സ്വാമി വിവേകാനന്ദന്‍

‘വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍ത്തുമര്‍ഹതി’ (അവ്യയത്തെ നശിപ്പിക്കാന്‍ ആര്‍ക്കും ശക്തിയില്ല) -ഭഗവദ്ഗീത 2.17

മഹാ ഇതിഹാസമായ മഹാഭാരതത്തില്‍ യുധിഷ്ഠിരമഹാരാജാവും ധര്‍മ്മനുമായുള്ള ഒരു പ്രശ്നോത്തരകഥയുണ്ട്. ഈ ലോകത്തില്‍ ഏറ്റവും ആശ്ചര്യമെന്തെന്നു പറയുവാന്‍ ധര്‍മ്മന്‍ ആവശ്യപ്പെട്ടു. ജീവിതത്തിലെ ഓരോ നിമിഷവും തങ്ങള്‍ക്കു ചുറ്റും എവിടെയും മരണത്തെ കണ്ടുകൊണ്ടിരുന്നിട്ടും അവനവന്റെ മരണമില്ലായ്മയില്‍ മാനവവര്‍ഗ്ഗത്തിനുള്ള വിടാത്ത വിശ്വാസമാണ് അത്യാശ്ചര്യം എന്നായിരുന്നു മറുപടി. വാസ്തവത്തില്‍ മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ആശ്ചര്യമാണിത്. പല കാലത്തു പല ശാഖക്കാര്‍ കാര്യം മറിച്ചാണെന്ന് എത്രയൊക്കെ വാദിച്ചിട്ടും, ഇന്ദ്രിയലോകത്തിന്റേയും അതീന്ദ്രിയലോകത്തിന്റേയും ഇടയ്ക്കുള്ള നിഗൂഢതയുടെ നിത്യമറയെ തുളയ്ക്കാന്‍ യുക്തിയ്ക്കു കഴിവില്ലായിരുന്നിട്ടും തനിക്കു മരിക്കാനാവില്ലെന്നു മനുഷ്യനു തികച്ചും ബോധമുണ്ട്.

നമുക്ക് ആയുഷ്കാലം മുഴുവനും പഠിക്കാം. എന്നാലും ഒടുവില്‍ ജീവിതമരണപ്രശ്നത്തെ സാധകമായോ ബാധകമായോ തുറന്നുകാട്ടുന്ന യുക്തിമണ്ഡലത്തിലെത്തിക്കുന്ന കാര്യത്തില്‍ നാം പരാജയമടയും. മനുഷ്യവാഴ്‌വിന്റെ നിത്യതയ്ക്കോ അനിത്യതയ്ക്കോ, അനുകൂലമായോ പ്രതികൂലമായോ നമുക്കു വേണ്ടത്ര പറയാം, എഴുതാം, പ്രസംഗിക്കാം. നമുക്ക് ഈ പക്ഷത്തോ ആ പക്ഷത്തോ തീവ്രവാദികളായിത്തീരാം. സംജ്ഞകള്‍ ശതകണക്കിനു കണ്ടുപിടിക്കാം. അതോരോന്നും മേല്‍ക്കുമേല്‍ സങ്കീര്‍ണ്ണമാകാം. പ്രശ്നം എന്നെന്നേക്കുമായി പരിഹരിച്ചുകഴിഞ്ഞു എന്ന മൂഢതയില്‍ മയങ്ങി ക്ഷണികവിശ്രമം അനുഭവിക്കയും ചെയ്യാം. നമുക്കു സകലശക്തികളോടെ മതപരമായ ഏതെങ്കിലും വിചിത്രാന്ധവിശ്വാസത്തില്‍ ഇഴുകിപ്പിടിക്കാം. അഥവാ അതിലെത്രയോ ഏറേ പ്രതിഷേധ്യമായ ഒരു ശാസ്ത്രീയാന്ധവിശ്വാസത്തിലും പിടച്ചുതൂങ്ങാം. എന്നാലും ഒടുവില്‍ യുക്തിയുടെ കളിക്കളത്തില്‍ ബുദ്ധിയുടെ കാലുകള്‍ ഒന്നിനൊന്നു നാട്ടുകയും വീണ്ടും വീണ്ടും തട്ടിയിടുകയും ചെയ്തുകൊണ്ടു തീരാക്കളി കളിക്കയാണ് നാം ചെയ്യുന്നതെന്നു നമ്മള്‍ കണ്ടുപിടിക്കും. എന്നാലും മനസ്സിന്റെ ഈ വലിവിനും ഞെരിച്ചലിനുമെല്ലാം പിന്നില്‍-വെറും കളിയെന്നതില്‍ക്കവിഞ്ഞ കൂടുതല്‍ അപകടകരമായ ഫലങ്ങളെത്തന്നെ അവ പലപ്പോഴും ഉളവാക്കുന്നില്ലെന്നില്ല-അധൃഷ്ടവും അധൃഷ്യവുമായ ഒരു വസ്തുത നിലകൊള്ളുന്നു. നമ്മുടെ സ്വന്തം വിനാശത്തെ നമ്മുടെ മനസ്സിനു കല്‍പ്പിക്കാനുള്ള കഴിവില്ലായ്മ എന്നു മഹാഭാരതം ചൂണ്ടക്കാണിക്കുന്ന ആ ആശ്ചര്യം. എന്റെ സ്വന്തം വിനാശത്തെ ഭാവനചെയ്യാന്‍പോലും ഞാന്‍ സാക്ഷിയായി മാറിനിന്നു നോക്കേണ്ടിവരും.

