍ നിങ്ങളോടു സംസാരിക്കാനിച്ഛിക്കുന്നതും നിങ്ങള്‍ അതു കേള്‍ക്കാനിച്ഛിക്കുന്നതും നിയമവിധേയമായിട്ടാണ്. ഞാന്‍ ചെയ്യുന്നതും വിചാരിക്കുന്നതും എന്റെ നടപടിയുടേയും പെരുമാറ്റത്തിന്റേയും ഓരോ അംശവും എന്റെ ഓരോ ചലനവും, എല്ലാം സനിമിത്തമാണ്, സ്വതന്ത്രമല്ല. നമ്മുടെ ജീവിതമനസ്സുകളുടെ ഈ നിയമനം, ഇതത്രേ കര്‍മ്മനിയമം.
ഇത്തരമൊരു സിദ്ധാന്തം മുന്‍കാലങ്ങളിലെങ്ങാനും ഒരു പാശ്ചാത്യജനസമുദായത്തിനിടയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അതു വലിയൊരു കോളിളക്കം സൃഷ്ടിച്ചേനെ. തന്റെ മനസ്സു നിയമബദ്ധമാണെന്നു വിചാരിക്കുവാന്‍ പാശ്ചാത്യമനുഷ്യന്നിഷ്ടമില്ല. എന്നാല്‍ ഭാരതത്തിലെ അതിപുരാതനമായ തത്ത്വശാസ്ത്രസംഹിത അതവിടെ പ്രഖ്യാപനം ചെയ്തതോടെ ജനങ്ങളാല്‍ സ്വീകരിക്കപ്പെട്ടു. മനസ്സിന്റെ സ്വാതന്ത്യ്രം എന്നൊന്നില്ല. അതുണ്ടാകാന്‍ വയ്യ. ഈ സിദ്ധാന്താവിഷ്കരണം ഭാരതീയ മനസ്സിനെ വിക്ഷോഭിപ്പിക്കാത്തതെന്തുകൊണ്ട്? ഭാരതീയര്‍ അതു പ്രശാന്തചിത്തരായി സ്വീകരിച്ചു. അതാണ് ഭാരതീയചിന്താവൈശിഷ്ട്യം-ഇക്കാര്യത്തില്‍ അതു ലോകത്തിലെ മറ്റെവിടത്തെ ചിന്തയില്‍നിന്നും വ്യത്യസ്തമാണ്.
ബാഹ്യപ്രകൃതിയും ആന്തരപ്രകൃതിയും രണ്ടു ഭിന്നലോകങ്ങളല്ല. അവ യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. എല്ലാത്തരം പ്രതിഭാസങ്ങളുടെയും ആകെത്തുകയാണ് പ്രകൃതി, പ്രകൃതിയെന്നാല്‍ ഉള്ളതുമുഴുവന്‍. ചലനമുള്ളതു മുഴുവന്‍, എന്നര്‍ത്ഥം. ദ്രവ്യവും മനസ്സും തമ്മില്‍ വലിയ വ്യത്യാസം നാം കല്‍പ്പിക്കുന്നു. മനസ്സ് ദ്രവ്യത്തില്‍നിന്നു പാടേ ഭിന്നമാണെന്നു നാം വിചാരിക്കുന്നു. വാസ്തവത്തില്‍ അവ രണ്ടും ഒരേ ഉപാദാനമത്രേ. അതിന്റെ ഒരര്‍ദ്ധം മറ്റേ അര്‍ദ്ധത്തിന്മേല്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദ്രവ്യം നാനാതരം ഇന്ദ്രിയസംവേദനങ്ങളുടെ രൂപത്തില്‍ മനസ്സിന്റെ മേല്‍ സമര്‍ദ്ദം നടത്തിപ്പോരുന്നു. ഈ സംവേദനങ്ങള്‍ ശക്തിയുടെ വകഭേദങ്ങളല്ലാതെ മറ്റൊന്നുമല്ല. പുറത്തുനിന്നു വരുന്ന ശക്തി അകത്തെ ശക്തിയെ തട്ടിയുണര്‍ത്തുന്നു. ബാഹ്യശക്തിയെ അനുവര്‍ത്തിക്കാനോ ഒഴിയുവാനോ ഉള്ള ഇച്ഛാപ്രകടനത്തിന്റെ ഫലമായി ആന്തരശക്തി വിചാരരൂപത്തില്‍ പരിണമിക്കുന്നു.
