സ്വാമി വിവേകാനന്ദന്‍

പരമകുടിയിലെ സ്വാഗതത്തിനു മറുപടി

രാമനാട് വിട്ട് അടുത്തതായി സ്വാമിജി ഇറങ്ങിയ സ്ഥലം പരമകുടിയാണ്. അവിടെ വലുതായ പ്രകടനം നടന്നു: താഴെ ചേര്‍ത്ത സ്വാഗതാശംസ നല്കപ്പെട്ടു.

ശ്രീമദ് വിവേകാനന്ദസ്വാമിന്‍,
പാശ്ചാത്യലോകത്തില്‍ ഏതാണ്ടു നാലു കൊല്ലത്തോളം സഫലമായ ആദ്ധ്യാത്മികപ്രചരണം നടത്തി മടങ്ങുന്ന പൂജ്യനായ അവിടുത്തേക്കു ഹാര്‍ദ്ദമായ സ്വാഗതം ബഹുമാനപുരസ്സരം നല്കാന്‍ പരമകുടിയിലെ പൗരന്മാരായ ഞങ്ങളെ അനുവദിക്കുക.

ഷിക്കാഗോവില്‍വെച്ചു നടത്തിയ മതമഹാസമ്മേളനത്തില്‍ പങ്കെടുക്കാനും, മതപ്രതിനിധികളുടെ മുമ്പില്‍ പുരാതനമായ നമ്മുടെ നാടിന്റെ ദിവ്യവും ഗുപ്തവുമായ സമ്പത്തുകള്‍ ആവിഷ്‌കരിക്കുവാനും അങ്ങയെ പ്രേരിപ്പിച്ച മാനവസ്നേഹം സംജാതമാക്കുന്ന ആനന്ദത്തിലും അഭിമാനത്തിലും നമ്മുടെ നാട്ടാരോടൊപ്പം ഞങ്ങളും പങ്കുകൊള്ളുന്നു. വൈദികസാഹിത്യത്തിലുള്ള ദിവ്യതത്ത്വങ്ങള്‍ക്കു വിശാലമായ വ്യാഖ്യാനം നല്കകൊണ്ട് പ്രാചീനമായ നമ്മുടെ മതത്തിന്നെതിരായി പാശ്ചാത്യരുടെ അഭിജ്ഞമനസ്സില്‍ നിറഞ്ഞുകിടന്ന മുന്‍വിധികള്‍ നീക്കാന്‍ അങ്ങയ്ക്കു കഴിഞ്ഞു: നമ്മുടെ മതം സാര്‍വജനീനമാണെന്നും, എല്ലാക്കാലത്തും എല്ലാത്തരം ബുദ്ധിശക്തിയുള്ളവര്‍ക്കും അതംഗീകാര്യമാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ അങ്ങയ്ക്കു സാധിച്ചു.

ഞങ്ങളുടെ ഇടയില്‍ ഇപ്പോഴുള്ള അങ്ങയുടെ പാശ്ചാത്യശിഷ്യന്മാര്‍ സ്പഷ്ടമായി തെളിയിക്കുന്നു, അങ്ങു നല്കിയ മതോപദേശങ്ങള്‍ താത്ത്വികമായി അംഗീകരിക്കപ്പെടുകമാത്രമല്ല ഉണ്ടായത്, അവ പ്രായോഗികഫലങ്ങള്‍ ഉളവാക്കുകകൂടി ചെയ്‌തെന്ന്. അങ്ങയുടെ ഗംഭീരവ്യക്തിത്വത്തിനുള്ള ആകര്‍ഷകപ്രഭാവം നമ്മുടെ പ്രാചീനരും പരിശുദ്ധരുമായ ഋഷിമാരുടെ സ്മരണയാണ് ഞങ്ങള്‍ക്ക് ഉളവാക്കുന്നത്: തപസ്സും ആത്മനിയന്ത്രണവുംകൊണ്ട് അവര്‍ നേടിയ ആത്മസാക്ഷാത്കാരം അവരെ മനുഷ്യരാശിയുടെ യഥാര്‍ത്ഥനേതാക്കന്മാരും ദേശികന്മാരുമാക്കി ത്തീര്‍ത്തല്ലോ.

