സ്വാമി വിവേകാനന്ദന്‍

ഒരു വേദാന്തി ഇങ്ങനെ പാടുകയുണ്ടായി; ‘എനിക്ക് ഒരിക്കലും ഭയമോ ശങ്കയോ ഉണ്ടായിട്ടില്ല. മരണം ഒരിക്കലും എന്നെ തീണ്ടിയിട്ടില്ല. എനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിട്ടില്ല. എന്തെന്നാല്‍ ഞാന്‍ ഒരിക്കലും ജനിച്ചിട്ടില്ല. ഞാന്‍ സര്‍വ്വവുമാകുന്നു – അങ്ങനെയിരിക്കെ എനിക്കു ശത്രുക്കളെവിടെ? ഞാന്‍ കേവലസച്ചിദാനന്ദം, ശിവോഹം ശിവോഹം, ക്രോധമോ കാമമോ അസൂയയോ ഈദൃശങ്ങളായ മറ്റു ദുര്‍വ്വിചാരങ്ങളോ ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല. കാരണം, ഞാന്‍ കേവലസച്ചിദാനന്ദം. ശിവോഹം ശിവോഹം’

ഇതാണെല്ലാവ്യാധികള്‍ക്കും സിദ്ധൗഷധം. മരണത്തിനുപശാന്തിയരുളുന്ന പീയുഷം നാം ഇവിടെ ഈ ലോകത്തു വര്‍ത്തിക്കുന്നു. നമ്മുടെ പ്രകൃതി ആ അവസ്ഥയോടു കയര്‍ക്കുന്നു. എന്നാല്‍ നമുക്ക് ഇങ്ങനെ ഉരുവിടാം: ‘ശിവോഹം, ശിവോഹം എനിക്കു ഭയമില്ല, ശങ്കയില്ല, മരണമില്ല. മതഭേദമോ ലിംഗഭേദമോ നിറഭേദമോ എനിക്കില്ല. എന്തു മതമാണെനിക്കുണ്ടാകാവുന്നത്? ഏതു വിഭാഗത്തിലാണെനിക്കുള്‍പ്പെടാവുന്നത്? ഏതു സമ്പ്രദായത്തിനാണ് എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുക? എല്ലാ സമ്പ്രദായങ്ങളിലും ഞാനുണ്ട്.’

ശരീരം എത്ര എതിര്‍ത്താലും, മനസ്സ് എത്ര പിണങ്ങിയാലും അതിനിബിഡമായ അന്ധകാരാവസ്ഥയിലും അതിദാരുണമായ മനോവ്യഥകള്‍ക്കിടയിലും അങ്ങേ അറ്റത്തെ നൈരാശ്യവേളയിലും ഈ നിര്‍വ്വാണമന്ത്രം ഉരുവിടുക – ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യമല്ല, എന്നും എപ്പോഴും എങ്കില്‍ വെളിച്ചം വന്നെത്തും: സൗമ്യമായും സാവധാനമായും, എന്നാല്‍ സംശയലേശമെന്യേ, അതു വന്നെത്തും.

