സ്വാമി വിവേകാനന്ദന്‍

വേദാന്തം ബുദ്ധമതത്തിന്റെയും ഭാരതത്തിലുമുള്ള മറ്റെല്ലാത്തിന്റെയും അടിസ്ഥാനമാണ്. എന്നാല്‍ ആധുനികമായ അദ്വൈതമെന്നു പറയുന്ന വിഭാഗത്തില്‍ ബുദ്ധമതക്കാരുടെ ഒട്ടധികം നിഗമനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഹിന്ദുക്കള്‍, യാഥാസ്ഥിതികഹിന്ദുക്കള്‍, അതു തീര്‍ച്ചയായും സമ്മതിച്ചുകൊടുക്കില്ല; എന്തെന്നാല്‍ അവരുടെ ദൃഷ്ടിയില്‍ ബൌദ്ധന്മാര്‍ ശരിയായ ധര്‍മ്മത്തെ, വേദത്തെ അനുസരിക്കാത്തവരാണ്. എന്നാല്‍ അത്തരം അവൈദികമതാവലംബികളെയും ഉള്‍ക്കൊള്ളുമാറ് അദ്വൈതസിദ്ധാന്തത്തെ വ്യാപകമാക്കുവാനുള്ള ഒരു മനഃപൂര്‍വ്വയത്നം നടക്കുന്നുണ്ട്.

വേദാന്തത്തിനു ബുദ്ധമതവുമായി ശണ്ഠയില്ല. എല്ലാ പ്രസ്ഥാനങ്ങളേയും സമന്വയിക്കുകയാണ് വേദാന്താശയം. ഔത്തരാഹ ബുദ്ധമതക്കാരോടു ഞങ്ങള്‍ക്കു ഒട്ടും വഴക്കില്ല . എന്നാല്‍ ബര്‍മ്മക്കാരും സയാംകാരും ദാക്ഷിണാത്യരുമായ ബുദ്ധമതക്കാരെല്ലാം ഒരു ദൃശ്യപ്രപഞ്ചമുണ്ടെന്നു സമ്മതിച്ചശേഷം അതിന്റെ പിന്നില്‍ വേറൊരു പാരമാര്‍ത്ഥികലോകത്തെ സൃഷ്ടിക്കാന്‍ നമുക്കെന്തവകാശം എന്നു ചോദിക്കുന്നു. ഇതിനു വേദാന്തികള്‍ക്കുള്ള ഉത്തരം അതു ദുര്‍വ്വ്യാഖ്യാനമാണെന്നാണ്. പ്രപഞ്ചവും നിഷ്പ്രപഞ്ചവുമെന്ന രണ്ടു ലോകങ്ങളുണ്ടെന്നു വേദാന്തം ഒരിക്കലും വാദിച്ചിട്ടില്ല. ഒരു സത്തയുണ്ട്. അതു ഇന്ദ്രിയങ്ങളില്‍ക്കൂടി ഗ്രഹിക്കപ്പെടുമ്പോള്‍ ദൃശ്യപ്രപഞ്ചമായി കാണപ്പെടുന്നു. എന്നാല്‍ അങ്ങനെ കാണപ്പെടുന്നത് എപ്പോഴും നിഷ്പ്രപഞ്ചസത്തയായിത്തന്നെ വര്‍ത്തിക്കുന്നു. രജ്ജുകാണുന്ന മനുഷ്യന്‍ സര്‍പ്പത്തെ കാണുന്നില്ല. അത് ഒന്നുകില്‍ രജ്ജു അല്ലെങ്കില്‍ സര്‍പ്പം-ഒരിക്കലും രണ്ടുംകൂടിയില്ല. അതുകൊണ്ട് ഞങ്ങളുടെ നിലപാടിനെസ്സംബന്ധിച്ചുള്ള ബുദ്ധമതക്കാരുടെ പ്രസ്താവന-രണ്ടുലോകങ്ങളുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നു പറയുന്നത്-തികച്ചും സത്യവിരുദ്ധമാണ്. അതു വ്യാവഹാരികലോകമാണെന്ന് അവര്‍ക്കു പറയണമെങ്കില്‍, അവര്‍ക്കതിന് അവകാശമുണ്ട്. എന്നാല്‍ അതു നിഷ്പ്രപഞ്ചസത്തയാണെന്നു പറയാന്‍ മറ്റു മനുഷ്യര്‍ക്കുള്ള അവകാശം നിഷേധിക്കാന്‍ അവര്‍ക്കവകാശമില്ല.

