സ്വാമി വിവേകാനന്ദന്‍

പ്രാണായാമത്തിനും പ്രേതതത്ത്വാന്വേഷണത്തിനും തമ്മില്‍ ബന്ധമെന്ത്? പ്രേതതത്ത്വാന്വേഷണം പ്രാണായാമത്തിന്റെ ഒരുവക പ്രകാശനംതന്നെ. പരേതജീവന്മാര്‍ ഉണ്ട്, അവര്‍ നമുക്ക് അദൃശ്യരാണെന്നേ ഉള്ളു എന്നതു വാസ്തവമാണെങ്കില്‍, അങ്ങനെ അദൃശ്യരും അവേദ്യരും അസ്പൃശ്യരുമായി ആയിരക്കണക്കിനും ലക്ഷണക്കണക്കിനും ജീവന്മാര്‍ നമുക്കു ചുറ്റും ഉണ്ടായിരിക്കാം എന്നുള്ളതു തീര്‍ച്ചയായും സംഭാവ്യമാകുന്നു. നാം നിരന്തരം അവരുടെ ശരീരങ്ങളില്‍ക്കൂടെയാവാം വന്നും പോയുമിരിക്കുന്നത്: അവര്‍ നമ്മെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. ഒരു മണ്ഡലത്തിനുള്ളില്‍ മറ്റൊരു മണ്ഡലം. ഒരു ജഗത്തിനുള്ളില്‍ മറ്റൊരു ജഗത്ത്, ഇതാണവസ്ഥ. നമുക്ക് അഞ്ചിന്ദ്രിയങ്ങളുണ്ട്. പ്രാണന്റെ ഒരുതരം സ്പന്ദാവസ്ഥയിലാണു നാം വര്‍ത്തിക്കുന്നത്. അതേ സ്പന്ദാവസ്ഥയിലുള്ള സര്‍വ്വ ജീവികള്‍ക്കും അന്യോന്യം കാണാം. അതിനെക്കാള്‍ ഉയര്‍ന്നതരം സ്പന്ദത്തില്‍ വര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവരെ കാണാന്‍ കഴിയുകയുമില്ല. ഒരു പ്രകാശത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ടുപോയാല്‍ അതു നമുക്കു തീരെ കാണാനാവാത്ത നില വരും. എന്നാല്‍ അത്ര തീക്ഷ്ണമായ പ്രകാശവും കാണാന്‍ ശക്തിയുള്ള കണ്ണുകളോടുകൂടിയ ജീവികളുണ്ടാവാം. മറിച്ച് ഒരു പ്രകാശത്തിന്റെ സ്പന്ദം വളരെ മന്ദമായിരിക്കുമ്പോള്‍ നമുക്കതു കാണാന്‍ കഴിവില്ല: അതു കാണാന്‍ കഴിവുള്ള ചില ജീവികള്‍ – പൂച്ച, മൂങ്ങ മുതലായവ – ഉണ്ടുതാനും. പ്രാണസ്പന്ദത്തിന്റെ ഭൂമിക മാത്രമാണു നമ്മുടെ ദൃഷ്ടിക്കു വിഷയമാകുന്നത്. ഈ വായു മണ്ഡലം ഉദാഹരണമായെടുക്കുക. അത് ഒന്നിനൊന്നു മീതെയായി അസംഖ്യം അടുക്കുകള്‍ അടുക്കിവെച്ചതുപോലെയാണ്. ഭൂമിയോടടുത്ത അടുക്കുകള്‍ മീതെയുള്ളവയെക്കാള്‍ കൂടുതല്‍ അമര്‍ന്നിരിക്കും. മേലേ്പാട്ടു പോകുംതോറും അടുക്കുകള്‍ നേര്‍ത്തു സൂക്ഷ്മതരങ്ങളാകും. അല്ലെങ്കില്‍ കടലിന്റെ കാര്യം നോക്കുക. ആഴം ചെല്ലും തോറും വെള്ളത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു: അടിത്തട്ടില്‍ ജീവിക്കുന്ന ജന്തുക്കള്‍ക്ക് ഒരു കാലത്തും മുകള്‍ത്തട്ടിലേക്കു വന്നുകൂടാ: വന്നാല്‍ അവ പൊട്ടിത്തകര്‍ന്നുപോകും.