അനേകം തവണ ഞാന്‍ വിശന്നുവലഞ്ഞു കാല്‍ കുഴഞ്ഞു ക്ഷീണിച്ചു തളര്‍ന്നും മരണവക്ത്രംവരെ പെട്ടുപൊയിട്ടുണ്ട്. അനേകദിവസങ്ങള്‍ തുടരെ ഭക്ഷണം കിട്ടാതെ പലപ്പോഴും നടക്കാന്‍ വയ്യാതായിട്ടുണ്ട്. വല്ല മരച്ചുവട്ടിലും തളര്‍ന്നു വീഴും – ജീവന്‍ ശരീരത്തില്‍ നിന്നു വാര്‍ന്നുപോകുന്നതായി തോന്നും, സംസാരിക്കാന്‍ വയ്യാതാവും, ചിന്താശക്തി കഷ്ടിച്ചേ ശേഷിച്ചിരിക്കൂ. ഈ ഘട്ടത്തില്‍ മനസ്സ് പ്രസ്തുതാശയത്തിലേക്ക് മടങ്ങിച്ചെല്ലും; ‘എനിക്കു ഭയമില്ല, മരണമില്ല, എനിക്കു വിശപ്പില്ല, ദാഹവുമില്ല. ശിവോഹം ശിവോഹം. പ്രകൃതി മുഴുവന്‍ ചേര്‍ന്നാലും എന്നെ പൊടിയാക്കുക സാദ്ധ്യമല്ല. അതെന്റെ ദാസിയാണ്. ഹേ രാജാധിരാജ, ഹേ ദേവദേവ, നിന്റെ ശക്തി സ്വയം പ്രഖ്യാപിച്ചാലും, നിന്റെ പൊയ്‌പോയ സാമ്രാജ്യം വീണ്ടെടുത്താലും, എഴുന്നേറ്റാലും, മുമ്പോട്ടു പോയാലും’ അനന്തരം പുനര്‍ലബ്ധവീര്യനായി ഞാന്‍ എഴുന്നേറ്റു നടന്നു തുടങ്ങും. ആ ഞാനിതാ ഇന്നും ജീവിച്ചിരിക്കുന്നു. അങ്ങനെ, അന്ധകാരം ബാധിക്കുമ്പോഴൊക്കെ യാഥാര്‍ത്ഥ്യത്തില്‍ പിടിമുറുക്കുക: പ്രതികൂലശക്തികളെല്ലാം മറയത്തു പോകും. എന്തെന്നാല്‍, എത്രയൊക്കെയായാലും, ഇതൊരു സ്വപ്നം മാത്രമാണ്: പ്രയാസങ്ങള്‍ പര്‍വ്വതംപോലെ ഉന്നതങ്ങളായി തോന്നിയാലും, സമസ്തവും ഭയാനകവും അന്ധകാരനിബിഡവുമായി തോന്നിയാലും, അവ മായമാത്രമാണ്. ഭയം വെടിയുക – അപ്പോള്‍ അതു തുരത്തുപ്പെടും. അതിനെ എതിര്‍ത്തു പൊടിയാക്കുക – അപ്പോള്‍ അതു മറയത്തു പോകും. അതിനെ ചവുട്ടി താഴ്ത്തുക – അപ്പോള്‍ അതു നാശമടയും, ഭയപ്പെടാതിരിക്കുക.

നിങ്ങള്‍ എത്രതവണ പരാജയപ്പെട്ടു എന്നതിനെപ്പറ്റി ചിന്തിക്കരുത്, അതു സാരമാക്കാനില്ല. കാലം അനന്തമാണ്, മുമ്പോട്ടു പോവുക. വീണ്ടും വീണ്ടും നിങ്ങളുടെ തന്റേടത്തെ ബലപ്പെടുത്തുക. അപ്പോള്‍ നിശ്ചയമായും വെളിച്ചം വന്നുചേരും. ഇന്നോളം ജനിച്ച ഓരോരുത്തനോടും നിങ്ങള്‍ പ്രാര്‍ത്ഥന നടത്തിയാലും, ആരാണ് നിങ്ങളെ സഹായിക്കാന്‍ വരിക? പിന്നെ ആര്‍ക്കും ഒഴിയാനറിവില്ലാത്ത മരണത്തിന്റെ കാര്യമോ? ‘ഉദ്ധരേദാത്മനാത്മാനം’ – സ്വന്തയത്‌നംകൊണ്ടു സ്വവിമുക്തി നേടുക. സ്നേഹിത, ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല. എന്തെന്നാല്‍, നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു: നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ബന്ധുവും. അതിനാല്‍, ആത്മാവിനെ പിടികിട്ടാന്‍ ശ്രമിക്കുക. എഴുന്നേല്‍ക്കുക, നിവര്‍ന്നു നില്‍ക്കുക. ഭയം വേണ്ട. എല്ലാ കഷ്ടതകളുടെയും എല്ലാ ദുര്‍ബ്ബലതകളുടെയും മദ്ധ്യത്തിലും ആത്മാവു പ്രകടമാകട്ടെ. ആദ്യഘട്ടങ്ങളില്‍ അതു മങ്ങിയോ മറഞ്ഞോ ഇരുന്നാലും സാരമില്ല. ധൈര്യം വര്‍ദ്ധിച്ചുവരും. ഒടുവില്‍ ‘ശിവോഹം ശിവോഹം’ എന്നിങ്ങനെ നിങ്ങള്‍ സിംഹം കണക്കെ ഗര്‍ജ്ജിക്കും.