ഇനി ഈ വിചിത്രപ്രതിഭാസത്തിന്റെ അര്‍ത്ഥമെന്തെന്നറിയാന്‍ ശ്രമിക്കുന്നതിനുമുമ്പ് ഈ ഒരു വസ്തുതയില്‍ ലോകം മുഴുവന്‍ നിലകൊള്ളുന്നു എന്നു നമുക്കു ധരിക്കേണ്ടതുണ്ട്. ബാഹ്യലോകത്തിന്റെ നിത്യത അന്തര്‍ലോകത്തിന്റെ നിത്യതയോടു അന്യോന്യം ബന്ധപ്പെട്ടതാണ്. ഇതിലൊന്നിന്റെ നിത്യതയെ ഊന്നുകയും മറ്റതിന്റെ നിത്യതയെ തള്ളുകയും ചെയ്യുന്ന ഏതു പ്രപഞ്ചസിദ്ധാന്തവും എത്രതന്നെ സത്യസങ്കാശമായി തോന്നിയാലും, അന്തര്‍ബഹിര്‍ലോകങ്ങളുടെ രണ്ടിന്റെയും നിത്യത ഒരു പ്രേരകഹേതുവാകാതെ, തന്റെ സ്വന്തം യന്ത്രത്തില്‍ത്തന്നെ ബോധപൂര്‍വ്വമായ ഒരൊറ്റ പ്രവൃത്തിയും സാധ്യമല്ലെന്ന് ആ സിദ്ധാന്തി തന്നെ കണ്ടെത്തും. മാനവമനസ്സ് അതിന്റെ സ്വന്തം ഉപാധികളെ അതിക്രമിക്കുമ്പോള്‍ ദ്വിത്വം അഖണ്ഡമായ ഏകത്വത്തില്‍ കലാശിക്കുന്നുവെന്ന് അതു ദര്‍ശിക്കുന്നു. ഇതു തികച്ചും ശരിയാണെങ്കിലും, നിരുപാധികത്തിന്റെ ഇപ്പുറത്ത് വിഷയഭൂതമായ ഈ ലോകം മുഴുവന്‍-എന്നുവെച്ചാല്‍ നമുക്കറിവുള്ള ഈ ലോകം-മാത്രമാണ് വിഷയിക്കുള്ളതായി നമുക്കറിയപ്പെടുന്നതും, അറിയപ്പെടാവുന്നതും. അതുകൊണ്ട് വിഷയിയുടെ വിനാശത്തെ ഭാവനംചെയ്യാന്‍ ആവുന്നതിനു മുമ്പ് വിഷയത്തിന്റെ വിനാശത്തെ ഭാവനചെയ്യാന്‍ നാം നിര്‍ബ്ബദ്ധരാണ്.

ഇത്രയും സുവ്യക്തം ഇനിയാണ് വിഷമം. ഒരു ശരീരമെന്നല്ലാതെ മറ്റൊരുതരത്തിലും എന്നെപ്പറ്റി എനിക്കു സാധാരണ വിചാരിക്കുക സാദ്ധ്യമല്ല. സ്വന്തം നിത്യത്വത്തെക്കുറിച്ചുള്ള എന്റെ ധാരണ ഞാന്‍ ശരീരമാണെന്നുള്ള ധാരണയെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ശരീരം സമസ്തപ്രപഞ്ചവുമെന്നപോലെ അനിത്യമാണെന്നു സ്പഷ്ടം-സദാ കുറഞ്ഞേ വരുന്ന ഒരു സംഖ്യയാണത്.

പിന്നെ എവിടെയാണീ നിത്യം?