ജഗത്ത് ആകാശസമുദ്രമാണെന്നു ഭാവന ചെയ്യുക. പ്രാണ വ്യാപാരത്തില്‍ ഓരോന്നും ഓരോ തരത്തില്‍ സ്പന്ദിച്ച്, ഒന്നു കഴിഞ്ഞൊന്നായി, അനേകം അടുക്കുകളുള്ളതാണിത്. ഇതിന്റെ മദ്ധ്യം വിട്ടകലുംതോറും സ്പന്ദം മന്ദമാകുന്നു; നടുവിലേക്കടുക്കുന്തോറും സ്പന്ദത്തിന്നു വേഗത കൂടുന്നു. ഒരേതരം സ്പന്ദമുള്ള ഭാഗം ഒരു ഭൂമികയാകുന്നു. മദ്ധ്യത്തില്‍ നിന്ന് അകന്നുപോകുന്തോറും സ്പന്ദങ്ങള്‍ മന്ദമാവുന്നു, എല്ലാറ്റിനും പുറമേയുള്ള തൊണ്ടാണു ഭൂതങ്ങള്‍: അതിനുള്ളിലാണു മനസ്സ്. ശരിയായ മദ്ധ്യം ആത്മാവും. ഈ സ്പന്ദമണ്ഡലങ്ങളെ പല ഭൂമികകളാക്കി ഇത്ര ലക്ഷം നാഴിക വിസ്താരം ഒരു ഭൂമിക, പിന്നെ ഇത്ര ലക്ഷം നാഴിക മറ്റൊരു ഭൂമിക ഇങ്ങനെ ഭാഗിച്ചു എന്നു വിചാരിക്കുക. അപ്പോള്‍ ഒരേതരം സ്പന്ദമുള്ള ഭൂമികയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അന്യോന്യം അറിവാന്‍ ശക്തിയുണ്ടാകുമെന്നും അവര്‍ക്കു മീതെയുള്ളവരെ അറിവാന്‍ ശക്തിയുണ്ടാകയില്ലെന്നും വരാം. എന്നിരിക്കിലും ദൂരദര്‍ശിനി, സൂക്ഷ്മദര്‍ശിനി എന്നിവകൊണ്ടു നമ്മുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാവുന്നതുപോലെ യോഗശക്തികൊണ്ടു നമുക്ക് അന്യഭൂമികകളിലെ സ്പന്ദാവസ്ഥയില്‍ എത്തുവാനും അവിടെ നടക്കുന്നതു നോക്കിക്കാണാനും കഴിവുണ്ടാക്കാം. ഈ മുറി നിറച്ചും നമുക്ക് അദൃശ്യരായ ജീവികള്‍ ഉണ്ടെന്നിരിക്കട്ടെ. അവര്‍ പ്രാണന്റെ ഒരുതരം സ്പന്ദത്തെ കുറിക്കുന്നു. നാം മറ്റൊരു തരത്തെയും. അവര്‍ ദ്രുതസ്പന്ദക്കാരും നാം മന്ദസ്പന്ദക്കാരുമാണെന്നും വെയ്ക്കുക. എങ്കിലും അവരും നമ്മളും ഒരുപോലെ പ്രാണമയരാകുന്നു. ഏവരും ഒരേ പ്രാണസമുദ്രത്തിന്റെ ഭാഗങ്ങളാകുന്നു: സ്പന്ദത്തിന്റെ മാത്രയിലുള്ള ഭേദമേ ഉള്ളു. എനിക്കു ദ്രുതസ്പന്ദത്തെ പ്രാപിക്കാന്‍ സാധിച്ചാല്‍ എന്റെ മുമ്പിലുള്ള ഭൂമിക എന്നെ സംബന്ധിച്ചു പെട്ടെന്നു മറ്റൊന്നായിത്തീരുന്നു. പിന്നെ നിങ്ങളെ ഞാന്‍ കാണില്ല: നിങ്ങള്‍ മറഞ്ഞുപോകുന്നു, അവര്‍ തെളിഞ്ഞും വരുന്നു. ഇതു ശരിയാണെന്നു നിങ്ങളില്‍ ചിലര്‍ക്ക് അറിവുണ്ടായിരിക്കാം. ഇപ്രകാരം