സ്വാമി വിവേകാനന്ദന്‍

വേദാന്തദര്‍ശനത്തെപ്പറ്റി
മനുഷ്യന്‍ ജനിക്കുന്നില്ല, മരിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍പ്പോകുന്നുമില്ല. ആത്മാവിനെസ്സംബന്ധിച്ചു പുനര്‍ജ്ജന്മമെന്നതു കേവലം മിഥ്യാസങ്കല്‍പ്പമാണ്-എന്നത്രേ വേദാന്തി പറയുന്നത്. പേജുകള്‍ മറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് ഇതിനു ദൃഷ്ടാന്തം. പുസ്തകമാണ് പരിണാമവിധേയം. വായിക്കുന്ന മനുഷ്യനല്ല. ഓരോ ആത്മാവും സര്‍വ്വവ്യാപിയാണ്. അതിനാല്‍ അതെവിടെ പോകാന്‍, എവിടെ വരാന്‍? ഈ ജനനങ്ങളും മരണങ്ങളും പ്രകൃതിയിലെ മാറ്റങ്ങള്‍; നമ്മുടെ മാറ്റങ്ങളെന്നു നാം തെറ്റിദ്ധരിക്കുന്നു.

പുനര്‍ജ്ജന്മം പ്രകൃതിയുടെ പരിണാമവും ഉള്ളിലെ ഈശ്വരന്റെ അഭിവ്യക്തിയുമാണ്. ഓരോ ജീവിതവും അതീതജീവിതങ്ങളാകുന്ന അടിസ്ഥാനത്തിന്മേല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കയാണെന്നും നമുക്കു നമ്മുടെ ഭൂതകാലം മുഴുവന്‍ കാണാന്‍ കഴിഞ്ഞാല്‍ നാം സ്വതന്ത്രരാകുമെന്നും വേദാന്തം പറയുന്നു. സ്വതന്ത്രനാകാനുള്ള അഭിവാഞ്ഛ ബാല്യംമുതല്‍ക്കേ ആദ്ധ്യാത്മികപ്രവണതയുടെ രൂപത്തില്‍ പ്രകടമാകുന്നു. എതാനും വത്സരങ്ങള്‍ക്കുള്ളില്‍ സര്‍വ്വസത്യവും വ്യക്തമാകുന്നു. ഈ ജീവിതം അവസാനിപ്പിച്ച്, അടുത്തതിനു കാത്തിരിക്കുമ്പോഴും മനുഷ്യന്‍ പ്രപഞ്ചത്തിനുള്ളില്‍ത്തന്നെ.

ആത്മാവിനെ ഇങ്ങനെ ചിത്രീകരിക്കാം. വാളിനു മുറിക്കാനോ, കുന്തത്തിനു തുളയ്ക്കാനോ, തീയിനു ചുടാനോ വെള്ളത്തിന് അലിയിക്കാനോ കഴിയാത്തതും അവിനാശിയും സര്‍വ്വവ്യാപിയുമാണ് ആത്മാവ്. അതിനാല്‍, അതിനെച്ചൊല്ലി ഖേദിക്കേണ്ട.

നമ്മുടെ അനുഭവം ഇതിനുമുമ്പ് വളരെ ചീത്തയായിരുന്നിട്ടും അതു ഭാവിയില്‍ നന്നാകുമെന്നു നാം വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ശാശ്വതമോചനം ഉണ്ടെന്നുള്ളത് ഒരടിസ്ഥാനതത്ത്വമാണ്. എല്ലാവരും മുക്തരായേ തീരൂ. മുക്തരാകണമെന്ന ആഗ്രഹത്താല്‍ ഉത്തേജിതരായി നാം യത്നം ചെയ്യേണ്ടിയിരിക്കുന്നു. ഈ ഒരാഗ്രഹമൊഴിച്ച് മറ്റാഗ്രഹങ്ങളെല്ലാം വ്യാമോഹമാണ്. ഓരോ സല്‍ക്കര്‍മ്മവും ആ സ്വാതന്ത്യ്രത്തിന്റെ ഓരോ അഭിസ്ഫുരണമാണെന്നാണ് വേദാന്തി പറയുന്നത്.

