സ്വാമി വിവേകാനന്ദന്‍

വേദാന്തക്കുറിപ്പുകള്‍

ഹിന്ദുധര്‍മ്മത്തിന്റെ മൂലതത്ത്വങ്ങള്‍ വേദങ്ങളിലെ നാനാഗ്രന്ഥങ്ങളിലടങ്ങിയ ധ്യാനാത്മകവും മനനാത്മകവുമായ തത്ത്വശാസ്ത്രത്തിലും ധര്‍മ്മോപദേശങ്ങളിലും അധിഷ്ഠിതമത്രേ. പ്രപഞ്ചം, ദേശത്തിലും കാലത്തിലും അനന്തമാണെന്നു വേദങ്ങള്‍ പ്രഖ്യാപിക്കുന്നു. അതിനൊരിക്കലും ആദിയില്ല, ഒരിക്കലും അന്തവുമില്ല. ദ്രവ്യത്തിന്റെ മേഖലയില്‍ ആത്മപ്രഭാവത്തിന്റെ അഭിവ്യക്തി, പരിമിതത്തിന്റെ മണ്ഡലത്തില്‍ അപരിമിതത്തിന്റെ ശക്തിസ്ഫുരണം, എണ്ണമറ്റുണ്ടായിട്ടുണ്ട്. എന്നാല്‍, ആ അനന്തവസ്തു സ്വയംഭൂവും നിത്യനും അവികാരിയുമായി നിലകൊള്ളുന്നു. അനന്തതയാകുന്ന ഘടികാരത്തിന്റെ മുഖത്ത് കാലപ്രയാണം ഒരടയാളവും കുറിക്കുന്നില്ല. മനുഷ്യബുദ്ധിക്കു തികച്ചും അപ്രമേയവും ഇന്ദ്രിയാതീതവുമായ അതിന്റെ മേഖലയില്‍ ഭൂതഭാവിവ്യത്യാസങ്ങളില്ല.

മനുഷ്യാത്മാവ് അനശ്വരമെന്ന് വേദങ്ങള്‍ ഉദ്ബോധിപ്പിക്കുന്നു. ശരീരം വൃദ്ധിക്ഷയനീയമാധീനമാണ്. വൃദ്ധിയുള്ളതിന് അവശ്യം ക്ഷയവുമുണ്ടാകണം. എന്നാല്‍, അന്തര്‍വര്‍ത്തിയായ ആത്മാവ് അനന്തവും അനശ്വരവുമായ ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന് ആരംഭമില്ല, അവസാനവുമില്ല. വൈദികമതവും ക്രിസ്തുമതവും തമ്മിലുള്ള പ്രാധാനവ്യത്യാസമാണിത്-ഓരോ മനുഷ്യാത്മാവും, അതു ഭൂമിയില്‍ പിറക്കുന്നതോടെയാണ് ആരംഭിക്കുന്നതെന്നു ക്രിസ്തുമതം പഠിപ്പിക്കുമ്പോള്‍, മനുഷ്യനിലെ ആത്മാവ് നിത്യേശ്വരന്റെതന്നെ സ്ഫുലിംഗമാണെന്നും ഈശ്വരനെന്നപോലെ അതിന്നും ഒരിക്കലും ആരംഭമില്ലെന്നും വൈദികമതം പ്രഖ്യാപിക്കുന്നു. മഹത്തായ ആദ്ധ്യാത്മികപരിണാമത്തിനു വിധേയമായി, വ്യക്തിയില്‍നിന്നു വ്യക്തിയിലേക്കുള്ള പ്രയാണത്തില്‍ അതിന് എണ്ണമറ്റ അഭിവ്യക്തികള്‍ ഉണ്ടായിക്കഴിഞ്ഞു. ഇനിയും എണ്ണമറ്റ് ഉണ്ടാകയും ചെയ്യും. തുടര്‍ന്ന്, ഒടുവില്‍ മനുഷ്യാത്മാവ് ഉപരിപരിണാമത്തിനു സാദ്ധ്യതയില്ലാത്ത പൂര്‍ണ്ണാവസ്ഥയെ പ്രാപിക്കുന്നു.

വേദോപനിഷദ് വിചാരം

ക്ഷേത്രഗണിതത്തിന്റെ ഉത്ഭവസ്ഥാനം വൈദികയജ്ഞവേദിയത്രേ.

