ഇംഗ്ലണ്ടില്‍ റിഡ്ജ്‌വേ ഗാര്‍ഡന്‍സില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍
വസ്തുക്കളുടെ സ്ഥൂലവും ബാഹ്യവുമായ ഭാവംമാത്രം കാണുന്നവര്‍ ഭാരതീയരെ, വിദേശദാസ്യത്തിലാണ്ടു കഷ്ടപ്പെടുന്ന ഒരു ജനതയായി, സ്വപ്നദര്‍ശികളും തത്ത്വചിന്തകരുമായ ഒരു ജനസഞ്ചയമായി, മാത്രമേ കാണാനിടയുള്ളു. ആദ്ധ്യാത്മിക മണ്ഡലത്തില്‍ ഭാരതം ഇതരലോകത്തെ വെല്ലുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കാന്‍ അവര്‍ അശക്തരായി കാണപ്പെടുന്നു. അത്യധികം കര്‍മ്മപരരായ പാശ്ചാത്യരുടെ പ്രകൃത്തില്‍ പൌരസ്ത്യരുടെ ധ്യാനാത്മകത്വവും ചിന്താശീലവും അല്പം കലരുന്നതു നന്നെന്നുള്ളതുപോലെ, പൌരസ്ത്യര്‍ക്കും പാശ്ചാത്യരുടെ കര്‍മ്മൌത്സുക്യവും ഊര്‍ജ്ജസ്വലതയും കുറച്ചുകൂടി ഉണ്ടായിരുന്നാല്‍ നന്നെന്നുള്ളതു വാസ്തവമാണ്, സംശയമില്ല. എങ്കിലും മറ്റു ജനസമുദായങ്ങള്‍ നശിക്കുമ്പോള്‍ പീഡിതരും ദുഃഖിതരുമായ ഈ ജനത, ഹിന്ദുക്കളും അതോടൊപ്പം യഹൂദന്മാരും (ലോകത്തിലെ വലിയ മതങ്ങള്‍ക്കെല്ലാം ജന്മം നല്‍കിയിട്ടുള്ളത് ഈ രണ്ടു ജനവര്‍ഗ്ഗങ്ങളാണ്) മാത്രം ഇന്നും ജീവിക്കുന്നതിനു ഹേതുവായ ശക്തി ഏതാണെന്നു നാം ചോദിക്കേണ്ടതാണ്. ഇതിനു ഹേതു അവരുടെ ആത്മീയശക്തി മാത്രമാകാനേ തരമുള്ളു. ഹിന്ദുക്കള്‍ ഒച്ചപ്പാടുണ്ടാക്കാതെയാണെങ്കിലും ഇന്നും ജീവിക്കുന്നു. യഹൂദന്മാരും പലസ്തിനില്‍ താമസിച്ചിരുന്ന കാലത്തേക്കാള്‍ എണ്ണത്തില്‍ പെരുകിയിട്ടുണ്ട്. ഭാരതീയതത്ത്വചിന്തകള്‍ നാഗരികലോകത്തിന്റെ സര്‍വ്വഭാഗങ്ങളിലേക്കും, അതാതു നാഗരികതയ്ക്കും രൂപഭേദംവരുത്തിക്കൊണ്ടു വ്യാപിക്കുന്നു. അതുപോലെ, യൂറോപ്പുഭൂഖണ്ഡം അറിയപ്പെടുന്നതിനുമുമ്പു വളരെ പുരാതനകാലത്തുതന്നെ, ഭാരതം ആഫ്രിക്കയുമായി കച്ചവടത്തിലേര്‍പ്പെടുകയും ലോകത്തിന്റെ ഇതരഭാഗങ്ങളുമായി ഗതാഗതസമ്പര്‍ക്കങ്ങളാരംഭിക്കുകയും ചെയ്തിരുന്നു. ഭാരതീയര്‍ ഒരിക്കലും സ്വരാജ്യത്തിനു വെളിയില്‍ പോയിരുന്നില്ല. എന്നധാരണ കഴമ്പില്ലാത്തതാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