ഈ ലോകത്തിലെ തിന്മയെല്ലാം പോയ്മറയുന്ന ഒരു കാലം വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതെങ്ങനെ സംഭവിക്കാം? ഈ പ്രവാഹം അവിരാമം തുടരുന്നു. ഒരറ്റത്തുകൂടി ജലരാശി പുറത്തേക്കൊഴിയുന്നെങ്കില്‍ മറ്റേ അറ്റത്തുകൂടി അകത്തേയ്ക്കു വരുന്നുമുണ്ട്.

നിങ്ങള്‍ പവിത്രനും പരിപൂര്‍ണ്ണനുമാണ്. നന്മയ്ക്കും തിന്മയ്ക്കും അതീതമായ ഒരവസ്ഥയുണ്ട്. അതാണ് നിങ്ങളുടെ സ്വപ്രകൃതി എന്ന് വേദാന്തം പറയുന്നു. അതു നന്മയെക്കാളും ഉല്‍കൃഷ്ടമാണ്. നന്മ തിന്മയെക്കാള്‍ കുറഞ്ഞ ഭേദഭാവനമാത്രം.

ഞങ്ങള്‍ക്കു തിന്മയെന്ന സിദ്ധാന്തമില്ല. ഞങ്ങള്‍ അതിനെ അജ്ഞാനം എന്നു പറയുന്നു. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റവും ഇടപാടുകളും മുഴുവന്‍, സന്മാര്‍ഗ്ഗസദാചാരമൊക്കെ, പ്രപഞ്ചത്തിനുള്ളില്‍പെട്ടതാണ്. സത്യത്തിന്റെ സമ്പൂര്‍ണ്ണാഖ്യാനമെന്ന നിലയില്‍, ഈശ്വരന് അജ്ഞാനം കല്‍പ്പിക്കുവാന്‍ ഞങ്ങള്‍ മുതിരില്ല. അവിടുത്തെ സച്ചിദാനന്ദസ്വരൂപനെന്നാണ് ഞങ്ങള്‍ നിര്‍വ്വചിക്കുന്നത്. നിരപേക്ഷവസ്തുവിനെ ചിന്തയ്ക്കോ വാക്കിനോ വിഷയമാക്കാനുള്ള ഏതു സംരംഭവും അതിനെ സാപേക്ഷവും പരിമിതവുമാക്കി അതിന്റെ യഥാര്‍ത്ഥപ്രകൃതിയെ ഭഞ്ജിക്കുന്നതാകുന്നു.

ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്-അഹം ബ്രഹ്മാസ്മി എന്ന് ഇന്ദ്രിയങ്ങളുടെ ലോകത്ത് വര്‍ത്തിക്കുന്നിടത്തോളം ആര്‍ക്കും പറയാവതല്ല. ഇന്ദ്രിയലോകത്തില്‍ നിങ്ങള്‍ ഈശ്വരന്‍തന്നെയാണെന്നു പറഞ്ഞാല്‍, നിങ്ങളെ തെറ്റു ചെയ്യാതെ, തടയാന്‍ എന്തിരിക്കുന്നു? അതിനാല്‍ നിങ്ങളുടെ ഐശ്വരഭാവപ്രഖ്യാപനം ഇന്ദ്രിയാതീതമേഖലയിലേ സാധുവാകൂ. ഞാന്‍ ഈശ്വരനാണെങ്കില്‍, ഇന്ദ്രിയപരമായ പ്രവണതകള്‍ക്കതീതനും അതിനാല്‍ തെറ്റു ചെയ്യാത്തവനുമാകണം. സദാചാരനിഷ്ഠ മനുഷ്യന്റെ പരമലക്ഷ്യമല്ല. പരമലക്ഷ്യമായ സ്വാതന്ത്യ്രപ്രാപ്തിക്കുള്ള ഉപായമാണ്. ഈ ദിവ്യത്വാനുഭൂതിക്കു സഹായിക്കുന്ന മാര്‍ഗ്ഗമാണ് യോഗം എന്നു വേദാന്തം പറയുന്നു. അന്തഃസ്വാതന്ത്യ്രത്തിന്റെ സാക്ഷാല്‍ക്കാരം കൊണ്ടുതന്നെ മനുഷ്യന് ഈശ്വരത്വം സിദ്ധിക്കാമെന്നും മറ്റെല്ലാം അതിനു വഴങ്ങിക്കൊള്ളുമെന്നും വേദാന്തം പറയുന്നു. ചാരിത്രവും സദാചാരവും അതാതിന്റെ യോഗ്യസ്ഥാനങ്ങളില്‍ നിരന്നുകൊള്ളും.

