ശ്രീ രമണമഹര്‍ഷി
അഗസ്റ്റ് 17, 1938

ജെ. എം. ലോറി എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ രണ്ടുമാസമായി ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ആദേഹം മഹര്‍ഷിയോട്:

ഞാനിന്നു രാത്രി മടങ്ങിപ്പോകുകയാണ്‌. ഇവിടെ നിന്നും പിരിഞ്ഞുപോകേണ്ടി വരുന്നതിനാല്‍ എനിക്കു അളവറ്റ വേദനയുണ്ട്. ഞാന്‍ ഗുരുവില്‍ നിന്നും ഒരാശംസ അപേക്ഷിക്കുകയാണ്. ഞാനെന്നെ അറിയുന്നതിനെക്കാളും ഭഗവാന്‍ എന്നെ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ പ്രാര്‍ഥിക്കുകയാണ്. അങ്ങയുടെ അസാന്നിധ്യത്തിലും .

മഹര്‍ഷി: നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഗുരു വെളിയിലില്ല ഉള്ളില്ലാണ്. അത്മാവ്തന്നെയാണ്. അന്വേഷിച്ചാല്‍ മതി കാണാം. അപ്പോള്‍ നിങ്ങള്‍ക്കെപ്പോഴും ഗുരുസന്നിധിയിലിരിക്കാം. സന്ദേശവും അവിടെയുണ്ട്. അതു ശബ്ദിക്കാതിരിക്കുകയില്ല. ബാഹ്യമായി സഞ്ചരിക്കുന്ന നിങ്ങളുടെ മനസ്സ് വിഷയാദികളെ കാണുന്നു. അക്കൂട്ടത്തില്‍ ഗുരുവിനെയും കാണുകയാണ്. സത്യം മറിച്ചാണ്. ഗുരു ആത്മാവു തന്നെയാണ്. ഈ ഗുരു നിങ്ങളുടെ ആത്മാവാണെന്നറിയുക. അവനെക്കൂടാതെ ഒന്നുമില്ല. അങ്ങനെയിരിക്കേ നിങ്ങള്‍ ഗുരുവിനെപ്പിരിഞ്ഞുപോകുന്നതെങ്ങനെ? ഗുരുവിനെക്കൂടാതെ നിങ്ങള്‍ക്കെങ്ങും പോകാനൊക്കുകില്ല. നിങ്ങള്‍ ഗുരുവിനെ ഈ ശരീരത്തില്‍ നോക്കുന്നതാണനര്‍ത്ഥം.

ഭഗവാന്‍റെ സംസാരരീതി പരിചയമുണ്ടായിരുന്നിട്ടും ഈ അരുള്‍മൊഴികള്‍ കേട്ട് മി: ലോറി പരവശനായി നമസ്ക്കരിച്ചുകൊണ്ട് ഭഗവദനുഗ്രഹം തനിക്കെപ്പോഴമുണ്ടായിരിക്കണമെന്നു പ്രാര്‍ഥിച്ചുകൊണ്ട് പറഞ്ഞു.

അങ്ങ് ലോകത്തിനാനന്ദം പകരുന്ന ലോക ഗുരുവാണ്. മനുഷ്യരൂപത്തില്‍ അങ്ങിവിടെ ഇരിക്കുന്നതേ ലോകത്തോട്‌ അതിരറ്റ സ്നേഹമുള്ളതുകൊണ്ടാണ്. നാട്ടിനും ജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും നന്മ ചെയ്തതിനുശേഷം സാക്ഷാല്‍ക്കാരം ലഭിച്ചാല്‍ പോരേ എന്ന് ഞാന്‍ സംശയിക്കുന്നു.

മഹര്‍ഷി: ആത്മാവിനെ കണ്ടെത്തൂ. മറ്റെല്ലാം നടക്കും. വ്യവസായത്തിലും ആധുനിക ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും അമേരിക്ക മുമ്പന്തിയില്‍ നില്‍ക്കുകയാണ്. അതിനൊപ്പം ആത്മീയ പുരോഗതിയും ഉണ്ടാവുമോ?

ചോദ്യം: തീര്‍ച്ചയായും അങ്ങനെ വേണമല്ലോ. ഞാനൊരു എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ പങ്കാളിയാണ്. ഞാനതിനെ മുഖ്യമായി കരുതുന്നില്ല, ജനങ്ങളുടെ ഇടയില്‍ ആത്മീയ പുരോഗതിക്ക് ശ്രമിക്കും.