കൂടാതെ ഏതെങ്കിലും വിദേശശക്തി ഭാരതത്തെ കൈവശപ്പെടുത്തിയ കാലഘട്ടം എല്ലായ്പ്പോഴും ആ വിദേശരാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നിട്ടുമുണ്ട്. എന്തെന്നാല്‍, ഐശ്വര്യവും സമൃദ്ധിയും ദേശാധിപത്യവും മാത്രമല്ല ആദ്ധ്യാത്മികാശയങ്ങള്‍കൂടി ഭാരതത്തില്‍നിന്നു ആ രാജ്യത്തിന് അപ്പോള്‍ ലഭിച്ചിരുന്നു. പാശ്ചാത്യര്‍ എത്ര കൂടുതല്‍ ഭൌതികവസ്തുക്കളും ഭൌതികസുഖങ്ങളും സമ്പാദിക്കാനൊക്കുമെന്നു ശ്രമിക്കുമ്പോള്‍, പൌരസ്ത്യര്‍ അതിനു നേരേ വിപരീതമായി, എത്ര കുറച്ചു ഭൌതികവസ്തുക്കള്‍ക്കൊണ്ടു ജീവിക്കാമെന്നാണ് നോക്കുന്നത്. ഈശ്വരനെ കണ്ടെത്താന്‍ ആ പുരാതനജനത ചെയ്ത പരിശ്രമങ്ങളെ വേദങ്ങളില്‍ നമുക്കു കണ്ടെത്താം. അവര്‍ ആ ഈശ്വരാന്വേഷണത്തില്‍ പല പടികളിലൂടെ കടന്നുപോയി. ആദ്യഘട്ടത്തില്‍ അവര്‍ പിതൃക്കളെ ആരാധിച്ചിരുന്നു. പിന്നീട് അഗ്നി, ഇന്ദ്രന്‍, ദേവാധിദേവനായ വരുണന്‍ ഇവരെയായി. ഈശ്വരപരമായ ഭാവനയോടെ ഈ വികാസം അതായതു പല ദൈവങ്ങളുടെ സ്ഥാനത്തു ഏകദേവന്റെ ആവിര്‍ഭാവം, എല്ലാ മതങ്ങളിലും കാണുന്നുണ്ട്. ഏകേശ്വരന്‍ ലോകത്തെ സൃഷ്ടിച്ചു ഭരിക്കുകയും സകല ഹൃദയങ്ങളിലേയും വിചാരങ്ങളെ അറിയുകയും ചെയ്യുന്ന ദേവാധിദേവനാണെന്നാണ് ഇതിനര്‍ത്ഥം. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നാനാദൈവങ്ങളെന്ന ആശയത്തില്‍നിന്ന് ഏകേശ്വരനെന്ന ആശയത്തിലേക്ക് ക്രമേണ നയിക്കുന്നു. എന്നാല്‍ മനുഷ്യധര്‍മ്മങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള ഈ ഈശ്വരസങ്കല്‍പ്പംതന്നെ ഹിന്ദുക്കളെ തൃപ്തിപ്പെടുത്തിയില്ല. ഈശ്വരനെ നേരായി ആരാഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് ആ ഭാവന തീരെ മാനുഷികമായി തോന്നി. അതിനാലവര്‍, ഇന്ദ്രിയങ്ങളുടെയും ഇന്ദ്രിയവിഷയങ്ങളുടെയും മേഖലയായ ബാഹ്യലോകത്ത് ഈശ്വരനെ കണ്ടെത്താനുള്ള ഉദ്യമം ഒടുവില്‍ കൈവെടിഞ്ഞ് ശ്രദ്ധയെ അന്തര്‍ലോകത്തിലേക്കു തിരിച്ചുവിട്ടു. അന്തര്‍ലോകമെന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതേത്? അത് ആത്മാവത്രേ. ഒരുവന് ഏതെങ്കിലുമൊന്നിന്റെ അസ്തിത്വത്തെ ഉറച്ചു വിശ്വസിക്കാമെങ്കില്‍ അത് ഈ ആത്മാവിനെയാണ്. ഒരുവന് തന്നെത്തന്നെ അറിയാന്‍ സാധിക്കുമെങ്കില്‍ ജഗത്തിനേയും അറിയാം. ഇല്ലെങ്കിലില്ല. ഇതേ പ്രശ്നം ആദ്യകാലത്ത് ഋഗ്വേദത്തില്‍ത്തന്നെ വേറൊരു രൂപത്തില്‍ ഉന്നയിച്ചു കാണുന്നു: ‘കാലക്രമത്തിന്റെ ആരംഭംമുതല്‍ക്കേ ആര് അല്ലെങ്കില്‍ എന്ത് ഉണ്ടായിരുന്നു?’ കാലക്രമത്തില്‍ വേദാന്തം ഈ പ്രശ്നത്തിനു സമാധാനം നല്‍കി. ആത്മാവാണ് എന്നുമുണ്ടായിരുന്നത്-ആദ്യംമുതല്‍ക്കേ സമസ്തവസ്തുക്കളുടേയും അഭിവ്യക്തിക്കു നിദാനമായിരുന്നതും ഇപ്പോഴും മേലിലും ആയിരിക്കുന്നതും കേവലബ്രഹ്മം, പരമാത്മാവ്.