ദ്രവ്യവും മനസ്സും യഥാര്‍ത്ഥത്തില്‍ ശക്തികളല്ലാതെ മറ്റൊന്നുമല്ല, അപഗ്രഥനത്തെ വേണ്ടത്ര മുന്നോട്ടു കൊണ്ടുപോകാമെങ്കില്‍, മൌലികമായി അവ ഒന്നാണെന്നു കാണാം. ബാഹ്യശക്തിക്കു ആന്തരശക്തിയെ എങ്ങനെയോ ഉണര്‍ത്താന്‍ കഴിയുന്നുണ്ടെന്നതുതന്നെ അവ തമ്മില്‍ എവിടെയോ ചേരുന്നുവെന്നു കാണിക്കുന്നു. അവയ്ക്കു പൊതുവില്‍ നൈരന്തര്യമുണ്ടാകണം. അതിനാല്‍ അടിസ്ഥാനപരമായി രണ്ടും ഒരേ ശക്തിയായിരിക്കയും വേണം. നിങ്ങള്‍ വസ്തുക്കളുടെ മൂലത്തിലേക്ക് ചെല്ലുമ്പോള്‍, അവ ലഘുവും സാധാരണവുമായിത്തീരുന്നു. ഒരേ ശക്തി ഒരു രൂപത്തില്‍ ദ്രവ്യമായും മറ്റൊരു രൂപത്തില്‍ മനസ്സായും പ്രത്യക്ഷപ്പെടുന്നതുകൊണ്ട് അവ വെവ്വേറെ വസ്തുക്കളാണെന്നു വിചാരിക്കാന്‍ ന്യായമില്ല. മനസ്സു ദ്രവ്യമായും ദ്രവ്യം മനസ്സായും മാറുന്നു. ചിന്താശക്തി സിരാശക്തിയായും പേശിശക്തിയായും മാറുന്നു. മറിച്ച് സിരാശക്തിയും പേശീശക്തിയും ചിന്താശക്തിയായും തീരുന്നു. ഈ ശക്തിയെല്ലാം ദ്രവ്യമായോ മനസ്സായോ പ്രകടമായാലും പ്രകൃതിയത്രേ.
സ്ഥൂലതരമായ ദ്രവ്യവും സൂക്ഷ്മതരമായ മനസ്സും തമ്മിലുള്ള വ്യത്യാസം താരതമ്യംമാത്രം. അതിനാല്‍, ഈ പ്രപഞ്ചത്തെയാകെ ഒന്നുകില്‍ മനസ്സെന്നോ അല്ലെങ്കില്‍ ദ്രവ്യമെന്നോ വിളിക്കാം. ഏതു വിളിച്ചാലും കുഴപ്പമില്ല. സൂക്ഷ്മീകരിച്ച ദ്രവ്യമെന്ന് മനസ്സിനെപ്പറ്റിയും സ്ഥൂലീകരിച്ച മനസ്സെന്നു ദ്രവ്യത്തെപ്പറ്റിയും പറയാം-ഏതിനെ ഏതു പേരില്‍ വിളിക്കുന്നു എന്നുള്ളത് സാരമായ ഒരു വ്യത്യാസവും ഉളവാക്കുന്നില്ല. ഭൌതികതയും ആദ്ധ്യാത്മികതയും തമ്മിലുള്ള സംഘട്ടനത്തില്‍നിന്നുളവാകുന്ന ശല്യങ്ങള്‍ക്കെല്ലാം നിദാനം തെറ്റായ ചിന്തയാണ്. യഥാര്‍ത്ഥത്തില്‍ അവ തമ്മില്‍ വ്യത്യാസമില്ല. ഞാനും ഏറ്റവും ഹീനനായ സൂകര മൃഗവും തമ്മില്‍ താരതമ്യമേ ഉള്ളൂ-സൂകരത്തില്‍ ചൈതന്യം എന്നിലോളം അഭിവ്യക്തമായിട്ടില്ലെന്നു വ്യത്യാസം. ചിലപ്പോള്‍ ഞാനതിനെക്കാള്‍ മോശവും അതു എന്നെക്കാള്‍ മെച്ചവുമാകാം.
