സ്വാമി വിവേകാനന്ദന്‍

രണ്ടു ശക്തികള്‍ ഒന്നോടൊന്ന് ഒപ്പത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. ഒന്ന് ‘അഹം’ (ഞാന്‍) എന്നും മറ്റേത് ‘നാഹം’ (ഞാന്‍ അല്ല) എന്നും മുഴക്കുന്നു. ആ രണ്ടിന്റെയും പ്രകാശനം മനുഷ്യനില്‍ മാത്രമല്ല മൃഗങ്ങളിലുമുണ്ട്: മൃഗങ്ങളില്‍മാത്രമല്ല, ഏറ്റവും എളിയ പുഴുക്കളിലുമുണ്ട്. മനുഷ്യന്റെ ചുടുചോരയില്‍ തേറ്റപ്പല്ലുകള്‍ ആഴ്ത്തിയിരിക്കുന്ന പെണ്‍പുലി തന്റെ കുഞ്ഞിനെ രക്ഷിപ്പാന്‍, വേണ്ടി വന്നാല്‍, സ്വജീവനെപ്പോലും ബലികൊടുക്കും. സ്വസഹോദരന്‍മാരുടെ ജീവിതം കവരുവാന്‍ ഒരു കൂസലുമില്ലാത്ത പരമദുഷ്ടന്‍ പട്ടിണികിടക്കുന്ന ഭാര്യയേയും മക്കളേയും രക്ഷിപ്പാന്‍ സ്വന്തജീവനെത്തന്നെ നിശ്ശങ്കം അറുതിപ്പെടുത്തിയേക്കും. ഇങ്ങനെ സൃഷ്ടിയിലെവിടെയും ഈ ശക്തികള്‍ രണ്ടും ഇരുവശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നിനെ കാണുന്നേടത്ത് മറ്റേതിനെയും കാണാം. ഒന്നു സ്വാര്‍ത്ഥം, മറ്റേത് നിഃസ്വാര്‍ത്ഥത (പരാര്‍ത്ഥം). ഒന്നു പരിഗ്രഹം മറ്റേതു പരിത്യാഗം. ഒന്നു എടുക്കുന്നു, മറ്റേതു കൊടുക്കുന്നു. ഈ ജഗത്തു മുഴുവനും, അടിതൊട്ടു മുടിവരെ, ഈ ഇരുശക്തികളുടെ ലീലാരംഗമാണ്. ഇതു തെളിയിച്ചു കാണിക്കേണ്ടതില്ല. സര്‍വ്വപ്രത്യക്ഷമാണ്.

എന്നിരിക്കെ ജഗത്തിന്റെ മുഴുവന്‍ വ്യാപാരത്തിനും പരിണാമത്തിനും ഇടയില്‍ ഒരു ഘടകത്തെമാത്രം – പരസ്പരസംഘര്‍ഷത്തെയും ബലപരീക്ഷയേയും മാത്രം – ആസ്പദമാക്കുവാന്‍ ഒരു സമുദായശാഖയ്ക്ക് അവകാശമെന്ത്? ദ്വേഷവുത്മം സംഘട്ടനവും, കിടമത്‌സരവും മല്പിടുത്തവും – ഇതിനെ ആസ്പദിച്ചാണ് ജഗദ്യാപാരം നടക്കുന്നതെന്നു വാദിപ്പാന്‍ ആര്‍ക്കെന്തവകാശം? ഇവയും ഉണ്ടെന്നു സമ്മതിക്കുന്നു: പക്ഷേ ഇതരശക്തിയുടെ വ്യാപാരം ഇല്ലെന്നു പറയുവാന്‍ ആര്‍ക്കധികാരം? പ്രേമം, നിഃസ്വാര്‍ത്ഥത, പരിത്യാഗം, ഇതൊന്നുമാത്രമാണ് ജഗത്തില്‍ ക്ഷേമോദര്‍ക്കമായി ശുഭാത്കമായി പ്രവര്‍ത്തിക്കുന്ന ശക്തി എന്നതിനെ നിഷേധിപ്പാന്‍ ഏതു മനുഷ്യനു കഴിവുണ്ട്? മറ്റേത്, പ്രേമശക്തിയുടെതന്നെ വഴിപിഴച്ച പോക്കാണ്. പ്രേമശക്തിയാണ് കിടമത്‌സരത്തിനും ഇടയാക്കുന്നത്. മത്‌സരത്തിന്റെ ബീജവും പ്രേമത്തിലിരിക്കുന്നു. തിന്മയുടെയും യഥാര്‍ത്ഥമൂലം പ്രേമത്തിലാണ്. തിന്മയുടെ സ്രഷ്ടാവും അതിന്റെ പരിണാമവും നന്മയാണ്. ഒരുവന്‍ മറ്റൊരുവനെ കൊലപ്പെടുത്തുന്നത് പക്ഷേ സ്വന്തം കുഞ്ഞിനോടുള്ള പ്രേമം നിമിത്തമാവാം. അയാളുടെ പ്രേമം ആ ചെറിയ കുഞ്ഞില്‍ കുടുങ്ങി ജഗത്തിലുള്ള ലക്ഷോപലക്ഷം ജീവന്‍മാരെയും പുറംതള്ളി പരിമിതമായി. പരിമിതമായാലും അപരിമിതമായാലും അത് ആ പ്രേമംതന്നെ.

അതിന്റെ പ്രകാശനം ഏതു വിധമായാലും അതൊന്ന്, അദ്ഭുതകരമായ ആ വസ്തു, നിഃസ്വാര്‍ത്ഥത, പരിത്യാഗം, പ്രേമം – അതത്രേ മുഴുവന്‍ ജഗത്തിന്റെയും പ്രേരകശക്തി, സചേതനമായി സത്യമായിരിക്കുന്ന ഒരേ ഒരു ശക്തി, ആ ഏകത്ത്വത്തെയാണ് വേദാന്തം ബലപ്പെടുത്തി പറയുന്നത്, അങ്ങനെ പറഞ്ഞേ തീരൂ: എന്തുകൊണ്ടെന്നാല്‍ ജഗത്തിനു രണ്ടു കാരണങ്ങളെ സമ്മതിക്ക വയ്യ. മനോഹരവും ആശ്ചര്യകരവുമായ ആ പ്രേമംതന്നെയാണ് പരിമിതിനിമിത്തം ദുഷ്ടമോ നീചമോ ആയി കാണപ്പെടുന്നത് എന്നു ഗ്രഹിച്ചാല്‍ ജഗദ്വ്യാപാരത്തില്‍ പ്രേമമെന്ന ഒരേ ശക്തിയേയുള്ളൂ എന്നു സിദ്ധമാകും. അങ്ങനെയല്ലെങ്കില്‍ രണ്ടു ജഗത്കാരണങ്ങളെ സമ്മതിക്കേണ്ടിവരും. ഒന്നു നന്മ, മറ്റേതു തിന്മ. ഒന്നു പ്രേമം, മറ്റേതു ദ്വോഷം. ഇതില്‍ ഏതു അധികം യുക്തിയുക്തം? തീര്‍ച്ചയായും ഏകശക്തിസിദ്ധാന്തം.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും