ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: യോഗശാശ്ത്രങ്ങളില്‍ ഷഡാധാരങ്ങളെപ്പറ്റി പറഞ്ഞിരുന്നാലും ജീവന്റെ ഇരിപ്പിടം ഹൃദയമല്ലേ?

ഉ: അതെ. ഉറക്കത്തില്‍ അത്‌ ഹൃദയത്തിലിരിക്കുന്നുവെന്നു പറയുന്നു. ഉണര്‍ച്ചയില്‍ തലച്ചോറിലാണെന്നും പറയും. ഹൃദയമെന്നു പറഞ്ഞാല്‍ രക്തം വമിക്കുന്ന നാലറകളുള്ള ദശകളെക്കൊണ്ടുള്ള കുഴിയാണെന്നു കരുതരുത്‌. ചില ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ചിലര്‍ അത്‌ നെഞ്ചോടു ചേര്‍ന്നുള്ള ഒരു നാഡീകേന്ദ്രമാണെന്നും പറയുന്നു. ഇതില്‍ ഏത്‌ ശരിയായിരുന്നാലും നമുക്കൊന്നുപോലെ തന്നെ. നാം ഉണ്ട്‌ എന്നത്‌ തീര്‍ച്ചയാണ്‌. അതിനെപ്പറ്റി ആര്‍ക്കും സംശയമില്ല.

ഈ ‘ഞാന്‍ ‘ ഉദിക്കുന്നിടത്ത്‌ ഹൃദയമിരിക്കുന്നുവെന്നു പറയുന്നു അല്ലാതെ അതിനെപ്പറ്റി മറ്റൊന്നും പറയാനൊക്കുകയില്ല. എല്ലാത്തിനെയും തന്നുള്ളടക്കി എല്ലാം താനായിരിക്കുന്ന ഒരുണര്‍വ്‌ മാത്രമാണ്‌ ഹൃദയം. അതിനൊരു സ്ഥാനമില്ല എന്നാലും ഒരഭ്യാസിക്കു ചൂണ്ടിക്കാണിച്ച്‌ പറയേണ്ടിയിരിക്കുന്നതിനാല്‍ ആത്മസ്ഥാനമാണ്‌ ഹൃദയമെന്ന്‌ പറയേണ്ടിവന്നു. ഉള്ളതെല്ലാം താന്‍ തന്നെ. തന്നെ വിട്ടൊന്നും തന്നെയില്ല.

ചോ: മനമടക്കി ശരിയായ സമാധി ഉണ്ടാകാന്‍ ഈശ്വരാധീനം വേണമെന്നു പറയുന്നു. അങ്ങനെ തന്നെയോ?

ഉ: നമ്മുടെ സ്വരൂപം തന്നെ ഈശ്വര സ്വരൂപവും. ഈ ഈശ്വരദൃഷ്ടി (ഈശ്വര സ്വരൂപം) നമുക്കുണ്ടാകുന്നതു തന്നെയാണ്‌ ഈശ്വരാനുഗ്രഹം എന്നു പറയപ്പെടുന്നത്‌. ഇപ്രകാരം ഈശ്വരദൃഷ്ടിയുണ്ടാവാന്‍ ഈശ്വരന്റെ അരുള്‍ നോട്ടം വേണം.
(ഭഗവാനും ഭക്തന്മാരും ചിരിക്കുന്നു)