സ്വാമി വിവേകാനന്ദന്‍

“സര്‍വ്വവേദങ്ങളും ഏതിനെ ഘോഷിക്കുന്നുവോ, സര്‍വ്വതപസ്സുകളും ഏതിനെ പ്രഖ്യാപനം ചെയ്യുന്നുവോ, ഏതിനെ പ്രാപിപ്പാന്‍ ജനങ്ങള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നുവോ, അതിനെ ഒറ്റവാക്കില്‍ പറയാം ഓം എന്ന്”. വേദങ്ങളെല്ലാം ഓംകാരത്തെ വളരെ പുകഴ്ത്തിപ്പറയുന്നുണ്ട്. അതിനെ ദിവ്യമാക്കീട്ടുണ്ട്.

ശരീരനാശത്തില്‍ മനുഷ്യന്റെ സ്ഥിതിയെന്ത് എന്നുള്ള ചോദ്യത്തിന് യമന്‍ ഉത്തരം പറയുന്നു; ‘ഈ വിപശ്ചിത് (ജ്ഞാനി-ആത്മാവ്) മരിക്കുന്നില്ല, ജനിക്കുന്നില്ല, മറ്റൊന്നില്‍നിന്നുണ്ടാകുന്നില്ല. അതില്‍നിന്നു മറ്റൊന്നും ഉണ്ടാകുന്നില്ല. ജനിക്കാത്തവനും, നിത്യനും ഏതു കാലത്തുമുള്ളവനും പുരാണനുമായ ഈ ആത്മാവ് ദേഹനാശത്തില്‍ നശിക്കില്ല. ഞാന്‍ കൊല്ലുന്നു എന്നു വിചാരിക്കുന്നവനും എന്നെ കൊല്ലുന്നു എന്നു വിചാരിക്കുന്നുവനും, രണ്ടുപേരും, വാസ്തവമറിയുന്നില്ല: ആത്മാവ് കൊല്ലുകയില്ല: അതിനെ കൊല്ലുവാനും കഴിയില്ല.” എത്രയും ഗംഭീരമായ സംഗതി.

ആദ്യപാദത്തിലെ വിപശ്ചിത് (ജ്ഞാനി) എന്ന വിശേഷണം ശ്രദ്ധിക്കണം. സര്‍വ്വജ്ഞാനവും നൈര്‍മ്മല്യവും സ്വതവെ ആത്മാവിലുണ്ട്. പ്രകാശനത്തില്‍ ഏറ്റക്കുറവുണ്ടെന്നേയുള്ളൂ. ഇതാണ് വേദാന്തദര്‍ശനമെന്ന് നമുക്കു വഴിയേ കാണാം. മനുഷ്യര്‍ക്കു തമ്മിലും, സൃഷ്ടിയില്‍ ഏതു വസ്തുക്കള്‍ക്കു തമ്മിലുള്ള വ്യത്യാസം മാത്രയില്‍ മാത്രം, ആന്തരപ്രകൃതിയിലല്ല. ഓരോന്നിന്റെയും അധിഷ്ഠാനവും സത്തയും നിത്യശുദ്ധമുക്താനന്ദം ഒന്നുതന്നെ. മഹര്‍ഷിയിലും മഹാപാപിയിലും, സുഖിയിലും ദുഃഖിയിലും, സുരൂപനിലും വിരൂപനിലും, മനുഷ്യരിലും തിര്യക്കുകളിലും ഒറ്റ ആത്മാവുതന്നെ. അതു സ്വയം പ്രകാശമാണ്. പ്രകാശനത്തില്‍ മാത്രമാണ് വ്യത്യാസം. ചിലരില്‍ അധികപ്രകാശം, ചിലരില്‍ അല്പപ്രകാശം. എന്നാല്‍ ഈ പ്രകാശനവ്യത്യാസം ആത്മാവിനെ ബാധിക്കുന്നില്ല. വസ്ര്തധാരണത്തില്‍ ഒരാളുടെ ശരീരം മറ്റൊരാളുടേതിനെക്കാളേറെ പുറത്തു കാണുന്നുണ്ടെങ്കില്‍ ആ വ്യത്യാസം വസ്ര്തകൃതമെന്നല്ലാതെ ശരീരകൃതമല്ല.