അദ്വൈതവേദാന്തത്തിന്നെതിരായ ആക്ഷേപങ്ങളുടെ രത്നച്ചുരുക്കമിതാണ്-അത് ഇന്ദ്രിയസുഖങ്ങള്‍ക്കുപകരിക്കുന്നില്ലല്ലോ എന്ന്. അത് ശരിയാണെന്ന് ഞങ്ങള്‍ സസന്തോഷം സമ്മതിക്കുന്നു. വേദാന്തത്തിന്റെ തുടക്കം കടുത്ത ദോഷദര്‍ശിതയോടെയാണെങ്കിലും അതു വാസ്തവത്തില്‍ അവസാനിക്കുന്നതു ശുഭദര്‍ശിതയോടെയാണ്. ഇന്ദ്രിയാനുഭൂതിപരമായ ശുഭദര്‍ശിതമായ ഞങ്ങള്‍ നിരാകരിക്കുന്നു. ഇന്ദ്രിയാതീതമായ, ശരിയായ, ശുഭദര്‍ശിതയെ കൈക്കൊള്ളുകയും ചെയ്യുന്നു. ആ യഥാര്‍ത്ഥമായ ആനന്ദം ഇന്ദ്രിയങ്ങളിലല്ല, ഇന്ദ്രിയങ്ങള്‍ക്കുപരിയാണ്. അത് എല്ലാവരിലും കുടിക്കൊള്ളുന്നുമുണ്ട്. സാധാരണ നാം കാണുന്ന തരത്തിലുള്ള ശുഭദര്‍ശിത ഇന്ദ്രിയങ്ങള്‍ വഴി മനുഷ്യരെ നാശഗര്‍ത്തത്തിലേക്കു നയിക്കുന്നതാണ്.

ഞങ്ങളുടെ തത്ത്വശാസ്ത്രത്തില്‍ നിരാസത്തിനു വലിയ പ്രാധാന്യമുണ്ട്. നിരാസത്തില്‍ പരമാര്‍ത്ഥാത്മാവിന്റെ സ്ഥിരീകരണം ഉപലക്ഷിതമായിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷമായ ലോകത്തെ നിരസിക്കയാല്‍ വേദാന്തം ദോഷദര്‍ശിയും ഇന്ദ്രിയാതീതമായ പരമാര്‍ത്ഥലോകത്തെ സ്ഥിരീകരിക്കയാല്‍ ശുഭദര്‍ശിയുമാണ്. വേദാന്തം ബുദ്ധിക്കു വിഷയമല്ലാത്ത ഒന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും മനുഷ്യന്റെ യുക്തിചിന്താശക്തിയെ ധാരാളം അംഗീകരിക്കുന്നു. അതിലേക്കുള്ള വഴി ബുദ്ധിയില്‍ക്കൂടിയാണെന്നുമാത്രം.

പഴയ അന്ധവിശ്വാസങ്ങളെയെല്ലാം തൂത്തുകളയുവാന്‍ നമുക്കു യുക്തിയുടെ സഹായം വേണം. അവ പൊയ്പ്പോയതില്‍ പിന്നെ ശേഷിക്കുന്നതാണ് വേദാന്തമതം. ഒരു മഹര്‍ഷിയുടെ സമാശ്വാസനങ്ങളുള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സംസ്കൃതകവിതയില്‍ ഇങ്ങനെ കാണുന്നു: ‘അല്ലയോ സോദര, എന്തിനു കരയുന്നു? നിനക്കു ഭയമോ മരണമോ ഇല്ല. പിന്നെന്തിനു കരയുന്നു? നിനക്കു ദുഃഖത്തിനവകാശമില്ല. എെന്തന്നാല്‍ നീ അനന്തനീലാകാശംപോലെ ഒരിക്കലും മാറ്റമില്ലാത്ത വസ്തുവാണ്. നാനാവര്‍ണ്ണങ്ങളായ മേഘങ്ങള്‍ ആകാശത്തില്‍ വന്നു ക്ഷണനേരത്തേക്കു തത്തിക്കളിച്ചിട്ടുമറയുന്നു. ആകാശം അതേപടി നിലകൊള്ളുന്നു, നീ ആ മേഘപടലങ്ങളെ തുരത്തുകയേ വേണ്ടൂ.’

