സ്വാമി വിവേകാനന്ദന്‍

കര്‍മ്മയോഗമെന്നാല്‍ എന്ത്? കര്‍മ്മരഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം. ലോകം മുഴുവന്‍ കര്‍മ്മം ചെയ്യുന്നതായി കാണുന്നു. എന്തിനുവേണ്ടി? മുക്തിക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി. പരമാണുമുതല്‍ പരമോത്കൃഷ്ടന്‍വരെ എല്ലാം ഒരേ കാര്യത്തെ ലക്ഷീകരിച്ചു കര്‍മ്മം ചെയ്യുന്നു: സ്വാതന്ത്ര്യം – മനസ്സിനു സ്വാതന്ത്ര്യം, ശരീരത്തിനു സ്വാതന്ത്ര്യം, ആത്മാവിനു സ്വാതന്ത്ര്യം – ഇതിനുവേണ്ടി, ജഗത്തിലുള്ള എല്ലാവസ്തുക്കളും ഏതു സമയത്തും മോക്ഷം സമ്പാദിക്കാന്‍ യത്‌നിച്ചു കൊണ്ടിരിക്കുന്നു. ബന്ധനത്തില്‍നിന്ന് ഓടിയകന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളും എല്ലാം ബന്ധനത്തില്‍ നിന്ന് ഓടിപ്പോകാനാണ് ശ്രമിക്കുന്നത്. കേന്ദ്രാഭിമുഖമായും കേന്ദ്ര വിമുഖമായും പ്രവര്‍ത്തിക്കുന്ന രണ്ടു പ്രകൃതിശക്തികളും ജഗത്തിന്റെ ലക്ഷണങ്ങളാകുന്നു. പ്രപഞ്ചത്തിലെ ഇടിയും തൊഴിയും ഏറ്റ്, പീഡനങ്ങള്‍ സഹിച്ച്, വളരെക്കാലം കഴിഞ്ഞതിനു ശേഷം വസ്തുതകളുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കേണ്ടി വരുന്നതിനു പകരം, കര്‍മ്മയോഗത്തില്‍ നിന്ന് കര്‍മ്മത്തിന്റെ രഹസ്യവും കര്‍മ്മം ചെയ്യേണ്ട രീതിയും കര്‍മ്മത്തിന്റെ സംവിധാനശക്തിയും നാം പഠിക്കുന്നു. ഉപയോഗിക്കാനറിഞ്ഞു കൂടെങ്കില്‍ നമ്മുടെ ഒട്ടധികം ശക്തി പാഴായിപ്പോകാനിടയുണ്ട്.

കര്‍മ്മയോഗം കര്‍മ്മത്തെ ഒരു ശാസ്ത്രമാക്കിയിരിക്കുന്നു. ഈ ലോകത്തിന്റെ എല്ലാ പ്രവര്‍ത്തനത്തേയും ഉത്തമ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെയെന്ന് അതു നമ്മെ പഠിപ്പിക്കുന്നു. കര്‍മ്മം അനുപേക്ഷണീയമാണ്: അതങ്ങനെയേ ഇരിക്കൂ. പക്ഷേ, പരമപുരുഷാര്‍ത്ഥത്തെ മുന്‍നിര്‍ത്തിയാവണം നാം കര്‍മ്മം ചെയ്യുന്നത്. ഈ ലോകം അഞ്ചുനിമിഷത്തെ കാര്യമാണെന്നും, അതു നമുക്കു കടന്നുപോകാനുള്ള ഒരു താവളം മാത്രമാണെന്നും, സ്വാതന്ത്ര്യം ഇവിടെയില്ല ഇതിനപ്പുറത്തേ ഉള്ളുവെന്നും കര്‍മ്മയോഗം നമ്മെ ബോധ്യപ്പെടുത്തുന്നു. ലോകത്തിലെ ബന്ധനങ്ങളില്‍നിന്നു പുറത്തുകടക്കാനുള്ള വഴി കണ്ടുപിടിക്കുവാന്‍ നാം പതുക്കെ പതറാതെ അതില്‍ക്കൂടി യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഞാന്‍ കുറച്ചുമുമ്പു പറഞ്ഞവിധത്തിലുള്ള അസാധാരണ വ്യക്തികള്‍ – പാമ്പു തന്റെ പുറംതൊലി പൊഴിച്ചു മാറിനിന്ന് അതിനെ നോക്കുന്നതു പോലെ – ലോകത്തെ ഉപേക്ഷിച്ചു മാറി നില്ക്കുവാന്‍ കഴിവുള്ള ധീരപുരുഷന്മാര്‍ – കണ്ടേയ്ക്കാം. അത്തരം അസാധാരണന്മാരുണ്ട്, സംശയമില്ല. എന്നാല്‍ ബാക്കി മനുഷ്യ ലോകം കര്‍മ്മമാര്‍ഗ്ഗത്തില്‍ക്കൂടി സാവധാനം സഞ്ചരിക്കേണ്ടിയിരിക്കു ന്നു. അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന്, കര്‍മ്മാനുഷ്ഠാനത്തിന്റെ രഹസ്യവും, പരമാവധി പ്രയോജനകരമാംവണ്ണം കര്‍മ്മം ചെയ്യാനുള്ള രീതിയും എന്തെന്ന് കര്‍മ്മയോഗം കാണിച്ചുതരുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 7. പേജ് 106-107]