നന്മ, തിന്മ എന്നു രണ്ടു ഭിന്ന വസ്തുക്കള്‍ വേദാന്തത്തിലെങ്ങുമില്ലെന്ന് ഓര്‍മ്മവെയ്ക്കണം. ഒറ്റ വസ്തുതന്നെ നല്ലതോ ചീത്തയോ ആകാം, മാത്രയിലാണ് വ്യത്യാസം. എനിക്ക് ഇന്നു സുഖകരമായ വസ്തു, നാളെ ഞാന്‍ കുറേക്കൂടെ നല്ല സ്ഥിതിയിലാകുമ്പോള്‍, ദുഃഖപ്രദമാകാം. നമുക്കു സുഖമായ ചൂടു തരുന്ന തീതന്നെ മതി നമ്മെ പൊള്ളിക്കാന്‍. അതു തീയുടെ ദോഷമല്ല. ആത്മാവ് പരിശുദ്ധവും പരിപൂര്‍ണ്ണവുമായിരിക്കെ അധര്‍മ്മമാചരിക്കുന്നവന്‍ പ്രകൃതിക്കു തീരെ വിരോധമാണാചരിക്കുന്നത്. അയാള്‍ സ്വപ്രകൃതി ഇന്നതെന്നറിയുന്നില്ല. ഘാതകനിലും നിര്‍മ്മലമായ ആത്മാവാണുള്ളത്. അതു നശിക്കുന്നില്ല, അവന്‍ അതിനെ മറച്ചിരിക്കുന്നു. അതിനെ പ്രകാശിപ്പിക്കാന്‍ കഴിഞ്ഞില്ല. അത് അവന്റെ തെറ്റ്. എന്നെ കൊല്ലുന്നു എന്നു വിചാരിക്കുന്നവനിലും അതേ ആത്മാവുണ്ട്. അതു നിത്യമാണ്. അതിനെ കൊല്ലുവാനോ നശിപ്പിക്കാനോ കഴിയില്ല. “അണുവിനേക്കാള്‍ അത്യന്തം അണുവായാലും മഹത്തിനെക്കാള്‍ അത്യന്തം മഹത്തായുമിരിക്കുന്ന സര്‍വ്വേശ്വരന്‍ സര്‍വ്വമനുഷ്യരുടേയും ഹൃദയഗഹ്വരത്തിലുണ്ട്. നിര്‍മ്മലന്‍മാരായി ശോകമോഹങ്ങളെ ത്യജിച്ചവര്‍ ഈശ്വരകൃപകൊണ്ട് അതു സാക്ഷാല്‍ക്കരിക്കുന്നു. അശരീരിയായി ശരീരത്തില്‍ വര്‍ത്തിച്ചും, വ്യാപ്തിയില്ലാതെ സര്‍വ്വദേശത്തേയും വ്യാപിച്ചതുപോലെയും അഖണ്ഡമായും സര്‍വ്വഗമായും ഇരിക്കുന്ന ആ ആത്മാവിനെ ആവിധം അറിഞ്ഞ് ജ്ഞാനികള്‍ ദുഃഖം കടന്നുപോകുന്നു.”

“ഈ ആത്മാവു വാഗ്വിലാസംകൊണ്ടു ലഭ്യമല്ല: തീക്ഷ്ണബുദ്ധിയും അതിനു മതിയാകാ: സര്‍വ്വവേദാധ്യയനത്താലും അതു പ്രാപിക്കാവതല്ല.” എന്തു ധീരവചനം! ഋഷിമാര്‍ അതിധീരബുദ്ധികളായിരുന്നു എന്ന് ഞാന്‍ മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവരുടെ വിചാരഗതിക്ക് ഒരു തടസ്സവുമുണ്ടായിട്ടില്ല. വേദങ്ങളെപ്പറ്റി നിങ്ങള്‍ക്കുള്ള ഭാവന അത് ഈശ്വരന്‍ ഒരാളുടെ ഹൃദയത്തില്‍ ഉദിപ്പിച്ചു എന്നാണല്ലോ. ഭാരതീയ വിശ്വാസപ്രകാരമാകട്ടെ പദാര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുന്നതുതന്നെ അതുകള്‍ വേദത്തിലുള്ളതുകൊണ്ടാണ്. വേദത്തില്‍നിന്നും അതു വഴിക്കുമാണ് സൃഷ്ടിയുണ്ടായത്. ജ്ഞാനമെന്നുള്ളതെല്ലാം വേദത്തിലുണ്ട്: അതില്‍ ഓരോ വാക്കും ദിവ്യമാണ്: ആത്മാവിനെപ്പോലെ നിത്യവും ആദ്യന്തവിഹീനവുമാണ് അത്: സൃഷ്ടികര്‍ത്താവിന്റെ മനസ്സ് മുഴുവന്‍ വേദത്തിലുണ്ടെന്നു പറയാം: ആ നിലയിലാണ് വേദത്തെ വെച്ചിരിക്കുന്നത്. ഇന്നതു ധര്‍മ്മമാണെന്ന് എങ്ങനെ പറയാം? വേദം അങ്ങനെ പറഞ്ഞിരിക്കകൊണ്ട്. മറ്റൊന്ന് അധര്‍മ്മമാകുന്നതെന്തുകൊണ്ട്? അതും വേദവചനംകൊണ്ട്. ഇങ്ങനെയെല്ലാമിരുന്നിട്ടും, നോക്കുക, സര്‍വ്വവേദാദ്ധ്യയനത്താലും തത്ത്വദര്‍ശനമുണ്ടാകാവുന്നതല്ലെന്നു ഘോഷിക്കുന്ന മഹര്‍ഷിമാരുടെ ധീരത! “ആര്‍ക്ക് ഈശ്വരപ്രസാദമുണ്ടോ അവര്‍ക്ക് ഈശ്വരന്‍ സ്വയം പ്രത്യക്ഷനാകുന്നു” എന്നാണവര്‍ പറഞ്ഞിരിക്കുന്നത്. ഇത് ഒരു പക്ഷപാതംപോലിരിക്കുന്നില്ലേ എന്നൊരാക്ഷേപമുണ്ടാകാം. അതിനു യമന്‍ സമാധാനം പറയുന്നു; “ദുശ്ചരിതന്‍മാരായി മനശ്ശാന്തിയില്ലാത്തവര്‍ക്കു തത്ത്വപ്രകാശമുണ്ടാവില്ല: മനഃശുദ്ധിയും കര്‍മ്മശുദ്ധിയുമുള്ളവരായി ഇന്ദ്രിയങ്ങളെ ജയിച്ചിട്ടുള്ളവര്‍ക്ക് ആത്മാവ് സ്വയം പ്രത്യക്ഷമാകുന്നു.”

