ശ്രീ രമണമഹര്‍ഷി

നവംബര്‍ 29, 1935

106. 8.45-നു സ്വാമി യോഗാനന്ദ മറ്റു നാലു പേരുമായി വന്നു. നല്ല ആകൃതി, പ്രശാന്തഗംഭീരമായ മുഖഭാവം, കറുത്തു നീണ്ട തലമുടി തോളോടു ചേര്‍ന്നു കിടന്നിരിന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി സി. ആര്‍. റൈറ്റ്‌ ചോദിച്ചു.

ചോ: ഈശ്വരനെ എങ്ങനെയാണ്‌ സാക്ഷാല്‍ക്കരിക്കേണ്ടത്‌?

ഉ: ഈശ്വരന്‍ അജ്ഞാതവസ്തുവാണ്‌. എന്നാല്‍ ആത്മാവ്‌ എപ്പോഴും കൂടെയുണ്ട്‌. അത്‌ നിങ്ങള്‍ തന്നെയാണ്‌. അടുത്തുള്ളതിനെ വിട്ടിട്ട്‌ ദൂരെയുള്ളതിനെ എന്തിന്‌ നോക്കുന്നു.

ചോ: ഈ അത്മാവ്‌ തന്നെയെന്താണ്‌?

ഉ: ആത്മാവ്‌ ആരാലുമറിയപ്പെടുന്നതാണ്‌. അവ്യക്തമായിട്ടാണെന്നേയുള്ളൂ. നിങ്ങള്‍ ഉണ്ട്‌. ഈ സ്ഥിതി (ഉണ്മ) തന്നെ ആത്മാവ്‌. ഞാനാകുന്നു എന്നാണ്‌ ദൈവത്തിന്റെ പേര്‌. താനായിട്ടവര്‍ ഇരിക്കുന്നു. അതു ബൈബിളില്‍ കുറിക്കപ്പെട്ടിട്ടുള്ളതുപോലെ മറ്റെങ്ങും പൊരുള്‍പെടുത്തി പറയപ്പെട്ടിട്ടില്ല: ‘ഞാന്‍ ഞാനായിരിക്കുന്നവന്‍’ (I am that I am) (പുറപ്പാട്, അദ്ധ്യായം 3). ബ്രഹ്മൈവാഹം, അഹം ബ്രഹ്മാസ്മി, സോഹം എന്നീ പേരുകളുമുണ്ട്‌. എന്നാല്‍ യെഹോവ (I am) എന്ന പേര്‌ ഏറ്റവും കൂടുതല്‍ ശരിയായിട്ടുണ്ട്‌. ശുദ്ധവസ്തു ഉപാധിരഹിതനാണ്‌. അതാത്മാവാണ്‌. അതിനെ അറിഞ്ഞാല്‍ ഈശ്വരനെ അറിയാം. ആത്മാവ് ഈശ്വരനാണ്‌.