നാം അണക്കെട്ടിന്റെ ചീര്‍പ്പു തുറക്കുകയും ചാല്‍ തെളിയിച്ചിടുകയുമേ വേണ്ടൂ. വെള്ളം അതിന്റെ സ്വഭാവവശാല്‍ ഒഴുകിവന്നുകൊള്ളും. എന്തെന്നാല്‍ അതവിടെത്തന്നെ കെട്ടിക്കിടക്കുന്നുണ്ട്.

മുനുഷ്യഭാവം ഒട്ടധികം ബോധാവസ്ഥയും കുറെ അബോധവാസ്ഥയും ചേര്‍ന്നുള്ളതാണ്. ബോധാവസ്ഥയെ കവിഞ്ഞുപോകാനും സാധ്യതയുണ്ട്. നാം യഥാര്‍ത്ഥമനുഷ്യരാകുമ്പോഴേ യുക്തിക്കെല്ലാം അപ്പുറം കടക്കാന്‍ കഴിയൂ. ഉയര്‍ന്നതെന്നും താഴ്ന്നതെന്നും മറ്റുമുള്ള പദപ്രയോഗങ്ങള്‍ വ്യാവഹാരികലോകത്തിലെ സംഗതമാകൂ. പാരമാര്‍ത്ഥികലോകത്തെസ്സംബന്ധിച്ച് അവ ഉപയോഗിക്കുന്നതു വൈരുദ്ധ്യാത്മകമായിരിക്കും. എന്തെന്നാല്‍ അവിടെ വ്യത്യാസങ്ങളില്ല. യഥാര്‍ത്ഥമനുഷ്യന്റെ അഭിസ്ഫുരണമാണ് ഈ ദൃശ്യപ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ടമായ അഭിവ്യക്തി. താന്‍ ദേവന്മാരെക്കാളും ഉല്‍കൃഷ്ടനാണെന്നു വേദാന്തി പറയുന്നു. ദേവന്മാര്‍ക്കും മരണമുണ്ട്. മരണശേഷം അവര്‍ വീണ്ടും മനുഷ്യരാകണം-മനുഷ്യശരീരത്തില്‍വെച്ചേ അവര്‍ക്കു പൂര്‍ണ്ണത്വം പ്രാപിക്കാനാവൂ.

ഞങ്ങള്‍ ഒരു തത്ത്വശാസ്ത്രം സൃഷ്ടിക്കുന്നുവെന്നതു ശരിതന്നെ. എന്നാല്‍ അതു പരിപൂര്‍ണ്ണമല്ലെന്നു സമ്മതിക്കണം. കാരണം, പരമാര്‍ത്ഥം സകലതത്ത്വശാസ്ത്രങ്ങള്‍ക്കും അതീതമാണ്. അതിനെ മറ്റു തത്ത്വശാസ്ത്രങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഞങ്ങള്‍ ഒരുക്കം. യുക്തിസഹമായ ഏകതത്ത്വശാസ്ത്രം അതേയുള്ളുവെന്നു തെളിയിക്കാനും ഒരുക്കം. എന്നാലും അതു പൂര്‍ണ്ണമല്ല. എന്തെന്നാല്‍ യുക്തിതന്നെ പരിപൂര്‍ണ്ണമല്ല. എങ്കിലും മനുഷ്യമനസ്സിനു സങ്കല്‍പ്പിക്കാന്‍ സാദ്ധ്യമായ ഏകയുക്ത്യനുസാരിയായ തത്ത്വശാസ്ത്രം അതുമാത്രമാണ്.

ഒരു തത്ത്വശാസ്ത്രം ബലവത്താകാന്‍ സ്വയം പ്രചരിക്കണമെന്നുള്ളതു കുറെയൊക്കെ ശരിയാണ്. വേദാന്തത്തെപ്പോലെ മറ്റൊരു തത്ത്വശാസ്ത്രവും അത്ര വളരെ പ്രചരിച്ചിട്ടില്ല. വ്യക്തിപരമായ സമ്പര്‍ക്കംവഴിക്കാണ് ഇപ്പോഴും ഉപദേശം നടക്കുന്നത്. വളരെ വായിച്ചതുകൊണ്ടുമാത്രം യഥാര്‍ത്ഥമനുഷ്യരാവില്ല. യഥാര്‍ത്ഥമനുഷ്യരായിരുന്നവരെല്ലാം അപ്രകാരമാക്കപ്പെട്ടത് വ്യക്തിപരമായ സമ്പര്‍ക്കംവഴിക്കാണ്. ഇത്തരം യഥാര്‍ത്ഥമനുഷ്യന്‍ വളരെ കുറവാണെന്നുള്ളതു ശരി. എന്നാല്‍ അവരുടെ എണ്ണം വര്‍ദ്ധിച്ചുവരും. എന്നാലും, നാമെല്ലാവരും ഒരുമിച്ചു തത്ത്വജ്ഞാനികളാകുന്ന ഒരു കാലം വരുമെന്നു വിശ്വസിക്കാന്‍ വയ്യ. ദുഃഖങ്ങളെല്ലാം ഒഴിഞ്ഞ് സര്‍വ്വവും സുഖമയമാകുന്ന ഒരു കാലം വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