ഏറ്റവും ആത്മാര്‍ത്ഥതയോടുകൂടി ഞങ്ങള്‍ അവസാനമായി കരുണാനിധിയായ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു, മനുഷ്യരാശിയെ മുഴുവന്‍ തുടര്‍ന്നനുഗ്രഹിക്കുവാനും അദ്ധ്യാത്മനിഷ്ഠരാക്കുവാനുംവേണ്ടി പരിശുദ്ധനായ അവിടത്തേക്ക് ദീര്‍ഘായുസ്സു നല്കണേ എന്ന്.
സാദരം, അവിടത്തെ എളിയവരും ഭക്തരുമായ ശിഷ്യന്മാര്‍.

മറുപടി പ്രസംഗത്തില്‍ സ്വാമി ഇങ്ങനെ പ്രസ്താവിച്ചു:

എന്നെ സ്വീകരിക്കുന്നതില്‍ നിങ്ങള്‍ കാട്ടിയ ദയാവായ്പിനും ഹാര്‍ദ്ദതയ്ക്കും വേണ്ടത്ര കൃതജ്ഞത പ്രകാശിപ്പിക്കുക അസാദ്ധ്യമത്രേ. എന്നാല്‍ നിങ്ങളുടെ അനുമതിയോടുകൂടി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. എന്റെ നാട്ടുകാര്‍ അങ്ങേയറ്റത്തെ ഹാര്‍ദ്ദതയോടുകൂടി എന്നെ സ്വീകരിക്കട്ടെ, അഥവാ നാട്ടില്‍നിന്ന് എന്നെ ആട്ടിപ്പായിക്കട്ടെ, നാടിനോടും വിശിഷ്യ നാട്ടാരോടുമുള്ള എന്റെ സ്നേഹം അഭിന്നമായി അവശേഷിക്കും. കാരണം, ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നു; മനുഷ്യര്‍ കര്‍മ്മത്തിനുവേണ്ടി കര്‍മ്മം ചെയ്യണം: സ്നേഹത്തിനുവേണ്ടി സ്നേഹിക്കണം എന്ന്. പാശ്ചാത്യലോകത്തില്‍ എനിക്കു ചെയ്യാന്‍ കഴിഞ്ഞ പ്രവൃത്തി അത്യല്പമാണ്. ഇവിടെ കൂടിയവരില്‍ ഒരുവനുപോലും അതിന്റെ നൂറു മടങ്ങു പ്രവൃത്തി ചെയ്യാന്‍ വയ്യാതില്ല. ഞാന്‍ ഉത്കണ്ഠയോടുകൂടി കാത്തിരിക്കുന്നതും അങ്ങനെ ഒരു കാലത്തെയാണ് – ശക്തിയും അതിവിശാലമായ ആദ്ധ്യാത്മികതയും നിറഞ്ഞ മനസ്സോടുകൂടിയവര്‍ ഭാരതത്തില്‍നിന്നു ലോകസീമകളോളം ചെന്ന് ആദ്ധ്യാത്മികതയും ത്യാഗവും പഠിപ്പിക്കുന്ന ഒരു കാലത്തെ. ഭാരതത്തിലെ വനങ്ങളില്‍നിന്നു വന്ന ഈ ആശയങ്ങള്‍ ഭാരതഭൂമിയുടേതുമാത്രമാണുതാനും.

