സ്വാമി വിവേകാനന്ദന്‍

54.ജാതി ലക്ഷണദേശൈരന്യതാനവച്ഛേദാത്
തുല്യയോസ്തതഃ പ്രതിപത്തിഃ

ജാതിലക്ഷണാദേശൈഃ ജാതി (ഗോത്വാദി)കൊണ്ടും ലക്ഷണം (സാസ്‌നാഭിമത്ത്വം; താടയും മറ്റുമുണ്ടെന്നതു)കൊണ്ടും, ദേശം (നില്ക്കുന്നേടം)കൊണ്ടും, തുല്യയോഃ (തുല്യങ്ങളായ) രണ്ടു വസ്തുക്കളുടെ, അന്യതാനവച്ഛേദാത് ഭേദത്തെ നിര്‍ണ്ണയിക്കാന്‍ കഴിയാത്തതുകൊണ്ട്, തതഃ ക്ഷണതത്ക്രമസംയമം കൊണ്ടുണ്ടായ വിവേകജ്ഞാനത്തില്‍നിന്ന്, ആ തുല്യവസ്തുക്കളുടെ, പ്രതിപത്തിഃ ഭിന്നബോധം യോഗിക്കുണ്ടാകുന്നു.
ജാതി-ലക്ഷണ-ദേശങ്ങളെക്കൊണ്ടു വേര്‍തിരിക്കാനാവാത്ത വസ്തുക്കളെപ്പോലും മേല്പറഞ്ഞ സംയമത്താല്‍ വിവേചിച്ചറിയാം.

നമ്മുടെ സര്‍വദുഃഖങ്ങള്‍ക്കും കാരണം അജ്ഞാനമാകുന്നു, സത്യവും മിഥ്യയും തമ്മില്‍ വിവേചിക്കായ്കതന്നെ. ഈ അവിവേകം നിമിത്തം നാം തിന്മയെ നന്മയായും മിഥ്യയെ സത്യമായും തെറ്റിദ്ധരിക്കുന്നു. ആത്മാവുമാത്രമാണു സത്യമെന്നുള്ള വസ്തുത നാം വിസ്മരിച്ചിരിക്കുന്നു. ദേഹം ഒരു മിഥ്യാസ്വപ്നമാണ്. എന്നിട്ടും നാം ദേഹമാണെന്നു വിചാരിക്കുന്നു. ഇവയെ വിവേചിച്ചറിയാതിരിക്കുന്നത് (ദേഹാത്മ ബുദ്ധി) ആണ്, സര്‍വ്വദുഃഖങ്ങള്‍ക്കും ഹേതു. അതിനു മൂലം അവിദ്യയും. വിവേകജ്ഞാനത്തിന്റെ ഉദയത്തില്‍ വൈരാഗ്യം പ്രബലമാകും. അപ്പോള്‍മാത്രമേ ശരീരത്തെയും സ്വര്‍ഗ്ഗാദി ലോകങ്ങളെയും ദേവന്മാരെയും മറ്റും സംബന്ധിച്ച പ്രത്യയം ത്യജിക്കാന്‍ സാധിക്കൂ. ഈ അവിവേകം ജാതിലക്ഷണദേശങ്ങളെക്കൊണ്ടു വസ്തുക്കളെ വേര്‍തിരിക്കുന്നിടത്താണു പ്രത്യക്ഷമാവുന്നത്. ഉദാഹരണമായി ഒരു പശുവിനെ എടുക്കാം. പശു പട്ടിയില്‍നിന്നു ജാതികൊണ്ടു വ്യത്യസ്തമാണ്. ഇനി, പശുജാതിയില്‍ത്തന്നെ, ഒന്നില്‍നിന്നു മറ്റൊന്നിനെ വിവേചിക്കുന്നതെങ്ങനെ? ലക്ഷണംകൊണ്ട്. ഇനി, ജാതികൊണ്ടും ലക്ഷണം കൊണ്ടും തുല്യമായ രണ്ടു വസ്തുക്കള്‍ ഭിന്നദേശങ്ങളിലിരിക്കുന്നതുകൊണ്ടു നാം അവയെ വേര്‍തിരിക്കുന്നു. ഇവയൊന്നു കൊണ്ടും വേര്‍തിരിക്കാന്‍ വയ്യാത്ത വിധം വസ്തുക്കള്‍ അത്രമാത്രം അവിവിക്തമായിരിക്കുന്നിടത്തും, അവയെ വിവേചിക്കാന്‍ പൂര്‍വ്വോക്താഭ്യാസജന്യമായ വിവേകജ്ഞാനം നമ്മെ സമര്‍ത്ഥരാക്കും. പുരുഷന്‍മാത്രമാണു ജഗത്തില്‍ നിത്യശുദ്ധവും അസംഹതവും പരിപൂര്‍ണ്ണവുമായ കേവലവസ്തു എന്ന തത്ത്വത്തിന്‌മേലാണു പരമോത്കൃഷ്ടമായ യോഗവിജ്ഞാനം സ്ഥാപിതമായിരിക്കുന്നത്. ശരീരവും മനസ്സുമെല്ലാം സംഘാതങ്ങളാണ്. എന്നിട്ടും നാം അവയെ ആത്മാവായി ഭാവിക്കുന്നു. അവയുടെ ഭേദപ്രത്യയം കൈവിട്ടതാണു നമുക്കു പിണഞ്ഞ വലിയ തെറ്റ്. അതറിയാനുള്ള വിവേകശക്തി ലഭിക്കുമ്പോള്‍ കായികവും മാനസികവും (സ്ഥൂലവും സൂക്ഷ്മവും) ആയ സമസ്തപ്രപഞ്ചവും ഒരു സംഘാതമാണെന്നും അക്കാരണത്താല്‍ അവ പുരുഷനല്ലെന്നും യോഗി സാക്ഷാത്കരിക്കുന്നു.

