സ്വാമി വിവേകാനന്ദന്‍

ഏറ്റവും വലിയ ശക്തി വിചാരശക്തിയില്‍നിന്നാണ് ഉളവാകുന്നത്. ഭൂതം എത്രയേറെ സൂക്ഷ്മമാകുന്നുവോ അത് അത്രയേറെ ശക്തിമത്താകുന്നു. വിചാരത്തിന്റെ നിശ്ശബ്ദശക്തി ദൂരെയുള്ള ആളുകളേയും സ്വാധീനിക്കുന്നു. കാരണം, മനസ്സ് അനേകമെന്നപോലെ ഏകവുമാണ്. ജഗത്ത് ഒരു ചിലന്തിവലയാണ്. മനസ്സുകള്‍ ചിലന്തികളും.

ഈ വിശ്വം ഒരു വിശ്വപുരുഷന്‍ എന്ന ദൃശ്യമാണ്. അവിടുന്ന്, ഇന്ദ്രിയങ്ങളിലൂടെ കാണപ്പെടുമ്പോള്‍ വിശ്വനാകുന്നു. ഇതു മായയാണ്. അതുകൊണ്ട് ജഗത് ഒരു ഭ്രമമാണ്. അതായത് പരമാര്‍ത്ഥത്തിന്റെ ഒരപൂര്‍ണ്ണദര്‍ശനം. അര്‍ദ്ധാവിര്‍ഭാവം. പ്രഭാതസൂര്യന്‍ ചെമ്പന്തായി കാണാകുംപോലെതന്നെ. അങ്ങനെ, തിന്മകളും ദുഷ്ടതകളുമെല്ലാം ദൌര്‍ബ്ബല്യം മാത്രം. നന്മയുടെ അപൂര്‍ണ്ണദര്‍ശനം.

ഒരു ഋജുരേഖ അറുതിയില്ലാതെ നീട്ടിയാല്‍ ഒരു വൃത്തമായിത്തീരുന്നു. (പരമ) നന്മയക്കുവേണ്ടിയുള്ള അന്വേഷണം. (പരമ) ആത്മാവില്‍ മടങ്ങിയെത്തുന്നു. ഞാനാണ് ഗഹനത മുഴുവന്‍, ഈശ്വരന്‍. ഞാന്‍ ഒരു ശരീരം, അപരമായ ആത്മാവ്. ഞാന്‍ വിശ്വനാഥനുമാണ്.

മനുഷ്യന്‍ എന്തിനു സുചരിതനും ശുദ്ധനുമാകണം? ഇത് ഇച്ഛയെ ബലപ്പെടുത്തുന്നതുകൊണ്ട്. യഥാര്‍ത്ഥപ്രകൃതിയെ പ്രകാശിപ്പിച്ച് ഇച്ഛയെ ബലപ്പെടുത്തുന്നതെല്ലാം സുചരിതം. മറിച്ചു ചെയ്യുന്നതെല്ലാം ദുശ്ചരിതം. നാടുതോറും തോതു മാറുന്നു. നിയമങ്ങള്‍ക്കും വാക്കുകള്‍ക്കും മറ്റുമുള്ള അടിമത്തത്തില്‍നിന്ന് മനുഷ്യന്‍ വിട്ടുപോരണം. ഇപ്പോള്‍ നമുക്ക് ഇച്ഛാസ്വാതന്ത്യ്രമില്ല. എന്നാല്‍ നമുക്കതു കിട്ടും. നാം സ്വതന്ത്രരാകുമ്പോള്‍. സന്ന്യാസം ഈ ലോകത്തിന്റെ ത്യാഗമാണ്. വിഷയേന്ദ്രിയസംയോഗത്താല്‍ കാമക്രോധങ്ങളും തല്‍ഫലമായി ദുഃഖവും ഉണ്ടാകുന്നു. ത്യാഗമില്ലാത്തിടത്തോളംകാലം വിഘടിച്ചുനില്‍ക്കുന്ന അഹങ്കാരവും, തല്‍കാരണങ്ങളായ വികാരങ്ങളും ക്രമേണ ഒന്നായി മനുഷ്യനെ മൃഗസമാനനാക്കുന്നു.

ഞാന്‍ ഒരിക്കല്‍ സശരീരനായിരുന്നു. ജാതനായി പാടുപെട്ടു, മരിക്കയും ചെയ്തു- എന്തു ഭയങ്കരവ്യാമോഹം! ഒരുവന്‍ ശരീരത്തില്‍ അടക്കപ്പെട്ടു രക്ഷയ്ക്കു കരയുന്നു എന്നു വിചാരിക്കുക!

