ശ്രീ രമണമഹര്‍ഷി

ജനുവരി 21, 1935

ചോ: ഈശ്വരന്‍ സര്‍വ്വാന്തര്യാമിയായിരിക്കവെ ഹിംസ പാടില്ലാത്തതാണെന്നു വിചാരിക്കുന്നു. കൊല ചെയ്തവനെപ്പോലും കൊല്ലാന്‍ പാടില്ലെന്നാണ്‌ കൃസ്ത്യന്‍ രാജ്യങ്ങള്‍ കരുതുന്നത്‌.

ഉ: കൊലക്കുറ്റം ചെയ്യാന്‍ കൊലയാളിയെ പ്രേരിപ്പിച്ചതാര്‌? ആ ശക്തി തന്നെ അവന്‌ ശിക്ഷയും കൊടുക്കുന്നു. സമൂഹമോ രാഷ്ട്രമോ ആ ശക്തിയുടെ കരങ്ങളില്‍ ഉപകരണങ്ങള്‍ മാത്രം. ഒരു ജീവന്റെ ഹിംസയെപ്പറ്റി നിങ്ങള്‍ വ്യാകുലപ്പെടുന്നു. യുദ്ധങ്ങള്‍ മൂലം കണക്കറ്റ ഉയിരുകള്‍ നശിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു

ചോ: ശരിയാണ്‌ ജീവഹാനി, എന്തായാലും, തെറ്റാണ്‌. യുദ്ധങ്ങള്‍ ശരിയാണോ?

ഉ: തന്റെ ആത്മസാക്ഷാല്‍ക്കാരത്തില്‍ ഇരിക്കുന്ന ഒരാളിന്‌ ഒരു ജീവന്റെയോ അനവധി ജീവന്മാരുടെയോ, അല്ലാ, മൂന്നു ലോകങ്ങളിലുമുള്ള എല്ലാവരുടെയുമോ ഹാനിയും ഒന്നു തന്നെ. പക്ഷേ ആ വ്യക്തി തന്നെ ലോകത്തുള്ള സര്‍വ്വ ജീവന്മാരെയും ഹനിച്ചാലും ഒരു പാപവും അവനെ തീണ്ടുകയില്ല. മഹര്‍ഷി ഭഗവദ്‌ഗീത, അദ്ധ്യായം 18, ശ്ലോകം 17 ഉദ്ധരിച്ചു.

” യസ്യ നാഹംകൃതോ ഭാവോ
ബുദ്ധിര്‍യസ്യ ന ലിപൃതേ
ഹത്വാപി സ ഇമാന്‍ ലോകാന്‍
ന ഹന്തി ന നിബദ്ധ്യതേ”

(താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം
തനിക്കല്ലെന്നിരിക്കുന്നവനും തന്റെ ബുദ്ധിയെ തീണ്ടാതിരിക്കുന്നവനും ആയ ആത്മാരാമന്‍, ലോകദൃഷ്ടിക്കു കൊന്നാലും കൊല്ലുന്നവനാവുകയില്ല. അതിന്റെ ഭവിഷ്യത്ത്‌ അവനെ ബാധിക്കുകയുമില്ല.)