സ്വാമി വിവേകാനന്ദന്‍

ഭക്തിയുടെ ഈ പരമോച്ചാവസ്ഥയില്‍ എത്തിയാല്‍ തത്ത്വവിചാരത്തെ വലിച്ചെറിയും: ആര്‍ക്കു വേണം അതു പിന്നെ? കൈവല്യം, മോക്ഷം, നിര്‍വാണം-എല്ലാം വലിച്ചെറിയും: ദിവ്യപ്രേമരസം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ (അതില്‍നിന്നു)മുക്തനാകണം എന്ന് ആരാഗ്രഹിക്കും?

“ജഗദീശ്വര! എനിക്ക് ധനം വേണ്ട, സ്വജനം വേണ്ട, സൂന്ദരിയായ കാമിനിയെയോ കവിതാസാമര്‍ത്ഥ്യത്തെയോ ഞാന്‍ ആഗ്രഹിക്കുന്നില്ല. മോക്ഷത്തെയും ഞാന്‍ കാംക്ഷിക്കുന്നില്ല. എനിക്ക് ജന്മങ്ങള്‍ തുടരെത്തുടരെയുണ്ടാകട്ടെ, ഓരോ ജന്മത്തിലും പ്രേമരൂപനായ നിന്തിരുവടിയില്‍ കാമസ്പര്‍ശംപോലുമില്ലാത്ത ഭക്തിയുണ്ടായിരിക്കട്ടെ.” “നിന്തിരുവടി എന്നെന്നും എന്റെ പ്രിയനായിരിക്കണേ, എന്നെന്നും എനിക്കു പ്രിയനായിരിക്കണേ.” “എനിക്ക് പഞ്ചസാരയുടെ മാധൂര്യം അനുഭവിക്കണം, പഞ്ചസാരയായിത്തീരാന്‍ ആര്‍ക്കു താല്പര്യമുണ്ടാകും?’ മുക്തനായി ഭഗവാനോടു സായൂജ്യം പ്രാപിപ്പാന്‍ പിന്നെ ആരാഗ്രഹിക്കും? “ഞാനും ഈശ്വരനും ഒന്നാണെന്നു എനിക്ക് അറിയാമായിരിക്കാം, എന്നാലും ഭഗവാനെ ആസ്വദിപ്പാന്‍ തരമാവേണ്ടതിനുവേണ്ടി ഞാന്‍ എന്നെ ഭഗവാങ്കല്‍നിന്നു വിടര്‍ത്തി വേറെ നില്ക്കും.” ഇതാണ് ഭക്തന്റെ വാക്ക്. പ്രേമത്തിനുവേണ്ടിയുള്ള പ്രേമം, ഇതാണ് സുഖാനുഭവത്തിന്റെ സാധ്യനില. പ്രേമഭാജനത്തിന്റെ രസാസ്വാദനം സാധിക്കുമെങ്കില്‍ അതിനുവേണ്ടി ആയിരം പ്രാവശ്യം കരചരണങ്ങള്‍ ബന്ധിച്ചുകൊള്‍വാന്‍ ആര്‍ അനുവദിക്കില്ല? പ്രേമം-പരസ്പരപ്രേമം-ഇതിലല്ലാതെ മറ്റൊന്നിലും ഭക്തനു താത്പര്യമില്ല. ഭക്തന്റെ അലൗകികമായ പ്രേമം പുഴയിലെ ഏറ്റം കൊള്ളുംപോലെയാണ്. ഒഴുക്കിനെ എതിരിട്ട് മേലേ്പാട്ടാണ് ഭക്തന്റെ ഗതി. ലോകര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു പറയും. അങ്ങനെ ഭ്രാന്തന്‍ എന്നു ലോകര്‍ പറഞ്ഞിരുന്ന ഒരാളെ ഞാനറിയും. അതിനു അദ്ദേഹം പറഞ്ഞ മറുപടി; “സ്നേഹിതന്മാരേ, ഈ ലോകമാകെ ഭ്രാന്താലയമാണ്! അതില്‍ ചിലര്‍ ലൗകികപ്രേമത്തിനു ഭ്രാന്തുപിടിച്ചവരാണ്, ചിലര്‍ പേരിനു, ചിലര്‍ യശസ്സിന്, ചിലര്‍ ധനത്തിന്, ചിലര്‍ സ്വര്‍ഗ്ഗത്തിന്, ചിലര്‍ മുക്തിക്ക്. ഈ പെരുംഭ്രാന്താലയത്തില്‍ ഞാനും ഒരു ഭ്രാന്തന്‍. എന്റെ ഭ്രാന്ത് ഈശ്വരപ്രാപ്തിക്കാണ്. നിങ്ങള്‍ക്കു ധനഭ്രാന്ത്, എനിക്ക് ഈശ്വരഭ്രാന്ത്: നിങ്ങള്‍ ഭ്രാന്തന്മാര്‍: ഞാന്‍ ഭ്രാന്തന്‍. എന്നാല്‍ ആകെക്കൂടി നോക്കിയാല്‍ എന്റെ ഭ്രാന്താണ് മുന്തിയ ഭ്രാന്തെന്ന് എനിക്കു തോന്നുന്നു.” യഥാര്‍ത്ഥഭക്തന്റെ പ്രേമം ഈ കത്തിക്കാളുന്ന ഭ്രാന്താണ്: അതിന്റെ മുമ്പില്‍ നിന്ന്, ഭക്തന്റെ ദൃഷ്ടിയില്‍നിന്ന്, മറ്റെല്ലാം മാഞ്ഞുമറയുന്നു. ഈ പ്രപഞ്ചം മുഴുവനും പ്രേമപൂര്‍ണ്ണം, അതില്‍ പ്രേമമേ ഉള്ളൂ എന്നാണ് ഭക്തന്റെ കാഴ്ച. ഈ പ്രേമം ആര്‍ക്കുണ്ടാകുന്നുവോ അയാള്‍ എന്നെന്നേയ്ക്കും ധന്യനായി, ആനന്ദിയുമായി. ഈ ദിവ്യപ്രേമോന്മാദം ഒന്നുമാത്രമാണ് നമ്മെ ബാധിച്ച വിഷയാസക്തിരോഗം മാറ്റുവാനുള്ള ഏകൗഷധം. ആസക്തിയോടൊപ്പം സ്വാര്‍ത്ഥബുദ്ധിയും അപ്രത്യക്ഷമായി, ഭക്തന്‍ ഈശ്വരന്റെ സമീപത്തെത്തി, അതിനുമുമ്പ് മനസ്സില്‍ നിറഞ്ഞിരുന്ന വ്യര്‍ത്ഥകാമങ്ങളെ ദൂരെ പരിത്യജിച്ചു.