ലോകത്തോടുള്ള ഒരുതരം മടുപ്പ് ജനതകളെ മുഴുവനും ഗ്രസിക്കുന്ന ചില കാലഘട്ടങ്ങള്‍ മാനവചരിത്രത്തില്‍ വരാറുണ്ട്. സശ്രദ്ധം തയ്യാറാക്കിയിട്ടുള്ള തങ്ങളുടെ പരിപാടികളെല്ലാം കൈവിട്ടു വഴുതിപ്പോകുന്നതായി അവര്‍ക്കനുഭവപ്പെടുന്നു. പഴയ വ്യവസ്ഥകളും ചിട്ടകളും തകര്‍ന്നു തരിപ്പണമാകുന്നു. അഭിലാഷങ്ങളെല്ലാം അഴുകിപ്പോകുന്നു: എല്ലാം ഏപ്പു തെറ്റിയ ഒരു മട്ട്.

ലോകത്തില്‍ സാമൂഹ്യജീവിതം കെട്ടിപ്പടുക്കുവാന്‍ രണ്ടുതരം ശ്രമങ്ങളാണുണ്ടായിട്ടുള്ളത്. ഒന്നു മതത്തെ ആധാരമാക്കിയും മറ്റേതു സാമൂഹ്യാവശ്യകതയെ ആധാരമാക്കിയും. ഒന്ന് ആദ്ധ്യാത്മികതയില്‍ അടിയുറച്ചിരുന്നു, മറ്റേത് ഭൗതിക വാദത്തിലും: ഒന്ന് അതീതതാവാദത്തിലും മറ്റേതു യഥാതഥവാദത്തിലും. ഒന്ന്, ഭൗതികമായ ഈ ചെറിയ ഗോളത്തിന്റെ ചക്രവാളത്തിനപ്പുറത്തേക്കു നോക്കുന്നു: ഇവിടം വിട്ടിട്ടും, അവിടെ ജീവിതം ആരംഭിക്കാന്‍ ധൈര്യപ്പെടുന്നു. മറ്റേത്, രണ്ടാമത്തേത്, ഐഹികവസ്തുക്കളില്‍ അടിയുറപ്പിക്കുന്നതില്‍ തൃപ്തിപ്പെടുകയും അവിടെത്തന്നെ കുലുങ്ങാതെ നിലകൊള്ളാമെന്നാശിക്കയും ചെയ്യുന്നു. അദ്ഭുതമെന്നു പറയട്ടെ, ചിലപ്പോള്‍ ആദ്ധ്യാത്മികവശത്തിനു മികവേറുന്നു: ചിലപ്പോള്‍ ഭൗതികവശത്തിനും. അങ്ങനെ, തരംഗക്രമത്തില്‍ അവ പരസ്പരം പിന്‍തുടരുന്നു: ഒരേ നാട്ടില്‍ വിഭിന്നങ്ങളായ ശക്തിപ്രവാഹങ്ങളുണ്ടാകാം. ഒരു കാലത്ത് ഭൗതികാശയങ്ങള്‍ നിറഞ്ഞൊഴുകിയെന്നു വരാം. അപ്പോള്‍ ഈ ജീവിതത്തിലുള്ളതെല്ലാം – അഭ്യുദയവും അധികസുഖഭോഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസവും – ആദ്യം മഹനീയമായിവരും. പിന്നീട് അതിനൊക്കെ അപകര്‍ഷവും അപക്ഷയവുമാകും. അഭ്യുദയത്തോടൊത്തു മനുഷ്യരാശിക്കു സഹജമായ അസൂയകളും വിദ്വേഷങ്ങളും കത്തിക്കാളുകയായി. മത്‌സരവും അലിവറ്റ ക്രൂരതയും ജീവിതയാത്രയുടെ നിയമമായിത്തീരും.

