ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: ഒരേ നിഷ്ഠയെ ഇടവിടാതെ ഭാവിക്കുന്നതുമൂലമോ ചര്‍ച്ച ചെയ്യുന്നതുകൊണ്ടോ ആ ഭാവന തന്നില്‍ പതിഞ്ഞു നില്‍ക്കുമല്ലോ. അതിനാല്‍ ഭാവനയില്‍ക്കൂടിയല്ലാതെ എല്ലാത്തിനും ആദിയും അതിസൂക്ഷ്മവും ചിന്തയ്ക്കു തൊടാനൊക്കാത്തതും അവ്യക്തം പോലിരിക്കുന്നതും ആയ അഹംവൃത്തിയും ഒടുങ്ങണമല്ലോ?

ഉ: അതെ, അതെ, അത്‌ വെട്ടാവെളിയോ കണ്ണഞ്ചിക്കുന്ന പ്രകാശമോ പോലിരിക്കും.

ചോ: ആ കേന്ദ്രത്തില്‍ മനസ്സിനെ കേന്ദ്രീകരിച്ച്‌ നിറുത്താന്‍ സാധിക്കുമോ? എങ്ങനെ?

ഉ: മനസ്സു ചലിച്ചാല്‍ അതറിയുന്നതാരെന്നുടനെ കേള്‍ക്കുക. ആ അന്വേഷണം തിരിയെ ഞാനെന്നതില്‍ ചെന്നു നില്‍ക്കും.

ചോ: അങ്ങനെ മനസ്സിനെ ഹൃദയത്തില്‍ തന്നെ എത്ര നേരം വച്ചുകൊണ്ടിരിക്കാനൊക്കും?

ഉ: അത്‌ അഭ്യാസബലത്തെ അനുസരിച്ചായിരിക്കും. അഭ്യാസം കൊണ്ട്‌ ഈ വൈഭവത്തിന് ഉല്‍ക്കര്‍ഷം സിദ്ധിക്കും.

ചോ: ശരി, അങ്ങനെ മനസ്സിനെ കഴിയുന്നിടത്തോളം അടക്കിവയ്ക്കാം, അവസാനം എന്തു സംഭവിക്കും?

ഉ: സംഭവിക്കുന്നതെന്ത്‌? വീണ്ടും പൂര്‍വ്വസ്ഥിതിയില്‍തന്നെയിരിക്കും. എല്ലാം ഒന്നേയെന്നത്‌ മാറി നാനാത്വങ്ങളെ വീണ്ടും ദര്‍ശിക്കും. ഇതിനെയാണ്‌ ബഹിര്‍മുഖ ദൃഷ്ടിയെന്നു പറയുന്നത്‌. അന്തര്‍മ്മുഖദൃഷ്ടിയെ ഉപശാന്തമെന്നു പറയുന്നു.

ചോ: ഇതെല്ലം ബുദ്ധിയുടെ പ്രകാശമാണോ അതോ ബുദ്ധിയെയും കടന്ന ഏതെങ്കിലും അനുഭൂതിയോ?

ഉ: ബുദ്ധിക്കും അതീതമായുള്ളതാണത്‌.

ചോ: മനസ്സ്‌ ബുദ്ധിയിലൊടുങ്ങിയാല്‍ ചിന്തയൊഴിയുമെന്നു പറഞ്ഞതെങ്ങനെ?

ഉ: ഗുരൂപദേശത്തിലുള്ള വിശ്വാസം കൊണ്ട്‌ സ്ഥിരബുദ്ധിയായിത്തീര്‍ന്നവന്റെ മുന്‍പില്‍ ചിന്തയെല്ലാം താനേ ഒഴിയും.

ചോ: ഇതിന്റെയെല്ലാം പ്രയോജനമെന്താണ്‌?

ഉ: മനോജയവും ഏകാഗ്രതയും, കാമാദിജയം, വൈരാഗ്യലാഭം, സദ്‌വിചാരം, സമത്വബോധം എന്നിവ.

ചോ: എന്തിനാണിങ്ങനെ ചിന്തിക്കാന്‍ കഴിയാത്തതിനെപ്പറ്റി ചിന്തിച്ച്‌ സ്വയം മയങ്ങുന്നത്‌? ജ്യോതിര്‍ദ്ദര്‍ശനം, പ്രാണായാമം, നാദാനുസന്ധാനം, പ്രണവോച്ചാരണം തുടങ്ങിയവ അഭ്യസിച്ചുകൂടെ?

ഉ: ദീപാദികളെ ഉറ്റു നോക്കിക്കൊണ്ടിരുന്നാല്‍ അപ്പോഴത്തേക്ക്‌ മനസ്സിനു ഒരു വിധം ലയം ഉണ്ടാക്കും. അതുകൊണ്ടുള്ള പ്രയോജനം? പ്രാണായാമത്തിന്റെയും നാമാനുസന്ധാനത്തിന്റെയും കഥയും അതു തന്നെ. ഈശ്വരാനുഗ്രഹത്തെ ഓര്‍മ്മിച്ചുള്ള മന്ത്രജപം മാത്രം ചിത്തശുദ്ധിയെ കൊടുക്കും. അതുമൂലം ഉയര്‍ന്ന പദവി ഉണ്ടാകും.