നമ്മുടെ ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ആശ്ചര്യവസ്തുതകൂടെയുണ്ട്. അതുകൂടാതെ ആര്‍ക്കു ജീവിക്കാനാവും. ഈ ജീവിതത്തെ ഒരു നിമിഷം ആര്‍ക്ക് ആസ്വദിക്കാനാവും? സ്വാതന്ത്യ്രം എന്ന ആശയമാണത്.

ഈ ആശയമാണ് നമ്മുടെ ഓരോ ചുവടും നയിക്കുന്നത്. നമ്മുടെ ചേഷ്ടകളെ സാദ്ധ്യമാക്കുന്നത്, നമ്മുടെ പരസ്പരബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നത്-പോരാ. മാനവജീവിതത്തിന്റെ ഊടും പാവുംതന്നെ ഇതാണ്. ബുദ്ധിപരമായ ജ്ഞാനം അതിനെ അതിന്റെ രാജ്യത്തുനിന്ന് ഇഞ്ചിഞ്ചായി ഓടിക്കുവാന്‍ നോക്കുന്നു. അതിന്റെ സ്വാധീനതയില്‍നിന്നു സ്ഥാനങ്ങള്‍ ഓരോന്നായി തട്ടിയെടുക്കുന്നു. ഓരോ ചുവടും ഉറപ്പിച്ച് കാര്യകാരണങ്ങളായ റെയില്‍പാളങ്ങള്‍കൊണ്ടു ശക്തമായ അതിരിടുന്നു. എന്നാല്‍ നമ്മുടെ എല്ലാ പരിശ്രമങ്ങളുടേയും നേരെ അതു ചിരിക്കുകയാണ്. അഹോ, യാതൊരു നിയമനിമിത്തപ്പെരുംകൂമ്പാരത്തെക്കൊണ്ടാണോ നാമതിനെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ നോക്കിയത്, അതിന്റെയെല്ലാം മുകളില്‍ നിലകകൊള്ളുകയാണത്! മറ്റുതരത്തില്‍ എങ്ങനെയാകും? പരിമിതത്തിനു തന്നെത്താന്‍ വ്യാഖ്യാനിക്കാന്‍ എപ്പോഴും അതിലും ഉയര്‍ന്ന സാമാന്യമായ അപരിമിതം വേണം. ബദ്ധം സ്വതന്ത്രത്താലും, കൃതം അകൃതത്താലും മാത്രമേ വ്യാഖ്യാതമാവൂ. എന്നാല്‍ ഇതാ അതേ വൈഷമ്യം ഇവിടേയും എന്താണ് സ്വതന്ത്രം? ശരീരമോ അതോ മനസ്സുതന്നെയോ? ജഗത്തിലുള്ള മറ്റെന്തുമെന്നപോലെ അവയും അത്രതന്നെ നിയമബദ്ധമെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ പ്രശ്നം ഈ സന്ദേഹമായിത്തെളിയുന്നു. ഒന്നുകില്‍ ഈ ജഗത്ത് ഒരു അവിരതപരിണാമരാശിയാണ്. അതില്‍ക്കവിഞ്ഞൊന്നുമല്ല; അത് അപരിഹാര്യമായി നിമിത്തനിയമംകൊണ്ട് ബദ്ധമാണ്, ഒരു കണികയ്ക്കും തനതായ ഏകത്വമില്ല. എന്നിട്ടും നിത്യയുടേതും സ്വാതന്ത്യ്രത്തിന്റേതുമായി പിഴുതെറിയാനാവാത്ത ഒരു ഭ്രമത്തെ ആശ്ചര്യകരമായവിധം അതുളവാക്കുകയും ചെയ്യുന്നു; അല്ലെങ്കില്‍ മാനവമനസ്സിന്റെ അടിസ്ഥാനവിശ്വാസം ഒരു ഭ്രമമല്ലെന്നു കാണിക്കുന്ന, നിത്യവും സ്വതന്ത്രവുമായ, എന്തോ ഒന്നു നമ്മിലും ജഗത്തിലുമുണ്ട്. ഉയര്‍ന്ന സാമാന്യത്തിലേക്കു കൊണ്ടുവന്നു വസ്തുതകളെ വ്യാഖ്യാനിക്കുകയാണ് ശാസ്ത്രത്തിന്റെ കര്‍ത്തവ്യം. അതുകൊണ്ട്, വ്യാഖ്യേയമായ വസ്തുതയുടെ ഒരംശത്തെ ആദ്യമേ നശിപ്പിച്ച് അവശിഷ്ടത്തില്‍ സ്വയം ഇണങ്ങിക്കൊള്ളുവാന്‍ നോക്കുന്ന ഒരു വ്യാഖ്യാനം ശാസ്ത്രീയമല്ല, മറ്റെന്തായാലും.