ആദ്യമുണ്ടായതു മനസ്സോ ദ്രവ്യമോ എന്ന വാദപ്രതിവാദം നിഷ്പ്രയോജനമാണ്. മനസ്സാണോ ആദ്യം-അതില്‍നിന്നു ദ്രവ്യം ഉത്ഭവിച്ചതാണോ? അതോ ദ്രവ്യമാണോ ആദ്യമുണ്ടായത്-അതില്‍നിന്നു മനസ്സുത്ഭവിച്ചതാണോ? തത്ത്വശാസ്ത്രപരമായ ഒട്ടധികം വാദപ്രതിവാദങ്ങള്‍ ഈ വ്യര്‍ത്ഥപ്രശ്നങ്ങളില്‍നിന്നുദ്ഭവിക്കുന്നതാണ്. മുട്ടയോ കോഴിയോ ആദ്യമുണ്ടായത് എന്നു ചോദിക്കുംപോലെയാണിത്. രണ്ടും ആദ്യമാണ്, രണ്ടും ഒടുവിലുമാണ്-മനസ്സും ദ്രവ്യവും ദ്രവ്യമാണ് ആദ്യമെന്നും ദ്രവ്യം മേല്‍ക്കുമേല്‍ സൂക്ഷീഭവിച്ച് ഒടുവില്‍ മനസ്സാകുന്നുവെന്നു ഞാന്‍ പറഞ്ഞാല്‍ ദ്രവ്യത്തിനുമുമ്പു മനസ്സുണ്ടായിരുന്നിരിക്കണമെന്ന് എനിക്കു സമ്മതിക്കേണ്ടിവരുന്നു. അല്ലെങ്കില്‍ ദ്രവ്യം എവിടെനിന്നുണ്ടായി? മനസ്സിനുമുമ്പേ ദ്രവ്യവും ദ്രവ്യത്തിനുമുമ്പേ മനസ്സുമുണ്ട്. ഇതു തികച്ചും കോഴിയോ മുട്ടയോ ആദ്യം എന്ന പ്രശ്നംതന്നെ.
സമസ്തപ്രകൃതിയും നിമിത്തനിയമബദ്ധമായിരിക്കുന്നു. ദേശകാലങ്ങളില്‍ വര്‍ത്തിക്കയും ചെയ്യുന്നു, ദേശത്തിനു വെളിയില്‍ ഒന്നും നമുക്കു കാണാന്‍ വയ്യ. എങ്കിലും നാം ദേശത്തെ അറിയുന്നില്ല. കാലത്തിനുവെളിയില്‍ ഒരനുഭൂതിയും നമുക്കു സാദ്ധ്യമല്ല. എങ്കിലും നാം കാലത്തെ അറിയുന്നില്ല. സനിമിത്തഭാഷയിലല്ലാതെ ഒന്നിനേയും നമുക്കു മനസ്സിലാക്കാന്‍ വയ്യ. എങ്കിലും സനിമിത്തത എന്തെന്ന് നമുക്കറിഞ്ഞുകൂടാ. ഈ മൂന്നും-ദേശവും കാലവും നിമിത്തവും-എല്ലാ പ്രതിഭാസങ്ങളിലുമുണ്ട്, എന്നാല്‍, അവ പ്രതിഭാസങ്ങളല്ല. ഏതൊന്നും നമുക്കു ഗ്രഹിക്കാറാകണമെങ്കില്‍ ഈ ദേശകാലനിമിത്തങ്ങളാകുന്ന മൂശകളുടെ രൂപത്തില്‍-എന്നു പറയട്ടെ-വാര്‍ത്തെടുക്കപ്പെടണം-സത്തയോടു ദേശകാലനിമിത്തങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ദ്രവ്യം. മനസ്സും സത്തയോടു ദേശകാലനിമിത്തങ്ങള്‍കൂടിച്ചേര്‍ന്നതാണ്.