എന്നാല്‍ നാമൊക്കെ തപസ്വികളാകണമെന്നു സന്ന്യാസം ആവശ്യപ്പെടുന്നുവോ? അപ്പോള്‍ ആരാണ് മറ്റുള്ളവരെ സഹായിക്കാന്‍? സന്ന്യാസം ആത്മപീഡനമല്ല. തെണ്ടികളൊക്കെ ക്രിസ്തുവാണോ? ദാരിദ്യ്രം പവിത്രതയുടെ പര്യായമല്ല. പലപ്പോഴും മറിച്ചാണ്. സന്ന്യാസം മനസ്സിന്റേതാണ്. അതെങ്ങനെ വരുന്നു? ഒരു മരുഭൂമിയില്‍, എനിക്കു ദാഹിച്ചപ്പോള്‍, ഞാനൊരു തടാകം കണ്ടു. അതു വളരെ സുന്ദരമായ ഒരു ഭൂഭാഗത്തിന്റെ നടുവിലായിരുന്നു. അതിനെ മരങ്ങള്‍ ചുഴുന്നു, വെള്ളത്തില്‍ അവയുടെ പ്രതിബിംബവും കാണാം, തലകുത്തനെ. പക്ഷേ, മുഴുവനും മരീചികയാണെന്നു തെളിഞ്ഞു. പിന്നെ, ഒരു മാസത്തേയ്ക്കു എല്ലാ ദിവസവും ഞാനതറിഞ്ഞു. അന്നൊരു ദിവസമേ അത് ദാഹപൂര്‍വ്വം നോക്കിക്കണ്ടുള്ളൂ. അത് അയഥാര്‍ത്ഥമെന്നു ഞാന്‍ ധരിച്ചുകഴിഞ്ഞിരുന്നു. ഒരു മാസത്തേയ്ക്ക് എല്ലാ ദിവസവും ഞാനതു കാണും. എന്നാല്‍ ഒരിക്കലും അതിനെ യഥാര്‍ത്ഥമെന്നു കൈക്കൊണ്ടില്ല അതുപോലെ, നാം ഈശ്വരനെ പ്രാപിക്കുമ്പോള്‍ വിശ്വം, ശരീരം എന്നും മറ്റുമുള്ള ആശയം മറയും. അതു പിന്നെയും മടങ്ങിവരും. പക്ഷേ അടുത്ത തവണ അതു അയഥാര്‍ത്ഥമെന്നു നാമറിയും.

ലോകചരിത്രം ബുദ്ധനെയും യേശുവിനെയും പോലുള്ളവരുടെ ചരിത്രമാണ്. നിര്‍വ്വികാരന്മാരും നിസ്സംഗന്മാരും ലോകത്തിനു വേണ്ടി ഏറെ പ്രവര്‍ത്തിക്കുന്നു. യേശുവിനെ (ദരിദ്ര)ചേരികളില്‍ ചിത്രണം ചെയ്യുക. അവിടുന്നു ശോകങ്ങള്‍ക്കപ്പുറം കാണുന്നു. ‘നിങ്ങള്‍, എന്റെ സോദരരെല്ലാം ദിവ്യന്മാരാണ്.’ അവിടുത്തെ കര്‍മ്മം ശാന്തമാണ്. അവിടുന്നു കാരണങ്ങളെ നീക്കുന്നു. നിങ്ങള്‍ക്കു ലോകത്തിന്റെ നന്മയ്ക്കു കര്‍മ്മം ചെയ്യാനാവും. ഈ കര്‍മ്മം മുഴുവന്‍ വാസ്തവമായിട്ടും ഭ്രമമെന്നറിയുമ്പോള്‍ ഈ കര്‍മ്മം എത്ര കൂടുതല്‍ അബോധമോ അത്ര കൂടുതല്‍ മെച്ചമാണ്. എന്തെന്നാല്‍, അപ്പോള്‍ അതത്രയ്ക്കു ബോധാതീതമാണ്. നമ്മുടെ അന്വേഷണം നന്മയ്ക്കോ തിന്മയ്ക്കോ വേണ്ടിയല്ല. എങ്കിലും സുഖവും നന്മയും അവയുടെ വിരുദ്ധങ്ങളെക്കാള്‍ സത്യത്തിനോടു കൂടുതല്‍ അടുത്തതാണ്. ഒരുവന്റെ വിരലില്‍ ഒരു മുള്ളു കൊണ്ടു. മറ്റൊന്നുകൊണ്ട് അതു പുറത്തെടുക്കുകയും ചെയ്തു. ആദ്യത്തെ മുള്ളു തിന്മ. രണ്ടാമത്തേതു നന്മ. നന്മയെയും തിന്മയെയും രണ്ടിനെയും കവിഞ്ഞുപോകുന്ന ശാന്തിയാണ് ആത്മാവ്. വിശ്വം അലിഞ്ഞു താഴുന്നു. മനുഷ്യന്‍ ഈശ്വരനോട് കൂടുതല്‍ അടുക്കുന്നു. ഒരു നിമിഷത്തേയ്ക്ക് അവന്‍ പരമാര്‍ത്ഥമാണ്- ഈശ്വരന്‍, അവന്‍ വീണ്ടും വേറായി- ഒരു പ്രവാചകന്‍. അവന്റെ മുമ്പില്‍, ഇപ്പോള്‍, ലോകം വിറയ്ക്കുന്നു. ഒരു വിഡ്ഢി ഉറങ്ങുന്നു, വിഡ്ഢിയായി ഉണരുകയും ചെയ്യുന്നു. ഒരുവന്‍ ബോധരഹിതന്‍, ബോധാതീതന്‍ ആയാല്‍, അവന്‍ അനന്തമായ ശക്തിയും ശുദ്ധിയും പ്രേമവുംകൊണ്ടു മടങ്ങുന്നു-ഈശ്വരമനുഷ്യന്‍. ഇതാണ് ബോധാതീതാവസ്ഥയുടെ ഉപയോഗം.