വേദാന്തദാര്‍ശനികന്മാര്‍ ഈ പ്രശ്നത്തിനു പരിഹാരം നല്‍കിയതോടൊപ്പം നീതിശാസ്ത്രത്തിനു അടിസ്ഥാനവും കണ്ടുകിട്ടി. ‘കൊല ചെയ്യരുത്, ഒന്നിനെയും പീഡിപ്പിക്കരുത്. തന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കണം’ എന്നെല്ലാമുള്ള സദാചാരങ്ങള്‍ എല്ലാ മതങ്ങളും ഉപദേശിച്ചിട്ടുണ്ടെങ്കിലും അതിനു കാരണം ഒരു മതവും വിശദമാക്കിയിട്ടില്ല. എനിക്കെന്തുകൊണ്ട് എന്റെ അയല്‍ക്കാരനെ ദ്രോഹിച്ചുകൂടാ? ഈ ചോദ്യത്തിനു വളരെ നാളേയ്ക്കു തൃപ്തികരമോ അനിഷധ്യമോ ആയ ഉത്തരമില്ലായിരുന്നു. ഒടുക്കം വെറും മതശാസനകള്‍കൊണ്ടു തൃപ്തിപ്പെടാന്‍ കഴിയാഞ്ഞ ഹിന്ദുക്കളുടെ ആത്മതത്ത്വാന്വേഷണപരമായ ഉന്നതചിന്തകളുടെ ഫലമായാണ് അതു കണ്ടെത്തിയത്. അങ്ങനെ, ഈ ആത്മാവ് നിരപേക്ഷവും സര്‍വ്വവ്യാപിയും അതിനാല്‍ അനന്തവുമാണെന്നു ഹിന്ദുക്കള്‍ പറയുന്നു. രണ്ട് അനന്തങ്ങള്‍ ഉണ്ടാവാന്‍ വയ്യ. എന്തെന്നാല്‍ അവ പരസ്പരം പരിമിതിപ്പെടുത്തി രണ്ടും പരിമിതവസ്തുക്കളാകും. കൂടാതെ, ഓരോ പ്രത്യഗാത്മാവും അനന്തമായ സമഷ്ട്യാത്മാവിന്റെ അംശവും ഭാഗവുമാണ്. അതിനാല്‍ ഒരുവന്‍ അയല്‍ക്കാരനെ ദ്രോഹിക്കുമ്പോള്‍, തന്നെത്തന്നെയാണ് ദ്രോഹിക്കുന്നത്. സകല നീതിശാസ്ത്രസംഹിതകള്‍ക്കും ആസ്പദമായിരിക്കുന്ന ദാര്‍ശനികതത്വം ഇതത്രേ. പൂര്‍ണ്ണതയിലേക്കു യാത്രചെയ്യുന്ന മനുഷ്യന്‍ തെറ്റില്‍നിന്നു ശരിയിലേക്കു നടക്കുകയാണെന്നും അയാള്‍ ഒരാശയത്തില്‍നിന്നു മറ്റൊന്നിലേക്കു കടക്കുന്നതോടൊപ്പം ആദ്യത്തെതിനെ അവശ്യം തള്ളിക്കളയേണ്ടതാണെന്നും സാധാരണ വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഒരു പ്രമാദവും സത്യത്തിലേക്കു നയിക്കില്ല. പല