ഇതു മറ്റൊരുവിധത്തിലും പ്രതിപാദിക്കാം. ഏതൊന്നും ആ വസ്തുവും നാമരൂപങ്ങളും ചേര്‍ന്നതാണ് നാമരൂപങ്ങള്‍ വന്നുംപോയുമിരിക്കുന്നു. വസ്തുവോ എന്നും അഭേദമായി വര്‍ത്തിക്കുന്നു. ഈ ജലപാത്രം വസ്തുവും നാമരൂപങ്ങളും ചേര്‍ന്നുണ്ടായതാണ്. അതുടഞ്ഞാല്‍ പിന്നെ നിങ്ങള്‍ അതിനെ ജലപാത്രമെന്നു വിളിക്കില്ല. ജലപാത്രത്തിന്റെ രൂപവും മേലാല്‍ കാണാനില്ല. അതിന്റെ നാമരൂപങ്ങള്‍ പോയി. വസ്തു ശേഷിക്കുന്നു. വസ്തുവിലെ ഭേദങ്ങളെല്ലാം നാമരൂപങ്ങളാണുണ്ടാകുന്നത്. നാമരൂപങ്ങള്‍ക്കു പരമാര്‍ത്ഥസത്തയില്ല. എന്തെന്നാല്‍ അവ തിരോഭവിക്കുന്നു. നാം പ്രകൃതിയെന്നു പറയുന്നതു വസ്തുവല്ല. വസ്തു അവികാര്യവും അവിനാശിയുമാണ്. പ്രകൃതി ദേശകാലനിമിത്തങ്ങളാണ്, പ്രകൃതി നാമരൂപങ്ങളാണ്. പ്രകൃതി മായയമാണ്. മായയെന്നുവെച്ചാല്‍ നാമരൂപങ്ങളെന്നര്‍ത്ഥം ഏതൊന്നും ആ രണ്ടുപാധികളില്‍ വാര്‍ത്തെടുക്കപ്പെടുന്നു. മായയ്ക്കു പരമാര്‍ത്ഥസത്തയില്ല. ഉണ്ടായിരുന്നെങ്കില്‍ നമുക്കതിനെ ഇല്ലാതാക്കാനോ മാറ്റുവാനോ കഴിയാഞ്ഞേനേ, വസ്തു ബ്രഹ്മവും മായ പ്രപഞ്ചവുമാണ്. യാതൊന്നിനും നശിപ്പിക്കാന്‍ കഴിവില്ലാത്തപരമാര്‍ത്ഥം-‘അഹം’ എന്നിലുണ്ട്.അനവരതം മാറിക്കൊണ്ടിരിക്കയും അപ്രത്യക്ഷമാകയും ചെയ്യുന്ന പ്രാതിഭാസിക-‘അഹ’വും അവിടെയുണ്ട്.
വാസ്തവമിതാണ്. ഏതൊരു വസ്തുവിനും രണ്ടു ഭാവമുണ്ട്. ഒന്ന് അപ്രാതിഭാസികവും അവികാര്യവും അവിനാശിയും. മറ്റേതു പ്രാതിഭാസികവും വികാര്യവും വിനാശിയും. മനുഷ്യന്‍ അവന്റെ പരമാര്‍ത്ഥഭാവത്തില്‍ വസ്തുവാണ്. ആത്മാവാണ്. ചൈതന്യമാണ്. ഈ ആത്മാവ് ഒരിക്കലും മാറ്റങ്ങള്‍ക്കധീനമല്ല. ഒരിക്കലും നശിപ്പിക്കപ്പെടാവുന്നതുമല്ല. എന്നാല്‍ അതു ഒരു രൂപാവരണം ധരിച്ചതായും ഒരു നാമം കൈക്കൊണ്ടതായും തോന്നപ്പെടുന്നു. ഈ രൂപവും നാമവും അവികാര്യമോ അവിനാശിയോ അല്ല. അവ നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടും നശിച്ചുകൊണ്ടുമിരിക്കുന്നു. എന്നിട്ടും മനുഷ്യന്‍ മൂഢമായി ഈ വികാര്യഭാവത്തില്‍, ഈ ശരീരത്തിലും മനസ്സിലും അമൃതത്വം തേടുന്നു. ഒരു നിത്യശരീരം കിട്ടാനഭിലഷിക്കുന്നു. അത്തരമൊരമൃതത്വം എനിക്കു വേണ്ടാ.