അതുകൊണ്ട്, നിത്യപ്രവൃത്തവും സര്‍വ്വത്ര ആവശ്യവുമായ സ്വാതന്ത്രാശയം എന്ന വസ്തുതയെ അവഗണിക്കാന്‍ നോക്കുന്ന വ്യാഖ്യാനം വസ്തുതയുടെ അംശത്തെ തള്ളി അവശിഷ്ടത്തെ വ്യാഖ്യാനിക്കുന്ന മുന്‍പറഞ്ഞ അതേ പിഴവു ചെയ്യുന്നു. അതുകൊണ്ട് ഇതു തെറ്റുമാണ്. അപ്പോള്‍ ഒരൊറ്റ പോംവഴി, നമ്മുടെ പ്രകൃതിക്കു യോജിച്ചവിധം സ്വതന്ത്രവും നിത്യവുമായി എന്തോ ഒന്നു നമ്മിലുണ്ടെന്ന് അംഗീകരിക്കയാണ്.

എന്നാല്‍ അതു ശരീരമല്ല, മനസ്സുമല്ല. ശരീരം അനുനിമിഷം നശിക്കുന്നു. മനസ്സു സദാ പരിണമിക്കുന്നു. ശരീരം ഒരു സംഘാതമാണ്. അതുപോലെ മനസ്സും. അന്നിലയില്‍ അവയ്ക്കു പരിണാമത്തെക്കവിഞ്ഞ ഒരു നില പ്രാപിക്കാനാവില്ല. എന്നാല്‍ ക്ഷണികമായ ഈ ഭൌതിക കോശത്തിനപ്പുറത്ത്, സൂക്ഷ്മതരമായ മാനസകോശത്തിനുമപ്പുറത്ത്, ആത്മാവുണ്ട്, മനുഷ്യന്റെ സത്യസ്വരൂപം നിത്യവും നിത്യമുക്തവും. അവന്റെ സ്വാതന്ത്യ്രമാണ് വിചാരത്തിന്റേയും ജഡത്തിന്റേയും അടുക്കുകളിലൂടെ അരിച്ചിറങ്ങുന്നത്, നാമരൂപങ്ങളുടെ നിറപ്പുകളിരുന്നിട്ടും അനന്യബദ്ധമായ സ്വസത്തയെ നിത്യവും മികച്ചതാക്കുന്നത്. അവന്റെ അമൃതത്വം, അവന്റെ ആനന്ദം, അവന്റെ ശാന്തി, അവന്റെ ദിവ്യത-അതാണ് അജ്ഞാനത്തിന്റെ ഏറ്റവും കന്നത്ത അടുക്കുകളിരുന്നിട്ടും പുറമേ പ്രകാശിക്കുന്നതും. അനുഭവഗോചരമാവുന്നതും. അവനാണ് പരമാര്‍ത്ഥമനുഷ്യന്‍, അഭയന്‍, അമൃതന്‍, സ്വതന്ത്രനായ ഏകന്‍.

ബാഹ്യശക്തിക്കൊന്നിനും പ്രഭാവം ചെലുത്താനോ വികാരപ്പെടുത്താനോ ഒട്ടും ആകാത്തപ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സാധ്യമാകുന്നത്. എല്ലാ അവസ്ഥകള്‍ക്കും, എല്ലാ നിയമങ്ങള്‍ക്കും കാര്യകാരണങ്ങളായ എല്ലാ ബന്ധങ്ങള്‍ക്കും അതീതനായവന്നേ സ്വാതന്ത്ര്യം സാദ്ധ്യമാവൂ. മറ്റുതരത്തില്‍ പറഞ്ഞാല്‍, അവികാര്യന്നുമാത്രമേ സ്വതന്ത്രനും അതുകൊണ്ട് അമൃതനുമാകാന്‍ സാധിക്കൂ. ഈ സത്ത, ഈ ആത്മാവ് സ്വതന്ത്രവും അവികാര്യവും യഥാര്‍ത്ഥവുമായ ഈ മനുഷ്യസ്വരൂപം, എല്ലാ അവസ്ഥകള്‍ക്കും അതീതമാണ്. ആ നിലയില്‍ അതിനു ജന്മമില്ല, മരണവുമില്ല.

‘അജനും അമരനും നിത്യനും ശാശ്വതനുമാണ്. മനുഷ്യാത്മാവ്.’