മനസ്സിനെ ഉച്ചതര സ്പന്ദത്തില്‍ എത്തിക്കുന്നതെല്ലാം യോഗശാസ്ത്രത്തില്‍ സമാധി എന്ന ഒറ്റവാക്കിലടങ്ങിയിരിക്കുന്നു. (ജാഗ്രദവസ്ഥയെയും കടന്ന്) മനസ്സിനുള്ള ഉച്ചതരസ്പന്ദാവസ്ഥകളെല്ലാം സമാധി എന്ന ആ ഒരു വാക്കില്‍ ഒതുങ്ങിയിരിക്കുന്നു. സമാധിയുടെ താണ പടികളില്‍ നമുക്ക് ആവക ജീവന്മാരുടെ ദര്‍ശനമുണ്ടാകും. സമാധിയുടെ പരമകാഷ്ഠയില്‍ പരമാര്‍ത്ഥവസ്തുവിനെ കാണുന്നു: ഈ വിവിധഭൂമിക കളിലുള്ള ജീവന്മാര്‍ ഏതൊരു പദാര്‍ത്ഥം കൊണ്ടുണ്ടായിരിക്കുന്നുവോ അതിനെ നാം കാണുന്നു. ആ മൃതപിണ്ഡത്തെ അറിഞ്ഞാല്‍ ഈ ജഗത്തിലുള്ള മൃത്തികയെല്ലാം അറിഞ്ഞുകഴിഞ്ഞു.

ഇങ്ങനെ പരേതതത്ത്വാന്വേഷണത്തില്‍ വാസ്തവമായിട്ടുള്ളതെല്ലാം പ്രാണായാമത്തില്‍ അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം. ഇതുപോലെ ഇന്ദ്രിയാതീതമായി, ഗഹനമായി, ഗൂഢമായുള്ള വല്ലതും ആരാഞ്ഞറിയുവാന്‍ വല്ല വിഭാഗക്കാരോ സംഘമോ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഈ യോഗമാണ്, ഈ പ്രാണായാമപരിശ്രമം തന്നെയാണ്. അസാധാരണമായ ശക്തി പ്രകാശനം എവിടെയൊക്കെ ഉണ്ടാകുന്നുണ്ടോ അവിടെയെല്ലാം ഈ പ്രാണന്റെ പ്രകാശനമാണുണ്ടാകുന്നത് എന്നു കാണാം. ഭൗതികശാസ്ത്രങ്ങളെപ്പോലും പ്രാണായാമത്തില്‍ ഉള്‍പ്പെടുത്താം. ആവിയന്ത്രത്തെ ചലിപ്പിക്കുന്നതെന്ത്? പ്രാണന്‍; അത് ആവിയില്‍ക്കൂടെ പ്രവര്‍ത്തിക്കുന്നു. വിദ്യുച്ഛക്തിയുടെയും മറ്റും വിളയാട്ടം പ്രാണനല്ലാതെ മറ്റെന്ത്? എന്താണു ഭൗതികശാസ്ത്രം? ബാഹ്യോപായങ്ങളെക്കൊണ്ടുള്ള പ്രാണായാമത്തിന്റെ ശാസ്ത്രം മാനസിക ശക്തിയായി പരിണമിച്ചിരിക്കുന്ന പ്രാണനെ മാനസികോപായങ്ങളെക്കൊണ്ടേ നിയമനം ചെയ്തുകൂടൂ. പ്രാണന്റെ ഭൗതികപരിണാമങ്ങളെ ഭൗതികോപായങ്ങളെക്കൊണ്ടു നിയമനം ചെയ്‌വാനുദ്യമിക്കുന്ന പ്രാണായാമത്തിന്റെ ആ ഭാഗത്തിനു ഭൗതികശാസ്ത്രമെന്നും, പ്രാണന്റെ മാനസികശക്തികളായ പരിണാമങ്ങളെ മാനസികോപായങ്ങള്‍ കൊണ്ടു നിയമനം ചെയ്‌വാനുദ്യമിക്കുന്ന ഭാഗത്തിനു രാജയോഗമെന്നും പറയുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 3. പേജ് 191-193]