ഭക്തിമാര്‍ഗ്ഗത്തില്‍ ഏവരും ദ്വൈതികളായാരംഭിക്കേണ്ടിയിരിക്കുന്നു. ഈശ്വരന്‍ വേറെ, നാം വേറെ എന്നു നമുക്കു തോന്നുന്നു. പിന്നെ ഇടയില്‍ പ്രേമം വന്നെത്തുന്നു, അപ്പോള്‍ മനുഷ്യന്‍ ഈശ്വരനോട് അടുത്തുതുടങ്ങുന്നു, ഈശ്വരന്‍ മനുഷ്യനോടും ഏറെയേറെ അടുക്കുന്നു. ജീവിതത്തില്‍ അച്ഛന്‍ അമ്മ പുത്രന്‍ സ്നേഹിതന്‍ പ്രഭു പ്രിയന്‍ എന്നിങ്ങനെയുള്ള വിവിധഭാവങ്ങളെയും പ്രേമത്തിന്റെ ആദര്‍ശങ്ങളായെടുത്ത്, ഭക്തന്‍ അവയോരോന്നും സ്വന്തം പ്രേമാദര്‍ശമായ ഭഗവാങ്കല്‍ ആരോപിക്കുന്നു. ഭക്തനു ഭഗവാന്‍ ഇതെല്ലാമായിരിക്കുന്നു. (ഇങ്ങനെ സാധനചെയ്ത) ഭക്തന്ന്, താന്‍ ഉപാസ്യനായ ഭഗവാനില്‍ നിശ്ശേഷം ലയിച്ചിരിക്കുന്നു എന്നനുഭവപ്പെടുമ്പോള്‍ അയാള്‍ സാധനാപുരോഗതിയുടെ അന്ത്യഘട്ടത്തിലെത്തിക്കഴിഞ്ഞു. നാം നമ്മെത്തന്നെ സ്നേഹിച്ചുകൊണ്ടാണല്ലോ ജീവിതമാരംഭിക്കുന്നത്. ഞാന്‍ എന്ന ക്ഷുദ്രവ്യക്തിയുടെ ന്യായരഹിതമായ ആവശ്യങ്ങള്‍ നിമിത്തം നമ്മുടെ സ്നേഹംപോലും സ്വാര്‍ത്ഥപരമാകുന്നു. എങ്കിലും പരമാന്ത്യത്തില്‍ ജ്യോതിസ്സ് പൂര്‍ണ്ണമായി ഉജ്ജ്വലിച്ചുകാണുന്നു: ആ പ്രകാശത്തില്‍ അഹം എന്ന ക്ഷുദ്രവ്യക്തി അഖണ്ഡ (ബ്രഹ്മ)ത്തോടു ഐക്യം പ്രാപിച്ചതായും കാണുന്നു. പ്രേമജ്യോതിസ്സിന്റെ സന്നിധാനത്തില്‍ മനുഷ്യന്‍ രൂപാന്തരപ്പെടുന്നു. അപ്പോള്‍ പ്രേമരൂപമായ ഭക്തിയും ഭജിച്ചിരുന്ന ഭക്തനും ഭജിക്കപ്പെട്ടിരുന്ന ഭഗവാനും മൂന്നും ഒന്ന് എന്ന സുന്ദരവും ദിവ്യജ്ഞാനപ്രദവുമായ തത്ത്വം ഭക്തന്‍ ഒടുവില്‍ സാക്ഷാത്കരിക്കയും ചെയ്യുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 20 ഉപസംഹാരം. പേജ് 522-524]