ബുദ്ധമതത്തിനു ദൃശ്യപ്രതിഭാസങ്ങളൊഴികെ ഒന്നും വേണ്ട. തൃഷ്ണയിരിക്കുന്നതു പ്രതിഭാസത്തില്‍മാത്രമാണ്. തൃഷ്ണയാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്. ആധുനികവേദാന്തികള്‍ ഈ അഭിപ്രായത്തോടു തീരെ യോജിക്കുന്നില്ല. ‘ഇച്ഛ’യായി പരിണമിച്ച ഒരു വസ്തുവുണ്ടെന്നു ഞങ്ങള്‍ പറയുന്നു. ഇച്ഛ ഒരു കാര്യം, ഒരു സംഘാതം, ആണ്. ഒരിക്കും കേവലവസ്തുവല്ല. ഒരു ബാഹ്യവസ്തുവിന്റെ അഭാവത്തില്‍ ഇച്ഛയേ ഉണ്ടാകാന്‍ തരമില്ല. ഇച്ഛ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന നിലപാട് അസാദ്ധ്യം. എങ്ങനെ സാധ്യമാകും? പുറത്തുനിന്ന് ഉത്തേജനം കൂടാതെയുള്ള ഇച്ഛ വല്ലപ്പോഴും നിങ്ങള്‍ക്ക് അനുഭവമാണോ? ഉത്തേജനം, ആധുനികമനശ്ശാസ്ത്രത്തിന്റെ ഭാഷയില്‍ സിരോത്തേജനം, കൂടാതെ തൃഷ്ണ അങ്കുരിക്കാന്‍ വയ്യ. ഇച്ഛയെന്നത് മസ്തിഷ്കത്തിന്റെ-സാംഖ്യന്മാര്‍ പറയുന്ന ബുദ്ധിയുടെ-പ്രതിപ്രവര്‍ത്തനമാണ്. ഈ പ്രതിപ്രവര്‍ത്തനത്തിനുമുമ്പു പ്രവര്‍ത്തനമുണ്ടാവണം. പ്രവര്‍ത്തനത്തിന് ഒരു ബാഹ്യപ്രപഞ്ചവും വേണം. ബാഹ്യപ്രപഞ്ചമില്ലെങ്കില്‍ സ്വാഭാവികമായി ഇച്ഛയും ഉണ്ടാവില്ല. എന്നിട്ടും നിങ്ങളുടെ സിദ്ധാന്തമനുസരിച്ച് ഇച്ഛയാണ് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്. ഇച്ഛയെ ആരു സൃഷ്ടിക്കുന്നു? ഇച്ഛ പ്രപഞ്ചത്തിന്റെ സഹവര്‍ത്തിയാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ച അതേ സര്‍ജ്ജനശക്തികൊണ്ടുണ്ടായിട്ടുള്ള ഒരു പ്രതിഭാസമാണ് ഇച്ഛ. എന്നാല്‍ തത്ത്വശാസ്ത്രത്തിനു ഇവിടെ അവസാനിക്കാന്‍ വയ്യ. ഇച്ഛ തികച്ചും വ്യക്തിനിഷ്ഠമാണ്. അതിനാല്‍ ഷോപ്പനവരുടെ നിലപാടിനോടു യോജിച്ചു പോകുക സാദ്ധ്യമല്ല. ഇച്ഛ ഒരു സംഘാതമാണ്-അകത്തേതിന്റെയും പുറത്തേതിന്റെയും ഒരു മിശ്രിതം. ഒരാള്‍ ഒരു ഇന്ദ്രിയവുമില്ലാതെ ജനിച്ചുവെന്നു വിചാരിക്കുക-അയാള്‍ക്കു ഇച്ഛ എന്നൊന്നുണ്ടാവില്ല. ഇച്ഛയ്ക്കു പുറത്തുനിന്നു വല്ലതുമൊന്നു വേണം. അകത്തുനിന്നു കുറെ ഊര്‍ജ്ജം തലച്ചോറിനു കിട്ടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഇച്ഛ ഒരു സംഘാതമാണ്- ഈ ഭിത്തിയേയോ അതുപോലെ മറ്റുവല്ലതിനേയോപോലെ ഒരു സംഘാതം. ഈ ജര്‍മ്മന്‍തത്ത്വശാസ്ത്രജ്ഞന്മാരുടെ ഇച്ഛാസിദ്ധാന്തവുമായി ഞങ്ങള്‍ ഒട്ടും യോജിക്കുന്നില്ല. ഇച്ഛതന്നെ പ്രപഞ്ചവസ്തുക്കളില്‍ പെടുന്നു. അതു കേവലവസ്തുവാകാന്‍ വയ്യ. അത് അനേകം പ്രസര്‍ജ്ജിതവസ്തുക്കളില്‍ ഒന്നാണ്. ഇച്ഛയല്ലാത്തൊരു വസ്തുവുണ്ട്. അത് ഇച്ഛയായി അഭിവ്യക്തമാകുന്നു എന്നു പറഞ്ഞാല്‍ എനിക്കു മനസ്സിലാക്കാം. ആ ഇച്ഛയാണ് മറ്റു വസ്തുക്കളെല്ലാമായി അഭിവ്യക്തമാകുന്നതെന്നു പറഞ്ഞാല്‍ മനസ്സിലാക്കുക സാദ്ധ്യമല്ല. എന്തെന്നാല്‍ പ്രപഞ്ചത്തില്‍നിന്നു വിഭിന്നമായി ഇച്ഛയെപ്പറ്റി സങ്കല്‍പ്പിക്കാനേ നമുക്കു വയ്യ. സ്വാതന്ത്യ്രംതന്നെയായ ആ ഒന്ന് ഇച്ഛയാകുമ്പോള്‍, കാലദേശനിമിത്തങ്ങളാണ് അതപ്രകാരമാക്കുന്നത്. കാന്റിന്റെ അപഗ്രഥനം നോക്കുക. ഇച്ഛ ദേശകാലനിമിത്തങ്ങള്‍ക്കുള്ളിലാണ്. ആ സ്ഥിതിക്ക് അതെങ്ങനെ കേവലവസ്തുവാകും? കാലത്തിനുള്ളിലല്ലാതെ ഒരുവനും ഇച്ഛിക്കാന്‍ വയ്യ. ചിന്തകളെല്ലാം അവസാനിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, അപ്പോള്‍ നാം ചിന്തയ്ക്ക് അതീതരാണെന്നറിവാകും. നിരസനംവഴിയാണ് നാം ഈ നിലയിലെത്തുന്നത്. പ്രപഞ്ചത്തെയെല്ലാം നിരസിച്ചുതീരുമ്പോള്‍ ശേഷിക്കുന്നതെന്തോ അതാണത്. അതിനെ വിവരിക്കാന്‍ വയ്യ, അഭിവ്യക്തമാക്കാന്‍ വയ്യ. എന്തെന്നാല്‍ അഭിവ്യക്തി വീണ്ടും ഇച്ഛതന്നെയായിരിക്കും.