എനിക്കും പ്രകൃതിക്കും തമ്മില്‍ ബന്ധമെന്ത്? പ്രകൃതി നാമരൂപങ്ങളും ദേശകാലനിമിത്തങ്ങളെ, പ്രതിനിധാനം ചെയ്യുന്നിടത്തോളം ഞാന്‍ പ്രകൃതിയുടെ ഒരംശമല്ല. എന്തെന്നാല്‍ ഞാന്‍ സ്വതന്ത്രനും നിത്യനും അവികാര്യനും അനന്തനുമാണ്. എനിക്കു സ്വതന്ത്രേച്ഛയുണ്ടോ എന്ന പ്രശ്നം ഉദിക്കുന്നില്ല. കാരണം ഞാന്‍ ഇച്ഛയ്ക്കും അതീതനാണ്. ഇച്ഛ എവിടെയുണ്ടായാലും അത് ഒരിക്കലും സ്വതന്ത്രമല്ല. ഇച്ഛാസ്വാതന്ത്യ്രം എന്നൊന്നില്ല. നാമരൂപങ്ങള്‍ക്കധീനമാകുമ്പോള്‍ ഇച്ഛയായിത്തീര്‍ന്ന് അവയുടെ അടിമയാകപ്പെടുന്നതേതോ അതു സ്വതന്ത്രമാണ്. ആത്മാവെന്ന ആ കേവലവസ്തു സ്വയം ആകാരംകൊള്ളുന്നു. അഥവാ നാമരൂപങ്ങളാകുന്ന മൂശയില്‍ സ്വയം വീഴുന്നു, എന്നതുപോലെ കാണപ്പെടുന്നു. തന്നിമിത്തം മുമ്പു സ്വതന്ത്രമായിരുന്ന അതു ഉടനടി ബദ്ധമാകുകയും ചെയ്യുന്നു. എങ്കിലും അതിന്റെ പൂര്‍വ്വസ്വഭാവം എപ്പോഴും അവിടെയുണ്ട്. ‘ഞാന്‍ സ്വതന്ത്രനാണ്, ഈ ബന്ധനങ്ങളെല്ലാമുണ്ടെങ്കിലും ഞാന്‍ സ്വതന്ത്രനാണ്’ എന്നിങ്ങനെ അതു സദാ മന്ത്രിക്കുന്നതും അതുകൊണ്ടത്രേ ഈ സ്വഭാവം അതൊരിക്കലും വിസ്മരിക്കുന്നില്ല.
ആത്മാവ് ഇച്ഛയായതിനുശേഷമാകട്ടെ അതു യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമല്ല. പ്രകൃതി ചരടു വലിക്കുന്നതിനൊത്ത് അതു തുള്ളുകയോ കൂത്താടുകയോ ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ നിങ്ങളും ഞാനും അനവധി വത്സരങ്ങളായി കൂത്താടിവരികയാണ്. നാം കാണുന്നതും ചെയ്യുന്നതും വിചാരിക്കുന്നതും അറിയുന്നതുമെല്ലാം നമ്മുടെ സകലവിചാരങ്ങളും പ്രവൃത്തികളും, പ്രകൃതിയുടെ ആജ്ഞയ്ക്കൊത്തുള്ള കൂത്താട്ടമല്ലാതെ മറ്റൊന്നുമല്ല. ഇവയിലൊന്നിലും സ്വതന്ത്രമില്ലായിരുന്നു, ഇല്ലതാനും. ഏറ്റവും അധമംമുതല്‍ ഉത്തമംവരെ എല്ലാ പാപങ്ങളും പ്രവൃത്തികളും നിയമബദ്ധമാണ്. അവയൊന്നും നമ്മുടെ യഥാര്‍ത്ഥസ്വരൂപത്തെ സംബന്ധിക്കുന്നതുമല്ല.