ഞാന്‍ പുരുഷനുമല്ല സ്ര്തീയുമല്ല: ദേവനുമല്ല അസുരനുമല്ല: ജന്തുവുമല്ല സസ്യമോ വൃക്ഷമോ അല്ല. ഞാന്‍ ധനികനുമല്ല ദരിദ്രനുമല്ല. പണ്ഡിതനുമല്ല പാമരനുമല്ല. എന്റെ യഥാര്‍ത്ഥസത്തയോടു തട്ടിച്ചു നോക്കുമ്പോള്‍ ഇവയെല്ലാം തീരെ നിസ്സാരം. എന്തെന്നാല്‍, ശിവോഹം ശിവോഹം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുക. അവയില്‍ പ്രകാശിക്കുന്ന ജ്യോതിസ്സു ഞാന്‍ അഗ്‌നിയുടെ സുഷമ ഞാന്‍, പ്രപഞ്ചത്തിന്റെ ശക്തി ഞാന്‍. ശിവോഹം ശിവോഹം.

‘ഞാന്‍ നിസ്സാരനെന്നു വല്ലവനും വിചാരിക്കുന്നെങ്കില്‍ അയാള്‍ക്കു തെറ്റു പറ്റി. എന്തെന്നാല്‍, ആത്മാവിനുമാത്രമേ ഉണ്മയുള്ളൂ. സൂര്യനുണ്ടെന്നു ഞാന്‍ പറയുന്നതുകൊണ്ട് സൂര്യന്‍ ഉണ്ട്. ലോകമുണ്ടെന്നു ഞാന്‍ പറയുന്നതുകൊണ്ട് ലോകം ഉണ്ട്. എന്നെ വിട്ട് അവയ്ക്കു നിലനില്പില്ല – എന്തെന്നാല്‍ ഞാന്‍ നിത്യതൃപ്തവും നിത്യനിര്‍മ്മലവും നിത്യസുന്ദരവുമായ കേവലസച്ചിദാനന്ദം. നമ്മുടെ കണ്ണിന്റെ കാഴ്ചയ്ക്കു നിദാനം സൂര്യനാണ്. എന്നാല്‍ ആരുടെയെങ്കിലും കണ്ണിനുള്ള കേടു സൂര്യനെ ബാധിക്കുന്നില്ല. അതുപോലെ ഞാനും. ഞാന്‍ എല്ലാ അവയവങ്ങളില്‍ക്കൂടിയും പ്രവര്‍ത്തിക്കുന്നു, സകലതിലും കൂടി ചേഷ്ടിക്കുന്നു. എന്നാല്‍ കര്‍മ്മത്തിന്റെ നന്മതിന്മകള്‍ ഒരിക്കലും എന്റെമേല്‍ പുരളുന്നില്ല. എന്നെസ്സംബന്ധിച്ചിടത്തോളം നിയമമോ കര്‍മ്മമോ ഇല്ല. കര്‍മ്മനിയമങ്ങളുടെ ഉടയവനാണ് ഞാന്‍. ഞാന്‍ എന്നും ഉണ്ടായിരുന്നു. എന്നും ഉണ്ട്.

