ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 23, 1936

ഡാക്ടര്‍ സെയ്യദ്. ഭഗവാന്‍റെ അരുണാചലസ്തുതി പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്വൈതിയായ ഭാഗവാന്‍ മലയെ സംബോധന ചെയ്തതെങ്ങനെ?
മഹര്‍ഷി: ഭക്തനും ഈശ്വരനും സ്തുതിയുമെല്ലാമാത്മാവു തന്നെ.

ചോദ്യം: പക്ഷേ അങ്ങ് മലയെ ഈശ്വരനെന്നു വിളിക്കുകയല്ലേ?
മഹര്‍ഷി: നിങ്ങള്‍ ആത്മാവിനെ ദേഹമായി കാണുന്നു. ഒരു ഭക്തന് ഈശ്വരനെ അരുണാചലമായി കണ്ടുകൂടെ?

ചോദ്യം: അരുണാചലം ഈശ്വരനാണെങ്കില്‍ മറ്റെത്രയോ മലകളുണ്ടായിരിക്കവേ അരുണാചലത്തെ ഒറ്റപ്പെടുത്തി സ്തുതിച്ചതെങ്ങനെ?
മഹര്‍ഷി: നിങ്ങളെ അലഹബാദില്‍നിന്നും ഇവിടേയ്ക്കാകര്‍ഷിച്ചതെന്താണ്? ഈ ചുറ്റുമിരിക്കുന്നവരേയും ആരാകര്‍ഷിച്ചു?

ചോദ്യം: ഭഗവാന്‍
മഹര്‍ഷി: എന്നെ ഇവിടെ ആകര്‍ഷിച്ചതാര്? അരുണാചലം, ശക്തിയെ അവഗണിക്കാന്‍പാടില്ല. അരുണാചലം ഉള്ളിലാണ്, വെളിയിലല്ല. ആത്മാവ്‌ അരുണാചലമാണ്.

ചോദ്യം: വേദങ്ങളില്‍ ആത്മാവിനു പല പേരുകളും പറഞ്ഞുവരുന്നല്ലോ.
മഹര്‍ഷി: സന്ദര്‍ഭാനുസരണം പറഞ്ഞതാണ്. എല്ലാം ആത്മാവു തന്നെ. പര എന്നാല്‍ ആപേക്ഷികമല്ലെന്നര്‍ത്ഥം. (നിരവലംബം) അതു ശുദ്ധവസ്തുവിനെക്കുറിക്കും

ചോദ്യം: ഹൃദയത്തെ ലക്ഷ്യമാക്കാന്‍ ഞാന്‍ നെഞ്ചിന്‍റെ വലതു ഭാഗത്തെ ഉന്നി ധ്യാനിക്കണമോ?
മഹര്‍ഷി: ഹൃദയം ദേഹത്തെ ആധാരമാക്കി ഉള്ളതല്ല. വലതെന്നോ ഇടതെന്നോ സ്ഥാനം കല്പിക്കാതെ ആത്മാവിനു ധ്യാനിക്കുക. ‘ഞാന്‍ ഉണ്ട്’ എന്നെല്ലാവര്‍ക്കുമറിയാം. അതെവിടെ ഇരിക്കുന്നു? അകത്തോ പുറത്തോ അല്ല. എവിടെയോ, ഞാനുണ്ട്, എന്നുമാത്രം ഉറച്ചാല്‍മതി. സര്‍വ്വവും ഉദിക്കുന്നതിനു ഒരു കേന്ദ്രം വേണം. ആ കേന്ദ്രം തന്നെ ആത്മാവ്. നിങ്ങള്‍ ആത്മസ്ഥിതനായിരിക്കുമ്പോള്‍ നിങ്ങള്‍ മധ്യത്തോ ചുറ്റുമോ അല്ല. സര്‍വ്വവും അതിലിരിക്കുമ്പോള്‍ അതിന് ഏതിന്‍റെ മധ്യത്തായിരിക്കാനൊക്കും?

ചോദ്യം: ആത്മാവും അനാത്മാവും, വസ്തുവും നിഴലും പോലാണോ?
മഹര്‍ഷി: സ്വന്തം സാക്ഷാല്‍ക്കാരത്തില്‍ നില്‍ക്കുന്നവന് വസ്തുവും നിഴലും പോലെ ആത്മാനാത്മാവെന്നദ്വൈത പ്രതീതിയില്ല.