എന്റെ യഥാര്‍ത്ഥസ്വരൂപം സകലനിയമാതീതമാണ്.പ്രകൃതിയുമായി, അടിമത്തവുമായി, സ്വരച്ചേര്‍ച്ചയില്‍ കഴിയുക-അപ്പോള്‍ നിങ്ങള്‍ നിയമത്തിനു വഴങ്ങി ജീവിക്കുന്നു. നിയമത്തിന്‍ കീഴില്‍ നിങ്ങള്‍ക്കു സൌഖ്യമാണെന്നും തോന്നുന്നു. എന്നാല്‍ നിങ്ങള്‍ പ്രകൃതിയേയും അതിന്റെ ആജ്ഞകളേയും എത്രയേറെ അനുസരിക്കുന്നുവോ അത്രയേറെ ബദ്ധനാകുന്നു. നിങ്ങള്‍ അവിദ്യയുമായി എത്രയേറെ സ്വരൈക്യത്തിലിരിക്കുന്നുവോ അത്രയേറെ പ്രപഞ്ചത്തിലുള്ള സകലവസ്തുക്കളുടെയും ചൊല്‍പ്പടിയില്‍ നില്‍ക്കുന്നു. പ്രകൃതിയുമായുള്ള ഈ സാമരസ്യം, ഈ നീയമാധീനത, മനുഷ്യന്റെ പരമാര്‍ത്ഥഭാവത്തിനും അന്തിമലക്ഷ്യത്തിനും പൊരുത്തപ്പെട്ടതാണോ? വല്ല ധാതു (ലോഹ)ദ്രവ്യവും വല്ല നിയമത്തോടും എന്നെങ്കിലും പിണക്കമോ പ്രതിഷേധമോ പ്രകടിപ്പിച്ചിട്ടുണ്ടോ? വല്ല വൃക്ഷമോ ചെടിയോ വല്ല നിയമത്തെയും എന്നെങ്കിലും ചെറുത്തിട്ടുണ്ടോ? ഈ മേശ പ്രകൃതിയുമായി നിയമവുമായി തികച്ചും രഞ്ജിപ്പിലാണ്. എന്നാല്‍ എന്നും അതു മേശയായിത്തന്നെ ഇരിക്കുന്നു. അതിനേക്കാള്‍ ഒട്ടും ശ്രേഷ്ഠമായ ഒന്നാകുന്നില്ല. മനുഷ്യനോ ക്ളേശം സഹിച്ചു പ്രകൃതിക്കെതിരായി സമരത്തിനൊരുമ്പെടുന്നു. അവന്‍ പല തെറ്റുകള്‍ വരുത്തുകയും തല്‍ഫലമായി കഷ്ടാരിഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒടുക്കം അവന്‍ പ്രകൃതിയെ ജയിച്ച് തന്റെ സ്വാതന്ത്യ്രം അനുഭവിക്കുന്നു. പ്രകൃതി സ്വതന്ത്രമായ മനുഷ്യന്റെ അടിമയാകുന്നു.
ജീവന്‍ അതിന്റെ അടിമത്തം ബോധപ്പെട്ട് എഴുന്നേറ്റ് സ്വാതന്ത്യ്രം പ്രകടിപ്പിക്കാന്‍ യത്നിക്കുന്നതിനെയത്രേ ജീവിതമെന്നു പറയുന്നത്. ഈ യത്നത്തിലുള്ള വിഷയത്തെ ‘പരിണാമം’ എന്നു പറയുന്നു. അടിമത്തത്തെ പാടെ അകറ്റുന്ന അന്തിമമഹാവിജയത്തിനു നിര്‍വ്വാണം, മുക്തി, സ്വാതന്ത്യ്രം എന്നെല്ലാം പറയുന്നു. ജഗത്തിലുള്ള സകലവസ്തുക്കളും സ്വാതന്ത്യ്രാര്‍ത്ഥം യത്നംചെയ്യുകയാണ്. ഞാന്‍ പ്രകൃതിബദ്ധനായിരിക്കെ, നാമരൂപങ്ങളാലും ദേശകാലനിമിത്തങ്ങളാലും ബദ്ധനായിരിക്കെ എന്റെ യഥാര്‍ത്ഥസ്വരൂപം എനിക്കറിവില്ല. എന്നാല്‍ ഈ അടിമത്തത്തിലും എന്റെ യഥാര്‍ത്ഥഭാവം മുഴുവനും തിരോഭവിച്ചിട്ടില്ല. ബന്ധനങ്ങളെ പൊട്ടിക്കാന്‍ ഞാന്‍ കരുത്തോടെ ആയാസപ്പെടുന്നു. അവ ഓരോന്നായി പൊട്ടി വീഴുകയും എന്റെ ആന്തരമഹിമയെ ഞാനറികയും ചെയ്യുന്നു. ഇതിനെ തുടര്‍ന്നു പരിപൂര്‍ണ്ണമുക്തിയുണ്ടാകുന്നു. എന്റെ യഥാര്‍ത്ഥസ്വരൂപത്തെക്കുറിച്ചു വ്യക്തതരവും പൂര്‍ണ്ണതരവുമായ ബോധം എനിക്കു കൈവരുന്നു. ഞാന്‍ പ്രകൃതിയുടെ നാഥനായ അനന്താത്മാവാണെന്നും അതിന്റെ അടിമയല്ലെന്നും അറിയുന്നു. സകല ഭേദകല്‍പ്പനകള്‍ക്കും സംഘാതങ്ങള്‍ക്കും അപ്പുറം, ദേശകാലനിമിത്തങ്ങള്‍ക്കപ്പുറം ഹംസഃ സോഽഹം*.