വല്ലപ്പോഴുമൊക്കെ പരമോന്നതമായ ആനന്ദം അനുഭൂതമാകുന്ന നിമിഷങ്ങള്‍ നമുക്കുണ്ടാകാറുണ്ട്-അപ്പോള്‍ നമുക്കു മറ്റൊന്നിന്റെയും ആവശ്യം തോന്നുന്നില്ല. മറ്റൊന്നും നാം അറിയുന്നില്ല. മറ്റൊന്നും നല്‍കുന്നുമില്ല. ആനന്ദംമാത്രമറിയുന്നു. ആ നിമിഷം കടന്നുപോകുന്നു. വീണ്ടും വിശാലമായ പ്രപഞ്ചം നമ്മുടെ മുമ്പില്‍ പ്രചലിക്കുന്നു. എല്ലാറ്റിനും പാശ്ചാത്തലമായ ഈശ്വരനില്‍ ചെയ്യപ്പെട്ട ഒരു ശില്പവൈചിത്യ്രമാണതെന്നു നമുക്കറിയാം.

നിര്‍വ്വാണം ഇവിടെവെച്ച് ഇപ്പോള്‍ത്തന്നെ പ്രാപ്യമാണെന്നും അതിനായി മരണംവരെ കാത്തിരിക്കേണ്ടതില്ലെന്നും വേദാന്തം പഠിപ്പിക്കുന്നു. നിര്‍വ്വാണമെന്നാല്‍ ആത്മസാക്ഷാല്‍ക്കാരം; ഒരു നിമിഷത്തേക്കെങ്കിലും അനുഭവപ്പെടുത്തിയവര്‍ പിന്നീടൊരിക്കലും വ്യക്തിത്വമാകുന്ന മരീചികയാല്‍ മുഗ്ദ്ധനാകുന്നില്ല. കണ്ണുള്ളതുകൊണ്ട് നാം മിഥ്യാവസ്തുക്കളെ കാണുന്നു. എന്നാല്‍ അവയെന്താണെന്നു നമുക്കറിയാം. അവയുടെ വാസ്തവപ്രകൃതി നാം കണ്ടെത്തിയിരിക്കുന്നു. ഒരിക്കലും മാറ്റമില്ലാത്ത ആത്മാവിനെ ഒളിപ്പിക്കുന്ന മറയാണ് ഈ മായ. മറ നീങ്ങിയാല്‍, പിന്നിലുള്ള ആത്മാവ് ദൃശ്യമാകുന്നു. മാറ്റങ്ങളെല്ലാം ഈ തിരസ്കരണിയ്ക്കാണ്. പുണ്യാത്മാവില്‍ ഈ തിരസ്കരണി വളരെ നേര്‍ത്തതാകയാല്‍ അതില്‍ക്കൂടി സത്യത്തിന് ഒരുവിധം നന്നായി പ്രകാശിക്കാം. പാപിഷ്ഠനില്‍ ഈ മറ വളരെ കട്ടിയായിരിക്കുന്നു. തന്നിമിത്തം, പുണ്യാത്മാവിലെന്നപോലെ അവനിലെ മറയ്ക്കു പിന്നിലും ആത്മാവുണ്ടെന്ന വസ്തുത നാം മറന്നുപോകാനിടയുണ്ട്. മറ പാടേ നീങ്ങിയാല്‍ അതു സത്യത്തില്‍ ഒരിക്കലും ഉണ്ടായിരുന്നേയില്ലെന്നു നാം കാണുന്നു-നാം എക്കാലവും ആത്മാവുതന്നെയായിരുന്നു, മറ്റൊന്നുമായിരുന്നില്ലെന്ന്. മറതന്നെയും വിസ്മരിക്കപ്പെടുന്നു.