ഇംഗ്ലീഷില്‍ സാമാന്യവും വളരെ ഭംഗിയില്ലാത്തതുമായ ഒരു പഴഞ്ചൊല്ലുണ്ട്; ”ഓരുരുത്തനും അവനവനുവേണ്ടി: പിന്‍പെട്ടവനെ ചെകുത്താന്‍ പിടിക്കട്ടെ.” ഇതാകും ജീവിതത്തിലെ മുദ്രാവാക്യം. അപ്പോള്‍ ജീവിത സംവിധാനമാകെ പരാജയപ്പെടുന്നു എന്നു ജനങ്ങള്‍ കരുതുന്നു. ആദ്ധ്യാത്മികത മുന്നോട്ടുവന്ന്, മുങ്ങാന്‍ തുടങ്ങുന്ന ലോകത്തിനു ഹസ്താവലംബം നല്കാതിരുന്നാല്‍ ലോകം നശിക്കും. വീണ്ടും ലോകത്തിനു പുതുതായി ആശ മുളയ്ക്കുന്നു: പുതിയ ഒരെടുപ്പിനു പുതിയ അടിത്തറ കണ്ടെത്തുന്നു. ആദ്ധ്യാത്മികതയുടെ മറ്റൊരു തരംഗം അടിച്ചു കയറുകയായി. അതും കാലാന്തരത്തില്‍ പഴയപോലെ ക്ഷയിക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ ലോകത്തിലെ ചില ശക്തിവിശേഷങ്ങള്‍ സ്വാവകാശപ്പെടുന്ന ഒരു കൂട്ടമാളുകളെ ആദ്ധ്യാത്മികത മുന്നോട്ടു കൊണ്ടുവരുന്നു. ഉടനടി ഇതിന്നുണ്ടാകുന്ന ഫലം ഭൗതികതയിലേക്കുള്ള പിന്‍വാങ്ങലാണ്. ഇതും വിശേഷാവകാശങ്ങള്‍ക്കുള്ള പല വാതിലുകള്‍ തുറന്നിടുന്നു. അങ്ങനെ മനുഷ്യജാതിയുടെ ആദ്ധ്യാത്മികശക്തികളോടൊപ്പം ഭൗതികശക്തികളും ബഹുമതികളുംകൂടി വളരെ കുറച്ചുപേരുടെ കയ്യിലമരുന്ന കാലഘട്ടം വന്നുചേരുന്നു. സാമാന്യജനതയുടെ പിടലിയില്‍ ഇരുപ്പുറപ്പിക്കുന്ന ഈ കുറേപ്പേര്‍ അവരെ അടക്കി ഭരിക്കുവാന്‍ വെമ്പിത്തുടങ്ങുന്നു. അപ്പോള്‍ സമുദായത്തിന് ആത്മസംരക്ഷണം വേണ്ടിവരുന്നു: ആ സംരക്ഷണം നല്കാന്‍ ഭൗതികവാദം മുന്നോട്ടുവരുകയും ചെയ്യുന്നു.