ഇവിടെ ഒരു സുന്ദരരൂപകം; ആത്മാവിനെ തേരാളിയായി ഭാവന ചെയ്യുക. ശരീരം തേര്: ബുദ്ധി തേര്‍തെളിക്കാരന്‍, മനസ്സു കടിഞ്ഞാണ്‍, ഇന്ദ്രിയങ്ങള്‍ കുതിരകള്‍. തേര്‍തെളിക്കാരന്‍ (ബുദ്ധി) കുതിരകളെ അടക്കി കടിഞ്ഞാണ്‍ മുറുകെ പിടിച്ച് അവയെ പാട്ടില്‍ തെളിച്ചാല്‍ തേരാളി പ്രാപ്യസ്ഥാനത്തെത്തും. ആ സ്ഥാനം വിഷ്ണുപദംതന്നെ. കടിഞ്ഞാണ്‍ മുറുകെപ്പിടാക്കാതെയും കുതിരകള്‍ പാട്ടിലല്ലാതെയുമിരുന്നാലോ തേരാളി ദുര്‍ഘടത്തില്‍ ചെന്നു ചാടും. സര്‍വഭൂതങ്ങളിലും കുടികൊള്ളുന്ന ഈ ആത്മാവ് നമ്മുടെ കണ്ണുകള്‍ക്കോ മറ്റിന്ദ്രിയങ്ങള്‍ക്കോ ഗോചരമല്ല. ആരുടെ ബുദ്ധിയാണോ ശുദ്ധവും സൂക്ഷ്മവുമായിരിക്കുന്നത് അവര്‍ ആത്മാവിനെ സാക്ഷാത്കരിക്കും. സര്‍വശബ്ദങ്ങള്‍ക്കും സര്‍വരൂപങ്ങള്‍ക്കും അപ്പുറമായി, ആകാരങ്ങള്‍ക്കുമപ്പുറം, കേവലമായി, സര്‍വരസസ്പര്‍ശങ്ങളെയും അതിക്രമിച്ച് അപാരവും അനാദിയും അനന്തവുമായി, പ്രകൃതിക്കും പരമായി, വികാരരഹിതമായി വര്‍ത്തിക്കുന്ന ആത്മാവിനെ സാക്ഷാത്കരിക്കുന്നവന്‍ മൃത്യുവക്ത്രത്തില്‍ അകപ്പെടാതെ കഴിയും. അതു വളരെ പ്രയാസം. അത് ഒരു കത്തിവായ്‌മേല്‍ നടക്കുന്നതുപോലെ ദുഷ്‌കരമാണ്: വഴിയോ ദീര്‍ഘം, ആപത്കരം. എങ്കിലും നിരാശപ്പെടാതെ പ്രയത്‌നിക്കുക. എഴുന്നേല്‍ക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക.

[സാക്ഷാല്‍ക്കാരം (ലണ്ടന്‍ പ്രസംഗം, ഒക്‌ടോബര്‍ 29, 1896) -നിന്നുള്ള ഭാഗം]