ഈ വിശിഷ്ടജീവിതത്തിന്റെ രണ്ടു ഭാവങ്ങള്‍ ഇവയത്രേ-ഒന്നാമത് ആത്മാവിനെ അറിഞ്ഞ പുരുഷന്‍ യാതൊന്നിനാലും ബാധിക്കപ്പെടുന്നില്ല. രണ്ടാമത്, അത്തരമൊരുവന്നേ ലോകത്തിനു നന്മ ചെയ്യാനാവൂ. അവന്‍മാത്രമാണ് പരനന്മ ആചരിക്കുവാനുള്ള യഥാര്‍ത്ഥപ്രേരകത്തെ മനസ്സിലാക്കിയവന്‍-എല്ലാം ഒന്നുതന്നെ എന്നതാണ് ആ യഥാര്‍ത്ഥപ്രേരകം. അവന്റെ പ്രവര്‍ത്തനം സ്വാര്‍ത്ഥപരമാകാന്‍ വയ്യ. എന്തെന്നാല്‍ സ്വാര്‍ത്ഥം ഭേദകല്‍പ്പനയില്‍നിന്നുളവാകുന്നതാണ്. നിസ്സ്വാര്‍ത്ഥതയെന്നു പറയാവുന്നത് ഈ അവസ്ഥമാത്രം. അതു വ്യഷ്ടികളെയല്ല, സമഷ്ടിയെ ദര്‍ശിക്കുന്ന അവസ്ഥയാണ്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഓരോ ദൃഷ്ടാന്തവും ഈ സമഷ്ടിഭാവത്തിന്റെ പ്രഖ്യാപനമത്രേ. ‘നാഹം, ത്വമേവ.’ അന്യനെ സഹായിക്കുക, എന്തെന്നാല്‍ നിങ്ങള്‍ അവനിലും അവന്‍ നിങ്ങളിലുമാണ് എന്നത്രേ ദാര്‍ശനികഭാഷയില്‍ പറയേണ്ടത്. യഥാര്‍ത്ഥവേദാന്തി മാത്രമേ ഒരു സഹജീവിക്കുവേണ്ടി തന്റെ ജീവനെ ഖേദലേശമില്ലാതെ ത്യജിക്കാന്‍ മുതിരൂ. കാരണം താന്‍ മരിക്കുന്നില്ലെന്ന് അയാള്‍ക്കറിയാം. ഈ ലോകത്ത് ഒരു കീടമെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളംകാലം അവനും ജീവിക്കുന്നു. ഒരു ജീവിയെങ്കിലും ഭക്ഷിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. അതിനാല്‍ അവന്‍ പരഹിതാചരണം അവിരാമം തുടരുന്നു. ശരീരത്തെ കരുതിസ്സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആധുനികാഭിപ്രായങ്ങളൊന്നും വകവെയ്ക്കുന്നുമില്ല. സ്വാര്‍ത്ഥത്യാഗത്തിന്റെ ഈ പടിയില്‍ എത്തുന്നതോടെ ഒരുവന്‍ സാന്മാര്‍ഗ്ഗികമായുള്ള പോരാട്ടത്തിനും സര്‍വ്വത്തിനും അതീതനാകുന്നു. അവന്‍ പണ്ഡിതനിലും പശുവിലും പട്ടിയിലും അതിനീചസ്ഥാനങ്ങളിലും തത്തത്പദാര്‍ത്ഥങ്ങളെയല്ല കാണുന്നത്. എല്ലാത്തിലും അഭിവ്യക്തമാകുന്ന ഒരേ ഈശ്വരസത്തയെയാണ്. അത്തരമൊരുവന്‍മാത്രമാണ് യഥാര്‍ത്ഥസുഖം കൈവന്നവന്‍. ആ സമദര്‍ശിത്വം നേടിയവന്‍ ഈ ജന്മത്തില്‍ത്തന്നെ സാപേക്ഷജീവിതത്തെ മുഴുവന്‍ ജയിച്ചടക്കിയിരിക്കുന്നു. ഈശ്വരനില്‍ പരിശുദ്ധനാണ്. അതിനാല്‍ ഇപ്രകാരമുള്ള മനുഷ്യന്‍ ഈശ്വരനില്‍ വര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. ‘എബ്രഹാമിനും മുമ്പു ഞാനുണ്ട്’ എന്ന് യേശുക്രിസ്തു പറയുന്നു. യേശുവും അവിടുത്തെപ്പോലുള്ളവരും നിത്യമുക്താത്മാക്കളാണെന്നാണ് അതിന്റെ സാരം. കഴിഞ്ഞ കാലത്തു ചെയ്ത കര്‍മ്മങ്ങളുടെ ഫലമായിട്ടല്ല യേശു മനുഷ്യശരീരമെടുത്തത്. മനുഷ്യര്‍ക്കു നന്മചെയ്യാന്‍ മാത്രമാണ്. ഒരുവന്‍ മുക്തനാകുന്നതോടെ ഒരു നിശ്ചലനിര്‍ജ്ജീവവസ്തുവാകുകയല്ല ചെയ്യുന്നത്. പ്രത്യുത മറ്റേതൊരു ജീവിയെക്കാളും സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങുകയാണ്. എന്തെന്നാല്‍ മറ്റെല്ലാ ജീവികളും നിര്‍ബ്ബന്ധത്തിനു വശംവദരായി പ്രവര്‍ത്തിക്കുമ്പോള്‍, മുക്തപുരുഷന്‍മാത്രം സ്വതന്ത്രനായി കര്‍മ്മം ചെയ്യുന്നു.