വിജ്ഞാനം പടക്കളത്തിലും പരിശീലിക്കാം. അങ്ങനെയാണ് ഗീത ഉപദിഷ്ടമായത്. മനസ്സിനു മൂന്നവസ്ഥകളുണ്ട്: സക്രിയം, അക്രിയം, ശാന്തം. അക്രിയാവസ്ഥയുടെ അടയാളം മന്ദസ്പന്ദങ്ങളാണ്. സക്രിയത്തിന്റേതു ശീഘ്രസ്പന്ദങ്ങള്‍. ശാന്തത്തിന്റേതു എല്ലാറ്റിലും തീവ്രതമസ്പന്ദങ്ങള്‍. ആത്മാവ് രഥത്തിലിരിക്കുന്നെന്നറിയുക. ശരീരമാണ് രഥം. ബാഹ്യേന്ദ്രിയങ്ങള്‍ കുതിരകള്‍. മനസ്സു കടിഞ്ഞാണുകള്‍. ബുദ്ധി സാരഥിയും. അങ്ങനെ മനുഷ്യന്‍ മായാസാഗരം കടന്നു കയറുന്നു. അവന്‍ അപ്പുറം പോകുന്നു. അവന്‍ ഈശ്വരനെ പ്രാപിക്കുന്നു. ഒരുവന്‍ ഇന്ദ്രിയാധീനനായിരിക്കെ അവന്‍ ഈ ലോകത്തിന്റേതാണ്. ഇന്ദ്രിയങ്ങളെ അധീനമാക്കിക്കഴിഞ്ഞാലോ, അവന്‍ സന്ന്യസിച്ചിരിക്കുന്നു.

ക്ഷമപോലും, ദുര്‍ബ്ബലവും അക്രിയവുമാകുമ്പോള്‍, യഥാര്‍ത്ഥമല്ല. പടയാണ് കൂടുതല്‍ മെച്ചം. വിജയത്തിലേയ്ക്കു ദേവസേനകളെ വരുത്താമെന്നുള്ളപ്പോള്‍ ക്ഷമിക്കുക. ‘നമുക്കു നമ്മുടെ ശത്രുക്കളെ ക്ഷമിക്കാം’ എന്ന് അര്‍ജ്ജുനന്‍ പറയുന്നതു കേട്ടിട്ട് സാരഥിയായ കൃഷ്ണന്‍ മറുപടി പറയുന്നു: ‘നീ പണ്ഡിതന്റെ വാക്കുകള്‍ പറയുന്നു. എന്നാല്‍ നീ പണ്ഡിതനല്ല. വെറും ഭീരുവാണ്. താമരയിലപോലെ, വെള്ളത്തില്‍ ജീവിക്കുന്നെങ്കിലും വെള്ളം പറ്റാതെ-ആത്മാവു ലോകത്തില്‍ അതുപോലിരിക്കണം. ഇതൊരു പോര്‍ക്കളമാണ്. പടവെട്ടി പുറത്തു കടക്കുക. ഈ ലോകത്തിലെ ജീവിതം ഈശ്വരദര്‍ശനത്തിനുള്ള ഒരു സംരംഭമാണ്. നിങ്ങളുടെ ജീവിതത്തെ സന്ന്യാസംകൊണ്ടു കരുത്തിയറ്റപ്പെട്ട ഇച്ഛയുടെ ആവിഷ്കരണമാക്കുക.