ദേവന്മാരുടെ ആവാഹനമാണ് ആരാധനയുടെ അടിസ്ഥാനം. ആവാഹിക്കപ്പെടുന്ന ദേവന്‍ സഹായിക്കുന്നു എന്നതുപോലെ, സഹായിക്കപ്പെടുകയും ചെയ്യുന്നു എന്നാണാശയം.

വേദങ്ങളിലെ മന്ത്രങ്ങള്‍ സ്തുതിവചനങ്ങള്‍മാത്രമല്ല, ഉത്തമമനോഭാവത്തോടെ ചൊല്ലപ്പെടുന്നപക്ഷം ശക്തിനിദാനങ്ങളുമാകുന്നു.

സ്വര്‍ഗ്ഗങ്ങള്‍ മറ്റൊരുതരം ലോകങ്ങളാണ്. സ്വര്‍ഗ്ഗവാസികള്‍ക്കു കൂടുതല്‍ ഇന്ദ്രിയങ്ങളുംഉച്ചതരശക്തിവിശേഷങ്ങളുമുണ്ടെന്നുമാത്രം.

ഭൌതികശരീരമെന്നപോലെ ഉല്‍കൃഷ്ടശരീരങ്ങളെല്ലാം വിലയനാധീനമാണ്. ഈ ജീവിതത്തിലായാലും മറ്റു ജീവിതങ്ങളിലായാലും എല്ലാത്തരം ശരീരങ്ങള്‍ക്കും മരണമുണ്ട്. ദേവന്മാരും മരണമുള്ളവരാണ്. ഭോഗാനുഭവങ്ങള്‍ നല്‍കാനേ അവര്‍ക്കു കഴിവുള്ളൂ.

നമ്മുടെ ഈ ശരീരത്തിനു പിന്നില്‍ ഭോക്താവായും സാക്ഷിയായും ഏതോ ഉല്‍കൃഷ്ടതരമായ ഒന്നുള്ളതുപോലെ, ദേവന്മാര്‍ക്കുമുണ്ട്. പിന്നില്‍ ആ ഏകസത്ത, ഈശ്വരന്‍, വര്‍ത്തിക്കുന്നു.

പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കുള്ള ശക്തികളും സര്‍വ്വവ്യാപിത്വം, സര്‍വ്വജ്ഞത്വം, സര്‍വ്വശക്തിത്വം എന്നീ ധര്‍മ്മങ്ങളുമാണ് ഈശ്വരനെ ദേവാധിദേവനാക്കുന്നത്.

‘ഹേ അമൃതപുത്രന്മാരേ, ഹേ ഉന്നതലോകങ്ങളില്‍ അധിവസിക്കുന്ന ദേവന്മാരേ, കേട്ടാലും. അന്ധകാരത്തിനെല്ലാമപ്പുറത്ത്, സന്ദേഹങ്ങള്‍ക്കെല്ലാം അതീതമായി, ഒരു പ്രകാശരശ്മി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ആ പുരാണപുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു.’ ഇതിലേക്കുള്ള വഴി ഉപനിഷത്തുകളില്‍ അടങ്ങിയിരിക്കുന്നു.

ഭൂമിയില്‍ നാം മരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നാം മരിക്കുന്നു. ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗലോകത്തിലും നാം മരിക്കുന്നു. ഈശ്വരനിലെത്തുമ്പോഴേ നാം യഥാര്‍ത്ഥജീവികളായി അമൃതരാകുന്നുള്ളൂ.

ഉപനിഷത്തുകള്‍ ഇതിനെക്കുറിച്ചുമാത്രമാണ് പ്രതിപാദിക്കുന്നത്. ഉപനിഷത്തുകളുടെ മാര്‍ഗ്ഗം ശുദ്ധമായ മാര്‍ഗ്ഗമത്രേ. അവയില്‍ പറയുന്ന അനേകം ആചാരങ്ങളോ നടപ്പുകളോ പ്രാദേശികമായ സൂചനകളോ ഇന്നു വിജ്ഞേയങ്ങളല്ല. എങ്കിലും, അവയില്‍ക്കൂടി സത്യം വ്യക്തമാകുന്നുണ്ട്. സത്യമാകുന്ന പ്രകാശത്തിലെത്താനായി സ്വര്‍ഗ്ഗങ്ങളും ഭൂമിയുമെല്ലാം തളളിക്കളയുന്നു.

ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്നു:
‘ഈശ്വരന്‍ വിശ്വമെങ്ങും ഇടപഴുതില്ലാതെ വ്യാപിച്ചിരിക്കുന്നു. അതു മുഴുവനും അവിടുത്തേതാണ്.’

യാതൊരുവന്‍ സര്‍വ്വത്തിലും നിറഞ്ഞിരിക്കുന്നു, യാതൊരുവന്‍ സൂര്യനക്ഷത്രാദിജ്യോതിസ്സുകളാകുന്ന ഛന്ദസ്സുകളില്‍ വിശ്വമാകുന്ന മഹാകാവ്യം വിരചിച്ചിരിക്കുന്നു, അദ്വിതീയനും അശരീരനും അകളങ്കനുമായ അവന്‍ ഓരോരുത്തര്‍ക്കും അര്‍ഹമായതു നല്‍കുന്നു.’

‘അനുഷ്ഠാനങ്ങളിലൂടെ പ്രകാശത്തിലെത്താന്‍ യത്നിക്കുന്നവന്‍ അന്ധകാരത്തില്‍ തപ്പുകയാണ്. ഈ പ്രകൃതിയാണ് സര്‍വ്വസ്വവും എന്നു വിചാരിക്കുന്നവരും അന്ധകാരത്തിലാണ്. ആ വിചാരം വഴി പ്രകൃതിയുടെ ദാസ്യത്തില്‍നിന്നു പുറത്തുകടക്കാമെന്നു കരുതുന്നവര്‍ കുറേക്കൂടി നിബിഡമായ അന്ധകാരത്തില്‍ തപ്പുകയാണ്.’

എങ്കില്‍, ഈ ക്രിയാപദ്ധതികള്‍ ചീത്തയോ? അല്ല. താഴ്ന്നപടികളില്‍നിന്നു ക്രമേണ ഉയര്‍ന്നുവരുന്നവര്‍ക്ക് അവ സഹായമാണ്.

ഒരുപനിഷത്തില്‍ നചികേതസ്സെന്നൊരു യുവാവ് ഈ ചോദ്യം ചോദിക്കുന്നു: ‘മരിച്ചവനെക്കുറിച്ച് ചിലര്‍ പറയുന്നു, അവന്‍ ഇല്ലാതായെന്ന്, മറ്റു ചിലര്‍ പറയുന്നു, അവന്‍ പിന്നെയും ഉണ്ടെന്ന്. അങ്ങു മരണത്തിന്റെ ദേവനാണ്, അങ്ങയ്ക്കു നേരറിയാം. ദയവുചെയ്ത് ഇതിന്റെ ഉത്തരം എനിക്കു പറഞ്ഞുതരൂ’ യമന്‍ പറയുന്നു: ‘ദേവന്മാരില്‍ത്തന്നെ പലര്‍ക്കും ഇതറിഞ്ഞുകൂടാ. മനുഷ്യരുടെ കാര്യം അതിലും മോശം. കുഞ്ഞേ, ഇതിന്റെ ഉത്തരം നീ ആവശ്യപ്പെടരുത്.’ എന്നാല്‍ നചികേതസ്സ് നിര്‍ബ്ബന്ധിക്കുന്നു. അപ്പോള്‍ യമന്‍ വീണ്ടും പറയുന്നു: ‘ദേവന്മാര്‍ക്കുള്ള സുഖഭോഗങ്ങള്‍പോലും ഞാന്‍ നിനക്കു നല്‍കാം. എന്നാല്‍ ഈ ചോദ്യത്തിന്റെ കാര്യത്തില്‍ നീ നിര്‍ബ്ബന്ധം പിടിക്കരുത്.’ പക്ഷേ, നചികേതസ്സ് തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. അപ്പോള്‍ മൃത്യുദേവന്‍ പറഞ്ഞു: ‘വത്സാ, മൂന്നാം പ്രാവശ്യവും നീ വിത്തവും പ്രതാപവും ദീര്‍ഘായുസ്സും പ്രശസ്തിയും കുടുംബസുഖങ്ങളും നിരസിച്ചു. നീ പരമോന്നത സത്യത്തെ ആരായുവാന്‍ യോഗ്യതയുള്ള ധീരന്‍തന്നെ. അതിനാല്‍ ഞാന്‍ നിന്നെ പഠിപ്പിക്കാം. രണ്ടു വഴിയാണ് ജീവന്മാരുടെ മുമ്പിലുള്ളത്-ഒന്നു സത്യത്തിന്റേയും, മറ്റേതു ഭോഗത്തിന്റെയും. അവയില്‍ നീ ആദ്യത്തേതു തിരഞ്ഞെടുത്തിരിക്കുന്നു.’

