സ്വാമി വിവേകാനന്ദന്‍

പ്രപഞ്ചത്തിലെ അവകാശങ്ങള്‍ ഭാഗിക്കാവതല്ല. അവകാശത്തെപ്പറ്റി പറയുമ്പോള്‍ അതില്‍ പരിമിതി വ്യഞ്ജിപ്പിക്കുന്നുണ്ട്. ‘അവകാശ’മല്ല ‘ഉത്തരവാദിത്വ’മാണ്. ഓരോരുത്തനും ലോകത്തെവിടെയുള്ള തിന്മയ്ക്കും ഉത്തരവാദിയാണ്. ആര്‍ക്കും വയ്യ തന്റെ സഹോദരനില്‍നിന്നു വേര്‍പെട്ടു പോകുക. നമ്മെ ജഗത്തിനോടു ഐക്യപ്പെടുത്തുന്നതെല്ലാം നന്മയും വേര്‍പ്പെടുത്തുന്നതെല്ലാം തിന്മയുമത്രേ. നിങ്ങള്‍ അനന്തത്തിന്റെ ഒരംശമാണ്. അതു നിങ്ങളുടെ സ്വന്തപ്രകൃതിയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരന്റെ സഹകാരിയാണ്.

ജീവിതത്തിന്റെ ഒന്നാമത്തെ സാധ്യം ജ്ഞാനമത്രേ. രണ്ടാമത്തേത് ആനന്ദവും. ജ്ഞാനവും ആനന്ദവും മുക്തിയിലേക്കു നയിക്കുന്നു. എന്നാല്‍ എല്ലാ ജീവികളും (എറുമ്പും പട്ടിയും കൂടി) മുക്തരാകുംവരെ ആര്‍ക്കും മുക്തിപ്രാപ്തി സാദ്ധ്യമല്ല. എല്ലാവര്‍ക്കും ആനന്ദം സിദ്ധിക്കുംവരെ ആര്‍ക്കും ആനന്ദപ്രാപ്തി സാധ്യമല്ല. നിങ്ങള്‍ വല്ലവനെയും ദ്രോഹിക്കുമ്പോള്‍, നിങ്ങളെത്തന്നെയാണ് ദ്രോഹിക്കുന്നത്; എന്തെന്നാല്‍ നിങ്ങളും നിങ്ങളുടെ സഹോദരനും ഒന്നാകുന്നു. യാതൊരുവന്‍ പ്രപഞ്ചമാകെ തന്നിലും പ്രപഞ്ചത്തിലാകെ തന്നെയും കാണുന്നുവോ അവനത്രേ യഥാര്‍ത്ഥയോഗി. പ്രപഞ്ചത്തിന്റെ ഏറ്റവും ഉന്നതമായ നിയമം സ്വാര്‍ത്ഥത്യാഗമാണ്; സ്വാര്‍ത്ഥപ്രകടനമല്ല. “തിന്മയെ ചെറുക്കരുത്” എന്ന യേശുവിന്റെ ഉപദേശം ഒരിക്കലും പ്രയോഗിച്ചുനോക്കാത്തതുകൊണ്ടാണ് ലോകത്തു തിന്മ നിറഞ്ഞിരിക്കുന്നത്. നിസ്സ്വാര്‍ത്ഥത ഒന്നുമാത്രമേ പ്രശ്നപരിഹാരമാകൂ. ഉല്‍ക്കടമായ സ്വാര്‍ത്ഥത്യാഗത്തോടെ മതം സമാഗതമാകുന്നു. താന്താങ്ങള്‍ക്കുവേണ്ടി യാതൊന്നും ആഗ്രഹിക്കാതിരിക്കുക; എല്ലാ കര്‍മ്മങ്ങളും പരാര്‍ത്ഥമാക്കുക. ഇതാണ് ഈശ്വരനുമായി ഐക്യപ്പെട്ടു ജീവിക്കുക എന്നത്.