നമ്മുടെ മസ്തിഷ്കകേന്ദ്രങ്ങളെയെല്ലാം ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ നാം പഠിക്കണം. ഒന്നാമത്തെ ചുവട് ജീവിക്കുന്നതിന്റെ ആനന്ദമാണ്. ആത്മപീഡനം പൈശാചികമാണ്. ചിരിക്കുന്നതാണ് പ്രാര്‍ത്ഥിക്കുന്നതില്‍ ഭേദം. പാടുക. ക്ളേശത്തെ ഒഴിക്കുക. ഈശ്വരനെക്കരുതി, അതുകൊണ്ടു മറ്റുള്ളവരെ ബാധിക്കരുത്. പൂക്കളും പടങ്ങളും സുഗന്ധവും കൊണ്ട് നിങ്ങളെ വലയം ചെയ്യുക. വിശുദ്ധന്മാര്‍ പ്രകൃതിയെ ആസ്വദിക്കാന്‍ പര്‍വ്വതാഗ്രങ്ങളിലേയ്ക്കു പോയി.

രണ്ടാം ചുവടു ശുദ്ധിയാണ്.

മൂന്നാം ചുവടു തികഞ്ഞ മനഃശിക്ഷണമാണ്. സത്യത്തെ അസത്യത്തില്‍നിന്നു യുക്തികൊണ്ടു വിവേചനം ചെയ്യുക. ഈശ്വരന്‍ മാത്രം സത്യമെന്നു കാണുക. നിങ്ങള്‍ ഈശ്വരനല്ലെന്നു ഒരു നിമിഷത്തേയ്ക്കു വിചാരിച്ചാല്‍ മഹാഭയം നിങ്ങളെ പിടികൂടുന്നു. ഞാന്‍ അവന്‍തന്നെ (സോഽഹം) എന്നു വിചാരിക്കുന്ന ഉടന്‍ വലിയ ശാന്തിയും മോദവും നിങ്ങള്‍ക്കുണ്ടാകും. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക. ഒരുവന്‍ എന്നെ ശപിക്കുന്നെങ്കില്‍, അയാളില്‍ അപ്പോഴും ഞാന്‍ ഈശ്വരനെ കാണണം. എന്റെ ദൌര്‍ബ്ബല്യംകൊണ്ടല്ലോ ഞാന്‍ അയാളെ ശപ്താവായി കാണുന്നു. ഒരു പാവത്തിനു നിങ്ങള്‍ നന്മ ചെയ്കെ, അയാള്‍ നിങ്ങള്‍ക്കൊരു വിശേഷാവകാശം നീട്ടിത്തരികയാണ്. അവിടുന്നു സദയം നിങ്ങളെ അനുവദിക്കയാണ്. അങ്ങനെ അവിടുത്തെ ആരാധിക്കാന്‍.

ലോകചരിത്രം, അവനവനില്‍ വിശ്വാസമുണ്ടായിരുന്ന ചുരുക്കം ചിലരുടെ ചരിത്രമാണ്. ആ വിശ്വാസം അന്തര്‍ദിവ്യതയെ വിളിച്ചു വെളിപ്പെടുത്തുന്നു. നിങ്ങള്‍ക്കെന്തും ചെയ്യാം. അനന്തശക്തിയെ ആവഷ്കരിക്കുവാന്‍ വേണ്ടത്ര പ്രയത്നിക്കാത്തപ്പോഴേ നിങ്ങള്‍ പരാജയപ്പെടുന്നുള്ളൂ. ഒരു മനുഷ്യനോ ജനതയ്ക്കോ വിശ്വാസം നഷ്ടപ്പെട്ടാല്‍ മരണം വരുന്നു.