55. താരകം സര്‍വവിഷയം സര്‍വഥാവിഷയം
അക്രമം പേതി വിവേകജം ജ്ഞാനം

വിവേകജം ജ്ഞാനം വിവേകജ്ഞാനം എന്നത്, താരകം സംസാരസാഗരതാരകമാകയാല്‍ താരകവും, സര്‍വ്വവിഷയം എല്ലാ വസ്തുക്കളുടെയും, യഥാര്‍ത്ഥരൂപത്തെ അറിയിക്കുന്നതും, സര്‍വ്വഥാവിഷയം എല്ലാ വിഷയത്തിന്റെയും എല്ലാ അവസ്ഥ യെയും അറിയിക്കുന്നതും, അക്രമം ച ക്രമം വിട്ട് ഒരേ ക്ഷണ ത്തില്‍ത്തന്നെ വസ്തുക്കളെ അറിയാന്‍ ശക്തിയുള്ളതുമാകുന്നു.
സര്‍വ്വവിഷയങ്ങളെയും സര്‍വ്വപ്രകാരെണയും സമകാലത്തില്‍ വിഷയീകരിക്കുന്ന വിവേകജ്ഞാനമാണു താരകജ്ഞാനം.

ഈ വിവേകജ്ഞാനം, യോഗിയെ ജനനമരണമാകുന്ന സംസാരസാഗരം കടത്തിവിടുന്നതിനാല്‍, താരകം എന്നു പറയപ്പെടുന്നു. സ്ഥൂലസൂക്ഷ്മാദ്യവസ്ഥകളിലുള്ള സമസ്തപ്രകൃതിയും ഈ ജ്ഞാനത്തിനു ഗോചരമാണ്. ഈ വിവേകസാക്ഷാത്കാരത്തിനു മുമ്പുപിമ്പ് എന്ന ക്രമവുമില്ല. ഇതു സര്‍വ്വവസ്തുക്കളെയും, ഏകക്ഷണത്തില്‍ ഒരൊറ്റ ദര്‍ശനത്തില്‍ത്തന്നെ ഗ്രഹിക്കുന്നു.

56. സത്ത്വപുരുഷയോഃ ശുദ്ധിസാമ്യേ
കൈവല്യമിതി.

സത്ത്വപുരുഷയോഃ ബുദ്ധിസത്ത്വത്തിന്റെയും പുരുഷന്റെ യും, ശുദ്ധിസാമ്യേ യഥാക്രമം വൃത്തിശൂന്യതയെന്ന ശുദ്ധിയും കല്പിതഭാഗത്യാഗമെന്ന ശുദ്ധിയും സമമായിരിക്കെ, കൈവല്യം പുരുഷന്റെ കേവലീഭാവം (മോക്ഷം) ഉണ്ടാകുന്നു. ഇതി ഇങ്ങനെ (അദ്ധ്യായ സമാപ്തിഃ അദ്ധ്യായം കഴിഞ്ഞു.)
സത്ത്വത്തിനും പുരുഷനും ശുദ്ധിയുടെ സാമ്യമുണ്ടാകുമ്പോള്‍ കൈവല്യം ഉണ്ടാകുന്നു.

ഈ പ്രപഞ്ചത്തില്‍ ദേവന്മാര്‍മുതല്‍ പരമാണുവരെയുള്ള യാതൊന്നിനെയും താന്‍ ആശ്രയിക്കുന്നില്ലെന്നു പുരുഷന്‍ സാക്ഷാത്കരിക്കുമ്പോള്‍, ആ സ്ഥിതിയെ കൈവല്യം (സ്വരൂപ മാത്രാവസ്ഥാനം) എന്നും സംസിദ്ധി (സംപൂര്‍ണ്ണത്വപ്രാപ്തി, മോക്ഷം) എന്നും പറയുന്നു. അതു സിദ്ധിക്കുന്നതു ശുദ്ധ്യശുദ്ധികളുടെ കലര്‍പ്പായ ബുദ്ധിസത്ത്വം പുരുഷനെപ്പോലെ ശുദ്ധമായിത്തീരുമ്പോളാകുന്നു. അപ്പോള്‍ കേവലശുദ്ധിമാത്ര സ്വരൂപനായ പുരുഷനെമാത്രമേ സത്ത്വം പ്രതിഫലിപ്പിക്കുന്നുള്ളു.

വിഭൂതിപാദം സമാപ്തം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 368-371]