ഇവിടെ സത്യം ഉപദേശിക്കുവാന്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ശ്രദ്ധിക്കുക. ഒന്നാമത് പവിത്രത-ഇവിടെ പരിശുദ്ധനും ബുദ്ധിമാന്ദ്യമേശാത്തവനുമായ ഒരു യുവാവ് പ്രപഞ്ചരഹസ്യം ആരായുന്നു. രണ്ടാമത്, അയാള്‍ സത്യത്തെ സത്യത്തിനുവേണ്ടിമാത്രം അന്വേഷിക്കുന്നവനാകണം.

സാക്ഷാത്കാരം സിദ്ധിച്ചവനിലൂടെ, സത്യത്തെ സ്വയം കണ്ടെത്തിയവനിലൂടെ, സംക്രമിച്ചാലല്ലാതെ സത്യം ഫലവത്താകുന്നില്ല. അതു പകര്‍ന്നുതരാന്‍ ഗ്രന്ഥങ്ങള്‍ക്കു ത്രാണിയില്ല. അതു സമര്‍ത്ഥിക്കാന്‍ യുക്തിവാദങ്ങള്‍ക്കു ശക്തിയില്ല. സത്യത്തെസ്സംബന്ധിച്ച രഹസ്യം അറിയുന്നവനിലൂടെ വേണം അതു വന്നുചേരുക.

നിങ്ങള്‍ക്കതു കിട്ടിക്കഴിഞ്ഞാല്‍, നിശ്ശബ്ദരായിരിക്കുക. വ്യര്‍ത്ഥമായ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു മനസ്സു കലക്കരുത്. തന്നെത്താന്‍ സാക്ഷാല്‍ക്കരിക്കുക, നിങ്ങള്‍ക്കുമാത്രമേ അതു ചെയ്യാനൊക്കൂ.

ആ അവസ്ഥ സുഖവുമല്ല ദുഃഖവുമല്ല, പുണ്യവുമല്ല പാപവുമല്ല, വിജ്ഞാനവുമല്ല അജ്ഞാനവുമല്ല, നിങ്ങള്‍ അതു സ്വയം അനുഭവിച്ചറിയണം. അല്ലാതെ, എങ്ങനെ എനിക്കതു നിങ്ങളോടു വിവരിക്കാന്‍ സാധിക്കും?

യാതൊരുവന്‍ ‘നാഥ, എനിക്ക് അങ്ങൊഴികെ ഒന്നും ആവശ്യമില്ല’ എന്നു സര്‍വ്വാത്മനാ വിളിച്ചുകേഴുന്നുവോ, അവന് ഈശ്വരന്‍ സ്വയം വെളിപ്പെടുന്നു. നിര്‍മ്മലനാകുക, പ്രശാന്തനാവുക. കലങ്ങിയ മനസ്സ് പ്രപഞ്ചനാഥനെ പ്രതിഫലിപ്പിക്കില്ല. ‘

യാതൊരുവനെ വേദങ്ങള്‍ പ്രഖ്യാപിക്കുന്നുവോ, യാതൊരുവനെ തത്പദപ്രാപ്തിക്കായി നാം യജ്ഞപ്രാര്‍ത്ഥനാദികളാല്‍ സേവിക്കുന്നുവോ, ആ അവര്‍ണ്ണനീയനായ ഏകന്റെ വിശുദ്ധനാമം ‘ഓം’ എന്നത്രേ’ ഈ ശബ്ദം സര്‍വ്വശബ്ദങ്ങളില്‍വെച്ച് ഏറ്റവും പാവനമാണ്. ഈ ശബ്ദത്തിന്റെ പൊരുളറിയുന്നവന് അഭിലഷിക്കുന്നതെല്ലാം സിദ്ധിക്കുന്നു. ഈ ശബ്ദത്തെ അഭയം പ്രാപിക്കുക. ഏതൊരുവന്‍ ആ ശബ്ദത്തെ അഭയം പ്രാപിക്കുന്നുവോ അവനു നേരായ മാര്‍ഗ്ഗം തുറന്നുകിട്ടും.’