പള്ളിനിയമങ്ങള്‍ക്കോ മിഥ്യാചാരത്തിനോ അമര്‍ത്താനാവാത്ത ഒരു ദിവ്യത ഉള്ളിലുണ്ട്. ഒരു പിടി ഗ്രീക്കുകാര്‍ മൊഴിയുകയാണ്, എവിടെവിടെ പരിഷ്കാരമുണ്ടോ, അവിടൊക്കെ ചില തെറ്റുകള്‍ എപ്പോഴും ഉണ്ടാവും. വ്യസനിക്കരുത്. വലിയ ഉള്‍ക്കാഴ്ച വേണം. ‘ചെയ്തതു ചെയ്തു. ഓ, അതു കൂടുതല്‍ നന്നായി ചെയ്തിരുന്നെങ്കില്‍,’ എന്നു ചിന്തിക്കരുത്. മനുഷ്യന്‍ ഈശ്വരനല്ലായിരുന്നെങ്കില്‍ മനുഷ്യരാശിക്ക് ഇപ്പോഴേക്ക് കിറുക്കു പിടിച്ചേനേ, അതിന്റെ ഏഴപ്രാര്‍ത്ഥനകളും പാപതാപവുംകൊണ്ട്.

ആരും തള്ളപ്പെടില്ല, ആരും നഷ്ടപ്പെടില്ല. ഒടുവില്‍ എല്ലാവരെയും പൂര്‍ണ്ണരാക്കും. രാപകല്‍ പറയുക: ‘സോദരരേ, ഉയര്‍ന്നുവരൂ! നിങ്ങള്‍ ശുദ്ധിയുടെ അനന്തസാഗരമാണ്! ഈശ്വരരാകൂ! ഈശ്വരനായി വെളിപ്പെടൂ!

എന്താണ് പരിഷ്കാരം? അത് അന്തര്‍ദിവ്യതയുടെ അനുഭൂതിയാണ്. സയമം കിട്ടുമ്പോഴെല്ലാം ഈ ആശയങ്ങള്‍ തന്നോട് ഉരുവിടുക. സ്വാതന്ത്യ്രം ആഗ്രഹിക്കുക. ഈശ്വരനല്ലാത്തതെല്ലാം നിഷേധിക്കുക. ഈശ്വരനായതെല്ലാം മികപ്പിക്കുക. ഇതു രാപകല്‍ മനസാ മികപ്പിക്കുക. അങ്ങനെ മറ നേര്‍ത്തുവരുന്നു.

ഞാന്‍ മനുഷ്യനുമല്ല, ദേവനുമല്ല. എനിക്ക് ലിംഗവുമില്ല, പരിധിയുമില്ല. ഞാന്‍ ജ്ഞാനംതന്നെ, സോഽഹം. എനിക്കു കോപമില്ല, ദ്വേഷവുമില്ല. എനിക്കു ദുഃഖമില്ല, സുഖവുമില്ല. മരണമോ ജനനമോ എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. ഞാന്‍ കേവലജ്ഞാനവും കേവലാനന്ദവുമല്ലോ. സോഽഹം, എന്റെ ആത്മാവേ, സോഽഹം!

നിങ്ങള്‍ അശരീരമെന്നു കാണുക. നിങ്ങള്‍ക്കൊരിക്കലും ശരീരമുണ്ടായിരുന്നില്ല. അതെല്ലാം അന്ധവിശ്വാസം. പാവങ്ങള്‍ക്കും ചവിട്ടിയരയ്ക്കപ്പെടുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കും രോഗികള്‍ക്കുമെല്ലാം ദിവ്യബോധം മടക്കിക്കൊടുക്കുക.

ഏതാണ്ട് ഓരോ അഞ്ഞൂറ്റാണ്ടുതോറും ഈ വിചാരത്തിന്റെ ഒരല ലോകത്തിലുയരുന്നുണ്ട്. ചിറ്റലകള്‍ പല പാട്ടിലും ഉയരുന്നു. എന്നാല്‍ ഒന്നു മറ്റെല്ലാം വിഴുങ്ങി സമുദായത്തിന്റെ മേലെ അടിച്ചുപോകുന്നു.

കണ്‍ഫ്യൂഷ്യസ്, മോശ, പിത്താഗറസ്, ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്, ലൂതര്‍ കാല്വിന്‍, സിക്കുകാര്‍, ബ്രഹ്മവിദ്യ (തിയോസഫി), ആത്മവാദം മുതലായവ, ഇതിന്റെയെല്ലാം അര്‍ത്ഥം മനുഷ്യന്റെ അന്തര്‍ദിവ്യതയെ ഉപദേശിക്കല്‍ മാത്രമാണ്.