നമ്മുടെ മാതൃഭൂമിയായ ഭാരതത്തില്‍ നോക്കിയാല്‍ ഇതേ വസ്തുത ഇന്നിവിടെ നിലവിലുള്ളതായി കാണാം. യൂറോപ്പിലെ ഭൗതികവാദം വഴി തുറന്നില്ലായിരുന്നെങ്കില്‍, വേദാന്തം പ്രസംഗിക്കാന്‍ യൂറോപ്പില്‍ പോയ ഒരുവന്നു സ്വാഗതം നല്കുവാനുള്ള നിങ്ങളുടെ ഈ സമ്മേളനം സാദ്ധ്യമാകുമായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ ഭാരതത്തെ രക്ഷിക്കാനാണ് ഭൗതികവാദം വന്നിരിക്കുന്നത്. അതു ജീവിതകവാടങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. ജാതി നല്കുന്ന വിശേഷപരിഗണനകളെ നശിപ്പിച്ചിരിക്കുന്നു. സ്വയം പ്രയോജനപ്പെടുത്താന്‍ കഴിവില്ലാതായ ചുരുക്കം ചിലരുടെ കൈയില്‍ അമര്‍ന്നുമറഞ്ഞിരുന്ന അനര്‍ഘങ്ങളായ ആശയനിധികളെ വാദവിവാദത്തിനു വിധേയമാക്കിയിരിക്കുന്നു. പകുതി, കട്ടും കെട്ടും പോയിരിക്കയാണ്: മറ്റേ പകുതി, തൊഴുത്തിലെ നായയെപ്പോലെ സ്വയം തിന്നാതെയും മറ്റുള്ളവരെ തിന്നാന്‍ വിടാതെയുമുള്ള കുറേ ആളുകളുടെ കൈയില്‍ അടങ്ങിയിരിക്കയുമാണ്. മറിച്ച്, ഭാരതത്തില്‍ നാം ഏതു രാഷ്ട്രീയവ്യവസ്ഥിതികള്‍ക്കുവേണ്ടി പോരിടുന്നുവോ അവ ചിരകാലമായി യൂറോപ്പില്‍ നിലനിന്നുവരികയാണ്, പല ശതകങ്ങളായി പരീക്ഷിതങ്ങളാണ്, അപര്യാപ്തങ്ങളെന്നു തെളിഞ്ഞവയുമാണ്. ഒന്നിനുമേലൊന്നായി രാഷ്ട്രീയഭരണകൂടത്തോടു ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടക്കൂടുകളും മറ്റും വ്യര്‍ത്ഥമെന്നു തീര്‍പ്പെഴുതി തള്ളപ്പെട്ടിരിക്കുന്നു. യൂറോപ്പ് ഇന്ന് അസ്വസ്ഥമാണ്: എങ്ങോട്ട് തിരിയേണ്ടു എന്നറിയുന്നില്ല. ഭൗതികമായ നിപീഡനം വളരെ വമ്പിച്ചതാണ്. ഒരു രാജ്യത്തുള്ള സമ്പത്തും പ്രഭാവവും ജോലി ചെയ്യാത്ത കുറച്ചാളുകളുടെ കൈയില്‍ അകപ്പെട്ടിരിക്കുന്നു. അവരാണ് ദശലക്ഷം മനുഷ്യരുടെ ജോലി നിയന്ത്രിക്കുന്നത്. ഈ പ്രഭാവത്തിലൂടെ അവര്‍ക്ക് ഭൂമുഖമാകെ രക്തത്തിലാഴ്ത്താന്‍ കഴിയും. മതവും മറ്റും അവരുടെ കാല്‍ച്ചുവട്ടില്‍. അവര്‍ ഭരിക്കുന്നു, പരമാധികാരികളായിരിക്കുന്നു. ഒരു പിടി ഷയ്‌ലോക്കുകളാണ് പാശ്ചാത്യലോകത്തെ ഭരിക്കുന്നത്. വ്യവസ്ഥാപിതഭരണകൂടം, സ്വാതന്ത്ര്യം, സ്വാധീനത, പൊതുജനസഭ – ഇവയെപ്പറ്റിയൊക്കെ നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം വെറും നേരംപോക്കുകള്‍മാത്രം.