‘എന്റെ യഥാര്‍ത്ഥസന്തുഷ്ടി ഒരിക്കലും ലൗകികവസ്തുക്കളില്‍ -ഭാര്യ, ഭര്‍ത്താവ്, സന്താനങ്ങള്‍ ഇത്യാദിയില്‍-ആയിരുന്നില്ല. എന്തെന്നാല്‍ ഞാന്‍ അനന്തമായ നീലവിണ്ടലംപോലെയാണ്. വിവിധ വര്‍ണ്ണങ്ങളായ മേഘപടലങ്ങള്‍ അതിലൂടെ കടന്നുപോകുന്നു. അവ ഒരു നിമിഷം കളിക്കുന്നു, പോയി മറയുന്നു: ആകാശത്തിന്റെ ലയമില്ലാത്ത ആ നീലിമ അവിടെത്തന്നെയുണ്ട്. സുഖവും ദുഃഖവും നന്മയും തിന്മയും ഒരു നിമിഷനേരത്തേക്ക് എന്നെ വലയം ചെയ്‌തേക്കാം. ആത്മാവിനെ ആച്ഛാദനം ചെയ്‌തേക്കാം. എന്നാല്‍, അപ്പോഴും ഞാന്‍ അവിടെത്തന്നെയുണ്ട്. അവ അസ്ഥിരങ്ങളാകകൊണ്ടു മറഞ്ഞുപോകുന്നു. ഞാന്‍ സ്ഥിരനാകകൊണ്ടു പ്രകാശിച്ചുനില്‍ക്കുന്നു. ദുഃഖം നേരിടുമ്പോള്‍ അത് അസ്ഥിരമാണെന്നും അതിന്നറുതിയുണ്ടാവുമെന്നും എനിക്കറിയാം. ആപത്തനുഭവിക്കുമ്പോള്‍ അതിനു സ്ഥായിഭാവമില്ലെന്നും അതു നീങ്ങിക്കൊള്ളുമെന്നും എനിക്കറിയാം. ഞാന്‍ മാത്രമാണ് അപരിമിതന്‍. അലിപ്തന്‍, എന്തെന്നാല്‍, ഞാനാണ് ആ അനന്തവും സനാതനവും നിര്‍വ്വികാരവുമായ ആത്മാവ്’ ഇങ്ങനെയാണ് ഞങ്ങളുടെ ഒരു കവി പാടിയിരിക്കുന്നത്.

മരണമില്ലായ്മയിലേക്കും മാറ്റമില്ലായ്മയിലേക്കും നയിക്കുന്ന ഈ പാനപാത്രത്തില്‍നിന്നു നമുക്കു പാനം ചെയ്യാം. ഭയം കളയുക: നാം പാപപങ്കിലരാണെന്നോ പരിമിതജീവികളാണെന്നോ നമുക്കെന്നെങ്കിലും മരണം സംഭാവ്യമാണെന്നോ വിശ്വസിക്കാതിരിക്കുക: എന്തെന്നാല്‍ അത് സത്യമല്ല.

‘ഇത് ആദ്യം ശ്രവിക്കണം, പിന്നീട് മനനം ചെയ്യണം. അനന്തരം ധ്യാനിക്കണം’ കൈകള്‍ പണിയെടുക്കുമ്പോള്‍ മനസ്സ് ‘ശിവോഹം ശിവോഹം’ എന്നിങ്ങനെ ജപിക്കട്ടെ. ആ ആശയം നിങ്ങളുടെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായിത്തീരുംവരെ, അല്പത്വങ്ങളും ദൗര്‍ബ്ബല്യങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും മറ്റുമാകുന്ന എല്ലാ ദുഃസ്വപ്നങ്ങളും പാടേ മാഞ്ഞുപോകുംവരെ, ജാഗ്രത്തിലും സ്വപ്നത്തിലും അതുതന്നെയായിരിക്കട്ടെ നിങ്ങളുടെ മനനവിഷയം. എങ്കില്‍ പിന്നീട് പരമാര്‍ത്ഥതത്ത്വത്തെ ഒരു നിമിഷനേരത്തേക്കു നിങ്ങളില്‍നിന്നു മറച്ചുവെയ്ക്കുക സാദ്ധ്യമല്ലതന്നെ.

പരസ്യമായ രഹസ്യം (കാലിഫോര്‍ണിയയില്‍ ലോസ് ഏഞ്ജലസില്‍ ചെയ്ത പ്രസംഗം)