മഹര്‍ഷി: അതു നല്ല കാര്യമാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ പര്മാത്മവിനര്‍പ്പിച്ചാല്‍ ആ ശക്തി നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കികൊള്ളും. എല്ലാം നിങ്ങള്‍ ചെയ്യുന്നു എന്നുവന്നാല്‍ ഫലം അനുഭവിക്കേണ്ടി വരും. കര്‍ത്തൃത്വമെല്ലാം ആ ശക്തിക്കര്‍പ്പിച്ചാല്‍ നിങ്ങളുടെ എല്ലാ കാര്യങ്ങളും അവന്‍ നോക്കിക്കൊള്ളും. ഒന്നും മുടങ്ങാതെ അവന്‍ നടത്തും. തീവണ്ടിയില്‍ സഞ്ചരിക്കുന്നയാള്‍ ഭാരങ്ങളെല്ലാം എടുത്ത് സ്വന്തം തലയില്‍ വയ്കൂന്നതെന്തിന്? അങ്ങനെ നിങ്ങള്‍ ചെയ്യുന്നതുകൊണ്ട് തീവണ്ടിയുടെ ഭാരം കുറയുന്നുണ്ടോ? വ്യക്തികള്‍ കര്‍ത്തൃത്വം വഹിക്കുന്നതിന്‍റെ രഹസ്യവും ഇതാണ്.

ചോദ്യം: ഞാന്‍ 20 വര്‍ഷമായിട്ടു ആദ്ധ്യാത്മിക ദൃഷ്ടിയോടിരിക്കുന്നു. എന്നാലും ദൂരദൃഷ്ടി, ദൂരശ്രവണം പരഹൃദയജ്ഞാനം തുടങ്ങിയ സിദ്ധികളെ ഒന്നും ഞാനാഗ്രഹിച്ചില്ല. എനിക്ക് സിദ്ധിച്ചിട്ടുമില്ല. ദേഹത്തില്‍ തന്നെ കെട്ടുപെട്ടു കിടക്കുകയാണ്.

മഹര്‍ഷി: സാക്ഷാല്‍ക്കാരം ഒന്നേയുള്ളൂ – ആത്മസാക്ഷാല്‍ക്കാരം. മറ്റെല്ലാം അതിനെപ്പറ്റിയുള്ള സങ്കല്പങ്ങളാണ്. ദൂരെക്കാണാനും കണ്ണുവേണം. ദൂരെ കേള്‍ക്കാന്‍ കാതും വേണം. ഏതറിയുന്നതും മനസ്സുകൊണ്ടാണ് താനും. അങ്ങനെയിരിക്കവേ അടുത്തുകണ്ടാലും ദൂരെ കണ്ടാലുമുള്ള വിശേഷമെന്ത്? എല്ലാം മനസ്സിന്‍റെ വൃത്തികള്‍ താന്നല്ലോ? സ്വന്തം ആത്മാവിനെ അറിയാത്തവര്‍ മറ്റുള്ളവരുടെ മനസറിഞ്ഞതുകൊണ്ടുള്ള വിശേഷം? അവയോടിത്ര പ്രേമമെന്ത്?

നിങ്ങള്‍ ഇല്ലെന്നു നിഷേധിക്കാനും നിങ്ങള്‍ ഉണ്ടായിരിക്കണം. മനസ്സിനെ ഇളക്കിമാറ്റിയാല്‍ ഇതറിയാം. അങ്ങനെ ഞാന്‍ (താന്‍) മാത്രം എക്കാലത്തും ഉള്ളവനായിരിക്കുന്നു എന്ന സ്ഥിതിവിശേഷം സ്പഷ്ടമാണ്.

ചോദ്യം: ഈ ഉപദേശങ്ങളെല്ലാം ഞാന്‍ വളരെ ആദരിക്കുന്നു.
മഹര്‍ഷി: ആരെ, ആരാദരിക്കുന്നു? (ചിരി) ഹൃദയത്തെപ്പറ്റിയാണെങ്കില്‍ ‘വലത്’ ‘ഇടത്’ എന്നീ ചിന്തകളെ തള്ളുക, അതു രണ്ടും ദേഹത്തെ ആസ്പദമാക്കിയുള്ളതാണ്.. ഹൃദയം ആത്മാവാണ്. അതിനെ അറിയുക, നിങ്ങള്‍ എല്ലാമറിഞ്ഞവനാകും.

മി: ലോറി ഭഗവാനെ വീണ്ടും നമസ്ക്കരിച്ചു.