പടികളിലൂടെ കടന്നുപോകുന്ന ആത്മാവ് സത്യത്തില്‍നിന്നു സത്യത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഓരോ പടിയും സത്യംതന്നെ അതു താഴ്ന്നതരം സത്യത്തില്‍നിന്നു ഉയര്‍ന്നതരം സത്യത്തിലേക്കു പോകുന്നു. ഈ വസ്തുത ഒരുദാഹരണംകൊണ്ടു വിശദമാക്കാം. ഒരാള്‍ സൂര്യന്റെ അടുക്കലേയ്ക്കു സഞ്ചരിക്കുന്നുവെന്നും യാത്രയുടെ നാനാഘട്ടങ്ങളില്‍വെച്ച് സൂര്യന്റെ ഫോട്ടോകള്‍ എടുക്കുന്നുവെന്നും വിചാരിക്കുക. ഒന്നാമത്തെ ഫോട്ടോ രണ്ടാമത്തേതില്‍നിന്നോ മൂന്നാമത്തേതില്‍നിന്നോ വളരെ വ്യത്യാസപ്പെട്ടിരിക്കും. സൂര്യനില്‍ ചെന്നെത്തിയശേഷം എടുത്ത ഒടുവിലത്തെ ഫോട്ടോവും ആദ്യത്തേതും തമ്മില്‍ എന്തൊരന്തരം! എന്നാല്‍ ഈ ഫോട്ടോകള്‍ തമ്മില്‍ത്തമ്മില്‍ വളരെ വ്യത്യാസ്തങ്ങളെങ്കിലും, അവയെല്ലാം സത്യങ്ങളാണ്. ദൂരത്തിന്റെയോ സമയത്തിന്റേയോ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അവയെ വ്യത്യസ്തങ്ങളാക്കി കാണിക്കുന്നത്. എത്രയും നിസ്സാരമായതു മുതല്‍ അത്യുല്‍കൃഷ്ടമായതുവരെയുള്ള സകലമതങ്ങളിലും ഏകസത്യത്തെ ദര്‍ശിക്കുവാന്‍ ഹിന്ദുക്കളെ ശക്തരാക്കിയത് ഈ തത്ത്വത്തിന്റെ അംഗീകാരമാണ്. ഇതുകൊണ്ടെത്രേ ലോകത്തില്‍ മതത്തിന്റെ പേരില്‍ ഒരിക്കലും മനുഷ്യപീഡനം നടത്തിയിട്ടില്ലാത്ത ഏകജനതയായി അവരെ കാണുന്നതും. ഒരു മുഹമ്മദീയസിദ്ധനെ സംസ്കരിച്ച ആരാധനാസ്ഥലത്ത്-ഇന്നവിടം മുഹമ്മദീയരാല്‍ വിസ്മരിക്കപ്പെട്ടും അവഗണിക്കപ്പെട്ടും കിടക്കുകയാണെങ്കിലും-ഹിന്ദുക്കള്‍ ആരാധിച്ചു വരുന്നു. ഹിന്ദുക്കളുടെ ഈ സഹിഷ്ണുതാമനോഭാവത്തിന് ഇതേപോലുള്ള അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.
മനുഷ്യസമുദായം മുഴുവന്‍ തേടിക്കൊണ്ടിരിക്കുന്ന ആ ഏകത്വലക്ഷ്യം പ്രാപിക്കുംവരെ പൌരസ്ത്യമനസ്സിനു സ്വസ്ഥതയോ തൃപ്തിയോ ഇല്ല. പാശ്ചാത്യശാസ്ത്രകാരന്‍ ഏകത്വത്തെ പരമാണുക്കളില്‍ അന്വേഷിക്കുന്നു. ആ ഏകത്വം കണ്ടെത്തുന്നതോടെ അയാളുടെ അന്വേഷണങ്ങളുടെ സീമയും കണ്ടെത്തുന്നു.അതുപോലെ, സമഷ്ട്യാത്മാവില്‍ ആത്മാക്കളുടെ ഐക്യം കണ്ടെത്തുന്നതോടെ നമ്മുടെ അന്വേഷണവും സമാപിക്കുന്നു. ഇന്ദ്രിയഗോചരമായ ഈ പ്രപഞ്ചത്തിലുള്ളതു സകലതും ആ ഏകവസ്തുവിന്റെ അഭിവ്യക്തിയാണെന്നു നമുക്കു വ്യക്തമാകുന്നു. കൂടാതെ, നീളമോ വീതിയോ ഇല്ലാത്ത പരമാണുക്കള്‍ ഒരുമിച്ചു ചേരുമ്പോള്‍ നീളത്തിനും വീതിക്കും കാരണമാകുന്നതായി വിചാരിക്കപ്പെടുന്നതിനാല്‍, ആധുനികശാസ്ത്രജ്ഞനും പരതത്ത്വശാസ്ത്രത്തെ അംഗീകരിക്കുവാന്‍ നിര്‍ബ്ബദ്ധനാകുന്നു. ഒരു പരമാണു മറ്റൊന്നില്‍ പ്രവര്‍ത്തിക്കുവാന്‍ വല്ലൊരു മാധ്യമവും വേണം. എന്താണ് ആ മാധ്യമം? അതു മൂന്നാമതൊരു പരമാണുവാകാം. അങ്ങനെയെങ്കില്‍, അതുകൊണ്ടും പ്രശ്നത്തിനു സമാധാനമായില്ല. എന്തെന്നാല്‍, ഇവ രണ്ടുംകൂടി മൂന്നാമത്തേതിന്മേല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ? അങ്ങനെ, അതു സമാധാനമില്ലാത്ത ഒരവസ്ഥയിലെത്തിക്കുന്നു. ഒരു ബിന്ദു വലിപ്പമോ അംശങ്ങളോ ഇല്ലാത്തതാണ്. ഒരു ‘രേഖ’ വീതിയില്ലാതെ നീളം മാത്രമുള്ളതാണ്. ഇത്യാദി ഭൌതികശാസ്ത്രങ്ങള്‍ക്കു വേണ്ട സങ്കല്‍പ്പങ്ങള്‍ സംബന്ധിച്ചും, മേല്‍പ്പറഞ്ഞവിധം വൈരുദ്ധ്യം അനുഭവപ്പെടുന്നു. ഇവ ദര്‍ശനവിഷയമോ ചിന്താവിഷയമോ അല്ല. എന്തുകൊണ്ട്? ഇവ ഇന്ദ്രിയങ്ങളുടെ വ്യാപാരമേഖലയില്‍ പെടാത്തവയായതുകൊണ്ട്, അവ കേവലം പരതത്ത്വശാസ്ത്രപരമായ സങ്കല്‍പ്പങ്ങളാണ്. അതിനാല്‍, മനസ്സിന്റെ ഉപലബ്ധിക്കു വിഷയമാകുന്ന എല്ലാത്തിനും അവസാനരൂപം നല്‍കുന്നതു മനസ്സുതന്നെയാണെന്നും കാണാം. ഞാന്‍ ഒരു കസേര കാണുമ്പോള്‍ എന്റെ കണ്ണിനും വെളിയില്‍ വര്‍ത്തിക്കുന്ന യഥാര്‍ത്ഥകസേരയെയല്ല കാണുന്നത്. പുറമേയുള്ള വസ്തുവും അതിന്റെ മനഃപ്രതിരൂപവും ചേര്‍ന്നുള്ള ഒന്നാണ് എന്റെ ദൃശ്യം. ഇപ്രകാരം ഭൌതികശാസ്ത്രജ്ഞന്മാര്‍ക്കും അന്തിമഘട്ടത്തില്‍ ആത്മതത്ത്വശാസ്ത്രത്തില്‍ ചെന്നെത്തിയെങ്കിലേ നിലയുള്ളൂ എന്നു വരുന്നു.