ഷയ്‌ലോക്കുകളുടെ നിപീഡനത്തില്‍പ്പെട്ടു ഞരങ്ങുകയാണ് പാശ്ചാത്യലോകം: പുരോഹിതന്മാരുടെ നിപീഡനത്തില്‍പ്പെട്ട് പൗരസ്ത്യലോകവും. ഈ ലോകങ്ങള്‍ അന്യോന്യം നിയന്ത്രിക്കണം. ഇവയില്‍ ഒന്നിനുമാത്രം ലോകത്തെ തുണയ്ക്കാമെന്നു കരുതേണ്ട. നിഷ്പക്ഷനായ ഭഗവാന്‍ ഈ പ്രപഞ്ചപരമാണുക്കളെയെല്ലാം തുല്യമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മഹത്തമനായ സിദ്ധനുപോലുമില്ലാത്ത കുറേ ഗുണങ്ങള്‍ അതിനീചനും പൈശാചികനുമായ മനുഷ്യന്നുമുണ്ടാകും. എത്രയും ക്ഷുദ്രമായ കീടത്തിനും അത്യുന്നതമനുഷ്യനില്ലാത്ത ചിലതൊക്കെ ഉണ്ടാകാം. നിങ്ങള്‍ക്കു തോന്നാം, സാധുവായ തൊഴിലാളിക്കു വളരെ കുറച്ചു സുഖാനുഭൂതികളേ ജീവിതത്തിലുള്ളൂ, നിങ്ങള്‍ക്കുള്ള ബുദ്ധി ശക്തിയില്ല, വേദാന്തദര്‍ശനം മനസ്സിലാകയില്ല എന്നും മറ്റും. എന്നാല്‍ നിങ്ങളുടെ ശരീരം അയാളുടേതുമായി താരതമ്യപ്പെടുത്തുക. നിങ്ങളുടേതുപോലെ അയാളുടെ ശരീരം അത്രതന്നെ വേദനയ്ക്കു വിധേയമല്ലെന്നു കാണാം. അയാളുടെ തടിക്കു കൊടിയൊരു മുറിവേര്‍പ്പെടട്ടെ, നിങ്ങളുടെ മുറിവുകളേക്കാള്‍ വേഗം അതുണങ്ങും. അയാളുടെ ജീവിതം ഇന്ദ്രിയങ്ങളിലാണ്. അവിടെയാണ് അയാള്‍ സുഖിക്കുന്നത്. ചിട്ടയും അടുക്കുമുള്ളതാണ് അയാളുടെ ജീവിതം. ഭൗതികവാദം ബുദ്ധി ശക്തി ആദ്ധ്യാത്മികത – ഇവയിലേതിന്റെയെങ്കിലും അധിഷ്ഠാനത്തില്‍, നിഷ്പക്ഷമായി ഭഗവാന്‍ നല്കുന്ന നികപ്പുകള്‍ സമാനമാണ്. അതിനാല്‍ നാമാണ് ലോകോദ്ധാരകന്മാര്‍ എന്ന ചിന്തയരുത്. ഗണ്യമായ പല കാര്യങ്ങളും നമുക്കു ലോകത്തെ പഠിപ്പിക്കാനുണ്ട്: ലോകത്തില്‍നിന്നു പലതും നമുക്കു പഠിക്കാനുമുണ്ട്: ലോകം എന്തു പ്രതീക്ഷിച്ചിരിക്കുന്നുവോ, അതേ നമുക്കു ലോകത്തെ പഠിപ്പിക്കാനാവൂ. ആദ്ധ്യാത്മികമായ അടിത്തറയില്ലെങ്കില്‍ പാശ്ചാത്യപരിഷ്‌കാരം മുഴുവനും അടുത്ത അമ്പതു കൊല്ലത്തിനകം തകര്‍ന്നു തരിപ്പണമാകും. മനുഷ്യരാശിയെ വാള്‍കൊണ്ടു ഭരിക്കാനുള്ള ശ്രമം സര്‍വ്വഥാ വ്യര്‍ത്ഥവും നിരാശാജനകവുമത്രേ. ബലാല്‍ഭരണമെന്നും മറ്റുമുള്ള ആശയങ്ങള്‍ ഏതു കേന്ദ്രങ്ങളില്‍നിന്നു പൊങ്ങിവന്നോ ആ കേന്ദ്രങ്ങള്‍തന്നെയാണ് ആദ്യമേ അപകര്‍ഷം വന്ന് അപക്ഷയിച്ചു ജീര്‍ണ്ണിക്കുന്നതെന്നു കാണാം. സ്വന്തം നിലപാടു മാറ്റാന്‍ കൂട്ടാക്കാത്തപക്ഷം, അടിസ്ഥാനം മാറ്റി ആദ്ധ്യാത്മികതയെ ജീവിതത്തിന്റെ ആധാരമാക്കാത്തപക്ഷം, അടുത്ത അമ്പതു കൊല്ലത്തിനകം ഭൗതികശക്തിയുടെ ആവിഷ്‌കാര കേന്ദ്രമായ യൂറോപ്പ് ഉടഞ്ഞുപൊടിഞ്ഞുപോകും. യൂറോപ്പിനെ സംരക്ഷിക്കാന്‍ പോകുന്നത് ഉപനിഷത്തുകളിലുള്ള മതമാണുതാനും.