നാം ഈശ്വരനില്‍നിന്നു അഭിന്നരെങ്കില്‍ നമുക്കു വ്യക്തിത്വമില്ലേ? തീര്‍ച്ചയായും ഉണ്ട് അത് ഈശ്വരന്‍തന്നെ. അതല്ല നിങ്ങള്‍ക്കിപ്പോഴുള്ള വ്യക്തിത്വം. നിങ്ങള്‍ അതിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണ്. വ്യക്തിത്വമെന്നാല്‍ അവികാര്യം എന്നാണര്‍ത്ഥം. ഇപ്പോഴത്തെ നിങ്ങളുടെ നിലയെ വ്യക്തിത്വമെന്ന് എങ്ങനെ പറയാം? നിങ്ങള്‍ ഒരിക്കല്‍ ഒരുവിധം ചിന്തിക്കുന്നു. അടുത്ത മണിക്കൂറില്‍ മറ്റൊരുവിധം. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് മൂന്നാമത്തെവിധം. വ്യക്തിത്വം മാറ്റമില്ലാതെ വര്‍ത്തിക്കേണ്ട ഒന്നാണ്. വികാരങ്ങള്‍ക്കതീതമായി, അവികാര്യമായി, വര്‍ത്തിക്കേണ്ടതാണ്. ഇപ്പോഴത്തെ അവസ്ഥ ശാശ്വതമായി നിലനില്‍ക്കുകയെന്നുവന്നാല്‍, അത് അത്യപകടമാകും. എന്തെന്നാല്‍ അപ്പോള്‍, തസ്കരന്‍ എന്നും തസ്കരനായും, ഖലന്‍ എന്നും ഖലനായുമിരിക്കും. ഒരു ശിശു മരിച്ചുപോയാലും ശിശുവായിത്തന്നെ തുടരണം. യഥാര്‍ത്ഥവ്യക്തിത്വം ഒരിക്കലും മാറ്റം വരാത്തതും മാറ്റം വരാന്‍ നിവൃത്തിയില്ലാത്തതുമാണ്, അതു നമ്മുടെ ഉളളിലെ ഈശ്വരന്‍തന്നെ.

വേദാന്തം ഒരു വിസ്തീര്‍ണ്ണസമുദ്രമാണ്. അതിനുമേലെ ഗംഭീരയുദ്ധക്കപ്പലിനും ചെറിയ കേവുവള്ളത്തിനും അടുത്തടുത്തു കിടക്കാം. അതിനാല്‍ വേദാന്തത്തില്‍ ഒരു മഹായോഗിക്ക് ഒരു വിഗ്രഹാരാധകന്റെയോ ഒരു നാസ്തികന്റെതന്നെയോ കൂടെ ജീവിക്കാം. അത്രമാത്രമല്ല, വേദാന്തത്തില്‍ ഹിന്ദുവും മുഹമ്മദീയനും ക്രിസ്ത്യാനിയും പാഴ്സിയും എല്ലാം ഒന്നുതന്നെ. എല്ലാവരും സര്‍വ്വശക്തനായ ഈശ്വരന്റെ അരുമക്കിടാങ്ങള്‍.