ഒരിക്കലും പറയരുത്, മനുഷ്യന്‍ ദുര്‍ബ്ബലനെന്ന്. വിജ്ഞാനയോഗം മറ്റവയെക്കാള്‍ ഒട്ടും മെച്ചമല്ല. പ്രേമമാണാദര്‍ശം. അതിനൊരു വിഷയവും വേണ്ട. പ്രേമം ഈശ്വരന്‍തന്നെ. അതുകൊണ്ട്, ഭക്തിയില്‍ക്കൂടിയും നാം വിഷയിയായ ഈശ്വരനില്‍ എത്തുന്നു. സോഽഹം! ഒരുവനെങ്ങനെ കര്‍മ്മം ചെയ്യും, നഗരത്തെ, രാജ്യത്തെ, മൃഗങ്ങളെ, വിശ്വത്തെ പ്രേമിക്കാതെ? യുക്തി നാനാത്വത്തില്‍ ഐക്യം കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. നാസ്തികനും അജ്ഞേയവാദിയും സാമൂഹ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. അങ്ങനെ ഈശ്വരന്‍ വരുന്നു.

എന്നാല്‍ ഇതിനെതിരെ നിങ്ങള്‍ കരുതിയിരിക്കണം. ഒരുവന്റെയും വിശ്വാസത്തെ ഇളക്കരുത്. അതിന്, മതം സിദ്ധാന്തങ്ങളിലല്ലെന്നറിയണം. മതമിരിക്കുന്നത് ആകലിലും ആയിത്തീരലിലുമാണ്. സാക്ഷാല്‍കാരത്തില്‍. മനുഷ്യരെല്ലാം ജന്മനാ വിഗ്രഹാരാധകരാണ്. ഏറ്റവും താഴെയുള്ള മനുഷ്യന്‍ ഒരു മൃഗമാണ്. ഏറ്റവും ഉയര്‍ന്നവന്‍ പൂര്‍ണ്ണനാണ്. ഈ രണ്ടിനുമിടയ്ക്ക് എല്ലാവരും ശബ്ദത്തിലും നിറത്തിലും സിദ്ധാന്തത്തിലും കര്‍മ്മകലാപത്തിലും ചിന്തിച്ചേ പറ്റൂ. വിഗ്രഹാരാധകനല്ലാതായിരിക്കുന്നു എന്നതിനു പരീക്ഷ ഇതാണ്: ‘‘ഞാന്‍’ എന്നു പറയുമ്പോള്‍, ശരീരം നിങ്ങളുടെ വിചാരത്തിലേക്കു വരുന്നു. ഇല്ലയോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴും വിഗ്രഹാരാധകനാണ്’ മതം ബുദ്ധിയുടെ ജല്പനങ്ങളേ അല്ല. സാക്ഷാല്‍ക്കാരമാണ്. നിങ്ങള്‍ ഈശ്വരനെപ്പറ്റി വിചാരിക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഢി മാത്രം. പഠിപ്പില്ലാത്തവനു പ്രാര്‍ത്ഥനയും ഭക്തിയും കൊണ്ടു ദാര്‍ശനികനെ കവിഞ്ഞു ചെല്ലാന്‍ കഴിയും. ഈശ്വരനെ അറിയാന്‍ ദര്‍ശന(പാണ്ഡിത്യ)മൊന്നും വേണ്ട. നമ്മുടെ കര്‍ത്തവ്യം മറ്റവരുടെ വിശ്വാസത്തെ ഇളക്കാതിരിക്കയാണ്. മതം അനുഭൂതിയാണ്. എല്ലാറ്റിനും മേലെയും എല്ലാറ്റിലും ശുദ്ധഭാവനായിരിക്കുക. അഭിമാനം ക്ളേശത്തെ വരുത്തുന്നു. കാരണം എത് ആശയെ വരുത്തുന്നു. അങ്ങനെ പാവപ്പെട്ടവന്‍ സ്വര്‍ണ്ണം കാണുന്നു. സ്വര്‍ണ്ണത്തിന്റെ ആവശ്യത്തില്‍ അഭിമാനിക്കുന്നു. സാക്ഷിയാവുക. ഒരിക്കലും പ്രതികരിക്കാതിരിക്കാന്‍ പഠിക്കുക.